തിങ്കളാഴ്‌ച, ജൂലൈ 12, 2010

ഒന്നും തുറന്നു പറയാത്തവർ

ബി.എ.ഫസ്റ്റ്‌ ഇയർ മലയാളത്തിൽ പ്രഥമ ക്ളാസ്സിനു ഒമ്പതേ പത്തിന്റെ തിരൂർ മഞ്ചേരി “സിന്ദഗി”ക്കു വന്ന ഗീതാ പരമേശ്വരൻ കോളേജുപടിക്കൽ ബസ്സിറങ്ങുമ്പോൾ ബസ്റ്റോപ്പടക്കം ശ്വാസമടക്കിയിരുന്നതു ഇന്നുമോർക്കുന്നു.
“എന്തൊരു വെണ്മ!”
എന്തൊരു തുടിപ്പ്‌!
എന്തൊരു പ്രസരിപ്പ്‌!!

കണ്ടവർ കണ്ടവർ മൂക്കത്തു വിരൽ വെച്ചു!
നാലു ദിവസം കൊണ്ടാണവൾ ക്ളാസിലെ സ്റ്റാറായത്‌ !.
ചില സാറന്മാർക്കും ആശ്വാസമായി, ബോറൻ ക്ലാസ്സുകൾക്ക് ഒരു തെളിച്ചം വന്നു.
പഠിക്കാനും കേമത്തി.

തലസ്ഥാനത്തുനിന്നു പക-ട്രാൻസ്ഫർ വാങ്ങി വന്നപ്പോൾ മലപ്പുറത്തുകാർക്കെന്തു മലയാളമാണെടോന്നു പുച്ഛിച്ചു ക്ളാസ്സെടുക്കാൻ ഇച്ഛ കാട്ടാതിരുന്നൊരു സാറിനെ സ്റ്റാഫ്‌ റൂമിൽ ചെന്നു വിളിച്ചപ്പോൾ നിങ്ങൾ ആദ്യം ബാലരമ വായിച്ചു പഠിച്ചിട്ടു വരീനെടാന്നു പറഞ്ഞു വീണ്ടും മാതൃഭൂമിക്കകത്തു വലിഞ്ഞു കേറിയ സാറിനി ക്ളാസ്സിൽ വരില്ലന്നുറച്ചവർ ഗീതാ പരമേശ്വരന്റെ അഴകു നോക്കിയിരിക്കലാണിനിയുചിതമെന്നു നിനച്ചു ക്ളാസ്സിലേക്കു തന്നെ തിരിച്ചു നടന്നു.
കൂട്ടത്തിൽ മെലിഞ്ഞു എലുമ്പനായ ബാലൻ തിരിച്ചു വന്നൊരു ചെറിയ ശബദത്തിലൊരു ചോദ്യം.
“സാർ ആ മാതൃഭൂമിയിലെ ഇരുപത്തൊമ്പതാം പേജിലെ കവിതയൊന്നു നോക്കുമൊ?”.

പത്തുമിനിട്ടു കഴിഞ്ഞില്ല ക്ളാസ്സിൽ നിവർത്തിപ്പിടിച്ച മാതൃഭൂമി വീക്കിലിയുമായി ഓടി വന്ന സാറു
മെലിഞ്ഞുണങ്ങിയ ഹരിയെ നോക്കി ചോദിച്ചു “ യു ആർ ഹരിദാസൻ കാവാലപ്പറ”
“യസ്‌ ഹി ഈസ്‌ ഹരിദാസൻ കാവാലപ്പറ” ഹരിയൊഴിച്ചുള്ളവരൊന്നിച്ചാണു മറുപടി പറഞ്ഞത്‌.

ബാലചന്ദ്രൻ ചുള്ളിക്കാടിനെ ക്ളാസ്സിലിരുത്തി ചുള്ളിക്കാടു കവിത പഠിപ്പിച്ച അധ്യാപകനെ ഓർമ്മ വന്നതു കൊണ്ടാവും ആ സാർ പിന്നെ ആ പ്രതിഭയെ ആദരിക്കാൻ പഠിച്ചു, അവനെ പ്രതി മറ്റു വിദ്യാർത്ഥികളെയും ബഹുമാനിക്കാൻ ശ്രമിച്ചു.

