ചൊവ്വാഴ്ച, ഡിസംബർ 21, 2010

എണ്ണപ്പാത്തിയിലുറഞ്ഞു പോകാതെ..!


“ഓന്‍ മുണ്ടിയുടെ മുല കുടിച്ചോനല്ലേ? അതങ്ങനെയേ വരൂ”.
പണിക്കാരോടു ഞാനെന്തെങ്കിലും വിട്ടു വീഴ്ച്ചചയോ മൃദുസമീപനമോ സ്വീകരിക്കുന്നതു കണ്ടാല്‍ ഇന്നും ഉമ്മയും വല്യുമ്മയും എന്നെ കളിയാക്കുന്നതു അതും പറഞ്ഞാണ്‌.

മുലപ്പാലിനു അതു കുടിച്ചവന്റെ സ്വഭാവത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമോ?
എനിക്കറിയില്ല. അതു കേട്ടാല്‍ അതിന്റെ ബയോളജിക്കല്‍ ഇം‌പാക്ടിനെക്കുറിച്ചല്ല ചിന്തിക്കുന്നത് മറിച്ച് സോഷ്യല്‍ ഇം‌പാക്ടിനെ കുറിച്ചാവും.

“മുണ്ടി” എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍ക്കുന്നത്‌ നീണ്ട ഒരു കോന്തല വിട്ടു ഒറ്റമുണ്ടു കേറ്റിയുടുത്തു മാറു മറക്കാനൊരു മേല്‍ മുണ്ടു പോലുമില്ലാത്ത ഒരു തള്ള. ചുക്കിച്ചുളിഞ്ഞ മുലയും ഓലക്കമ്മലിട്ട കാതും ആട്ടിയാട്ടി പുളിയങ്കോട്ടു കുന്നു കൂനിക്കൂനിയിറങ്ങി വരുന്ന ആ വൃദ്ധക്കു മാനസീകമായ പല വിഭ്രാന്തികളും പെരുമാറ്റത്തില്‍ ചില അസ്വാഭാവികതകളും ഉണ്ടായിരുന്നു.
എനിക്കോര്‍മ്മിക്കാന്‍ കഴിയുന്ന കാലം മുതല്‍ക്കേ അവര്‍ തറവാട്ടിലെ പുറമ്പണിക്കാരത്തിയാണ്‌.
വല്ല്യുമ്മയെന്ന അമ്മായിയമ്മയും എന്റെ ഉമ്മയെന്ന മരുമകളും ഒരേ മുറിയില്‍ സമാന്തരമായി പെറ്റു കിടക്കുന്ന കാലത്താണു ആദ്യമായി മുണ്ടിയെ തറവാട്ടില്‍ പണിക്കു കൊണ്ടുവന്നതെത്രേ!.

പക്ഷെ അവരു തറവാട്ടില്‍ പണിക്കാരത്തിയായി വരുന്ന സമയത്തു ഇരുപത്തഞ്ചു വയസ്സു പ്രായം, കന്നിപ്പേറു കഴിഞ്ഞെണീറ്റ പെണ്ണിന്റെ ആണിനെ കൊതിപ്പിക്കുന്ന ഉടല്‍, ഉണ്ണിത്തണ്ടിന്റെ ഇളം മഞ്ഞ നിറം. അങ്ങനെയല്ലാമായിരുന്നിരിക്കണം.
എങ്കിലും പെണ്ണുങ്ങള്‍ അധികമുള്ള ഞങ്ങളുടെ തറവാട്ടില്‍ യൗവ്വനം തികഞ്ഞ മുണ്ടി, വളരെ സേഫായിരുന്നു. പക്ഷെ അമ്മായിമാരുടെ പുയ്യാപ്ളമാര്‍ അതൃപ്പത്തിനു അവരുടെ വീടരുടെ വീട്ടിലൊന്നു രാപ്പാര്‍ക്കാനുമെത്തുന്ന സന്ധ്യകളില്‍, കൂട്ടത്തില്‍ മുഴുപ്പുള്ള ഒരു പൂവങ്കോഴിയെ വെറ്റിലക്കൊട്ടക്കു കീഴെ തടവിലാക്കിച്ചു മുണ്ടിയെ അയലോക്കത്തെ മാണിക്കുട്ടിയുടെ വീട്ടിലേക്കു നേരത്തെ പറഞ്ഞയച്ചിരുന്നുവെന്നു വല്യുമ്മ തന്നെ ഒരു ദുര്‍ബല നിമിഷത്തില്‍ പറഞ്ഞതില്‍ നിന്നാണു മുണ്ടിയുടെ യൗവനകാല ശരീര വടിവു ഞാന്‍ ഏറെ ഊഹിച്ചെടുത്തത്‌.
എന്നെ കുറ്റം പറയാനാവില്ല. അന്നെനിക്കു കൗമാരക്കുളിരു കേറിത്തുടങ്ങിയ കാലമായിരുന്നു.
പക്ഷെ ഇന്നു ഓര്‍മ്മയിലുള്ള  മുണ്ടിയുടെ മുഖം, പുഞ്ചിരി തൂകുന്ന ഒരു നിഷ്കളങ്കതയാണ്‌.
ഞങ്ങള്‍ പരസ്പരം അവസാനമായി കാണുമ്പോള്‍ ഉള്ളില്‍ ബാക്കിയാക്കിയിട്ടു പോയ ആ മോണ കാട്ടിയ ചിരി മാത്രം ഇന്നും മായാതെ കിടപ്പുണ്ട്‌.

