ബുധനാഴ്‌ച, മാർച്ച് 03, 2010

താരരാജാവ്

“പപ്പാക്കൊരു ഫോണ്!”
“പപ്പാന്റെ ബെസ്റ്റ് ഫ്രന്റാണെന്നാണു പറഞ്ഞത്”
മകനാണു ഫോൺ കൊണ്ടു വന്നു തന്നത്.
വളരെ താല്പര്യത്തോടെ ഞാൻ ഫോൺ ചെവിയോടു ചേർത്തു.
“കരീം.. ഇതു ഞാനാടാ, വാബി”
“ഓ മൈ ഗോഡ്”
എന്റെ ഡിഗ്രി ക്ലാസ്മേറ്റ് !,
ഇന്നു രണ്ടു മൂന്നു റബർ കമ്പനികളുടെ എം.ഡി.
മിറാക്കിൾ റബ്ബർ റിക്ലേം കമ്പനിയിൽ ഞങ്ങൾ ഒന്നിച്ചു കുറച്ചു കാലം ജോലി ചെയ്തിരുന്നു.
ഞാൻ ഗൾഫിലേക്കു പോകാൻ വേണ്ടി രാജി വെച്ചപ്പോൾ അവന്‍ പുതിയ ഒരു കമ്പനി തുടങ്ങാനായിരുന്നു മിറാക്കിളിൽ നിന്നു രാജി വെച്ചത്.
ഗൾഫിലെ എന്റെ പ്രവാസകാലത്തിനിടക്കു ഞാൻ അവന്റെ സാമ്പത്തിക വളർച്ചയെ കുറിച്ചു ഏറെ കേട്ടിരുന്നു ആ ഒരു കമ്പനി മൂന്നു കമ്പനികളായി വളർന്നെന്നും അവനൊരു കോടീശ്വരനായെന്നും.

ആ വാബിയാണു എന്നെ വിളിക്കുന്നത് !.
“താൻ ഗൾഫൊക്കെ നിർത്തിപ്പോന്നു എന്നു കേട്ടു. ഞാൻ നിന്നെ ഒരു പുതിയ ബിസ്നസ്സിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നു. നിന്നെ കാണാൻ ഞാൻ നിന്റെ വീട്ടിൽ വരുന്നു. പത്തു മിനിട്ടിനകം ഞാൻ അങ്ങോട്ടെത്തും”
ഞാൻ ശരിക്കും ഞെട്ടിപ്പോയി.

വാബി എന്റെ വീട്ടിൽ വരുന്നോ!
ഞാൻ ധന്യനായി. ഇതില്പ്പരം ഭാഗ്യമെന്തുണ്ട്!.
സ്ഥലകാലബോധം വീണ്ടെടുത്തു കൊണ്ടു ഞാൻ പറഞ്ഞു.

“ചെറിയ കാറേ ഈ വഴിക്കു പറ്റൂ. വലിയ വണ്ടിയാണെങ്കിൽ റോഡിൽ പാർക്കു ചെയ്തു ഇത്തിരി നടന്നാൽ മതി“.

“താങ്ക്സ്” മുൻപേ പറഞ്ഞതു നന്നായി. ഇല്ലെങ്കിൽ വണ്ടി ഇടക്കു കുടുങ്ങിപ്പോയേനെ!“.
അവൻ ഫോൺ വെച്ചു.
സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ ഞാനിപ്പം മുഴുവൻ തിന്നു തീർക്കും എന്ന അവസ്ഥയിലായി ഞാൻ! .

സത്യമായിട്ടും ആദ്യം ഓർമ്മ വന്നതു ”പ്രകാശ് രാജെന്ന മമ്മുട്ടി, ബാർബർ ബാലനെന്ന ശ്രീനിവാസനെ കാണാൻ വരുന്ന “കഥ പറയുമ്പോൾ” എന്ന സിനിമയിലെ ഹൃദയസ്പൃക്കായ ക്ലൈമാക്സു രംഗം.

