ഇല്ലായ്മയിലേക്ക് ഇത്തിരി ഈത്തപ്പഴം

നോമ്പുകാലം വന്നാല്‍ അതൃപ്പത്തോടെ കോഴിക്കോടു ചന്തയില്‍ നിന്ന് കാരക്ക വാങ്ങി കൊണ്ടു വരുന്നതു വല്ല്യുപ്പ.
അതൊരു മാസത്തേക്ക് വീട്ടംഗങ്ങള്‍ക്കെല്ലാം എല്ലാ നോമ്പിനും നോമ്പുതുറക്കു തൊട്ടു മുമ്പേ തലയെണ്ണി വീതം വെക്കുന്നതു വല്ല്യുമ്മ.
പരാതിക്കിടയാക്കാതെ അതു തുല്യമായി പങ്കിടുമ്പോള്‍ കിട്ടുന്നതൊരാള്‍ക്ക് ഒരു തുണ്ട്.
ആ കാരക്കാത്തുണ്ടും കീശയിലിട്ട് മഗ്‌രിബ് ബാങ്കു കൊടുക്കാന്‍ മാനം ചോക്കുന്നതും കാത്ത്, ഏലം കുളത്തുകാരുടെ ഒറവു കണ്ടത്തിന്റെ നടുക്കുള്ള കരിമ്പാറയില്‍ ഞങ്ങള്‍ കുട്ടികള്‍ മലര്‍ന്നു കിടക്കും.
മാനത്തൊഴുകുന്ന മേഘക്കീറുകളില്‍ ഇഷ്ടരൂപങ്ങള്‍ സങ്കല്‍പ്പിച്ച്, ആ രൂപത്തിലേറി സങ്കല്‍പ്പസവാരി നടത്തി പരസ്പ്പരം മത്സരിക്കാറുണ്ടായിരുന്ന ബാല്യകാലം.
ചക്കിലാട്ടിയ പരിശുദ്ധമായ വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത പുഴവാള മീനിന്റെ നടുക്കഷ്ണം കൂട്ടിയുള്ള അത്താഴമുണ്ടുള്ള റംസാന്‍ നോമ്പെടുക്കല്‍.
എല്ലാം ഇന്നലത്തെപ്പോലെ തോന്നുന്നു.
ഇപ്പോഴും കാരക്കയുടെ പുറന്തൊലി കാണുമ്പോള്‍ വല്ല്യുപ്പാന്റെ വാര്‍ദ്ധക്യം ബാധിച്ച ചുളിഞ്ഞ വിരലുകള്‍ ഓര്‍മ്മ വരും. മടിയില്‍ ചേര്‍ത്തു നിര്‍ത്തി മേലാസകലം സ്നേഹത്തോടെ ഒഴുകി നീങ്ങുന്ന ശുഷ്ക്കിച്ച വിറയാര്‍ന്ന വിരലുകള്‍. ബാല്യകാല വികൃതിയുടെ ബാക്കിപത്രമായി ഞങ്ങള്‍ കുട്ടികളുടെ മൃദുലമേനിയില്‍ പുതുതായി രൂപം കൊണ്ട മുറിപ്പാടുകള്‍ തലോടി കണ്ടുപിടച്ചു, അവിടെ വിരലുകളുടെ ചലനം ഇത്തിരി നേരം നിര്‍ത്തി, വല്ല്യുപ്പ ആരും കേള്‍ക്കാതെ കാതില്‍ ചോദിക്കും
"ഇന്നാരുമായിട്ടാ സ്ക്കൂളില്‍ അടിപിടി ഉണ്ടാക്കിയത്?".
കള്ളം പറയാന്‍ പഠിച്ചു തുടങ്ങിയിട്ടില്ലാത്ത അന്നു ഉത്തരത്തിനു പകരം മുഖം കനപ്പിച്ചു മൗനം പാലിക്കുമ്പോള്‍ പിന്നെ സാന്ദ്വന വാക്കായി.
"അല്ലെങ്കില്‍ പിന്നെ ഈ മുറിപ്പാടെങ്ങനെയാ ഉണ്ടായത്?".
