ശനിയാഴ്‌ച, ജൂലൈ 08, 2006

ചിത്രിത ചുണ്ടിലെ ചുംബനം


ഞങ്ങളുടെ തൊട്ടടുത്ത വില്ലയിലെ വളരെ അടുത്ത അയല്‍വാസിയാണു ആലീസ്‌.
ഗള്‍ഫില്‍ എത്തുന്നതുവരെ ലിപ്‌സ്‌റ്റിക്കു പോയിട്ടു പൗഡര്‍ പോലും ഇടുന്ന സ്വഭാവം ആലീസിനില്ലായിരുന്നു.

ഈയിടെ ഞാന്‍ ആലീസിനെ മേക്കപ്പില്ലാതെ കണ്ടിട്ടില്ല.

ആലീസിന്റെ വീട്ടില്‍ നിത്യവും പോകുക വഴി യു. കെ. ജി. യില്‍ പഠിക്കുന്ന എന്റെ മോളും ഇപ്പോള്‍ അതൊക്കെ പഠിച്ചു തുടങ്ങി.

എല്ലാത്തിനും കാരണം ആലീസിന്റെ ഹസ്സായ ഷാജിക്കു ഷാര്‍ജ സൂക്കിലെ ഒരു കോസ്‌മെറ്റിക്‌ കടയിലേക്കു മാനേജറായി മാറ്റം കിട്ടിയതാണ്‌.
(മാനേജരാണെന്നു ആലീസു വീമ്പു പറയുന്നതാണ്‌, ഞാന്‍ ചെല്ലുമ്പോഴെല്ലാം അയാള്‍ സെയില്‌സ്‌മാന്റെ ജോലി ചെയ്യുന്നതാണ്‌ കണ്ടിട്ടുള്ളത്‌)

ബാക്കി വന്ന പെയ്‌ന്റ്‌, ഉരലിനും,ചിരവക്കും അമ്മിക്കും അരക്കല്ലിനും വരെ തേച്ചു പിടിപ്പിച്ച 'കുഞ്ഞാപ്പു' വെന്ന കഥപാത്രത്തെക്കുറിച്ചു എസ്‌. കെ. പൊറ്റക്കാടു പറഞ്ഞതു ഞാന്‍ ആലീസിനെക്കാണുമ്പോള്‍ ഓര്‍ക്കും.

ആലീസിനെ നിത്യവും കണ്ടു കണ്ടു എന്റെ ശ്രീമതിക്കും കോസ്‌മറ്റിക്‌ ഭ്രമം വരാന്‍ തുടങ്ങിയതു മുന്‍കൂട്ടി കണ്ടു, ഞാന്‍ അവള്‍ക്കു മുന്‍പില്‍ ധാര്‍മ്മികതയുടെ വലിയ ഒരു മുട്ടിയിട്ടു തടഞ്ഞു.
ഇല്ലായിരുന്നങ്കില്‍, അല്ലങ്കിലേ പിടിച്ചാല്‍ വഴുതിപ്പോണ തരത്തിലുള്ള എന്റെ കുടുംബബജറ്റു വരാലിനെപ്പോലെ മറു കണ്ടം ചാടി, എന്നെ തലയണമന്ത്രത്തിലെ ശ്രീനിവാസന്റെ അവസ്‌ഥയിലാക്കിയേനെ!.

ഒരു ദിവസം വൈകിക്കിടന്നു കണ്ണിലുറക്കം വന്നതേയുള്ളൂ, ആലീസിന്റെ വിളി ശ്രീമതിയുടെ മൊബെയിലില്‍.
വിളി അവളുടെ മൊബെയിലിലായാലും ഉറക്കം പോകുന്നതെന്റെതു കൂടി. ഏതു വിരുന്നുകാരു വന്നാലും കോഴിക്കു കിടക്കപ്പൊറുതിയില്ലാന്നു പറഞ്ഞു തപ്പിപ്പിടിച്ചു ലൈറ്റിട്ടു.
പക്ഷെ സംഗതി സീരിയസ്‌.
ഞാനും ഭാര്യയും എണീറ്റു വാതില്‍ തുറന്നു ഓടിച്ചെന്നു.

രണ്ടാള്‍ക്കും കലശലായ ശര്‍ദ്ദി. തളര്‍ന്നു കിടക്കുകയാണ്‌.

ഞാന്‍ വഴക്കു പറഞ്ഞു, നേരത്തെ വിളിക്കാത്തതില്‍.

