ശനിയാഴ്‌ച, മേയ് 28, 2011

വെല്ലിംഗ്‍ടണ്‍ വിശ്വന്‍

കാക്കാലത്തി സുഭദ്ര എന്നു തലക്കെട്ടെഴുതി ഞാന്‍  കഴിഞ്ഞ പോസ്റ്റില്‍ വെല്ലിംഗ്‍ടന്‍  വിശ്വന്റ്റെ കഥയാണു പറഞ്ഞത്. അതിനു പരിഹാരമായി ഇനി വെല്ലിംഗ്‍ടെണ്‍ വിശ്വന്‍ എന്നെഴുതി കാക്കാലത്തി സുഭദ്രയുടെ കഥ പറയാം.

സുഭദ്രയെ കണ്ടാല്‍ ഒന്നാംതരം കായികതാരം. കരിവീട്ടി നിറം, ഡബിള്‍ പാക്ക് മസിലു കണ്ടാല്‍ കാമദേവനു പോലും വഴി തെറ്റും.
വായിലെ നാവിനു വാളിന്‍റെ മൂര്‍ച്ച, കയ്യില്‍ സദാ വെട്ടു കത്തി. (അതിന്റെ ആവശ്യം വന്നിട്ടില്ല നാവു തന്നെ ധാരാളം)

കല്യാണത്തിനു ശേഷം വിശ്വേട്ടന്‍ അടങ്ങിയൊതുങ്ങി ജീവിച്ചതില്‍ യാതൊരു കുറ്റവും പറയാനില്ല.

കാക്കാലത്തിയുമായുള്ള എന്റെ ദര്‍ശനം ഞാന്‍ എട്ടാം തരത്തില്‍ പരീക്ഷക്കു സ്റ്റഡീ ലീവിനിരുന്ന സമയത്തായിരുന്നു. അന്നവര്ക്കു “കാക്കാലത്തി“ എന്ന ഓമനപ്പേര് കിട്ടിയിട്ടില്ല.
പരീക്ഷാ സമയം തന്നെ നോക്കിയാണു വീട്ടിലെ ചുണ്ടത്തിയാട് അമറാന്‍ തുടങ്ങിയത്.
കൂട്ടത്തിലുണ്ടായിരുന്ന കൊറ്റനെ അറുക്കാന്‍ വിറ്റതിന്‍റെ അഭിപ്രായ വ്യത്യാസം പ്രകടമാക്കാന്‍ കിട്ടിയ സന്ദര്ഭം പാഴാക്കാന് നില്ക്കാതെ ഉമ്മ ഉമ്മറത്തേക്കു കേള്‍ക്കാനെന്ന വിധം ഉച്ചത്തില്‍ പറയുന്നതു കേട്ടു.

“എനിക്കി ചുണ്ടത്തിയുടെ കരച്ചില്‍ കേള്‍ക്കാന്‍ വയ്യ! ഇതിനീം കൂടി ആ അറവുകാര്‍ക്കു വിറ്റാല്‍ മതിയായിരുന്നില്ലേ?”
ഡയലോഗു കൊള്ളേണ്ടിടത്തു കൊണ്ടു കാണും. ഉപ്പ കെട്ടിക്കൊണ്ടിരുന്ന വലയില്‍ ഒരു ഇടക്കെട്ടിട്ടു വല വഴിക്കിട്ടു ഓടിക്കയറി വന്നു മാളികമുകളിലേക്ക്.
എനിക്കു പുതിയ വണ്ടിം വലേം തരാന്!.

