വെള്ളിയാഴ്‌ച, ജൂലൈ 29, 2011

കുഴിയിൽ നിന്നു കാലു നീട്ടിയ ഒരു മാവ്

ഇപ്രാവശ്യമെങ്കിലും മാവിലുരസാതെ, പെയ്ന്റു കളയാതെ വണ്ടി റോഡിലിറക്കണമെന്ന് എനിക്കൊരു വാശിയുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം വണ്ടി രണ്ടുവട്ടം വർക്ക്ഷോപ്പിൽ കൊടുക്കേണ്ടി വന്നതു അതേ വാശികാരണമാണെന്നതു മറന്നിട്ടില്ല.

എന്റെ അക്ഷമയും, ഗേറ്റു കടന്നാൽ ആദ്യത്തെ വളവിൽ റോഡിലേക്കു തള്ളി നിൽക്കുന്ന മാവുമാണു അവധിക്കാലത്തു വണ്ടി വർക്ക്ഷോപ്പിൽ കേറ്റാൻ കാരണം.

മാവു റോഡിലേക്കു തള്ളി നിൽക്കുന്നതൊന്നുമല്ല, ചരിത്രമറിയാവുന്നവർക്കറിയാം വെറും ഒരു മീറ്റർ വീതിയുണ്ടായിരുന്ന ഒരു ഇടവഴി, പുഴമണൽ വാരുന്നവരുടെ സമ്മർദ്ദഫലമായി രണ്ടു മീറ്റർ വീതിയിൽ മാവിന്റെ അടുത്തേക്കു തള്ളിക്കയറി ഒരു കോൺക്രീറ്റ് റോഡായി പരിണമിച്ചതാണെന്ന്.

മാവു നിൽക്കുന്നിടം ദാമോദരേട്ടന്റെതാണ് . റോഡിനു വീതി കൊടുത്തപ്പോൾ തന്റെ കാലം കഴിയുന്നതു വരെ ആ മാവു വെട്ടരുതെന്നു ദാമോദരേട്ടൻ പ്രത്യേകം പറഞ്ഞിരുന്നു.

എൻപതു കഴിഞ്ഞ ദാമോദരേട്ടന്റെ മാവിനു വഴിയുടെ വീതി കുറച്ചവിടെ അധികകാലം ആയുസില്ല എന്നു ഗണിച്ച റോഡു കമ്മറ്റിക്കാർ ഒന്നടങ്കം “അതത്രേയുള്ളൂ ദാമോദരേട്ടാ“ എന്നു ഐക്യകണ്ഠമായി വാക്കു കൊടുത്തു.

മരം അവിടെ പാതിവഴി മുടക്കി നിന്നിട്ടും അവരുടെയൊക്കെ റോഡിന്റെ ആവശ്യം മുറക്കു നടന്നു.

ചീറിപ്പാഞ്ഞു വരുന്ന വണ്ടികൾ മാവിന്റെ ഒരു മീറ്റർ അകലത്തിൽ പെട്ടെന്നൊരു ബ്രേക്കിട്ടു വേഗത കുറച്ചു പിന്നെ തീറ്റ കിട്ടാത്ത ആടു വേലി നൂന്നു കയറുന്നതു പോലെ അപ്പുറം കയറി പിന്നെയൊരു ചീറിപ്പാച്ചിലു കാണാം.

പുഴമണൽ കടത്തുന്ന ഗുഡ്സ് ഓട്ടോറിക്ഷക്കാർക്കും മിനി ലോറിക്കാർക്കും ആ മാവു നിൽക്കുന്നിടത്തെ ഇടുങ്ങിയ വഴിയിലൂടെ വണ്ടിയെടുക്കാൻ ഒരു പ്രത്യേക കഴിവാണ്.
ഞാൻ അതു അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
എനിക്കതിനു കഴിഞ്ഞിട്ടില്ല, എന്റേതു വീതികുറഞ്ഞ മാരുതി കാറാണ്. എന്നിട്ടും ഒന്നര മീറ്റർ വീതിയുള്ള ആഭാഗത്തു കൂടി എന്റെ ചെറിയ കാർ പുറത്തു കടത്താൻ ഞാൻ എപ്പോഴും ഭാര്യയെ വിളിക്കാറാണ്.
അല്ലെങ്കിൽ വണ്ടി പോർച്ചിൽ നിന്നെടുക്കുമ്പോഴേ അവൾ അടുക്കളയിൽ നിന്നു വിളിച്ചു പറയും.
“ ഞാൻ അപ്പുറത്താക്കിത്തരാം അല്ലെങ്കിൽ ഈ വെക്കേഷനതു വീണ്ടും വർക്ക്ഷോപ്പിൽ കയറ്റേണ്ടി വരും".
വല്ലാത്തൊരപമാനമാണ് അതു കേൾക്കുമ്പോൾ.

