ഫാമിലി
നാളെ വല്യ പെരുന്നാളാണ്...
കഴിഞ്ഞ വല്യെരുന്നാൾക്കും ഈ ചെറ്യെരുന്നാൾക്കും ആർക്കും ഡ്രസ്സ് വാങ്ങീട്ടില്ല.
കൊറോണ പുറത്തെറങ്ങാൻ സമ്മതിച്ചില്ല. ആവോളം ഡ്രസ്സ് അകത്തു ഉണ്ടായിരുന്നുവെന്നതും, അകത്തിരിക്കാൻ അത്രയേ വേണ്ടിയിരുന്നുള്ളൂ എന്നതും വേറെ ചില കാരണങ്ങൾ.
ഏതായാലും ഈ പ്രാവശ്യം ബീടർക്കൊരു ഡ്രസ്സ് എടുക്കണം.!
മനസ്സിലുറച്ചു.
പർദ്ദ മതി.
പർദ്ദയായാൽ അതാണ് സുഖം, ഒന്നേ ഒന്നു മതി.
പക്ഷേ " മൻഷ്യന്റെടേക്കിടാൻ" പറ്റിയ നല്ല ഒന്നിന് ഇപ്പോൾ പതിനായിരം വരെ വിലയുണ്ട്.
ഇക്കുറി കച്ചവടക്കാരുടെ ആത്മഹത്യാ ഭീഷണി വന്നപ്പോൾ മുഖ്യൻ വീണു. പെരുന്നാൾക്ക് മൂന്നീസം കട തുറക്കാം.
പണി കഴിഞ്ഞു മടങ്ങുമ്പോൾ പോക്കറ്റിൽ ബോണസായി കിട്ടിയ പെരുന്നാൾ പൈസയുണ്ട്.
അവൾക്കിഷ്ടമുള്ള "ഫാമിലിയിൽ" തന്നെ കയറി. അവളെപ്പോഴും കൊതിച്ച തരം ഒരു പർദ്ദ വാങ്ങി.
വിലയൊന്നും നോക്കീല.
ഇഹലോകത്തെ ഹൂറികളിടുന്ന തരം മുത്തും കല്ലും തുന്നിയ പർദ്ദ.
അത് ഇട്ടു തന്ന കവറിൽ "ഫാമിലി വെഡിംഗ് സെന്ററിന്റെ പരസ്യ വാചകം.
" എന്റെ ഇഷ്ടം എന്റെ ഫാമിലിക്ക് അറിയാം!"
എന്റെ സെലക്ഷൻ അവൾക്കിഷ്ടപ്പെടുമായിരിക്കും.
പ്രതീക്ഷയോടെയാണ് ഞാൻ പാക്കറ്റ് അവളുടെ മുന്നിൽ വെച്ച് തുറന്നത്.
കൗതുകത്താൽ വിടർന്ന കണ്ണുകളിൽ പതിയെ ഒരു അനിഷ്ടത്തിന്റെ ഒളി മിന്നി.
"എന്തേ നിനക്കിഷ്ടപ്പെട്ടില്ലേ! 2000 ആണു വില..!"
എൻറെ തൊണ്ടയിൽ ഒരു സങ്കടത്തിന്റെ സ്വരവ്യത്യാസം ..!
"അതു ഞാൻ ടാഗിൽ കണ്ടു.
എന്തൊരു സെലക്ഷൻ ആണ്..! എന്റെ അഭിരുചിയിൽ മാറ്റം വരുന്നതോന്നും നിങ്ങൾ ശ്രദ്ധിക്കുന്നില്ല. ഇനി എനിക്ക് ഡ്രസ്സ് എടുക്കാൻ ഞാൻ പൊയ്ക്കോളാം. ഇതു മാറ്റി വേറെയെടുക്കണം."
"കൊറോണക്കാലമാണ്, വിറ്റത് അവർ മാറ്റി എടുക്കുന്നില്ലെന്നവിടെ എഴുതിവെച്ചിട്ടുണ്ട്".
ഞാൻ വിലക്കി നോക്കി.
"ഫാമിലി അല്ലേ മാറ്റിയെടുക്കാൻ എനിക്കറിയാം" പരിചയത്തിൻറെ ആത്മ വിശ്വാസ മേറെയുള്ള മറുപടി.
