വെള്ളിയാഴ്‌ച, ജൂലൈ 16, 2010

അൽസലാമിയ കഫറ്റേരിയ

ആറാമത്തെ പ്രാവശ്യമാണു ആ കഫറ്റീരിയയില്‍ മുതലാളി മാറുന്നത്.
പക്ഷെ സപ്ലൈപണിക്കും വാറോലപ്പണിക്കും തുടക്കം മുതല്‍ സുലൈ തന്നെ!
അതുകൊണ്ടാണു ഇപ്പോഴും ഉച്ചയൂണിനും നാസ്തക്കും അവിടെ പോണത്.
എല്ലാ വെള്ളിയാഴ്ച്ചയും തൊട്ടടുത്ത പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ അവന്‍ ഓടി വന്നൊരു ബിരിയാണി പാര്‍സല്‍ തരും. മാസവരിയാണ്.

നാലു വര്‍ഷമായി അവനുമായുള്ള അടുപ്പം വിട്ടിട്ടില്ല.
ഭക്ഷണം സ്വയം ഉണ്ടാക്കുമെങ്കിലും ഹോട്ടലിലെ ഭക്ഷണം ഒഴിവാക്കാനാവുന്നില്ല.
ഈ മുടിഞ്ഞ ബ്ലോഗിംഗും ബസ്സിംഗും.

ഓഫീസ് ബോയിയോടും ഹോട്ടല്‍ ബോയിയോടും സൌഹൃദം നിലനിര്‍ത്തിയാല്‍ തടിക്കു നല്ലത്.
ചില ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവന്‍ തന്നെ ഇങ്ങോട്ടു പറയും അതു വേണ്ട എന്ന്. പിന്നെ പിന്നെ ഞാന്‍ ഒര്‍ഡര്‍ പോലും കൊടുക്കാതെ എന്റെ മെനു അവന്റെ ഇഷ്ടത്തിനു വിട്ടു കൊടുക്കാറായി പതിവ്. അതിനാല്‍ എന്റെ വയറിനു കുഴപ്പമില്ലാതെ പോകുന്നു.

