ശനിയാഴ്‌ച, സെപ്റ്റംബർ 26, 2009

യാത്രക്കളരി

യാൾ ചോരയൊലിക്കുന്ന മോണ ഒരു കൈ കൊണ്ടു പൊത്തിപ്പിടിച്ചു മറ്റേ കൈകൊണ്ടു ബാഗും തൂക്കി കിട്ടിയ സ്റ്റേഷനിൽ ചാടിയിറങ്ങിപ്പോയപ്പോൾ ഞാൻ തിരിച്ചു എന്റ്റെ സീറ്റിനനടുത്തേക്കു തന്നെ വന്നു.

അയാൾ കിടന്നിരുന്ന തറയിൽ ഒരു തിളക്കം കണ്ടു സൂക്ഷിച്ചു നോക്കി.
മുന്നിരയിലെ ഒരു പല്ലാണു താഴെ കിടക്കുന്നത്!
അമ്മായിക്കു കളരിയറിയാമെന്നതു എന്‍റെ ആദ്യ അറിവായീരുന്നു.
ഇത്രക്കും സംഭവബഹുലമായ നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ദ്വന്ദയുദ്ധം നടന്നിട്ടും ഒന്നു മറിയാത്ത രീതിയിൽ അമ്മായി വീണ്ടും കിടക്കാൻ ഒരുങ്ങുന്നു, ബർത്തിൽ സ്ഥാനം തെറ്റിയ തുണി ശരിക്കു വിരിക്കുന്നു.
എന്റെ ഏറ്റവും രസകരവും അതേ സമയം ഭയാനകവുമായ ഒരു ട്രെയിന്‍ യാത്രയിലെ ഇന്നും ഓർക്കുന്ന രംഗമാണിത്‌.

എന്റെ അമ്മായിക്കു പറ്റിയ പണി വനിതാ പോലീസിന്റെയാണ്‌.
ചെറുപ്പത്തിലേ അവർ വളരെ വിളഞ്ഞ പുള്ളിയായിരുന്നിരിക്കണം.
കാരണം മറ്റു അമ്മായിമാരൊക്കെ പച്ചപ്പാവങ്ങളാണ്.
പച്ചവെള്ളം ചവച്ചു കുടിക്കുന്നവര്‍.
അവർക്കൊക്കെ അനുയത്തിയായ ഇവളെ പണ്ടേ ഭയങ്കര പേടിയായിരുന്നു.

അമ്മായിക്കു ഖുർആൻ കാണാപാഠം പഠിച്ചതിന്റെ സർട്ടിഫിക്കറ്റും, സമസ്ത നടത്തിയ പൊതു പരീക്ഷയിൽ ഫസ്റ്റ്‌ ക്ലാസിൽ പാസായ സർട്ടിഫിക്കറ്റും ഉണ്ടായിട്ടെന്താ കാര്യം!
ഇപ്പോൾ കാലു തടഞ്ഞു വീണാലും പടിഞ്ഞാറോട്ടു വീഴില്ല എന്നാണു വാശി.
കാരണം കല്യാണം കഴിച്ചു കൊണ്ടു പോയതു മൂത്ത കമ്യൂണിസ്റ്റുകാരുടെ വീട്ടിലേക്ക്‌.
അതു കൊണ്ടെന്താ പെണ്ണിനു നല്ല സ്വാതന്ത്യം കിട്ടി.
എല്ലാരും കടന്നു ചെല്ലാൻ പേടിക്കുന്നിടത്തും അറക്കുന്നിടത്തും നല്ല പെണ്ണത്തത്തോടെ ചെന്നു ചങ്കൂറ്റത്തോടെ കാര്യം നടത്തി ഒന്നും നഷ്ടപ്പെടുത്താതെ തിരിച്ചു വരും.
അതിനാൽ നാടു വിട്ടു പോയി ഒരു കാര്യം നടത്താനും പെണ്ണുങ്ങൾ മാത്രം ചെല്ലാൻ പറ്റുന്നിടത്തു തന്റേടമുള്ള ഒരു പെണ്ണായി ചെല്ലാനും എല്ലാരും സഹായം തേടുന്നത്‌ അമ്മായിയെയാണ്‌.

മൂത്ത അമ്മായിക്കു ബ്രയിൻ ട്യൂമറായി തിരുവനന്തപുരം ശ്രീചിത്തിരത്തിരുനാൾ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിൽ കൂടെ ആരെയും നിൽക്കാൻ അനുവദിക്കില്ല.