അതു അതേ രൂപത്തിൽ മക്കളിലേക്കു പകർന്നു.
അവരേയും എന്റെ ഉത്സാഹത്തിൽ പങ്കാളികളാക്കി.
അവരും ഈയിടെയാണു ആ സിനിമ കണ്ടത്.
ഡൈനിംഗ് ടേബിൾ തുടക്കാനും സോഫയിലെ കുഷ്യനും കവറും മാറ്റാനും അവർ മുന്നിട്ടിറങ്ങി.
ഭാര്യ അവളുടെ ഇൻസ്റ്റൻഡ് പലഹാരമായ പഴമ്പൊരി കം ഡേറ്റസ് പൊരിയുണ്ടാക്കാൻ അടുക്കളയിലേക്കു പാഞ്ഞു.
ഞാൻ തൊട്ടടുത്ത കണ്ണാടിയിലേക്കു നോക്കി.
എന്റെ രൂപം കണ്ടു എനിക്കസ്വസ്ഥതതോന്നി.
ഷുഗറു കയറി തടിയല്പ്പം മെലിഞ്ഞിട്ടുണ്ട്.
നാട്ടിലെ കാറ്റേറ്റിട്ടാവണം തൊലി ഉള്ളതിലും അല്പ്പം കൂടി ഇരുണ്ടിട്ടുണ്ട്.

ശരീരകാന്തി മങ്ങിയതിനാൽ കിട്ടാനിടയുള്ള ഒരു വലിയ കമ്പനിയിലെ ജനറൽ മാനേജർ സ്ഥാനം തെറിക്കുമോ?
ഷോപ്പിംഗ് ലിസ്റ്റിൽ “ഫ്രീഡം” കണ്ടപ്പോൾ രണ്ടു ദിവസത്തേക്കു വളരാൻ വിട്ട, ഷേവിംഗ് മുടങ്ങിയ താടി ധൃതിയിൽ ചുരണ്ടി ക്ലീനാക്കി.
രോമം പോയി, കൂടെ അവിടവിടെ ഇത്തിരി തൊലിയും.
നീറ്റലുള്ളീടത്തു ആഫ്റ്റർ ഷേവു പുരട്ടനിട കിട്ടിയില്ല. അപ്പോഴേക്കും കാളിംഗ് ബെല്ലടിച്ചു.
വാതിലു തുറന്നു ഞാൻ പുറത്തിറങ്ങുന്നന്നു മുൻപേ നാടകത്തിലെ രംഗപടമൊരുക്കുന്ന കാലാകാരന്മാർ കർട്ടൻ തുറക്കുന്നതിനു മുൻപു അണിയറയിലേക്കു പിൻവലിയുന്ന കണക്കേ ധൃതിയിൽ ഭാര്യയും മക്കളും അടുക്കളയിലേക്കു ഉൾവലിഞ്ഞു.

വാതിക്കൽ വാബി, കൂടെ രണ്ടു ആരോഗ്യ ദൃഡഗാത്രർ, കോട്ടും സൂട്ടുമിട്ട ക്ലീന്‍ ഷേവുകാര്‍!
ഞാൻ സന്തോഷത്തോടെ മൂന്നു പേരേയും അകത്തു സ്വീകരണമുറിയിൽ ആനയിച്ചിരുത്തി.
എനിക്കു ഓഫർ ചെയ്ത ഉദ്യോഗം ഏതായാലും ഇവരുടേതിനുപോലെ ഉന്നതമായിരിക്കുമെന്നു ഞൻ ഊഹിച്ചു.