ആ കഫറ്റേരിയയിലെ വിസയായതിനാല്‍ ഭരണം ഒരോ മാനേജുമെന്റുകള്‍ കൈമാറുമ്പോഴും സുലൈമാന്‍ എന്ന ജോലിക്കാരനെ അടക്കമാണു കൈമാറിയിട്ടുള്ളത്. കസ്റ്റമേര്‍സിനെ ബഹുമാനിക്കാനറിയാം. നന്നായി പണിയെടുക്കും. സത്യസന്ധതയുടെ നിറകുടം.
ഒരോ പ്രാവശ്യവും മാനേജ്മെന്റു മാറുമ്പോള്‍ ഞാന്‍ ചോദിക്കും
“സുലൈ എങ്ങെനെയുണ്ട് പുതിയ മാനേജമെന്റ്?”
തീരെ എഫിഷ്യന്റെല്ലാത്ത മുതലാളിമാരാണെങ്കില്‍ അവന്‍ പറയും.
“നല്ല അറബാക്കന്മാരാ... വേഗം കഴിച്ചോ? എപ്പഴാ ഷട്ടറിടുകാ എന്നറിയില്ല.”
“ അല്ലെങ്കില്‍ വേഗം തിന്നോ ! അല്ലെങ്കില്‍ കഴിച്ചു തീരുമ്പോഴേക്കും വീണ്ടും വിലകൂട്ടും”
അവന്‍ എല്ലാം ഫലിതം ചേര്‍ത്താണു മറുപടി പറയുക.
ഹിന്ദിക്കാരോ ഉർദുക്കാരോ ആണെങ്കിൽ പറയും “ നാസ്താമേം അനാസ്ഥ നഹി കരോ?”
അല്ലെങ്കിൽ കേൾക്കാം “കാനേ കോ ഇൻ‌കാർ ന: കർനാ..!“
എനിക്കതു കേൾക്കാൻ വലിയ ഇഷ്ടമാണ്. പ്രാസമൊപ്പിച്ചുള്ള ഫലിതങ്ങൾ!.
പ്രീഡിഗിക്കു പഠിച്ചു കൊണ്ടിരിക്കേയാണു പ്രാരാബ്ദം അവനെ പ്രവാസിയാക്കിയത്.
ഇന്നലെയാണു ഞാന്‍ അവനെ ശരിക്കറിഞ്ഞത്.
അജ്മാന്‍ കാരിഫോറില്‍ നിന്നു പര്‍ച്ചേസും കഴിഞ്ഞു ഷെയറിംഗ് ടാക്സിക്കും കാത്തിരുന്നു മടുത്തപ്പോഴാണു എന്‍‌ഗേജു ടാക്സി വിളിച്ചത്. ഒരാള്‍ ഒറ്റക്കു ഉമ്മുല്‍ ഖുവൈന്‍ വരെ പോകാന്‍ വാങ്ങിയ സാധനങ്ങളുടെ ഇരട്ടി പൈസയാവും.
സാമ്പത്തിക മാന്ദ്യം വന്നതോടെ കമ്പനി വാഹനങ്ങള്‍ വ്യാഴാഴ്ച്ച കോപൌണ്ടില്‍ ലോക്കു ചെയതു താക്കോല്‍ ഏല്‍‌പ്പിക്കേണ്ട പരിഷ്കരണം തുടങ്ങിയതു ഞാന്‍ തന്നെയായതിനാല്‍ അതിന്റെ നഷ്ടവും സഹിക്കാന്‍ തയ്യാറായിരുന്നു.
എന്നാലും വഴിയിലാരെയെങ്കിലും കിട്ടിയാല്‍ കയറ്റണമെന്ന കറാറില്‍ യാത്ര തുടര്‍ന്നു.
പ്രതീക്ഷപോലെ കുറച്ചു ദൂരം പോയപ്പോള്‍ ഒരു ലബനാനി കയ്യു കാണിച്ചു, നിര്‍ത്തി,
പോകേണ്ട സ്ഥലം ചോദിച്ചപ്പോള്‍ സമാധാനമായി. ചാര്‍ജു പകുതിയായി കുറഞ്ഞ സന്തോഷം എനിക്ക്.
അയാള്‍ കാറിനുപിറകിലെ സീറ്റില്‍  മൂന്നാളുടെ സ്ഥലത്തു വിശാലമായിരുന്നു.
പുറത്തു 48 ഡിഗ്രി ചൂടാണ്.
കുറച്ചു കൂടി ചെന്നപ്പോള്‍ പൊരി വെയിലില്‍ വണ്ടി കാത്തു നില്‍ക്കുന്ന സുലൈയെ കണ്ടു. അവനെ കയറ്റാനായി ഞാന്‍ വണ്ടി നിര്‍ത്തിച്ചു.
എന്നാല്‍ അതു ആ ലബനാനിക്കു ഇഷ്ടപ്പെട്ടില്ല.
ഞാന്‍ പറഞ്ഞു നിനക്കു വേണ്ടെങ്കില്‍ ഇവിടെ ഇറങ്ങിക്കോ? എനിക്കു എന്റെ സുഹൃത്തിനെ കയറ്റാതിരിക്കാനാവില്ല.
സുലൈയെ അവന്‍ ഒരു കുഷ്ഠരോഗിയെപ്പോലെ നോക്കി, വിയര്‍ത്തൊഴുകിയ അവന്റെ വസ്ത്രങ്ങളെ അവന്‍ അറപ്പോടേ നോക്കി. ഞാന്‍ വഴങ്ങില്ലെന്നു മനസ്സിലായപ്പോള്‍ മനസ്സില്ലാമനസ്സോടെ ലബനാനി  വണ്ടിയില്‍ നിന്നിറങ്ങി.
സുലൈ കാറില്‍ കയറി.
അവിടെ കാത്തു നിന്നാല്‍ ടാക്സി കിട്ടാന്‍ പ്രയാസമാണെന്നും ഒരു നിമിഷം പോലും ആ കൊടും ചൂടില്‍ കഴിയാനാവില്ലന്നും തിരിച്ചറിഞ്ഞ ലബനാനി തീരുമാനം പെട്ടെന്നു മാറ്റി.
അവന്‍ കൈകൊണ്ടു വീശി വീശി സുലൈയോടു ദൂരെ മാറിയിരിക്കാന്‍ ആംഗ്യം കാട്ടി.
ഞാന്‍ പറഞ്ഞു
“സുലൈ ആണു ആദ്യമിറങ്ങുന്നത്. അതിനാല്‍ അവന്‍ ഡോറിനടുത്തിരുന്നോട്ടെ!“.
പക്ഷെ ആ ലബനാനി എന്നെ അനുസരിച്ചില്ല. അവന്‍ സുലൈയെ ദൂരേക്കു  നീക്കിയിരുത്തി അറപ്പൊടെ ഡോറിനരികത്തു അവന്‍ ഇരിക്കുകയും ചെയ്തു.
എനിക്കു ദേഷ്യം വന്നു. എന്നാലും പകുതി ചാര്‍ജ് ആലോചിച്ചപ്പോള്‍ ഒന്നും മിണ്ടാതിരുന്നു.
സുലൈക്കു ഇറങ്ങാനുള്ള സ്ഥലം ആയപ്പോള്‍ കാറു നിര്‍ത്തിച്ചു. ആദ്യം ലബനാനിക്കു ഇറങ്ങേണ്ടി വന്നു. പിന്നെയാണു സുലൈ ഇറങ്ങിയത്.
സുലൈ അവന്റെ ഷയറായി കാശു തന്നെങ്കിലും ഞാന്‍ വാങ്ങിയില്ല.
ലബനാനിക്കു അപ്പോഴേക്കും യാത്ര വൈകുന്നതിന്റെ ദേഷ്യമായിരുന്നു.അവനെ കാറില്‍ കയറ്റിയതില്‍ ഞാനും മനസു കൊണ്ടു ശപിക്കുകയായിരുന്നു.
വാതില്‍ വലിച്ചടച്ചവന്‍ ഡ്രൈവറോടു “സുറ..സുറ“ എന്നു കല്‍‌പ്പിക്കുന്നുണ്ടായിരുന്നു.
കാറു ഒരു പത്തു പതിനഞ്ചു വാര പിന്നിട്ടപ്പോഴാണു ഞാന്‍ കണ്ടത്.
സുലൈ കയ്യില്‍ എന്തോ പൊക്കിപ്പിടിച്ചു ഉച്ചത്തില്‍ വിളിച്ചു പിന്നാലെ  ഓടി വരുന്നുണ്ട്.
ഡ്രൈവര്‍ വണ്ടി നിര്‍ത്താന്‍ ഒരുങ്ങുകയായിരുന്നു.
പിന്നിലേക്കു നോക്കി ആ ലബനാനി പെട്ടെന്നു ഡ്രൈവര്‍ക്കു നിര്‍ദ്ദേശം കൊടുത്തു.
നിര്‍ത്താതെ പോകാന്‍.
എനിക്കു വല്ലാത്ത വിഷമം തോന്നി.
ഞാന്‍ അവനോടു കെഞ്ചി നോക്കി. പക്ഷെ അവന്‍ വാശിയില്‍ തന്നെ നിന്നു.
മനസ്സില്ലാ മനസ്സോടെ പേടിച്ചു കൊണ്ടു ആ ഡ്രൈവര്‍ വണ്ടിയെടുത്തു സ്പീഡു കൂട്ടി.

