വ്യാഴാഴ്‌ച, മേയ് 01, 2008

കോട്ടിലമ്പഴങ്ങ

"കോട്ടിലമ്പഴങ്ങ" എന്നതു അവന്റെ ഓമനപ്പേരാണ്‌.
പക്ഷെ അവന്റെ പെരുമാറ്റം അത്രക്കു ഓമനയല്ല.

കേള്‍പ്പിച്ചു ആരും അവനെ ആ പേരു വിളിക്കാറില്ല.
നീട്ടി വിളിക്കാന്‍ മടിയുള്ളവര്‍ പരിഷ്ക്കരിച്ചതു "കോട്സ്‌" എന്നു വിളിക്കും.

ചെറുപ്പത്തില്‍ മുണ്ടിനീരു വന്നതിന്റെ 'മൊമന്റോ'യായി എല്ലാക്കലത്തേക്കുമായി ദൈവം കൊടുത്തതാണ്‌ കീഴ്‌ത്താടിയില്‍ തൂങ്ങി നില്‍ക്കുന്ന അമ്പഴങ്ങ വലിപ്പത്തില്‍ ഒരു മുഴ.
അത്രയെങ്കിലും അവനു കൊടുത്തില്ലങ്കില്‍ പിന്നീട്‌ ദൈവത്തിനെ വലിച്ചിറക്കി ആ സിംഹാസനത്തില്‍ അവന്‍ കേറിയിരുന്നു കളയുമോ എന്നു ദൈവത്തിനന്നു തന്നെ സംശയം തോന്നിക്കാണും.

സ്കൂളിന്റെ പിന്നിലെ അമ്പാഴമരത്തില്‍ കയറി, അമ്പഴങ്ങ കട്ടറുത്തു തിന്നവേ പുതുതായി വന്ന മാഷാണു അവനെ കയ്യോടെ പിടികൂടിയത്‌.
തുപ്പിക്കളയാന്‍ പറഞ്ഞിട്ടും അനുസരിക്കാത്ത അവനെ പൊതിരെ തല്ലുന്നതു കണ്ട്‌ ഒരു ടീച്ചര്‍ എത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതു വരെ അവന്റെ വായിലിരിക്കുന്നതു അമ്പഴങ്ങയാണെന്നു തെറ്റിദ്ധരിച്ച മാഷ്‌ തനിക്കു പറ്റിയ തെറ്റിനു ക്ലാസ്സില്‍ പരസ്യമായി മാപ്പു പറഞ്ഞപ്പോഴാണു അവനു നാടു മുഴുവന്‍ പുകഴ്‌പെറ്റ അവന്റെ ആ ഓമനപ്പേരു സ്ഥിരമായി കിട്ടിയത്‌.
പക്ഷെ അതിനു ശേഷം ആരും ആ പേരില്‍ മാപ്പുപറയുന്നതു അവനു ഇഷ്ടമല്ലാതായി.

കയ്യിരിപ്പിന്റെ ഗുണം കൊണ്ടു തന്നെയാവണം അവനു സ്കൂളില്‍ അധികം കഷ്ടപ്പെട്ടിരിക്കേണ്ടിവന്നില്ല.
പക്ഷെ മുതിര്‍ന്നപ്പോള്‍ നാലു ചക്രമുള്ള ഉന്തുവണ്ടിയില്‍ ഓംലറ്റും കാപ്പിയും വിറ്റു അവന്‍ നാലും നാലു പതിനാറു ചക്രം ഉണ്ടാക്കാന്‍ മിടുക്കനായി.
എങ്കിലും നാട്ടില്‍ എവിടെയെങ്കിലും ഒരു കുഴപ്പമുണ്ടായാല്‍ ആദ്യം കേള്‍ക്കുന്ന പേരില്‍ ഏതു ഇബ്‌ലീസിന്റെയും കൂടെ അവന്റെയും ഉണ്ടായിരുന്നു.

