ബുധനാഴ്‌ച, ഏപ്രിൽ 29, 2009

പുനർജ്‌ജന്മം

"അലിഫ്‌ മറ അന ഖബ്ബര്‍, മറത്താനി അന്‍ത ബന്നത്‌ ഹതിഫ്‌ മഹക്‌ അന, അന്‍ത ലാസിം ഹാസില്‍ മുഖാലിഫാ കസീറന്‍!"

(ആയിരം തവണ തനിക്കു ഞാന്‍ മുന്നറിയിപ്പു തന്നതാണ്‌, ഇനി അടുത്ത ഒരു തവണ കൂടി ഞാന്‍ സംസാരിച്ചു തീരുന്നതിന്നു മുന്‍പെ ഫോണ്‍ കട്ടു ചെയ്താല്‍ ഞാന്‍ തനിക്കു വലിയൊരു പിഴയിടും ഓര്‍ത്തോ?)

"മാലിഷ്‌ അറബാബ്‌, ഹാദാ മുശ്കില്‍ മഹ ഹാതിഫ്‌, അന മാഫി ഗലതാന്‍.
മാഫി മുഷ്കില്‍ അന തര്‍ത്തീബ്‌ കുല്ലും. നഫറാത്ത്‌ ഈജി അല ഐന്‍ ഇലൈക്ക്‌.

(ക്ഷമിക്കണം സാര്‍, അതു എന്റെ ഈ ഫോണിന്റെ കുഴപ്പമായിരുന്നു.ഇതിന്റെ ബാറ്ററി കാലഹരണപ്പെട്ടിരിക്കുന്നു.
ഞാന്‍ ആവശ്യമായെതെല്ലാം പെട്ടെന്നു ചെയ്യാം. നമ്മുടെ രക്ഷാ ടീം പെട്ടെന്നു അവിടെയെത്തിച്ചേരും).

ഹസ്സനാണ്‌, വലിയ ചൂടിലാണ്‌.
സുബൈര്‍ മനപ്പൂര്‍വ്വം ഹസ്സന്റെ കാള്‍ കട്ടാക്കിയതൊന്നുമല്ല.
അവന്റെ ഫോണിന്റെ ബാറ്ററി കുറച്ചു നാളായി വലിയ കുഴപ്പമാണുണ്ടാക്കുന്നത്‌.
സംസാരത്തിനിടെ അപ്രതീക്ഷിതമായി അതു പണിമുടക്കും.
ചൈന മേഡാണ്‌. മാറ്റിത്തരണം എന്നു പലവട്ടം അവന്‍ സ്റ്റോര്‍കീപ്പര്‍ വക്കാസിനോടു പറഞ്ഞതാണ്‌.
ചൈനയുടേതുമാത്രമേ സ്‌റ്റോക്കുള്ളൂ എന്നവന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ ഒറിജിനല്‍ വന്നിട്ടു മതി എന്നു കരുതി അതും കാത്തു ക്ഷമിച്ചിരിക്കുകയാണ്‌ സുബൈര്‍.
അതു കൊണ്ടെന്താണ്‌.
മുതലാളിയുടെ ഈ തലതെറിച്ച മകന്റെ അറുപുളിച്ച തെറിയും കഴുത്തു കണ്ടിക്കുന്ന പിഴയെക്കുറിച്ചുള്ള ഭീഷണിയും കേട്ടു കേട്ടു പണിയെടുക്കാനുള്ള ഉഷറേ പോയിത്തുടങ്ങി.

ഡസര്‍ട്ടു ഡ്രൈവിനിടെ ഹസ്സന്റെ വണ്ടി എവിടെയോ മണലില്‍ പുതഞ്ഞു പോയതാണ്‌.
ഇനി കെട്ടി വലിച്ചു കുഴിയില്‍ നിന്നു കയറ്റാന്‍ വര്‍ക്ക്ഷോപ്പില്‍ നിന്നു വണ്ടിയും റോപ്പുമായി വേറെ ആളെ അയക്കണം.
ഇതു ആദ്യമൊന്നുമല്ല.
എക്സ്ട്രാ ഗിയറുള്ള ആ സിക്‍സ്‌ സിലിണ്ടര്‍ നിസ്സാന്‍ പട്രോള്‍ സ്വന്തമായി കിട്ടിയതു മുതല്‍ അവനുള്ള ക്രേസാണ്‌.
മര്യാദക്കു അതു മരുഭൂമിയില്‍ ഓടിച്ചാല്‍ ഒരു നിലക്കും മണലില്‍ പുതഞ്ഞു പോകില്ല.
പക്ഷെ അഹങ്കാരവും അക്ഷമയും അവനെ എന്നും കുഴിയില്‍ ചാടിക്കുകയും കരകയറാന്‍ ഓഫീസ്‌ ഫോണില്‍ വിളിച്ചു റെസ്‌ക്യൂടീമിനെ വരുത്തേണ്ടി വരികയുമാണു പതിവ്‌.
പ്രൊജക്ട്‌ റസ്‌ക്യൂ ടീമിനിപ്പോള്‍ ഹസ്സന്റെ വണ്ടികയറ്റുന്ന ജോലിയായിരിക്കുന്നു മുഖ്യടാസ്‌ക്‌.

