ചൊവ്വാഴ്ച, ജനുവരി 17, 2012

എത്രയെളുപ്പം

“അതിനെന്തിനാ ഇത്ര ചിന്തിക്കാൻ?  ദാ ഞാനിപ്പം തീരുമാനമാക്കിത്തരാം“.

 അമ്മായി സംഗതിയിൽ കേറി ഇടപെട്ടു.
 എന്തിനും അവർക്കു അവരുടേതായ വഴിയുണ്ട്. എളുപ്പ വഴി.

 ഇതു സംഗതി മക്കളുടെ ഭാവിയായതിനാൽ മറ്റാരുടേയും വഴിക്കു വിടാൻ എനിക്കും ഭാര്യക്കും തീരേ സമ്മതമല്ല.
എങ്കിലും അവധിയുടെ നാലു ദിവസം ഈ ചർച്ച നടന്നു തമ്മിൽ തല്ലുപിടിച്ചതല്ലാതെ വഞ്ചി തിരുനക്കര തന്നെ കിടപ്പാണ്.
അതിനിടയിലാണു അമ്മായിയും കൂടെ അമ്മായിയുടെ  ഒടുക്കത്തെ വികൃതി വിത്തായ  പേരച്ചെക്കനുമൊത്തു  വിരുന്നിനു വന്നു കയറിയത്.
പ്രശ്നം സോൾവാക്കൽ പിന്നെ അവരുടെ ചുമതലയായി.

 ഞങ്ങളുടെ മക്കളുടെ ഭാവി പഠന അഭിരുചി അറിയൽ അവർ സ്വയമങ്ങേറ്റെടുത്തു ക്രമസമാധാനപാലകയായി.
പ്രശ്നം തീർന്നാലേ മാളു, ബിരിയാണി വെക്കാൻ അടുക്കളയിൽ കയറൂ എന്നവർക്കറിയാം.അതാണു കാര്യം!.

" മക്കളെ രണ്ടാളേയും വിളിക്കൂ.."

പിന്നെ,  അവരു തന്നെ മുകളിലേക്കു കേൾക്കും വിധം നീട്ടി വിളിച്ചു.

"ശബീ.. ശാബൂ....!"

 തമാശക്കാരിയായ അമ്മായി വന്ന വിവരമറിഞ്ഞു മക്കൾ  തുമ്പയിൽ നിന്നു വിട്ട റോക്കറ്റു തിരിച്ചു വരും പോലെ താഴേക്കു പതിച്ചു.


" ഇന്നു നിങ്ങൾക്കു  നാസ്തയുടെ കുക്കു ഞാനാ...!  അമ്മായിയുടെ വക സ്പെഷ്യല്‍ വിഭവം ഉണ്ടാക്കിത്തരാം. രണ്ടാളും പോയി ഫ്രിഡ്ജ് തുറന്ന് പറ്റിയ ഒരോ തക്കാളി എടുത്തു കൊണ്ടു വാ?"

 ഇതിലെന്തോ കുന്ത്രാണ്ടം ഉണ്ട്. രസമാണല്ലോ എന്നു കരുതി മക്കൾ  ഫ്രിഡ്ജിനടുത്തേക്കു പോയി.

 അമ്മായി രണ്ടുമിനിട്ടു കണ്ണടക്കുന്നതു കണ്ടു.
 പ്രാർത്ഥിക്കുകയൊന്നുമാവില്ല. വീണാൽ പടിഞ്ഞാറോട്ടു വീഴാത്ത ഇനമാണ്.

 ആദ്യം വന്നതു മകൾ ആണ്. കയ്യിൽ ഫ്രിഡിജിൽ നിന്നും തെരെഞ്ഞെടുത്ത ഏറ്റവും നല്ല ഒരു തക്കാളി.
അവൾ തെരെഞ്ഞെടുത്ത തക്കാളി വാങ്ങി  അമ്മായി തിരിച്ചും മറിച്ചും ഉരുട്ടിയും ഞെക്കിയും നോക്കി നിരീക്ഷിച്ചു.പിന്നെ, അമ്മായി  പ്രഖ്യാപിച്ചു..!


" ഇവളെ നമുക്കു മെഡിസിനു വിടാം."

 അമ്മായി കാരണവും പറഞ്ഞു.
" ഫ്രിഡ്ജിൽ നിന്നു ഏറ്റവും ഫ്രഷായ തക്കാളി തന്നെ തെരെഞ്ഞെടുത്ത മോൾക്കു ആരോഗ്യ സംരക്ഷണ ബോധമുണ്ട്. രോഗം വരാതെ കാക്കാൻ എന്തു ചെയ്യണമെന്നവൾക്കറിയാം.   അവളു ഡോക്ടറാവട്ടേ..!"

“അതിനു ഡോക്ടർ തന്നെ ആവണോ അമ്മായീ? നഴ്സായാലും പോരേ?”
മോൾ അമ്മായിയെ ഒന്നു വാരി,
അമ്മായിക്കതു പെട്ടെന്നു ഓടി.