വണ്ടിയുരസിയിടത്തെ ഞെളുക്കവും പെയ്ന്റൂ പോയതും തൊട്ടു നോക്കി വിഷമത്തോടെ ഞാൻ നിൽക്കുമ്പോഴായിരിക്കും ദാമോദരേട്ടൻ വടിയും കുത്തി വേച്ചു വേച്ചു വന്നു ഉരസിയ ഭാഗത്തെ മുറിവായിൽ മാവിൽ തലോടുന്നതു കാണുക. ലക്ഷങ്ങൾ വരുന്ന എന്റെ കാറിനെക്കാൾ അയാൾക്കു കാര്യം ആ വയസ്സൻ മാവാണ്. അപ്പോൾ വരുന്ന ദേഷ്യവും സങ്കടവും പലവട്ടം സഹിക്കാൻ കഴിയുന്നതിന്റെ പരമാവധിയായിരുന്നു.

കഴിഞ്ഞ അവധിക്കാലത്തു ദാമോദരേട്ടന്റെ ഊന്നുവടിക്കു നടുക്കൊരു പൊട്ടൽ കണ്ടപ്പോഴും, അയാൾ നടക്കുന്ന വഴിയിലെ പൊട്ടക്കിണറ്റിന്റെ വക്കിടിഞ്ഞതു കണ്ടപ്പോഴും ഞാൻ ഉള്ളിൽ ഒരു പ്രതീക്ഷ സൂക്ഷിച്ചിരുന്നു. എന്നിട്ടും മാവു വെട്ടാനുള്ള സമയം തെളിഞ്ഞില്ല.

ദാമോദരേട്ടന്റെ മൂത്തമകൻ സെക്രട്ടേറിയറ്റ് ജീവനക്കാരനാണ്. രണ്ടാമത്തവനും മൂന്നാമത്തവളും വിദേശത്താണ്. അവർക്കൊന്നും ഇനി ഈ ഗ്രാമത്തിൽ വന്നു ജീവിക്കാൻ സാധിക്കില്ല. തിരുവനന്തപുരത്തുള്ളവൻ തന്നെ അവിടെ ഫ്ലാറ്റ് വാങ്ങി മക്കളെയൊക്കെ അവിടെ പഠിപ്പിച്ചവിടത്തുകാരാക്കി.

താൻ മരിച്ചാൽ ഈ മാവു വെട്ടി, അതിലെന്നെ ദഹിപ്പിക്കണമെന്നാണു ദാമോദരേട്ടൻ എല്ലാരേയും ശട്ടം കെട്ടിയിട്ടുള്ളത്.

എന്റെ ഈ മാരുതി സ്വിഫ്റ്റ് മാറ്റണമെന്നു കരുതിയിട്ടു വർഷം രണ്ടായി. കുറച്ചു കൂടി പരിഷ്കാരവും സൗകര്യവും ഉള്ള കാറു വാങ്ങാൻ പാങ്ങില്ലാഞ്ഞിട്ടല്ല. പക്ഷെ ഈ വീതി കുറഞ്ഞ വഴിയിലൂടെ എനിക്കതു അപ്പുറം കടത്തുക അസാധ്യമാണ്.

രണ്ടനിയന്മാരുടേയും കാറുകൾ കാണുമ്പോൾ എനിക്കു വല്ലാത്തൊരപകർഷതയാണ്. പിന്നെ വരുന്ന ദേഷ്യം ആ മാവിനു നേരെയും. മരിക്കാൻ മറന്നു പോയ ദാമോദരേട്ടനു നേരേയുമാണ്.

