ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ഹൌസ് മെയ്ഡ്

സീനത്തിനു ഇതെന്തിന്റെ കേടാണ്!
ഇത്രേം നാളുമില്ലാത്ത ഒരാവശ്യമാണ്.
ഒരു ഹൌസ്മെയ്ഡ് വേണമെത്രെ!
ആകെ രണ്ടു മക്കള്‍, അവര്‍ അവരവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരും തല്‍‌പ്പരരും ആണ്. ഭര്‍ത്താവ് ഗല്‍ഫില്‍,
വര്‍ഷത്തിലൊരിക്കല്‍ ഒരുമാസത്തെ ലീവിനു വരുമ്പോഴേ ആ വീട്ടില്‍ ഒച്ചയനക്കവും കുറച്ചെന്തെങ്കിലും പണിയുമുണ്ടാവൂ.
കുട്ടികള്‍ സ്കൂളില്‍ പോയാല്‍ സീനത്തിനു ടെലിവിഷന്റെ മുന്നിലിരിക്കലൊ പത്രമാസികകള്‍ വായിക്കലോ ഇന്റെര്‍നെറ്റില്‍ കയറി ബ്ലോഗും ബസ്സും വായിച്ചിരിക്കലോ മാത്രമായിരിക്കും ഭാരമുള്ള തൊഴില്‍.
ഒരാള്‍ക്കു ചെയ്യാനുള്ള പണിതന്നെ ഒട്ടുമില്ലാത്ത ആ കൊച്ചു വീട്ടില്‍ പിന്നെ എന്തിനാണു ഒരു ഹൌസ് മെയ്ഡ് എന്ന് ഭര്‍ത്താവു ഫോണില്‍ ചോദിച്ചു.
തൊട്ടപ്പുറത്തെ വലതു വശത്തെ ജ്വല്ലറിയുടമയുടെ വീട്ടിലും മുന്നിലെ കേന്ദ്ര ഗവ.ശാസ്ത്രജ്ഞയുടെ വീട്ടിലും ഇടതു വശത്തെ ഡോക്ടറുടെ വീട്ടിലും ഹൌസ്മെയ്ഡ് ഉണ്ട്.
ഡോക്ടര്‍ ഫോണ്‍ ചെയ്ത് കുട്ടികള്‍ക്കുള്ള വിറ്റാമിന്‍ ഗുളിക ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. ഹൌസ്മെയ്ഡിനെ അയച്ചോളൂ എന്നു പറയുമ്പോള്‍ അതു പോയി വാങ്ങാന്‍ ഞാന്‍ തന്നെ പോകേണ്ടി വരുന്നതിനാലുള്ള ജാള്യവും അവരുടെയൊക്കെ ഹൌസ്മെയ്ഡുകളുടെ യജമാനത്തികളെ പ്പുകഴ്ത്തിയുള്ള സംസാരവും കേള്‍ക്കുമ്പോള്‍ നാം എന്തോ കുറഞ്ഞ വിഭാഗത്തിലെതാണെന്നു തോന്നലുണ്ടാവുന്നു.
അതിനാല്‍ എത്രയും വേഗം ഒരു ഹൌസ്മെയ്ഡിനെ കണ്ടു പിടിച്ചു തരണം.
മന്‍സൂറിനു വലിയ സൈര്യക്കേടായി.
ബൊസുമായി അര്‍ജന്റ് മീറ്റിംഗിനിരിക്കുമ്പോഴായിരിക്കും അവളുടെ മിസ്കാള്‍,
ഒന്നു രണ്ടു മിസ് കാളിനു മറുകാളു നല്‍കിയില്ലെന്കില്‍ പിന്നെ പരിഭവത്തിന്റെ സ്വരം.
ആദ്യമൊക്കെ അതുമിതും പറഞ്ഞു ഒഴിവാക്കാന്‍ നോക്കി.
നടക്കില്ലെന്നു ബോധ്യമായി.