കണക്കിന്റെ പുസ്തകം നെഞ്ചില്‍ വെച്ചു ശാന്തനായി മയങ്ങുകയായിരുന്ന എന്നെ കൂജയിലെ വെള്ളം അപ്പടി മുഖത്തു  കമഴ്ത്തി ഒരക്ഷരം പോലും മിണ്ടാതെ വളരെ ശാസ്ത്രീയമായി ഉപ്പ ഉണര്‍ത്തി.
കണ്ണു തിരുമ്മി ഇഹലോകത്തു തന്നെ ഇപ്പോഴും റൂഹ് എന്നുറപ്പാക്കിയപ്പോള്‍  പിന്നെ കിടത്തം  പസഫിക് സമുദ്രത്തിലോ മാനഞ്ചിറ കുളത്തിലോ എന്നായി ചിന്ത.
കിടക്കയിലെ വെള്ളത്തില്‍ ഞാനും കണക്കിന്‍റെ ടെക്സ്റ്റും  മുങ്ങിപ്പൊങ്ങി.
ഉറക്കം തെളിഞ്ഞപ്പോള്‍ ആദ്യം കര്ണ്ണപുറങ്ങള് പിടിച്ചെടുത്ത ശബ്ദ വീചികള്.

ഡാ..! സ്റ്റഡീ ലീവാണെന്നു പറഞ്ഞു പകലു കിടന്നുറക്കമാണല്ലേ?
ആ ആടിനെ വെല്ലിംഗ്‍ടന്‍റെ അവിടെ കൊണ്ടു പോയി ചവിട്ടിച്ചു കൊണ്ടു വാ?“

ശകാരത്തിനിടായില്‍ തീരേ പരിചയമില്ലാത്ത രണ്ടു  സാങ്കേതിക പദങ്ങള് ?,
“ വെല്ലിംഗ്‍ടണ്‍ “
“ ചവിട്ടിക്കല്‍“
സംശയം ചോദിച്ചാല്‍ ഉത്തരം പറഞ്ഞു തരുന്ന മൂഡല്ല മൂപ്പര്ക്ക്.
പതിയെ മാതാശ്രീയോടു ചോദിച്ചു മനസ്സിലാക്കാം..
ഞാന്‍  തെറ്റിനു പ്രായശ്ചിത്വം കിട്ടിയ ഭക്തനെപ്പോലെ പഠനത്തിനിടക്കു ഉറങ്ങിപ്പോയ കുറ്റം മാപ്പാക്കിയെന്ന ആശ്വാസത്തില്‍ പ്രത്യുപകാരം ചെയ്യാന്‍ തീരുമാനിച്ചു.
ഞാന് പിതാശ്രിക്കു മുന്പേ താഴേക്കു ഗമിച്ചു.

ഉമ്മയുടെ അടുത്തു ചെന്നു ചോദിച്ചു.
“ഉമ്മാ... ഞാന്‍ ചുണ്ടത്തിയെ ചവിട്ടിക്കാന്‍ കൊണ്ടു പോക്വാ..എവിടേയാ വെല്ലിംഗ്‍ടന്‍റെ സ്ഥലം?.“

ഉമ്മ തീരേ വിശ്വാസം വരാത്ത രൂപത്തില്‍ ഒരു നോട്ടം!
“നിനക്കു കൊല്ലപരീക്ഷയല്ലേ? സ്റ്റഡീലീവല്ലേ? പഠിക്കാനില്ലേ? പോ ചെറുക്കാ ഇവടന്ന്!”
“എനിക്കു ചുണ്ടത്തിയുടെ കരച്ചില് കേട്ടു പഠിക്കാന് കോണ്സ്ണ്ട്രേഷന് കിട്ടുന്നില്ല“.
“എവിടെയാണു വെല്ലിംഗ്ടന് എന്നു പറഞ്ഞു തരൂ. ഞാന് പോയി വേഗം വന്നിട്ടു എനിക്കു പഠിക്കണം.“

