സ്‌നേഹത്തോട്ടത്തില്‍ വിരിയുന്ന മായപ്പൂക്കള്‍.

പ്രവാസ ജീവിതം മതിയാക്കി കുടിയൊഴിഞ്ഞു പോകുന്ന ഭാര്യയും കുട്ടികളും ഗള്‍ഫിലെ അവരുടെ അവസാനത്തെ പര്‍ച്ചേസും നടത്തി മനസില്ലാമനസോടെ ദുബൈ എയര്‍പോര്‍ട്ടിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പുറത്തേക്കു പോയിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ മനോജിനെ കണ്ടത്. ബീവറേജ് സെക്ഷനില്‍, നാട്ടിലേക്കു കൊണ്ടുപോകാനുള്ള മദ്യം തെരഞ്ഞെടുക്കുകയായിരുന്നു അവന്‍. എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു
"സുഹൃത്തേ ഞാനും നിങ്ങള്‍ പോകുന്ന ഫ്ലൈറ്റില്‍ കോഴിക്കോട്ടേക്ക് തന്നെ".
"നീ എന്നെ ഒന്നു സഹായിക്കണം. എനിക്കു മുന്നു കുപ്പി ജോണിവാക്കര്‍ ബ്ലാക്ക് നാട്ടില്‍ കൊണ്ടു പോകണം. പക്ഷെ രണ്ടണ്ണമേ അനുവദിക്കൂ. ഒന്നു നിന്റെ ക്യാരിബാഗിലിടാം, കസ്‌റ്റംസ് ക്ലിയര്‍ ചെയ്തിട്ട് എനിക്കു തിരിച്ചു തന്നാല്‍ മതി".
ഇത്തിരി മന:പ്രയാസത്തോടെയാണെങ്കിലും അഭ്യര്‍ത്ഥന സ്വീകരിക്കേണ്ടിവന്നു. കാരണം മിഡില്‍ ഈസ്‌റ്റ് ബാങ്കില്‍ നിന്ന് വഴി വിട്ട സഹായങ്ങള്‍ അവന്‍ മനസുവെച്ചാലെ നടക്കൂ.
ക്യാരിബാഗില്‍ ചെരിച്ചു കിടത്തിയ അവന്റെ ജോണിയെ എന്റെ ഭാര്യയുടെ കാഴ്‌ച്ചവെട്ടത്തു പെടുത്തല്ലേന്നു ദൈവത്തോടു മനമുരുകി പ്രാര്‍ത്ഥിച്ചു. അവളു കണ്ടാല്‍ പിന്നെ മാനഹാനിയും കുടുംബകലഹവും അസ്വസ്ഥഭരിതമായ ഒരവധിക്കാലവും ഉറപ്പ്.
സ്വപ്‌നങ്ങള്‍ ഒരുപാടു നെയ്തു കാത്തിരുന്നെനിക്കു കിട്ടിയ അവധിക്കാലത്ത് ഒരു കുപ്പി ജോണിവാക്കര്‍ എന്നിലുണ്ടാക്കാനിടയുള്ള അസ്വസ്‌ത്ഥതയെ മുന്‍കൂട്ടി അറിയാന്‍ എന്റെ ആറാമിന്ദ്രിയത്തിനു ശക്തിയുണ്ടായിരുന്നങ്കില്‍ ആ കളറുള്ള കുപ്പിയിലെ ചവര്‍പ്പുള്ള ദ്രാവകം ഞാന്‍ വിമാനത്തിന്റെ ടോയ്‌ലറ്റിലൂടെ ഫ്ലഷ്‌ഔട്ട് ചെയ്തു കളയുമായിരുന്നു.
ഇപ്രാവശ്യം കസ്‌റ്റംസ് ക്ലിയറന്‍സ് വളരെ ലളിതമായിരുന്നു. ബാഗുകളൊന്നും തുറക്കേണ്ടി വന്നില്ല. ചെക്കിംങ്ങ് കഴിഞ്ഞു പുറത്തു കടക്കുമ്പോള്‍ വെളുത്ത യൂണിഫോമിട്ട കറുത്തു മെലിഞ്ഞ ഓഫീസര്‍ ദയനീയ ഭാവത്തോടെ പറഞ്ഞു. "സാറെ ഞങ്ങള്‍ക്കുമെന്തെങ്കിലും തന്നേച്ചു പോണെ?". റിസര്‍വ്വേഷനിലൂടെ കിട്ടിയ നിയമനമാണെന്നും പണ്ടത്തെപ്പോലെ പ്രവാസിയെ പീഡിപ്പിച്ച് പണം പിടുങ്ങുന്ന വര്‍ഗത്തില്‍ പെട്ടവനല്ല ഇവനെന്നും തോന്നിയപ്പോള്‍ പാസ്‌പോര്‍ട്ടിനകത്ത് നൂറു ദിര്‍ഹം നോട്ടു വെച്ചു കൊടുത്തു. അപ്പോള്‍ വളരെ സന്തോഷത്തോടെ ട്രോളി തള്ളി ഗേറ്റിന് പുറത്തു വരെ വന്നു.
പെട്ടന്നാണ് എനിക്കു എന്റെ ബാഗിലിരിക്കുന്ന ജോണിയെക്കുറിച്ചോര്‍മ്മ വന്നത്. മനോജിനെ തെരക്കി ഞാന്‍ നെട്ടോട്ടമോടിയപ്പോള്‍ കാര്യമറിയാത്ത ഭാര്യ കയര്‍ത്തു. "വാ പോകാം, എല്ലാരും പുറത്തു കാത്തു നില്‍ക്കുന്നു".
മനോജിനെ മനസാ-ശപിച്ച് പുറത്തിറങ്ങിയപ്പോള്‍ കണ്ടു, എന്നെ കുപ്പി ഏല്‍പ്പിച്ച കാര്യം മറന്ന് അവന്റെ വീട്ടില്‍ നിന്നും വന്ന കാറില്‍ കയറി സ്‌ഥലം വിടുന്നു.
ഞങ്ങള്‍ക്കു പോകാന്‍ അനിയന്റെ സുഹൃത്തിന്റെ ഒരു ടാറ്റാ സുമോയാണ് കൊണ്ട് വന്നിരിക്കുന്നത്. എന്നെ ഇമ്പ്രസ് ചെയ്ത് അതുപോലൊന്ന് വാങ്ങാന്‍ മണിയടിച്ച് നടക്കുകയാണ് അനിയന്‍മാര്‍. എന്നാല്‍ മുമ്പത്തെ മഹീന്ദ്ര നല്‍കിയ സാമ്പത്തിക ബാധ്യത പെട്ടന്ന് മറക്കാന്‍ പറ്റാത്തതിനാല്‍ സുമോയൊന്നും എന്നില്‍ യാതൊരു ചലനവും ഉണ്ടാക്കിയില്ല. പ്രത്യേകിച്ച് ഈ സന്ദര്‍ഭത്തില്‍. അതവര്‍ക്കു മനസിലാവില്ലല്ലോ.
