വെള്ളിയാഴ്‌ച, ഒക്‌ടോബർ 23, 2009

സമൂസ

അസ്മയെ പരിചയപ്പെട്ടതു വരെ എനിക്കു സമൂസയോടു വലിയ പ്രതിപത്തിയൊന്നും തോന്നിയിരുന്നില്ല. അസ്മക്കു ഏഴോ അതോ എട്ടോ വയസ്സേ പ്രായം കാണൂ. എന്റെ മകളുടേതിനു തുല്യമായ പ്രായവും അതേ പോലുള്ള തുള്ളിത്തുള്ളിയുള്ള നടത്തവുമായിരിക്കും എന്റെ മനസ്സിൽ വല്ലാത്തൊരിഷ്ടത്തിനിടം അവൾക്കു കൽപ്പിച്ചു കൊടുത്തത്‌.
ഉമ്മുൽഖുവൈൻ കോർണ്ണീഷിലെ പാർക്കിൽ വെച്ചാണവളെ ആദ്യമായി കണ്ടത്‌.
പാർക്കിലെ പച്ചപുൽത്തകിടിയിൽ ഒന്നിരിക്കാൻ നല്ലയിടം തേടുമ്പോഴായിരിക്കും എവിടെ നിന്നോ അവൾ ഓടിയെത്തുക.
കയ്യിൽ ഒരു പാത്രത്തിൽ നിറയെ സമൂസ കാണും.
മൂടി തുറന്നു അടുത്തു വന്നവൾ കെഞ്ചും
"ബയ്യാ.. സമൂസാ ലീജിയേ "
" ആജ്‌ പൂരാ ബാഖി ഹോ ഗയാ.. ജീ !..'
ശരിയായിരിക്കും പാത്രം നിറച്ചുമുണ്ടാവും.
ദയ തോന്നി എല്ലാരും ഈരണ്ടെണ്ണം വീതമെടുത്താൽ അവൾക്കു നല്ല സന്തോഷമാകും.
പാർക്കിൽ ആളുകളെല്ലാം പിരിഞ്ഞു പോകുന്നതിന്നു മുൻപെ അവളുടെ പാത്രം കാലിയായാൽ അവൾക്കു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാണ്‌.
വീട്ടിലേക്കുള്ള ഓട്ടത്തിനിടെ അവൾ വിളിച്ചു പറയും.
"ബയ്യാ കൽ ബി ആനാ ന: ബൂൽനാ.."

അസ്മ, ഒരു കാഷ്മീരി പെൺകുട്ടിയാണ്‌.
അവളുടെ പിതാവു ദുബൈയിലെ ഏതോ വലിയ ഒരു കെട്ടിടത്തിന്റെ കൺസ്ട്രക്ഷൻ ജോലിക്കിടയിലാണു മരണപ്പെട്ടതെന്നും തിരിച്ചുപോകാൻ ഒരു ഇടമില്ലാത്തതിനാൽ അവളുടെ മാതാവും ഒരനിയനും ഈസ്റ്റ്‌ ഇംഗ്ലീഷ്‌ സ്കൂളിന്റെ പിറകിലെവിടെയോ ഒരു കാലഹരണപ്പെട്ട വില്ലയിൽ അനധികൃതമായി കുടിയേറ്റം തുടരുകയാണെന്നും പിന്നെ ആരോ പറഞ്ഞെനിക്കറിയാം.
അതിനാൽ അവളുടെ ഉമ്മിയെ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവരുടെ മനക്കട്ടിയെ ബഹുമാനിച്ചു കൊണ്ടാണു ഞാൻ പിന്നീടെപ്പോഴും ആ സമൂസ തിന്നു തീർക്കാര്‌.
പ്രിയപ്പെട്ടവന്റെ മരണത്തിനു ശേഷം ഒരന്യനാട്ടിൽ ആശ്രയത്തിനാരുമില്ലാതെ ജീവിതയോധനത്തിനായും പിഞ്ചുകുഞ്ഞുങ്ങളെപ്പോറ്റാനുമായി ആ കശ്മീരി യുവതി നേരിന്റെ പാത വിടാതെ തനിക്കറിയാവുന്ന അന്തസ്സുള്ള പണി ചെയ്യുന്നു.
നല്ല സ്വാദുള്ള സമൂസയുണ്ടാക്കി, പുലർച്ചെ പരിസരത്തുള്ള നാലഞ്ചു ഹോട്ടലുകളിൽ അസ്മയുടെ കയ്യിൽ കൊടുത്തയക്കുന്നു. അസ്മ വീണ്ടും വൈകുന്നേരം തിരിച്ചു ആ ഹോട്ടലുകളിലെത്തി, വിറ്റതിന്റെ കമ്മീഷൻ കഴിച്ചു ബാക്കി പൈസയും വിൽക്കാതെ ബാക്കിയായ സമൂസയും ശേഖരിക്കുന്നു.

