ശനിയാഴ്‌ച, മാർച്ച് 11, 2023

ലാസ്റ്റ് ക്ലാസ്സ്

 ബീകോം അവസാന ക്ലാസ്സ്. 9 മണിക്ക് തുടങ്ങുന്ന ക്ലാസിന് 8 മണിക്ക് തന്നെ കോളേജിൽ എത്തി. ഇരുവശത്തും ഗുൽമോഹർകൾ പൂത്തു നിൽക്കുന്ന കലാലയവീഥിയിലൂടെ നടക്കുമ്പോൾ മുന്നിലും പിന്നിലും ഒരാളുമില്ല. വാച്ച്മാൻ കം

അറ്റൻഡർ അത്ഭുതത്തോടെ ചോദിച്ചു. 
"കതിരിന്മേൽ ആണോ വളം വെക്കുന്നത്?"
"കുറച്ച് നോട്സ് എഴുതാനുണ്ട്. ക്ലാസ്സ് തുടങ്ങുമ്പോഴേക്കും തീർക്കണം..!"
അവൻ വിശ്വസിച്ചു. കാരണം ഞാൻ അത്ര അലമ്പൻ ഒന്നുമായിരുന്നില്ല.
ക്ലാസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ 30 ഡിഗ്രി കോണിൽ പുറത്ത് ഗേറ്റ് മുതൽ എൻട്രൻസ് വരെ നടന്നുവരുന്ന ജിസിഎമ്മികളെ കാണാം.
 എന്റെ അവസാനത്തെ കാഴ്ചയാണ്. അതു കൊണ്ടു തന്നെ വല്ലാത്തൊരഴകും. വർണ്ണങ്ങളുടെയും പളപളപ്പുകളുടെയും യുവ ചടുലതയുടെയും നടനതാളങ്ങൾ...! 
ഓരോരുത്തരുടെയും ആ വരവ് വിശകലനം ചെയ്താൽ തന്നെ മതി, അവരുടെ കുടുംബ/ സാമൂഹ്യ പശ്ചാത്തലമെല്ലാം വ്യക്തമാകും. 
പെൺകുട്ടികളുടെ ചുരിദാറും ലാച്ച കീചകൾ ഒന്നും ജി.സി. എമ്മിൽ അന്ന് അത്ര പ്രാബല്യത്തിൽ ഇല്ല. ഷർട്ടും പാവാടയും, അല്ലെങ്കിൽ ജംബറും പാവാടയും. അപൂർവ്വം ചിലർക്ക് സാരിയും ബ്ലൗസും. അതാണ് വേഷം. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വളർന്നവർ ജിസിഎമ്മിൽ പഠിക്കാൻ വന്നപ്പോൾ ആധുനിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. അവരെല്ലാരും ഞങ്ങളുടെ നോട്ടപ്പുളികളാവുകയും ചെയ്തിരുന്നു.
ആൺകുട്ടികൾ ആണെങ്കിൽ പാന്റ്സും ഷർട്ടും, അല്ലെങ്കിൽ മുണ്ടും ഷർട്ടും മാത്രം. അവർക്ക് അന്നും ഇന്നും വേറെ ഒരു ചോയിസും ഇല്ലല്ലോ
ആ അവസാന ദിനത്തെ മനോഹരമായി കാഴ്ച കഴിഞ്ഞു. ക്ലാസിലേക്ക് കുട്ടികൾ എത്തിത്തുടങ്ങി. അവസാനദിന ക്ലാസുകൾ. പ്രിയപ്പെട്ട അധ്യാപകരുടെ ജീവിതോന്നമന ഉപദേശങ്ങൾ...!പിന്നെ വളരെ വൈകാരികമായ യാത്ര പറച്ചിലുകൾ. എല്ലാവരുടെയും വീട്ടഡ്രസ്സുകൾ ഒരു പേജിൽ പ്രിൻറ് ചെയ്തത് എല്ലാവർക്കും വിതരണം ചെയ്തു. പിരിഞ്ഞു പോയാലും കത്തെഴുതണം. അന്ന് ഫോണും വാട്സ്ആപ്പും ഒന്നും ഇല്ലല്ലോ...! :(
അവസാനത്തെ ക്ലാസ്സ് എത്ര പെട്ടെന്നാണ് തീർന്നത്.. എല്ലാരും യാത്ര പറഞ്ഞു പിരിഞ്ഞു. എന്നിട്ടും എനിക്ക് കോളേജിൽ നിന്ന് പോരാൻ തോന്നിയില്ല..  
ഏറെ നേരം ക്ലാസ്സിലിരുന്നു. ഇനി അതേ സ്വാതന്ത്ര്യത്തോടെയും അവകാശത്തോടുകൂടി ഒരിക്കൽക്കൂടി സാധിക്കില്ലല്ലോ എന്നൊരു ഉണ്ടായിരുന്നു. ഡോർ ലോക്ക് ചെയ്യാൻ അച്ഛൻ വന്നപ്പോഴാണ് ഞാൻ ക്ലാസ്സ് വിട്ട് പുറത്തിറങ്ങിയത്. നോട്ട്സ് ഇനിയും ബാക്കിയുണ്ടെന്ന് അയാൾ കരുതിക്കാണും. അവസാനത്തെ പടിയിറക്കമാണ്. കൊമേഴ്സിൽ നിന്ന് നേരെ നടന്നു ആദ്യത്തെ സ്റ്റെയർകെയ്സ് ഇറങ്ങിയില്ല, വീണ്ടും നടന്നു, രണ്ടാമത്തെ സ്റ്റെയർ കേസും ഇറങ്ങിയില്ല. പണിപൂർത്തിയായിട്ടില്ലാത്ത അടുത്ത ബ്ലോക്കിലൂടെ നടന്നു. ഇവിടെ വരാന്തയ്ക്കിത്തിരി വീതി കൂടുതലാണ്. ഈ ബ്വോക്കിൽ മുറികൾക്ക് വാതിൽ ഇല്ലാത്തത് കാരണത്താൽ അറ്റൻഡറുടെ പണി കുറവാണ്. 