ജീപ്പിലിരുന്ന പലരും ഓരോന്നു ചോദിക്കുന്നുണ്ട്. ഒന്നിനും ചിന്തിച്ചല്ല ഞാന്‍ മറുപടി പറയുന്നതെന്നറിയാം. ഇയാള്‍ക്കിതെന്തു പറ്റി എന്ന രൂപത്തില്‍ ഭാര്യ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. കള്ളം മറച്ചുവെക്കാന്‍ ഞാന്‍ തലവേദന ഭാവിച്ചു. അവള്‍ കലപിലാന്ന് എല്ലവര്‍ക്കും മറുപടി കൊടുത്തോണ്ടിരുന്നു. ക്യാരിബാഗില്‍ നിന്ന് എന്തെങ്കിലും അത്യാവശ്യമായി അവള്‍ക്കെടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കുഴഞ്ഞതു തന്നെ. അതേക്കുറിച്ചു തന്നെ ചിന്തിച്ചപ്പോള്‍ ശരിക്കും തലവേദന വന്നു.
ഏറനാട്ടിലെ ഒരു പുരാതന യാഥാസ്തിക മാപ്പിളത്തറവാട്ടിലേക്കാണ് ഒരു കള്ളുകുപ്പിയുമായി കടന്നു ചെല്ലുന്നതെന്നോര്‍ത്തപ്പോള്‍ ഉള്ളൊന്നു കാളി.
ഷാര്‍ജയില്‍ നിന്നു ഉമ്മുല്‍ ഖുവൈനിലെ ബ്രാഞ്ച് ഓഫീസിലേക്കു മാറ്റമാണെന്നെഴുതിയ അന്നാണ് ഉപ്പ "എന്നാല്‍ സാബിറയും അവന്റെ കൂടെ നില്‍ക്കട്ടെ" എന്നു പറഞ്ഞ് എന്റെ കെട്ട്യോളെ ചാരപ്പണിക്കായി ഇങ്ങോട്ടയച്ചത്. അതുവരെ ഉമ്മാനെ നോക്കാനാളുണ്ടാവില്ലന്നു പറഞ്ഞു എന്നെ നിരാശനാക്കിയതായിരുന്നു. ആളില്ലന്നൊക്കെ വെറുതെ പറയുന്നതാണ്. വീട്ടിലെയും തറവാട്ടിലെയും മുതിര്‍ന്ന പെണ്ണുങ്ങള്‍ മാത്രം പരസ്‌പര സഹായ പേന്‍പിടുത്തത്തിനു ഇരിക്കുമ്പോള്‍, അടുക്കളപ്പടി തൊട്ടു കോലായ കഴിഞ്ഞു മുറ്റത്തേക്കു നീളുന്ന നിര കണ്ടാല്‍ പരശൂരാം എക്‌സ്‌പ്രസ്സ് വഴിതെറ്റി വന്നതാണെന്നു തോന്നും.
എന്നിട്ടാത്രേ! ഉമ്മാനെ നോക്കാന്‍ ആളില്ലാതായത്?.
പക്ഷെ ഉപ്പാക്കു ഉമ്മുല്‍ ഖുവൈനിനെ കുറിച്ചു ഒന്നുമറിയില്ലങ്കിലും ഇവിടെ മദ്യം ഇഷ്‌ടം പോലെ കിട്ടും എന്നുമാത്രം അറിയാവുന്നതിനാല്‍ "ഉമ്മാനെ നോക്കിയില്ലങ്കിലും വേണ്ട അന്റെ പുത്യാപ്ലനെ നോക്ക്? "എന്ന് പറഞ്ഞ് അടുത്ത വിമാനത്തിന് പെണ്ണിനെ ഇങ്ങു പറഞ്ഞു വിട്ടത്.
നാട്ടിന്നു വന്ന ഒരുമാസം കെട്ട്യോള്‍ക്ക്, കിട്ടിയ കുപ്പികള്‍ മണത്തു നോക്കലു തന്നെയായിരുന്നു മുഖ്യ ജോലി.
വിംറ്റോയുടെ കുപ്പിയില്‍ ഇത്തിരി ടിന്നര്‍ ഒഴിച്ചു വെച്ചിരുന്നതു മണത്തപ്പോള്‍ മൂക്കിലേക്കു തുളച്ചു കേറിയ വായു ആലീസിനെ കൊണ്ടു അഫ്‌ഡവിറ്റുകൊടുക്കുന്നതുവരെ അവള്‍ പുറത്തേക്കു വിട്ടില്ല.
ആറു വര്‍ഷം കൂടെ നിന്നു C.B.Iകാരെക്കടത്തിവെട്ടിയ നിരീക്ഷണം നടത്തി, നാല്ലൊരു സര്‍ട്ടിഫിക്കറ്റും എഴുതീറ്റാണ് ഇപ്പോള്‍ ഈ നാട്ടില്‍ പോക്ക്.
വലക്കല്ലെ പടച്ചോനെ!. ബാപ്പയറിഞ്ഞാല്‍ വില്‍പത്രത്തില്‍ ഒറ്റപൈസയുണ്ടാവില്ല.ബാപ്പ ഹജ്‌ജിനു പോകുന്നതിന്നു മുന്‍പു വില്‍പത്രമെഴുതണം പുറമെ അനിയന്റെ കല്ല്യാണമുണ്ടാക്കണം എന്നും പറഞ്ഞാണ് ഇപ്പോള്‍ ഈ നാട്ടിലേക്കു വിളി.
വീട്ടിലെത്തിയപ്പോള്‍ ബാഗും കൊണ്ട് ആദ്യമോടിയത് സുരക്ഷിതമായ ഒരു സ്‌ഥലത്തവനെ ഒളിപ്പിക്കാനായിരുന്നു. തല്‍ക്കാലം ഒരിടത്തവനെ ഒളിപ്പിച്ചെങ്കിലും പൂര്‍ണ്ണ സുരക്ഷിതത്വം പ്രതീക്ഷിക്കാനാവില്ല. അനിയന്റെ കല്ല്യാണം നിശ്‌ചയിച്ചതിനാല്‍ വീടിന്റെ ഓരോ മുക്കിലും മൂലയിലും എല്ലാവരുടെയും കയ്യും കണ്ണുമെത്തും.
പിറ്റേന്നു ആള്‍ത്തെരക്കില്ലാത്ത ടെലഫോണ്‍ ബൂത്തില്‍ കയറി മനോജിനെ ബന്ധപ്പെടാന്‍ അരമണിക്കൂറോളം ശ്രമിച്ചതിനു ശേഷമാണ് അങ്ങേപ്പുറത്ത് അവന്റെ ശ്രീമതി ശ്രീദേവി ടെലഫോണെടുത്തത്. മനോജ് നാട്ടിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ "എനിക്കു ഫോണ്‍ കയ്യില്‍ പിടിച്ച് ഏറെ നേരം നില്‍കേണ്ടി വരാറില്ലന്നും വിളിപ്പുറത്താണ് എന്റെ ശ്രീദേവി" എന്നും "ഒറ്റ വിളിക്കുത്തരം നല്‍കുന്ന ദേവിയാണവള്‍" എന്നുമൊക്കെ അവന്‍ വീമ്പിളക്കാറുണ്ടായിരുന്നതോര്‍ത്തു. ഇപ്പോള്‍ ദേവിയും ഭക്‌തനും നേരില്‍ കണ്ടപ്പോള്‍ ടെലഫോണൊക്കെ വലിയ ശല്യക്കാരനായിക്കാണും.