ഒന്നും ഒളിക്കാന്‍ പറ്റില്ലായിരുന്നു. എങ്കിലും ആ തലോടലില്‍ വല്ലാത്തൊരു ആശ്വാസമായിരുന്നു ഒരു സുരക്ഷിതത്വം തോന്നിയിരുന്നു.. നമ്മെ സ്നേഹിക്കുന്നവരുടെ തലോടല്‍. വല്ലാത്തൊരനുഭൂതി തന്നെ.
കാരക്കയുടെ കൊതിക്കെറുവില്‍ വല്ല്യുമ്മാനെ പറ്റി പരാതി പറയുമ്പോള്‍, തൊടിയില്‍ നില്‍ക്കുന്ന പന ചൂണ്ടി വല്ല്യുപ്പ പറയും.
"അറബ് നാട്ടില്‍ ഇതുപോലെ ഒരുപാടു ഈത്തപ്പനയുണ്ട്, അതിന്‍ മേല്‍ ഒക്കെ ഒരുപാടു കുലകളുണ്ട്. ആ കുലകളിലെ ഈത്തപ്പഴം വെറുതെ പഴുത്തു ചാടിപ്പോവുകയാണ്. വലിയൊരു ചാക്കുമായിപ്പോയാല്‍ അതൊക്കെ പെറുക്കി കൊണ്ടു വരാം. വല്ല്യ ആളായിട്ട് നീ പോയി ഒരുപാടു പെറുക്കി കൊണ്ടു വരണം".
ചാക്കുമായി പനങ്കുരു പെറുക്കാന്‍ വരുന്ന കാക്കകുറവന്‍മാരെയാണ് അന്നേരം ഓര്‍മ്മ വന്നത്.
"അറബ് നാട്ട്ക്ക് പോകാന്‍ എന്നോസി വേണത്രേ! "സായിബാജിന്റെ മോന് എന്നോസിയുണ്ട്". കുമാരേട്ടന്റെ ഉണ്ണിയാണ് പുതിയ വിവരം തന്നത്.
ഫൈഫോര്‍ത്രി സെറ്റും വീശി പരിവാരങ്ങളുമൊത്ത് അങ്ങാടിയിലേക്കു പോകുകയായിരുന്ന സായാബാജിന്റെ മോനോട്
"എനിക്കാ എന്നോസി തരോ?" എന്നു ചോദിച്ചത് ഞാനാണ്.
ഉണ്ണിയും മറ്റു കൂട്ടുകാരും എന്റെ പിറകിലു നിന്നതേയുള്ളൂ.
ഗള്‍ഫുകാരന്റെ കൂടെ അന്നു സുലഭമായിരുന്ന പരാദ-പരിവാരങ്ങളുടെ കൂട്ടച്ചിരിയായിരുന്നു മറുപടി. ഞാന്‍ അപമാനിതനായെങ്കിലും അയാള്‍ എന്റെ മുഖത്തെ നിഷ്കളങ്കത തിരിച്ചറിഞ്ഞു കണ്ടു ചോദിച്ചു
"എന്തിനാപ്പോ നിനക്കു എന്നോസി?".
"അറബ് നാട്ട്ന്ന് കാരക്ക ചാക്കില്‍ കെട്ടി കൊണ്ടു വരാനാ".
"എന്നോസി കിട്ടണമെങ്കില്‍ നീ വലുതാവണം മാത്രമല്ല പഠിത്തവും ആരോഗ്യവും ഉണ്ടങ്കില്‍ കാരക്കയും കാശും പിന്നെ ഒരുപാടു പൊന്നും കിട്ടും. അതിന്ന് നല്ലോണം പഠിക്കാ ഇപ്പോ വേണ്ടത്. അയാള്‍ പുറത്തു തലോടിക്കൊണ്ടു പറഞ്ഞു".
അപ്പോള്‍ അറബ് നാട്ടില്‍ ധാരാളം കാരക്കയുണ്ട് ശരി തന്നെ.
