വെള്ളിയാഴ്‌ച, ജനുവരി 22, 2010

ചാനല്‍ യുദ്ധം

ണ്ണിക്കായിരുന്നു ഇപ്രാവശ്യത്തെ സംസ്ഥാന യുവജനോല്‍സവത്തില്‍ മോണോ ആക്ടിനു ഒന്നാം സ്ഥാനം.
മികച്ചതായി ആരുമില്ലാത്തതിനാല്‍ ആ എട്ടാം ക്ലാസ്സുകാരന്റെ എ.ഗ്രേഡിനു മൂല്യം വളരെ കൂടി.
പ്രവാസലോകത്തു കാണാതായ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയേയും മകനെ കാത്തിരിക്കുന്ന അമ്മയേയുമാണവന്‍ അഭിനയിച്ചു കാണിച്ചത്‌.
അതിനവനൊരു ശിക്ഷണവും ഗുരുവും വേണ്ടി വന്നില്ല.
ജീവിതത്തില്‍ നിന്നാണവന്‍ അതു ചീന്തിയെടുത്തത്‌.
പത്തു വര്‍ഷമായി അവനും അച്ഛനെ കാത്തിരിക്കുകയാണ്‌.
അമ്മയേയും വല്ല്യമ്മയേയും ഓര്‍ത്താണു സ്കിറ്റു എഴുതിയത്‌.
മനോജ്‌ മാഷിനതിഷ്ടപ്പെടുകയും കുറച്ചു ക്രമപ്പെടുത്തുകയും ചെയ്തുവെന്നൊഴിച്ചാല്‍ അതില്‍ അതിഭാവുകത്വം ഒന്നുമുണ്ടായിരുന്നില്ല.

യുവജനോല്‍സവത്തിലെ ആ "എ" ഗ്രേഡുകൊണ്ടു ഒട്ടനവധി നേട്ടങ്ങളുണ്ടായി.
മലയാളം ശരിക്കറിയാന്‍ പാടില്ലാത്ത ആ ചാനലുകാരി
"ദിസ്‌ തീം ഈസ്‌ ഫ്രഷ്‌, ആന്‍ഡ്‌ യു ഒബ്ലൈജ്ഡ്‌ ടു?"
എന്നു ചോദിച്ചപ്പോള്‍ മനോജുമാഷാണു മറുപടി പറഞ്ഞത്‌.
"ഉണ്ണിയുടെ അച്ഛന്‍ പ്രവാസലോകത്തു അപ്രത്യക്ഷനായതാണ്‌. സ്വന്തം ജീവിതത്തില്‍ നിന്നാണു ഈ തീം.അതാണിതിനിത്ര തീക്ഷ്ണത" എന്നു സെന്‍സേഷണലായ മറുപടി (പലതവണ ഉരുവിട്ടു റഡിയാക്കി നിര്‍ത്തിയത്‌) കൊഞ്ഞപ്പെടയില്ലാതെ പറഞ്ഞൊപ്പിച്ചു.
അതായിരുന്നു കാരണം.

കുച്ചിപ്പിടിക്കു നാട്ടീന്നു കടം വാങ്ങിപ്പോന്ന പെണ്‍കുട്ടിയെ സഹായിക്കാനുള്ള ഫണ്ടു ശേഖരണം നിര്‍ത്തിവെച്ചു ചാനലുകാരി ഉണ്ണിയുടെ അച്ഛന്‍ കുമാരനെ കണ്ടെത്താനുള്ള ഭഗീരഥ ശ്രമത്തിനു തുടക്കം കുറിച്ചു. അതവര്‍ വാര്‍ത്തകള്‍ക്കിടയില്‍ ഫ്ലാഷ്‌ ന്യൂസായി ചൂടോടെ വിളമ്പി.
ഇതേ സമയം "പ്രവാസക്കുടുക്ക്‌ " എന്ന പ്രോഗ്രാം അവതരിപ്പിക്കുന്ന ചാനല്‍ ഇതു ഞങ്ങളുടെ പ്രവര്‍ത്തന മേഖല അതിലാരും ഇടപെടേണ്ട എന്ന ധ്വനിയില്‍
"ഉണ്ണിയുടെ അച്ഛന്‍ കുമാരേട്ടന്‍ ഞങ്ങളുടെ സ്വന്തം അച്ഛന്‍" എന്ന സ്ലോഗന്‍ ഉണ്ടാക്കി സ്പെഷ്യല്‍ എപ്പിസോഡു തുടങ്ങി.