ഇന്നു റെസ്ക്യൂടീമിന്റെ ചാര്‍ജ്‌ ആര്‍ക്കാണെന്നു സുബൈര്‍ സിസ്‌റ്റത്തില്‍ നോക്കി.
വിജയേട്ടനാണ്‌,
ആശ്വാസമായി.
ഉടനെ വിജയേട്ടനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
ഇനി അവന്‍ എവിടെയാണുള്ളതെന്നു ലൊക്കേറ്റു ചെയ്യണം.
വിജയേട്ടന്‍ തന്നെ ഹസ്സനുമായി നേരിട്ടു സംസാരിക്കട്ടെ!
വിജയേട്ടനു ഹസ്സന്റെ നമ്പര്‍ കാണാപാഠമാണ്‌.
കൂടെക്കൂടെ ഇതു തന്നെയല്ലേ പരിപാടി!
സുബൈറിനു മരുഭൂമിയിലെ ഏരിയകളൊന്നും നല്ല വശമില്ല.
മാത്രമല്ല ഒരിക്കല്‍ പോയ ഭാഗത്തേക്കു ഹസ്സന്‍ പിന്നെ ഡ്രൈവു ചെയ്യാറില്ല. അവനെന്നും പുതുമയിലും ത്രില്ലിലുമാണു കമ്പം.
ഏതു ഏരിയയിലാനെങ്കിലും വിജയേട്ടന്‍ അവിടെ എത്തും.
വിജയേട്ടനു പഴയ ഒരു സിമ്പിള്‍ ഫോര്‍വീലര്‍ വണ്ടിയാണ്‌,
എന്നാലും അതു ഇതുവരെ മണലില്‍ പുതഞ്ഞുപോയതായി കേട്ടിട്ടില്ല.

ഈ ഡസര്‍ട്ടില്‍ അദ്ദേഹത്തിനറിയാത്ത ഭാഗങ്ങളില്ല.
ടൂറിസം വകുപ്പു പോലും കണ്ടെത്താതിരുന്ന ഒരത്യുഗ്രന്‍ ഒയാസിസില്‍ പോയി അവിടെ അധിവസിക്കുന്ന വിവിധയിനം പക്ഷികളുടെ ചിത്രമെടുത്തീയിടെ ഓഫീസില്‍ കൊണ്ടു വന്നതു എല്ലാരും കണ്ടതാണ്‌.
അതു കൊണ്ടു തന്നെ വിജയേട്ടനെ ദൗത്യം ഏല്‍പ്പിച്ചാല്‍ പിന്നെ ഹസ്സന്റെ ശകാരം കേള്‍ക്കേണ്ട.
സുബൈറിനു ആശ്വാസമായി.


സ്‌റ്റോര്‍ കീപ്പര്‍ വക്കാസിന്റെ ഫോണ്‍ലൈനിന്റെ ചുവന്ന ബിസി ലൈറ്റ്‌ കെട്ടിരിക്കുന്നു.
സുബൈര്‍ പെട്ടെന്നു അവനെ വിളിച്ചു തനിക്കുള്ള മൊബെയില്‍ ഫോണ്‍ ബാറ്ററിയെ പറ്റി വീണ്ടും ഓര്‍മ്മിപ്പിച്ചു.
"യാര്‍, വക്കാസ്‌ അബ്‌ ബി ഹസ്സന്‍ സെ ഖാലി സുനാ!"
മടുപടിയായി പരിഹാരമെന്ന നിലക്കു വക്കാസു പറഞ്ഞു
" ആപ്‌ കുദ്‌ കരീദോ മൈ ബില്‍ കാ പൈസാ ദൂംഗാ!"

തെരക്കു തീര്‍ന്നു പുറത്തിറങ്ങാനും സാധനങ്ങള്‍ സ്വയം വാങ്ങാനും തനിക്കിനി അടുത്ത വെള്ളിയാഴ്‌ച്ചത്തെ ഒഴിവു ദിനം വരെ കാത്തിരിക്കണം. അതിനുമിനിയും നാലഞ്ചു ദിവസം ബാക്കി കിടക്കുന്നു.
അന്നു വരെ കിട്ടാനിടയുള്ള ശകാരം കേള്‍ക്കുക തന്നെ വിധിയെന്നു കരുതി ക്ഷമിച്ചു.