അവസാനം മനോജിനെ ഫോണില്‍ കിട്ടിയപ്പോള്‍ ഈ പാനപാത്രം എന്നില്‍ നിന്നെടുക്കണേ! എന്ന് ഞാന്‍ കേണപേക്ഷിച്ചു. ഒരു കുപ്പി മദ്യത്തിനു വേണ്ടി നൂറ്റിരുപതു കിലോമീറ്റര്‍ ഓടിച്ച് പെട്രോള്‍ കത്തിക്കാനും ശ്രീദേവിയുടെ സാമീപ്യം നഷ്ടപ്പെടുത്താനും തയ്യാറല്ലന്നും നീ വേണമെങ്കില്‍ ഉപയോഗിച്ചോളൂന്നും അല്ലങ്കില്‍ പറ്റിയ ആരെയെങ്കിലും സല്‍ക്കരിച്ചോളൂ എന്ന അവന്റെ ഔദാര്യം കേട്ടപ്പോള്‍ പുളിച്ച തെറിപറയാനാണ് തോന്നിയത്. പിന്നെ ബാങ്കിന്റെ കൗണ്ടറിന്നു മുന്നിലെ നീണ്ട ക്യൂ ഓര്‍ത്തപ്പോള്‍ അടങ്ങി. വായിലൂറിവന്ന തെറി താങ്ക്സായി പുറത്തിറങ്ങി.
ഇനി ഈ മാരണം എങ്ങനെയൊന്ന് ഒഴിവാക്കുമെന്ന് ചിന്തിച്ച് വീട്ടിന്റെ പൂമുഖത്തിരിക്കുമ്പോഴാണ് ഗേറ്റു തള്ളിത്തുറക്കുന്ന കറകറ ശബ്‌ദം ചിന്തക്കൊരു അര്‍ദ്ധവിരാമമിട്ടത്. ഗേറ്റിന്റെ കറകറ ശബ്‌ദം മാറ്റാന്‍ ഇത്തിരി ഗ്രീസ് ഇടണമെന്ന് പറഞ്ഞാലാരും അനുസരിക്കില്ല. പവര്‍കട്ടു സമയത്ത് കാളിംഗ് ബെല്‍ മിണ്ടാതിരിക്കുമ്പോഴും ഉമ്മറത്താരെങ്കിലും വന്നാല്‍ വാതില്‍ തുറന്നുകൊടുക്കാന്‍ കഴിയുന്നത് ഈ ശബ്‌ദം കേട്ടുകൊണ്ടാണെന്നാണ് ഗ്രീസ് ഇടാതിരിക്കാനുള്ള അവരുടെ ന്യായികരണം. എല്ലാ പ്രതികൂല സാഹചര്യങ്ങളേയും പ്രയോജനപ്പെടുത്താന്‍ നിര്‍ബന്ധിതനായ മലയാളിയുടെ വിധി.
വടിയും കുത്തി ഗേറ്റു കടന്നു വരുന്ന ചെട്ടിച്ചിയമ്മയെ കണ്ടപ്പോള്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും ആമുഖം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കല്ലു കളഞ്ഞുപോയ മുക്കുത്തിയും വലിയ തുളയുള്ള ചെറിയ രണ്ടു കാതുകളും വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണതെങ്കിലും അരുണിമയുള്ള കവിള്‍ത്തടവും കാഴ്ചക്കാരില്‍ നിന്ന് ഇത്തിരി കൂടി അനുകമ്പ അവര്‍ക്കുകിട്ടാനിടയാകുമെന്നെനിക്കു തോന്നി. കടും പച്ച നിറമുള്ള കുപ്പായവും നിറം മങ്ങി അവിടവിടെ പിന്നിത്തുടങ്ങിയ പുള്ളിസാരിയുമുടുത്ത് വടി കുത്തി കുനിഞ്ഞു നടക്കുന്ന ചെട്ടിച്ചിയമ്മയെ കണ്ടപ്പോള്‍ എന്റെ മോന്‍ ആര്‍ത്തു വിളിച്ചു. മുത്തശ്ശി ! മുത്തശ്ശി !.
അവന്റെ സന്തോഷം കണ്ടപ്പോള്‍ ചെട്ട്യാരുടേയും ചെട്ടിച്ചിയമ്മയുടേയും ആഗമനം ആഘോഷമാക്കിയിരുന്ന ഞങ്ങളുടെ തലമുറയുടെ കുട്ടിക്കാലം പെട്ടന്നോര്‍മ്മയില്‍ വന്നു. ചെട്ട്യാരു കുട നന്നാക്കാനും ചെട്ടിച്ച്യാര് പൊന്‍മണിച്ചുമടും കൊണ്ടും താളത്തില്‍ നീട്ടിവിളിച്ച് വീടായ വീടൊക്കെ കയറി ഇറങ്ങി കച്ചവടം നടത്തും. അന്നത്തേക്കുള്ള ചെലവിനുള്ളതായാല്‍ അലച്ചില്‍ നിര്‍ത്തി രണ്ടാളും തോരപ്പപാറയിലെ കള്ളുഷാപ്പില്‍ നിന്ന് കിട്ടുന്ന പനങ്കള്ളില്‍ ക്ഷീണം മാറ്റി ആടിയാടി പാട്ടും പാടി പരസ്‌പരം തള്ളിയും താങ്ങിയും വീടു പറ്റുന്ന കാഴ്‌ച്ച പലപ്പോഴും കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്.