അതിനാൽ പുറത്തു ഒരു ലോഡ്ജ്‌ എടുത്ത്‌ അവിടെ താമസിക്കണം.
ഒരു പെൺതുണ വേണം.
ആര്‍ക്കും വേറൊന്നു ചിന്തിക്കാനില്ല.
അതിനു അമ്മായി തന്നെ.

പക്ഷെ ഒരു ആൺ തുണ വേണം.
ഒരു പാടു ചിന്തിച്ചു. തറവാട്ടിലെ ആണുങ്ങളെല്ലാം പത്താം തരവും ടൈപ്പും പഠിച്ചു ഗള്‍ഫിലാണ്.
നാട്ടിലുള്ളത് ഈ ഞാന്‍ മാത്രം!
അതിനാല്‍ തെരെഞ്ഞെടുത്തത്‌ എന്നെ.
ഞാന്‍ അന്നു പത്താം ക്ലാസു പരീക്ഷയെഴുതി നിൽക്കുന്ന കാലം.
മണ്ണാർക്കാടിനും കോഴിക്കോടിനും അപ്പുറത്തു ലോകം കണ്ടിട്ടില്ലാത്ത ചെക്കൻ.
തിരുവനന്തപുരം കാണാൻ കിട്ടിയ അവസരം വിട്ടില്ല.
തിരൂരിൽ നിന്നു ട്രെയിനിലാണു യാത്ര.
തിരുവനന്തപുരത്തു നിന്നും കെ.എസ്‌.ആർ.ടി.സിയിൽ കേശവദാസപുരത്തേക്കു പോയാൽ അവിടേയാണു ലോഡ്‌ജ്‌.

ഒരു പെണ്ണിന്റെ സംരക്ഷകനായി ഇല്ലാത്ത പൊടിമീശ ചുരുട്ടി ഗമയിലാണു ട്രൈയിൻ യാത്ര.
ഇല്ലാത്ത മസിലു പെരുപ്പിച്ചു കാട്ടാന്‍ ഇടക്കിടക്കു ശ്വാസം പിടിച്ചു നിന്നു അവസാനം ഉള്ള ഉശിരും ചോരും.
തിരൂരില്‍ നിന്നു തിരുവന്തപുരം വരെ, പോകും വഴിക്കു അനർത്ഥങ്ങൾ ഒന്നുമുണ്ടായില്ല.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി.
കെ.എസ്‌.ആർ.ടി.സി ബസ്‌സ്റ്റേഷനിലേക്കു  ഓട്ടോറിക്ഷ വിളിച്ചതു എന്റെ മണ്ടത്തരമെന്നു പറയാനാവില്ല, പക്ഷെ അറിവില്ലായ്മയായിരുന്നു.

അപ്പോൾ തന്നെ ഡ്രൈവർ ഒരു കള്ളച്ചിരി ചിരിച്ചതു ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.
“‘മലപ്പുറത്തെ താത്തയും മോനും” എന്നു ആ ഡ്രൈവരുടെ അണ്ടർ എസ്റ്റിമേഷനാണു അയാൾക്കു വിനയായത്‌.
നാലു കറക്കം കറക്കി ഓട്ടോ കെ.എസ്‌.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നു നിന്നപ്പോൾ ഞാൻ കൂലി ചോദിച്ചു അതു കൊടുക്കുകയായിരുന്നു.

അന്നേരമാണു അമ്മായി "തിരുവന്തപുരം സെണ്ട്രല്‍ റൈൽവേ സ്റ്റേഷൻ" എന്ന ബോർഡു തൊട്ടു എതിരിൽ റോഡിനപ്പുറം കണ്ടത്‌.
പത്തു രൂപ പോക്കറ്റിലേക്കിടുന്നതിനു പിറകെ അമ്മായിയുടെ കൈ ആ ഡ്രൈവരുടെ കോളറിൽ പിടുത്തമിട്ടു,
അമ്മായി പിടുത്തം മുറുക്കി ഒറ്റ വലി,
അയാള്‍ താഴെ റോഡിൽ!
ഞാൻ അന്തം വിട്ടു നിൽക്കുന്നതിനിടെ അമ്മായിയുടെ അലറൽ !
" നായിന്റെ മോനെ ഈ റോഡു മുറിച്ചു കിടക്കുന്നതിനാണടോ ഞങ്ങളെ നീ അഞ്ചു കിലോമീറ്റർ ഓടിച്ചത്‌?."
"നിങ്ങൾക്കു സ്ഥലം അറിയാത്തതിനു ഞാൻ എന്തു പെഴച്ചു. എന്റെ ഓട്ടോ ഓടിച്ചതിന്റെ ചാർജ്ജാ ഞാൻ ചോദിച്ചത്‌? “