എന്റെ കോണ്സ്ണ്ട്രേഷന് കോമ്പ്ലക്സിനെക്കാള്  ഉമ്മാനെ ബോതേഡാക്കിയതു ചുണ്ടത്തിയുടെ പ്രത്യുല്പാദനാജൈവാലാറ വിളിയായിരിക്കാം. എന്തായാലും മാതാശ്രിയും ഒരു ഫെമിനയല്ലേ!
വെല്ലിംഗ്ടന്റെ വീട്ടിലേക്കുള്ള വഴി ഉമ്മ പറഞ്ഞു തന്നു.
പറഞ്ഞതു എനിക്കു മനസ്സിലായതു ശരിയാണെങ്കില് കുറേ നടക്കണം. അതും ഒരു കുന്നിന് മുകളിലേക്ക്. അപ്പോഴാണു ഏറ്റെടുത്ത ജോലിയുടെ കാഠിന്യം മനസ്സിലായത്.
ഇനി രണ്ടാമത്തെ സാങ്കേതിക പദമെന്താണെന്നു ചോദിച്ചറിയണം.
“ഉമ്മാ എന്താണു “ചവിട്ടിക്കല്“?“
ഞാന് അറിയാനുള്ള ത്വരയില് ചോദിച്ചതു നിഷ്കളങ്കതയോടെ എന്നു ഉമ്മ മനസ്സിലാക്കി തന്നെയാവും പറഞ്ഞത്.
“അതു നീ വെല്ലിംഗ്ടണോടു അങ്ങനെ തന്നെ പറഞ്ഞാല് മതി. അവനു അതു അറിയാം.“
ഞാന് പിന്നെ കൂടുതലൊന്നും ചോദിച്ചില്ല.
കൂടുതല് സാങ്കേതിക പദങ്ങള് സേവു ചെയ്തു മെമ്മറി തീര്ക്കേണ്ട എന്നു തീരുമാനിച്ചു
ആടിന്റെ കരച്ചില് നിര്ത്താനുള്ള വല്ല ചികിത്സാ രീതിയായിരിക്കും.
പക്ഷെ പോകുന്ന വഴിക്കാണു സഹപാഠിനി മുംതസിന്റെ വീട്, സ്കൂള് അടച്ചതിനു ശേഷം മൊഞ്ചത്തിയെ കണ്ടിട്ടില്ല.
പിന്നെയാണു ഓര്ത്തത് ഇങ്ങനെ വലിയ വായില് അലരുന്ന ചുണ്ടത്തിയേയും കൊണ്ടു അവളുടെ വീടിന്നു മുന്പിലൂടെ നടക്കേണ്ടി വരുന്നതിലെ കുറച്ചില്‍!.
ഏറ്റ പണിയില് നിന്നു വാക്കു തെറ്റിച്ചാല് ഉച്ചക്കുള്ള ഊണിന്റെയൊപ്പം കിട്ടാന് സാധ്യതയുള്ള പിതാശ്രീയുടെ ചുട്ട“വിഭവങ്ങള്” ഓര്ത്തപ്പോള് കുറ്റിയില് നിന്നു ചുണ്ടത്തിയെ അഴിച്ചു വെല്ലിംഗ്ടന്റെ താവളത്തിലേക്കു നടന്നു.
വഴിക്കൊരു ഗുഡ്സ് ഓട്ടോ റിക്ഷ കണ്ടപ്പോള് ചുണ്ടത്തി അതിലേക്കു ചാടിക്കയറാന് ഒരു ശ്രമം നടത്തി. കഴിഞ്ഞ അലറലിനു ചാമി അതിനെ ചവിട്ടിക്കാന് ബ്ലോക്കിലേക്കു കൊണ്ടു പോകാന് ഓട്ടോയില് കയറ്റാന് പെട്ട പാട് അപ്പോള് ഓര്മ്മ വന്നു.
കയറു പിടിച്ചു വലിച്ചു മുംതസിന്റെ വീടുപടിക്കല് വരെ സുഖമായി നടത്തി. പിന്നെയായിരുന്നു വിഷമം. അവളു കാണാതിരിക്കാന് മുഖം കിഴക്കോട്ടു തിരിച്ചു പിടിച്ചു. ചുണ്ടത്തിയുടെ കരച്ചിലിനു യാതൊരു ശമനവും ഇല്ല. ഹലാക്കിന്റെ അമറല് തന്നെ.
വീട്ടിലാരെങ്കിലും ഉറങ്ങുകയാണെങ്കില് കൂടി ഒന്നു എണീറ്റു വന്നു നോക്കും!.