എന്റെ തറവാട്ടില്‍ ഒരുപാട് അമ്മായിമാരുള്ളതിനാല്‍ ചുമടിറക്കിയാല്‍ എന്തെങ്കിലും കച്ചവടം നടക്കുമെന്ന് ഉറപ്പ്. അമ്മായിമാര്‍ താന്‍താങ്കളുടെ ഭര്‍തൃഗൃഹത്തിലാണ് ഏറ്റവും കുടുതല്‍ സുഖമെന്നു കാണിക്കാന്‍ മത്‌സരിച്ച് വളയും കണ്‍മഷിയും ചാന്തും വാങ്ങും. തറവാട്ടില്‍ കല്ല്യാണമോ മറ്റാണ്ടറുതികളോ ഉണ്ടായാല്‍ തലേന്ന് ചെട്ടിച്ചിയമ്മക്ക് വിസ്തരിച്ചൊരു ചുമടിറക്കലുണ്ട്. അതറിഞ്ഞ് അയല്‍പക്കത്തെ സ്ത്രീജനങ്ങളെല്ലാം "ഒന്ന് തിന്നാന്‍ പൊകലണ്ടോ ചെറീമേ...?" .എന്നു തെരക്കി വീടിന്റെ അടുക്കള ഭാഗത്തെത്തും. പിന്നീടവര്‍ താല്‍പര്യം ഉള്ളില്‍ ഒളിപ്പിച്ചു വെച്ച് ചെട്ടിച്ചിയമ്മേടെ ഭാണ്‍ധം തുറക്കുന്നതും നോക്കി കൊതിയോടെ നില്‍ക്കും. പൊട്ടുന്ന പ്ലാസ്‌റ്റിക്കിന്റെ കളിപ്പാട്ടങ്ങളും വര്‍ണ്ണഭംഗിയുള്ള പളുങ്കു ഡപ്പികളും കിലുകിലാ കലമ്പിച്ചിരിക്കുന്ന കുപ്പിവളകളും പുറത്തെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കിയിരുന്ന നിമിഷങ്ങള്‍ കുട്ടിക്കാലം മനസില്‍ ഇത്രയാഴത്തില്‍ കോറിയിട്ട കൗതുകം കലര്‍ന്ന ചിത്രങ്ങളായിരുന്നല്ലോ എന്നനുഭവിച്ചറിയുന്നറിഞ്ഞതിപ്പോഴാണ്.
മഴക്കാലം വരുമ്പോള്‍ ചെട്ട്യാര്‍ക്കാണ് ഡിമാന്‍ഡ്. കുട നന്നാക്കുന്നതിലെ വൈദ്യഗ്‌ധ്യവും കൈകടുപ്പവും അയാളെ ഞങ്ങളുടെ രക്ഷിതാക്കള്‍ക്കു പ്രിയങ്കരനാക്കി. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക് അയാളെ വെറുപ്പായിരുന്നു. കാരണം സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ കുടയുമായി കൂട്ടുകാര്‍ക്കിടയില്‍ 'കോളറു പൊക്കി' ഷൈന്‍ ചെയ്യാമെന്നു കരുതിയിരിക്കുമ്പോഴായിരിക്കും അയാള്‍ പഴയ കുട തന്നെ വീണ്ടും ചക്കും കുതിരയും മാറ്റി ശീല തുന്നി റീകണ്ടീഷന്‍ ചെയ്ത് ഞങ്ങളുടെ സ്വപ്‌നങ്ങളുടെ ഘാതകനായിരുന്നത്.
ചെട്ടിച്ചിയമ്മയുടെ കുടെ ചെട്ട്യാരില്ലാതെ ഞാന്‍ ആദ്യമായി കാണുകയാണ്. ചെട്ട്യാര് ചെട്ടിച്ചിയമ്മയെ ഈ ദുനിയാവില്‍ തനിച്ചാക്കി പോയിട്ടൊരു കൊല്ലമായത്രേ. രണ്ടാളും ചേര്‍ന്ന് മദ്യപിച്ചു മടങ്ങുന്ന ഒരു സന്ധ്യയില്‍ ലക്കില്ലാതെ വന്ന ഒരു തമിഴന്‍ ലോറി കണവന്റെ ജീവന്‍ പറിച്ചെടുത്തകന്നതിന്റെ സത്യം അവര്‍ ഉള്‍ക്കൊണ്ടത് പിറ്റേന്ന് കുടിച്ച കള്ളിന്റെ കെട്ടിറങ്ങിയപ്പോഴാണത്രേ. പിന്നീട് അവര്‍ കച്ചവടം ചെയ്തില്ല. എന്നാലും വീടുകള്‍ തോറും കയറിയിറങ്ങി. വല്ലതും സ്‌നേഹപൂര്‍വ്വം ആരെങ്കിലും കൊടുത്താല്‍ അതു സ്വീകരിക്കും. സന്ധ്യക്ക് തോരപ്പപാറയിലെ കള്ളുഷാപ്പിനു പുറത്ത് കാത്തു നില്‍ക്കും. ഏതെങ്കിലും ഹൃദയാലുവായ കുടിയന്‍ ഇത്തിരി ഒഴിച്ചു കൊടുത്താത്താല്‍ അതും കുടിച്ച് വീടു പറ്റും.
ഇത്തിരി കള്ള് ഉള്ളില്‍ ചെന്നാല്‍ അവരൊരു മായാ ലോകത്തേക്കു പോകും അവിടെ തന്റെ പ്രിയപ്പെട്ടവനെ കാണും പരസ്‌പരം സംസാരിക്കും പ്രിയതമനോട് തന്നെക്കൂടി കൂടെവിളിച്ചോണ്ടുപോവാത്തതിനാല്‍ ഏറെ പരിഭവം പറയും. മുമ്പത്തെ പോലെ തോളില്‍ കയ്യിട്ട് ചേര്‍ത്തു പിടിക്കാത്തതില്‍ പിണങ്ങും. അദൃശ്യനായ തന്റെ പ്രിയപ്പെട്ടവനോട് വീഴാതെ നടക്കാന്‍ ഉപദേശിക്കും..
മരണപ്പെട്ടവരുമായി സംസാരിക്കുന്നതും പ്രത്യേകിച്ച് ദൃശ്യഗോചരമല്ലാത്തവരുമായി നേരിട്ടു സംവേദിക്കുന്നതും ഒരു മാനസീക വിഭ്രാന്തിയുടെ ഭാഗമാണെന്നു പറഞ്ഞ കൂട്ടുകാരുമായി തര്‍ക്കിച്ചിരുന്നതോര്‍മ്മ വന്നു. വി.ആര്‍.കൃഷ്‌ണയ്യര്‍ തന്റെ മരണപ്പെട്ടുപോയ ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന ഒരു ലേഖനം പത്രത്തില്‍ വന്ന ദിവസമാണതെന്നോര്‍ക്കുന്നു. സ്‌നേഹം ആത്മാര്‍ത്ഥമാണങ്കില്‍ കാലത്തിനും ദൂരത്തിനും രൂപത്തിനും അതീതമായി കാണാനും സംസാരിക്കാനും സംവേദിക്കാനും കഴിയുമെന്ന അദ്ദേഹത്തിന്റെ വിശദീകരണം ആ ലേഖനത്തിന്റെ സംക്ഷിപ്തമായിരുന്നുവെന്നത് ഇന്നും വ്യക്തമായോര്‍ക്കുന്നു.
എന്റെ മോന്‍ അവര്‍ക്കെന്തൊ അടുക്കളയില്‍ നിന്ന് കൊണ്ടു വന്നു കൊടുത്തു.
അവന് അവരെ വല്ലതെ ഇഷ്‌ടപ്പെട്ടുവെന്നു തോന്നുന്നു അവന്റെ കണ്ണിലെ കൗതുകവും അവരുടെ ചുണ്ടിലെ വാല്‍സല്യവും ജുമൈറ പാര്‍ക്കിലെ വിരിയാന്‍ തുടങ്ങുന്ന മുല്ലപ്പൂക്കളെ ഓര്‍മ്മിപ്പിച്ചു.