വല്ല്യുപ്പ പറയുന്നത് എനിക്കു വിശ്വാസമാണ്. കാരണം വല്ല്യുപ്പ നുണപറയുന്നത് ഇതുവരെ കേട്ടിട്ടില്ല. എന്നാല്‍ എന്റെ ഉപ്പ, ഉമ്മാനെ കൊണ്ട് നുണ പറയിക്കുന്നത് ഒരുപാടു കേട്ടിട്ടുണ്ട്. ചന്തക്കച്ചവടം കഴിഞ്ഞു വരുന്ന ഉപ്പ പത്തായമിട്ട മുറിയിലിരുന്ന് കുന്നു പോലെ കൂട്ടിയിട്ട നോട്ടുകള്‍ എണ്ണി പെട്ടിയില്‍ അടുക്കി വെക്കുമ്പോള്‍ മലയത്തെ ഉഷാനന്ദിനിയുടെ അച്ഛന്‍ പടികടന്നു വരുന്നതു കാശു കടം വാങ്ങിക്കാനണെന്നു ഊഹിച്ചറിയുന്ന ഉപ്പ കള്ളക്കണ്ണിറുക്കി ഉമ്മാനോടു പറയും
"ഞാനിവിടെ ഇല്ല റോഡിലേക്കു പോയി" എന്നു പറയാന്‍.
വാതില്‍ക്കല്‍ ഉമ്മാന്റെ മുഖമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ നല്ലവളായ ചെറീമെയ്ക്കു നുണപറയാന്‍ ഇടയുണ്ടാക്കാതെ ഉഷാനന്ദിനിയുടെ അച്ഛന്‍ തിരിച്ച് നടന്നിട്ടുണ്ടാവും.
എന്നാല്‍ വല്ല്യുപ്പയാണെങ്കില്‍ റേഷന്‍ വാങ്ങാന്‍ വെച്ച പൈസയാണെങ്കിലും എടുത്തു കൊടുക്കും, അതോണ്ടു തന്നെയാണ് വല്ല്യുപ്പ ഹജ്ജിനു പോയി വന്നപ്പോള്‍ കൊണ്ടു വന്ന മദീനത്തെ കാരക്ക പോലും ഞങ്ങള്‍ക്കു കൊതി തീരെ കിട്ടാതിരുന്നത്. "കണ്ട കാഫിരീറ്റങ്ങളെയൊക്കെ കാരക്ക തീറ്റാനാണോ നിങ്ങള്‍ ഹജ്ജിന് പോയത്" എന്നു പറഞ്ഞ് അന്ന് ഉപ്പ ഒരുപാടു വഴക്കുണ്ടാക്കി.
തലമുറകള്‍ പിന്നിടുമ്പോള്‍ നുണകളുടെ ഉപയോഗവും കൂടുന്നു എന്നു ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എല്ലാ ആധുനീക ഉപകരണങ്ങളും നുണപറയാനുംകൂടിയുള്ള ഉപകരണങ്ങളാകുന്നു.
നുണ പറയാത്ത ഒരു ദിവസത്തിനു വാതുവെച്ചപ്പോള്‍ "ഒരു ദിവസത്തെ ലീവും ഒരു ഉറക്കു ഗുളികയും തരാമോ?" എന്നു ചോദിച്ചത് ഇപ്രാവശ്യവും ഹജ്ജും ഉംറയും ചെയ്തു വന്ന ഞങ്ങളുടെ മാര്‍ക്കറ്റിംഗ് മാനേജര്‍ കാസിം ഇല്ല്യാസി.
മൂന്നു ദിവസത്തെ ചെക്കു കളക്ഷന്‍ രണ്ടു ദിവസം കൊണ്ട് തീര്‍ത്ത് അനിയന്റെ കല്ല്യാണ സീഡിയുടെ കന്നിക്കാഴ്ചക്കായി കുടുംബത്തോടപ്പം ഇരിക്കവേ അപ്രതീക്ഷിതമായി വന്ന ബോസിന്റെ കാളിന്ന് ഉത്തരം നല്‍കാന്‍ ടി.വി.ഓഫാക്കി മോന്റെ വായ്പൊത്താന്‍ ഭാര്യക്കു നിര്‍ദ്ദേശം കൊടുത്ത് ഏ.സി.യുടെ ശബ്ദത്തിനടുത്തേക്കു നീങ്ങി നിന്ന് "സര്‍ നൗ ഐ ഏം ഡ്രൈവിംഗ് ത്രൂ ദ ബിസി വേ റ്റു മാര്‍ക്കറ്റ്, ഐ വില്‍ കാള്‍ യു ലേറ്റര്‍" എന്നുത്തരം കൊടുത്ത് മൊബെയില്‍ ഓഫ് ചെയ്തപ്പോള്‍, ഉമ്മിയുടെ വിരലുകളില്‍ നിന്ന് കുതറി മുക്തനായ മോന്‍ ഓര്‍മ്മിപ്പിച്ചിരുന്നു.
