മണ്ണും മൺവെട്ടിയും.
കർഷകൻ ആരോഗ്യദൃഢഗാത്രനായിരുന്നു. അയാൾക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
ഒന്നു മണ്ണും മറ്റേത് മൺവെട്ടിയും.
മണ്ണിനെയാണയാൾ ആദ്യം സ്വന്തമാക്കിയത്. അവൾ കന്യകയായിരുന്നു, (അവൾക്കു അതിൻെറ പൊസസീവ്നസും ഉണ്ടായിരുന്നു). പിന്നെയാണയാൾ മൺവെട്ടിയെ സ്വന്തമാക്കിയത്.
"തായിൽ പീലി" വെൽഡ് ചെയ്ത പരിപൂർണ്ണ ഇരുമ്പു മൺവെട്ടി.
ആ മൺവെട്ടി കൊണ്ട് മണ്ണു മുഴുവൻ കിളച്ചു മറിച്ചയാൾ വിത്തു വിതച്ചു.
വരണ്ട മണ്ണിൽ കൂടെക്കൂടെ വെള്ളം നനച്ചയാൾ ചെടികൾക്കു എപ്പോഴും ഈർപ്പം നിലനിർത്തി.
ഇടക്കിടക്കു മണ്ണു കൈക്കുമ്പിളിൽ കോരിയെടുത്തു ചുംബിച്ചും, മണത്തും അംമ്ല ഗുണം ഗണിച്ചു.
മണ്ണിനതൊന്നും മതിയായിരുന്നില്ല. ഞാനാണാദ്യം കൂട്ടിനെത്തിയത്,
ഞാനാണ് വിത്തു മുളപ്പിച്ചു കൊടുത്തത്,
ഞാനാണ് ചെടിക്കു താങ്ങും തറയുമായത്,
എന്നിട്ടും മൺവെട്ടിയാണ് സദാ സമയവും കൂടെ..!
പണി തീർന്നാൽ കഴുകി വൃത്തിയാക്കിയ മൺവെട്ടി, ആ തോളിൽ കേറിയിരുന്ന് ആടിയാടി അയാളുടെ കഴുത്തിലുമ്മ വെച്ച് ദൂരെ വരമ്പിലൂടെ വീട്ടിലേക്കൊപ്പം പോകുന്നതും നോക്കിയിരുന്ന് മണ്ണിൻെറ അസൂയ വളർന്നു വലുതായി.
"വരട്ടെ....ഒരു ദിവസം ഞാൻ പകരം വീട്ടും...!"
ഒരു ദിവസം മണ്ണു കെണി വെച്ചു കാത്തിരുന്നു.
കഠിനമുള്ള മണ്ണിനടിയിൽ അയഞ്ഞ മണ്ണ് ഒളിപ്പിച്ചു വെച്ചവൾ കാത്തിരുന്നു.
പതിവു പോലെ പുലരിയിൽ കർഷകനെത്തി, തേച്ചു മിനുക്കിയ മൺവെട്ടിയുമായി...
ആദ്യ കൊത്ത് മണ്ണിൽ വീണു...
മണ്ണ് പ്രഥമ സ്പർശനമേറ്റതു പോൽ പിടഞ്ഞു.
എങ്കിലും വാശി വിട്ടു കൊടുത്തില്ല. മൺവെട്ടിക്കു മുന്നിൽ ഒരിഞ്ചു പതറാതെ പ്രതിരോധിച്ചു നിന്നു.
അടുത്ത കൊത്ത് അതിലും ശക്തിയോടെയായിരുന്നു. മണ്ണ് പതറിപ്പോയി...
കൂട്ടു പിടിച്ചു വെച്ച ഉറപ്പ് പൊടിഞ്ഞില്ലാതെയായി..പിന്നീടാ കുഴഞ്ഞയഞ്ഞ മണ്ണിൽ, വെണ്ണയിൽ വാളു കൊണ്ടു വെട്ടുന്നതു പോലെ മൺവെട്ടിയൊരു മിന്നൽ പിണറായി പാഞ്ഞു.
കർഷകനൊരു ആർത്തനാദത്തോടെ പിറകോട്ടു വീണു.
കാലിൽ കൈക്കോട്ടു കൊണ്ടു ഒരു ചെത്ത്.
മണ്ണും മൺവെട്ടിയുമുപേക്ഷിച്ചയാൾ ഓടി.
ഓടിയ വഴിയിലൊക്കെ ചോരയൊഴുകി നനഞ്ഞു ചോപ്പായി...
കാലം കുറേയായി...
കർഷകനെക്കുറിച്ചൊരറിവുമില്ല.
വരണ്ട മണ്ണും, തുരുമ്പെടുത്ത മൺ വെട്ടിയും എപ്പോഴും ദൂരേക്കു മിഴിനട്ടു കർഷകനെ കാത്തിരിക്കും. പക്ഷെ അവൻ വന്നില്ല.
മണ്ണും മൺവെട്ടിയും വൃഥാ കാത്തിരുന്നു നശിക്കാൻ തുടങ്ങിയിട്ടേറെ കാലമായി.
------------------------------------------------------