അക്ഷരയുടെ ആരംഭകാലം!
അക്ഷരയുടെ ആദ്യത്തെ നിശാ പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ S.S.L.C. ക്ലാസ്സിലേക്കു നല്ല തെരക്കായിരുന്നു.
പഠിതാക്കളെല്ലാം (പ്രായം കവിഞ്ഞ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യാന്‍ പുതിയ വാക്കു കണ്ടുപിടിച്ച കേരള സാക്ഷരതാമിഷനു നന്ദി) സ്ഥലത്തെ ആശാരിമാര്‍, പടവുകാര്‍ കോണ്‍ക്രീറ്റുപണിക്കാര്‍, കച്ചവടക്കാര്‍ തുടങ്ങി ഇരുമ്പുഴിയിലെ അധ്വാനിക്കുന്ന ജനസമൂഹത്തിന്റെ ക്രോസ്‌സെക്ഷന്‍.

രണ്ടു അധ്യാപകര്‍ ക്ലാസ്സില്‍ കയറുമ്പോള്‍ ബാക്കിയുള്ളവര്‍ സ്റ്റാഫ്‌ റൂമില്‍ ഡിബേറ്റും ചര്‍ച്ചയും മറ്റുമായി സഹകരിച്ചിരിക്കും. രാത്രി ക്ലാസ്സു തീര്‍ന്നു എല്ലാരും ഒന്നിച്ചിറങ്ങി വീടുകളിലേക്കു പിരിഞ്ഞു പോകുന്നതു വരെ രസകരമായ നല്ല നിമിഷങ്ങള്‍.
മിക്ക ദിവസങ്ങളിലും ഇടവേളകളില്‍ ഒപ്പമിരുന്നു കഴിക്കാന്‍ എന്തെങ്കിലും കൊണ്ടേ ആരെങ്കിലുമൊക്കെ വരികയുള്ളൂ.ഇടവേളകളില്‍ തീറ്റയും സൊറപറച്ചിലുമായി ആ നിശാക്ലാസ്സ്‌ നല്ല രീതിയില്‍ നടന്നു.

അതിനിടയിലാണ്‌ ഏതോ ഒരു പഠിതാവിനൊരു ബുദ്ധിയുദിച്ചത്‌.
മേലെ അങ്ങാടിയില്‍ അന്തിക്കു "ഈച്ചയാട്ടി" ഇരിക്കുന്ന "കോട്ടിലമ്പാഴങ്ങയുടെ"ആ ഓംലറ്റു വണ്ടി നമുക്ക്‌ ഇങ്ങോട്ടു വരുത്തിയാലോ?

ക്ലാസ്സിടവേളയില്‍ വിശക്കുമ്പോള്‍ ഓംലറ്റും കാപ്പിയും കഴിക്കാലോ?

രണ്ടു ക്ലാസ്സിലുമായി പത്തു നാല്‍പ്പതു പേരുണ്ട്‌.
തൊഴിലുള്ളവരായതിനാല്‍ കയ്യിലെപ്പോഴും കാശുണ്ട്‌, ചെലവഴിക്കാന്‍ മനസ്സും.
കച്ചവടം നടന്നാല്‍ അവനും ഒരു കാര്യമായി.

പഠിതാക്കള്‍ ഞങ്ങളധ്യാപകരുമായി ആലോചിച്ചു
ഞങ്ങള്‍ അധ്യാപകര്‍ പലവട്ടം ചിന്തിച്ചു.
"കോട്ടിലമ്പഴങ്ങ"യെ വിളിക്കണോ?
അതോ ഭസ്മാസുരനു വരം കൊടുക്കണോ?

ആലോചന കൂലങ്കശം,
തീരുമാനം വരാന്‍ കാതു കൂര്‍പ്പിച്ചു നില്‍ക്കുന്ന പുരുഷാരം.
സ്റ്റാഫ്‌ റൂമില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.

കൃത്യം അതേ നിമിഷം അവന്റെ ഉന്തുവണ്ടി അക്ഷരക്കു മുന്നിലെ റോഡിലൂടെ തുള്ളിത്തുള്ളി പോകുന്നു.
ഓംലറ്റിന്റെ മണം സകലരുടേയും മൂക്കില്‍ തുളച്ചു കയറി.