അവര്‍ പോകാന്‍ തുടങ്ങുകയായിരുന്നു. പെട്ടന്നാണ് എനിക്കു തോന്നിയത് ആ ജോണിയെ ഇവര്‍ക്കു കൊടുത്തത്തിലെന്താ. പക്ഷെ എങ്ങനെ കൊടുക്കും ആരെങ്കിലും കണ്ടാല്‍ പിന്നെ ആയിരം ചോദ്യങ്ങളും പിന്നെ അതിന്റെ ഉപചോദ്യങ്ങളും വരും. നിയമസഭയിലെ ചോദ്യം പോലെയല്ലല്ലോ? ചോദ്യം മുന്‍കൂര്‍ കിട്ടാത്തതിനാല്‍ ഉത്തരം മുട്ടും. പിന്നെ സംശയവും പൊല്ലാപ്പും. മാനഹാനിയും കുടുംബകലഹവും അസ്വസ്ഥഭരിതമായ ഒരവധിക്കാലവും ഉറപ്പ്.
പണിനടക്കുന്ന എന്റെ പുതിയ വീട്ടിലേക്കു പോകുന്ന ഭാവേന ക്യാരിബാഗില്‍ ഒരു ക്യാമറയും ആ കുപ്പിയുമായി ഞാന്‍ വീട്ടിനു പുറത്തിറങ്ങി. ചെട്ടിച്ചിയമ്മ എന്റെ അടുത്ത വീട്ടിലെത്തിയിരുന്നു. ഞാനൊരു ഫോട്ടോ എടുക്കാനെന്ന വ്യാജേന അവരെ പിന്തുടര്‍ന്നു. ക്യാമറക്കു മുമ്പില്‍ പോസ് ചെയ്യാന്‍ അവര്‍ അതൃപ്തി കാണിച്ചു. പക്ഷെ ആളൊഴിഞ്ഞ നേരം ഞാനെന്റെ ബാഗില്‍ നിന്നും ജോണിവാക്കര്‍ എടുത്ത് അവരുടെ കയ്യില്‍ കൊടുത്ത് മദ്യമാണെന്ന ആംഗ്യം കാട്ടി. അതുബോധ്യമായപ്പോള്‍ സന്തോഷം കൊണ്ടവര്‍ പല്ലില്ലാത്ത മോണ മുഴുവന്‍ കാട്ടി നന്ദിച്ചിരി കാണിച്ചു. കുപ്പി ആര്‍ത്തിയോടെ ഭാണ്‍ധത്തിലൊളിപ്പിച്ചു പ്രതിഫലം കിട്ടിയതോടെ ഐശ്വര്യറായിയെക്കാള്‍ ആത്മാര്‍ത്ഥതയോടെ ക്യാമറക്കുമുമ്പില്‍ നിന്നു തന്നു. മോഡലിംഗ് കഴിഞ്ഞ് അന്നത്തെ അലച്ചില്‍ അവിടെ മതിയാക്കി അവര്‍ സന്തോഷത്തോടെ തിരിച്ചു നടന്നു.
അവസാനത്തെ പരീക്ഷയും തീര്‍ന്ന് വീട്ടിലെത്തുന്ന കോണ്‍വെന്റ് വിദ്യാര്‍ത്ഥിയെപ്പോലെയായി ഞാന്‍. കാലിയായ ക്യാരിബാഗ് സന്തോഷാധിക്യത്താല്‍ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞ് അലീഷയുടെ ആല്‍ബത്തിന്റെ ഏറ്റവും പുതിയ സി.ഡി. വെച്ചു പരമാവധി ഉച്ചത്തില്‍ ഞാന്‍ പാട്ടു കേട്ടു.
മുമ്പെങ്ങും കിട്ടാത്തത്ര മനസമാധാനത്തോടെ കിടക്കയില്‍ കൈകാലുകള്‍ വിടര്‍ത്തി ഇംഗ്ലീഷില്‍ 'എക്‌സ്' എന്നെഴുതിയപോലെ മലര്‍ന്നു കിടന്നു. ഈ പേക്കൂത്തിന്റെ അര്‍ത്ഥം മനസിലാവാതെ വീട്ടുകാരെല്ലാം മുറിക്കകത്തു വന്നു കയറിയപ്പോള്‍ നാണം കൊണ്ട് ചൂളിപ്പോയി..
വൈകുന്നേരം അനുജന്‍ കടയടച്ചു വന്നപ്പോള്‍ പറയുന്നതുകേട്ടു. "നമ്മുടെ ചെട്ടിച്ചിയമ്മയെ ആരോ നന്നായി കള്ളു കുടിപ്പിച്ചിട്ടുണ്ട്. ഇന്നവര്‍ പതിവിലും കൂടുതലായി മദ്യപിച്ച് രണ്ടു മൂന്ന് വാഹനങ്ങളുടെ മുന്നില്‍ ചെന്നു പെട്ടു. ആരോ വലിച്ചിട്ടതുകൊണ്ടാണ് ചക്രം കയറാതെ രക്ഷപ്പെട്ടത്". കേട്ടപ്പോള്‍ വീണ്ടും കരളില്‍ കനലുകോരിയിട്ട അസ്വസ്ഥത. കുറ്റബോധം കൊണ്ട് ഉറങ്ങാനായില്ല. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
രാവിലെ പത്രമിടാന്‍ വന്ന പയ്യനോട് ചോദിച്ചു "നാട്ടില്‍ അപകടം വല്ലതുമുണ്ടോ?" .
ഞാന്‍ അവനെ കളിയാക്കുകയാണെന്നു കരുതി
"ഉള്ള അപകടങ്ങളെല്ലാം ഈ പത്രം വായിച്ചാലറിയാം എന്നിട്ടും പോരാന്നു തോന്നുകയാണെങ്കില്‍ മലയാളത്തിലെ എല്ലാ ടി.വി.ചാനലും മാറി മാറി വെച്ചാല്‍ ആവശ്യത്തിനുള്ളതു കിട്ടും". അവന്‍ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
എന്നാല്‍ പത്രം മുഴുവന്‍ വായിച്ചിട്ടും ചെട്ടിച്ചിയമ്മയുടെ പേരൊന്നും എവിടെയും കണ്ടില്ല. പിന്നെ ഞാന്‍ സ്വയം പറഞ്ഞു ഇന്നലെ രാത്രിയിലുണ്ടായ അപകടം ഏതായാലും ഇന്നത്തെ പത്രത്തില്‍ കാണില്ല. റോഡിലിറങ്ങി കൂടുതല്‍ അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ സംശയിക്കപ്പെടുമോ എന്ന പേടി.
ഉപയോഗിച്ച് ഫാഷന്‍ പോയ ഒരു പഴയ സാരി കളയാനുള്ള മടി കാരണം ആരോ പറയുന്നതു കേട്ടു. "ആ ചെട്ടിച്ചിയമ്മയെ ഈ വഴിക്കിപ്പൊ കാണാറും ഇല്ല".