റാസല്‍ ഖൈമയിലെ മരുഭുവിലെ ഒരു ലേബര്‍ക്യാമ്പില്‍ വേലയും കൂലിയുമില്ലാതെ വല്ലവന്റേയും ചെലവില്‍ ഒരു നേരം ഉണക്ക കുബ്ബൂസും പച്ചവെള്ളവും കുടിച്ചു കഴിഞ്ഞിരുന്ന കുമാരേട്ടനെ തെരഞ്ഞു നാലഞ്ചു ബെന്‍സും നിസ്സാന്‍ പട്രോളും വന്നു നിന്നു.
കോട്ടും ടൈയും ക്യാമറയുമായി പത്തു പതിനഞ്ചാളുകള്‍ ചാടിയിറങ്ങിയപ്പോള്‍ ഒട്ടകത്തിനു കൊടുക്കാന്‍ കുബ്ബൂസു കമ്പനിയില്‍ നിന്നു ഡേറ്റു ഓവറായ കുബൂസ്‌ മൊത്തം വാങ്ങിക്കൊണ്ടു വരുന്ന വഴി അതില്‍ നിന്നു കുറച്ചു ലാബര്‍ക്യാമ്പില്‍ തന്റെ ഔദാര്യമായി തട്ടിക്കൊടുത്തിരുന്ന ഒരു കാട്ടറബി അതു കണ്ടു അതിശയപ്പെട്ടു
"മാശാ അള്ളാ.. മിന്‍ ഹാദാ ഹിന്തി ശൈഖ്‌!"

കുമാരേട്ടനു അതില്‍ നിന്നൊരാളെമാത്രമേ മനസ്സിലായുള്ളൂ.
ഗോള്‍ഡ്‌ കളര്‍ നിസ്സാനില്‍ നിന്നിറങ്ങിയ പവിത്രന്‍!.

വല്ല്യമ്മേടെ ചെറിയ മോന്‍.
ആ നെറ്റിയിലെ വെട്ടുകൊണ്ട പാട്‌.
അയലോക്കത്തുള്ളോരുടെയൊക്കെ കോഴിയെ കട്ടെടുത്തു വില്‍ക്കണതിനിടയില്‍ ജാന്വേട്ടത്തിയുടെ മടാളുകൊണ്ടു മൂവന്തിക്കു കിട്ടിയ ഏറിന്റെ പാട്‌.
ഇപ്പം തടിച്ചു കൊഴുത്തിരിക്കുന്നു.
ഇരുപത്തഞ്ചു കൊല്ലം മുന്‍പു പെന്‍സിലു പോലിരുന്ന പയ്യന്‍. വിസ എടുത്തതും കൂടെ കൊണ്ടു വന്നതും ഇന്നു കഴിഞ്ഞപോലെ ഓര്‍മ്മയുണ്ട്‌.സ്ഥാനം കയറിക്കയറിപ്പോയതും ബന്ധം അകന്നകന്നു പോയതും ചുരുങ്ങിയ കാലം കൊണ്ടായിരുന്നു.
തന്നെ വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പര്‍ അന്നും ഇന്നും ഒന്നു തന്നെയായിരുന്നു.
ലേബര്‍ സപ്ലൈ കമ്പനിയുടെ ലാന്‍ഡ്‌ നമ്പര്‍.
പക്ഷെ അവന്റെ നമ്പര്‍ പലവട്ടം മാറി. ഇടക്കെപ്പെഴോ എനിക്കു തരാനും വിട്ടു. അതിനാല്‍ അങ്ങോട്ടു വിളിക്കാന്‍ പറ്റിയില്ല.
അവസാനമായി “പണിപോയി നാട്ടില്‍ പോകണമെന്നു വിചാരിക്കുന്നു കുറച്ചു കാശുതരുമോ?” എന്നാണു ഞാന്‍ സംസാരിച്ചതെന്നോര്‍ക്കുന്നു. പിന്നത്തെ വിളിക്കു ആ നമ്പരില്‍ കിട്ടിയില്ല.
വിവരങ്ങളൊക്കെ പവിത്രന്‍ പറഞ്ഞു.
മുഖത്തേക്കടിച്ച വെട്ടത്തില്‍ ആകെ പരിഭ്രാന്തനായിരുന്നു കുമാരേട്ടന്‍.
എന്നാലും നാട്ടില്‍ പോകാമെന്നാണു രത്നച്ചുരുക്കമെന്നു കുമാരേട്ടനു മനസ്സിലായി.
പവിത്രനോടുള്ള എല്ലാ ദേഷ്യവും മാറി. അവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മവെക്കാന്‍ തോന്നി. പക്ഷെ അവന്റെ സില്‍ക്കു ജുബ്ബയില്‍ തന്റെ കയ്യിലെ അഴുക്കാവുമെന്നോര്‍ത്തു കുമാരേട്ടന്‍ സന്തോഷം അടക്കി നിര്‍ത്തി.
കുമാരേട്ടന്റെ കണ്ണും പവിത്രന്റെ സ്വര്‍ണ്ണമാലയും ഉച്ചവെയിലില്‍ നന്നായി തിളങ്ങി.
നാലു ദിക്കില്‍ നിന്നും ചോദ്യങ്ങളും വെളിച്ചവും ക്യാമറയും വന്നപ്പോള്‍ കുമാരേട്ടനു സംസാരിച്ചു വായില്‍ വെള്ളം വറ്റി. പത്തു വര്‍ഷമായി ഞാന്‍ വീടുമായി ബന്ധപ്പെടാത്തത്‌ കടം വാങ്ങിയിട്ടു തിരികെക്കൊടുക്കാത്തവര്‍ നാട്ടില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതേ എന്നുകരുതിയാണെന്നു മറുപടി തീരുമ്പോഴേക്കും കുമാരേട്ടന്‍ കുഴഞ്ഞു വീണിരുന്നു.

