ഞായറാഴ്‌ച, ഒക്‌ടോബർ 07, 2007

കഥ വന്നു (സര്‍വ്വാഭരണവിഭൂഷിതയായി..!)

എം.എന്‍.വിജയന്‍ സാര്‍ ഒരിക്കലെഴുതി,
"ഒരു കണ്ണാടിപാത്രത്തില്‍ വെള്ളം നിറച്ചു വെച്ചാല്‍ അതു വികാരത്തിനെ അലങ്കാരപാത്രത്തില്‍ കാവ്യാത്മകമായി പ്രദര്‍ശിപ്പിക്കുന്ന ക്ലാസ്സിക്കല്‍ രീതിയേ ആവുന്നുള്ളുവെന്നും ആ പാത്രവും അതിലെ വെള്ളവും തട്ടിമറിഞ്ഞു നിലത്തു വീണാല്‍ അതു കാല്‍പ്പനിക കവിതയാകുന്നു എന്ന തിരുത്തല്‍ രീതി വളരെ വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടു".
ഇതു കവിതക്കു മാത്രമല്ല, കഥയെഴുത്തിനും ബാധകമാണ്‌.

നിരപ്പായൊഴുകുന്ന ശാന്തമായ പുഴ ഒരു സംഗീതവും പൊഴിക്കുന്നില്ല, പലപ്പോഴും അതു ഒഴുകുന്നുണ്ട്‌ എന്നു പോലും തോന്നില്ല. അതിനാല്‍ അങ്ങനെയുള്ളപ്പോള്‍ പുഴക്കരയില്‍ ചെന്നിരുന്നാല്‍ എനിക്കു യാതൊരാശയവും തോന്നാറില്ല, മറിച്ച്‌ പുഴയില്‍ ഓളങ്ങളും ചുഴികളും ഉണ്ടാക്കുന്ന പ്രക്ഷുബ്ദതകളോടണെനിക്കിഷ്ടം.

കുത്തൊഴുക്കിലൂടെ, നിമ്‌ന്നോമ്‌ന്നതങ്ങളിലൂടെ, കളകളാരവമുണര്‍ത്തി ഒഴുകുന്ന കടലുണ്ടിപ്പുഴയാണെന്റെ കഥകളുടെ ബാല്യകാലകൂട്ട്‌.
എന്റെ കഥാവായനയും എഴുത്തും ആ പുഴക്കരയില്‍ നിന്നു തന്നെയാണു തുടക്കം.

ആടുകളെ തീറ്റാന്‍ പുഴയോരത്തു കയറൂരിവിട്ടു, കയ്യില്‍ കരുതിയ ഏതെങ്കിലുമൊരു പുസ്തകത്തില്‍ ലയിച്ചിരുന്ന എന്റെ വായനക്കാലമാണു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ ബാല്യം.
പുസ്തകം വായിച്ചു തീരുന്നതു വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത വയറു നിറഞ്ഞ നാല്‍ക്കാലികള്‍ തനിയെ വീടണഞ്ഞിട്ടും പുഴയോരത്തു അവയെ തെരഞ്ഞു നടന്നു മടുത്തു ഞാന്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ നല്ല പുളിവടിച്ചാര്‍ത്തു കിട്ടിയിരുന്നതിപ്പോഴും ഓര്‍മ്മയുണ്ട്‌.
എനിക്കു വായിക്കാന്‍ പുസ്തകം തന്നിരുന്നവരായിരുന്നു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍.
കഥകള്‍ കേള്‍ക്കാന്‍ എല്ലാരെപ്പോലെ എനിക്കും വലിയ ഇഷ്ടമായിരുന്നു.

ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥ, കാളിയുടെ തള്ളയെ ഞാന്‍ ഇഷ്ടപ്പെട്ടതു അവരുടെ വശം കഥകളുടെ ഒരു നല്ല കലവറയുണ്ടായിരുന്നതിനാലായിരുന്നു.
വല്യുമ്മന്റെ ചെല്ലത്തില്‍ നിന്നു ഇത്തിരി "പൊകയില" എടുത്തു കൊടുത്താല്‍ അവര്‍ വീരത്വം തുളുമ്പുന്ന ഒത്തിരി കഥ പറഞ്ഞു തരും.
കഥ പറയുമ്പോള്‍ അവരുടെ വിണ്ടുകീറിയ ചുണ്ടിലൂടെ വെറ്റിലച്ചാറുകള്‍ എന്റെ മുഖത്തേക്കു തെറിച്ചാലും അന്നൊന്നും യാതൊരു അറപ്പും തോന്നിയിരുന്നില്ല. അവരുടെ കഥകളില്‍ മിക്കതിലും നായികമാര്‍ക്കായിരുന്നു പ്രാമുഖ്യം.
അന്നൊക്കെ ആണെഴുത്ത്‌, പെണ്ണെഴുത്ത്‌ എന്നിവ ആരും വകതിരിക്കാറില്ലാത്തതിനാലും എനിക്കതിനുള്ള വകതിരിവില്ലാത്തതിനാലും കഥയിലെ സാരംശം മാത്രം ശ്രദ്ധിച്ചു ഞാനവ മതിവരുവോളം ആസ്വദിച്ചിരുന്നു.
അവരുടെ പേരു ചിരുത എന്നാണ്‌ (സീത എന്നതിന്റെ അപരിഷ്കൃത വിളി).
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, അവര്‍ പറഞ്ഞ കഥകളിലൊക്കെ നായികയുടെ പേരു ചിരുത എന്നോ ചിരുതേയി എന്നൊക്കെയായിരുന്നു.

96 കഴിഞ്ഞ അവര്‍ ഈയിടെ മരിച്ചപ്പോള്‍ ഇനി അവരുടെ വീരകഥകള്‍ എനിക്കു കേള്‍ക്കാനാവില്ലന്നും അതു എഴുതി നിങ്ങളെ കാണിക്കാനാവില്ലന്നുമുള്ള വിഷമം മാത്രം ബാക്കി നില്‍ക്കുന്നു.

ബൂലോഗകാലിക വിഷയങ്ങളില്‍ എന്റെ പല ഇടപെടലുകളും പ്രക്ഷുബ്ദമായിരുന്നു. അതെന്റെ ജീനിന്റെ ഭാഗമായിരുന്നു. തിരുത്താന്‍ പറ്റാത്ത ചിലശീലങ്ങള്‍. പക്ഷെ എല്ലാകാലവും ഞാന്‍ ഒരു വഴക്കാളിയല്ല. തിളക്കുന്നതിനെക്കാള്‍ വേഗത്തില്‍ തണുക്കാനെനിക്കാവും. സ്ഥായിയായ ഒരു അരിശക്കാരന്റെ രൂപമെനിക്കില്ല.

അവസാനത്തെ തിളക്കലിന്റെ ഭാഗമായി ഉണ്ടായ ഒരു വാചകം നെഞ്ചില്‍ തറക്കുകയും അതില്‍ നിന്നു വീശിയ വേദനയര്‍ന്ന ഒരു കാറ്റില്‍ നിന്നും എന്റെ ഓര്‍മ്മപുസ്തകത്തിന്റെ ഏതോ താളില്‍ വിസ്മരിക്കപ്പെട്ടു കിടന്ന ഒരു പേജു നിവരുകയും അതില്‍ എനിക്കു പണ്ടു ഞങ്ങളുടെ "ചിരുതേയി" പറഞ്ഞു തന്ന ഒരു കഥ ദൃശ്യമാകുകയും ചെയ്തു.

"സര്‍വ്വാഭരണഭൂഷിതയായി മുന്നില്‍ വന്നു നില്‍ക്കാം" എന്ന ആ ഒരൊറ്റ വാചകത്തിന്റെ സ്ഫുരണത്തിലാണു എനിക്കു ഈ കഥയെഴുതാനായത്‌.

