ബുധനാഴ്‌ച, നവംബർ 03, 2010

വിക്രമാദിത്യനും മെൻ നോൺസെൻസും

വിക്രമാദിത്യന്‍ മരത്തില്‍ കയറി ശവമിറക്കി തോളിലിട്ടു പതിവു പോലെ നടക്കാന്‍ തുടങ്ങി.
ശവത്തില്‍ തൊങ്ങിക്കിടന്ന വേതാളം ഇപ്രകാരം കഥ പറയാന്‍ തുടങ്ങി.

അല്ലയോ മഹാരാജാവേ പത്തു വര്‍ഷം മുന്‍പു ഒരു മദ്ധ്യപൌരസ്ത്യരാജ്യത്തില്‍ ഉമ്മുല്‍ ഖുവൈന്‍ എന്ന പ്രവിശ്യയില്‍ ഇന്ത്യക്കാരനായ ഒരു പ്രവാസി കുടുംബം സുഖമായി കഴിഞ്ഞിരുന്നു.
പ്രവാസിയും അയാളുടെ സുന്ദരിയായ ഭാര്യയും ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും.
ഭാരത സര്‍ക്കാരിന്റെ കുടുംബക്ഷേമ പദ്ധതികളും ജനസംഖ്യാവര്‍ദ്ധന പ്രശ്നങ്ങളും നിരന്തരം ചര്‍ച്ച ചെയ്തിരുന്ന പ്രവാസിയും ഭാര്യയും കുട്ടികള്‍ രണ്ടു മതിയെന്നു തീരുമാനിച്ചു.

പ്രവാസിയുടെ പങ്കാളിയുടെ ജൈവഘടികാരം കൃത്യനിഷ്ഠതക്കു വളരെ കണിശമായിരുന്നതിനാല്‍ അവരുടെ ദാമ്പത്യജീവിതത്തില്‍ റബറും കെമിക്കലും ഒരിക്കലും ഇടക്കു തടസ്സമായി നിന്നിരുന്നില്ല.

തനിക്കു മനോനിയന്ത്രണം ആവശ്യത്തിലധികമെന്ന ഗര്‍വു കൂടിയൂള്ളതിനാല്‍ ലൂയിസിന്റെ "സേഫ്റ്റി കലണ്ടറാണു" അയാള്‍ പിന്തുടര്‍ന്നിരുന്നത്.

ഭാര്യ ദേവീ ഭവ: എന്ന വൃതക്കാരനായതിനാലയാള്‍ തന്റെ ബോസിന്റെ ചെറുപ്പക്കാരിയായ സെക്രട്ടറിയുടെ ക്ലീവേജിനെപ്പറ്റി സഹജീവനക്കാര്‍ വാചാലമാകുമ്പോള്‍ അയാള്‍ അവിടം വിട്ടു പോകാറാണു പതിവ്.

എന്നിട്ടും “സംഭവാമിയുഗെ യുഗെ” എന്നു പറഞ്ഞപോലെ!

ഒരു ദിവസം ബോസിന്റെ ആ സെക്രട്ടറിക്കു പുതിയ പ്രൊജക്ടു കാഷ് ഫ്ലോ പവര്‍ പോയന്റില്‍ അനിമേറ്റു ചെയ്തു കാണിക്കുന്നതിനിടെ സ്വമേനിയില്‍ പലവട്ടം ആ മൃദുസ്പര്‍ശനമേല്ക്കുകവഴി അസമയത്തുണര്‍ന്ന അസ്വസ്ഥ്ത മാറ്റാന്‍ ടൈംപഞ്ചിംഗ് ക്ലോക്കില്‍ അഞ്ചെന്നു കാണാന്‍ കാത്തിരുന്നു അയാള്‍ വീട്ടിലേക്കോടുകയായിരുന്നു.

വാതില്ക്കല്‍ കാത്തു നിന്ന കാച്ചിയ എണ്ണയിട്ടു കുളിച്ച മുടിയില്‍ നിന്നിറ്റു വിഴുന്ന തുള്ളിയും മുല്ലപ്പൂവത്തറിന്റെ പരിമളവും കൂടിയായപ്പോള്‍ അയാള്‍ ലൂയിസിന്റെ സേഫ്റ്റി കലണ്ടര്‍ മറന്നു.

അങ്കക്കലിയടങ്ങി തളര്‍ന്നു കിടക്കവേ ഒമ്പതു മാസം മാത്രം തികഞ്ഞ മകന്‍ ഞാന്‍ ഈ തൊട്ടിലിലുണ്ടെന്നു കരഞ്ഞറിയിച്ചപ്പോഴാണു അയാള്‍ ഓര്‍ത്തത്, കലണ്ടറിലന്നു ഇളം ചുവപ്പായിരുന്നു.
ഇളം ചുവപ്പും ഘടികാരത്തിന്റെ സ്വച്ഛന്ദത തകര്‍ക്കും.

