ഞായറാഴ്‌ച, ജൂൺ 05, 2011

ഉത്തമ ശിഷ്യന്‍

വിനയന്‍ മാഷു സര്‍വ്വ സമ്മതനായിരുന്നു.
 എം.ടി.തിരക്കഥകളിലെ പഴയ അധ്യാപക നായകനെപ്പോലെ!

മാഷു പഠിപ്പിച്ചവരൊക്കെ ഇന്നു വല്ല്യ നെലക്കായി..
നല്ല നെലക്കായവരെ മാത്രമേ മാഷു എന്നും ഓര്‍ത്തുള്ളൂ,
അവരെ പറ്റിയേ മാഷു മറ്റുള്ളവരോടു പറഞ്ഞുള്ളൂ...

ജീവിതത്തിലെ ചില ആദര്‍ശങ്ങള്‍ അവസാന ശ്വാസം വരെ കൂടെയുണ്ടാവണമെന്ന ലക്ഷ്യമുള്ളയാളായിരുന്നു വിനയന്‍ മാഷ്.
അതിനാല്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി ഇതു വരേ ശിഷ്യരെ  സമീപിക്കേണ്ട ആവശ്യം വന്നിട്ടേയില്ല.
വിദ്യഭ്യാസവും ആത്മവിശ്വാസവും ഉള്ള സ്വന്തം മകള്‍ക്കു ജോലി വാങ്ങിച്ചു കൊടുക്കാന്‍ അയാള്‍ ആരുടേയും ശുപാര്‍ശക്കു പോകാതിരുന്നതു അതുകൊണ്ടായിരുന്നു.


സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പോയ മകള്‍ ആദ്യ ദിവസം  തന്നെ ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു ഇനി പണിക്കെവിടേയും പോകുന്നില്ലെന്നു പറഞ്ഞു വീട്ടില്‍ മൌനിയായി.
കാര്യമെന്താണെന്നു ചോദിച്ചിട്ടു മാഷിനു മകളില്‍ നിന്നു യാതൊരു മറുപടിയും കിട്ടാത്തപ്പോഴാണു  അകാലത്തിൽ അവളേയും തന്നെയും പിരിഞ്ഞു പോയ സ്ത്രീ സാന്നിദ്ധ്യത്തിന്റെ ആവശ്യകത  മാഷ്ക്ക് മനസ്സിലായത്.

മകൾക്കു അവളൂടെ ഫോണിൽ നാലഞ്ചു പ്രാവശ്യം വിളി വരികയും അവൾ അസ്വസ്ഥയാവുകയം ഭയപ്പെടുകയും അവസാനം ഫോണെടുത്തോഫാക്കി ദൂരേക്കു വലിച്ചെറിയുകയും ചെയ്തപ്പോൾ മാഷു ശരിക്കും പേടിച്ചു.
 ചോദിച്ചതിനൊന്നും മറുപടി പറയാത്ത മകളെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ മാഷിനു മനക്കട്ടി ഉണ്ടായിരുന്നില്ല.
മകൾ ജോലിക്കു പോയ സ്ഥാപനത്തെ പറ്റിയും ആ മുതലാളിയെപറ്റിയും ഒന്നു അന്വേഷിക്കാന്‍ ഒന്നു പറയാനായിരുന്നു ആദ്യമായ്  മാഷ് തന്റെ  ശിഷ്യന്‍ പോലീസുദ്യോഗസ്ഥന്‍റെ വീട്ടില്  കാലു കുത്തിയത്.

അവളുടെ തന്നെ  ആ മുതലാളിയുടെ  മറ്റൊരു സ്ഥാപനത്തിനുദ്‍ഘാടന വിളക്കു കൊളുത്തുന്ന പോലീസേമ്മാന്‍റെ ഫോട്ടോ പോര്‍ട്ടിക്കോവിലെ ടീപോയിലിട്ട അന്നത്തെ പത്രത്തില്‍ കണ്ടപ്പോള്‍ അദ്ദേഹത്തെപ്പറ്റി സംശയം പറയുന്നതു ഏമാനിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു  കരുതിയാണു, ഒന്നും പറയാതെ മാഷാ പടിയിറങ്ങിയത്.

പിന്നെ രാഷ്ട്രീയക്കാരനായ ശിഷ്യന്‍റെ പടിപ്പുരക്കല്‍  ആ ബിസ്‍നസുകാരന്‍റെ വില കൂടിയ കാറു കണ്ടപ്പോള്‍ ആ കവാടം പോലും കടക്കാതെ മാഷു തിരിഞ്ഞു നടന്നു.
നിരാശനായി നടന്നു നീങ്ങിയ മാഷിന്‍റെ വഴിക്കെതിരെയായാണു പരോളിറങ്ങിയ “പന്നി വാസു“വിനെ കണ്ടത്.
കണ്ടാല്‍ എന്നും മുഖതിരിച്ചിരുന്ന,
സ്വഭാവസര്‍ട്ടിഫിക്കറ്റിലെ ചുവന്ന മഷി കൊണ്ടെഴുതിയ,
പെഴച്ചു പോയ ശിഷ്യന്‍ !