ഫോണ്‍ ചെയ്‌തു പറഞ്ഞപ്പോള്‍ 'ഡ്രൈവര്‍ ഗുലാം കാറും കൊണ്ടു വന്നു.

നേരെ ഉമ്മുല്‍ കുവൈന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക്‌. മലയാളി ഡോക്‌ടറുണ്ടായിരുന്നതിനാല്‍ നല്ല ചികില്‍സ കിട്ടി.

പുറത്തു വന്ന ഡോക്ടരോട്‌ ഞാന്‍ വിവരങ്ങള്‍ ചോദിച്ചു. അയാള്‍ പറഞ്ഞു.

"ഫുഡ്‌പോയിസനാണ്‌, വിഷമിക്കാനൊന്നുമില്ല"

"വയര്‍ കഴുകിയിട്ടുണ്ട്‌. ഫംഗസ്‌ ആയിരുന്നു, കുറെ ശര്‍ദ്ദിയിലൂടെ തന്നെ പുറത്തു പോയതിനാല്‍ രക്ഷപ്പെട്ടു. കുഴപ്പമില്ല. നാളെ തന്നെ ഡിസ്ചാര്‍ജാവാം".
"ആ ഫംഗസ്‌ കലര്‍ന്നതെവിടെ നിന്നാണെന്നു കണ്ടുപിടിച്ചതു കളയണം, ഇല്ലങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും".

അന്നു ഞാനും ശ്രീമതിയും മാറി മാറി ഉറക്കമൊഴിച്ചു അവര്‍ക്കു കാവലിരുന്നു. പിറ്റേന്നു രണ്ടാളും ഹോസ്‌പിറ്റലില്‍ നിന്ന്‌ ഡിസ്‌ചാര്‍ജായി സ്മാര്‍ട്ടായി വീട്ടിലെത്തിയിട്ടെ ഞാന്‍ ഓഫീസില്‍ പോയുള്ളൂ.

ഉച്ചക്കു ഉണ്ണാന്‍ ടിഫിന്‍ ബോക്സ്‌ തുറന്നതേയുള്ളൂ, ഭാര്യയുടെ നിര്‍ത്തതെയുള്ള വിളി, സാധാരണ ഒരു മിസ്‌ കാളായിരിക്കും. മറുപടി ഓഫീസ്‌ ടെലഫോണില്‍ നിന്നു ഞാന്‍ തിരിച്ചു വിളിക്കും. പക്ഷെ അവള്‍ പതിവു തെറ്റിച്ചിരിക്കുന്നു. എന്തൊ കുഴപ്പമുണ്ട്‌. ഞാന്‍ ഫോണ്‍ അറ്റന്റു ചെയ്‌തു. ഏതു അത്യാഹിതവും കേള്‍ക്കാനായി മനസ്സിനെ പാകപ്പെടുത്തി.

"മോളുടെ സ്‌കൂളില്‍ നിന്നു വിളിച്ചിരുന്നു, അവള്‍ ശര്‍ദ്ദിച്ചു കുഴഞ്ഞു വീണിട്ടു സ്കൂളുകാരു തന്നെ ആശുപത്രീലാക്കിട്ടുണ്ടെന്ന്‌. ഒന്നങ്ങോട്ടു ചെല്ലാന്‍".

അവളുടെ പരിഭ്രമവും ആശങ്കയും കാരണം പിന്നെ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല.

"ഞാന്‍ പറഞ്ഞു."നീ എന്നെ കാക്കേണ്ട. ഒരു ടാക്‌സിക്കു പോയ്ക്കോ? ഞാനിതാ എത്തുകയായി".

ഞാന്‍ എത്തുമ്പോഴെക്കും അവര്‍ വയറു കഴുകലും ഗ്ലൂക്കോസു കൊടുക്കലും നടത്തിയിരുന്നു.

തലേന്നു കണ്ട ഡോക്ടര്‍ തന്നെ, എന്റെ അടുത്തു വന്നു ചോദിച്ചു.

"നിങ്ങളുടെ മോളാണല്ലേ ?. ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ആ ഫുഡു കണ്ടെത്തി നശിപ്പിക്കണമെന്ന്‌. ആ സ്‌ത്രീയുടെ വീട്ടില്‍ പോയി മോള്‍ എന്തെങ്കിലും കഴിച്ചോ?“
ഉത്തരം പറയാന്‍ എനിക്കൊന്നുമറിയില്ലായിരുന്നു.

