ചൊവ്വാഴ്ച, ഫെബ്രുവരി 01, 2011

ഒരു ഇറാനിയൻ നാടോടിക്കഥണ്ടു പണ്ടു വളരെ പണ്ടു പേർഷ്യയിലെ “ചികാർമിഖുനി” എന്ന ഗ്രാമത്തിൽ  ഒരു പണ്ഡിതന്റെ അടുത്ത് മർത്ത്യകുലത്തിന്റെ വിദ്യ അഭ്യസിക്കണമെന്ന ആഗ്രഹവുമായി ഒരു പെൺ ജിന്നു വന്നു.
ജിന്നിന്റെ രൂപം കണ്ടു ഭയന്ന പണ്ഡിതൻ ആദ്യമാത്രയിൽ തന്നെ
“ഞാൻ മനുഷ്യരെ മാത്രമേ പഠിപ്പിക്കൂ“ എന്നു പറഞ്ഞൊഴിഞ്ഞു.
പെൺജിന്നു പിന്നെ സുന്ദരിയായ ഒരു മനുഷ്യപ്പെൺകുട്ടിയായി വന്നു.
പണ്ഡിതനു അവളെ മനസ്സിലായി.ആദ്യത്തെ മറുപടി തന്നെ നൽകി.
അവൾ വീണ്ടും വീണ്ടുമപേക്ഷിച്ചപ്പോൾ
വിദ്യ തേടി വന്ന അവളെ നിരാശയാക്കി  മടക്കാൻ അദ്ദേഹത്തിനു വിഷമം തോന്നി.

അവൾ ജിന്നാണെന്ന സത്യം മറ്റുള്ളവരിൽ നിന്നു മറച്ചു വെക്കാമെങ്കിൽ സമ്മതം എന്ന കറാർ അവൾ സ്വീകരിക്കുകയും അപ്രകാരം ഉറപ്പു കൊടുത്തതു മുതൽ അദ്ദേഹം അവൾക്കു വിദ്യ പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു.

കാലം കഴിയവേ..
‘ദർസിലെ‘  ഒരു യുവാവിനു ഈ സുന്ദരിയോടു കലശലായ പ്രേമം തോന്നിത്തുടങ്ങി.
അവളെ കല്യാണം കഴിക്കണം എന്ന ആഗ്രഹം അവൻ ഗുരുവിനോടു പറഞ്ഞു.
ഗുരു സത്യം പറയാനാകാതെ അവനെ പിന്തിരിപ്പിക്കാൻ കുറേ നോക്കി.
അവൻ ആത്മഹത്യ ചെയ്തു കളയുമെന്നു ഉറച്ച തീരുമാനമെടുത്തപ്പോൾ ഗുരു ജിന്നിനോടു അതേ രൂപത്തിൽ അവനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു.

ഗുരുവിന്റെ അഭ്യർത്ഥന അവൾക്കു തള്ളിക്കളയാനാവില്ലായിരുന്നു.
അവൾ രണ്ടു നിബന്ധനകളോടെ  ആ അഭ്യർത്ഥന സ്വീകരിച്ചു.

ഒന്ന് : വാതിലിൽ മുട്ടിയല്ലാതെ വീട്ടിനകത്തു കയറരുത്.
രണ്ട് : വീട്ടിനകത്തു ഒരു സാധനത്തിനും മുട്ടു വരരുത്.

യുവാവ് സമ്മതിച്ചു.
അവനും രണ്ടു അഭ്യർത്ഥന ഉണ്ടായിരുന്നു.

കൂടെ കഴിയുന്നിടത്തോളം കാലം അവനെ സ്നേഹിക്കണം!
അവനെ സ്നേഹിക്കുന്നിടത്തോളം കാലം കൂടെ കഴിയണം.