ഹെൽത്ത് മേഖലയിലാണു നാം ഇൻവെസ്റ്റു ചെയ്യാൻ പോകുന്നതെന്നും രോഗം വന്നു നടത്തുന്ന ചികിൽസ ആരോഗ്യമേഖലയല്ലെന്നും അതു രോഗമേഖലയാണെന്നും രോഗം വരാതെ കാക്കുന്ന മേഖലയിൽ ഞങ്ങളുടെ കൂടെ ഇൻവെസ്റ്റു നടത്താനാണു ഞങ്ങൾ താങ്കളെ തെരെഞ്ഞടുത്തതെന്നും പറഞ്ഞെന്നെ പൊക്കിയപ്പോൾ ഞാൻ വാബിയെ സൂക്ഷ്മമായി ഒന്നു നോക്കി.
ഇതേപോലെ അച്ചടിച്ചു ഇസ്തിരിയിട്ട വാക്കുകള്‍ നേരത്തെ എവിടെയോ കേട്ടിരിക്കുന്നു.
ഞാന്‍ ഓര്‍ത്തു നോക്കി.
“ ഇതു തന്നെയല്ലേ നാലഞ്ചു വർഷമായി സുരേഷ് ഇവിടെ ”ആംവേ“ എന്നോ മറ്റൊ പറഞ്ഞു കയറി വന്നിരുന്നതെന്നു. ?”
കുറെ വിലകൂടിയ പ്രൊഡക്ടുകളുടെ വില്പ്പനയും, ഇൻഷൂറൻസും ഡിപ്പോസിറ്റും മറ്റുമായി ആളുകളെ ക്യാന്വാസു ചെയ്തു വീടുകള്‍ തോറും കയറി ഇറങ്ങുന്ന കുറേ കൂടിക്കുഴഞ്ഞ സാമ്പത്തിക നിക്ഷേപ പരിപാടി..? അങ്ങനെ വല്ലതും?“
ഞാൻ സംശയത്തോടെ ചോദിച്ചു.
അതെ! അതെ!
”ആംവേ..“

സുരേഷിന്റെ അവസാനത്തെ കത്തിലെ വരികൾ എനിക്കു മറക്കാനാവില്ല. “ ”ആംവേ“ യുടെ പരിപാടികളുമായി നടന്നു ഉള്ള പണിയും പോയി ഇന്നു കുടുംബസ്വത്തിന്റെ ഭാഗം വാങ്ങി മലപ്പുറത്തു നിന്നു കെട്ടു കെട്ടി കൊല്ലത്തു ഭാര്യവീട്ടിൽ കഴിയുന്നു“.
” നിന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അയച്ചു തരിക. “ ഇല്ലെങ്കിലും മറുപടിയെഴുതാൻ മറക്കരുത്.
ഞാൻ സഹായം ചോദിച്ചതിന്റെ പേരിൽ ഈ സൗഹൃദം പോലും എനിക്കു നഷ്ടപ്പെടരുത്!”
ആ കത്തിലെ അവസാനത്തെ വരികള്‍!

