ബുധനാഴ്‌ച, മാർച്ച് 24, 2010

നീർനായകൾ

ർദ്ധവർഷത്തോളം നാട്ടിലുണ്ടായിട്ടും ഒരിക്കൽ പോലും ആ പുഴക്കരയിൽ ചെന്നിരിക്കാൻ കഴിഞ്ഞിട്ടില്ല.
സമയക്കുറവോ പണിത്തെരക്കോ അല്ല കാരണം.
മണൽ മാഫിയ ഉഴുതു മറിച്ച പുഴക്കര ഇപ്പോൾ “റോഡ്ബേസ്“ പാകിയ നിലം പോലെയാണ്‌.
എവിടെയും ഇരിക്കാനിടമില്ല.  പണ്ടത്തെ മിനുസമുള്ള ഇരിപ്പിടങ്ങൾക്കു പകരമിന്നു വെടിവെച്ചു പൊട്ടിച്ചു മാറ്റിയ മൂർച്ചയുള്ള വക്കുകൾ കാട്ടി പേടിപ്പിക്കുന്നു.
എനിക്കറിയുന്ന കടലുണ്ടിപ്പുഴയല്ല ഇത്!
ഇവളെ എനിക്കു വേണ്ട!.
ഈ പുഴ എന്റെ ജീവിതത്തിൽ എത്രമാത്രം ഇഴുകി ചേർന്നതായിരുന്നു.
ബാല്യവും കൗമാരവും, എന്തിന്‌ പ്രവാസത്തിനിടക്കുള്ള അവധിദിനങ്ങൾ പോലും ഈ പുഴയോടൊപ്പം എനിക്കെത്ര പ്രിയപ്പെട്ടതായിരുന്നു.
കളിയും കാര്യവും, വിനോദവും വിവേകവും സ്വന്തമാക്കിയതു ഈ പുഴയോരത്തു നിന്നാണ്‌.

മീൻപിടിത്തവും മൽപ്പിടുത്തവും
വായനയും വരയും എല്ലാം ഈ പുഴയുമായി ബന്ധപ്പെട്ടതാണ്‌.
ഞാൻ ചിന്തകളെ പിന്നെയും പിന്നെയും ചിന്തേരിട്ടു.

ഓർമ്മകൾ വിടാതെ പിന്തുടരുകയാണ്‌.
പുലർച്ചെ നാലു മണീക്കെണീറ്റാൽ വല്യുപ്പാന്റെ കൂടെ പുഴമീനിനെ പിടിക്കാൻ പോകാം.
ചിട്ടകൾ ഒരു പാടു പാലിക്കേണ്ടതുണ്ട്.
വീശിയ വല വട്ടത്തിൽ ചെന്നു വീണു വക്കുകളിൽ പിടിപ്പിച്ച കനമുള്ള ഈയമണികൾ വെള്ളത്തിനടിയിൽ മണലിലോ മണ്ണിലോ “പോക്കു അമ്പുന്നതു” വരെ ഒരക്ഷരം മിണ്ടിക്കൂടാ..!
തൊട്ടുമുൻപിലൊരു പാമ്പിന്റെ ശീൽക്കാരം കേട്ടാൽ പോലും ഒന്നു ടോർച്ചടിച്ചു കൂടാ..!
ചെരിപ്പിടാത്ത പാദത്തിൽ നനഞ്ഞ ഇല്ലിക്കോലിന്റെ കുർത്തമുള്ളുകൾ തുളച്ചു കയറുമ്പോൾ ഒന്നുച്ചത്തിൽ അലറി വിളിച്ചു കൂടാ..!
ഒറ്റത്തോർത്തുടുത്ത മേനിയിൽ തണുപ്പിന്റെ കൂർത്ത സൂചി താഴ്ന്നിറങ്ങുമ്പോൾ കുളിരിന്റെ കിടിലത്താൽ അറിയാതൊരു മർമ്മരം പോലും പുറത്തു കേൾപ്പിച്ചു കൂടാ...!
അങ്ങനെ നിയമങ്ങൾ ഒരു പാടുണ്ടായിരുന്നു.
എന്നിട്ടും ആരും നിർബന്ധിക്കാതെ, അലാറം വെക്കാതെ ഞങ്ങൾ എണീക്കുകയും ഒച്ചയുണ്ടാക്കാതെ, വെളിച്ചം തെളിക്കാതെ ഞങ്ങൾ വല്യുപ്പാനെ പിന്തുടരുകയും ചെയ്തിരുന്ന കാലം.
വീശുവല നേരത്തെ തീരുമാനിച്ച സ്ഥലത്തു പാത്തുവെച്ച തീനിനു കണക്കായി വട്ടത്തിൽ ചെന്നു വീഴുമ്പോൾ, വലക്കു വക്കിലുള്ള ഈയക്കട്ടികൾ വെള്ളത്തിലേക്കു വലയെ വലിച്ചു താഴ്ത്തുമ്പോൾ നീന്താനുള്ള ഇടം കുറയവേ ഉള്ളിൽ ഞെരുങ്ങുന്ന മത്സ്യങ്ങളുടെ പളപളപ്പു കാണാം. വലയിൽ കുടുങ്ങിയ മീനുകളുടെ പരാക്രമം കാണാം.
മുങ്ങിച്ചെന്നു ഓരോന്നായി പുറത്തെടുക്കുന്നതിന്നു മുൻപെ വല്യുപ്പ വലയുടെ പോക്കമ്പിയിട്ടുണ്ടെന്നുറപ്പു വരുത്തിയിരിക്കും.
കരയിലേക്കിടുന്ന മത്സ്യങ്ങളെ പെറുക്കി കൂടയിലേക്കിടലാവും ഞങ്ങളുടെ മുഖ്യ ജോലി.
പിന്നെ വല വലിച്ചെടുക്കുമ്പോൾ കുടുങ്ങുന്ന മുള്ളുകളും ഇലകളും നീക്കം ചെയ്യലും.
ഒരു വലയുടെ വട്ടത്തിൽ എങ്ങനെ ഇത്രമാത്രം മീൻ കിട്ടുന്നു എന്നു പലപ്പോഴും തോന്നിയിരുന്നു. പക്ഷെ രാത്രി ഏറെ വൈകി ആ സ്ഥലത്തു “തീൻ” വെച്ചു തിരിച്ചു വരുന്ന വല്യുപ്പയെ ഞങ്ങൾ കണ്ടിരുന്നില്ല.
വറുത്ത അരിപ്പൊടിയും കുറെ രഹസ്യ കൂട്ടുകളും കുഴച്ചു ഈന്തിന്റെ ഇളം പട്ടയിൽ പൊതിഞ്ഞു മത്സ്യത്തിന്റെ ആവാസകേന്ദത്തിൽ ഒളിപ്പിച്ചു വെച്ചാണു പുലർച്ചെ അതിനു മീതെ വലവീശാൻ പോയിരുന്നതെന്ന കാര്യം ഞങ്ങൾ വളരെ വൈകിയാണു മനസ്സിലാക്കിയിരുന്നത്.