തണുത്തു വെറുങ്ങലിച്ച മേനിയില്‍ വിദേശ നിര്‍മ്മിത പുതപ്പിന്റെ കഷ്ണം കൊണ്ടു ചുറ്റിക്കെട്ടി കൊടുത്തപ്പോള്‍ അതിന്റെ മൃദുലതയേല്‍പ്പിച്ച ഇക്കിളിയില്‍ ആദ്യം ഒന്നു പുളഞ്ഞ്‌ പിന്നെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം നന്നായ്‌ നുകര്‍ന്നാണവര്‍ എന്റെ മനസ്സിനെ ഇന്നും ആര്‍ദ്രമാക്കുന്ന ആ മന്ദഹാസം പകരം തന്നത്‌.
ആ മുഖമാണിപ്പോഴും ഉള്ളില്‍.
പിന്നെ കണ്ടിട്ടില്ല. അടുത്ത വെക്കേഷനു ചെല്ലും മുമ്പെ അവരെ തുപ്രന്റെ തൊടിയില്‍ തെക്കേ മൂലയില്‍ അടക്കിയിരുന്നു.

ഉമ്മ പറഞ്ഞാണു  പിന്നെ അറിഞ്ഞത്‌.
മരിക്കുമ്പോഴും ആ ബ്ളാങ്കറ്റു കഷ്ണം ഉണ്ടായിരുന്നു.
അഴുക്കുപിടിച്ചു കനം വെച്ചു ശുഷ്കിച്ച മേനിയെ പൊതിഞ്ഞ്‌.
കടിഞ്ഞൂല്‍ പെറ്റപ്പോള്‍ കുഞ്ഞിനു ഇന്‍ഫെന്റ്‌ ബ്ളാങ്കറ്റ്‌ കൊടുത്തയച്ചില്ലെന്നു പറഞ്ഞ കലി കൊണ്ട എന്റെ കളത്രം, കടുവാത്തൊലി ഡിസൈനുള്ള മനോഹരമായ ഒരു ജപ്പാന്‍ നിര്‍മ്മിത പുത്തന്‍ ഡബിള്‍ ബ്ളാങ്കെറ്റു കത്രികക്കു വെട്ടി തയ്ച്ചു കുട്ടിപ്പരുവത്തിലൊന്നുണ്ടാക്കി മനസ്സില്‍ എന്നോടുള്ള കണക്കു തീര്‍ത്തതില്‍ ബാക്കി വന്ന ഒരു കഷ്ണം കുറ്റബോധമാണു പിന്നെ മുണ്ടിക്കു തണുപ്പു മാറ്റാന്‍ കൊടുക്കാന്‍ എനിക്കെടുത്തു തന്നത്‌..