നാട്ടില്‍ കുമാരേട്ടനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എല്ലാ ചാനലുകാരുടേയും പ്രത്യേക പവലിയന്‍ ഉണ്ടായിരുന്നു. അതിലൊക്കെ അവരുടെ ലോഗോയും സ്ലോഗനും എത്രദൂരത്തില്‍ നിന്നും കാണാവുന്ന വിധത്തില്‍ ആലേഖനം ചെയ്തിരുന്നു.
ചാനലുകളില്‍ പതിവായി ആ മുഖം കണ്ടു കണ്ടു എയര്‍പോര്‍ട്ടിലെ സ്വീപ്പര്‍മാര്‍ വരെ കുമാരേട്ടനെ തിരിച്ചറിഞ്ഞു. പാതി കാലിയായ റെക്സിന്‍ ബാഗു തോളില്‍ തൂക്കി വരുന്ന കുമാരേട്ടനെ അനുഗമിച്ചു കസ്റ്റംസ്‌ ഓഫീസര്‍മാര്‍ വരെ കസേരയില്‍ നിന്നെണീറ്റു പുറത്തു കാത്തു നില്‍ക്കുന്ന ടി.വി.ക്കാരുടെ ക്യാമറവെട്ടത്തു പെടുന്നതു വരെ നടന്നു.
പുറത്തു കടന്ന കുമാരേട്ടന്റെ നേര്‍ക്കു അക്രമമുണ്ടായതു മിന്നല്‍ വേഗത്തിലായിരുന്നു.നിര്‍ഭയം നിരന്തരം എന്നു നിര്‍ദ്ദേശം കിട്ടിയ ഒരു മൈക്കുകാരനാണു കുമാരേട്ടന്റെ ബാഗു ആദ്യം തട്ടിപ്പറിച്ചു സ്വന്തം പവലിയനിലേക്കോടിയത്‌.
ബാഗിനു പിറകെ കുമാരേട്ടന്‍ ആ പവലിയനിലേക്കു ഓടി വരും എന്നയാള്‍ കണക്കു കൂട്ടി.
പക്ഷെ കുമാരേട്ടനല്ലാതെ മറ്റാര്‍ക്കറിയാറിയാം ആ ബാഗില്‍ പഴന്തുണിയും പാസ്പോര്‍ട്ടിനു പകരം കിട്ടിയ ഔട്ട് പാസ്സുമല്ലാതെ മറ്റൊന്നുമില്ലന്ന് ?.
അതു പോണേല്‍ പോട്ടെ എന്നു കരുതി കുമാരേട്ടന്‍ പിടി വിട്ടു.
പക്ഷെ മറ്റൊരു ചാനലുകാരന്‍ സമ്പൂര്‍ണ്ണ വാര്‍ത്താ ചാനലിലേക്കു വരൂ എന്നു അലറി കുമാരേട്ടന്റെ വലതു കൈ പിടിച്ചു വലിച്ചു.
കുമാരേട്ടനു പ്രാണന്‍ പറിഞ്ഞു പോകുന്ന വേദന തോന്നി.
ആ കൈ, മുട്ടിനു കീഴെ വെച്ചു വേറിട്ടു. കുപ്പായക്കയ്യിനു മീതെ ചോരനിറം പടര്‍ന്നു.
കൃത്രിമ കൈ ആണ്‌. നാട്ടില്‍ ആരേയും അറിയിച്ചിട്ടില്ല. വെല്‍ഡിംഗ്‌ പണിക്കിടെ അപകടം പറ്റി മുറിഞ്ഞതില്‍ പിറകെ കമ്പനിയില്‍ നിന്നാകെ കിട്ടിയ ഔദാര്യം..
കുമാരേട്ടന്‍ വേദനകൊണ്ടു പിടഞ്ഞു.
രണ്ടാമന്‍ കിട്ടിയ കയ്യുമായി പിന്‌വാങ്ങിയ ഇടത്തേക്ക് മൂന്നാമത്തെ ചാനലുകാരന്‍ മുന്നിലെത്തി.
“ഞങ്ങളുടെ പവലിയനിലേക്കു വരൂ..
ഞങ്ങളുടെ ചാനലാണു ജനങ്ങളുടെ ചാനല്‍“ എന്നു പ്രലോഭിച്ചുകൊണ്ടിരുന്നു.
അയാളെ തട്ടിമാറ്റി നാലാമത്തവളും അഞ്ചാമത്തവനും ആറാമത്തവളും മുന്നോട്ടു വന്നു.