ഘടികാരത്തിന്റെ ആന്ദോലനം തെറ്റിയപ്പോള്‍ ഉള്ളില്‍ ആശങ്ക വളര്‍ന്നു.
ശുഭവാര്‍ത്തയൊന്നും കേള്‍പ്പിക്കാതെ ലൂയിസ് കലണ്ടറിലെ പച്ചദിവസങ്ങള്‍ നീണ്ടു.

അയാള്‍ ബാങ്ക് സേറ്റമെന്റു നോക്കി,
ആശുപത്രി ബില്ല്‍, ഹൗസ്മെയ്ഡ് ശമ്പളം, ചടങ്ങുകളുടെ വില എല്ലാം കൂടി കൂട്ടി നെടുവീര്‍പ്പിട്ടു.

ഓഫീസിലിരുന്നപ്പോള്‍ “ഓ പ്രശ്നമില്ല എന്ന“ ഒരു ‘മിസിസ്‘ കാളിനായി കാത്തു.

അന്നേരം ടെലഫോണ്‍ ഓപ്പറേറ്റര്‍ ഒരു കാള്‍ ട്രാന്‍സ്ഫര്‍ ചെയ്തു പറഞ്ഞു.

“സാര്‍ ലൈന്‍ ത്രി, ഐ തിങ്ങ് യുവര്‍ വൈഫ്”

മറ്റൊന്നു ചിന്തിക്കാന്‍ അയാള്‍ക്കു ക്ഷമ കിട്ടിയില്ല.
“ഹലോ എന്തായി... മെന്‍ സസായോ?” ചോദ്യം നാക്കീന്നു ചാടി അങ്ങേത്തലക്കല്‍ വീണു പൊട്ടി.
“ഠേ”
"What you man talking nonsense?"
ഷിറ്റ്! അതൊരു ‘മിസ്‘ കാളായിരുന്നു.
എച്ച്.എസ്.ബി.സി. ഓപ്പറേഷന്‍ മാനേജര്‍ ഷെര്‍ളി തോമസ്,
താന്‍ ചോദിച്ചതു മലയാളത്തിലല്ലേ എന്നയാള്‍ ആശ്വസിച്ചു.

“പതിനാലു മിന്‍ല്യന്റെ ഓ.ഡി പാസ്സാവാന്‍ ഡിസ്കഷന്‍ നടക്കുന്നു , ആ സന്തോഷമറിയിക്കാനാ വിളീച്ചേ! അതിനാണെടോ പറീ താന്‍ എന്നെ തെറി വിളിച്ചേ?”
എന്നു പച്ചമലയാളത്തിൽ ശകാരം കേള്‍ക്കുന്നതു വരെ അവരു ഒറിജിന്‍ തിരുവല്ല ക്കാരിയാണെന്നയാള്‍ക്കറിയില്ലായിരുന്നു.
“മൈ ഗോഡ്!“
“എന്തസഭ്യമാണു താന്‍ ചോദിച്ചത്. അതും കുമാരിയായ ഒരു ഉയർന്ന ബാങ്കുദ്യോഗസ്ഥയോട്!
കോര്‍പ്പറേറ്റ് ലോണിനുള്ള അപേക്ഷ എപ്പൊത്തള്ളിയെന്നു ചോദിച്ചാല്‍ മതി“.
പ്രവാസി നാവു കടിച്ചു.
ഇനി എന്തു ചെയ്യും.

ഒറ്റയടിക്കു സംഗതി തുറന്നങ്ങു പറഞ്ഞു.
അവര്‍ കുറേ ചിരിച്ചു കാണും.
അവര്‍ക്കിഷ്ടമായി ആ തുറന്നുള്ള സംസാരം.

ക്ഷമിച്ചു
പിറ്റേന്നിന്റെ പിറ്റേന്നു ലോണ്‍ സാങ്ക്ഷനായി.

സംഗതി കഴിഞ്ഞിട്ടിപ്പോള്‍ പത്തു വര്‍ഷമായി.

ഇന്നു യു.എ.ഇ ക്കൂ പുറത്തു നിന്നും പ്രവാസിയുടെ മൊബൈലില്‍ അയാള്‍ക്കു ഒരു കാള്‍ വന്നു.
ഹലോക്കു പകരം
“കെട്ട്യോള്‍ക്കു ഇന്നു മെന്‍ സസ്”ആയോ എന്നു യാതൊരു ലജ്ജയുമില്ലാതെ മുറി മലയാളത്തില്‍.

ആരാണെന്നു ചോദിക്കേണ്ടി വന്നില്ല.
മറുപടി പറഞ്ഞു

“ഒരിക്കലും മറക്കില്ല അല്ലേ മാഡം!“
“ഞാനും മറക്കില്ല മാഡത്തെ ഒരിക്കലും!“

കഥ പറഞ്ഞവസാനിപ്പിച്ചു ശവത്തിലെ വേതാളം ഇപ്രകാരം ഒരു ചോദ്യം ചോദിച്ചു.
“പറയൂ മഹാരാജന്‍? പ്രവാസിക്കു സംഗതി തുറന്നു പറയുകയാണു നല്ലതെന്നു തോന്നിയ ബുദ്ധി ക്ഷണികം ലഭിച്ചതെങ്ങനെ?“
“ഇതിനുള്ള ശരിയുത്തരം പറഞ്ഞില്ലെങ്കില്‍ താങ്കളുടെ തല ചിന്നഭിന്നമാകുമെന്നറിഞ്ഞു കൊള്ളുക“.

