തിങ്കളാഴ്‌ച, ജൂൺ 04, 2018

രണ്ടാമത്തെ കോട്ട്

പുറത്തെ കിണറ്റുമുറിയുടെ അകത്തെ ചുമരിനു പെയിന്റടിക്കുമ്പോൾ ഭാര്യ ഫോണുമായി...!
"ഏയ്..ങ്ങക്കൊരു ഫോണുണ്ട്.
ഒരുമീ...ന്ന് ആരോ ആണ്."

"ന്റെ കയ്യീ പെയ്ന്റാ..ഫോണെടുത്ത് എന്താന്നു ചോദിക്ക്..!"

"മാഷ് ഒരു പെയിന്റിംഗിന്റെ വർക്കിലാ..!
തിരിച്ചു വിളിച്ചാ മതിയോ?"

ഞാൻ അജബായി..!
റംസാൻ മാസം നുണ പറയാതെ...
ദുരഭിമാനം പാലിക്കാൻ "ഒരു" വിനെ കൂട്ടു പിടിച്ച പെൺബുദ്ധിയെ മനസാ നമിച്ചു.

എന്റെ ഡ്യൂട്ടി തീർന്നപ്പോൾ അവളോടു പറഞ്ഞു.
" ഇനി രണ്ടാമത്തെ കോട്ട് നീയടിക്ക്."

കറാറ് അങ്ങനെയായതിനാൽ അവൾ ഫിനിഷിംഗ് ക്വോട്ട് അടിക്കാൻ തുടങ്ങി.
ഇത്തവണ അവളുടെ ഫോണിലാണ് കാൾ വന്നത്. .
ഞാനാണ് ഫോൺ എടുത്തത്. അവൾടെ  നാത്തൂനാണ്.   കുട്ടികളുടെ പെറ്റിക്കോട്ട്  തയ്ച്ചു കഴിഞ്ഞോ? ന്നു ചോദിക്കാനാണ്. സ്കൂൾ തുറക്കൽ വീണ്ടും നീണ്ടപ്പോൾ നാത്തൂൻ ഒന്നൂടി തണുത്തതാണ്.

"മാളു രണ്ടാമത്തെ കോട്ടടിക്കുന്ന തെരക്കിലാ...!
കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചാ മതിയോ?"

നുണ പറയാതെ തന്നെ ദുരഭിമാനം നിലനിർത്താൻ ഞാനും ശീലിച്ചു.