അവൻ സമ്മതിച്ചു.
കല്യാണം കഴിഞ്ഞു.
മധുവിധുവിന്റെ ദിവസങ്ങൾ മംഗളമായി കടന്നു പോയി.
അവൻ അവളെ ഭ്രാന്തമായി സ്നേഹിച്ചു, അവൾ പതിയെപ്പതിയെ തിരിച്ചുമവനെ സ്നേഹിക്കാൻ തുടങ്ങി. എങ്കിലും ഒരിക്കലും അവനു മനസ്സിലായതേയില്ലായിരുന്നു അവൾ ഒരു പെൺ ജിന്നാണെന്ന്!
വീട്ടിൽ ഒരു സാധനത്തിനും കുറവു വരുത്താതെ അവൻ കറാറു പാലിച്ചു.

എന്നിട്ടും ഒരു നാൾ അപ്രതീക്ഷിതമായി.......!
വീട്ടിൽ വിറകു തീർന്നു പോയി.

അക്കാരണം കൊണ്ടു തന്നെ കറാറിന്റെ കാര്യം ഓർമ്മപ്പെടുത്തി  അവൾക്കു വേണമെങ്കിൽ പിരിഞ്ഞു പോകാമായിരുന്നു.
എന്നാൽ അവൾക്കു അവനെ പിരിഞ്ഞു പോകാൻ തോന്നിയതേ ഇല്ല!.
അവനോടുള്ള സ്നേഹം അളവറ്റതാണെന്നു അവൾ തിരിച്ചറിഞ്ഞതപ്പോഴായിരുന്നു.

അപ്പോഴേക്കും വീട്ടിൽ വിറകില്ലെന്നു കണ്ട യുവാവ് പരിഭ്രാന്തനായി വീട്ടിൽ നിന്നു ഒത്തിരി ദൂരെയുള്ള കടയിലേക്കു വിറകു വാങ്ങാൻപോയിരുന്നു.
വിറകും ചുമന്നു തിരിച്ചു വന്നപ്പോൾ !

വാതിൽക്കൽ എത്തിയപ്പോൾ മുറിക്കുള്ളിൽ നിന്നു ചില ശീൽക്കാര ശബ്ദങ്ങളും ഞെരക്കങ്ങളും കേട്ടു. അവനു അവളുടെ ചാരിത്ര്യ ശുദ്ധിയിൽ സംശയമായി.

അവൻ വാതിലിൽ മുട്ടാതെ പെട്ടെന്നു തള്ളിത്തുറന്നകത്തു കയറി.
അപ്പോൾ കണ്ട കാഴ്ച്ച അവനെ ബോധരഹിതനാക്കി.

അവന്റെ പെണ്ണിനു പകരം അടുപ്പിനരികത്തു ഭീകരിയായ ജിന്നിരിക്കുന്നു. അതിന്റെ കാലുകൾ അടുപ്പിലേക്കു കടത്തി വെച്ചു വിറകാക്കി തീ കത്തിക്കുന്നു.
അടുപ്പിനു മുകളിൽ വെന്തു തിളക്കുന്ന ഭക്ഷണം!.
കാലിൽ തീ പടർന്നു ജ്വാലകൾ ഉയരുമ്പോഴുള്ള വേദനയാൽ, അവളുടെ ശബ്ദമാണു അവൻ കേട്ടത്!

ബോധം തെളിഞ്ഞപ്പോൾ അവൻ മെത്തയിൽ കിടക്കുകയാണ്. തൊട്ടപ്പുറത്തു തീന്മേശയിൽ വിഭവങ്ങൾ ഒരുക്കി അവന്റെ സുന്ദരിയായ ഭാര്യ കാത്തിരിക്കുന്നു.
അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.
അവൻ ഓടിയെണീറ്റു അവളുടെ വസ്ത്രം നീക്കി കാലുകളിലേക്കു സൂക്ഷിച്ചു നോക്കി.
അവനു അതിൽ ഒരു പൊള്ളലോ കരിച്ചിലോ കാണാനൊത്തില്ല.
വിസ്മയം കൊണ്ടു അവൻ വാ പൊളിച്ചു.