പിന്നീടു വന്ന ദിവസങ്ങളിലും പത്രങ്ങളില്‍ ഞങ്ങടെ നാട്ടില്‍ നിന്നുള്ള ഒരു അപകടമരണവും കണ്ടില്ല. പക്ഷെ അതു കരുതി എനിക്കു സമാധാനിക്കാനായില്ല. കാരണം ചെട്ടിച്ചിയമ്മയെ പിന്നീട് ഞാന്‍ കണ്ടില്ല. ഞാന്‍ മാത്രമല്ല ആരും പിന്നീടവരെ കണ്ടിട്ടില്ല.
ദിവസങ്ങള്‍ കഴിഞ്ഞു പോയി പക്ഷെ എന്റെയുള്ളിലെ ആധിക്കുമാത്രം ഒരു മാറ്റവും ഇല്ല.
ഇതിനിടയില്‍ ഗള്‍ഫിലേക്കു തിരിച്ചു പോരാനായിട്ടുണ്ട് താനും. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ചിട്ടു മടങ്ങി പോകേണ്ടിവരുന്നതിന്റെ വിഷമം ചില്ലറയല്ല.
കുട്ടികളുടെ സ്‌കൂള്‍ അഡ്‌മിഷന്‍ മാത്രം ഒരുവിധം ശരിയായി. പക്ഷെ മോള്‍ക്ക് പുതിയ സ്‌കൂള്‍ തീരെ പിടിച്ചിട്ടില്ല. വൃത്തിയില്ലാത്ത സ്‌ക്കൂള്‍ എന്നാണ് അവളുടെ ആദ്യത്തെ പ്രതികരണം. യു.എ.ഇ.യില്‍ ഹിന്ദു, ക്രിസ്‌റ്റ്യന്‍, ഇസ്ലാം, സിക്ക് മതത്തിലെ എല്ലാരും ഒരേ ക്ലാസിലിരുന്നു പഠിക്കുന്നുണ്ടെന്നും പക്ഷെ ഇവിടെ വന്നപ്പോള്‍ മറ്റു മതത്തിലുള്ളവരെയൊന്നും സ്‌ക്കൂളിലേ കണ്ടില്ല പപ്പാ.... അതെന്താ അങ്ങനെ?, എന്ന ചോദ്യത്തിന് എനിക്കുത്തരം പറയാന്‍ കഴിഞ്ഞില്ല. ഇസ്‌ലാമിക രാജ്യമായ യു.എ.ഇ യും മതേതര രാജ്യമായ നമ്മുടെ നാടും തമ്മിലെ വ്യത്യാസം ഇതാണന്നും നമ്മുടെ മതേതരത്വം പ്രസംഗിക്കാനും ആഘോഷിക്കാനും മാത്രമേ ഉപയോഗിക്കാറുള്ളൂ എന്നു പറഞ്ഞെന്തിനാണ് ഇളം മനസില്‍ ഇപ്പോള്‍ തന്നെ നിരാശ കേറ്റുന്നത് എന്നു കരുതി ഞാന്‍ നിശബ്‌ദനായി. വിദ്യാഭ്യാസ രംഗത്തു പോലും മതവിശ്വാസികള്‍ മക്കളെ തമ്മില്‍ വേര്‍തിരിക്കുന്ന വന്‍മതിലുകള്‍ തീര്‍ക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ ഞാനും ഒരു കണ്ണിയാണല്ലോ എന്ന കുറ്റബോധം എന്റെ നാവിനെ മരവിപ്പിച്ചു. സ്‌ക്കൂള്‍ വിദ്യാഭ്യാസം മതത്തിന്റെ വേലിക്കെട്ടിന്നകത്തു നിന്നും നിര്‍വ്വഹിച്ച് പുറത്തിറങ്ങുന്ന നാളത്തെ തലമുറക്ക് മതസൗഹാര്‍ദ്ദവും മതസഹിഷ്ണുതയും എന്താണെന്നു മനസിലാവുമോ?
പ്രവാസിയുടെ പരോള്‍ തീര്‍ന്ന് ജയിലിലേക്കു തിരിക്കുന്ന ദിവസമാണിന്ന്. പതിവുപോലെ കുഞ്ഞുങ്ങളെ സ്കൂള്‍ ബസ് കയറ്റി വിടുമ്പോന്‍ കെ.ജി.യില്‍ പഠിക്കുന്ന മോന്‍ പറഞ്ഞു "പപ്പ ഇവിടെ തന്നെ നിക്കണേ! ഞാന്‍ സ്‌ക്കൂളില്‍ പോയി വേഗം വരാട്ടോ!". അവന്‍ എപ്പോഴും കരുതുന്നത് അവനെ യാത്രയാക്കി ഞാനാ ആല്‍മരത്തിന്റെ കീഴെ സിമന്റു ബെഞ്ചില്‍ അവന്‍ തിരിച്ചു വരുന്നതു വരെ അവനെയും കാത്തിരിക്കുകയാണെന്നാണ്. കാരണം ഇന്നലെ വരെ അവന്‍ സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും ഞാനാ ആല്‍മരച്ചുവട്ടില്‍ സിമന്റു ബെഞ്ചില്‍ അവനെ കാത്തിരിക്കുമായിരുന്നു. ഈ ആല്‍മരത്തെക്കുറിച്ച് ഞങ്ങള്‍ ഇരുമ്പുഴിക്കാര്‍ ഒരുപാടെഴുതിയതാണല്ലോ. ആല്‍മരത്തിന്റെ തളിരിലകളും ഉണങ്ങി ശുഷ്‌ക്കിച്ച കനം കുറഞ്ഞ ഇലകളും കാറ്റടിക്കുമ്പോള്‍ ഇടത്തോട്ടും വലത്തോട്ടും ഇളകിയാടി നൊമ്പരപൂര്‍വ്വം എന്നോടു യാത്രപറയുകയാണെന്നു തോന്നി.
ബസ് കണ്ണില്‍ നിന്നു മറയുന്നതു വരെ നോക്കി നിന്നു. പിന്നെ രണ്ട് തുള്ളി കണ്ണുനീര്‍ അരും കാണാതെ തുടച്ചു കളഞ്ഞു. ഇന്നവന്‍ സ്കൂള്‍ വിട്ട് വരുമ്പോഴാണ് അറിയുക അവന്റെ പപ്പ അവനെ കൊണ്ടുപോകാതെ ഷാര്‍ജയിലേക്കു തിരിച്ചു പോയെന്ന്. പപ്പാന്റെ പൊന്നുമക്കളെ കരയിക്കണ്ടാന്നു കരുതിയാണ് ഈ പപ്പ യാത്രാമൊഴിപോലും പറയാതെ മക്കളെ സ്‌കൂളില്‍ വിട്ടത്. ക്ഷമിക്കുക.