"പപ്പാ എഗൈന്‍ യൂ ആര്‍ ടെല്ലിംഗ് ലൈസ്".
ഫാമിലി നാട്ടില്‍ പോയതിനു ശേഷം ഒരു ദിവസം എത്ര കള്ളം പറയുന്നുവെന്ന് ഓര്‍മ്മപ്പെടുത്താനും ആരുമില്ല.

തുടുത്തു മാംസളമായ ഈത്തപ്പഴം പൂര്‍ണ്ണ പഴുപ്പെത്തുന്നതിന്നു മുമ്പേ പറിച്ച് ഉണക്കിയെടുത്താണ് കാരക്കയുണ്ടാക്കുന്നത്. കാരക്കയാക്കിയാല്‍ ഏറെക്കാലം കേടുവരാതിരിക്കും. വില്ലയുടെ മൂന്നു ഭാഗത്തും ഈത്തപ്പനകള്‍ ഉണ്ട്. ഞങ്ങളുടെ വില്ലയുടെ ഉടമ അറബി സ്നേഹിച്ചു വളര്‍ത്തുന്നവ, എല്ലാ കൊല്ലവും അയാള്‍ തന്നെ ഈത്തപ്പഴം പറിച്ച് പാത്രത്തിലാക്കി തരും. ഇപ്രാവശ്യം അയാള്‍ പറ്റെ കിടപ്പിലാണെന്ന് അയാളുടെ ആടുകളേയും ഒട്ടകങ്ങളേയും നോക്കുന്ന ബംഗാളിപ്പയ്യന്‍ പറഞ്ഞു. നിങ്ങള്‍ക്കാവശ്യമുള്ളത് പറിച്ചെടുക്കാന്‍ അറബാബ് പറഞ്ഞിട്ടുണ്ടെന്ന് അവന്‍ ബംഗ്ല കലര്‍ന്ന ഉര്‍ദുവില്‍ പറഞ്ഞു.
ഞാനിതു വരെ മരത്തില്‍ നിന്നു ഈത്തപ്പഴം പറിച്ചിട്ടില്ല. വെള്ളിയാഴ്ചായാവട്ടെ കുറച്ചു പറിച്ചെടുത്ത് കാരക്കയുണ്ടാക്കണം. നാട്ടില്‍ പോകുമ്പോള്‍ കൊണ്ടു പോകാം.
വെള്ളിയാഴ്ച നേരത്തെ എണീറ്റിട്ടും അലക്കലും വീടു വ്യത്തിയാക്കലും ഭക്ഷണമുണ്ടാക്കലും കഴിഞ്ഞപ്പോള്‍ നേരം ഉച്ചയായി. ഒരു പാത്രമെടുത്ത് ഈത്തപ്പനമരത്തിന്റെ ചുവട്ടിലെത്തി. അധികം പഴുക്കാത്ത കുല മുഴുവനായി വെട്ടിയെടുക്കുന്നതാവും ഓരോന്ന് പൊട്ടിച്ചെടുക്കുന്നതിനെക്കാള്‍ നല്ലതെന്ന് തോന്നിയപ്പോള്‍ കത്തിയെടുത്ത് കുല ഈര്‍ന്നു മുറിക്കവേ ഈത്തപ്പനയുടെ ഒരു കൂര്‍ത്ത മുള്ള് കൈതണ്ടയിലെ മണികണ്ഠത്തിനടുത്തുള്ള ധമനിയിയില്‍ തുളച്ചു കയറി. “എന്റ്റുമ്മാ“ എന്ന് വിളിച്ച് കൈ വലിച്ചെടുത്തപ്പോള്‍ ഞെരമ്പില്‍ നിന്ന് പൂക്കുറ്റി ചീറ്റുന്ന പോലെ ചോര. നട്ടുച്ച നേരമാണ്. നിമിഷ നേരം കൊണ്ട് കൈത്തണ്ട വല്ലാതെ വീങ്ങിത്തടിച്ചു. നൈരാശ്യം ബാധിച്ചവര്‍ ആത്മഹത്യ ചെയ്യാന്‍ മുറിക്കുന്ന ഞെരമ്പിലാണ് ഈത്തപ്പനമുള്ള് തുളച്ചു കേറിയിരിക്കുന്നത്. കടച്ചിലുകൊണ്ടുള്ള