വാര്‍ദ്ധക്യം കീഴടക്കാത്ത നല്ല ഓര്‍മ്മകളെ മിന്നായം പോലെ സ്മരിക്കുന്ന വല്യുമ്മയില്‍ നിന്നാണു മുണ്ടിയെക്കുറിച്ചു  കൂടുതല്‍ കേട്ടിട്ടുള്ളത്‌.


നിറഞ്ഞ മാറും താങ്ങി  മുണ്ടി ഉമ്മറത്തു പോകാതിരിക്കാന്‍ വേണ്ടതൊക്കെ വല്യുമ്മ മുന്‍കരുതലെടുത്തുകാണണം. ഉമ്മറം അടിച്ചു വാരാന്‍ വല്ല്യുമ്മ പൂമുഖത്തു ആണുങ്ങള്‍ ഉണ്ടാവാനിടയില്ലാത്ത നേരത്തെ ടൈംറ്റേബിള്‍ ഉണ്ടാക്കിക്കൊടുത്തു. പടിഞ്ഞാറു വശത്തേക്കു ചെരിച്ചു കെട്ടി വല്ല്യപുരക്കൊരു ചായ്പ്പുണ്ടാക്കിയതു മുണ്ടിക്കു മാത്രം പെരുമാറാനായിരുന്നു എന്നു പറഞ്ഞതില്‍ നിന്നും വല്ല്യുമ്മ പറയാത്ത പലതും ഞാനൂഹിച്ചു.

മുണ്ടിയെ വീട്ടിലെ ആണുങ്ങളുടെ ദൃഷ്ടിയില്‍ നിന്നു ദൂരത്താക്കുന്നതില്‍ വല്ല്യുമ്മ വിജയിച്ചെങ്കിലും തോറ്റതു ഓസിനു ഒചീനം കഴിക്കാന്‍ വരുന്ന മായിന്‍ മൊല്ലാക്കാനെ മനസ്സിലാക്കുന്നതിലായിരുന്നു.

വെച്ച ഭക്ഷണത്തിലേക്കു വലിഞ്ഞു കേറി വരുന്ന മൊല്ലാക്കാക്കു മഹല്ലിലാകെ ഇബ്‌ലീസിന്റെ പണിയായിരുന്നു.
ഭക്ഷണം കഴിച്ചു, ഒരു ഏമ്പക്കവുമിട്ടു അടുത്ത വീട്ടില്‍ പോയി കഴിച്ച ഭക്ഷണത്തിനു കുറ്റം പറയുന്ന മൊല്ലാക്കാനെ വല്ല്യുമ്മാക്കു കണ്ണിനു നേരെ കണ്ടൂടായിരുന്നു. എങ്കിലും അയലോക്കത്തു പോയി പരദൂഷണം പറയുമെന്നു പേടിച്ചു ഉള്ളതില്‍ നല്ല ഭക്ഷണം തനിക്കുള്ളതില്‍ നിന്നു പോലും വിളമ്പിക്കൊടുക്കുമ്പോഴും ഉള്ളിലെ വെറുപ്പ്‌ പുറുപുറുത്തു ചാടിയിരുന്നു.

ആ മായിന്‍ മൊല്ലാക്കയാണു വല്യുമ്മാന്റെ ലക്ഷ്മണരേഖ ഭേദിച്ചു വളപ്പില്‍ കടന്നത്‌.
പെറ്റു കിടക്കുകയാണെങ്കിലും വല്ല്യുമ്മാക്കു രണ്ടേക്കര്‍ പുരയിടത്തിന്റെ മൂലയിലെ തെങ്ങില്‍ നിന്നൊരു ഓല വീണാലും അറിയാന്‍ കഴിയുമായിരുന്നു.
വല്ല്യുമ്മ അകത്തു എണ്ണപ്പാത്തിയിലും ഉമ്മ പുറത്തു കുളിമുറിയിലും ആയ നേരത്താണു അയാള്‍ പടിഞ്ഞാറോരത്തെ ഇല്ലിപ്പടി തുറന്നകത്തു കയറിയത്‌. ഉമ്മറത്തൂടെയാണെങ്കില്‍ കാല്പ്പെരുമാറ്റം കേട്ടു എണ്ണപ്പാത്തിയില്‍ കിടക്കുന്ന ഉമ്മ
“നീ ഇപ്പോ പോയിട്ടു പിന്നെ വാ മായിനേ”
എന്നു കിളിവാതിലൂടെ കാണാതെ, നോക്കാതെ തന്നെ പറഞ്ഞേനെ!
പടിഞ്ഞാറെ കോലായില്‍ എണ്ണ തേച്ചു കിടത്തിയ കുട്ടികളെ നോക്കാനേല്പ്പിച്ച മുണ്ടിയുടെ മാനസീക വിഭ്രാന്തി നിറഞ്ഞ പേടിച്ചുള്ള കരച്ചില്‍ കേട്ടിട്ടാണു വല്ല്യുമ്മ എണ്ണയൊഴുകുന്ന മേനി, കയ്യില്‍ കിട്ടിയ ഒരു പുതപ്പു കൊണ്ടു പുതച്ചു അങ്ങോട്ടേക്കോടിയത്‌.

