വെള്ളിയാഴ്‌ച, മേയ് 27, 2011

കാക്കാലത്തി സുഭദ്ര

: വെല്ലിംഗ്‍ടണ്‍ വിശ്വന്‍ നാട്ടില്‍ പ്രസിദ്ധനാണ്. "
വിശ്വേട്ടനു വെല്ലിംഗ്‍ടന്‍ എന്ന സ്ഥാനപ്പേരു കിട്ടിയതു പണ്ടു പനമ്പറ്റക്കടവില്‍ തോട്ടയിട്ടിട്ടു അതു പൊട്ടാതെ ചളിയില്‍ താഴ്ന്നു പോയ സംഭവത്തിനു ശേഷമാണ്.
കുമാരേട്ടനാണു അന്നു എല്ലാരും കേള്‍ക്കേ ഒട്ടും ചിരിക്കാതെ പറഞ്ഞത്, പണ്ടു കൊച്ചിയിലെ വെല്ലിംഗ്‍ടണ്‍ കായലില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തു ശത്രുക്കള്‍ ഇട്ട ഒരു ബോംബു ഇപ്പോഴും ഇതേ പോലെ പൊട്ടാതെ കായലിലെ ചെളിയില്‍ താഴ്ന്നു കിടപ്പുണ്ടെന്ന്!
പനമ്പറ്റക്കടവിലെ ആഴം കൂടിയ ഭാഗത്തു വലിയ കരിങ്കല്‍ ചീളി കെട്ടി വിശ്വേട്ടന്‍ അന്നു കത്തിച്ചെറിഞ്ഞ ആ തോട്ട എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്ന ഭീതി ഉണ്ടാക്കാന്‍ കുമാരേട്ടന്‍റെ ഈ പ്രസ്ഥാവന കുളിക്കാനെത്തുന്നവരിലേക്കു വിറ പകര്ന്നപ്പോള്‍ ,പിറകെ വിശ്വേട്ടനു “വെല്ലിംഗ്ടന്‍ വിശ്വന്‍“ എന്ന ഓമനപ്പേരു സ്ഥിരമായിക്കിട്ടി.

