തിങ്കളാഴ്‌ച, മേയ് 23, 2022

വർണ്ണമാറ്റം

കഴിഞ്ഞയാഴ്ച ഒരു മടക്കയാത്രയിൽ ബസ്സിൽ പിൻസീറ്റിൽ ഇരിക്കവേ അയാൾ മുൻസീറ്റിൽ ഇരിക്കുന്ന മറ്റൊരാളെ കണ്ടു. 
വർഷം പത്തു മുപ്പതു കഴിഞ്ഞിട്ടും അയാൾക്ക് മറ്റയാളെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റി.
അയാളുടെ ജീവിതത്തിൻറെ ദിശ പാടെ മാറ്റിയ വ്യക്തിയല്ലേ? മറക്കാൻ പറ്റുമോ!
അയാൾ മറ്റയാളുടെ തൊട്ടു പിറകിലെ സീറ്റിൽ ചെന്നിരുന്നു, ചുമലിൽ തൊട്ടു വിളിച്ചു. അയാൾ തിരിഞ്ഞു നോക്കി. കണ്ണുകളിൽ അപരിചിതത്വം മാത്രം. 
"അയാൾ പറഞ്ഞു താങ്കൾക്ക് ഒരുപക്ഷേ എന്നെ ഓർമ കാണില്ല.പക്ഷേ എനിക്ക് താങ്കളെ ശരിക്കും ഓർമ്മയുണ്ട്. എൻറെ ജീവിതത്തിലെ എല്ലാ ഉന്നതികൾക്കും കാരണം അങ്ങാണ്. എന്റെ പ്രവാസപ്രയാണം, ബാങ്ക് ബാലൻസ്, വിദേശ ഉപരിപഠനം, ഇന്നത്തെ രീതിയിലെ സംതൃപ്തമായ ജീവിതം, നാട്ടിലെ സൽപേര് എല്ലാത്തിനും ഞാൻ അങ്ങയോട് കടപ്പെട്ടിരിക്കുന്നു". 
മറ്റയാൾ ഒന്നും മനസ്സിലാകാതെ അയാളെ മിഴിച്ചുനോക്കി. അഭിമാനമുണ്ട് ആ കണ്ണുകളിൽ പക്ഷേ താനീ കേൾക്കുന്നത് അനർഹമായ ബഹുമതിയാണോ എന്നൊരു ഭയമുണ്ട് മറ്റയാൾക്ക്. 

മറ്റയാൾ പറഞ്ഞു
 " സുഹൃത്തേ... എനിക്ക് മനസ്സിലായില്ല..!"
അയാൾ പറഞ്ഞു.
 "അത് ശരിയാണ്. ഞാൻ താങ്കൾക്ക് ഒരു വ്യക്തിയായിരുന്നില്ല, ഒരു തടസ്സം മാത്രമായിരുന്നു. താങ്കൾ ഒഴിവാക്കിയ ഒരു തടസ്സം."  
മറ്റയാൾ മിഴിച്ചിരുന്നു. 
"സുഹൃത്തേ താങ്കൾ ജില്ലാ ആസ്ഥാനത്തുള്ള സഹകരണ ബാങ്കിലല്ലേ ജോലി ചെയ്യുന്നത്?" അയാൾ മറ്റയാളോട് ചോദിച്ചു. 
"ആയിരുന്നു പക്ഷേ ഇപ്പോൾ അവിടെയല്ല!"
മറ്റയാൾ മറുപടി പറഞ്ഞു.
"പക്ഷേ എനിക്ക് ആ സഹകരണബാങ്കുമായിട്ടാണ് താങ്കളുമായുള്ള കണക്ഷൻ....! "
അയാൾ മറ്റയാളിൽ ആകാംക്ഷയുടെ ഒരു കനൽ ഊതിക്കത്തിച്ചു. 
"പറയൂ.... എങ്ങനെയാണ് നമ്മൾ തമ്മിലുള്ള ബന്ധം..."
"താങ്കൾ കയറിയ അതേ ജോലിക്കു റിട്ടൺ ടെസ്റ്റ് എഴുതി ഒന്നാം റാങ്കിൽ വന്ന ആളായിരുന്നു ഞാൻ. എന്നെ മറികടന്ന് ആ പോസ്റ്റ് ലഭിക്കുവാൻ വേണ്ടി താങ്കൾ താങ്കളുടെ പാർട്ടി മാറി, എന്റെ പാർട്ടിയുടെ ഡയറക്ടർബോർഡിൽ സ്വാധീനം നേടി, ആ സീറ്റ് അടിച്ചെടുത്തപ്പോൾ എനിക്കു അനുഭവപ്പെട്ട ദുഖത്തെക്കാൾ വലുതായിരുന്നു എന്റെ പാർട്ടിയുടെ വക്താക്കൾ എന്നെ കൺവിൻസ് ചെയ്യാനെയ്ത വാക്കുകൾ...! 
 " ജനാബേ... ജനാബ് എന്നും നമ്മുടെ പൊന്നു ജനാബല്ലേ. പക്ഷേ ജനാബ് ഇപ്പോഴൊന്നു ക്ഷമിച്ചാൽ ഒരു ആക്ടീവ് സഖാവിനെ നമുക്ക് കൂട്ടായൊരു ജനാബായി കിട്ടും" 