താൻ ഒരു സ്വപ്നം കാണുകയായിരുന്നു വെന്നു അവൻ കരുതി.
എങ്കിലും നിഷ്കളങ്കനായ അവൻ തനിക്കുണ്ടായ അനുഭവങ്ങളെല്ലാം അവളെ പറഞ്ഞു ധരിപ്പിച്ചു.

അവൾ നിസ്സാരമായി ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതു പ്രിയാ, അങ്ങു എനിക്കു തന്ന വാക്കു തെറ്റിച്ചതിന്റെ കുറ്റബോധത്താൽ മനസ്സു സ്വയം മെനെഞ്ഞെടുത്ത കഥയായിരിക്കാം“.
“ഇനി  ഒരിക്കലും എന്നെ സംശയിക്കാതിരുന്നാൽ മതി.
പക്ഷെ എനിക്കു തന്ന വാക്കിനിയും തെറ്റിച്ചാൽ ഞാൻ എന്നന്നേക്കുമായി താങ്കളെ വിട്ടു പോകും. തീർച്ച !!“
അവൻ സമ്മതിച്ചു.

അവൻ പിന്നെ അവളെ സംശയിച്ചതേയില്ല.
ജോലിക്കു പോകുമ്പോൾ തിരിച്ചു വരുന്നതു വരെ അവൾ അകത്തിരിക്കുന്നുവെന്നവൻ കരുതി. പക്ഷെ അവൾ പുറത്തു ജിന്നുകളുടെ ലോകത്തു ഒരു നിത്യ സഞ്ചാരിയായിരുന്നുവെന്നവനറിയില്ലായിരുന്നു.

അവൻ വരുമ്പോഴേക്കു എല്ലാ പണിയും തീർത്തു വൃത്തിയാക്കി സ്വയം വൃത്തിയായി അവൾ അവനെ സന്തോഷിപ്പിച്ചു. അവൾക്കു വീട്ടിലെ എല്ലാ പണികളും തീർക്കാൻ ഒരു സെക്കൻഡു മതിയായിരുന്നു.

അവൻ ജോലിക്കു പോകുന്ന വഴിയിൽ പരവതാനി നിർമ്മിക്കുന്ന കുടുംബത്തിൽ ഒരു പാവം പെൺകുട്ടി അവനെ എന്നും കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. അവൾക്കും  അവനെ സ്വന്തമാക്കാൻ ആഗ്രഹമായി.

ആ കുടുംബം ഒരു വിലകൂടിയ പരവതാനി ഉണ്ടാക്കാൻ ആരംഭിച്ചിട്ടു പതിനേഴു വർഷമായിരുന്നു.
പൂർത്തിയായാലുടൻ അതു ഏതെങ്കിലും ധനികനായ ഒരു ഷെയ്ക്കിനു വിറ്റിട്ടു വേണം അവൾക്കു ആഭരണം പണിയാനും അറയൊരുക്കാനും പിന്നെ അവളുടെ വിവാഹം നടത്താനും എന്നു തീരുമാനിച്ചാണു ആ കുടുംബം ആ പരവതാനി നെയ്യുന്നത്.
 ലക്ഷക്കണക്കിനു മണിക്കൂറുകളാണു അതിന്നായവരെല്ലാം വിനിയോഗിച്ചു കഴിഞ്ഞത്.

പരവതാനിയുടെ എറ്റവും ഭംഗിയുള്ള മധ്യഭാഗം തുന്നിയിരുന്നത് ആ പെൺകുട്ടി തന്നെയായിരുന്നു. അവൾ തനിച്ചായിരിക്കുമ്പോഴാണു അതിന്റെ പണിയിലേർപ്പെടുക. അന്നേരമാണു നമ്മുടെ യുവാവ് തൊട്ടു മുൻപിലെ നിരത്തിലൂടെ ജോലിക്കു പോകാറുള്ളത്. തുന്നിക്കൊണ്ടിരിക്കേ തന്റെ കണ്ണുകൾ ജാലകത്തിലൂടെ കടന്നു അവനു പിറകെ സഞ്ചരിച്ചു ദൂരെ പൊട്ടുപോലെ അവൻ മാഞ്ഞു പോകുന്നതുമവളെന്നും നോക്കിയിരിക്കും.