മണൽക്കരയിൽ പലകുറി ചത്ത മത്സ്യങ്ങളുടെ കൂട്ടം കണ്ടിട്ടുണ്ട്. നീർനായകൾ പിടിക്കുന്നതാണത്രേ!
അവ സഹകരണാടിസ്ഥാനത്തിലാണത്രേ മത്സ്യബന്ധനം നടത്തുക. പുലരും വരെ പിടിക്കുന്ന മീനിനെയെല്ലാം കരയിൽ മണലിൽ ഒരിടത്തു കൂട്ടിവെക്കും. പണി കഴിഞ്ഞാൽ ഒന്നിച്ചിരുന്ന് ഓഹരി വെക്കും. എന്നാൽ ഏതെങ്കിലും ഒന്നിനു ഓഹരി ബോധിച്ചില്ലെങ്കിൽ അവൻ അതു ഇട്ടെറിഞ്ഞു പോകും. കൂടെ ബാക്കിയുള്ളവരും. അങ്ങനെ ബാക്കി വരുന്ന മത്സ്യക്കൂട്ടങ്ങളെ ഞാൻ കണ്ടിരുന്നു. ആ കഥ വിശ്വസിക്കാൻ തോന്നുന്ന വിധത്തിൽ ഓഹരി വെച്ച പോലെ അടുത്തടുത്ത് വ്യത്യസ്ഥ കൂട്ടങ്ങളായിട്ടാണു അവ കിടന്നിരുന്നത്. അതു കണ്ടാൽ ആക്രാന്തത്തോടെ അതും കൂടയിലിട്ടു ഞങ്ങൾ തുടർന്നുള്ള വലവീശൽ നിർത്തി വീട്ടിലേക്കു തിരിച്ചു വന്നിരുന്നതും ഓർക്കുന്നു.

ഇന്നാണു തറവാട്ടു സ്വത്തിന്റെ ഓഹരിവെക്കൽ!
ഉമ്മ ഓർമ്മകളിൽ നിന്നു തിരികെ വിളിച്ചു.

