ശനിയാഴ്‌ച, നവംബർ 11, 2017

വെള്ളഈട്ടി

വെള്ള ഈട്ടി (കഥ).

പണിക്കരുടെ പറമ്പു വഴിക്കാണീയിടെ ശില്പിയുടെ  ജോഗിംഗ്.
മതിലരികിൽ ഒരു വെള്ളയീട്ടിമരം വീണു കിടപ്പുണ്ട്. അവിടെയെത്തുമ്പോൾ അയാളുടെ വേഗത കുറയും.
വെള്ള ഈട്ടി ശില്പിയെ കൊതിപ്പിക്കുന്ന മരമാണ്. വെണ്ണ പോലെ ചെത്തിയെടുക്കാം. ചെത്തിയെടുത്ത് മിനുക്കിയാൽ ആനക്കൊമ്പ് പോലിരിക്കും. അതേ സമയം തേക്കിൻെറ ഈടുമാണ്. മരപ്രാണികൾ അടുക്കില്ല.
മരം വീണ് മതിൽക്കെട്ടിനൊരു മൂല തകർന്നിട്ടുണ്ട്. അതിലൂടെ അടുക്കള ഭാഗം കാണാം. കരിനെച്ചിക്കും കറിവേപ്പില മരത്തിനുമിടയിലൂടെ
ചെലപ്പോൾ പണിക്കരുടെ ചൊവ്വാദോഷക്കാരിയായ മോളേയും കാണാം.

ശില്പി വെള്ളീട്ടിയെ കൗതുകത്തോടെ നോക്കി നിൽക്കുന്നത് കണ്ടിട്ടാവും പണിക്കരുടെ മോൾ ഒരീസം ചോദിച്ചു.
"ശില്പിക്കു വെള്ളീട്ടിമരം വേണോ?, കാശൊന്നും വേണ്ടാ..! മണ്ണായോ തീ കത്തിച്ചോ തീരേണ്ട തടിയാ....! മാഷ്ക്ക് വേണേൽ എടുത്തോ. ഒരു ശില്പമായി നിന്നെങ്കിലുമതിനു കാലങ്ങളെ നോക്കിക്കാണാലോ!"
എങ്ങനെ മുറിച്ചു കൊണ്ടു പോകുമെന്നായി പിന്നെ ശില്പിയുടെ ചിന്ത.
ഓരോ ശില്പത്തിനും  കണക്കാക്കി
ഓരൊരോ നീളത്തിൽ കഷ്ണമായി മുറിച്ചു കടത്താം. മുറിച്ചെടുക്കുമ്പോൾ അറക്ക വാളിൻെറ ഒച്ച, വയ്യാതെ കിടക്കുന്ന പണിക്കരെ അസ്വസ്ഥനാക്കാതെ നോക്കണം. അടുക്കളപ്പുറത്തെ കറിവേപ്പിനെയും കരിനെച്ചിയേയും നോവിക്കാതെ വെള്ളീട്ടിമരം മതിലിനിപ്പുറം കടത്തണം.
ശില്പി പിറ്റേന്നു മുതൽ  ശില്പം കൊത്താമെന്ന തീരുമാനമെടുത്ത് പണിശാല വൃത്തിയാക്കി വെച്ചു. ഉളി തേച്ചു മിനുക്കി,  അന്നു രാത്രി സുഖമായി ഉറങ്ങി.