ആകെ നാണക്കേടാവും.
ഭാഗ്യത്തിനു അവരുടെ വീടു പൂട്ടിക്കിടക്കുകയായിരുന്നു.
അവിടന്നങ്ങോട്ടു കുന്നിന്മേലേക്കുള്ള കയറ്റം ആരംഭിക്കുകയാണ്. നല്ല ചെങ്കുത്തായ കയറ്റം. കൂര്ത്ത പാറക്കല്ലുകള്ക്കിടയിലൂടെ അനുസരിക്കാത്ത ആടിനെ വലിച്ചുള്ള നടത്തത്തിന്‍റെ ഗതികേട് അങ്ങനെ  നടന്നവര്ക്കേ ഊഹിക്കാനാവൂ.
അരമണിക്കൂര് നടന്നാലേ വെല്ലിംഗ്ടണ് വിശ്വന്റ്റെ വീട്ടിലെത്തൂ.ഇത്തരത്തില് പറഞ്ഞാല് കേള്ക്കാത്ത ഒരാടിനേയും കൊണ്ടു അതു ഒരു മണിക്കൂറായാല് അതിന്റെ പ്രയാസം ഊഹിക്കാമല്ലോ?
കുറേ കയറിയപ്പോള് വെല്ലിംഗ്ടനെ താവളം കണ്ടു.
ഒരു കുന്നിന്മുകളില് ഇത്തിരി നിരപ്പായ സഥലം. ചുറ്റും ഇല്ലിമുള്ളുവേലി കെട്ടി മറച്ചിരിക്കുന്നു. ഗേറ്റും മുള്ളു വേലി കൊണ്ടാണ്. അതു പിടിച്ചു എടുത്തു വെച്ചിട്ടു വേണം അകത്തു കയറാന്.
കയറ്റം കയറി ക്ഷീണിച്ചു നില്ക്കുന്ന ഞാന് ഒരു കൈ കൊണ്ടു ആടിന്റെ കയറും മറ്റേ കൈ കൊണ്ടു ഇല്ലിമുള്ളു വേലിഗെയ്റ്റും മാനേജു ചെയ്യാന് വിഷമിച്ചു.
ഞാന് ഉച്ചത്തില് വിളിച്ചു
വെല്ലിംഗ്ടണ് ചേട്ടാ…”
അകത്തു നിന്നാരോ ദേഷ്യത്തില് അലൂമിനിയ പാത്രം താഴേക്കിട്ടതിന്റെ ഒച്ച കേട്ടു.
ഞാന് കുറച്ചു കൂടി ഉച്ചത്തില് വിളിച്ചു
വെല്ലിംഗ്ടണ് ചേട്ടാ …”
പിന്നെ കണ്ടത് വാതില് തുറന്നു പുറത്തേക്കു ചാടിയ കാക്കാലത്തിയെ ആയിരുന്നു.
കയ്യില് വെട്ടു കത്തി.. കണ്ണില് ശൌര്യം.. എണ്ണയിടാത്ത കോതി മിനുക്കാത്ത മുടി കുടഞ്ഞു അവര് വേലിക്കല് വരെ ഒരു വരവു വന്നു.
ഹമ്മോ…!
പകുതി ജീവന് പോയി.
ആരാടാ വെല്ലിംഗ്ടണ്… നിന്റെ തന്തയാണോ?”
“മൊട്ടയില് നിന്നു വിരിയണതിനു മുന്പേ ചെക്കന്മാരു ഒരോരുത്തരു ഇല്ല്യാത്ത ഓമനപ്പേരും വിളിച്ചു വന്നോളും.“
“ന്റെ കത്തിമേല് ചോരാക്കാന് നിക്കാതെ പോയ്ക്കോ?“
പിന്നെയാണു എനിക്കു ട്യൂബ് ലൈറ്റു കത്തിയത്.
വെല്ലിംഗ്ടണ് എന്നതു നാട്ടുകാരിട്ട പേരാ.. ശരിക്കുള്ള പേര് എന്താണന്നറിയണമല്ലോ ദൈവമേ!
ചേട്ടന്റെ പേരു എന്തെങ്കിലുമാവട്ടെ ആദ്യം ചേച്ചിയെ സോപ്പിടാം എന്നു കരുതി പറഞ്ഞു.
“ചേച്ചീ ഞാന് ചേട്ടനെ അന്വേഷിച്ചു അങ്ങാടിയില് നിന്നു വന്നതാണ്.“
“ഞങ്ങളുടെ ചുണ്ടത്തി ആടിനു ഭയങ്കര കരച്ചില്. അതിനെ ചവിട്ടിക്കാന് കൊണ്ടു വന്നതാണ്.“