എല്ലാവരേയും പിന്നിലാക്കി എഴാമത്തവള്‍ ആരും കാണാതെ കുമാരേട്ടന്റെ മുറിയാത്ത കയ്യിന്റെ ഉള്ളംകൈവെള്ളയില്‍ ഏതോ ഭാഷയില്‍ എന്തോ ഒന്നു തന്റെ വിരലുകൊണ്ടെഴുതി.

കുമാരേട്ടന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.
അയാള്‍ ഒരു പുലിയായി മാറി.

പിന്നെ കണ്ടത്‌ മൃതപ്രായനായി നിന്ന കുമാരേട്ടനെ അല്ലായിരുന്നു.
പതിനെട്ടു കളരികള്‍ക്കുടയോനായ കതിരൂര്‍ ഗുരുക്കളുടെ അരുമ ശിഷ്യനായി കുമാരേട്ടന്‍.
ഒറ്റക്കയ്യു കൊണ്ടു‍ ഒരു വിസ്മയം തീര്‍ത്തു കുമാരേട്ടന്‍!.
ഓടിപ്പോയ ചാനലുകാര്‍ ഇട്ടേച്ചുപോയ ക്യാമറയും മൈക്കും ഇപ്പോഴും എയര്‍പോര്‍ട്ട്‌ എന്‍ഡ്രന്‍സിലുണ്ട്‌!.

62162

11 അഭിപ്രായ(ങ്ങള്‍):

  1. കരീം മാഷ്‌ പറഞ്ഞു...

    ആശയത്തിനു കടപ്പാട്‌ വാര്‍ത്ത : ചാനലുകളുടെ പിടിവലി സംസ്ഥാന യുവജനോല്‍ത്സവ അന്‍പതാം വാര്‍ഷിക സ്വര്‍ണ്ണക്കപ്പു (പ്രതീകം) രണ്ടു കഷ്ണമായി

  2. OAB/ഒഎബി പറഞ്ഞു...

    കീറിയിട്ട വിറകു കൊള്ളിയെടുത്ത് അവതാരകയുടെ തലക്കിട്ടടിക്കാനോങ്ങി ‘യാ മുഹ്യദ്ദീന്‍.... പറയെടീ മലയാളം‘ എന്ന് പറഞ്ഞാല്‍ അവളുമാര്‍ ശരിയായ മലയാളം താനെ പറയും.

    (അവതാരകന് കൊഞ്ഞപ്പെട കുറവായാണല്ലൊ കാണുന്നത് അല്ലെ)

    പേരെടുക്കാന്‍ പ്രവാസിയുടെ പേറെടുക്കാന്‍ വരെ തയ്യാറുള്ളവരും, അത് ലൈവായി കാണിക്കാന്‍ കുറെ ചാനലുകാരും അതിന്റൊപ്പം കോപ്രായങ്ങള്‍ കാട്ടുന്ന കാണികളും.
    ഇവരുടെ നേരിടാന്‍ പതിനെട്ടടവ് വേണ്ട. നേരത്തെ പറഞ്ഞത് തന്നെ മതി..