ഒരു നിവൃത്തിയുമില്ലാതായപ്പോഴാണു ഉറ്റ സുഹൃത്ത് നിസാറിനെ വിളിച്ചു പറഞ്ഞത്.
അവനു നാട്ടില്‍ ഒരു ട്രാവല്‍‌സും അത്യാവശ്യത്തിനു മാന്‍പവര്‍ റിക്രൂട്ട്മെന്റും ഉണ്ട്.
ഒരു ഹൌസ്മെയിഡിനെ തപ്പിത്തരാന്‍ അവനു വലിയ പാടൊന്നും കാണില്ല.
അവനു എന്നെയും സീനത്തിനെയും ശരിക്കറിയാം.
സീനത്തിന്റെ സംശയരോഗത്തിനു രണ്ടുമൂന്നു തവണ അവന്‍ ദൃക്‌സാക്ഷിയായിട്ടുണ്ട്.

അവനും ഇപ്പോഴത്തെ അവസ്ഥയില്‍ അവരുടെ വീട്ടില്‍ ഒരു വേലക്കാരിയെ ആവശ്യമില്ലെന്നു തന്നെയാണു തോന്നിയത്.

മൻസൂർ സീനത്തിന്റെ ഇപ്പൊഴത്തെ ആവശ്യവും മാനസീകാവസ്ഥയും ഞാന്‍ വിശദമായി പറഞ്ഞു.

അവന്‍ ഉപായം പറഞ്ഞു.
ഞാന്‍ നിനക്കൊരു മെയിലയക്കാം .
എന്റെ ഊഹം ശരിയാണെങ്കില്‍ നിന്റെ മെയില്‍ നിന്നെക്കാള്‍ ആദ്യം വായിക്കുന്നതവളായിരിക്കണം.
ഞാന് ഇത്തിരി ചമ്മലോടെയാണെങ്കിലും സമ്മതിച്ചു.
ശരിയാണ്, കത്തുകള്‍ അവള്‍ പൊട്ടിച്ചു വായിക്കാറില്ലെങ്കിലും മെയിലുകള്‍ അവള്‍ നോക്കാതിരുന്നിട്ടില്ല.
പാസ്‌വേര്‍ഡ് മാറ്റിയപ്പോഴൊക്കെ കുടുംബ കലഹം ഉണ്ടായിട്ടുമുണ്ട്.

നിസ്സാര്‍ പറഞ്ഞു.
ഗുഡ്! അതു തന്നെയാണു എനിക്കാവശ്യം.
ഞാന്‍ മെയിലയക്കാം പിന്നെ അവള്‍ ഹൌസ്മെയ്ഡിനെ ആവശ്യപ്പെടില്ല തീര്‍ച്ച
ഹൌസ്മെയ്ദിനെ കണ്ടുപിടിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയ വിവരം നീ അവളെ ഒന്നു അറിയിച്ചാല്‍ മാത്രം മതി.

മാറ്റർ ഇതായിരിക്കും,

മൻസൂർ, നീ ആവശ്യപ്പെട്ടതു പോലെ   ഹൗസ്,മെയ്ഡിനെ കിട്ടി,
സുന്ദരിയാണ്,,ചെറുപ്പവും നല്ല ചുറുചുറുക്കും. ശമ്പളമായിട്ടൊന്നും വേണ്ട.  ഭക്ഷണം, താമസിക്കാൻ പ്രൈവസിയുള്ള ഒരു റൂം, ചികിൽസ വേണ്ടി വരുമ്പോൾ അത്. പിന്നെ  ആവശ്യത്തിനു വസ്ത്രവും മാത്രം കൊടുത്താൽ മതി. ഇതിനൊക്കെ  പുറമേ സ്നേഹമാണവൾ മുഖ്യമായി അർഹിക്കുന്നത്. അതിനു നീ തയ്യാറാണെങ്കിൽ ജീവിതാവസാനം,വരേ നിൻറെ കൂടെ,ജീവിക്കാൻ അവൾ തയ്യാറാണ്.
നീ ഓ.കെ   ആണെങ്കിൽ എത്രയും പെട്ടെന്നു റിപ്ലൈ ചെയ്യുക.

സസ്നേഹം.
നിസാർ.