ഞായറാഴ്‌ച, മാർച്ച് 22, 2015

റൂഹ്

റൂഹ്.(മിനിക്കഥ)
ഖൈറുന്നിസ  അടുക്കളയിൽ പത്തിരി പരത്തുന്നേരം കൊച്ചു സുഹ്റ അടുത്തിരുന്നു   അരിമാവു കുഴച്ചതു കൊണ്ടു ഒരു  ആനക്കുട്ടിയെ ഉണ്ടാക്കുകയായിരുന്നു.
ഉർദു 'പൂരാ'യും മലയാളം 'കുരച്ചു കുരച്ചു'മറിയുന്ന അവരുടെ  മെയിഡ് ഫാതിമ  അന്നേരം ഖൈറിത്ത പരത്തിയത്   ഓരോന്നെടുത്തു   ചുട്ടു  ചുട്ടു.. വേഗം മുന്നേറുകയായിരുന്നു.
"പത്തിരിക്കു മൂന്നു മറിച്ചിടലാണ്  പാത്തൂ...
ഒന്നു ചൂടാവാൻ,    മറ്റൊന്നു വേവാൻ,      പിന്നൊന്നു പൊള്ളക്കുവാൻ."
ഹൈദ്രബാദി ഹൗസ്മെയിഡിനോടു ജയിച്ചു നിൽക്കാൻ കഴിയാതായപ്പോൾ ഖൈറു പുതിയ തിട്ടൂരമിറക്കി.
സുഹ്റ ഇതിനിടയിൽ ആനക്കുട്ടിയുടെ രൂപം പൂർത്തിയാക്കി അതിനെ മേശപ്പുറത്തു നിർത്തി.
ഫിസിക്കലി സിമ്മെട്രിക്കലല്ലാത്തതിനാൽ നാലു കാലും ഒരുപോലെ മേശയിൽ തട്ടാതെ അതു പിന്നെയും പിന്നെയും മറിഞ്ഞു വീണു.
ഖൈറുന്നിസ അതു തന്നെ നോക്കിയിരുന്നു.

ശരിക്കും നല്ല വെളു വെളുത്ത .... ആനക്കുട്ടി തന്നെ.
ഐരാവതം!
മനസ്സിൽ ആദ്യം തോന്നിയതതാണ്,. പക്ഷെ പറഞ്ഞതു മറ്റൊന്നും,
"വേണ്ടട്ടോ  പടച്ചോനിഷ്ടല്ലാത്തതു ചെയ്യരുത്. ജീവിരൂപം പടച്ചാൽ മരിച്ചു ചെന്നാൽ റൂഹിട്ടു കൊടുക്കേണ്ടി വരും."

സൂറ ആനക്കുട്ടിയുടെ കാലുകളിലേക്കു  നോക്കി കുറച്ചു നേരമിരുന്നു.
പിന്നെ സ്വയം പറഞ്ഞു.
"വേണ്ടാ...നേർക്കനെ നിക്കാൻ കൂടി വയ്യാത്ത അനക്കനി റൂഹ് വേണ്ടാ...!"

അവൾ ആനക്കുട്ടിയെ കുഴച്ചു വീണ്ടും ഉരുളയാക്കി.
കണ്ണു നിറഞ്ഞതിനാലാവും ഒരു കൈപ്പിഴയിൽ  ആ ഉരുള കയ്യിൽ നിന്നു വീണുരുണ്ടു അവളുടെ വീൽചെയറിനടിയിലെവിടെയോ അപ്രത്യക്ഷമായി.

———————————
(റൂഹ് - പ്രാണൻ)
————————————

1 അഭിപ്രായ(ങ്ങള്‍):

  1. ചെറുത്* പറഞ്ഞു...

    പടച്ചോൻ‌റോരോ വികൃത്യോള്.