വെള്ളിയാഴ്‌ച, ജൂലൈ 01, 2011

അരി നിർവ്വേദം

രതിനിർവ്വേദത്തിനു നാലാം ഭാഷ്യം.
(മലപ്പുറം വേർഷൻ)

ബുലൂവായ സുലൈമാനും,എളേമ്മാന്റെ മോനായ കബീറും പെങ്ങളും ഒക്കെ ഓത്തുപള്ളിയടച്ചപ്പോൾ അവധിക്കാലം ആഘോഷിക്കാൻ ഗ്രാമത്തിലെത്തുന്നിടത്താണ് കഥയുടെ തുടക്കം.
പഞ്ചായത്തിലെ അധികം വിറ്റുവരവില്ലാത്ത അറവുപുരയിൽ നിന്നു കോർപ്പറേഷനിലെ സ്ലോട്ടറിംഗ് ഹൌസിലേക്കും ഇറച്ചിക്കച്ചവടത്തിലേക്കും തന്നെയും തന്റെ കുടുംബത്തേയും നഗരവാസികളാക്കിയ അദ്രുഹാജിക്കു മക്കളെ മദ്രസ പൂട്ടുമ്പോൾ നാട്ടിലയക്കാൻ ഇഷ്ടമല്ലായിരുന്നു. കാരണം അവർക്കയാൾ പുടുപ്പതു പണി കരുതി വെച്ചിരുന്നു.

ആയുർവേദ മരുന്നു കമ്പനികളുടെ ഗ്രാമീണ സൌന്ദര്യവർദ്ധനാ ഉൽ‌പ്പന്നങ്ങളും അവയുടെ പരസ്യങ്ങളും  കണ്ടു കണ്ടു സുലൈക്കു ഗ്രാമത്തിൽ പോകാൻ പണ്ടേ വലിയ പൂതി തോന്നിയിരുന്നു.
നഗരത്തിലെ ബ്രഷു മുടിയുള്ള പെണ്ണുങ്ങളെ കണ്ടു അവനു മടുത്തിരുന്നു.
ചെറുപ്പത്തിലേ താളി തേച്ചു നീണ്ടമുടി വന്നു എന്നൊക്കെ അവകാശപ്പെടുന്ന നായികമാരായിരുന്നു അവന്റെ ഇഷ്ട നടികൾ.
നീണ്ടമുടിയുടെ  പ്രിയക്കാരനായ അവൻ അതിന്റെ ഉറവിടം അറിയാനും കൂടി ശ്രമിക്കുന്നിടത്താണു കഥ വഴി തിരിയുന്നത്.

മറച്ചെട്ടിയിൽ പെൺകുട്ടി കുളിക്കുന്നത്തു ചെന്നു താളി കട്ടെടുക്കുന്ന കൂട്ടുകാരിലൂടെയും കാര്യസ്ഥനായ ഖാദർക്കാക്കയുടെ ഉപദേശങ്ങളിലൂടെയും സുലൈയിൽ താളിതേച്ചു കുളിയുടെ മോഹങ്ങൾ ഉണരുന്നു.
അയല്പക്കത്തെ സൂറാത്താന്റെ ഹലാക്കിന്റെ മുടിയുടെ നീളം അവന്റെ മനസ്സിനെ ചഞ്ചലനാക്കുന്നു അവൾ നീണ്ടമുടിയുമായി എന്നും അവന്റെ സ്വപ്നത്തിലേക്കു കടന്നു വരുന്നു.
ഖമ്മീസും വെള്ളക്കാച്ചും ധരിച്ച് കട്ടിലിൽക്കിടന്നുറങ്ങുന്ന സൂറാത്താന്റെ പനങ്കുല പോലത്തെ മുടി,
ഏത്തച്ചക്രം ചവിട്ടുമ്പോൾ വീലിൽ ചുറ്റിക്കുടുങ്ങുന്ന  അതേ കാർക്കൂന്തൽ, അതു സുലൈമാനെ ആകർഷിക്കുന്നു.
പള്ളിത്തൊടുവിൽ വച്ച് സൂറാത്താന്റെ ആ മുടിക്കു കടന്നു പിടിക്കുന്ന സുലൈമാനോടു സൂറാത്ത കെറുവിക്കുന്നു. എങ്ങനെയും സൂറാത്താനോടു അടുപ്പത്തിലാകണം എന്നാഗ്രഹിക്കുന്ന സുലൈമാനോട്  തന്റെ ഏലസ്സു കെട്ടിയാൽ പെണ്ണിന്റെ മനസ്സു വശീകരിക്കാം എന്ന് ഖാദർക്ക ഉപദേശിക്കുന്നു.

സുലൈയുടെ താല്പര്യത്തെ തമാശയായി തള്ളിക്കളയുന്ന സൂറാത്ത ക്രമേണ അവനോടു അടുക്കുന്നു.
നിക്കാഹിനു ആലോചനയുമായി വന്ന ആളുകൾ നീണ്ടമുടിയുള്ള ജിന്നിനെ വേണ്ട എന്നു പറഞ്ഞു മടങ്ങി പോകുമ്പോൾ സുലൈ സങ്കടത്തോടെയും വികാരതീവ്രതയോടെയും സൂറാത്താനെ കെട്ടിപ്പുണരുന്നു. ഇത് കാണുന്ന സൂറാത്താന്റെ വീട്ടുകാർ സുലൈമാനെയും സൂറാത്താനെയും തമ്മിൽ അകറ്റുന്നു.
ഫസ്റ്റ് ക്ലാസ്സിൽ പരീക്ഷ (?)പാസായ സുലൈക്കു ദർസിലേക്ക് പോകാനുള്ള ദിവസമടുക്കുന്നു. പിരിയുന്നതിനു മുമ്പായി എഫ്.സി. ഐ ഗോഡൌണിന്നു പിറകിൽ വച്ച് ഒന്നു കാണണം എന്ന് സൂറാത്താനോട് അവൻ അപേക്ഷിക്കുന്നു.
മഴ തിമിർത്തു പെയ്യുന്ന മോന്തിക്കു സുലൈമാനും സൂറാത്തയും തമ്മിൽ കാണുന്നു.
സുലൈ അവനു സൂറാത്താന്റെ നീളമുള്ള മുടി പെരുത്തിഷ്ടമാണെന്നു പറയുന്നു.
ഓ ഇത്രേയുള്ളൂ കാര്യം എന്നു പറഞ്ഞു
സൂറാത്ത തന്റെ ബിലാത്തിയിലുള്ള വല്യമ്മായി തന്ന ആ “തിരുപ്പൻ“ അവനു സമ്മാനിക്കുന്നു.
അവൻ അന്തം വിട്ടു നിൽക്കുന്നതിനിടയിൽ സൂറാത്ത ഗോഡൌണിലെ കൂട്ടിയിട്ട ചാക്കിൽ നിന്നു നാലുമണി അരി അറിയാതെ വായിലിട്ടു ചവക്കുന്നു.
പിറ്റേ ദിവസം നഗരത്തിലെ ദർസിലേക്കു യാത്ര പോകുന്ന സുലൈമാന്റെ മുന്നിലൂടെ ഭക്ഷ്യവിഷ ബാധയേറ്റു മരണപ്പെട്ട സൂറാത്താന്റെ മയ്യത്തുകട്ടിൽ കൊണ്ടു വരുന്നിടത്ത് സിനിമ അവസാനിക്കുന്നു.

{ബി.പി. എൽ കാർക്കു കൊടുക്കാൻ കൊണ്ടു വന്ന അരിയായിരുന്നു ചാക്കിൽ}