പക്ഷെ സുബൈറിന്റെ ഭാഗ്യത്തിനു അതിനിടയില്‍ ഹസ്സന്റെ വിളികളൊന്നുമുണ്ടായില്ല.
ചിലപ്പോഴങ്ങനെയാണു ദിവസങ്ങളോളം ഒരു വിവരവുമുണ്ടാവില്ല. കാശു വേണ്ടി വരുമ്പോഴോ വണ്ടി റിപ്പയര്‍ ചെയ്യേണ്ടി വരുമ്പോഴോ കൂടെയിരിക്കുന്ന പെണ്ണിനെ ബോധിപ്പിക്കാന്‍ ജാഡകാണിക്കാന്‍ തന്റെ സ്റ്റാഫിന്റെ ആരെയെങ്കിലും മേല്‍ കുതിരകയറണമെന്നു തോന്നുമ്പോഴൊ ആയിരിക്കും മിക്കവാറും അടുത്ത വിളി വരിക.
വെള്ളിയാഴ്‌ച്ചത്തെ അലക്കലും ഇസ്തിരിയിടലും പെട്ടെന്നു തീര്‍ത്ത്‌ സുബൈര്‍ മാര്‍ക്കറ്റിലൊരുപാടു ചുറ്റി.
സ്‌റ്റാഫിനു ഇഷ്യൂ ചെയ്തിരിക്കുന്ന "നോക്കിയ, നയന്‍ റ്റു വണ്‍ സീറോ" കമ്മ്യൂണിക്കേറ്റര്‍ എന്നോ ഔട്ട്‌ ഡേറ്റഡായതാണ്‌.
മാര്‍ക്കറ്റു മുഴുവന്‍ ചൈനയുടെയും തായിലണ്ടിന്റെയും വിലയും ഗുണവും കുറഞ്ഞ സാധനങ്ങള്‍ മാത്രമേയുള്ളൂ.
ജനുവിന്‍ ആയതു തീരെ കിട്ടാനില്ല. എല്ലാം ഡ്യൂപ്ലിക്കേറ്റ്‌.
അവസാനം ഗാന്ധിജിയുടെ മുഖച്ഛായയുള്ള ഒരു തുര്‍ക്കിക്കാരന്‍ ഇരിക്കുന്ന പഴയ കടയില്‍ നിന്നു ഒരു ഒറിജിനല്‍ ബാറ്ററി കിട്ടി.
ചൈന ബാറ്ററിയുടെ ഇരട്ടി പൈസ!.
എന്നാലും അതു കൊടുത്തു വാങ്ങി.

പിറ്റേന്നു ഓഫീസിലെത്തിയ ഉടനെ സുബൈര്‍ ബില്ലു വക്കാസിനു കൊടുത്തു.
പക്ഷെ അവന്‍ കാശു റി-ഇമ്പേഴ്‌സു ചെയ്തതു ചൈനീസ്‌ ബാറ്ററിയുടെ വിലമാത്രം!.
അവന്റെ കുഴപ്പമല്ല. സിസ്റ്റത്തിലെ ലാസ്റ്റ്‌ അപ്രൂവ്ഡ്‌ റേറ്റില്‍ കൂടിയാല്‍ നാലു സിഗ്നേച്ചര്‍ വാങ്ങണം. ആ ബുദ്ധിമുട്ടൊഴിവാക്കാന്‍ സുബൈര്‍ തന്നെയാണു സമ്മതിച്ചത്‌. പകുതി അവന്‍ സഹിച്ചോളാമെന്ന്!.

പെട്ടെന്നാണു ഹസ്സന്റെ ഫോണ്‍ വന്നത്‌.
പടപടാന്നടിക്കുന്ന ഹൃദയമിടിപ്പോടെയാണു സുബൈര്‍ ഫോണ്‍ എടുത്തത്‌.
ഓഫാവാതിരുന്നാല്‍ മതിയായിരുന്നു എന്നാണന്നേരം ആദ്യമായി പ്രാര്‍ത്ഥിച്ചത്‌.
"അന ഈജി അലൈന്‍ ലില്‍ ഓഫീസ്‌, അന റീദ്‌ ഹാദാ ബാഗു മഹല്‍ സയ്യാറ. അയ്‌ വക്‍ത്‌ അന്‍ത സീര്‍ ബറ, അന റീദ്‌ ഷൂഫ്‌ ഹാദ ലില്‍ താവില മഹല്‍ അന്‍ത.അറഫ്‌?"

സര്‍വ്വീസിംഗിനു കൊടുക്കുന്നതിന്നു മുന്‍പേ വണ്ടിയിലെ സാധനങ്ങള്‍ എടുത്തു മാറ്റി ഭദ്രമായി ഒരു കിറ്റിലാക്കി വെച്ചിരുന്നു. ഇന്നാണു സര്‍വ്വീസിംഗ്‌ കഴിഞ്ഞു വണ്ടി നിരത്തിലിറങ്ങിയത്‌.കിറ്റിലെ സാധങ്ങള്‍ തിരിച്ചു വണ്ടിക്കകത്തു തന്നെ വെക്കേണ്ടതുണ്ട്‌. അതു ഓഫീസിലായിരുന്നു അതു വേണമെന്നാണ്‌ അവന്‍ ആവശ്യപ്പെട്ടത്‌.

സുബൈര്‍ കിറ്റു തുറന്നു നോക്കി. സാധനങ്ങള്‍ എല്ലാം ഭദ്രമായുണ്ട്‌. മുല്‍ക്കിയ,ഡ്രൈവിംഗ്‌ ലൈസന്‍സിന്റെ കോപ്പി, ഇന്‍ഷൂറന്‍സ്‌ പേപ്പര്‍, മൊബെയില്‍ ചാര്‍ജര്‍, കോഫീ മേക്കര്‍, വാക്വം ക്ലീനര്‍ തുടങ്ങി എല്ലാം...
ഭാഗ്യത്തിനു ഹസ്സന്റെ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതു വരെ സുബൈറിന്റെ ഫോണ്‍ ഓഫായില്ല.
ഇനിയും ഒരു പരീക്ഷണത്തിനു ത്രാണിയില്ലന്നു മനസ്സിലാക്കികൊണ്ടാണു സുബൈര്‍ പുതിയ ബാറ്ററിയുടെ പാക്കറ്റു പൊട്ടിച്ചത്‌.
പുതിയ ബാറ്ററിയായതിനാല്‍ കുറേ നേരം ചാര്‍ജു ചെയ്യാനിടണം.