തീരുമാനവും പ്രഖ്യാപനവും ഒന്നിച്ചായിരുന്നു.
എട്ടാളും ഒരേ സ്വരത്തില്‍ റിഫ്ലക്സ്‌ ആക്ഷന്‍ പോലെ!

" വിളിക്കവനെ!"

നിര്‍ദ്ദേശം കിട്ടിയതോടെപഠിതാക്കളില്‍ ഒരു സംഘം കോട്ടിലമ്പാഴങ്ങയെ വിളിക്കാന്‍ ഗോവണി ഓടിയിറങ്ങി.

കോട്സ്‌ ഉന്തുവണ്ടി ഹാള്‍ട്ടാക്കി അക്ഷരയില്‍ ഹാജറായി.

ദിവസവും രാത്രി 9 മണിക്കു അവന്റെ "രാജധാനി എക്സ്പ്രസ്സിനു" 'അക്ഷര' യുടെ മുന്നില്‍ ഒരു സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടാന്‍ അപേക്ഷ കൊടുത്തു.
ഞങ്ങള്‍ തന്നെ മുന്‍കൈ എടുത്തു അവനു അരമണിക്കൂര്‍ കച്ചവടം നടത്താന്‍ കെട്ടിടമുടമസ്ഥനോടു അനുവാദം വാങ്ങി അക്ഷരയോടു ചേര്‍ന്ന ഒരു ഷെഡു വൃത്തിയാക്കി കൊടുത്തു.
തുടര്‍ന്നു രാത്രി ഒമ്പതു മണിക്കവന്‍ കൃത്യമായി എത്തി.നല്ല തകര്‍പ്പന്‍ കച്ചവടം.

പിന്നെ പിന്നെ അവന്‍ രാത്രി പുലരുന്നതു വരെ ആ ഷെഡില്‍ കച്ചവടം തുടര്‍ന്നു.
നാട്ടില്‍ പകല്‍വെട്ടത്തിറങ്ങാന്‍ പറ്റാത്തവരും രാത്രി വീട്ടില്‍ കിടക്കാത്തവരും അവിടെ വന്നു തിന്നാന്‍ തുടങ്ങി.
അവന്‍ ഷെഡില്‍ രണ്ടു ബെഞ്ചിട്ടു.
ആളു കൂടി. ബഹളവും.ഇതു നിശാക്ലാസ്സിനെ ബാധിച്ചു.
സൗമ്യമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

അവന്‍ തനിസ്വരൂപം കാട്ടി.
ഇല്ലാത്ത മസിലും കീഴ്‌ത്താടിയിലെ അമ്പഴങ്ങയും വിറപ്പിച്ചു പോരിനു വിളിച്ചു.

ഞങ്ങളെ വെട്ടിച്ചു അവന്‍ ബില്‍ഡിംഗ്‌ഓണര്‍ക്ക്‌ വാടകയെന്ന രൂപത്തില്‍ ഇടക്കൊക്കെ ഒരു ക്വാര്‍ട്ടര്‍ ബോട്ടിലും തറാമുട്ടയുടെ ഓംലറ്റും കൊടുക്കാന്‍ തുടങ്ങിയതോടെ കാര്യം ഞങ്ങളുടെ കയ്യില്‍ നിന്നു പോയി.

രാത്രിയിലെ കച്ചവടത്തിനു പുറമേ പകലും കച്ചവടം തുടര്‍ന്നപ്പോള്‍ അക്ഷരയിലെ എല്ലാ ക്ലാസ്സുകളേയും അതു ബാധിച്ചു.
അങ്കവും കാണാം താളിയും ഒടിക്കാമെന്ന അത്യാഗ്രഹത്തില്‍ കടയില്‍ വന്നിരിക്കുന്ന വായിനോക്കികളുടേ ശല്യത്തെക്കുറിച്ചു പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും പരാതി പറയാന്‍ തുടങ്ങി.