അവൾക്കു  ഉള്ളിൽ അവനോടുള്ള  പ്രേമം ശക്തമായിത്തുടങ്ങി.
പെൺകുട്ടിയുടെ നിശബ്ദമായ പ്രേമം അദൃശ്യയായ ജിന്ന് ആശങ്കയോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
പക്ഷെ തന്റെ പാവം ഭർത്താവിനു ഇതൊന്നുമറിയില്ല എന്നും ജിന്നിനറിയാമായിരുന്നു.

പരവതാനിയുടെ മധ്യഭാഗം പൂർത്തിയായ ദിവസം വന്നു. അതിമനോഹരമായിരുന്നു അതിന്റെ ചമൽക്കാരങ്ങൾ. ആരു കണ്ടാലും നല്ലൊരു മോഹവില കിട്ടും എന്നവർക്കുറപ്പായി.

അന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ അവളോടു അവളുടെ വിവാഹക്കാര്യം സംസാരിച്ചു. ഏതെങ്കിലും ചെറുപ്പക്കാരനെ നീ ഇഷ്ടപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അവൾ അതുവഴി എന്നും ജോലിക്കു പോകുന്ന നമ്മുടെ യുവാവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു.

അദൃശ്യയായി നിൽക്കുകയായിരുന്ന ജിന്നുഭാര്യ ഇതു കണ്ടു.
ക്ഷണം ആ പെൺകുട്ടിയോടു കലശലായ കോപംവന്നു.


ജിന്ന് ആരുടേയും ദൃഷ്ടിയിൽ പെടാതെ, അവൾ നെയ്തു പൂർത്തിയാക്കിയ ആ പരവതാനിയുടെ മധ്യഭാഗത്തു തീപിടിപ്പിച്ചു കളഞ്ഞു.

അരക്കു താഴെ തീ ആളിപ്പിടിച്ച പോലെ പെൺകുട്ടി അവിടം പൊത്തിപ്പിടിച്ചു പരവതാനിയിൽ കിടന്നുരുണ്ടു ആ തീ കെടുത്തി.
എന്നിട്ടും അതിന്റെ മധ്യഭാഗത്തു വലിയൊരു ദ്വാരം ബാക്കിയാക്കിയിട്ടേ തീ അണഞ്ഞുള്ളൂ.
അവൾ വേദന കൊണ്ടു പുളഞ്ഞു.
അതു കണ്ട അവളുടെ കുടുംബം ഒന്നടങ്കം വ്യസനത്താൽ പൊട്ടിക്കരഞ്ഞു.

യുവാവ് ജോലി കഴിഞ്ഞു തിരിച്ചു വന്നപ്പോഴും ആ വീട്ടിൽ നിന്നു നിലവിളികൾ ഒടുങ്ങിയിട്ടില്ലായിരുന്നു.
അയാൾ വിവരമറിയാൻ അങ്ങോട്ടു കയറി.
നടുഭാഗം കത്തിയ പരവതാനിക്കു ചുറ്റുമിരുന്നു അവരെല്ലാം കരച്ചിലോടു കരച്ചിലായിരുന്നു.
അതു കണ്ടു അയാൾക്കു സങ്കടം തോന്നി.
അയാൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വ്യസനത്തോടെയാണു അന്നയാൾ വീട്ടിലെത്തിയത്.