    ആക്ഷേപം നന്നായി മാഷേ..

  3. എറക്കാടൻ / Erakkadan പറഞ്ഞു...

    ഒരു നല്ല എഴുത്ത്‌

  4. shams പറഞ്ഞു...

    കുമാരേട്ടന്റെ 'ലൈഫും' ചാനലുകാരുടെ 'ലൈവും'. നന്നായി മാഷേ..

  5. കേളി കലാസാംസ്കാരിക വേദി പറഞ്ഞു...

    പ്രവാസലോകത്തു കാണാതായ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയേയും മകനെ കാത്തിരിക്കുന്ന അമ്മയേയുമാണവന്‍ അഭിനയിച്ചു കാണിച്ചത്‌.

    ഗള്‍ഫ്‌ ജീവിതത്തിന്റെ നേര്‍ മുഖമാണ് ഇത് പോലെയുള്ള കഥകള്‍ അതില്‍ ഒരാള്‍ മാത്രം കുമാരന്‍

  6. NPT പറഞ്ഞു...

    മാഷെ കലക്കിട്ടോ

  7. ഏ.ആര്‍. നജീം പറഞ്ഞു...

    വായിച്ചു...

    ചിരിയാണോ ഒരു ദീര്‍‌ഘ നിശ്വാസമാണൊ അതോ നിര്‍‌വികാരതയാണൊ.. എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ.

    എക്സ്പെയറായ ഖുബ്ബൂസ് തിന്നേണ്ടി വന്നിട്ടില്ലെങ്കിലും കൈ പോയിട്ടില്ലെങ്കിലും (ദൈവത്തിനു സ്തുതി ) ഞാനും ഒരു പ്രവാസിയായി പോയില്ലെ.

  8. ആര്‍ദ്ര ആസാദ് / Ardra Azad പറഞ്ഞു...

    നാളെ നടന്നേക്കാവുന്ന കഥ, ഇന്നേ പറഞ്ഞിരിക്കുന്നു.

  9. പട്ടേപ്പാടം റാംജി പറഞ്ഞു...

    കുമാരേട്ടന്റെ കണ്ണും പവിത്രന്റെ സ്വര്‍ണ്ണമാലയും ഉച്ചവെയിലില്‍ നന്നായി തിളങ്ങി.

    സാധാരണ ജീവിതവും അതിന്റെ വേദനയും സന്തോഷവും പിന്നെ ഇതൊക്കെ പ്രശ്നമല്ലാത്ത ചാനലുകാരുടെ കളികളും വിശദമായിത്തന്നെ കഥയില്‍ അടങ്ങിയിരിക്കുന്നു.
    ഭംഗിയായി മാഷെ.

  10. വികടശിരോമണി പറഞ്ഞു...

    എവിടെയോ എന്തോ വിങ്ങുന്നുണ്ട്.

  11. Junaid പറഞ്ഞു...

    "അയലോക്കത്തുള്ളോരുടെയൊക്കെ കോഴിയെ കട്ടെടുത്തു വില്‍ക്കണതിനിടയില്‍ ജാന്വേട്ടത്തിയുടെ മടാളുകൊണ്ടു മൂവന്തിക്കു കിട്ടിയ ഏറിന്റെ പാട്‌...."
    കിടിലൻ പ്രമേയത്തിനിടക്കു ഈ വരികളിലെ നൊസ്റ്റാൾജിയക്ക് പ്രാധാന്യമുണ്ടെന്നു തോന്നുന്നു.... നല്ല റിയാലിറ്റി ഫീൽ ചെയ്തു.

    “കുമാരേട്ടന്റെ കണ്ണും പവിത്രന്റെ സ്വര്‍ണ്ണമാലയും ഉച്ചവെയിലില്‍ നന്നായി തിളങ്ങി.“
    നല്ല ഭാവനയാണെന്നു തോന്നി.. മനസ്സിൽ തട്ടി.

    പ്രവാസത്തെ പേടിക്കുന്ന എനിക്ക് പലതും മനസ്സിലാക്കാന്, ഈ കഥക്ക് കഴിഞ്ഞു. എന്തോ എനിക്ക് ഒരു പക്ഷേ മഷിന്റെ കഥകളിൽ ഏറ്റവും ഇഷ്ടപെട്ടത് ഇതാണെന്നു തോന്നുന്നു.

    ഒരു നൂറു ആശംസകൾ...