വേദന സഹിക്കാന്‍ കഴിയുന്നില്ല. മറ്റേ കൈകൊണ്ട് ചോര വരുന്നിടം അമര്‍ത്തിപ്പിടിച്ച് അടുക്കളയിലേക്കോടി. ഫ്രിഡ്ജ് തുറന്നു. ഫ്രീസറില്‍ നിന്ന് ഐസെടുത്ത് മുറിവില്‍ വെച്ചു. ധൃതിയില്‍ മൊബെയിലെടുത്ത് അജ്മാനിലെ മച്ചുനനോട് അഞ്ചു മിനിറ്റു കഴിഞ്ഞിട്ടൊന്നു തിരിച്ചു വിളിക്കാനും ഞാന്‍ ടെലഫോണ്‍ എടുക്കുന്നില്ലങ്കില്‍ എന്റെ അടുത്തേക്ക് അര്‍ജന്റായി വരണമെന്നും പറഞ്ഞു. ഞാനൊറ്റക്കാണ് താമസമെന്നും അടുത്തൊന്നും മറ്റൊരു വില്ലയില്ലന്നും അവനറിയാം. ചോര കണ്ടാല്‍ എനിക്ക് ബോധക്കേടുണ്ടാവും. മുമ്പു പലവട്ടം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒരു കോഴിയെപ്പോലും കത്തിവെക്കാന്‍ പിടിച്ച് കൊടുത്തിട്ടില്ല.
അന്നേരം തെക്കുമ്മുറി പള്ളിപ്പറമ്പില്, ചെറൂതൊടൂക്കാരെ അതിരില്, ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വല്ല്യുപ്പാനെ ഓര്‍ത്തു. കുടുങ്ങുമ്പോള്‍ വല്ല്യുപ്പ നെഞ്ചത്ത് കൈവെച്ച് മനസ്സില്‍ തട്ടി വിളിക്കുന്ന പ്രാര്‍ത്ഥന അപ്പോള്‍ ഓര്‍മ്മ വന്നു. "ഖോജരാജാവായ പടച്ച തമ്പുരാനെ കാക്കണേ".
പടച്ചവന്‍ കാത്തു. ചോരയൊലിപ്പു നിന്നു. ബോധം പോയില്ല. അതിനാല്‍ അഞ്ചു മിനിറ്റിനു മുമ്പെ മച്ചുനനെ വിളിച്ചു പറഞ്ഞു. "കുഴപ്പിമില്ല വരണമെന്നില്ല". പക്ഷെ കടച്ചില്‍ നീണ്ടു നിന്നു.
പല ദിവസങ്ങള്‍ മെനക്കെട്ടിട്ടാണ് ഈത്തപ്പഴം ഉണക്കി കാരക്കയാക്കിയത്. നാട്ടിലേക്കു തിരിക്കുമ്പോള്‍ ലഗേജിന്റെ മുഖ്യഭാഗവും ഇതായിരുന്നു. അപ്പോഴും കൈയ്യിന്റെ കടച്ചില്‍ മാറിയിട്ടില്ല.
നാട്ടില്‍ ചെന്ന് പെട്ടി തുറന്ന് കാരക്ക പുറത്തെടുത്തപ്പോള്‍ ഭാര്യയുടേയും മക്കളുടെയും മുഖമിരുണ്ടു. അവര്‍ വേറെ എന്തൊക്കെയോ കാത്തിരിക്കുകയായിരുന്നു.
"പപ്പാ വാട്ട് ഈസ് ദിസ്?.ഇതിനൊക്കാള്‍ നല്ലത് ഇപ്പോള്‍ ഇവിടെ കിട്ടും".
സിംഹത്തിന്റെ ചിത്രമുള്ള ഒരു പാക്കറ്റ് ഫ്രിഡ്ജില്‍ നിന്ന് പുറത്തേക്കെടുത്ത് കാണിച്ച് അവളു പറഞ്ഞു.