അന്നു ആദ്യമായി വാതിലിൽ മുട്ടുന്നതിന്നു മുൻപെ ജിന്നുഭാര്യ വാതിൽ തുറന്നു.
ഭർത്താവിന്റെ ദു:ഖം കണ്ടു അവൾക്കു മന:സ്ഥാപം ഉണ്ടായി.
താൻ ഒരു ജിന്നാനെന്നും തന്റെ ഭർത്താവും ആ പെൺകുട്ടിയും  മനുഷ്യരാണെന്ന ചിന്ത പെട്ടെന്നവൾക്കുണ്ടായി. ആ ഒറ്റപ്പെടലും അവളെ അസ്വസ്ഥയാക്കി.
അന്നു അയാൾ അൽ‌പ്പം മാത്രം ഭക്ഷണം കഴിച്ചു പെട്ടെന്നുറങ്ങിപ്പോയി.

തൊട്ടപ്പുറത്തു കിടന്ന ജിന്നുഭാര്യക്കു അങ്ങനെ ഒരനുഭവം ആദ്യമായിട്ടായിരുന്നു.
അവൾക്കന്നുറങ്ങാൻ പറ്റിയില്ല.
പിന്നീടുള്ള രാത്രികളിലൊക്കെ ഇണചേരുമ്പോൾ ആ പരവതാനിയുടെ കരിഞ്ഞ നടുഭാഗം ഓർത്തു അവൾ അസ്വസ്ഥയായി. അസംതൃപ്തി ഒരു അണയാത്ത അഗ്നിയായി അവളുടെ സുരതത്തിലേക്കു പടർന്നു.
അവളുടെ എല്ലാ അസ്വസ്ഥതയും അവനെയും ബാധിച്ചു.
പൂർത്തിയാവാത്ത രതിയും ഒരു കുഞ്ഞുണ്ടാവുക എന്ന സാധിക്കാത്ത ആഗ്രഹവും അവനെ വല്ലാതെ സങ്കടപ്പെടുത്തി. ജിന്നുകൾക്കു മനുഷ്യരിൽ കുഞ്ഞുങ്ങളുണ്ടാവില്ലന്നതവളെ വല്ലാതെ ആകുലയാക്കി.
അതിന്റെ പ്രതികരണങ്ങൾ അവരുടെ ദാമ്പത്യജീവിതത്തിൽ അനേകം അലോസരങ്ങളുണ്ടാക്കി.
എന്നിട്ടും അവനു അവളോടു നീരസം തോന്നുകയോ അതു  പരാതിപ്പെടുകയോ ഉണ്ടായില്ല.

ഒരു പാവം പെൺകുട്ടിയോടു അനീതി ചെയ്തതിന്റെ ദൈവശിക്ഷയെന്നോണം അവളുടെ സൌന്ദര്യം നഷ്ടപ്പെടാനും പതിയെപ്പതിയെ അവൾ മനുഷ്യ രൂപം മാഞ്ഞു ജിന്നിന്റെ തനതായ രൂപത്തിലേക്കു കൂടുതൽ നേരം ദൃശ്യപ്പെടാനും തുടങ്ങി. എപ്പോഴെങ്കിലും തന്റെ ഭർത്താവു ഈ രൂപം കാണാനിട വന്നെങ്കിലോ, എന്നവൾ വല്ലാതെ ഭയപ്പെട്ടു.
രൂപമാറ്റത്തിലും കർമ്മചടുലതയിലും അവൾക്കുള്ള നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി.
ജിന്നുകളുടെ കർമ്മശാസ്ത്രത്തിലെ ഒരു അറിവും ഇതിനെ മറികടക്കാനായില്ല.
അതോടെ അവൾ കൂടുതൽ അസ്വസ്ഥയായി.

മനുഷ്യരിലെ കർമ്മശാസ്ത്രത്തിൽ ഇതിനുള്ള മരുന്നിനായി
അവൾ ഒരു ദിവസം പഴയ ഗുരുവിനെ കാണാൻ ചെന്നു.
ഉണ്ടായ സംഭവങ്ങൾ എല്ലാം പറഞ്ഞു.