അതു കേട്ടതും കാക്കാലത്തി മുന്പത്തേതിനെക്കാള് വയലന്റായി…

“നിങ്ങളെ ആടുകളെ ചവിട്ടിക്കാനല്ല ഞാന് ഇവിടെ വെലകൂടിയ ഒരു കൊറ്റനെ വളര്ത്തുന്നത്?. മര്യാദക്കു പോയ്ക്കോ ഇവടന്ന്. കത്തിയാ എന്റെ കയ്യില് കൊത്തിയരിയും…!”
ഇതെന്തു കഥ എന്നു കരുതി ഞാന് കുറേ അന്തം വിട്ടു നിന്നു.
പക്ഷെ അതിനിടയില് വേലിവിടവിലൂടെ ചുണ്ടത്തി ആടും വെല്ലിങ്‍ടന്‍റെ വിദേശി കൊറ്റനുമായി എന്തോ ഉഭയകക്ഷി ചര്‍ച്ച. ആവശ്യമായ ആശയ വിനിമയം നടക്കുന്നു.

ഇടക്കിടക്കു ചുണ്ടത്തിയുടെ കരലിന്റെ രീതി മാറുകയും, കൊറ്റന്റെ സീല്ക്കാര ശബ്ദം അതിനെ കെട്ടിയ കയറിന്റെ പിരിമുറുക്കത്തെക്കാള്  ഉച്ചത്തിലാവുന്നതും ഞാന് തിരിച്ചറിഞ്ഞു.

ഞാന് പറയുന്നതു കേള്ക്കാന് പോലും ആ സ്ത്രീ തയ്യാറല്ല എന്നു മനസ്സിലാക്കിയ ഞാന് ചുണ്ടത്തിയെ കയറില് രണ്ടു കയ്യും ചേര്ത്തു വലിച്ചു കുന്നിറക്കി കൊണ്ടു വരികയായിരുന്നു.
പെട്ടെന്നാണു വേലിക്കപ്പുറത്തു നിന്നും സുഭദ്രയുടെ തലക്കു മുകളിലൂടെ അവളുടെ കൊറ്റന് കയറു പൊട്ടിച്ച് വേലി എടുത്ത് ഒരു ചാട്ടം.
അപൂര്‍വ്വ ജിനുസില്‍ പെട്ട (Boer) ആ കൊറ്റന്‍, ആടിന്‍റെ രൂപമായിരുന്നെങ്കിലും അപ്പോള്‍ ചെന്നായയുടെ ശൌര്യമായിരുന്നു.
അവര്ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില് ഒരു “ഖബില്ത്തു നിക്കാഹഹാ..”
ചുണ്ടത്തിയുടെ മുന്നിലും പിന്നിലും മണത്തവന് ഒരു സര്ക്കസ്.
ക്ലാസ്സില്‍ ആരോ പറഞ്ഞു എങ്ങനെയോ കേട്ട ഒരു വേണ്ടാതീനത്തിന്‍റെ ഓര്‍മ്മ.
ഞാന്‍ മുഖം തിരിച്ചു.