അയാള്‍ സ്വയം ന്യായികരിക്കാനുള്ള ശ്രമം.
“ഞങ്ങൾക്കു സ്ഥലം അറിയില്ലങ്കിൽ തനിക്കു സ്ഥലം അറിയാമായിരുന്നില്ലേ? “
“ഓട്ടോറിക്ഷക്കാരൻ എങ്ങനെയായിരിക്കണമെന്നു നീ കോഴിക്കോടു വന്നു പഠിക്ക്‌! “
അമ്മായി വിട്ടു കൊടുക്കാനുള്ള ഭാവമില്ല.
ആളുകൾ കൂടാൻ തുടങ്ങിയപ്പോൾ ഓട്ടോക്കാരൻ ആ പത്തു രൂപയെടുത്തു എനിക്കു തിരികെ തന്നു സ്ഥലം വിടാൻ ധൃതി കൂട്ടി.
അമ്മായി എന്റെ കയ്യിൽ നിന്നു പൈസയെടുത്തു അവന്റെ മുഖത്തേക്കു നോക്കി വലിച്ചൊരേറ്!!
എന്നിട്ടു വൈജയന്തി ഐ.പി.എസ് നടക്കുന്ന രീതിയിൽ സ്ലോമോഷനിൽ ബസ്സിനടുത്തേക്കു ഒരു നടത്തവും !!.
അന്നു ലോഡ്ജിലെത്തുന്നതു വരെ എന്റെ വിറ നിന്നിട്ടില്ലായിരുന്നു, സത്യം.
ആശുപത്രി ജോലികളൊക്കെ തീർത്തു മടങ്ങിപ്പോരുമ്പോഴാണു രണ്ടാമത്തെ സംഭവം ഉണ്ടായത്‌.
രാത്രിയിലാണു ട്രയിൻ പുറപ്പെടുന്നത്‌.
അതിനാൽ തെരക്കു കുറവാണ്‌. ഞാനും അമ്മായിയും ബർത്തിൽ ബ്ലാങ്കറ്റു വിരിച്ചു ഉറങ്ങാൻ കിടന്നു.
ഒരാൾ പതിയെ നടന്നു വരുന്ന കാലൊച്ച കേട്ടു.
കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണം!
അയാൾ ബാഗവിടെ വെച്ചു സൈഡ്‌ സീറ്റിൽ ഇരുന്നു.
ട്രയിനില്‍ എന്തോരം യാത്രക്കാരുണ്ടാവും ഞാനെന്തീനു ടെന്‍ഷനടീക്കണം!
എനിക്കു നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.
ഞാൻ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ കിടന്നുറക്കമായി.
പെട്ടെന്നു എന്തോ പൊളിഞ്ഞു വീഴുന്നപോലെ ഒരു ഒച്ച കേട്ടാണു ഞാൻ ഞെട്ടിയുണർന്നത്‌.
കൂടെ ഒരു ആണിന്റെ യാതൊരു ലജ്ജയുമില്ലാത്ത നിലവിളിയും.
അമ്മായിയുടെ കൈ കാലുകൾ മിന്നൽ വേഗത്തിൽ ചലിക്കുന്നതു അരണ്ടവെളിച്ചത്തിൽ കണ്ടു.
ഒപ്പം അയാളുടെ വിവിധ ഫ്രീക്കൻസിയ്‌ലെ കരച്ചിലും.
ഞാൻ ബർത്തിൽ നിന്നു ചാടിയിറങ്ങി, ലൈറ്റിട്ടപ്പോൾ അയാൾ ബാഗും തൂക്കി അടുത്ത കമ്പാർട്ടുമെന്റിലേവിടെയോ ഓടി ലയിച്ചു. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അയാളെ കുറേ തെരെഞ്ഞു. കണ്ടില്ല.
പക്ഷെ അടുത്ത സ്റ്റേഷനെത്തിയപ്പോള്‍ അയാൾ ചാടിയിറങ്ങി പോകുന്നതു കണ്ടു.
കാര്യം തെരക്കാൻ വീണ്ടും അമ്മായിയുടെ അടുത്തു വന്നപ്പോൾ ഒന്നും സംഭവിക്കാത്തമട്ടിൽ അമ്മായി പറഞ്ഞു,
“നീ കിടന്നോ“
“ഞാൻ മൂസക്കുരിക്കളുടെ ശിഷ്യയാണെന്നു അവനറിയാതെ പോയി. പാവം! “
തറയിൽ കിടക്കുന്ന പല്ലു കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു.
പിന്നെ എനിക്കു ചിരി വന്നു.
അമ്മായിയെ കേറി പിടിക്കാൻ പോയ ആ പാവം വിടനെ ഓർത്ത്‌.
പിന്നെ എനിക്കു ലജ്ജ വന്നു,
ബിന്ദു പണിക്കരെപ്പോലെയുള്ള അഴകിയ അമ്മായിയെ കാവലേൽപ്പിക്കപ്പെട്ട ഞാൻ
രാത്രി വണ്ടിയിൽ സ്ഥലകാല ബോധമില്ലാതെ പോത്തുപോലെയുറങ്ങിയതിന്‌.
പിന്നെ എനിക്കു അഭിമാനം തോന്നി!
കുരിക്കൾക്കും ശിഷ്യർക്കും നിത്യവും കഞ്ഞിവെള്ളം കൊടുക്കാൻ പോയി തടുക്കിന്റെ മറയിലൂടെ അഭ്യാസങ്ങൾ കണ്ടു പഠിച്ച്‌ ഏകലവ്യനെപ്പോലെ സ്വയം കളരിമുറ നേടിയ അമ്മായിയെക്കുറിച്ച്‌.
അതു കണ്ടു ഗുരിക്കൾ മറ്റു പെൺകുട്ടികളെ കളരിപഠിപ്പിക്കാൻ ധൈര്യം നൽകിയ  അമ്മായിയെക്കുറിച്ച്, പിന്നിടു കെട്ടിച്ചു വിട്ടേടത്തു ചുറ്റുവട്ടത്തുള്ള അഞ്ചെട്ടു പെൺകുട്ടികളെ കളരി പഠിപ്പിച്ചിരുന്ന അമ്മായിയെ ഓർത്ത്.