ആ സമൂസയും കൊണ്ടാണു അസ്മ വൈകുന്നേരം കോർണ്ണീഷിലെ പാർക്കിലെത്തുന്നത്‌.
എട്ടു പത്തു മണിക്കൂറിന്റെ പാചകപ്പഴക്കമുള്ള ആ സമൂസ കഴിക്കാൻ എനിക്കു ഇഷ്ടമല്ലായിരുന്നു. പക്ഷെ നിരന്തരം അവളുടെ ഭംഗിയുള്ള കഷ്മീരി ഉർദ്ദുവിലെ അഭ്യർത്ഥന കേട്ടു കേട്ടു മയങ്ങിയാണു ഒരു ദിനം അതു രുചിച്ചു നോക്കാൻ എനിക്കു തോന്നിയത്‌.
അതു ഒഴിവാക്കനാവാത്ത ബലഹീനതായി മാറിയത്‌, അവളുടെ കഥകൾ കേട്ടപ്പോൾ ഒരു ഭാരതീയ പ്രജയോടു മറ്റൊരു ഭാരതീയ പ്രജക്കു തോന്നിയ ദേശസ്നേഹത്തിലധിഷ്ഠിതമായ സിമ്പതി കാരണവും.
ആദ്യമൊന്നിന്റെ രുചിയറിഞ്ഞതിനു ശേഷം പിന്നെ ആ ആഗ്രഹമായിരുന്നു എന്നെ കോർണീഷു വരെ നടത്തിയിരുന്നത്‌ പലപ്പോഴും.
ഒന്നുറങ്ങിയ നെയ്യപ്പത്തിന്റേയും രണ്ടുണർന്ന മോരു കാച്ചിയതിന്റെയും സ്വാദിന്റെ മദ്‌ഹുകൾ കേട്ടു വളർന്ന കുട്ടിക്കാലം ഓർമ്മ വരും.
പല ഹോട്ടലുകളിൽ നിന്നു ബാക്കി വന്ന പല ഉള്ളടക്കമുള്ള സമൂസകളിൽ നിന്നു ഒന്നു തെരെഞ്ഞെടുമ്പോൾ അതിനകത്തെ ഉള്ളടക്കം എന്താവുമെന്ന അകാംക്ഷ ഒരു സ്ക്രാച്ച്‌ & വിൻ കൂപ്പൺ സ്ക്രാച്ചു ചെയ്യുമ്പോഴുണ്ടാവുന്ന അതേ കൗതുകമാണു ഞങ്ങളിലുണ്ടാക്കിയിരുന്നത്‌.
ചിലതിനകത്തു മട്ടനായിരിക്കും മറ്റു ചിലതിൽ ചിക്കനോ, കീമയോ, ഗ്രീൻ പീസോ, ആലുവോ വെജിറ്റബിളോ ഏതാണുണ്ടാവുകയെന്നു പറയാനും പ്രവചിക്കാനുമാവാത്ത വിധത്തിൽ കലർന്നു കിടക്കുയ്കയായിരിക്കും. അവൾക്കു പോലും ഏതാണേത്‌ എന്നു പറഞ്ഞു തരാനാവാസ്ഥ അവസ്ഥ.
അതു തന്നെയായിരുന്നു അതു വാങ്ങുന്നതിലെ കൗതുകവും.
കാലങ്ങളേറെയായി അവളെ ഞാൻ മറന്നതായിരുന്നു.അവളുടെ സമൂസയേയും.
അസ്മയേയും അവളുടെ സമൂസയെയും ഒരിക്കൽ കൂടി സ്ക്രാച്ചു ചെയ്തു ഗിഫ്റ്റായി തന്ന ഈ പോസ്റ്റിനു സമൂസ നന്ദി.

59680

18 അഭിപ്രായ(ങ്ങള്‍):

  1. വിനുവേട്ടന്‍ പറഞ്ഞു...

    കഥ വായിച്ചു കൊണ്ടിരിക്കെ, ഇവിടെയുള്ള വെയ്‌സ്റ്റ്‌ ബിനുകള്‍ക്ക്‌ സമീപം എന്നും രാവിലെ സമ്പന്നര്‍ ബാക്കിവച്ച കുബൂസിന്റെയോ റൊട്ടിയുടെയോ അവശിഷ്ടങ്ങള്‍ തേടുന്ന അഫ്ഗാന്‍ ബാലികമാരെ ഓര്‍ത്തുപോയി മാഷേ...

  2. രഘുനാഥന്‍ പറഞ്ഞു...