നല്ല ചികില്‍സ സമയത്തിനു കിട്ടിയതിനാല്‍ മോളു അപകടമില്ലാതെ രക്ഷപ്പെട്ടു.

ഡോക്‌ടറോടും, ടീച്ചര്‍മാരോടും ഒരുപാടു നന്ദി പറഞ്ഞപ്പോള്‍ എന്റെ ഭാര്യ കൈപ്പടം കൊണ്ടു കണ്ണീരു തുടച്ചു. അതു കണ്ടപ്പോള്‍ എനിക്കും രണ്ടിറ്റു കണ്ണിരു വന്നു.

എനിക്കും ശ്രീമതിക്കും ആലീസിനോടും ഷാജിയോടും ഇത്തിരി അലോഗ്യം തോന്നി.

അവളിന്നു മോള്‍ക്കെന്താണ്‌ കൊടുത്തിരിക്കുക. ഞാനും ഭാര്യയും അതറിയാന്‍ മോളെ സൗമ്യമായി ചോദ്യം ചെയ്‌തു.

അവള്‍ ആണയിട്ടു പറഞ്ഞു
"ഉമ്മിയാണ്‌ സത്യം എന്റെ രണ്ടു കണ്ണും പൊട്ടി പോയ്ക്കോട്ടെ. എന്നാലും വേണ്ടില്ല ഞാന്‍ സത്യം മാത്രമാണ്‌ പറയുന്നത്‌. ഞാന്‍ ആലീസാന്റിയുടെ അവിടന്നു ഒന്നും കഴിച്ചിട്ടില്ല".

"പിന്നെ നീ എന്തിനാ സ്‌ക്കൂള്‍ പോകാന്‍ നേരം യൂണിഫോമിട്ട്‌ ആലീസിന്റെ അങ്ങോട്ട്‌ ഓടിയത്‌?"

ഭാര്യക്കു ദേഷ്യം വന്നെന്നു എനിക്കു മനസ്സിലായി.
മോളു പേടിച്ചു, മടിച്ചു കൊണ്ടു പറഞ്ഞു,
"പപ്പ പ്ലീസ്‌, ഉമ്മിയോടു പറ എന്നെ വഴക്കു പറയരുത്‌ എന്ന്, ആലീസാന്റിയുടെ ലിപ്‌സ്‌റ്റിക്കു തേക്കാനാ ഞാന്‍ അവിടെ പോയത്‌".

അന്നേരം, എന്റെ തല മണ്ടയില്‍ ഒരു ബള്‍ബു കത്തി.

ഞാന്‍ ശ്രീമതിയേയും കൂട്ടി ആലീസിന്റെ വാതിലില്‍ മുട്ടി. ഷാജിയാണ്‌ വാതില്‍ തുറന്നത്‌.

"ആലീസിനു നിങ്ങളെ അഭിമുഖീകരിക്കാന്‍ വല്ലാത്ത വിഷമം". ഷാജി പറഞ്ഞു.

"സാരമില്ല. എനിക്കൊരു ഊഹമുണ്ട്‌. ഇന്നു രാവിലെ മോള്‍ക്ക്‌ തേച്ചു കൊടുത്ത ലിപ്സ്‌റ്റിക്കെവിടെ?".
ഞാന്‍ ആലീസിനോടു ചോദിച്ചു.

അവള്‍ സംശയത്തോടെ അതെനിക്കെടുത്തു തന്നു.

"ഞാന്‍ പറഞ്ഞു. ഇതു ഞാന്‍ ലാബില്‍ കൊടുക്കന്‍ പോകുന്നു. ഇതിലാണ്‌ ഫംഗസ്‌ എന്നു എനിക്കൊരു സംശയം ഉണ്ട്‌".

അതുമായി ഞങ്ങളുടെ വീട്ടിലെത്തി ലാബിലേക്കു പോകാന്‍ തയ്യാറെടുക്കവേ ഭാര്യ ചോദിച്ചു.

"എന്തു വിഢ്‌ഢിത്തമാണു നിങ്ങള്‍ ഈ പറയുന്നത്‌. ആലീസിനും മോള്‍ക്കും ലിപ്സ്റ്റിക്കു കാരണം ഫംഗസു ബാധയുണ്ടായി എന്നു പറഞ്ഞാല്‍ അതില്‍ വിശ്വസിക്കാന്‍ കാര്യമുണ്ട്‌. പക്ഷെ ഷാജിക്കുണ്ടായതോ?"

ഞാന്‍ പറഞ്ഞു, “റിസള്‍ട്ടു വരട്ടെ എന്നിട്ടു പറയാം“.