അയാൾ സസ്പെൻസ് ബ്രേക്ക് ചെയ്തു നിർത്തി. 
"ഇപ്പോൾ ഓർമ്മ വന്നുവോ?" 
മറ്റയാൾക്ക് എല്ലാം ഓർമ്മ വന്നു എന്ന് തോന്നുന്നു. വിളറി വെളുത്ത മുഖം ചുവന്ന നിറമായി കോപം കൊണ്ട് ജ്വലിച്ചു. 
"ഞാൻ എക്കാലത്തേക്കും ജനാബായിട്ടൊന്നുമില്ല, ആ പണി വിട്ടതോടെ ഞാനവരെ വിട്ടു...!"
അയാൾ കോപം കൊണ്ട് വിറച്ചു.
"ക്ഷമിക്കണം സുഹൃത്തേ. ഞാൻ ആദ്യം പറഞ്ഞതിൽ തന്നെ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എൻറെ ജീവിതോന്നതിക്ക് ആധാരം താങ്കൾ ആണ്. എനിക്ക് കിട്ടേണ്ടിയിരുന്ന ആ പോസ്റ്റിൽ താങ്കൾ കയറിയില്ലായിരുന്നുവെങ്കിൽ എനിക്കന്നു ഗൾഫിൽ പോകാൻ തോന്നുമായിരുന്നില്ല. ഇന്നത്തെ നിലയിലെത്താനാവുമായിരുന്നില്ല. നഗരത്തിലെ ആ ഇടുങ്ങിയ കെട്ടിടത്തിൽ കുടുസ്സു മുറിയിൽ സദാ പാറ്റകളും കൂറകളും കയറിയിറങ്ങിയ കണക്കുപുസ്തകത്തിൽ ഡെബിറ്റും ക്രെഡിറ്റും പലിശയും കൂട്ടിക്കൂട്ടി എഴുതിയെഴുതിയെന്റെ ജീവിതം പാഴായി പോയേനെ....! 
അയാൾ മിഴിച്ചു നിൽക്കേ നാട്ടിലെത്തിയ ബസ് ഡബിൾ ബെല്ലടിച്ചു. അയാൾ മെല്ലെ സ്റ്റെപ് ഇറങ്ങി. മറ്റയാൾക്ക് നേരെ നോക്കി ഒരു സലാം വെക്കാനൊരുങ്ങവേ.. മറ്റയാളുടെ മുഖത്തിന്റെ ചുവപ്പ് മാറി കുങ്കുമ വർണ്ണമായി തുടങ്ങിയെന്നൊരു സംശയമയാളിലുടലെടുത്തു.

1 അഭിപ്രായ(ങ്ങള്‍):

  1. ഷൈജു.എ.എച്ച് പറഞ്ഞു...

    നമ്മുക്ക് ലഭിക്കേണ്ടത് ആര് തെറ്റിയെടുത്താലും നമ്മുക്കുള്ളത് വേറെ ദൈവം കരുതി വച്ചിട്ടുണ്ടാകും...