    അസ്മ എന്ന പെണ്‍കുട്ടിയും അവളുടെ അമ്മയും ഒരു നോവായി മനസ്സില്‍ നിറയുന്നപോലെ..നല്ല കഥ മാഷേ..

  3. കണ്ണനുണ്ണി പറഞ്ഞു...

    ചില ഇഷ്ടങ്ങള്‍....നൊമ്പരങ്ങള്‍ ഒക്കെ ഇത് പോലെ മിക്കവര്‍ക്കും ഉണ്ടാവും...
    നാം ജീവിക്കുന്നു എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട്...
    അസ്മയെ എനിക്കും ഇഷ്ടായിട്ടോ മാഷേ....സ്ക്രാച്ച് ആന്‍ഡ്‌ വിന്‍ സമൂസയും

  4. കാട്ടിപ്പരുത്തി പറഞ്ഞു...

    മാഷിന്റെ മനസ്സിന്റെ തെളിച്ചമാണീ പോസ്റ്റ്-
    അഭിനന്ദനങ്ങള്‍-

  5. sHihab mOgraL പറഞ്ഞു...

    ഹൃദയനൈര്‍മല്യത്തിന്റെ തുഷാരത്തുള്ളികള്‍ ഇനിയും പൊടിയട്ടെ..

  6. Rare Rose പറഞ്ഞു...

    നല്ലൊരു പോസ്റ്റ് മാഷെ.വിധിയോട് സധൈര്യം പോരാടുന്ന അസ്മ്നയെയും,അവളുടെ അമ്മയെയും സമൂസയുടെ രുചിഭേദങ്ങളിലൂടെ ഇങ്ങനെ പകര്‍ത്തിയെഴുതിയപ്പോള്‍ നല്ല തെളിച്ചം..

  7. ആഗ്നേയ പറഞ്ഞു...

    അസ്മയുടെ ഉമ്മയെപ്പോലെ പലരേയും അറിയാം..ഒരു സങ്കടം ബാക്കിയാകുന്നു

  8. NPT പറഞ്ഞു...

    മാഷെ...നന്നയിട്ടുണ്ട്..

  9. ഭായി പറഞ്ഞു...

    ഓര്‍ക്കാന്‍ അങിനെ ഒരു നൊംബരം കൂടി...
    ഇപ്പൊഴും അതോര്‍ക്കുകയും പങ്കുവെയ്ക്കുകയും ചെയ്ത ആ മനസ്സില്‍ കനിവിന്റെ ഒരു നീരുറവ കാണാന്‍ സാധിക്കുന്നുണ്ട് ആ നല്ല മനസ്സിന് നന്ദി....

  10. അജ്ഞാതന്‍ പറഞ്ഞു...

    കൊള്ളാം .. നന്നായിരിക്കുന്നു,...

  11. Manoraj പറഞ്ഞു...

    അസ്മ ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു...മാഷേ...അഭിനന്ദനങ്ങള്‍...എന്നെയും ശ്രദ്ധിക്കുമല്ലോ? അഭിപ്രയങ്ങള്‍ പ്രതീക്ഷിക്കുന്നു?

  12. ഷൈജു കോട്ടാത്തല പറഞ്ഞു...

    നല്ല കഥ എന്ത് തരുന്നോ
    അത് ഇതും തരുന്നു

  13. ഏറനാടന്‍ പറഞ്ഞു...

    ദേശസ്നേഹം ഉണര്‍ത്തുന്ന സിമ്പതി സമൂസ കഥ ഇഷ്ടമായി.

  14. yousufpa പറഞ്ഞു...

    ഓര്‍ക്കാന്‍ അങ്ങനെ ഒത്തിരി അല്ലേ മാഷെ..?.അതില്‍ ചിലത് നമ്മെ അറിയാതെ വന്ന് വിളിക്കും .

  15. സാല്‍ജോҐsaljo പറഞ്ഞു...

    നമുക്കു മുന്നിൽ വന്നുമറയുന്ന മുഖങ്ങൾക്കൊക്കെ ഓരോ കഥകൾ പറയാൻ ഉണ്ട്. മുറിപ്പെടാത്ത മനസുകൾ ഇല്ല എന്ന തിരിച്ചറിവുകൊണ്ട് ഒന്നും ചോദിക്കാറില്ല. നിസംഗമായ ഈ ഭാവം ഒരു മൂടിയാണെന്നറിഞ്ഞിട്ടും.

  16. Sathees Makkoth | Asha Revamma പറഞ്ഞു...

    ജീവിതം.

  17. Junaid പറഞ്ഞു...

    പതിവുപോലെ നല്ല കഥ..

  18. Akbar പറഞ്ഞു...

    കഥയാണോ ? ഒരനുഭവ സാകഷ്യം പോലെ. നന്നായിട്ടുണ്ട്. ആശംസകള്‍