എനിക്കു ഇറങ്ങേണ്ട സ്ഥലത്തു നിന്നു വീണ്ടും രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞിട്ടാണു ലബനാനിക്കു ഇറങ്ങേണ്ടതെങ്കിലും അതു വരെയുള്ള ചാര്‍ജിന്റെ പകുതി കൊടുത്തു ഞാനും കാറില്‍ നിന്നിറങ്ങി.

ഇന്നു രാവിലെ നാസ്ത കഴിക്കാന്‍ അല്‍ സലാമിയയില്‍ ചെന്നപ്പോള്‍ സുലൈ എന്നെ കാത്തിരിക്കുകയായിരുന്നു.
കയ്യില്‍ ഒരു പേഴ്സുണ്ട്.
ആ ലബനാനിയുടേതാണു്. അയാള്‍  കാറില്‍ നിന്നു ഇറങ്ങിയപ്പോള്‍ ചാടിയതാണ്. അതും കൊണ്ടാണ് സുലൈ കാറിനു പിറകെ ഒരുപാടു ദൂരം ഓടിയത്.
ഞാന്‍ പേഴ്സു തുറന്നു നോക്കി. ഏഴായിരത്തില്‍പ്പരം ദിര്‍ഹം ഉണ്ട്. കൂടാതെ ഒരു ബത്താക്കയും അനേകം ബാങ്ക് എ.ടി.എം കാര്‍ഡുകളും.