ബാക്കി വീട്ടിലെ എല്ലാവരോടും യാത്രചോദിച്ച് എയര്‍പോട്ടിലെത്തുമ്പോള്‍ സമയം കിറുകൃത്യം.
കൂടെ വന്നവരെ മടക്കിയയച്ചപ്പോള്‍ പോക്കറ്റിലെ അവസാനത്തെ ഇന്ത്യന്‍ കറന്‍സിയും തീര്‍ന്നു. ചെക്കിംഗു കഴിഞ്ഞു ബോര്‍ഡിംഗ് പാസുമായി വിമാനത്തിനു കാത്തു മുഷിഞ്ഞപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍പോലും രൂപ ബാക്കിയില്ല.
അവസാനം ലഗേജ് തിരിച്ചറിഞ്ഞ് വിമാനത്തിലേക്കു കയറുമ്പോള്‍ വന്യമൃഗങ്ങള്‍ നിറഞ്ഞ വനമദ്ധ്യത്തിലെ ഏറുമാടത്തിലേക്ക് ഏകനായി കയറ്റുകോണി കയറുന്ന പ്രതീതി. കാലിയായ കീശയാണെന്ന തിരിച്ചറിവ് കയറ്റുകോണിയിലൂടെയുള്ള ആരോഹണം അനിവാര്യമാക്കി. പിറന്ന നാടിന്റെ പച്ചപ്പും ശാലീനതയും അവസാനമായി ഒന്നു കുടി കാണാമെന്നു കരുതി ഗോവണിയുടെ മുകളില്‍ നിന്ന് തിരിഞ്ഞു നോക്കി. ഒരു ക്രെയിന്‍ ഷോട്ടില്‍ കിട്ടുന്നയത്രക്കും വിശാലമായ ക്യാന്‍വാസില്‍ വര്‍ണ്ണവൈവിധ്യമുള്ള ആ ദൃശ്യം എന്റെ തലച്ചോറിന്റെ ഒരറയില്‍ സേവു ചെയ്തപ്പോള്‍ സിസ്‌റ്റം മെമ്മറി ഒരു സെക്കന്റ് ഹാന്‍ഗായോ എന്നൊരു സംശയം.
പ്രിയപ്പെട്ടവര്‍ ആരുടേയും സാന്നിദ്ധ്യം ഉണ്ടാവില്ലന്നു വ്യക്തമായി അറിയാമായിരുന്നിട്ടും എന്നെ ദൂരെ നിന്ന് യാത്രയയക്കാന്‍ ആരെങ്കിലും ഉണ്ടാവുമെന്ന് വെറുതെ മോഹിച്ചു കൊണ്ടു ശൂന്യതയല്‍ അലക്ഷ്യമായ് കൈ വീശിയപ്പോള്‍ ഞാന്‍ കണ്ടു. ഞാന്‍ ശരിക്കും വ്യക്തമായി കണ്ടു.
യാത്രയയക്കാന്‍ നില്‍ക്കുന്നവരുടെ കുട്ടത്തില്‍ തികച്ചും വേറിട്ട് കടും പച്ച കുപ്പായവും മുഷിഞ്ഞ പുള്ളി സാരിയുമുടുത്ത ഞങ്ങടെ ചെട്ടിച്ചിയമ്മയും അവരുടെ കൈവിരലില്‍ പിടിച്ച് എന്റെ പൊന്നു മോനും.
അവരെന്നെ കാണുന്നുണ്ട്. വളരെ ദൂരത്തു നിന്നു പോലും അവര്‍ എന്നെ വ്യക്തമായി കാണുകയും തിരിച്ചറിയുകയും ചെയ്യുന്നു. യാത്രപോലും പറയാതെ കളിപ്പിച്ചു കടന്നു പോകുന്ന പപ്പാനെ യാത്രയയക്കാന്‍ അവന്‍ ഇവരുടെ കൂടെ എങ്ങനെയെത്തി എന്നത് ഒരത്ഭുതമായി എന്നിലുയര്‍ത്തിയ ചോദ്യമായി. സ്‌നേഹം ആത്മാര്‍ത്ഥമാണങ്കില്‍ കാലത്തിനും ദൂരത്തിനും രൂപത്തിനും അതീതമായി കാണാനും സംസാരിക്കാനും സംവേദിക്കാനും കഴിയുമെന്നവി.ആര്‍.കൃഷ്‌ണയ്യര്‍ തിയറിയിയുടെ തിരിച്ചറിവ്, എന്റെ മസ്‌തിഷ്‌ക്കത്തിന്റെ മറ്റൊരറയില്‍ നിന്നും അപ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തി.
ഞാന്‍ കൈകള്‍ ആഞ്ഞാഞ്ഞു വീശി അവരെ കണ്ടതറിച്ചു. അസ്വാഭാവികമായുള്ള ഈ അനന്തമായ കൈവീശലില്‍ അപാകത തോന്നിയ സഹയാത്രികര്‍ എന്നെ സംശയത്തോടെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചില്ല.
"ഹായ് മാന്‍ ഹറി അപ് ആന്റ് കം ഇന്‍ൈസെഡ്?"
കൃത്രിമ പുഞ്ചിരി നടിച്ചു കൈകൂപ്പി നിന്നു ക്ഷമ കെട്ടപ്പോഴാവണം, പലവിധ ക്രീമു കൊണ്ടു മുഖത്തെ കുണ്ടുകുഴികള്‍ മുഴുവന്‍ നികത്തി നിരപ്പാക്കിയ, 'വായുവിലെ ആതിഥേയ' എന്നോടു സൗമ്യമല്ലാത്ത ഇംഗ്ലീഷില്‍ കയര്‍ത്തത്.
ആകാശസുന്ദരിയുടെ ശകാരം കേട്ടില്ലായിരുന്നുവെങ്കില്‍ ഞാനെല്ലാം മറന്ന് ആ ഗോവണിയില്‍ തന്നെ ഏറെ നേരം നിന്നേനെ.
പിന്നെ മറ്റൊരു കിളവിയെന്നെ കൈപിടിച്ചു വലിച്ചു വിമാനത്തിന്റെ ഉള്ളില്‍ എനിക്കു നിശ്ചയിച്ച സീറ്റീല്‍ തള്ളിയിട്ടു. പക്ഷെ ആ വീഴ്‌ചയില്‍ എന്റെ സീറ്റില്‍ കിടന്ന് ഞാന്‍ സുഖമായി ഉറങ്ങി. മുമ്പൊരിക്കലും കിട്ടാത്തത്രക്കു സുഖമായി മനസമാധാനത്തോടെ....കുറ്റബോധമില്ലതെ.....
11 അഭിപ്രായ(ങ്ങള്‍):
കൊള്ളാം കരീംഭായ്!
ഞാന്‍ പോസ്‌റ്റു ചെയ്തു വിരല്‍ മാറ്റിയില്ല. ഈ കലേഷ് എങ്ങനെ ഇതു കണ്ടുപിടിക്കുന്നു. നീ എപ്പോഴും ആദ്യമെത്തുന്ന വഴി ഏത്?