ബ്രേക്കു സമയത്തു ഫോണ്‍ കൊണ്ടു പോകാതെ വയ്യ. ഭാഗ്യത്തിനു തപ്പിത്തെരഞ്ഞപ്പോള്‍ അവനൊരു എക്റ്റേണല്‍ ചാര്‍ജര്‍ കിട്ടി. അതില്‍ ബാറ്ററിയിട്ടു ചാര്‍ജ്‌ ചെയ്യാനിട്ടു.
ലഞ്ചിനു സമയമായി. ഹസ്സന്‍ ഇനിയും എത്തിയിട്ടില്ല. കുഴപ്പമില്ല അവന്‍ കിറ്റ്‌ എന്റെ മേശപ്പുറത്തു നിന്നെടുത്തോളും.
വാച്ച്‌മാനോടു ഹസ്സന്റെ വണ്ടിയിലെ കിറ്റിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടാണു അവന്‍ ഓഫീസു വിട്ടിറങ്ങിയത്‌.


ഉച്ചതിരിഞ്ഞു ലഞ്ചുടൈം കഴിഞ്ഞു വന്നപ്പോഴും സുബൈറിന്റെ മേശപ്പുറത്താ കിറ്റിരിക്കുന്നതു കണ്ടപ്പോള്‍ അതിശയമായി.

അവന്‍ വാച്ച്‌മാനോടു ചോദിച്ചു.
"ഹസ്സന്‍ ഇനിയും വന്നില്ലേ?"
വാച്ച്‌മാന്‍ പറഞ്ഞു.
"ഹസ്സന്‍ വരികയും റൂമില്‍ കയറി കിറ്റ്‌ എടുത്തു ഇറങ്ങുന്നതു ഞാന്‍ കണ്ടതുമാണ്‌.
അവന്‍ പോയി കുറേ കഴിഞ്ഞാണു ഇതു റിസപ്ഷനിലെ സോഫയില്‍ മറന്നു വെച്ചിട്ടാണു പോയതു എന്നു ഞാന്‍ കണ്ടത്‌.
പിന്നെ ഞാനാണു അതെടുത്ത്‌ തിരിച്ച്‌ ഈ ടേബിളില്‍ തന്നെ വെച്ചത്‌".

ഡസര്‍ട്ടു ഡ്രൈവിനായതു കൊണ്ടാവും ലീഗല്‍ പേപ്പറൊന്നും അത്യാവശ്യമല്ല. സാരമില്ല!
മറവിയുടെ കാര്യത്തില്‍ ഹസ്സന്‍ ഒരു "ഗജിനി" തന്നെ എന്നു കരുതി സുബൈര്‍ തന്റെ ജോലിയിലേക്കു തിരിഞ്ഞു.
ആദ്യം തന്നെ ചാര്‍ജിങ്ങു പൂര്‍ത്തിയായ ബാറ്ററി മൊബെയിലിലേക്കു മാറ്റിയിട്ടു.
ബാറ്ററിക്കു ഒരു പഴക്കം തോന്നിയപ്പോള്‍ അവന്‍ ചിന്തിച്ചു, ആ കടക്കാരന്‍ സെക്കന്‍ഡ്‌ ഹാന്‍ഡ്‌ സാധനം ആണോ തന്നു പറ്റിച്ചത്‌?
ഇതു ഇത്തിരി പഴക്കം തോന്നിക്കുന്നില്ലെ?
പക്ഷെ കവര്‍ പൊട്ടിച്ചതു താന്‍ തന്നെയാണല്ലോ എന്നു കരുതി അവന്‍ ആശ്വസിച്ചു.
എന്നിട്ടും അവനു സംശയം ബാക്കിയായി.
ഏതായാലും ഫോണിലിട്ടപ്പോള്‍ നന്നായി വര്‍ക്കു ചെയ്യുന്നുണ്ട്‌!.
മുന്‍പത്തേതിനെക്കാള്‍ വളരെ മെച്ചം. അതുമതി.
അവന്‍ അതു മറന്നു.
ഹസ്സന്റെ കിറ്റു തിരിച്ചു ഷെല്‍ഫിലേക്കു തന്നെ വെച്ചു.
കിറ്റ്‌ ഏടുക്കാന്‍ മറന്നതാണോ എന്നു ചോദിക്കാന്‍ അവനെ രണ്ടു തവണ വിളിച്ചതാണ്‌.അപ്പോഴൊക്കെ ഫോണ്‍ ബിസി.
ഇനി മിസ്‌കാള്‍ നോക്കി അവന്‍ തിരിച്ചു വിളിക്കട്ടെ എന്നു കരുതി.

അവന്‍ തിരിച്ചു വിളിക്കുകയൊന്നുമുണ്ടായില്ല. എന്നു കരുതി സുബൈറിനു ആധിയൊന്നും ഉണ്ടായില്ല. അതു പതിവാണ്‌. പലപ്പോഴും വിളിക്കുത്തരമുണ്ടാവാറില്ല. മിസ്‌കാളിനും മറുപടിയും.