ഹോസ്‌പിറ്റല്‍ ലാബിലെ അനീസിനെ നേരത്തെ പരിചയമുണ്ടായതിനാല്‍ റിസള്‍ട്ടു പെട്ടന്നു കിട്ടി. സംഗതി ഞാന്‍ ഊഹിച്ചതു തന്നെ.

ഡോക്‌ടര്‍ ചോദിച്ചു "നിങ്ങള്‍ ഏതു കടയില്‍ നിന്നാണിതു വാങ്ങിയത്‌. നമുക്കു ഒഫീഷ്യലായി പരാതി കൊടുക്കാം".

ഞാന്‍ പറഞ്ഞു,
"വേണ്ട, ഡോക്‌ടര്‍ , ഇതു അയാള്‍ വാങ്ങിയതാവില്ല. ഡേറ്റ്‌ ഓവറായ സാധനങ്ങള്‍ കളയേണ്ടതിനു പകരം അയാള്‍ ഭാര്യക്കു കൊണ്ടു വന്നു കൊടുത്തതാണ്‌. ഞാന്‍ അയാള്‍ക്കു ഒരു നല്ല ഫയറിംഗു നല്‍കുന്നുണ്ട്‌".

വീട്ടിലെത്തിയ ഉടന്‍ ഭാര്യക്കു ഞാന്‍ റിപ്പോര്‍ട്ടു കാട്ടി കൊടുത്തു. അവള്‍ അത്‌ഭുതപ്പെട്ടു.

പിന്നെ എന്നോട്‌ ചോദിച്ചു. "ഇനി പറയൂ, ഷാജിക്കെങ്ങനെയാ ഫംഗസു ബാധയുണ്ടായത്‌?. എന്താണ്‌ നിങ്ങളുടെ നിഗമനം?"

ഞാന്‍ പറഞ്ഞു " 'കുരുതിപ്പൂനല്‍' എന്ന കമലഹാസന്‍ സിനിമ നമ്മള്‍ കണ്ട രാത്രി നിനക്കോര്‍മ്മയുണ്ടോ?
ആ സിനിമയുടെ സി.ഡി. ഞാന്‍ ഷാജിക്കു കൊടുക്കുമ്പോള്‍ കമലഹാസനും ഗൗതമിയും തമ്മിലുള്ള ഒരു ചുംബനത്തിന്റെ സീന്‍ ഞാന്‍ ഷാജിക്കു വര്‍ണ്ണിച്ചു കൊടുത്തിരുന്നു. അന്നാണ്‌ ഷാജിക്കു ഫംഗസു ബാധയുണ്ടായത്‌. അന്നു തന്നെയാവണം ഷാജി എതോ ഈജിപ്‌ഷ്യന്‍ മരത്തിലെ കറ കൂട്ടിയുണ്ടാക്കുന്ന ആ എക്‌സ്‌പെയറി ഡേറ്റു കഴിഞ്ഞ ലിപ്‌സ്‌റ്റിക്ക്‌ ഭാര്യക്കു സമ്മാനിച്ചതും“.

ഭാര്യ പറഞ്ഞു, ശരിയാണ്‌, ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്‌

"ഉല്‍പ്പാദിപ്പിക്കുന്ന ലിപ്‌സ്‌റ്റിക്കിന്റെ നാല്‍പതു ശതമാനം ചെന്നെത്തുന്നതു അതുപയോഗിക്കുന്ന സ്ത്രീകളുടെ വയറ്റിലാണത്രെ !"

"ബാക്കി അറുപതു ശതമാനം ചെന്നെത്തുന്നത്‌ അവരുടെ പുരുഷന്മാരുടെ വയറ്റിലും !".
അവള്‍ പറയാന്‍ വിട്ടത്‌ ഞാന്‍ മുഴുവനാക്കി.

23 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    "ഉല്‍പ്പാദിപ്പിക്കുന്ന ലിപ്സ്റ്റിക്കിന്റെ നാല്‍പതു ശതമാനം ചെന്നെത്തുന്നതു സ്ത്രീകളുടെ വയറ്റിലാണത്രെ !"

    "ബാക്കി അറുപതു ശതമാനം ചെന്നെത്തുന്നത്‌ അവരുടെ പുരുഷന്മാരുടെ വയറ്റിലും !".

    അല്ലെങ്കില്‍ നിങ്ങളു പറ?

  2. K.V Manikantan പറഞ്ഞു...

    മാഷേ കലക്കി....
    ഗംഭീരം.....