മനോഹരമായിരിക്കുന്നു.
ഒരു നിശ്വാസത്തോടെ വായിച്ച് തീര്‍ത്തു. ഇടക്ക് പൊട്ടിച്ചിരികളും വന്നു..ചിലപ്പൊള്‍ നേരിയ വേദനയും.
മാഷടെ ചില പ്രയോഗങ്ങള്‍ വായിച്ച്.
മാഷടെ പോസ്റ്റുകള്‍ എല്ലാം വളരെ ഹൃദ്യം. എഴുത്തിന്റെ പോക്കും ഒഴുക്കും അഭിനന്ദനീയം.
കരീം ഭായ്,
താങ്കളുടെ കഥകള്‍ എനിക്ക് എപ്പോഴും ആശ്വാസം തരുന്നവയാണ്. നല്ല കഥ. വീട്ടില്‍ പോകാനും തോന്നുന്നു വായിച്ച് കഴിഞ്ഞപ്പോള്‍.
(ഓടോ: മോരൊഴിച്ച കൂട്ടാനും കടുമാങ്ങയും കോഴയ്ക്ക ഉപ്പേരിയും കൂട്ടി ഒന്ന് ഉണ്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങണം.അമ്മേ.. ഞാനെന്നും രാത്രി അമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങാറ്.ഫോണ്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന പക്വതയൊക്കെ എന്റെ വിഷമം അമ്മ അറിയാതിരിക്കാനല്ലേ. :-{)
വളരെ വളരെ നന്ന്...എങ്ങിനെയാ ഇങ്ങിനെ ഒക്കെ എഴുതാ? ഹൊ..! ഹൃദയ രക്തത്തില്‍ ചാലിച്ചെടുത്ത് എഴുതുന്നൊക്കെ പറയുന്നത് ഇങ്ങിനെ എഴുതുന്നുന്നതാവുമല്ലെ?
ആ ആല്‍മരത്തിന്റെ താഴെ പപ്പാ കാത്തിരിക്കുമെന്ന് മോന്‍ വിചാരിക്കുന്നത്.:-(
പതിവുപോലെ നന്നായിരിക്കുന്നു. എല്ലാം അനുഭവത്തില്‍ ചാലിച്ച വിവരണങ്ങള്‍.
പെരിങ്ങോടരുടെ പോസ്റ്റുകള്‍ക്ക് കമന്റെഴുതാന്‍ എനിക്കൊരു മടിയുണ്ട്. അത്, കരിം മാഷിന്റെ പോസ്റ്റുകളോടും തോന്നുന്നു. പോസ്റ്റുകളോടുള്ള ബഹുമാനക്കൂടുതല്‍ കൊണ്ടാവാം.
ഹൃദയ സ്പര്‍ശിയായി എഴുതിയിരിക്കുന്നു. മാഷെപ്പോലുള്ളവര്‍ ഈ ബൂലോഗത്തിന്റെ യശസ്സ് വര്‍ദ്ദിപ്പിക്കും. തീര്‍ച്ച.
കരീം മാഷിന്റെ ഓരോ കഥകളും കണ്ണ് നിറയിക്കുന്നു.അല്പനേരത്തേയ്ക്ക് മനസ്സിനെ ഉലയിലിട്ടൂതുന്നു...
ഇത് കഥയാണോ, ജീവിതമാണോ, അതോ കഥയാവുന്ന ജീവിതമോ?
ഈ കഥകള്‍ക്കായി ഒത്തിരി നന്ദി.
-പാര്‍വതി.
"മോരൊഴിച്ച കൂട്ടാനും കടുമാങ്ങയും കോഴയ്ക്ക ഉപ്പേരിയും കൂട്ടി ഒന്ന് ഉണ്ട് അമ്മയുടെ മടിയില്‍ തല വെച്ച് ഉറങ്ങണം.അമ്മേ.. ഞാനെന്നും രാത്രി അമ്മയുടെ മടിയില്‍ കിടന്നാണ് ഉറങ്ങാറ്.ഫോണ്‍ ചെയ്യുമ്പോള്‍ കാണിക്കുന്ന പക്വതയൊക്കെ എന്റെ വിഷമം അമ്മ അറിയാതിരിക്കാനല്ലേ".
ഇതുവായിച്ചപ്പോ ദില്‍ബാസുരാ വല്ലാത്ത് നൊസ്‌റ്റാള്‍ജിയ
കഴിഞ്ഞ വര്‍ഷം ഇക്കാലത്തു ഞാന്‍ നാട്ടിലായിരുന്നു. കുടുംബത്തോടെ നാട്ടിലാഘോഷിച്ച ആദ്യത്തെ ഓണം. എല്ലാ ദിവസവും ഞങ്ങളും പൂക്കളമിട്ട് അയല്‌വാസി സരസ്വതി ടീച്ചരോടു മത്‌സരിക്കുമായിരുന്നു.
ഇക്കുറിയോണക്കതിരുകളങ്ങനെ ചിക്കിയിരിക്കാം ചങ്ങാതീ.......
മാഷ്‌ടെ പോസ്റ്റുകള്‍ മിക്കവാറുമെല്ലാം നോട്‌പാഡില്‍ പേസ്റ്റ് ചെയ്തു വായിക്കാനായി വച്ചിട്ടുണ്ട്.
(അക്കണക്കില്‍ത്തന്നെ മിക്കവാറും 10 വരിയിലൊക്കെ കൂടുതലുള്ള മിക്കവാറുമെല്ലാവരുടെയും പോസ്റ്റുകളും പല ഫയലുകളായി ഇരിപ്പാണ് ഏറെ ദിവസങ്ങളായി.) അതൊക്കെ വായിച്ചെടുക്കാന്‍ എന്നു കഴിയുമെന്നുറപ്പില്ല. മെയില്‍ബോക്സിലെ കമന്റുകള്‍ മാത്രം വായിക്കാനാണിപ്പോഴത്തെ വിധി. ബൂലോഗം എത്രമാത്രം വളര്‍ന്നു എന്നറിയാന്‍ ഈ ഓടിയെത്താന്‍ പറ്റായ്ക തന്നെ വലിയ തെളിവ്.
ഈ പോസ്റ്റെന്തായാലും മുഴുവന്‍ ബ്രൌസറില്‍ തന്നെ വായിച്ചു. മനോഹരമായിട്ടുണ്ട്.
തുഷാരത്തുള്ളികളെ.....ഒരു ജോണി വരുത്തിവച്ച വിനകള്‍....
പലവിധ ക്രീം ഉപയോഗിച്ച് കുണ്ടും കുഴിയും നികത്തിയെടുത്ത മുഖം......ആലോചിച്ചിട്ട് മസ്സിനൊരു സ്വൈരക്കേട്...,
മാഷിന്റെ കഥയിലെ കഥാപാത്രങ്ങള്‍ മനസ്സില്‍ പതിയുന്നു.
എന്റെയും ഒരു പുതിയ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിച്ച് അഭിപ്രായം പറയണേ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