അതുകൊണ്ടു സുബൈര്‍ അതു മറന്നു. പിറ്റേന്നു രാവിലെ മിസിസ്‌ ലെനാ ഹസന്‍ ഓഫീസില്‍ വിളിച്ചു ഹസ്സന്‍ ഇന്നലെ വന്നിരുന്നോ എന്നു ചോദിക്കുന്നതു വരെ!
തലേന്നു രാത്രി ഹസ്സന്‍ വീട്ടിലെത്തിയിട്ടില്ലത്രേ!
ഫോണ്‍ ചെയ്തിട്ടു കിട്ടുന്നുമില്ലത്രേ!
എത്ര രാത്രിയായാലും ഏതു കോലത്തിലായാലും അവന്‍ വീട്ടിലെത്തും.
ലെനയും ഹസ്സനും അവരവരുടെ വഴിക്ക്‌ രാത്രി സഞ്ചാരം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ പരസ്പരം കാണുന്നതു പുലര്‍ച്ചെ പ്രാതലിനു തീന്മേശക്കു ചുറ്റുമിരിക്കുമ്പോഴാണ്‌. അതു കിളവന്റെ ഒരു വാശിയാണ്‌. ദിവസത്തിലൊരിക്കലെങ്കിലും വീട്ടുകാരെല്ലാവരും ഒന്നിച്ചിരുന്നാഹാരം കഴിക്കണമെന്ന ആ പിതാവിന്റെ ആ വാശി തെറ്റിക്കാന്‍ മക്കളും മരുമക്കളും കിളവിയും ഇതു വരെ ധൈര്യപ്പെട്ടിട്ടില്ല.
അതു കൊണ്ടു തന്നെയാണു രാവിലെ കിളവന്‍ ഹസ്സനെ തെരക്കിയത്‌.
രാത്രി വീടണഞ്ഞിട്ടില്ലന്നു മനസ്സിലായപ്പോള്‍ കിളവനു അപകടം മണത്തു. ഇതുവരെ മുന്നറിയിപ്പില്ലാതെ വീട്ടില്‍ നിന്നവന്‍ മാറി നിന്നിട്ടില്ല.
കിളവന്‍ പറഞ്ഞിട്ടു തന്നെയാവും ലെന ഓഫീസിലേക്കു വിളിച്ചത്‌.അവന്റെ കൂട്ടുകാരുടെയൊക്കെ വിളിക്കാന്‍ ശ്രമിച്ചു. അധികവും പെണ്ണുങ്ങളാണ്‌. ദീര്‍ഘവും തീഷ്ണവുമായ സ്നേഹബന്ധം ഒന്നുപോലും ഇല്ല. ഫോണിലെ കോണ്ടാക്ട്‌ നമ്പരും ഈമെയില്‍ കോണ്ടാക്റ്റും അല്ലാതെ മറ്റൊരു സോര്‍സുമില്ല. അതാണെങ്കിലോ അവനു മാത്രം ആക്സസിബിളായതും.അവിടന്നും ഇവിടന്നും കുറച്ചു ഫ്രന്‍സിന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചു അവര്‍ ആര്‍ക്കും ഒരു വിവരവുമില്ല.
കിളവന്‍ തന്നെയാണു പിന്നെ വിജയേട്ടനെ വിളിച്ചു മരുഭൂമിയില്‍ ഹസ്സന്‍ ഇതുവരെ പോകാത്ത വഴിയിലൂടെയൊക്കെ പോയി അന്വേഷിക്കാന്‍ പറഞ്ഞത്‌.
മരുഭൂമിയില്‍ എവിടെയെങ്കിലും കുടുങ്ങിയാല്‍ അവന്‍ ഫോണ്‍ ചെയ്യും. അതുണ്ടായിട്ടില്ല.
"Any Accident? Shall we... "
മുഴുവനാക്കാന്‍ കിളവന്‍ സമ്മതിച്ചില്ല.
ഫോണ്‍ ഓഫാക്കുന്നതിന്നു മുന്‍പേ വിജയേട്ടന്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്ന ഒച്ച കിളവന്‍ കേട്ടു കാണും.
ഏരിയയുടെ ഒരു സൂചന കിട്ടിയാല്‍ വിജയേട്ടന്‍ എത്രദൂരത്താണെങ്കിലും തേടിപ്പിടിച്ചു കൊണ്ടു വരും.പക്ഷെ എമിറേറ്റില്‍ ഏതു മരുഭൂമിലൂടെയാണവനിന്നലെ ചക്രമുരുട്ടാന്‍ തോന്നിയതെങ്ങനെയറിയും?.
കിളവന്‍ ഉടനെ പോലീസില്‍ വിളിച്ചുവെന്നു മനസ്സിലായി .
പിന്നെ ഓഫീസ്‌ നമ്പരില്‍ വിളിവന്നതു പോലീസിന്റെ ഹെലികോപ്റ്റര്‍ ആമ്പുലന്‍സ്‌ ടീമിന്റെതാണ്‌.
കിളവനു പോലീസില്‍ നല്ല സ്വാധീനമാണ്‌.
അവക്കു വേണ്ടതു ഏകദേശം അവന്‍ പോകാനിടയുള്ള ഏരിയയാണ്‌.ആര്‍ക്കും ഒരൂഹവുമില്ലന്നു പറഞ്ഞപ്പോള്‍ പിന്നെ കേട്ടതു അറബിയിലെ ഏതോ തെറിയാനെന്നും, പോലീസുകാരുടെ മനശാസ്ത്രം മലപ്പുറത്തും മരുഭൂമിയിലും ഒന്നു തന്നെയാണെന്നും എന്നനുഭവജ്ഞാനമുള്ളതിനാല്‍ ആ കേട്ട വാക്കിന്റെ അര്‍ത്ഥം ചികയാനൊന്നും സുബൈര്‍ മെനെക്കെട്ടില്ല.
എങ്കിലും അവര്‍ ഊഹം കിട്ടിയിടത്തൊക്കെ തെരച്ചില്‍ തുടര്‍ന്നു.
ഹസ്സന്‍ മിസ്സായിട്ടു നേരത്തോടു നേരമാകുന്നു.
ജീവന്‍ ബാക്കിയുണ്ടങ്കില്‍ തന്നെ പട്ടിണി കിടന്നു മരിക്കാനാവും അവന്റെ വിധി.
വിജയേട്ടന്റെ ടീമും തിരച്ചില്‍ തുടരുന്നു.ഇടക്കിടെ പുരോഗതി വല്ലതുമുണ്ടോ എന്നു ചോദിക്കുകയല്ലാതെ അവിടന്നു പ്രതീക്ഷയൊന്നും കിട്ടാതായപ്പോള്‍ എല്ലാരും വിശപ്പിന്റെ അസഹനീയതയിലുമായിരുന്നു.