പക്ഷെ വിശ്വന്‍ വിശ്വപ്രസിദ്ധനായതു സ്വന്തം കെട്ട്യോള്‍ സുഭദ്ര കാരണമാണ്.
വിശ്വന്‍റെ വീട്ടിലെ അടുക്കള, വല്ല്യപുരയെക്കാള്‍ ഉയരത്തിലാണ് എന്നാണു ജന സംസാരം.
ആ അടുക്കളയെ ജനങ്ങള്‍ കളിയാക്കി “കാക്കാലത്തി സുഭദ്ര“ എന്നാണു വിളിക്കുന്നത്.
സുഭദ്ര വിശ്വേട്ടനെ കോന്തലത്തുമ്പില്‍ കെട്ടിയിട്ടിരിക്ക്യാണ്‍ എന്നാണു വിശ്വേട്ടന്‍റെ കല്യാണമുന്‍പത്തെ കൂട്ടുകാര്‍ പറഞ്ഞു പരത്തിയിരിക്കുന്നത്. അതു കേട്ടിട്ടു മാത്രമല്ല സുഭദ്ര തന്‍റെ കെട്ട്യോന്റ്റെ ലോകം കുന്നിന്‍പുറത്തെ കുടിലും ഒരു പറ്റം ആടുകളുമായി  ചുരുക്കിയത്.
തനിക്കെന്തെങ്കിലും അത്യാവശ്യം ഉള്ളപ്പോള്‍ മാത്രമാണു സുഭദ തന്‍റെ കാന്തനെ പുറം ലോകത്തേക്കും വീട്ടിനകത്തേക്കും നടത്തുന്നത്.
അല്ലാത്തപ്പോഴോക്കേ വിശ്വേട്ടന്‍ വീടിന്‍റെ ചായച്ചു കെട്ടിയ പുറത്തു കോലായിലെ കയറ്റു കട്ടിലിലും ആടു മേയ്ക്കാന്‍ കുന്നിന്‍ ചെരുവിലും കാണും.
വര്‍ഷത്തിലൊരിക്കല്‍ വിശ്വേട്ടനെ സുഭദ്രേച്ചി  തൊടമൂരി വിടുന്നത് തൊട്ടടുത്ത ഗ്രാമത്തിലെ  “പുല്ലാര” ഉത്സവത്തിനു മാത്രമാണ്.
അന്നു അവിടെ ഗാര്‍ഹിക നിത്യോപയോഗ സാധനങ്ങളുടെ ചന്ത (എക്സിപ്നിഷന്‍ കം സെയില്‍) ഉണ്ടാവും. ഉരല്‍, ഉലക്ക, ഉറി, കൊട്ടക്കയില്‍, മുറം, പറ, പരമ്പ്, പായ..... ഇത്യാദി സാധനങ്ങളുടെ പൂര്‍ണ്ണ എക്സിബിഷന്‍.
ഇപ്രാവശ്യം പുല്ലാര ഉത്സവത്തിനു കണവനെ കയറൂരി വിട്ടപ്പോള്‍ കാക്കാലത്തി പറഞ്ഞു.
“വരുമ്പോള്‍ ഒരു നല്ല ഉലക്ക വാങ്ങി കൊണ്ടു വരണം“.
പുല്ലാര ഉത്സവത്തിനെത്തിയ ഉടനെത്തന്നെ ഇനി ഒലക്ക വാങ്ങാന്‍ മറന്നു പോകണ്ടാന്നു കരുതി വിശ്വേട്ടന്‍ ആദ്യം തന്നെ ഉലക്ക വില്‍ക്കുന്ന സ്റ്റാള്‍ നോക്കി നടന്നു.
ഒരു സ്റ്റാളില്‍ മനസ്സിനും കൈക്കും പിടിയൊതുങ്ങുന്ന നല്ല ഒരു ഉലക്ക കണ്ടു,
രണ്ടു അറ്റവും ചിറ്റു കെട്ടി, തെങ്ങിന്‍റെ കാതലില്‍ കടഞ്ഞു ചെത്തി മിനുസപ്പെടുത്തിയ ഒരെണ്ണം.(തെങ്ങിന്‍റെ കാതല് പുറത്താണ് ഉറപ്പു കുറഞ്ഞ പഞ്ഞി പോലൊത്ത വെള്ള അതിന്‍റെ അകഭാഗത്തും ആണ്).
വിശ്വേട്ടന്‍ ഉലക്ക നന്നായി പരിശോധിച്ചു.
കനവും കുത്തും താളം നോക്കി ബാര്‍ഗൈന്‍ ചെയ്തു വാങ്ങി,പ്രിയതമയില്‍ നിന്നു ഒരുഗ്രന്‍ അപ്രിസിയേഷന്‍ പ്രതീക്ഷിച്ചു.
പട്ടാളക്കാര്‍ തോക്കു വെക്കുന്ന പോലെ,അതു തോളില്‍ ചെരിച്ചു വെച്ചു ഗമയിലങ്ങനെ ഉതസവപ്പറമ്പിലൂടെ നടന്നു. പിന്നയല്ലേ അബദ്ധം മനസ്സിലായത്.ഉത്സവപ്പറമ്പിലെ ഓരോ കാഴ്ച്ചകള്‍ കാണാന്‍ ( സര്‍ക്കസ്, മായാജാലം, മാന്ത്രിക കണ്ണാടി, യന്ത്ര ഊഞ്ഞാല്‍, വളക്കടകള്‍ എന്നിവിടങ്ങളിലെയൊക്കെ ക്യൂവിന്‍ നിന്നപ്പോള്‍ അതിന്‍റെ ഉടമകള്‍ ഒലക്ക പിടിച്ചു വരിയില്‍ നിന്ന വിശ്വേട്ടനെ മാത്രം പിടിച്ചു വലിച്ചു പുറത്താക്കി.പ്രതിഷേധിച്ചപ്പോള്‍ ഉടമസ്ഥര്‍ വേറെയും ആളുകളെ വിളിച്ചു വരുത്തി വിശ്വേട്ടനെ ഉന്തിയും തള്ളിയും ഭീഷണിപ്പെടുത്തിയും ഒഴിവാക്കി.
അന്നു പൂരപ്പറമ്പിലെ ഒറ്റ ഷോയും കാണാതെ വിശ്വേട്ടന്‍ ഇരുമ്പുഴി മടങ്ങി വന്നു കുമാരേട്ടന്‍റെ കടയില് ഇരുന്നു ഈ സങ്കടത്തിന്‍റെ കെട്ടഴിച്ചു.
പിന്നീടു ഇരുമ്പുഴിക്കാരൊക്കെ ഇക്കഥ ഇതു ഒരു നാവില്‍; നിന്നു അടുത്ത രണ്ടുകാതിലേക്കു എന്ന അനുപാതത്തില്‍  പകര്‍ന്നു അണയാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു.
അതില്‍ പിന്നെയാണു ഞങ്ങളുടെ ഗ്രാമത്തില്‍ “വെല്ലിംഗ്‍ടന്‍ ഉലക്ക വാങ്ങിയ പോലെ !” എന്ന പ്രയോഗം ഉണ്ടായത്.

4 അഭിപ്രായ(ങ്ങള്‍):

 1. ഞാന്‍:ഗന്ധര്‍വന്‍ പറഞ്ഞു...

  രസിച്ചു മാഷെ!!
  ആശംസകള്‍!

 2. അഭി പറഞ്ഞു...

  കൊള്ളാം മാഷെ

 3. കൊമ്പന്‍ പറഞ്ഞു...

  കൊള്ളാം

 4. കിങ്ങിണിക്കുട്ടി പറഞ്ഞു...

  good story