മായിന്‍ മൊല്ലാക്കയെ ചൂണ്ടിയാണു മുണ്ടി കരഞ്ഞത്‌.
അവളുടെ ജംബറിന്റെ മുന്‍ഭാഗം  തുറന്നിരിക്കുന്നു.
പാലുനിറഞ്ഞ മുലയില്‍ നിന്നു അപ്പോഴും ഊറിയിറങ്ങുന്ന മുലപ്പാല്‌,
മടിയില്‍ എണ്ണതേച്ചു കിടത്തിയിരുന്ന പേരക്കുട്ടി !.

മായിന്‍ മൊല്ലാക്ക ഖിയാമത്തിന്റെ അലാമത്തു കണ്ടപോലെ എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ അധികാരസ്വരത്തോടെ ചോദിച്ചു.

“ ഈ ‘കാഫിര്‍ച്ചി‘ ആ കുട്ടിക്കു മൊല കൊടുക്കുന്നത്‌ ആരും കണ്ടില്ലേ?”

കുട്ടിയുടെ നൊട്ടിനുണയുന്ന ചുണ്ടില്‍ മുലപ്പാലിന്റെ തുള്ളി കണ്ടപ്പോള്‍ വല്ല്യുമ്മാക്കു ബോധ്യമായി. മുണ്ടി ആണ്‍കുട്ടിയെ മുലയൂട്ടുകയായിരുന്നെന്ന്‌..
മുണ്ടി കുട്ടിയെ മാറോടു ചേര്‍ത്തു, തേങ്ങിക്കൊണ്ടു പറഞ്ഞു
“ഇതെന്റെ കുട്ട്യാ...” 
വല്ല്യുമ്മക്കതു വലിയ ഷോക്കായിപ്പോയി.
മൊല്ലാക്കാന്റെ നാക്കു വഴി വരാനിരിക്കുന്ന ഭവിഷ്യത്തുകളെ വല്ല്യുമ്മ പെട്ടെന്നു ഓര്‍ത്തുകാണും.
മൊല്ലാക്കയുടെ വായടക്കുക എന്നതായിരുന്നു വല്ല്യുമ്മാക്കു ആദ്യം ചെയ്യേണ്ടിയിരുന്നത്‌.
അതിനാല്‍ പ്രതിരോധം വളരെ പെട്ടെന്നായിരുന്നു.

“ മായിനേ നീ മുണ്ടിയുടെ മൊല കാണാനാണൊ ആരുമില്ലാത്തപ്പോള്‍ പിന്നാമ്പുറത്തെ ഈ ചായ്പ്പില്‍ വന്നു പാളി നോക്കിയത്‌ ?”
ഞാന്‍ വിളിച്ചു കൂവി നാട്ടാരെ കൂട്ടും. ഇല്ലെങ്കില്‍ ഒരക്ഷരം മിണ്ടാതെ നീ ഇവട്ന്നു മണ്ടിക്കോ?“