"ജസ്റ്റ് ഒന്ന് ടെലഫോണ്‍ ചെയത് പറഞ്ഞാല്‍ ഡേറ്റ്സിന്റെ എല്ലാ വറൈറ്റിയും, ഈവണ്‍ ഡേറ്റ് സിറപ്പു വരെ ഇവിടെ ഹോം ഡെലിവറി കിട്ടും, ഇതാണോ പപ്പ വലിയ കാര്യമായി ലഗേജു കൊടുത്തു കൊണ്ടു വന്നത്?".
"ഐ വാസ് എക്സപെക്ടിംഗ് എ ലാപ്ടോപ്പ്"
മോളു മാത്രം ഉള്ളിലുള്ളതു തുറന്നു പറഞ്ഞു. ബാക്കിയുള്ളവര്‍ മുഖം വീര്‍പ്പിച്ചു സ്ഥലം വിട്ടു.
ഈ ഒരു നിമിഷത്തിനുവേണ്ടിയാണോ ഞാന്‍ നീണ്ട ഒരുവര്‍ഷം കാത്തിരുന്നത്?.മനസ്സു വല്ലാതെ നൊന്തു.വന്ന ഉടനെ തന്നെ പെട്ടി തുറക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു.
പ്രവാസിയുടെ പെട്ടി തുറക്കുന്നതു വരേ മാത്രമേ അയാള്‍ക്കു സ്‌നേഹവും സന്തോഷവും സമാധാനവും ഉള്ളൂ എന്നു എല്ലാരും ലീവു കഴിഞ്ഞു തിരിച്ചെത്തിയാല്‍ പറയാറുണ്ട്.
എല്ലാ പ്രവാസിയും അതൃപ്പത്തോടെ സ്വന്തം നാട്ടിനും കുടുംബത്തിനും കൊണ്ടുവരുന്ന ഓരോ ഈത്തപ്പഴത്തിനും പിന്നില്‍ ജീവിതിനും മരണത്തിനുമിടയിലെ ധമനിയെ തുളക്കുന്ന കടച്ചിലുളവാക്കുന്ന മുള്ളുകള്‍ ഉണ്ടന്നിവര്‍ക്കറിയില്ലല്ലോ!
മിനുക്കിയ മാര്‍ബിളും ഗ്രാനേറ്റും കൊണ്ട് ചന്തം വരുത്തിയ കിടപ്പറയില്‍,
തേക്കിന്റെ കാതലില്‍ കടഞ്ഞെടുത്ത കട്ടിലില്‍,
പട്ടുപോലെ മൃദുലമായ മെത്തയില്‍,
ഉറക്കം വരാതെ കിടന്നപ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു.
"വല്ല്യുപ്പാ ആ തുണ്ടു കാരക്കയുടെ മാധുര്യമില്ല ഒന്നിനും,
ഏലംകുളത്തുകാരുടെ വെള്ളം നിറഞ്ഞു നില്‍ക്കുന്ന ഉറവു കണ്ടത്തിന്റെ നടുക്കുള്ള കരിമ്പാറയുടെ മൃദുലതയില്ല ഒരു പട്ടു മെത്തക്കും.
മാനത്തു പാറി നടന്നിടുന്ന ആ അപ്പൂപ്പന്‍ താടികളെ നിരീക്ഷിച്ചിരുന്നന്നത്തെ ബാല്യ കൗതുകമില്ലിപ്പോളിവിടെ എയര്‍ ഷോക്, വിമാനങ്ങള്‍ തലകുത്തിമറിഞ്ഞഭ്യാസം കാട്ടുന്നതു കാണുമ്പോള്‍.,
ആകാശ വിതാനത്തിലൊഴുകി നീങ്ങുന്ന മേഘവാഹനങ്ങളിലെ സഞ്ചാരത്തിന്റെ സുരക്ഷിതത്വവും സുഖവുമില്ലൊരു ജറ്റിലേയും എയര്‍ ബസ്സിലെയും വിമാനയാത്രക്കും...!
ഖോജരാജാവായ പടച്ച തമ്പുരാനെ ഞങ്ങളെ കാക്കണേ!.