മുൻപു പലതവണ അതിനു ശ്രമിച്ചതാണ്‌. പെണ്മക്കൾ ധാരാളമാണ്‌, എല്ലാരേയും ഒന്നിച്ചു കൂട്ടുക അതി കഠിനവും, അതിനാൽ ഓഹരിവെപ്പു നീണ്ടു പോയി. അഞ്ചു കൊല്ലം മുൻപു ഇതുപോലൊരു ശ്രമം നടത്തിയതാണ്‌. പറ്രമ്പും പല്യാളിയുമായി അഞ്ചേക്കറിനു മുകളിലുണ്ട്.പല്യാളിയിൽ നെല്ലുണ്ടാക്കിയിരുന്നു.വലിയ കുടുംബത്തിൽ ഒരു കൊല്ലം ഉപയോഗിച്ചിട്ടും തീരാത്തവ വിൽക്കാറും പതിവായിരുന്നു. പറമ്പിൽ നിറയെ കശുവണ്ടിയുണ്ടായിരുന്നു. ഒരു കുടുംബം നടത്താൻ മാത്രം വരുമാനം തന്നിരുന്ന കശുവണ്ടിത്തോട്ടം. മരത്തിനു വയസ്സായി എല്ലാം വെട്ടി കാലിയാക്കിയപ്പോൽ പുതിയതു വെക്കാൻ ആരുമുണ്ടായില്ല. പോരാത്തതിനു പറമ്പിൽ വെട്ടിയാൽ കിട്ടാത്ത കടുപ്പമുള്ള വെട്ടുപാറയും. അതിനാൽ പറമ്പാർക്കും വേണ്ടായിരുന്നു.
അന്നെല്ലാവർക്കും പല്യാളി മതിയായിരുന്നു. നെല്ലുണ്ടാക്കുന്ന കണ്ടം വിറ്റാലേ കാശു കിട്ടൂ.
പറമ്പിനു ആവശ്യക്കാരില്ലാത്തപ്പോൾ എല്ലാരും നീർനായകളെപ്പോലെ ഓഹരി ഇട്ടേച്ചു പോയി.
ഉമ്മ പറഞ്ഞു.

ഇന്നു അവസ്ഥ മാറി. പറമ്പിന്റെ തൊട്ടടുത്തൊക്കെ മെഷീൻ വെച്ചു കല്ലു വെട്ടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു.
നമ്മുടെ പറമ്പും വന്നു ചോദിച്ചിട്ടുണ്ട്. നല്ല കല്ലാണ്‌. മെഷീൻ വെച്ചു വെട്ടിയാൽ “ഹലുവ” പോലിരിക്കും കുഞ്ഞാത്തൻ മെഷീൻ-മാത്യൂ വിന്റെ ഇടനിലക്കാരനായി,
രണ്ടു മൂന്നു മാസമായി അവർ ഉപ്പാന്റെ പിറകിലുണ്ട്.
പറമ്പു മുഴുവൻ മാത്യു എടുത്തോളാം എന്നു പറഞ്ഞിരിക്കയാണ്‌. അവൻ തന്നെയാണു അമ്മായിമാരെയെല്ലാം വിവരമറിയിച്ചത്. ഓഹരി വെച്ചു കഴിഞ്ഞാൽ ഒന്നിച്ചവൻ എടുക്കാം. പക്ഷെ അവനു പറമ്പുമാത്രം മതി.

ഓഹരി വെപ്പിനു ആളുകളെല്ലാം എത്തിയിട്ടാണറിഞ്ഞത്, ആർക്കും പല്യാളി നില്ക്കുന്ന സ്ഥലം വേണ്ട. ഇക്കാലത്താരാ നെല്ലുണ്ടാക്കുന്നേ!

ഇന്നു എല്ലാർക്കും പറമ്പു നില്ക്കുന്നിടം മതി.


വന്നവരൊക്കെ ഇത്തവണയും
ഓഹരി ബോധിക്കാതെ  കെറുവുകാട്ടി പിരിഞ്ഞു.

നീർനായകൾ ഇട്ടേച്ചു പോയ പറമ്പിലൂടെയും വെള്ളം വറ്റിയ പല്യാളിയിലൂടെയും ഞാൻ ഒറ്റക്കു നടന്നു.
വല്യുപ്പാന്റെ പാദങ്ങൾ പതിഞ്ഞ പാറപ്പുറം.
താഴെ കൈപ്പക്ക പന്തലിലേക്കു ഒഴുകിയെത്തുന്ന കൈത്തോട്!
നട്ടാവലിന്റെ പൊത്തിൽ കൂടു വെച്ചിരുന്ന മകരത്തത്ത.
അണ്ണാൻ ചാടുമ്പോൾ ഞെട്ടറ്റു വീഴുന്ന ഈമ്പിക്കുടി മാങ്ങ..!
പനയുടെ കുലവെട്ടി കുഞ്ഞാമൻ കൊളത്തി വെച്ച കള്ളിൻ കുടം.
എല്ലാം ഞാൻ ഇന്നലേയെന്നപോലെ എന്റെയുള്ളിൽ കണ്ടു.