“ മതിയെങ്കിൽ മതി, പക്ഷെ ഒരു ഡോക്ടറെ പ്രേമിച്ചു വളച്ചു ഈ വീട്ടിൽ കെട്ടിക്കൊണ്ടു വരണം  സ്ത്രീധനം ചോദിക്കാതെ..! പറ്റുമോ?”
 മോൾ കിട്ടാനുള്ളതു ചോദിച്ചു വാങ്ങി പിന്നെ പതിവുപോലെ നിശബ്ദയായി...!


 പിറകെ മകൻ എത്തി. അവൻ ഇനി ചീത്തയാവാൻ ഏറ്റവും സാധ്യതയുള്ള ഒരു തക്കാളിയാണു കൊണ്ടു വന്നത്. അവൻ കൊണ്ടു വന്ന തക്കാളിയും അവർ തിരിച്ചും മറിച്ചും ഉരുട്ടിയും നോക്കി. ഞെക്കി നോക്കുന്നതിനിടയിൽ അതു അകത്തെ കണ്ടന്റ്റുകളെല്ലാം അമ്മായിയുടെ സാരിയിൽ സമ്മാനിച്ചു മെലിഞ്ഞു തൊലിമാത്രമായി.

 അമ്മായി ജാള്യത്തോടെയെങ്കിലും ഉറച്ച കോൺഫിഡൻസോടെ  പ്രഖ്യാപിച്ചു..!

“ ഇവനെ നമുക്കു എക്കണോമിക്സു പഠിക്കാൻ വിടാം.   ഉള്ള റിസോർസസിൽ നിന്നു നാശാവാൻ സാധ്യതയുള്ളതിനെ ആദ്യം ഉപഭോഗം ചെയ്യണമെന്ന ബോധം മകനുണ്ട്. അതിനാൽ അവൻ ഒരു നല്ല എക്കണോമിസ്റ്റാവും.“
From less resources Consume Pre-perishable first ".
അമ്മായി തിയറി പറഞ്ഞു.

 അമ്മായിയുടെ നിഗമനത്തിൽ ഇത്തിരി അസൂയയോടെ കണ്ണു തള്ളിയിരിക്കുമ്പോഴായിരുന്നു അകത്തേക്കു പോയ അമ്മായിയുടെ "വികൃതി" ഫ്രിഡ്ജിൽ നിന്നു വലിച്ചു പറിച്ചെടുത്ത കുഞ്ഞു ബൾബും പിടിച്ചു വന്നു കയറിയത്.
 അതു കണ്ട ഭാര്യ ഇങ്ങനെ പ്രഖ്യാപിച്ചു
"ഇവനെ നമുക്ക് ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറാക്കണം".

അമ്മായി ചമ്മിയ ചിരി പെട്ടെന്നു തമാശയിലേക്കു തിരിച്ചു വിട്ടു. എട്ടു ദിക്കും പൊട്ടുമാറുച്ചത്തിൽ അലറിച്ചിരിച്ചു തക്കാളിച്ചാറായ സാരി കഴുകാൻ വാഷ്‌റൂമിലേക്കും ഭാര്യ കോഴി ബിരിയാണി ഉണ്ടാക്കാൻ അടുക്കളയിലേക്കും തിരിച്ചു.

6 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  ഗൂഗിൾബസ്സിലെ പോസ്റ്റിലിട്ട ഒരു ത്രെഡിലൂടെ, കൂട്ടുകാരിലൂടെ വികസിപ്പിച്ചെടുത്ത ഒരു കഥ.

 2. മണ്ടൂസന്‍ പറഞ്ഞു...

  തികച്ചും സാധാരണമായ ഒരു അനുഭവക്കുറിപ്പ്, രസകരമായിട്ടുണ്ട്. നന്നായി പറഞ്ഞു. ഏത് കുടുംബത്തിലും സർവ്വസാധാരണമായ ഒരു സംഭവം. ആശംസകൾ.

 3. MyDreams പറഞ്ഞു...

  ഇത് പോലെ ഒരു കഥ പണ്ട് കേട്ടത് ഒരമ്മയുണ്ട്

  കള്ളും പണവും കത്തിയും വെച്ച് ...ഇത് മൂനും എടുത്തപ്പോള്‍ അവന്‍ രാഷ്രിയക്കാരണവും എന്ന് പറഞ്ഞതും

 4. Typist | എഴുത്തുകാരി പറഞ്ഞു...

  എവിടേയുമുണ്ടാവും ഇതുപോലുള്ള അമ്മായിമാർ.

 5. ഷിബു തോവാള പറഞ്ഞു...

  കരിം മാഷ്...അനുഭവമാണെങ്കിലും, കഥയാണെങ്കിലും രസകരമായി എഴുതിയിരിക്കുന്നു കേട്ടോ...

 6. മുല്ല പറഞ്ഞു...

  ഹ ഹ കലക്കി.