ഗുരു അവളോടു അവനിൽ നിന്നും ഒഴിഞ്ഞു പോകുകയാണു രണ്ടു പേർക്കും നല്ലത് എന്നു ഉപദേശിച്ചു.
ഇല്ലെങ്കിൽ അവളുടെ കൈ കൊണ്ടു അധികം താമസിയാതെ അവൻ കൊല്ലപ്പെടുമെന്നു ഗുരു ഭയപ്പെട്ടു.

ജിന്നിലെ നൈർമല്യം അവളുടെ മനസ്സിൽ നിന്നും വീണു പോയതിനാലാണു ഇതൊക്കെ സംഭവിച്ചതെന്നും ഒരു നിമിഷം അവൾ മനുഷ്യസ്ത്രീയുടെ ബാലിശമായ അസൂയക്കു അടിമയായതിനാലാണു ആ പാവം പെൺകുട്ടിയെ ഇനിയൊരു വിവാഹത്തിനു അനുയോജ്യയല്ലാതാക്കും  വിധം താൻ അഗ്നികൊണ്ടു പക വീട്ടിയതെന്നു അവൾക്കു ഗുരുവിൽ നിന്നും ബോധ്യമായി.

ഭർത്താവിൽ നിന്നു പിരിയുന്നതു അവൾക്കു ഒരു കാരണവശാലും സഹിക്കാവുന്നതായിരുന്നില്ല.
തന്റെ തനിസ്വരൂപം ഭർത്താവിനു കാണിച്ചു കൊടുക്കുകയും കാര്യങ്ങൾ എല്ലാം മനസ്സിലാക്കി അദ്ദേഹം തീരുമാനിക്കട്ടെ എന്നനവൾ അവസാനമായി തീരുമാനിച്ചു.

അന്നു ഭർത്താവു  ജോലി കഴിഞ്ഞു വന്നപ്പോൾ ജിന്നുഭാര്യ തന്റെ  തനതു രൂപത്തിലാണു സ്വാഗതം ചെയ്തത്.
അവളെ കണ്ട ഉടനെ അവൻ ബോധരഹിതനായി.
കുറേ നേരം കഴിഞ്ഞിട്ടു അയാൾ ബോധം തെളിഞ്ഞപ്പോഴും ജിന്നു ഭാര്യ ജിന്നു രൂപത്തിൽ തന്നെയായിരുന്നു.

അയാൾ അലറിക്കരഞ്ഞു

“ഞാൻ എന്തു തെറ്റാണു ചെയ്തതു എന്റെ മനമേ?
ഞാൻ അവളെ ഒട്ടും തെറ്റിദ്ധരിച്ചിട്ടില്ലല്ലോ?
എന്നെ ഇങ്ങനെ പരീക്ഷിക്കരുതേ?“

അതു കേട്ട അവൾ വളരെ പരുപരുത്ത, തികച്ചും അപരിചിതമായ ഒച്ചയിൽ പറഞ്ഞു.

“ഇത്തവണ താങ്കൾ അല്ല തെറ്റു ചെയ്തത്. ഞാനാണ്. അതിനാൽ എനിക്കു കിട്ടിയ ശിക്ഷയാണ്.
ഞാൻ ഒരു ജിന്നാണ്.
മനുഷ്യരൂപത്തിലാണു ഞാൻ താങ്കളുടെ കൂടെ ഇത്രനാളും പാർത്തത്.
ഇനിയും മനുഷ്യരൂപത്തിൽ നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്കാവില്ല.
കാരണം ഞാൻ വലിയൊരു തെറ്റു ചെയ്തിട്ടുണ്ട്. ആ പാവം പെൺകുട്ടി താങ്കളെ സ്നേഹിക്കുന്നുവെന്നു പറഞ്ഞപ്പോൾ അതു സഹിക്കാനാവാതെ ഞാനാണവളുടെ പരവതാനി കത്തിച്ചത്.
അതുകൊണ്ടു നിങ്ങൾ എന്നെ വെറുക്കണം.
അപ്പോൾ നമ്മുടെ കറാറു ലംഘിക്കാതെ തന്നെ എനിക്കു താങ്കളെ പിരിയാനാവും.“
ഇനി ഞാൻ താങ്കളെ വിട്ടു പോകുകയാണ്“.