രാത്രി നന്നായി ഇരുട്ടട്ടെ!
വണ്ടിയുടെ ലൈറ്റു തെളിയിക്കാന്‍ ഹസ്സനു തോന്നിയാല്‍ ഹെലികോപ്റ്ററിലിരുന്നു ആ വെളിച്ചം കണ്ടെത്താനാവുമെന്ന അവസാന പ്രതീക്ഷയാണു പോലീസുകാര്‍ തന്നത്‌.
അതിനും ഏകദേശം സഥലത്തെക്കുറിച്ചൊരു സൂചന കിട്ടിയേ മതിയാവൂ.
പെട്ടെന്നാണു സുബൈറിന്റെ മസ്തിഷ്കത്തില്‍ ഒന്നു മിന്നിയത്‌.
ഡസര്‍ട്ടു ഡ്രൈവിനു തിരിക്കുമ്പോള്‍ മരുഭൂമിയിലേക്കു കയറുന്നതിന്റെ തൊട്ടു മുന്‍പത്തെ പെട്രോള്‍ പമ്പില്‍ നിന്നാണവന്‍ ഫുള്‍ടാങ്ക്‌ പെട്രോള്‍ നിറക്കാന്‍ സാധ്യത. ആ പെടോള്‍ പമ്പിന്റെ ലൊക്കേഷന്‍ ട്രെസ്‌ ഔട്ട്‌ ചെയ്താല്‍ ആ പരിസരത്തെവൈടെയെങ്കിലുമായി തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്താം.
എമിറേറ്റ്‌സ്‌ പെട്രോളിയത്തിന്റെ സെലക്ട്‌ കാര്‍ഡാണവന്റെ കയ്യിലുള്ളത്‌. സുബൈര്‍ ഉടനെ തന്നെ ഇന്റര്‍നെറ്റില്‍ കയറി ഇമ്മാസത്തെ ഓണ്‍ലൈന്‍ ഇന്‍വോയ്സും ഡീറ്റെയില്‍സും പ്രിന്റ്‌ ചെയ്തെടുത്തു. അവന്റെ കാര്‍ഡുപയോഗിച്ചു അവസാനമായി പെട്രോളടിച്ചത്‌ മസാഫിയിലെ "അല്‍ തൂര്‍ ഫില്ലിംഗ്‌ സ്റ്റേഷന്‍" സമയം ഇന്നലെ ഉച്ചക്ക്‌ രണ്ടുമണി.
പിന്നെ ഒട്ടും താമസിച്ചില്ല.
വിജയേട്ടനെ വിളിച്ചു.
പാവം അദ്ദേഹമപ്പോള്‍ "കസബ്‌" ഭാഗത്തെവിടെയോ ആണ്‌.വിവരം കിട്ടിയപ്പോള്‍ അദ്ദേഹം "മസാഫി"യിലേക്കു തിരിച്ചു.
പിന്നെ വിളിച്ചത്‌ പോലീസ്‌ ആമ്പുലന്‍സു ടീമിനെയാണ്‌.

ഡസര്‍ട്ടിനകത്തു ഇരുട്ടില്‍ തെളിഞ്ഞ ഒരു വണ്ടിയില്‍ നിന്നുള്ള വെളിച്ചം അന്വേഷിച്ചു പോയി അതല്ലന്നു തിരിച്ചറിഞ്ഞു, അടുത്ത നിര്‍ദ്ദേശത്തിനായി കാത്തു ഫുജൈറയിലെവിടെയോ ആയിരുന്നു.
സുബൈറിന്റെ ക്ലൂ കിട്ടിയപ്പോള്‍ അവരും "അല്‍ തൂര്‍ ഫില്ലിംഗ്‌സ്‌റ്റേഷന്റെ" ഏരിയയിലേക്കു തിരിച്ചു പറന്നു.
മണലിലും മാനത്തുമായി തിരച്ചില്‍ തുടര്‍ന്നു.