കാര്യം കയ്യാംകളിയേ അവസാനിക്കൂ എന്നു ഞങ്ങള്‍ക്കു തോന്നിത്തുടങ്ങി.
പക്ഷെ അതിനു മുമ്പെ ദൈവം ഞങ്ങള്‍ക്കു ഒരു വഴി കാണിച്ചു തന്നു.

ഒരു നാള്‍ രാത്രി ബാച്ചിനു കെമിസ്ട്രി ക്ലാസ്സായിരുന്നു.
താഴെ കോട്ടിലമ്പാഴങ്ങയുടെ തകര്‍ത്തു പിടിച്ച ഓംലറ്റു കച്ചവടം.
ഒച്ചയും ബഹളവും കാരണം ക്ലാസ്സു ശ്രദ്ധിക്കാന്‍ കഴിയില്ലന്നു പഠിതാക്കള്‍.
പലരും വീതുളിയുമായി ഒരു പോരിനു ഇറങ്ങാന്‍ വരെ തയ്യാര്‍.

ശബ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ കെമിസ്ട്രി മാഷു ലക്‍ചര്‍ ക്ലാസ്സു നിര്‍ത്തി, പ്രാക്ടിക്കല്‍ ക്ലാസ്സു തുടങ്ങി.
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ നിര്‍മ്മാണം ആയിരുന്നു വിഷയം.

ടെസ്റ്റ്‌റ്റ്യൂബും കെമിക്കലുകളുമായി വന്നു മാഷു ക്ലാസ്സു ഒരു ലാബാക്കി.
പരീക്ഷണം വളരെ വിജയം.
മിനിട്ടുകള്‍ക്കകം അക്ഷരയിലും പരിസരത്തും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം പരന്നു.
കെട്ടമണം കട്ടകുത്തി താഴെ ശബ്ദമയമായ തട്ടുകടയിലെത്തിയ വിവരം പെട്ടന്നറിഞ്ഞു.

കോട്ടിലമ്പാഴങ്ങയുടെ ഓംലറ്റു തിന്നുകൊണ്ടിരുന്ന തെങ്ങുകയറ്റക്കാരന്‍ "ചാരു മകന്‍ ചോയി" യുടെ ഉച്ചത്തിലുള്ള ഒരു ഓക്കാനവും പിറകെ അവന്റെ തഴമ്പുള്ള കൈ കൊണ്ടു കോട്ടിലമ്പാഴങ്ങയുടെ തൂങ്ങിയ കീഴ്‌ത്താടിയില്‍ വാസിം അക്രത്തിന്റെ ബൗളിംഗ്‌ സ്പീഡില്‍ ഒരു അലക്കലും ഒപ്പം ഒരലറലും

"ചീഞ്ഞ മുട്ടോണ്ടടാ നായിന്റെ മോനെ ഓംലറ്റുണ്ടാക്കി വില്‍ക്കുന്നത്‌?
&%$#*%@! &%$#*%@!

ആ ഒറ്റ അലക്കലു കാരണം കോട്ടിലമ്പാഴങ്ങ നാലാഴ്ച്ച മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കിടന്നു.

ഒറ്റപൂശലേ നടത്തിയുള്ളൂ എന്നു ചോയി പറഞ്ഞതു കേസ്സു ചാര്‍ജുഷീറ്റെഴുതാന്‍ വന്ന ആ പോലീസുകാരനത്രക്കു വിശ്വാസം വന്നില്ല. മുഖത്തിന്റെ സ്ട്രക്ചര്‍ അത്രക്കും മാറിപ്പോയിരുന്നു.

പക്ഷെ ഡിസ്ചാര്‍ജു ചെയ്യുന്നതിന്നു മുമ്പെ, കീഴ്‌ത്താടിയിലെ ആ പുകഴ്‌പെറ്റ മുഴ ആ ഡോക്ടര്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി നീക്കി അവനെ സുന്ദരനാക്കി.
ഉര്‍വശി ശാപം ഉപകാരമെന്നു അവനും ഞങ്ങളും ഒരേസമയം പഠിച്ചു.