വിക്രമാദിത്യന്‍ പറഞ്ഞു തുടങ്ങി “സംഗതി കുഴപ്പമാകുമെന്നും തന്റെ പണിപോകുമെന്നും ഉറപ്പായപ്പോള്‍ മലയാളം മനസ്സിലാവുന്ന മങ്കക്കു ഈ സന്ദര്‍ഭവും മനസ്സിലാവുമെന്നും കുമാരിയാണെങ്കിലും അവര്‍ ഇത്തരം ഒരുപാടു സന്ദര്‍ഭങ്ങളെ നേരിട്ടിരിക്കാമെന്നുമുള്ള പെട്ടെന്നുള്ള ഊഹബുദ്ധിയാണയാളെ രക്ഷപ്പെടുത്തിയത്.

വിക്രമാദിത്യന്റെ ഉത്തരം കേട്ടു തൃപ്തിപ്പെട്ട വേതാളം വീണ്ടും മരത്തില്‍ തൂക്കിയിട്ട ശവത്തിലേക്കു തൊങ്ങിക്കിടക്കാന്നായി ഒരുങ്ങി.
ഭാരമൊഴിച്ചു വീട്ടിലെത്തിയ വിക്രമാദിത്യനെ സ്വീകരിച്ചത് കാച്ചിയ എണ്ണതേച്ചു കുളിച്ചു, ഈറന്‍ മുടിതുവര്‍ത്തി മുല്ലപ്പൂവെച്ചു നില്‍ക്കുന്ന പട്ടമഹിഷിയായിരുന്നു.
അവര്‍ സന്തോഷത്തോടെ പറഞ്ഞു
“ഓ കുഴപ്പമില്ല മഹാരാജാ..!“
“നമുക്കു മണിയറയിലേക്കു പോകാം”
വിക്രമാദിത്യന്‍ ധൃതിയില്‍ അങ്കവസ്ത്രങ്ങള്‍ ഊരിവെക്കുന്നിനിടയില്‍ പറയാന്‍ മറന്നു.
“ഇന്നു പറ്റില്ല പ്രിയേ! ഇന്നെനിക്കു വൃതമാണ്.”

71040

8 അഭിപ്രായ(ങ്ങള്‍):

  1. shaji.k പറഞ്ഞു...

    എന്നിട്ടെന്തായി, ആയോ:)

  2. ശ്രീ പറഞ്ഞു...

    സംഭവം രസമായി...

  3. കരീം മാഷ്‌ പറഞ്ഞു...

    ഷാജി
    ഉത്തരം മഹാറാണി പറഞ്ഞു കഴിഞ്ഞു.

  4. manojpattat പറഞ്ഞു...

    കുടുങ്ങിയാലൂരാനുള്ള മലയാളിയുടെ പ്രത്യുല്പന്നമതിത്വം കൃത്യമായി സൂചിപ്പിക്കുന്ന കഥ.എന്നാലും പിന്നേയും പിന്നേയും നമ്മള്‍ പുലര്‍ത്തുക വേതാളസ്വാഭാവം തന്നെയായിരിക്കും.



    അതുപോട്ടെ... പിന്നെ മദം പൊട്ടിയിട്ടില്ലേ ?:)

  5. കരീം മാഷ്‌ പറഞ്ഞു...

    പട്ടേട്ട് :)
    ഇപ്പോൾ ആറുമാസത്തിലൊരിക്കൽ സുഖ ചികിത്സയുണ്ട് ആനക്കൊട്ടിലിലിൽ.
    അതിനാൽ മദം (മതവും)പൊട്ടാറില്ല

  6. faisu madeena പറഞ്ഞു...

    നിങ്ങള്ക്ക് ഇവിടെ സകല പ്രവാസികളെയും എന്തും പറയാം ..നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഒടുക്കത്തെ പ്രതിഷെദവും ...ആയിക്കോട്ടെ ...കഥ ishttappettu

  7. കരീം മാഷ്‌ പറഞ്ഞു...

    ഫൈസു മദീനക്കാരാ..
    ഒരു പ്രവാസി കുടുംബം എന്നാല്‍ മൊത്തം പ്രവാസികള്‍ ആകുന്നതെങ്ങനെയാണ് എന്നു മനസ്സിലാവുന്നില്ലല്ലോ? :)
    പ്രതിഷെദവും ...എന്നല്ലല്ലോ
    പ്രതിഷേധവും എന്നല്ലേ ശരി

  8. ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

    പരിചയം പുതുക്കാന്‍ വഴി കാണിച്ച ബ്‌ളോഗ് ഭഗവാന് സ്തുതി!