പിന്നീടുള്ള ക്ളാസ്സിലൊക്കെയും ഹരിയെക്കുറിച്ചുള്ള അനാവശ്യ പുകഴ്ത്തലുകൾ അയാളിൽ നിന്നൊഴുകിട്ടീട്ടാണോ എന്തോ ആ ഗീതാപരമേശ്വരൻ ക്ളാസ്സു കഴിഞ്ഞിട്ടും ഹരിയെ പലവട്ടം കാത്തു നിന്നു.
ഗീത ഒരു ലതയായ്‌ ഹരിയിൽ പടർന്നു കയറുകയായിരുന്നു.
അതു ഞങ്ങൾക്കൊക്കെ വ്യക്തമായറിയാം.
ലത പിടിമുറുക്കവേ ഹരി സ്വപനം കാണാൻ തുടങ്ങി.
കാലങ്ങൾ കഴിയവേ ഹരിയിലും പ്രേമയമുനയൊഴുകി.
മൂന്നു വർഷം സകലരുമറിഞ്ഞ പ്രണയം.
ഹരിയുടെ ഗീതയുടെ
യാത്രകൾ ഒന്നിച്ച്‌!
ഭക്ഷണം ഒന്നിച്ച്‌!
ഗീതാഹരിദാസൻ എന്നാണു അവൾ തന്നെ അവളെ വിളിച്ചിരുന്നത്‌.
ഹരിയുടെ “ഗാന്ധർവ്വവിവാഹം“ എന്നൊരു കവിത ആയിടക്കാണ്‌ ഭാഷാപോഷിണിയിൽ അച്ചടിച്ചു വന്നത്‌.

പിന്നെ എപ്പോഴാണെല്ലാം മാറിയതെന്നെനിക്കറിയില്ല.
കോളേജു ജീവിതം കഴിഞ്ഞാലും എന്നെങ്കിലുമൊരിക്കൽ ഞങ്ങൾക്കു ഗീത-ഹരിയുടെ കല്യാണക്കുറിമാനം കിട്ടുമെന്നാശിച്ചിരുന്നു.
ഇരുപത്തഞ്ചു വർഷമായി ഞാൻ ഹരിയെ കണ്ടിട്ടില്ല, ഗീതയേയും.
ഇപ്പോഴും കാണുമെന്നൂഹിച്ചതല്ല.
പ്രൊഫസറുടെ കാർ ഇടിച്ചതു പത്രത്തിന്റെ പ്രാദേശിക ലേഖകന്റെ കാറുമായിട്ടായതിനാൽ  വാർത്ത രണ്ടു കോളമായി.
എന്നിട്ടും അതു  ഇന്നു രാവിലെ ഭാര്യ കാണിച്ചു തന്നിട്ടാണു താൻ വിശദമായി മനസ്സിലാക്കിയത്‌.
നാലു മണിക്കു മുൻപെത്തിയാൽ ഒരു നോക്കു കാണാമെന്നു ആ ബാച്ചിലെ നാലഞ്ചു പേരോടും ഫോൺ ചെയ്തു പറഞ്ഞപ്പോൾ ഒരു ഗെറ്റുഗതറായിരുന്നോ മനസ്സിൽ എന്നു കുറ്റബോധം തോന്നാതിരുന്നില്ല.
മൃതദേഹം കാണുന്നതിന്നു മുൻപു ഹരിയെ കണ്ടു. വയസ്സനായിരിക്കുന്നു. അവൻ ഏതോ കോളേജിൽ മലയാളം പഠിപ്പിക്കുന്നു. ഈ വാധ്യാന്മാരെന്താ പെട്ടെന്നു വയസ്സന്മാരാവുന്നത്?
ഞാൻ ഫോൺ ചെയ്തു വിളിച്ചു വരുത്തിയ നാലു പേരുമുണ്ട്.
എന്നെ ഒരു നോട്ടം!
ഇവനൊക്കെ വേറെ പണിയില്ലേ എന്ന മട്ടിൽ!
അവരോടൊപ്പം മൃതദേഹം കണ്ടിറങ്ങുമ്പോൾ സർക്കാരു വണ്ടിയിൽ വന്നിറങ്ങിയ തൊപ്പിവെച്ച ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായി ഗീതയെ കണ്ടു.

ഞങ്ങളുടെ കൂടെയുള്ള ഹരിയെ കാണുമ്പോൾ ഭാവമാറ്റം എങ്ങനെയെന്നു കാണാനായ്‌ ഞാൻ എന്റെ നയനങ്ങൾ തുറന്നേ പിടിച്ചു.
അവർ യാതൊരു പരിചയവുമില്ലാത്തവരെപ്പോലെ ഒന്നു നോക്കി വന്നാപോലെ അങ്ങു നടന്നു പോയി.

അവൾ ഹായ് “ഹരി” എന്നു പറഞ്ഞു ഒരു നിമിഷം നില്ക്കുകയും  ഭർത്താവിനോടു
“ഇതു ഹരി, ഞാൻ പറഞ്ഞിട്ടില്ലേ?”
എന്നൊരു ഓർമ്മപ്പെടുത്തലെങ്കിലും ഉണ്ടായെങ്കിൽ എന്നു ആഗ്രഹിച്ചതു ഞാൻ മാത്രമായിരുന്നില്ല. എന്റെ ഒപ്പം അന്നു പഠിച്ചിരുന്ന ആ നാലുപേരും ചേർന്നായിരുന്നു.

67980

3 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ഹരിദാസ് :)

  2. Naushu പറഞ്ഞു...

    കൊള്ളാം...

  3. ജുനൈദ് ഇരു‌മ്പുഴി പറഞ്ഞു...

    നല്ലത്