    പക്ഷേങ്കീ...സുകന്യ അല്ലല്ലോ ഗൌതമി അല്ലേ?......

  3. കുറുമാന്‍ പറഞ്ഞു...

    മാഷെ ഇതു കൊള്ളാം. ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി തന്നെയാണോ നടക്കുന്നത്?

  4. ബിജോയ്‌ മോഹന്‍ | Bijoy Mohan പറഞ്ഞു...

    ഈ പറഞ്ഞത്‌ ശരിയാണോ മാഷേ... എന്നാല്‍ ഇനി നമ്മള്‌ സൂക്ഷിക്കണമല്ലോ

  5. Rasheed Chalil പറഞ്ഞു...

    ആലീസിനെ നിത്യവും കണ്ടു കണ്ടു എന്റെ ശ്രീമതിക്കും കോസ്‌മറ്റിക്‌ ഭ്രമം വരാന്‍ തുടങ്ങിയതു, ഞാന്‍ അവള്‍ക്കു മുന്‍പില്‍ ഒരു ധാര്‍മ്മികതയുടെ ഒരു മുട്ടിയിട്ടു തടഞ്ഞു.


    അസ്സലായി.

  6. Kalesh Kumar പറഞ്ഞു...

    കുരുതിപ്പുനല്‍ കലക്കി!
    നന്നാ‍യിട്ടുണ്ട് കരീം ഭായ്!

  7. കരീം മാഷ്‌ പറഞ്ഞു...

    ശരിയാ ഞാന്‍ തോറ്റു സുല്ലു പറഞ്ഞിരിക്കുന്നൂ. അതു ഗൗതമിയായിരുന്നു. സുകന്യയെ എനിക്കു നല്ല ഇഷ്‌ടമായതിനാള്‍ എപ്പോഴും ആ പേരു വരും (ശ്രീമതി കേള്‍ക്കണ്ടാ). ക്ഷമിക്കുക. അടുത്ത മോഡിഫിക്കേഷനില്‍ തിരുത്താം.

  8. Visala Manaskan പറഞ്ഞു...

    അത് കലക്കി കരീം മാഷേ..

  9. കരീം മാഷ്‌ പറഞ്ഞു...

    ആലീസ് ഇപ്പോഴും ചായങ്ങള്‍ പൂശി
    തന്നെ നടക്കുന്നു കണ്ടാലും, കൊണ്ടാലും പഠിക്കാത്ത വര്‍ഗ്ഗം

  10. Adithyan പറഞ്ഞു...

    താങ്ക്യൂ താങ്ക്യൂ...
    പോയന്റ് നോട്ടഡ് ;)

    (ഇത് ആ ആനപ്പുറം മാഷെങ്ങാന്‍ കണ്ടാല്‍ പ്രശ്നാവും... :(

  11. Adithyan പറഞ്ഞു...

    ഇനിയും ഇതുപോലത്തേ സാരോപദേശ കഥകള്‍ പറഞ്ഞു തരണേ ;)

    ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് വായ് കഴുകിച്ച ശേഷം മുന്നോട്ടു നീങ്ങാം അല്ലെ? ;))

  12. മുസാഫിര്‍ പറഞ്ഞു...

    കരിം മാഷെ,
    നല്ല എഴുത്ത്.പെട്ടെന്നു വരുന്ന അസുഖങ്ങളുടെ കാരണം അന്വേഷിച്ചു പോയാ‍ല്‍ ഇങ്ങിനെ ചിലതു ഉണ്ടാവും , അല്ലെ ?
    ബാക്കി വന്ന പെയ്‌ന്റ്‌, ഉരലിനും,ചിരവക്കും അമ്മിക്കും അരക്കല്ലിനും വരെ തേച്ചു പിടിപ്പിച്ച 'കുഞ്ഞാപ്പു' വെന്ന കഥപാത്രത്തെക്കുറിച്ചു എസ്‌. കെ. പൊറ്റക്കാടു പറഞ്ഞതു ,,,
    ഇവിടത്തെ ചില കാര്യങ്ങള്‍ ഈ കുഞാപ്പുവിനെ ഓര്‍ക്കാന്‍ എന്നേയും പ്രേരിപ്പിക്കാറുണ്ട്.

  13. കണ്ണൂസ്‌ പറഞ്ഞു...