മാത്യു പുതിയ അമിക്കബിൾ കോം‌പ്രമൈസുമായി അമ്മായിമാരെ കാണുന്നതു വരെ ഞാൻ ഈ പാറപ്പുറത്ത്‌ പണ്ടത്തെ കുയിലിന്റെ കൂവലും, അരുവിയുടെ കളകളാരവവും മനസ്സിൽ കേട്ടൊത്തിരി നേരം കിടക്കട്ടെ!

64278

13 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  മാത്യു പുതിയ കോപ്രമൈസ് തീമുമായി അമ്മായിമാരെ കാണുന്നതു വരെ ഞാൻ ഈ പാറപ്പുറത്തു കുയിലിന്റെ കൂവലും അരുവിയുടെ കളകളാരവവും കേട്ടൊത്തിരി നേരം കിടക്കട്ടെ!

 2. ശ്രീ പറഞ്ഞു...

  ഗൃഹാതുരമായ ഓര്‍മ്മകളുമായി നല്ലൊരു പോസ്റ്റു കൂടി. നന്നായി മാഷേ

 3. SAMAD IRUMBUZHI പറഞ്ഞു...

  ""എനിക്കറിയുന്ന കടലുണ്ടിപ്പുഴയല്ല ഇത്!
  ഇവളെ എനിക്കു വേണ്ട....."" കടലുണ്ടി പുഴയും, പാറക്കടവും.. എല്ലാം ഒരു നെടുവീര്‍പോടെ ഓര്‍ക്കുന്നു....

 4. kichu / കിച്ചു പറഞ്ഞു...

  എല്ലാവര്‍ക്കും പറമ്പ് മതി അല്ലേ..:(

  വേണ്ടാത്തതായി പലതുമായി നമ്മുടെ നാട്ടില്‍.. പലര്‍ക്കും... വയസ്സായ ഉപ്പയും ഉമ്മയും വരെ. അവരെകൊണ്ടൊന്നും ഇനി ഉപകാരമില്ലാലോ
  ............. !!!

 5. mini//മിനി പറഞ്ഞു...

  അതെല്ലാം മറ്റുള്ളവരുടെതായി മാറുന്നതുവരെ ആകാശവും ഭൂമിയും സ്വന്തം.

 6. അപ്പു പറഞ്ഞു...

  കരീം മാഷിന്റെ ഒരു കഥവായിച്ചിട്ട് ഒരുപാട് നാളായി. നന്നായിട്ടുണ്ട് മാഷേ.

 7. Sulthan | സുൽത്താൻ പറഞ്ഞു...

  മാഷെ,

  കടലുണ്ടി പുഴയുടെ നിശ്വാസം അതേപടി വരച്ച്‌വെച്ചിരിക്കുന്നു, ഒപ്പം വീതംവെച്ച്‌, ഒഹരിയെടുത്ത്‌ കൊണ്ട്‌പോകുവാൻ കഴിയാത്ത ഓർമ്മകളെയും.

  കൂലംകുത്തി ഒഴുക്കുന്നവളെയും, അവളുടെ വിരിമാറിലൂടെ തുഴഞ്ഞ്‌നിങ്ങുന്ന കടത്ത്‌ വഞ്ചിയെയും സ്വപ്നം കണ്ട്‌ ഞാനും ഇത്തിരി നേരം ഇവിടെയിരിക്കട്ടെ.

  Sulthan | സുൽത്താൻ

 8. പട്ടേപ്പാടം റാംജി പറഞ്ഞു...

  പറമ്പിനു ആവശ്യക്കാരില്ലാത്തപ്പോൾ എല്ലാരും നീർനായകളെപ്പോലെ ഓഹരി ഇട്ടേച്ചു പോയി.


  പണത്തിനോടുള്ള ആര്‍ത്തി മനുഷ്യന്റെ നന്മ നശിപ്പിക്കുന്നു.

 9. ഏറനാടന്‍ പറഞ്ഞു...
  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
 10. NPT പറഞ്ഞു...

  വളരെ നന്നായിട്ടുണ്ട് മാഷേ........

 11. sherlock പറഞ്ഞു...

  ഹൃദ്യ‌മായിരിക്കുന്നു...

 12. മുസാഫിര്‍ പറഞ്ഞു...

  ഓർമ്മകളിലൂടെ നടന്ന് വർത്തമാന കാലത്തെത്തിയ ഈ യാത്ര ഹൃദ്യവും വേദനിപ്പിക്കുന്നതുമായ ഒരു അനുഭവമായി , മാഷെ.

 13. കുമാരന്‍ | kumaran പറഞ്ഞു...

  നാടന്‍ കാര്യങ്ങള്‍ വളരെ നന്നായി എഴുതി.