അവന്‍ പറഞ്ഞു
“ ഫോണ്‍ നമ്പര്‍ വല്ലതും ഉണ്ടോ എന്നു ഞാന്‍ നോക്കി.കണ്ടില്ല. എങ്ങനെയാ ഇതൊന്നു തിരിച്ചു കൊടുക്കുക?.“
ഞാന്‍ അവന്റെ മുഖത്തേക്കു അത്ഭുതത്തോടെ, അതിലേറെ ആദരവോടേ സൂക്ഷിച്ചു നോക്കി, കാറിലിരിക്കുമ്പോള്‍ ഒരു കുഷ്ടരോഗിയോടു പെരുമാറിയപോലെ പെരുമാറിയ ഒരുത്തനോടു തിരിച്ചു കൊടുക്കുന്ന പെരുമാറ്റം എന്റെ ഈ നാട്ടുകാരില്‍ മാത്രമേ കാണൂ എന്നു തിരിച്ചറിഞ്ഞു.

ഞാന്‍ പറഞ്ഞു.
“തിരിച്ചു  കൊടുക്കണമെങ്കില്‍ നമുക്കു വഴിയുണ്ട്. ബത്താക്കയിലെ അവന്റെ കമ്പനിയില്‍ വിളിച്ചു പറഞ്ഞാല്‍ മതി. നമ്പര്‍ ഇത്തിസാലാത്തില്‍ വിളിച്ചാല്‍ കിട്ടും“.
“പക്ഷെ ആ ദുഷ്ടനു ഈ കാശു തിരിച്ചു കൊടുക്കണോ?
എനിക്കു തോന്നുന്നത് ദൈവം ഈ കാശു അവനെ ശിക്ഷിക്കാന്‍ നിനക്കു തന്നതാണ് എന്നാണ്“.
അവന്‍ മറുപടി പറഞ്ഞു.
“അല്ലാഹു കണ്ടോരുടെ പേഴ്സിലിട്ടു നിലത്തേക്കെറിഞ്ഞെന്തിനാ എനിക്കു റഹ്മത്ത് തരുന്നത്. തരുന്നെങ്കില്‍ നേര്‍ വഴിക്കു തന്നൂടെ?“
എനിക്കു മുണ്ടാട്ടം മുട്ടി.

ഞാന്‍ ഇത്തിസാലാത്തില്‍ വിളിച്ചു ആ ലബനാനി ജോലി ചെയ്യുന്ന കമ്പനിയുടെ ഫോണ്‍ നമ്പര്‍ അന്വേഷിച്ചു സുലൈക്കു നല്‍കി.
അവന്‍ തന്നെയാണു കമ്പനിയില്‍ വിളിച്ചു പറഞ്ഞതും. ലബനാനിക്കു ലൊക്കേഷന്‍ പറഞ്ഞു കൊടുത്തതും.
‘അല്‍ സലാമിയ കഫറ്റേരിയ, ബഗദ സലാമിയ ഫ്രൂട്ട് മാര്‍ക്കറ്റ്, അന മൌജൂദ് കുല്ലു ലൈലു വല്‍ യവ്മ്”

68150

13 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    “അല്ലാഹു കണ്ടോരുടെ പേഴ്സിലിട്ടു നിലത്തേക്കെറിഞ്ഞെന്തിനാ എനിക്കു റഹ്മത്ത് തരുന്നത്. തരുന്നെങ്കിൽ നേർ വഴിക്കു തന്നൂടെ?“

  2. ആര്‍ബി പറഞ്ഞു...

    മനസ്സിന്റെ നന്മ...!!. ഒരുപാട് പെരുപ്പിച്ച് പറയണം... ഒരുപാടൊരുപാട്... കരീം മാഷെ.. ടച്ചിങ് പോസ്റ്റ്....

  3. അലി പറഞ്ഞു...

    കഥ നന്നായി മാഷെ.

  4. C.K.Samad പറഞ്ഞു...

    "എനിക്കു മുണ്ടാട്ടം മുട്ടി". ഇത് മലപ്പുറം ഭാഷയല്ലേ മാഷേ....?. കഥ നന്നായി.