    മാഷേ, പിന്‍മൊഴിയിലെത്താന്‍ കൊടുക്കുന്ന ആദ്യത്തെ കമന്റ്‌ വായിച്ചിട്ടാണ്‌ പലരും എന്നെപ്പോലെ പുതിയ പോസ്റ്റുകളുടെ കാര്യം അറിയുന്നത്‌. ആ കമന്റ്‌ തന്നെ കഥയുടെ സസ്‌പെന്‍സ്‌ ചോര്‍ത്തുന്നതാവാതിരിക്കാന്‍ ശ്രദ്ധിക്കണേ.

  14. കരീം മാഷ്‌ പറഞ്ഞു...
    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
  15. Santhosh പറഞ്ഞു...

    കരീം, ഇഷ്ടപ്പെട്ടു. പടം സ്വയം വരയ്ക്കുന്നതാണോ?

  16. കരീം മാഷ്‌ പറഞ്ഞു...

    ഒന്നൊഴിച്ച്‌ ബാക്കി ചിത്രങ്ങള്‍ ഞാന്‍ വരച്ചതു തന്നെ. കൊടകര പുരാണം വായിക്കുമ്പോള്‍ ഇല്ല്യുസ്‌ട്ട്രേറ്റു ചെയ്യാന്‍ കൊതി തോന്നും. പിന്നെ ആരാന്റെതല്ലേ. ആഗ്രഹിക്കവതല്ലല്ലോ എന്നു മനസ്സു പറയും.
    (നമ്പൂതിരിയെ കൊണ്ടു ചെയ്യിച്ചാല്‍ കലക്കും)

  17. Unknown പറഞ്ഞു...

    കരീം മാഷ് ആ പറഞ്ഞത് കറക്റ്റ്! നമ്പൂതിരി ഇല്ല്യുസ്റ്റ്രേറ്റ് ചെയ്ത കൊടകര പുരാണം. ഗംഭീരമായിരിക്കും.

    നമ്പൂതിരി + വി.കെ.എന്‍ കോമ്പിനേഷന്‍ ‘ലീതല്‍’ ആയിരുന്നല്ലോ..

  18. Unknown പറഞ്ഞു...

    കരീം മാഷേ,
    ശരിക്കും ഉണ്ടായതാണോ? എങ്കില്‍ സൂക്ഷിക്കണമല്ലോ.

    ഇനി മുതല്‍ ശ്രദ്ധിക്കുന്നുണ്ട് :)

  19. ബിന്ദു പറഞ്ഞു...

    ഇങ്ങനേയും ചില കാര്യങ്ങള്‍ ഉണ്ടല്ലെ. :)

  20. myexperimentsandme പറഞ്ഞു...

    നന്നായിരിക്കുന്നു മാഷേ. കൃത്രിമമായ ഒന്നും സ്വാഭാവികമല്ലെന്നും സ്വാഭാവികമല്ലെങ്കില്‍ അതിനെന്തെങ്കിലും കൃത്രിമത്വം (ഉമേഷ്‌ജീ)കാണുമെന്നുമാണല്ലോ :)

    ശരിക്കും നടന്നതു തന്നെ? എങ്കില്‍ ഭാഗ്യം കൂടെയുണ്ടായിരുന്നല്ലോ. അല്ലെങ്കില്‍ ആ ബുദ്ധി ആ സമയം പോകില്ലായിരുന്നു.

  21. richumolu പറഞ്ഞു...

    മാഷേ
    നിങ്ങളുടെ രചനകള്‍ അല്‍ഭുതമാവുന്നു എനിക്ക്‌. മനോഹരം
    richumolu

  22. മുസ്തഫ|musthapha പറഞ്ഞു...

    "എന്തു വിഢ്‌ഢിത്തമാണു നിങ്ങള്‍ ഈ പറയുന്നത്‌. ആലീസിനും മോള്‍ക്കും ലിപ്സ്റ്റിക്കു കാരണം ഫംഗസു ബാധയുണ്ടായി എന്നു പറഞ്ഞാല്‍ അതില്‍ വിശ്വസിക്കാന്‍ കാര്യമുണ്ട്‌. പക്ഷെ ഷാജിക്കുണ്ടായതോ?"

    ഇവിടം വരെ വായിച്ചപ്പോള്‍ തന്നെ സംഭവം ‘ക്ലിക്കി’

    ശതമാനക്കണക്ക് അടിപൊളി.. മാഷെ :)

  23. ചക്രൂ പറഞ്ഞു...

    ഹ ഹ .... രസകരവും വിജ്ഞാനപ്രദവുമായ പോസ്റ്റ് ... ആശംസകള്‍