ചൊവ്വാഴ്ച, സെപ്റ്റംബർ 19, 2017

കിണറ്റിലെ തവള.

മഴ തുടർച്ചയായി പെയ്തു കൊണ്ടിരുന്നു. വെള്ളം പൊങ്ങി പടവോളമെത്തിയിരിക്കുന്നു.
ഒറ്റക്കുതിപ്പുമതി കിണറ്റിൽ നിന്നു പുറം ലോകത്തേക്കു ചാടാം.
തവള ചിന്തിച്ചു.
ഇങ്ങനെയൊരവസരത്തിന്നായി കഴിഞ്ഞ മൂന്നു വർഷമായി കാത്തിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു വർഷ വർഷക്കാലമൊന്നും കിണറിത്ര നിറഞ്ഞിരുന്നില്ല.
മൂന്നു വർഷം മുമ്പാണ് ഈ കിണറ്റിൽ കുടുങ്ങിയത്. ദാഹിച്ച് വെള്ളം തേടിയലഞ്ഞ കൊടും വേനലിൽ ഒരു ജലകളകളാരവം കേട്ടു ഈ കുഴിയിലേക്കു കണ്ണും പൂട്ടി ചാടിയതാണ്.
പിന്നെ ദാഹിച്ചിട്ടില്ല. പക്ഷെ പുറംലോകം കണ്ടിട്ടില്ല.  കിണറിനു മുകളിൽ ആകാശം നീലയായും, ചുവപ്പായും കറുപ്പിൽ വെളിച്ചക്കീറുമായും വട്ടത്തിൽ ദൃശ്യമാവുന്നതു മാത്രമായിരുന്നു പുതുമ.
കിണർ ചാടിക്കയറാനുള്ള തയ്യാറെടുപ്പിലാണ് തവള.  മഴ തോർന്നിട്ടില്ല. തോർന്നാൽ വെള്ളം താഴ്ന്നു തുടങ്ങും. പിന്നെ രക്ഷപ്പെടാനാവില്ല.

ഇത്രകാലം തങ്ങിയേടത്തു നിന്നൊന്നും എടുക്കാനില്ല.
മുട്ടിയുരുമ്മി കിടന്ന കരിങ്കൽ വളരെ താഴെയാണ്. അവസാനമായി ഒന്നു കൂടി ഊളിയിട്ടു ചെന്നു യാത്ര പറഞ്ഞു.
പൊങ്ങി വീണ്ടും ജലപ്പരപ്പിലെത്തി.
പിൻകാലിൽ പറ്റിപ്പിടിച്ച പായൽ കുടഞ്ഞു തെറിപ്പിച്ചു. പാമ്പിരിയിൽ പിൻകാലൂന്നി മുൻകാലും തലയും മുന്നോട്ടു മാത്രം സർവ്വ ശക്തിയുമെടുത്ത് ലക്ഷ്യമിട്ടൊരു കുതിപ്പ്, ലക്ഷ്യം വളരെയടുത്താണ്. ഒരു തവളക്കാതം മാത്രം....!
പക്ഷെ ഉടൽ പൊങ്ങുന്നില്ല. ചാട്ടം മറന്ന ദേഹം കനം തോന്നിച്ചു മടി കാട്ടുന്നു. വീണ്ടും വീണ്ടും ചാടി നോക്കി, ഒരിഞ്ചു പോലും പൊങ്ങുകയോ ദേഹമനങ്ങുകയോ ചെയ്യുന്നില്ല. കൈകാലുകൾ തുഴഞ്ഞു നോക്കി, അവക്കൊരു കുഴപ്പവുമില്ല. ഒരൊറ്റ കുതിപ്പിനു കിണറിൻെറ അടിത്തട്ടിലെത്താം, അവിടന്നൊരു കുതിപ്പിനു മേലെയെത്താം...
പക്ഷെ വെള്ളമില്ലാത്ത പ്രതലത്തിൽ ദേഹം വെറും മൃതം  പോലെ......
ശ്രമിച്ചു ശ്രമിച്ചു തളർന്ന തവള കണ്ണീരൊഴുക്കി വീണ്ടും ജലനിരപ്പുയർത്തി. എന്നിട്ടും കിണറിനു പുറത്തു ചാടാനായില്ല.
പെട്ടന്നു "പ്തും" എന്ന ശബ്ദത്തിൽ കിണറ്റിലെന്തോ ഒരു ജീവി വന്നു വീണു. തവള കണ്ണീരിനിടയിലൂടെ ആ ജീവിയെ തിരിച്ചറിഞ്ഞു.
മറ്റൊരു തവള.
വെറും തവളയല്ല, കപ്പൽത്തവള. പായ്മരത്തിൽ പറ്റിപ്പിടിച്ചിരുന്ന് ഒരു പാടു ദേശങ്ങൾ ചുറ്റിക്കറങ്ങിയ കപ്പൽത്തവള. കറക്കം മടുത്ത് മതിയാക്കി തിരിച്ച്  കേവലമൊരു കൂപമണ്ധുകമാവാൻ കൊതിച്ച്.......!