കബന്ധങ്ങളും കഴുതപ്പുലികളും
കബന്ധങ്ങളും കഴുതപ്പുലികളും എന്ന ആ കഥ ഒക്ടോബര്‍ ലക്കം തര്‍ജ്ജനിയില്‍ (ചിന്താ ഡോട്ട്‌.കോം) വായിക്കാം


23500

16 അഭിപ്രായ(ങ്ങള്‍):

 1. മൂര്‍ത്തി പറഞ്ഞു...

  വായിച്ചു. കബന്ധങ്ങളും കഴുതപ്പുലികളും നന്നായിട്ടുണ്ട്. ആശംസകള്‍..ധാരാളം എഴുതുക.

 2. എന്റെ ഉപാസന പറഞ്ഞു...

  കാളിയമ്മയെ ഇഷ്ടപ്പെട്ടു.
  മറ്റു കഥകളും നന്നായി.
  :)
  ഉപാസന

 3. പ്രയാസി പറഞ്ഞു...

  മാഷെ..
  വായിച്ചു
  ഇഷ്ടമായി..

 4. വേണു venu പറഞ്ഞു...

  കഥ വായിച്ചു. ഇഷ്ടപ്പെട്ടു. നല്ല ഭാഷയിലൂടെ ഒരു പഴയ കഥയെ പുനരാവിഷ്ക്കരിക്കാന്‍‍ കഴിഞ്ഞിട്ടുണ്ടു്.
  കഥ തുടങ്ങുന്നതിനു മുന്നെയും കഥയ്ക്കുള്ളിലും അവസാനിപ്പിക്കുമ്പോഴും കഥാകൃത്തു് പ്രത്യക്ഷപ്പെടാതിരുന്നെങ്കില്‍‍ കൂടുതല്‍ നന്നായേനേ എന്നു് എനിക്കു് തോന്നി.
  കൂരക്കകത്തു വെട്ടം വീണപ്പോള്‍ കടുങ്കാപ്പി പോലും മോന്താന്‍ നിക്കാതെ കൈക്കോട്ടു തോളിലിട്ടു ചാമി വലിഞ്ഞു നടന്നു. അവിടെ തുടക്കമാക്കി കൊണ്ടു്.
  ഇതെന്‍റെ അഭിപ്രായം മാത്രം . ആശംസകള്‍‍.:)

 5. ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| പറഞ്ഞു...

  മാഷെ, നന്നായിരിക്കുന്നു.....

  സത്യായിട്ടും എനിക്കു മാഷോട് അസൂയ തോന്നുന്നു :)... ചെറുപ്പത്തില് കഥയൊന്നും പറഞ്ഞു തരാന് ആരുമുണ്ടായിരുന്നില്ല....മുത്തച്ചനൊ..മുത്തശ്ശിയൊ....
  ചിരുതയോ..ഒന്നും...തികച്ചും വേറൊരു അണുകുടുംബം....

 6. Cartoonist പറഞ്ഞു...

  കരീമാഷേ,

  കഥയ്ക്കു മുമ്പിലെ കഥയെപ്പറ്റിയാണിത്.
  ഈ ഭാഷയുടെ വാസ്തുശില്‍പ്പശൈലി നോക്കി ആസ്വദിച്ചുകൊണ്ടായിരുന്നു വായന.
  അതീവ ഹൃദ്യമായ ഭാഷ................

  *****************************
  അവസാനത്തെ തിളക്കലിന്റെ ഭാഗമായി ഉണ്ടായ ഒരു വാചകം നെഞ്ചില്‍ തറക്കുകയും അതില്‍ നിന്നു വീശിയ വേദനയര്‍ന്ന ഒരു കാറ്റില്‍ നിന്നും എന്റെ ഓര്‍മ്മപുസ്തകത്തിന്റെ ഏതോ താളില്‍ വിസ്മരിക്കപ്പെട്ടു കിടന്ന ഒരു പേജു നിവരുകയും അതില്‍ എനിക്കു പണ്ടു ഞങ്ങളുടെ "ചിരുതേയി" പറഞ്ഞു തന്ന ഒരു കഥ ദൃശ്യമാകുകയും ചെയ്തു. ................