കുശലം പറയാന്‍ കൊതിയോടെ വന്ന അവനെക്കടന്നു, ധൃതിയിലോടാന്‍ മാഷിനു മനക്കട്ടി പോരാതെ വന്നു.

“മാഷെ! ഞാന്‍ നന്നായി. ഇപ്പോള്‍ നല്ല നടപ്പിനു പരോളിലിറങ്ങിയതാ...!“
അവന്‍ ലോഗ്യം പറഞ്ഞു.

“മാഷെന്തേ ആകെ തകര്‍ന്നിരിക്കുന്നു?”
അവന്റ്റെ ചോദ്യത്തില്‍ മാഷു ആത്മാര്‍ത്ഥത കണ്ടു.

മാഷവനോടു ആദ്യമായി  സൌമ്യമായി സംസാരിച്ചു, പണ്ടു മുതല്‍ ചെയ്ത തെറ്റു തിരുത്തി. .
നുണ പറയാനറിയാത്ത മാഷു നടന്നതു മുഴുവന്‍ അവനോടോതി.

 യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ  നിഷ്കളങ്കനായ മാഷിനറിയാത്ത  ഒരു കാര്യം വാസുവിനു ഊഹിക്കാനായി.
മാഷിന്റെ നിഷ്കളങ്കത അവനിൽ ചില ബാധ്യതകൾ ഉണ്ടാക്കി.

പിറ്റേന്നു പ്രഭാതത്തില്‍ പത്രത്തിലെ ഒരു വാര്‍ത്ത കണ്ടു മാഷു അറിയാതെ വിളിച്ചു പറഞ്ഞു.


“മോളേ ദേ നിന്റെ  ആ മുതലാളിയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നത്രേ!.“

“ഈയിടെ പരോളിലിറങ്ങിയ ......!“ എന്നതു വരേ വായിച്ചെത്തിയേയുള്ളൂ അപ്പോഴേക്കും അകത്തു
ഇരുട്ടുമുറിയിൽ കരിമ്പടത്തിലൊളിച്ചിരുന്ന മകൾ  പെട്ടെന്നോടി  വന്നതും ആ പത്രത്താൾ തട്ടിപ്പറിച്ചകത്തേക്കോടിയതും കാരണം ആരാണയാളെ കൊന്നതെന്നും എന്താണു കാരണമെന്നും വായിച്ചു മനസ്സിലാക്കാനായില്ല.

 പക്ഷെ മകളൂടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അയാൾക്കതുഭുതത്തെക്കാൾ സന്തോഷമാണുണ്ടാക്കിയത്. അയാൾക്കതു മതിയായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷമാണയാൾ അവളുടെ ഈ ചടുലത  കാണുന്നത്.
എന്നിട്ടും അതേപ്പറ്റി കൂടുതലൊന്നും ചിന്തിക്കാൻ മെനക്കെടാതെ അയാൾ  കോടിപതിയായി തെരെഞ്ഞെടുത്ത തന്റെ ഒരു ശിഷ്യന്റെ ഫോട്ടോ പത്രത്തിന്റെ മറ്റേ താളിൽ കണ്ടപ്പോൾ അതിൽ നോക്കി അഭിമാനം കൊണ്ടു.

6 അഭിപ്രായ(ങ്ങള്‍):

 1. kARNOr(കാര്‍ന്നോര്) പറഞ്ഞു...

  തെറ്റോ ശരിയോ

 2. ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

  നല്ല പ്രമേയം.നല്ല അവതരണം

 3. - സോണി - പറഞ്ഞു...

  ഉം..... നന്നായി പറഞ്ഞു. നല്ല ഒതുക്കം.

 4. കൂതറHashimܓ പറഞ്ഞു...

  ഒതുക്കത്തോടെ പറഞ്ഞു.

  വായിച്ച എനിക്ക്, കൊല്ലാനുള്ള കാരണം അറിയാതായപ്പോ ചുമ്മാ കൊന്ന ഒരു ഫീലിങ്ക്

 5. Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

  നന്നായി പറഞ്ഞു; നല്ല അവതരണം...

 6. കരീം മാഷ്‌ പറഞ്ഞു...

  ഹാഷിമേ കുറച്ചൊക്കെ വായനക്കാർക്കു വിട്ടു കൊടുക്കേണ്ടെ?
  എല്ലാർക്കും നന്ദി,
  വായനക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും :)