ചൊവ്വാഴ്ച, മാർച്ച് 13, 2012

കുഞ്ഞിപ്പെണ്ണ്.

കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരങ്ങൾ:‌- ഒന്ന്.

ഫോൺ അടിച്ചപ്പോൾ കൊച്ചമ്മ ബാത്ത് റൂമിലായിരുന്നു,

“കുഞ്ഞിപ്പെണ്ണേ... ഞാൻ കുളിക്ക്യാ.. കുറച്ചു കഴിഞ്ഞിട്ടു വിളിക്ക്യാൻ പറ!“
കുഞ്ഞിപ്പെണു ഫോൺ എടുക്കാതെ ദൂരെ നിന്നു അകത്തേക്കു കഴുത്തു നീട്ടി പറഞ്ഞു 
“കൊച്ചമ്മ കുളിക്യാ... കുറച്ചു കഴിഞ്ഞു വിളിക്കീൻ..!“
കുറച്ചു നേരം മണിയടിച്ചു പിന്നെ മണിയടി നിന്നു. 

കുഞ്ഞിപ്പെണ്ണു ആത്മഗതം
“ജന്തുക്കുടിയനാണെങ്കിലും പറഞ്ഞാൽ കേക്കുന്നുണ്ട്”.കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരങ്ങൾ:‌- രണ്ട്.


കുഞ്ഞിപ്പെണ്ണിനു ചിന്ന ചിന്ന സാധനങ്ങൾ “ഇസ്കുന്ന” ഒരു വീക്ക്നെസ്സുണ്ടായിരുന്നു. 
കമുങ്ങിൻ തോട്ടത്തിൽ നിന്നു അടക്ക പറിക്കുന്നതു കുലയടക്കം കയറിൽ താഴോട്ടു പായിച്ചാണ്. അതിനാൽ ഒറ്റയെണ്ണവും കുലയിൽ നിന്നു വേർപ്പെട്ടു പോകില്ല. പിന്നെ ട്രാൻസ്പോർട്ടേഷനിടയിൽ ചിലതൊക്കെ കുലയിൽ നിന്നു വേർപ്പെടും. എങ്കിലും മലഞ്ചരക്കു വ്യാപാരി ചേക്കുട്ടി വന്നു കുല വണ്ടിയിൽ കയറ്റാൻ നേരം വേർപ്പെട്ട ഒറ്റ അടക്കയും കാണാറില്ല,
സ്വാഭാവികമായും വീട്ടിലെ മൂത്ത ചെക്കനെ കൊച്ചമ്മ സംശയിച്ചു. താൻ  കട്ടിട്ടില്യാന്നു പറഞ്ഞിട്ടും അവനു പിടിപ്പതു അടി കിട്ടി. അകാരണമായി അടി പതിവായി കിട്ടിയപ്പോൾ ചെക്കനിലെ അപസർപ്പകൻ ഉണർന്നെണീറ്റു. 
അടുത്ത പ്രാവശ്യം അവൻ, വേർപ്പെട്ട അടക്കയിലൊക്കെ ബോൾപെന്നു കൊണ്ടു “ഇതു കട്ടതാണ്” എന്നെഴുതി. വായിക്കാൻ അറിയാത്ത കുഞ്ഞിപ്പെണ്ണ് അടക്ക വിൽക്കാൻ കടയിലെത്തിയപ്പോൾ വായിക്കാൻ അറിയുന്ന കൌശലക്കാരനായ അയമുദു ചോദിച്ചു “കുഞ്ഞിപ്പെണ്ണേ.. നേരു പറ ! ഇതു കട്ട മുതലല്ലേ?
ഞെട്ടിപ്പോയ കുഞ്ഞിപ്പെണ്ണു സത്യം സമ്മതിച്ചു. കടക്കാരൻ ആ കൌശലത്തിൽ സാധനം പകുതി വിലക്ക്   അടിച്ചെടുത്തു.
അടി അപ്രാവശ്യവും മൂത്ത ചെക്കനു തന്നെ!.
പിറ്റേ പ്രാവശ്യം അടക്ക പറിച്ചു കൊണ്ടു വന്നപ്പോൾ തന്നെ വേർപ്പെട്ട അടക്കകൾ ഒരു കൊട്ടയിലാക്കി ചെക്കൻ കാണാത്തിടത്തു വെക്കാൻ കൊച്ചമ്മ കുഞ്ഞിപ്പെണ്ണിനോടു ആവശ്യപ്പെട്ടു.

"കൊച്ചമ്മേ.. അതീന്നു കുറച്ച് എനിക്കു തരുമോ? കഴിഞ്ഞ പ്രാവശ്യം ചോയിക്കാത്തതോണ്ട് വെല പകതിയേ കിട്ടിയുള്ളൂ..”

കൊച്ചമ്മക്കു തെറ്റിദ്ധാരണ മാറി, വൈകുന്നേരം മൂത്ത മകൻ വന്നപ്പോഴേക്കു അവനിഷ്ടമുള്ള പുട്ടും കടലക്കറിയും ഉണ്ടാക്കി കൊടുത്തു മനസ്ഥാപം തീർത്തു.


കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരങ്ങൾ:‌- മൂന്ന്.


അക്കൊല്ലം താഴത്തെ വാടക വീട്ടിൽ താമസിക്കാൻ വന്നതു ലൈല ടീച്ചറും കുടുംബവുമായിരുന്നു. കൊച്ചമ്മ കുഞ്ഞിപ്പെണ്ണിനോടു പറഞ്ഞു 
"നീ പോയി ലൈല ടീച്ചർക്കു ഒഴിവാണെങ്കിൽ ഒന്നു വരാൻ പറ.  പരിചയപ്പെടാമല്ലോ!“
കുഞ്ഞിപ്പെണ്ണ്, ലൈല ടീച്ചറുടെ കാളിംഗ് ബെല്ലടിച്ചപ്പോൾ ടീച്ചർ വാതിൽ തുറന്നു പുറത്തു വന്നു ചോദിച്ചു.
“ആരാ?”
“ ഞാൻ മേലെ വീട്ടിലെ വേലക്കാരിയാ...!
 എന്നോടു പോയിട്ടു. നിങ്ങൾക്കു ഒഴിവാണെങ്കിൽ അങ്ങോട്ടു ചെല്ലാൻ പറഞ്ഞു.”
കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരങ്ങൾ:‌- നാല്.


കമുങ്ങിൻ പാള കൊണ്ടു പാളത്തൊട്ടിയുണ്ടാക്കുകയായിരുന്നു കൊച്ചമ്മ. കുഞ്ഞിപ്പെണ്ണിനതിഷ്ടപ്പെട്ടില്ല, 
"ഇതു കിണറ്റിൽ മുങ്ങാൻ എടങ്ങേറാ കൊച്ചമ്മേ നമുക്കു ഇരുമ്പു ബക്കറ്റു തന്നെ മതി.!".
" ഇതു നമുക്കല്ലടി.. മോൾക്കു സ്കൂളിൽ ഒരു എക്സിബിഷനു കൊണ്ടു പോകാൻ കമുങ്ങിൽ പാള കൊണ്ടുള്ള പണ്ടുപയോഗിച്ചിരുന്ന ചില നിത്യോപയോഗ സാധനങ്ങൾ ഉണ്ടാക്കുകയാ..!! "
കുഞ്ഞിപ്പെണ്ണ് :- “അയിനു നമ്മടെ കുട്ടി പാളക്കാട്ടെ.. സ്കൂളിലാണോ പഠിക്കുന്നത്? “ കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരങ്ങൾ:‌- അഞ്ച്.

കൊച്ചമ്മയുടെ നാത്തൂൻ കുവൈറ്റിൽ നിന്നു വന്ന പിറ്റേന്നു വിരുന്നിനു വന്ന ദിവസം കുഞ്ഞിപ്പെണ്ണിനു തീണ്ടാരി അവധിയായിരുന്നു.


നാത്തൂൻ എല്ലാർക്കു എന്തെങ്കിലും ഒക്കെ ഗിഫ്റ്റായി  കൊടുത്തു. 
 കുഞ്ഞിപ്പണ്ണിനൊന്നുമില്ലങ്കിൽ വിഷമമാകും എന്നു കരുതി  കൊച്ചമ്മ തന്നെ തന്റെ,  പാകമാവാതെ മാറ്റി വെച്ചിരുന്ന നല്ലപ്പൻ കാലത്തെ  കുറച്ചു ബ്ലൗസുകൾ നാത്തൂൻ കുവൈറ്റിൽ നിന്നു കൊണ്ടു വന്നതാണെന്നു കള്ളം പറഞ്ഞു കുഞ്ഞിപ്പെണ്ണിനു കൊടുത്തു. 
നാത്തൂൻ അവധി കഴിഞ്ഞു കുവൈറ്റിലേക്കു മടങ്ങിപ്പോയി....... 
കാലം കടന്നു പോയി. 
ഒരു ദിവസം  കുവൈറ്റിലുള്ള ആ നാത്തൂനുമായി കൊച്ചമ്മ ഫോണിൽ സംസാരിക്കുകയായിരുന്നു.
 കുഞ്ഞിപ്പെണ്ണു  തൊട്ടടുത്തു  അക്ഷമയോടെ കാത്തു നിന്നു.
ഫോൺ വെക്കുന്നതിന്നു തൊട്ടു മുൻപേ  ഫോൺ പിടിച്ചു വാങ്ങി ഒറ്റച്ചോദ്യം !
“നിങ്ങൾ എന്താ വേഗം വരാത്തതെന്ന്?
"എന്താകാര്യം" എന്നു അവർ ഫോണിൽ ചോദിച്ചു കാണും കുഞ്ഞിപ്പെണ്ണു മറുപടി പറയുന്നതു മാത്രമേ കൊച്ചമ്മ കേട്ടുള്ളൂ 
“ അല്ലാ എന്റെ ബ്ലൌസൊക്കെ കീറിത്തുടങ്ങിയിരിക്ൿണ്”.

5 അഭിപ്രായ(ങ്ങള്‍):

 1. അനില്‍@ബ്ലോഗ് // anil പറഞ്ഞു...

  :)

 2. keraladasanunni പറഞ്ഞു...

  കുഞ്ഞിപ്പെണ്ണിന്‍റെ നിഷ്ക്കളങ്കത ഇഷ്ടമായി.

 3. ശ്രീ പറഞ്ഞു...

  കുഞ്ഞിപ്പെണ്ണിന്റെ അഥവാ നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കമായ മണ്ടത്തരങ്ങള്‍...  ഇഷ്ടമായി മാഷേ... :)

 4. മണ്ടൂസന്‍ പറഞ്ഞു...

  മണ്ടത്തരങ്ങളെല്ലാം കൊള്ളാം. നാട്ടിലെ നിഷ്ക്കളങ്കമായ മണ്ടത്തരങ്ങൾ വരച്ച് കാട്ടിയിരിക്കുന്നു. രണ്ടാമത്തെ കഥ, അടക്ക കഥ, മണ്ടത്തരത്തിൽ പെടുത്താൻ പറ്റില്ലല്ലോ ? അത് മണ്ടന്മാർ ചെയ്യുന്നതല്ലല്ലോ ? നന്നായിട്ടുണ്ട്. ആശംസകൾ.

 5. കരീം മാഷ്‌ പറഞ്ഞു...

  മണ്ടൂസാ.. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി. അടക്കാ കഥയിൽ അടക്ക കട്ടതല്ല കുഞ്ഞിപ്പെണ്ണിന്റെ മണ്ടത്തരം, അതു വിൽക്കാൻ കൊണ്ടു പോയ കടയിലെ ആളു അതിലെ എഴുത്തു വായിച്ചു കുഞ്ഞിപ്പെണ്ണിനെ വിലയിൽ പറ്റിച്ചപ്പോൾ ചോദിക്കാതെ അടക്ക എടുത്തതു കൊണ്ടാണു വില പകുതിയായി ദൈവം നിശ്ചയിച്ചതെന്നു തെറ്റിദ്ധരിച്ചു കാര്യത്തിന്റെ ഗൌരവം ചിന്തിക്കാതെ കൊച്ചമ്മയോടു അനുവാദം വാങ്ങി അടക്കയെടുക്കുന്നതാണു മണ്ടത്തരം. :))