അവൾ അതുകൊണ്ട് നേരെ ഫാമിലിയിലേക്ക്.
ഖൽബിലെന്തൊ കൊത്തിവലിച്ച ചെറു നീറ്റലുമായി ഞാനെന്റെ മെത്തയിലേക്കും.
അവൾ പോയി. ഞാനൊന്നുറങ്ങി.
മാറ്റിക്കൊണ്ടു വന്നതിട്ടു മുന്നിൽ വന്നു
വിളിച്ചുണർത്തി.
നോക്കീൻ...ഇപ്പൊ എങ്ങനീണ്ട്?
ആദ്യത്തേതിനേക്കാൾ സൂപ്പർ അല്ലെ?
ഏതു പൊട്ടനും അറിയാം ആദ്യത്തേതിന്റെ പകുതി ഗുണമില്ല. പഴയ ഫാഷൻ!.
മനസ് നോവിക്കേണ്ടെന്നു കരുതി ഞാൻ ഇല്ലാത്ത ചിരി വരുത്തി പറഞ്ഞു "സൂപ്പർ!"
കരയാൻ പാടില്ലാത്ത വർഗ്ഗത്തിൻറെ കൺപോള വരെ വന്ന് പാളി നോക്കി പിന്നെയുമൊരുതുള്ളി തിരിച്ചെങ്ങോട്ടോ പോയി.
"നാളെ പള്ളിലു പോകാത്രേ... ഫർള് ഷട്ട്ഡൗണും സുന്നത്ത് റിലാക്സും."
ഞാൻ വിഷയം മാറ്റാൻ പറഞ്ഞു.
"പെരുന്നാൾ നിസ്കാരം സുന്നത്ത് ആണെങ്കിലും ഇങ്ങള് പൊയ്ക്കോളീൻ..! നിസ്കാരം കഴിഞ്ഞ് പള്ളിപ്പറമ്പിലേക്ക് പോയാൽ ഉമ്മാക്കും വാപ്പാക്കും ആപ്പാക്കും ഒക്കെ നിങ്ങളെ കാണാമല്ലോ".
പിന്നേയ്... കിടക്കയിൽ ഞാൻ രണ്ട് ടി ഷർട്ട് വെച്ചിട്ടുണ്ട് പപ്പാക്കും മോനും പറ്റുന്ന ബ്രാൻഡ്. പറ്റിയതൊന്ന് ആദ്യം ഇങ്ങളെടുത്തോളീൻ...!
കിടക്കയിൽ കണ്ടു. ഇതുവരെ ഞങ്ങൾ അണിയാത്തിരു വർണ്ണത്തിൽ രണ്ട് ഷർട്ടുകൾ....!
എന്നെ നീ ഏതു വർണ്ണത്തിൽ കാണാനാഗ്രഹിക്കുന്നു എന്നിതുവരെ ചോദിച്ചിട്ടില്ല. വർണ്ണമൊക്കെ ഞാനാണു നിശ്ചയിച്ചിരുന്നത്.
ഒരു നിറം മാറ്റമൊക്കയാവാം.
രണ്ട് ടീഷർട്ട് അധികം വാങ്ങാൻ നിനക്കെവിടുന്ന് കാശ് കിട്ടിയെന്നും എന്റെ മുത്തു തുന്നിയ പർദ്ദ നിന്റെ ഫാഷൻ മങ്ങിയ പർദ്ദയായതെങ്ങനെയെന്നൊന്നും എനിക്കവളോടു ചോദിക്കേണ്ടി വന്നില്ല.
ടീഷർട്ടിലെ വർണ്ണത്തെക്കാൾ മനസ്സിലുടക്കിയത് ഷോപ്പിംഗ് ബാഗിലെ ഫാമിലിയുടെ പരസ്യവാചകം ആയിരുന്നു.
അപ്പോൾ അത് ഞാനിങ്ങനെയാണ് വായിച്ചത് "എൻറെ കഷ്ടങ്ങൾ എൻറെ ഫാമിലിക്കറിയാം"
--------------------------------------------------------------------------
പറയാൻ വന്നത് മറന്നു.
എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും സ്നേഹ സാന്ദ്രമായ പെരുന്നാൾ ആശംസകൾ....!
--------------------------------------------------------------------------
കരീംമാഷ് തോണിക്കടവത്ത്
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