7 അഭിപ്രായ(ങ്ങള്‍):

 1. SAMAD IRUMBUZHI പറഞ്ഞു...

  തിരുവനന്തപുരം കാണാന്‍ ഓട്ടോറിക്ഷയില്‍ പോയ സായിപ്പിനെ ഓര്‍ത്തു. "കേരളത്തിന്നു ഇരുപത്തഞ്ചു നിയമസഭ അതും എല്ലാം ഒരേപോലെ.........."

 2. ചന്ദ്രകാന്തം പറഞ്ഞു...

  പഠിച്ചിരിയ്ക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍.
  അമ്മായിയെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.

 3. ശിഹാബ് മൊഗ്രാല്‍ പറഞ്ഞു...

  അമ്മായി കൊള്ളാല്ലോ.. :)

 4. അജ്ഞാതന്‍ പറഞ്ഞു...

  kareem mashe ella postukalum 2days kondu vayichu. ellam valare nannayirikkunnuu...

  sheeba

 5. OAB/ഒഎബി പറഞ്ഞു...

  കഞ്ഞിവെള്ളക്കളരി അമ്മായി ആ ഓട്ടോക്കാരനെ പിടിച്ച് വച്ചുള്ള ആ ഡയലോഗ്? ആഹ..ഹ.
  നല്ല അമ്മായിയാ, പക്ഷേ പടിഞ്ഞാറോട്ട് വീഴില്ല എന്ന് കേട്ടപ്പൊ എന്തോ...ഒരനിഷ്ടം.

 6. ജുനൈദ് ഇരു‌മ്പുഴി പറഞ്ഞു...

  great.. ennu parayathe vayya, kadaparanja reethi urgan.. sharikkum rasichu

 7. പള്ളിക്കരയില്‍ പറഞ്ഞു...

  അമ്മായിയാണ് ആങ്കുട്ടി.