മൊല്ലാക്കാക്കു തന്റെ നേര്‍ക്കു വരുന്ന പാര പെട്ടെന്നു മനസ്സിലായി. പെണ്ണുകേസ്സില്‍ പെട്ടാല്‍ മഹല്ലിലെ കഞ്ഞികുടി മുട്ടുമെന്നും തടി കേടാവുമെന്നും മനസ്സിലാക്കി കഴിയുന്നത്ര വേഗത്തില്‍ മൊല്ലാക്ക ജീവനും കൊണ്ടോടി.
മുല്ലാക്കാനെ ഭീഷണിപ്പെടുത്തി വല്ല്യുമ്മ ഇഹലോക ഭയം ഇല്ലാതാക്കിയെങ്കിലും കാര്‍ന്നു തിന്നുന്ന പാരത്രിക ഭയം വല്ലാതായപ്പോഴാണു മുണ്ടിയെ വീടു വിലക്കിയത്‌.
വളപ്പിനകത്തു ഇനി കാലു കുത്തിപ്പോകരുതെന്നു കര്‍ശനമായി വിലക്കിയപ്പോള്‍ വല്ല്യുമ്മ മുണ്ടിയുടെ മുഖത്തേക്കു നോക്കിയില്ലത്രേ! .
വെള്ളം ചൂടാക്കാനാളില്ലാതെ, മുറ്റമടിക്കാനാളില്ലാതെ വല്യുമ്മ ആ പ്രസവകാലം ഏറെ കഷ്ടപ്പെട്ടു.

അതിനെക്കാളേറെയായിരുന്നു സംരക്ഷിക്കാനൊരാളില്ലാത്ത മുണ്ടിയെ പട്ടിണിയുടെ ലോകത്തേക്കു ഇറക്കിവിട്ടതില്‍ അനുഭവിച്ച നെഞ്ചിലെ വേദന.
കുറ്റബോധം ഉമിത്തീ പോലെ നീറിയ വല്യുമ്മാന്റെ ഉള്ളില്‍ നിന്നു അടുത്ത പ്രസവത്തിനു ഒരു ചാപ്പിള്ളയെ ഒത്താച്ചി പുറത്തെടുത്തപ്പോള്‍ പകരം ഉള്ളില്‍ നിന്നായുമിത്തീയില്‍ എണ്ണയൊഴിച്ചാലെന്ന പോലെ ആളിക്കത്തല്‍!.
മുണ്ടിയെ ഓര്‍ത്തു വല്ല്യുമ്മ ഏറെ നൊമ്പരപ്പെട്ടു.

നിറഞ്ഞു വിങ്ങിയ നിന്ന മാതൃത്വം വിണ്ടുകീറിയ അതിന്റെ കണ്ണിലൂടെ ഓലപ്പുരക്കുളിമുറിയില്‍ പിഴിഞ്ഞു കളഞ്ഞപ്പോള്‍   മുണ്ടിയോടു ചെയ്ത  തെറ്റു വല്ല്യുമ്മ ശരിക്കും തിരിച്ചറിഞ്ഞു.
‘മറച്ചുകെട്ടി‘യില്‍ നിന്നു കുളി കഴിഞ്ഞു പുറത്തു വന്നപ്പോഴേക്കും അവര്‍ തീരുമാനമെടുത്തിരുന്നു.
അരോടും ഒന്നും പറയാതെ, പറയാനിട കൊടുക്കാതെ വല്ല്യുമ്മ ആ ഒരു തെറ്റു തിരുത്തി.

പിറ്റേന്നു മുതല്‍ മുണ്ടി വീണ്ടും പുറം പണിക്കായി വന്നു തുടങ്ങി.
പിന്നെ മരിക്കുന്നതു വരെ അവര്‍ അവിടെ തന്നെ ജീവിച്ചു. പണിക്കാരത്തിയായും പണിക്കാവതില്ലാതെയുമായി...!




72200

2 അഭിപ്രായ(ങ്ങള്‍):

  1. kichu / കിച്ചു പറഞ്ഞു...

    നല്ലൊരു പോസ്റ്റ്. ആശംസകള്‍

  2. അജ്ഞാതന്‍ പറഞ്ഞു...

    അത്ര നന്നെന്ന് എനിക്കഭിപ്രായമില്ല! പുതുപുത്തന്‍ പൊളപ്പന്‍ പോസ്റ്റുകള്‍ വരട്ടെ