  ഞാന്‍ വിഷ്വലൈസ് ചെയ്യുകയായിരുന്നു അത്... !!!
  ********************************

  ദേവിബീവിയെക്കുറിച്ച് അബിമാനത്തോടെ പറഞ്ഞത് ഓര്‍മ്മയിലുണ്ട്.

  ബീവി കീ ജെയ് ! (3)

 7. നന്ദു പറഞ്ഞു...

  Dear Kareem Mash.,
  An excellent work, Very strong Language, moreover Good Narration.
  Keep the spirit up.

  With Love,
  nandu

 8. മെലോഡിയസ് പറഞ്ഞു...

  മാഷേ,
  നല്ല എഴുത്ത്. കഥ അസ്സലായിട്ടുണ്ട്.

 9. കിനാവ് പറഞ്ഞു...

  കഥ വായിച്ചു. ഒരു മുത്തശ്ശിക്കഥയായി പോകുമോ എന്ന ഭയമായിരിക്കണം കഥയിലേക്ക് കഥാകൃത്തിനെ കയറ്റിയിറക്കിയതിന് പിന്നില്‍. കഥക്കുള്ളിലെ കഥ, കഥാകൃത്ത് പറഞ്ഞുതരുന്ന ശൈലിയില്‍ നിന്ന് ചിരുതയുടെ ആത്മഗതമാകുകയും വീണ്ടും കഥാകൃത്ത് പറഞ്ഞുതരുകയും ചെയ്യുന്ന രീതിയിലാണ്. എന്നാല്‍ ‘നേരം മോന്തിയാവോളം ഏനും ചിരുതയും ചേര്‍ന്നു ഏത്തം തേവി നിറച്ച പുഞ്ചകണ്ടമാണ്‌...’ ആ ഒരു പാരഗ്രാഫ് മാത്രം ചാമിയുടെ ആത്മഗതമായത് ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്.

  ക്രാഫ്റ്റും ഭാഷയുമൊക്കെ നന്നായിട്ടുണ്ട്. വായിക്കാനൊരു പ്രത്യേക സുഖം.

 10. tk sujith പറഞ്ഞു...

  കരീം മാഷേ
  കഥ വായിച്ചു.നന്നായി.

 11. കരീം മാഷ്‌ പറഞ്ഞു...

  കഥക്കുള്ള ചരിത്രം വായിച്ചു അഭിപ്രായമെഴുതിയ
  മൂര്‍ത്തി,
  എന്റെ ഉപാസന,
  പ്രയാസി,
  വ്
  വേണു,
  ജിഹേഷ്,
  കാര്‍ട്ടൂണിസ്റ്റ്,
  നന്ദു,
  മെലോഡിയസ്,
  കിനാവ്,
  സുജിത്

  എന്നിവര്‍ക്കു നന്ദി.
  വേണുവിന്റെ നിര്‍ദ്ദേശം വളരെ നന്നായി.
  (ആ ‘മങ്കാലമറ’ പുത്തന്‍ തലമുറയിലെ ആര്‍ക്കും പരിചിതമല്ലാത്തതിനാല്‍ അതിന്റെ സാങ്കേതിത്വവും പ്രയോഗവും സത്യവും വിവരണത്തിലൂടെ വായനക്കാരനെ ബോധ്യപ്പെടുത്താന്‍ വേറെ വഴി കാണാത്തതിനാലാണു കഥ കൃത്തിനു തന്നെ കഥയിലേക്കിറങ്ങേണ്ടി വന്നത്).

 12. മയൂര പറഞ്ഞു...

  മാഷേ, ആശംസകള്‍.... :)

 13. മന്‍സുര്‍ പറഞ്ഞു...

  മാഷേ ...