  5. sHihab mOgraL പറഞ്ഞു...

    Kareem Mash,

    Really touching..

  6. ശ്രീ പറഞ്ഞു...

    കഥ ആണോ മാഷേ?
    എങ്കിലും നന്നായി. കഥയിലെങ്കിലും ഇങ്ങനെ നന്മകള്‍ മനസ്സില്‍ സൂക്ഷിയ്ക്കുന്നവരെ കാണാമല്ലോ...

  7. കരീം മാഷ്‌ പറഞ്ഞു...

    ശ്രീ, നടന്ന സംഭവം തന്നെ,എന്റെ മാധ്യമം കഥയായതിനാല്‍ ആ രുപത്ത്ത്തില്‍ എഴുതി എന്ന് മാത്രം.
    ചിലപ്പോള്‍ കുറഞ്ഞ വേതനത്തില്‍ പണിയെടുക്കുന്ന വേദന അനുഭവിക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന ചിന്തകളും തത്ത്വങ്ങളും നമുക്ക് കിട്ടും അങ്ങ്ങ്ങനെ ഒന്നായിരുന്നു ഈ സംഭവം.

    ആര്‍ബി,
    അലി,
    SAMAD IRUMBUZHI,
    ശിഹാബ് മൊഗ്രാല്‍,
    ശ്രീ
    നന്ദി വായനക്കും അഭിപ്രായത്തിനും.

  8. Naushu പറഞ്ഞു...

    നന്നായിട്ടുണ്ട്...

  9. ചന്ദ്രകാന്തം പറഞ്ഞു...

    നന്‍‌മ!

  10. OAB/ഒഎബി പറഞ്ഞു...

    നന്മ നിറഞ്ഞവന്‍ സുലൈ...

  11. അജ്ഞാതന്‍ പറഞ്ഞു...

    ശ്ശോ... അതു വേണ്ടായിരുന്നു. ആ കുരുത്തം കെട്ട ലബ്‌നാനീന്റെ സുബാവം കേട്ടപ്പോ തിരിച്ചു കൊടുത്ത പേഴ്സില്‍ നിന്നും തന്റെ പതിനായിരം ദിര്‍ഹം കാണുന്നില്ല, അതിവന്‍ മോട്ടിച്ചിരിക്കുന്നൂ ന്നുള്ള ആരോപണവുമായി വരാനാ സാദ്ധ്യത. മെല്ലെ അത് വല്ല ചാരിറ്റീലേക്കോ അല്ലെങ്കില്‍ പേഴ്സ് മുയുമനോടെ ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ പോലീസ് ബണ്ടീലോ അവരെ പോലും അറീക്കാതെ അഥവാ ആളറിയാതെ കൊണ്ടോയി ഇട്ടാല്‍ മതി ആയിരുന്നു. വെറുതെ വഴിയേ പോയ വയ്യാവേലി തലേലേറ്റണ്ടല്ലോ...!

    കമന്റ് ബൈ പുഞ്ചിരി, പൂനിലാവെന്ന ബ്ലോഗിന്റെ ഉടമസ്ഥന്‍ :-)

  12. richumolu പറഞ്ഞു...

    മാഷെ എനിക്കറിയാം ഈ സുലൈയെ. എനിക്കറിയാവുന്ന ഒരാളെ പോലെ . നന്നായി മാഷെ, നന്മ മനസ്സില്‍ നിറയട്ടെ എല്ലാവരുടെയും. എന്റെ ഒരു അടുത്ത ബന്ധു എന്നോട് ഇടയ്ക്കിടെ പറയാറുണ്ട് വല്ല അറബിടെയും നല്ല കാശുള്ള പേര്‍സ്‌ കിട്ടിയാല്‍ ആശാന്‍ അടുത്ത നിമിഷം നാട്ടില്‍ പോകും എന്ന്, ഞാന്‍ ആള്‍ക്ക് ഈ പോസ്റ്റ്‌ കാണിച്ചു കൊടുക്കാം

  13. kichu / കിച്ചു പറഞ്ഞു...

    എന്താ പറയുക എന്നറിയില്ല മാഷേ.. ഇങ്ങനേയും ചില മനുഷ്യരൊക്കെ ഉണ്ടെന്നറിയുന്നതു തന്നെ ഒരു നിറവ് ...