ധൃതിയില്‍ ഇല്ലിവേലി എടുത്തു മാറ്റി വെച്ചു ഒതുക്കുകള്‍ നാലഞ്ചണ്ണം ചാടിക്കടന്നു വന്ന സുഭദ്ര ഇത്തിരി വൈകി. കൊറ്റനെ നിയന്ത്രണത്തിലാക്കിയപ്പോഴേക്കു നടക്കാനുള്ളതു നടന്നു.
അരിശം മൂത്ത സുഭദ്ര, അനുസരണവും ചാരിത്ര്യവും നഷ്ടപ്പെട്ട തന്റെ കൊറ്റനെ നോക്കി അവര്ക്കു മാത്രം മനസ്സിലാവുന്ന ഭാഷയില് എന്തൊക്കെയോ ശകാരിച്ചു.
ആ ചീത്ത പറച്ചിലില് നിന്നു ഒന്നു മാത്രം മനസ്സിലായി,
“കാ കായ്ക്കു  ചെലവില്ലാതെ  ഒന്നു ചവിട്ടിക്കാന്ന്നും പറഞ്ഞു അങ്ങാടിയില് നിന്നു ഓരോ ഇരുകാലികള് വന്നോളും..! അവരെ കണ്ടാല് കാമം മൂത്ത് കയറി ചവിട്ടിക്കൊടുക്കാന്‍  നാണമില്ലാത്ത മറ്റൊരു നാക്കാലി ഇവിടെയും. നിനക്കു  ഇന്നു ഒറ്റത്തൊള്ള തീറ്റ ഞാന് തരില്ല“.

അതു കേട്ടപ്പോഴാണു  “ചവിട്ടല്“ എന്ന കര്മ്മമാണു തൊട്ടു മുന്പ് നടന്നതെന്നും ഒറ്റപ്പൈസ ചെലവില്ലാതെ അതു നടന്നു കഴിഞ്ഞിരിക്കുന്നുവെന്നും ഞാന് മനസ്സിലാക്കിയത്.

കുറച്ചു കഴിഞ്ഞു തളര്ന്ന കൊറ്റനെ അവര്  തുറന്നുവെച്ച വേലിക്കകത്തൂടെ അരിശത്തോടെ പിടിച്ചു വലിച്ചു കൊണ്ടു പോയപ്പോള്,  ചുണ്ടത്തി  അവനെ നന്ദിയോടെ, സ്നേഹത്തോടെ  ഒരു നോട്ടം നോക്കി.

ചുണ്ടത്തിയുടെ കരച്ചില് മാറ്റിയ വെല്ലിംഗ്ടനു കൊടുക്കാന് തന്ന രണ്ടു രൂപായുടെ നാണയങ്ങള് എന്റെ പോക്കറ്റില് ഭദ്രമായി അപ്പോഴും ഉണ്ടെന്നുറപ്പു വരുത്തി, ചുണ്ടത്തിയെ കൊറ്റന്റെ ദൃഷ്ടി  മണ്ഡലത്തില് നിന്നു പുറത്തു കടത്തുമ്പോള് എന്റെ ചുണ്ടില് ഒരു ചിരി ബാക്കിയുണ്ടായിരുന്നു.

പോക്കറ്റില് കിടന്ന രണ്ടു രൂപ നാണയത്തിന്റെ കിലുക്കം കേള്ക്കവേ,
അടുത്തൊരാണ്ടിലേക്കുള്ള പണി കിട്ടിയതിനാല്‍ കരച്ചില് മറന്ന ചുണ്ടത്തിയെയും കൊണ്ടുള്ള കുന്നിറക്കം വളരെ എളുപ്പമായിരുന്നെന്നു ഞാന് ഇന്നും ഓര്ക്കുന്നു.

1 അഭിപ്രായ(ങ്ങള്‍):

  1. അഭി പറഞ്ഞു...

    ഒരു ഒഴുക്കോടെ വായിച്ചു
    ആശംസകള്‍