പിന്നെ അവർ പറയുന്നതൊന്നും ഞാൻ കേട്ടില്ല.
ഞാന്‍ പറയുന്നതൊന്നും അവര്‍ക്കു മനസ്സിലാക്കാനും പറ്റിയിട്ടുണ്ടാവില്ല.
(അത്രക്കു പരസ്പരബന്ധമില്ലാതെയായിരുന്നല്ലോ ഞാന്‍ സംസാരിച്ചിരുന്നത്.)
അതിനാല്‍ ക്യാന്‌വാസിംഗ് കൂടുതല്‍ നേരത്തേക്കു തുടരുന്നതു വ്യര്‍ത്ഥമെന്നു ഗണിച്ചവര്‍ വേഗം യാത്രയായി.
എല്‍.ഐ.സി. ഏജന്റിനേയും ബിര്‍ള ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റിനേയും ഒഴിവാക്കിയപ്പോള്‍ ഇത്ര എളുപ്പം തോന്നിയിട്ടില്ല.
ഭാര്യ കൊടുന്നു വെച്ച ചായയും കടിയും കഴിഞ്ഞു അവർ തിരിച്ചു പോകുമ്പോൾ
ഭാര്യയോടു സ്വകാര്യമായി ചോദിക്കുന്നതു കേട്ടു
“ഗള്‍ഫിലെ പണി  പോയതില്‍ പിന്നെ  മനസ്സിനു നല്ല സുഖമില്ല അല്ലേ!”
പരസ്പരബന്ധമില്ലാത്തെ എന്തൊക്കെയോ സംസാരിച്ച എന്നെപ്പറ്റി അവർ ശരിക്കും ഒരു ഭ്രാന്തൻ എന്നു ധരിച്ചിരിക്കും. അതു നന്നായി അല്ലെങ്കിൽ ഞാൻ ഒരു കൊലപാതകി ആയി മാറിയെനെ.
വാബ്ബിയെക്കുറിച്ചു ഞാന്‍ കൂടുതല്‍ തെരക്കി.
പിന്നെയാണറിഞ്ഞത് കമ്പനികളുടെ തകർച്ചക്കു ശേഷം ഇതു പോലെയുള്ള സൈഡ് ബിസിനസ്സുകളിൽ മുഖമൊളിപ്പിച്ചാണു വാബി എന്ന വഹാബിന്റെ ജീവിത യാത്ര.
അഭിവൃദ്ധിക്കാലത്തു ഗമയിൽ വിവരങ്ങൾ ഈമെയിൽ ചെയ്തിരുന്ന അവന്റെ പരാജയകാലം അറിയിക്കാൻ അഭിമാനം സമ്മതിക്കാത്തതിനാലാവും എനിക്കു ഈ വിവരമൊന്നും കിട്ടാതെ പോയത്.

എന്തായാലും അതിനു ശേഷം എന്നെ കാണുമ്പോൾ മക്കൾ കളിയാക്കി പാടാൻ തുടങ്ങി.
“താരരാജാവിന്റെ തോഴനാം ബാലൻ...”
“ബാലൻ...! ബാലൻ...! ബാർബറാം ബാലൻ !!”

63485

8 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ഷേവിംഗ് മുടങ്ങിയ താടി ധൃതിയിൽ ചുരണ്ടി ക്ലീനാക്കി.
    രോമം പോയി, കൂടെ അവിടവിടെ ഇത്തിരി തൊലിയും.
    നീറ്റലുള്ളീടത്തു ആഫ്റ്റർ ഷേവു പുരട്ടനിട കിട്ടിയില്ല. അപ്പോഴേക്കും കാളിംഗ് ബെല്ലടിച്ചു.
    വാതിലു തുറന്നു ഞാൻ പുറത്തിറങ്ങുന്നന്നു മുൻപേ നാടകത്തിലെ രംഗപടമൊരുക്കുന്ന കാലാകാരന്മാർ കർട്ടൻ തുറക്കുന്നതിനു മുൻപു അണിയറയിലേക്കു പിൻവലിയുന്ന കണക്കേ ധൃതിയിൽ ഭാര്യയും മക്കളും അടുക്കളയിലേക്കു ഉൾവലിഞ്ഞു.

  2. ശ്രീ പറഞ്ഞു...

    മക്കള്‍ കളിയാക്കിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ

    :)

  3. എറക്കാടൻ / Erakkadan പറഞ്ഞു...

    അതും പറഞ്ഞു ഇന്ന സെന്റ്‌ മുതലാളിയിൽ നിന്ന് കാശൊന്നും വാങ്ങീലല്ലോ

  4. Unknown പറഞ്ഞു...

    മാഷെ വന്നത് വന്നു ഇനി പറഞ്ഞു ചിരിക്കാം .

  5. കണ്ണനുണ്ണി പറഞ്ഞു...

    ഓരോ അടി വരുന്ന വഴിയെ.... ഹിഹി

  6. അഭി പറഞ്ഞു...

    കൊള്ളാം മാഷെ നന്നായിരിക്കുന്നു

  7. richumolu പറഞ്ഞു...

    നന്നായി മാഷെ

  8. NPT പറഞ്ഞു...

    നന്നായിട്ടുണ്ട് മാഷേ