രാത്രി തീര്‍ന്നു പുലരാനായിട്ടുണ്ടാവും അഞ്ചു മണിക്കാണു ഹെലികോപ്റ്റര്‍ സംഘം മണ്ണില്‍ പുതഞ്ഞ ആ വണ്ടി ട്രേയ്സു ചെയ്തത്‌. അവര്‍ ബന്ധപ്പെട്ടവര്‍ക്കെല്ല്ലാം വിവരം കൊടുത്തതിനു പിറകെ വിജയേട്ടനാണാദ്യം ഹസ്സന്റെ വണ്ടി കണ്ടത്‌.
പരിസരത്തൊക്കെ തലങ്ങും വിലങ്ങും നടന്ന അവന്റെ കാല്‍പ്പാടുകള്‍.
അടുത്തെത്തിയപ്പോള്‍ കണ്ടു ഉള്ളില്‍ ബോധം കെട്ടു തളര്‍ന്നു കിടക്കുന്ന ഹസ്സന്‍.
അവനെ താങ്ങിയെടുത്തു തന്റെ വണ്ടിയില്‍ കിടത്തി വിജയേട്ടന്‍ ഹോസ്പിറ്റലിലേക്കു കുതിക്കുമ്പോള്‍ പിറകെ മറ്റുള്ളവര്‍ വണ്ടി കയറ്റലിലും ബാക്കി റെസ്ക്യൂ ഓപ്പറേഷനിലും മുഴുകി.

ഹോസ്പിറ്റലിലെത്തി ഹസ്സനെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തൊട്ടു മുന്‍പെ പ്രഷറു കയറിയ കിളവനേയും അതേ ഹോസ്പിറ്റലില്‍ അഡ്‌മിറ്റാക്കിയിരുന്നു.
തളര്‍ച്ചയും ക്ഷീണവുമല്ലാതെ മറ്റു കുഴപ്പമൊന്നുമില്ലന്നു ഡോക്ടര്‍മാര്‍ പറയുന്നതു വരെ സുബൈറിനടക്കമുള്ള കമ്പനി സ്റ്റാഫിനെല്ലാം അന്നു കാളരാത്രിയായിരുന്നു.
ഗ്ലൂക്കോസു കയറ്റലും മറ്റുമായി ഹസ്സന്‍ നോര്‍മ്മലായി.ഹസ്സന്‍ നോര്‍മ്മലായപ്പോള്‍ കിഴവന്റെ പ്രഷറും താഴ്‌ന്നു.
ഒരാഴ്ച്ച കഴിഞ്ഞാണ്‌ അവന്‍ പിന്നെ ഓഫീസില്‍ വന്നത്‌.
ഒരു പുനര്‍ജന്മം കിട്ടിയപോലെയായിരുന്നു പിന്നെ അവന്റെ പെരുമാറ്റം എന്നാണെല്ലാര്‍ക്കും തോന്നിയത്‌.
ലിഫ്റ്റിനു കുഴപ്പമുണ്ടായാല്‍ വണ്ടിയില്‍ നിന്നിറങ്ങാതെ, ചെക്കുബുക്കുമായി താഴേക്കു വരാന്‍ ആജ്ഞപിക്കുന്ന ഹസ്സന്‍,
ഗോവണിപ്പടികളിലൂടെ രണ്ടു നില നടന്നു കയറി വരുന്നതു കണ്ടു ഞെട്ടിയ സുബൈറിനു ഒന്നു മനസ്സിലായി.
ഹസ്സനു ജീവിതത്തിന്റെ വില മനസ്സിലായിരിക്കുന്നു.ഒരു ജീവിതം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന സംഗതികളുടെ വിലയും.