ബില്‍ഡിംഗ്‌ ഓണര്‍ക്കു കേസന്വേഷണവുമായി ബന്ധപ്പെട്ടു സാക്ഷിപറയാന്‍ രണ്ടുമൂന്നു പ്രാവശ്യം പോലീസുസ്റ്റേഷന്‍ വരെ പോകേണ്ടിവന്നപ്പോള്‍ അക്ഷരയുടെ താഴത്തെ ഷെഡ്‌ അദ്ദേഹം തന്നെ പൊളിച്ചു നീക്കി.

"കോട്ടിലമ്പാഴങ്ങ" ആളു പിന്നെ വളരെ ഡീസന്റായതിനാല്‍ ചീഞ്ഞമുട്ടയുടെ മണമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്‌ വ്യവസായിക അടിസ്ഥാനത്തില്‍ പിന്നെ ഞങ്ങളുടെ ലാബില്‍ ഉണ്ടാക്കേണ്ടി വന്നില്ല.

19 അഭിപ്രായ(ങ്ങള്‍):

  1. അനാഗതശ്മശ്രു പറഞ്ഞു...

    കോട്ടിലമ്പഴങ്ങാ നന്നായി മാഷെ...

  2. അനാഗതശ്മശ്രു പറഞ്ഞു...

    അമ്പഴങ്ങ കൊണ്ടു ഞാന്‍ തേങ്ങയടിച്ചത് ഇപ്പോഴാ അറിഞ്ഞതു

  3. Sapna Anu B.George പറഞ്ഞു...

    ഉഗ്രനായിട്ടുണ്ട് മാഷേ...............നല്ല ഒരു നീണ്ടവായനക്കായി നന്ദി.

  4. കരീം മാഷ്‌ പറഞ്ഞു...

    നല്ല മണം ചിലപ്പോള്‍ ഗതികേടു വിളിച്ചു വരുത്തും
    അതുപോലെ ചീത്തമണം ചിലപ്പോള്‍ അനുഗ്രഹം നല്‍കും
    “അക്ഷര” അവസാനിപ്പിച്ച അവസ്ഥയില്‍ അന്നത്തെ അനുഭവങ്ങള്‍ തുറന്നെഴുതാനുള്ള തടസ്സം നീങ്ങിക്കിട്ടി.
    രസകരമായ ഒരനുഭവം.
    ഇത്തിരി കൊഴുപ്പു ചേര്‍ത്തുകൊണ്ട് സമര്‍പ്പിക്കുന്നു.

  5. Jayasree Lakshmy Kumar പറഞ്ഞു...

    ഹ ഹ. രസകരമായ അനുഭവം

  6. യാരിദ്‌|~|Yarid പറഞ്ഞു...

    :)

  7. kichu / കിച്ചു പറഞ്ഞു...

    രസകരമായിട്ടുണ്ട് മാഷെ.

  8. siva // ശിവ പറഞ്ഞു...

    രസകരമായ സംഭവം....നന്നായി...

  9. Appu Adyakshari പറഞ്ഞു...

    മാഷേ, വളരെ രസകരമായ കുറിപ്പ്.

    ഒരു ഓട്ടോ:ഹൈഡ്രജന്‍ സള്‍ഫൈഡ് കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ നാട്ടിലെ ഒരു കോളജ് ലാബുകളും പ്രത്യേകിച്ച് പ്രിക്കോഷന്‍സ് ഒന്നും എടുക്കാറില്ലെങ്കിലും വിദേശങ്ങളില്‍ ഒന്നും അങ്ങനെയല്ല കേട്ടോ. വളരെ അപകടകാരിയായ ഗ്യാസാണിവന്‍.

  10. ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

    തന്ത്രം രസമായിരിയ്ക്കുന്നൂ മാഷേ...

    ‘പഠിതാക്കളില്‍’ രണ്ടുപക്ഷമുണ്ടായിരുന്നെങ്കില്‍... ഒരാള്‍ ‘ചുവപ്പ്‘ എന്നു പറഞ്ഞാല്‍, ‘പച്ച ‘ എന്നു പറയാന്‍ ഒരു എതിര്‍പക്ഷം ഉണ്ടായിരുന്നെങ്കില്‍, ഇതിലും രസമായേനേ അല്ലേ? ‍ ഒരുകൂട്ടര്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കുമ്പോല്‍ ഒരുകൂട്ടര്‍ക്ക് നൈട്രസ് ഓക്സൈഡ് ഉണ്ടാക്കാമായിരുന്നൂ ഹി ഹി ഹി :)

    അതാണു ‘രസതന്ത്രം'!

  11. കരീം മാഷ്‌ പറഞ്ഞു...

    ജ്യോതി ടീച്ചറെ നന്ദി.
    പ്രൈവറ്റ് ഓവര്‍ ഏജ്ഡ് ക്ലാസ്സുകള്‍ മിക്കതും നൈട്രസ് ഓക്സയിഡ്‌ (ചിരിപ്പിക്കുന്ന വാതകം) നിര്‍മ്മിക്കുന്ന പരീക്ഷണ ശാലകളായിരുന്നു.
    എന്നും ഒരു ചിരിബിന്ദുവുമില്ലാത്ത ദിവസം കടന്നു പോയിരുന്നില്ല.
    അവയെല്ലാം ഓര്‍ത്തെടുത്തെഴുതാനാണിയത്തെ ശ്രമം.

  12. കരീം മാഷ്‌ പറഞ്ഞു...

    അനാഗത ശ്മശ്രറു (എങ്ങനെയാ ഈ പേരൊന്നെഴുതുന്നത്! :)
    സ്വപ്ന.... :)
    ലക്ഷ്മി,.... :)
    യാരിദ്/,.... :)
    കിച്ചു,.... :)
    ശിവ,.... :)
    അപ്പു,.... :)
    വായനക്കും അഭിപ്രായത്തിനും നന്ദി.

    അപ്പൂ ഈ ഗ്യാസ് വളരെ അപകടം തന്നെയാണ്‌
    ചീഞ്ഞമുട്ടയുടെ മണവുമായിതിനുള്ള സാമ്യം അത്ഭുതം തന്നെയാണിപ്പോഴും.

  13. റീനി പറഞ്ഞു...

    കരീം മാഷെ, കോട്ടിലമ്പഴങ്ങയെ സ്വാശ്രിതനാവാന്‍ അനുവദിച്ചില്ലെങ്കിലെന്താ അവന്‍ സുന്ദരനായില്ലേ?

  14. Arun Jose Francis പറഞ്ഞു...

    athu kalakkeetto mashe... nalla rasamayittu ezhuthiyirikkunnu....

  15. ഉഷശ്രീ (കിലുക്കാംപെട്ടി) പറഞ്ഞു...

    ചിരിച്ച് ചിരിച്ച് വയ്യാണ്ടായി.എന്താ ഒരു കമന്റ് പറയുക മാഷേ ഇപ്പോള്‍. ഉഗ്രന്‍ . അത്ര തന്നെ.

  16. മുസാഫിര്‍ പറഞ്ഞു...

    നിശാക്ലാസുകളെക്കുറിച്ചുള്ള വിവരണവും കോട്ടിലമ്പഴങ്ങയുടെ പേഴ്സണാലിറ്റിയും അസ്സലായിരിക്കുന്നു.മാഷെ.

  17. Unknown പറഞ്ഞു...

    കോട്ടിലമ്പഴങ്ങാ....
    കൊള്ളാലോ മാഷേ ഈ അമ്പഴങ്ങ..

  18. Junaid പറഞ്ഞു...

    mashinte mikka kadapathrangaleyum thiricharaiyaan kazhiyunnu..
    Njaanum IRUMBUZHI karananee...

    Puthiyathu vayikkaaam

  19. C.K.Samad പറഞ്ഞു...

    കൊട്സിന്റെ ഒമ്ലെറ്റ് വണ്ടിയില്‍ പഴയ കുപ്പി, പാത്രങ്ങള്‍, തുടങ്ങിയവയും എടുക്കാറുണ്ടായിരുന്നു മാഷേ......