  ആദ്യമേ അഭിനന്ദനഗ്ങള്‍ അറിയിക്കട്ടെ...
  പവിത്രനില്ലായിരുന്നെകില്‍ ഒരു പക്ഷേ മലദൈവങ്ങള്‍ക്ക്‌ ചീരുതയോട്‌ വാക്ക്‌ പാലിക്കാന്‍ കഴിയാഞത്‌ പോലെ ഈ കഥയോട്‌ കൂറ്‌ പുലര്‍ത്താന്‍ കഴിയാതെ പോകുമായിരുന്നു.ഏതൊരു വായനക്കാരന്‍റെയും മനസ്സിനുള്ളിലെ ആകാംഷയും ഉത്‌കണഠയും കഥയുടെ പര്യാവസാനത്തെ കുറിച്ചായിരിക്കുമല്ലോ...ഇവിടെ കഥയോടും..വായനക്കാരനോടും നൂറ്‌ ശതമാനം നീതി പാലിക്കാന്‍ എഴുത്തുക്കാരന്‌ സാധിച്ചിരിക്കുന്നു.
  പണ്ടെന്നോ കേട്ടും..കണ്ടും മറന്ന ചാമിയും,ചീരുതയും,ചക്കിയും,ചാത്തനും,
  കുണ്ടനും...ഒരിക്കല്‍ കൂടി കണ്‍മുന്നിലൂടെ കടന്നുപോയൊരു അനുഭവം.
  എശമാനനായ തബ്രചെക്കന്റെ പിരാന്തിന്ന്‌ ദാരുണമായൊരന്ത്യം വിധിച്ചൊരാ മങ്കാലമറ...ഇന്നും ഉണ്ടായിരുന്നെങ്കിലെന്ന്‌ മനസ്സ്‌ കൊതിച്ചു പോയി എന്നത്‌ ഇവിടെ വിസ്‌മരിക്കുന്നില്ലാ....
  ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും സന്ദര്‍ഭോച്ചിതമായി ഇവിടെ കടന്നു വരുന്നു.കഥയെഴുതാനുള്ള എഴുത്തുക്കാരന്റെ ചിന്തകള്‍ക്ക്‌ മുന്നില്‍ പുഴവക്കത്തെ കല്‍പടവുകള്‍ മൌനം പാലിച്ചുവെങ്കിലും ...നിറംമങ്ങിയോരാ ഓര്‍മ്മകള്‍ വീണ്ടും പുനര്‍ജനിക്കുന്നു ലളിതമാര്‍ന്ന വരികളിലൂടെ.....എഴുത്തുക്കാരന്റെ സ്വയം ഏറ്റുപറച്ചിലുകളിലൂടെ.....ഒപ്പം പഴമയുടെ കണ്ണിയറ്റു പോയൊരാ ഭാഷ പ്രയോഗങ്ങള്‍...എല്ലാം ഒത്തിണങ്ങിയപ്പോല്‍ കഥക്കൊപ്പം എഴുത്തുക്കാരനും വിജയം വരിച്ചിരിക്കുന്നു.

  നന്‍മകള്‍ നേരുന്നു
  സസ്നേഹം മന്‍സൂര്‍,നിലംബൂര്‍

 14. ശെഫി പറഞ്ഞു...

  പ്രിയപ്പെട്ട കരിം മാഷ്‌,

  കബന്ധങ്ങളും കഴുതപ്പുലികളും വായിച്ചു. വളരെ നന്നായിരിക്കുന്നു.
  ഭാഷയും ക്രാഫ്റ്റും നന്നായിരിക്കുന്നു.

  കഥ പറച്ചിലിന്റെ രീതിയും രസാവഹമായിരിക്കുന്നു. കഥക്ക്‌ നല്ല ഒഴുക്കുണ്ട്‌. വായനയുടെ രസച്ചരട്‌ ഒരിക്കലും മുറിയുന്നില്ല തന്നെ.

  ഇനിയും എഴുതുക

  ഭാവുകങ്ങള്‍

 15. കലേഷ് കുമാര്‍ പറഞ്ഞു...

  കഥ വായിച്ചു.
  നന്നായിട്ടുണ്ട്!

 16. KMF പറഞ്ഞു...

  :)