വിജനമായ ലോകത്തില്‍ ഏറെ തെരച്ചിലിനും അലച്ചിലിനും ഒടുവില്‍ ഒരു മനുഷ്യജീവി മറ്റൊരു മനുഷ്യജീവിയെ കാണുന്ന സന്തോഷത്തോടെ അവന്‍ ആത്മാര്‍ത്ഥമായി എല്ലാവരേയും കെട്ടിപ്പിടിച്ചു.
ആ സ്പര്‍ശനത്തില്‍ വലിയൊരു മനംമാറ്റത്തിന്റെ സുഖം സുബൈര്‍ അനുഭവിച്ചറിഞ്ഞു.
ഹസ്സന്റെ ക്യാബിനിലേക്കു സുബൈറിനെ വിളിച്ചപ്പോള്‍ ഇത്തവണ അവനു ഒട്ടും പേടിയുണ്ടായിരുന്നില്ല.
എങ്കിലും അത്യധികം ബഹുമാനത്തോടെ അനുവാദം ചോദിച്ചകത്തു കയറുമ്പോള്‍ ഇരിക്കാനാണാദ്യം അവനു നിര്‍ദ്ദേശം കിട്ടിയത്‌.
മുന്‍പൊരിക്കലും ആ മര്യാദ അവനു കിട്ടിയിട്ടില്ല.
സുബൈര്‍ ഹസ്സനെ കൂടുതല്‍ ബഹുമാനത്തോടെ നോക്കി.
ഹസ്സന്‍ അവന്റെ ഫോണ്‍ തുറന്നു അതില്‍ നിന്നും ബാറ്ററി ഊരി അവന്റെ നേരെ നീട്ടി അവന്‍ പറഞ്ഞു.
"ഐ ആം വെരി സോറി"
"പാര്‍ഡന്‍ മി..!"
" ഗിവ്‌ മി ബാക്ക്‌ മൈ ബാറ്ററി"
സുബൈറിനു ആദ്യമൊന്നും മനസ്സിലായില്ല.
പക്ഷെ ആ കണ്ണുകളിലെ കുറ്റബോധം വായിച്ചെടുത്തപ്പോള്‍ എല്ലാം മനസ്സിലായി.
"ഒ.കെ"
എന്നു മാത്രം പറഞ്ഞു തിരിച്ചു സീറ്റില്‍ വന്നിരുന്നപ്പോള്‍ കുടുതലായി മറ്റൊന്നു കൂടി ഓര്‍മ്മ വന്നു.
പുതിയ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജു ചെയ്യാന്‍ മിനിമം മൂന്നു മണിക്കൂര്‍ വേണമെന്നു എഴുതിയിരുന്നത്‌ താന്‍ ആ ബാറ്ററിയുടെ കവര്‍ പൊട്ടിച്ചപ്പോള്‍ വായിച്ചിരുന്നെന്നും.




46825

11 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    സുബൈർ ഹസ്സനെ കൂടുതൽ ബഹുമാനത്തോടെ നോക്കി.
    ഹസ്സൻ അവന്റെ ഫോൺ തുറന്നു അതിൽ നിന്നും ബാറ്ററി ഊരി അവന്റെ നേരെ നീട്ടി അവൻ പറഞ്ഞു.
    "ഐ ആം വെരി സോറി"
    "പാർഡൻ മി..!"
    സുബൈറിനു ആദ്യമൊന്നും മനസ്സിലായില്ല.
    പക്ഷെ ആ കണ്ണുകളിലെ കുറ്റബോധം വായിച്ചെടുത്തപ്പോൾ എല്ലാം മനസ്സിലായി.

    New Posting for your Reading...!

  2. പാമരന്‍ പറഞ്ഞു...

    rethink cheyyaan palappozhum kittaathe pokunna avasaram. nannaayi maashe.

  3. മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

    good..

  4. മരമാക്രി പറഞ്ഞു...

    bhaavi undu

  5. ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

    ബോറടിപ്പിക്കാത്ത അവതരണം..
    കിളവന്‍ കിളവന്‍...
    എന്നിങ്ങനെ ആവര്‍ത്തിച്ചു വന്നത് നന്നായോ..?
    വൃദ്ധന്‍ എന്ന് പോരായിരുന്നോ..??

  6. Kalesh Kumar പറഞ്ഞു...

    നന്നായ് കരീം ഭായ്യ്!

  7. Appu Adyakshari പറഞ്ഞു...

    കരീം മാഷേ, ഒരുപക്ഷേ ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് അറബികളുടെ സ്വഭാവങ്ങളും വര്‍ത്തമാന രീതികളും നേരിട്ട് മനസ്സിലാക്കിയിട്ടുള്ളവര്‍ക്കാവും ഈ കഥ (സംഭവം) അതിന്റെ എല്ലാ പിരിമുറക്കത്തോടും വായിക്കാനാവുക. വളരെ നന്നായി പറഞ്ഞു.. അഭിനന്ദനങ്ങള്‍.

  8. കരീം മാഷ്‌ പറഞ്ഞു...

    പാമരന്‍
    മേഘമല്‍ഹാര്‍
    maramaakri
    hAnLLaLaTh
    കലേഷ്,
    അപ്പു

    Thanks for Reading.




    Dear hAnLLaLaTh

    Read my comment in the following Post, You will say O.K. for writing so.
    വാഗ്‌ജ്യോതി: വൃദ്ധപുരാണം

  9. സാബി പറഞ്ഞു...

    നല്ലത്. സദുദ്ദേശപരം.
    പക്ഷെ ഭാഷ പോര.(ധൃതി കൂടി)
    മെയ്ദിനാശംസകള്‍
    HBD 2 U

  10. C.K.Samad പറഞ്ഞു...

    ഈ മഞ്ഞിന്റെ നാട്ടില്‍ നിന്ന് മരുഭൂമിയിലെ കഥ വായിക്കാന്‍ നല്ല രസം. വളരെ നന്നായി മാഷേ......

  11. kichu / കിച്ചു പറഞ്ഞു...

    ഹസ്സനു ജീവിതത്തിന്റെ വില മനസ്സിലായിരിക്കുന്നു.ഒരു ജീവിതം കൊണ്ടു ചെയ്തു തീര്‍ക്കാവുന്ന സംഗതികളുടെ വിലയും...

    മഷേ..

    നല്ല പോസ്റ്റ്