“പോകുന്നതു വഴി ഞാൻ എന്റെ മനുഷ്യ സൌന്ദര്യവും അറിവും ആ പാവം പെൺകുട്ടിക്കു നൽകുകയാണ്. അവളെ നിങ്ങൾ സ്വീകരിക്കണം.“
“അവൾ നെയ്ത പരവതാനി ഇപ്പോൾ പൂർവ്വാധികം ഭംഗി  പ്രാപിച്ചിട്ടുണ്ടാവും.
അതു നിങ്ങൾ സ്വന്തമാക്കുകയും  അവളെ വിവാഹം കഴിക്കുകയും ചെയ്യണം.“
അതിന്നായി ഒരു ചാക്കു നിറയെ സ്വർണ്ണനാണയങ്ങൾ അവൾ അയാൾക്കു മുന്നിൽ ദൃശ്യമാക്കി.
അയാൾക്കു ഇതൊക്കെ വിശ്വാസമാകാൻ ഒരു പാടു സമയമെടുത്തു.

ജിന്നു ഭാര്യ അവസാനമായി അയാളെ ചേർത്തു പിടിച്ചു ആ മുഖത്തു മുൻപൊരിക്കലുമില്ലാത്തത്ര തീവൃതയോടെ ചുംബിച്ചു.
അവനപ്പോൾ തികഞ്ഞ അപരിചിത്വവും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
അവൻ തന്നെ വെറുത്തു തുടങ്ങി എന്നവൾ തിരിച്ചറിഞ്ഞു.

പിന്നെ പതിയെ അവൾഅന്തരീക്ഷത്തിലുയർന്നു. അവളുടെ രൂപം ഒരു ചില്ലുപോലെ സുതാര്യമായി നീലവിതാനത്തിൽ ലയിച്ചു ലയിച്ചു മറയുന്നതു അയാൾ നോക്കി നിന്നു.


അവനു അപ്പോൾ പറയത്തക്ക നൊമ്പരമൊന്നും തോന്നിയില്ല.
ആ രൂപത്തിന്റെ കൂടെ ഒരു ജീവിതകാലം മുഴുവൻ കഴിയാൻ അയാൾക്കു സാധിക്കില്ലെന്നു അപ്പോഴേക്കുമവന്റെ  പ്രായോഗിക ബുദ്ധി അയാളെ ഓർമ്മപ്പെടുത്തിയിരുന്നു.
അതിനാൽ അവൻ അവളെ തിരിച്ചു വിളിച്ചില്ല.

അപ്പോൾ പരവതാനി നെയതുകാരന്റെ വീട്ടിൽ ഒരു ആഹ്ലാദത്തിന്റെ ആർപ്പുവിളി നാദം കേട്ടു.
ആ അഹ്ലാദത്തിൽ ഭാഗവാക്കാകാനായി അവൻ അങ്ങോട്ടു നടന്നു.

3 അഭിപ്രായ(ങ്ങള്‍):

 1. ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

  ഇഷ്ടമായി ട്ടൊ!

 2. കരീം മാഷ്‌ പറഞ്ഞു...

  നന്ദി ശങ്കരനാരായൺ
  എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷങ്ങൾ!

 3. ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

  നാട്ടില്‍ പരമന് സുഖം തന്നെ. നൗഷൂനെക്കണ്ടിട്ട് കുറെയായി. കോട്ടപ്പടിയിലെ അനിയനെയും മരുമോന്‍ കുട്ടിയെയും പത്തീസം മുമ്പ് കണ്ടിരുന്നു. സാജിദാന്റെ കെട്ടേ്യാനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. എന്റെ ഏറ്റവും പുതിയ പോസ്റ്റ്-'തൂറാമുട്ടിപ്പടി'യാണ്.