അടുത്ത സ്റ്റെയർകെയ്സ് ഇറങ്ങാം എന്ന് കരുതി നടന്നപ്പോഴാണ് ഇടക്കുള്ള ക്ലാസ് റൂമിനുള്ളിൽ നിന്ന് ഒരു പെൺകുട്ടിയുടെ തേങ്ങൽ കേട്ടതുപോലെ ഒരു തോന്നൽ...! 
വെറുതെ തോന്നിയതാവുമോ അതോ ജി.സി.എം വിട്ടു പിരിയാൻ വിഷമിക്കുന്ന വല്ല ആത്മാവുകളും ആവുമോ? 
ഞാനൊരു തമാശ ചേർത്തു ചിന്തിച്ചു.
എന്നാലും ഒന്ന് നോക്കുക തന്നെ.
ഞാൻ തിരിച്ച് നടന്നു ആ ക്ലാസിന്റെ വാതിൽക്കൽ എത്തി.
ഒരു പെൺകുട്ടി തന്നെ...! 
എന്നെ കണ്ടു ഭയപ്പെട്ടു എഴുതിക്കൊണ്ടിരുന്ന കടലാസ് ചുരുട്ടി കൈപ്പിടിയിൽ ഒതുക്കി. വെപ്രാളത്തിനിടയിൽ മറ്റേ കയ്യിൽ നിന്നു കുറച്ച് ഗുളിക താഴേക്ക് വീണു. 
എനിക്ക് സംഗതികൾ പെട്ടെന്ന് കത്തി. കോളേജിലെ രഹസ്യമല്ലാത്ത പ്രണയത്തിലെ നായികയാണ്. വിവാഹിതരെന്ന പോലെയായിരുന്നു ഇടപെടലുകൾ. യൂണിവേഴ്സിറ്റിയിലേക്കുള്ള യാത്രയിലും സീസോൺ - ഇൻറർസോൺ മത്സരങ്ങളിലേക്കുള്ള യാത്രകളിലും അവരെ ഒന്നിച്ചു കാണുന്ന ആരും വിവാഹിതർ അല്ലെന്ന് പറയില്ലായിരുന്നു. ഒരുമാസം മുമ്പാണ് സ്ഥിതിഗതികൾ ആകെ മാറിയത്. നായകൻ പിന്മാറിയതാണ്. അവനെ ഞാൻ അറിയും. 
 രണ്ടുപേരുടെയും ഭാവി മുന്നിൽ കണ്ടാവാം. പക്ഷേ അവൾക്കു പ്രണയം അസ്ഥിയിൽ പിടിച്ചിരുന്നു. അതുകൊണ്ടാണ് പ്രണയത്തിനു അവസാനമായപ്പോൾ ജീവിതവും അവസാനിപ്പിക്കാമെന്നവൾ തീരുമാനിച്ചത്. 
ഞാനെന്തൊക്കെയാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഓർമ്മയില്ല. പക്ഷേ പറഞ്ഞതെല്ലാം അമൃതാണെന്ന് എനിക്ക് തന്നെ ബോധ്യം വന്നത് ആ ഗുളികകളും പാതിയെഴുതിയ കത്തും എനിക്ക് തന്നിട്ട് കണ്ണീരു തുടച്ച് അവൾ ഒരു അനുസരണയുള്ള അനിയത്തിയെ പോലെ.. പുനർജന്മം ലഭിച്ച അതിജീവിതയായി വീട്ടിലേക്ക് മടങ്ങിപ്പോയപ്പോഴായിരുന്നു. 
പിന്നീട് മാസങ്ങൾക്ക് ശേഷം ഞാൻ തിരൂർ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് പഠിക്കാൻ ചേർന്ന കാലം. ക്ലാസ്സ് കഴിഞ്ഞ് മഞ്ചേരി ബസ്സിന് തിരൂർ ബസ്റ്റാൻഡിൽ കാത്തുനിൽക്കുകയാണ്. അപ്പോൾ അവിടെ ഒരു നവദമ്പതികൾ...!
ആരായാലും നോക്കി പോകും. പുത്തൻ കസവു പട്ടുസാരിയും അതിനെ മുക്കാലും മറക്കുന്ന സ്വർണ്ണാഭരണങ്ങളുമായി അതിജീവിതയും ഒപ്പം സുമുഖനായ അവളുടെ നവവരനും.
അവൾ എന്നെ കണ്ടോ എന്നറിയില്ല, പക്ഷേ കാണരുതേ എന്ന് ഞാൻ ആശിച്ചു. അവളുടെ പൂർവാശ്രമത്തെ ഓർമിപ്പിക്കുന്ന, സന്തോഷം കെടുത്തുന്ന ഒന്നും എന്നാൽ ഉണ്ടാവരുത് എന്ന് ഉദ്ദേശിച്ച് ഞാൻ തിരിഞ്ഞു നിന്നു.