കാലങ്ങൾക്കു ശേഷം ഇപ്രാവശ്യമാണു ഞാൻ ഒരു മാങ്ങാക്കാലത്തു അവധിക്കെത്തുന്നത്. ചക്കയും മാങ്ങയും ലുലുവിലെ മാൻഗോ ഫെസ്റ്റിവലിൽ കണ്ട അനുഭവമേ കഴിഞ്ഞ ഇരുപതു വർഷക്കാലമായിട്ടുള്ളൂ. കഴിഞ്ഞ അവധി റിസഷൻ കാരണം ആറുമാസം നീണ്ടപ്പോൾ വാർഷിക അവധി ആറുമാസം മുന്നോട്ടു നിങ്ങി. ഇപ്പോൾ അതു ചക്കാമാങ്ങാക്കാലത്തിനോടു ചേർന്നു.

ഉയരമുള്ള മാവിന്റെ ചില്ലകൾ അധികവും നീണ്ടു പന്തലിച്ചിരിക്കുന്നതു എന്റെ പുരയിടത്തിലേക്കാണ്. എന്നിട്ടും എനിക്കിതു വരേ ഒരു മാങ്ങ പോലും വീണു കിട്ടിയിട്ടില്ല. എന്നാലോ ഇലയും ചീഞ്ഞ മാങ്ങാണ്ടിയും വീണു മുറ്റം എപ്പോഴും വൃത്തികേടാവുന്നുണ്ട് താനും. ഞാൻ എഴുന്നേൽക്കുന്നതിന്നു മുൻപേ കുട്ടികളോ ദാമോദരേട്ടനോ മാങ്ങ പെറുക്കിക്കൊണ്ടു പോകുകയായിരിക്കുമെന്നാണു ഞാൻ ധരിച്ചിരുന്നത്. പിന്നെ ഒരു ദിവസം മെനെക്കെട്ടു ഞാൻ മാവിന്റെ ഉയരത്തിലേക്കു കഴിയുന്നത്ര കഴുത്തു മാനം കാട്ടി നോക്കി. പണ്ടാറം ഈ മാവിനെന്തൊരു ഉയരമാണ്!.
ഇത്രക്കും തന്നെ മണ്ണിനടിയിലേക്കും ഉണ്ടത്രേ!.
ഒരു പൊട്ടക്കിണറ്റിൽ വളർന്ന മാവിന്റെ പകുതി ഭാഗം മണ്ണിട്ടു മൂടിയ കിണറ്റിനടിയിലാണെന്നു ദാമോദരേട്ടൻ ഇടക്കിടെ പറയാറുണ്ട്.
ധാരാളം മാങ്ങയുണ്ട്, കുനു കുന്നനെ വളരെ ചെറിയ മാങ്ങകൾ.
ഒരു നെല്ലിക്കയുടെ അത്ര വലിപ്പം. മാവു മൂക്കുന്തോറും മാങ്ങയുടെ വലിപ്പം കുറയുമെത്രേ!
വളരെ ഉയർത്തിലുള്ള മാവിൽ നിന്നും പഴുത്തു വീഴുന്ന മാങ്ങകൾ എന്റെ മുറ്റത്തിന്റെ കോൺക്രീറ്റ് ഇഷ്ടികകളിൽ പതിച്ചു ചിതറിത്തെറിക്കുകയായിരുന്നു.
ആർക്കും ഒന്നു വായിലിട്ടു രുചിക്കാൻ പോലുമാവത്ത വിധം ചിന്നഭിന്നമായി...!
കയറി പൊട്ടിക്കാമെന്നു കരുതിയാൽ കയറാൻ ആർക്കും പറ്റാത്തവിധം താഴെയൊന്നും ചില്ലകളില്ലാത്ത അഹങ്കാരി മാവ്.
കമുങ്ങിൻ തോട്ടത്തിൽ വളർന്നതിന്റെ വളർത്തു ദോഷം.


രാവിലെ ആളും ബഹളവും കേട്ടു ഭാര്യയുണർന്നു ജനലു തുറന്നു നോക്കി.
ദാമോദരേട്ടന്റെ വീട്ടിൽ നിന്നാണ്. അവിടെ മുറ്റത്തൊരു കാറു നിൽക്കുന്നു മൂന്നാലാളുകൾ ചേർന്നു ദാമോദരേട്ടനെ താങ്ങി കാറിൽ കയറ്റുന്നു.

"നിങ്ങൾ ഒന്നു എണീക്ക് !
ദാമോദരേട്ടനു അസുഖം കൂടിയെന്നാ തോന്നുന്നത്. ആശുപത്രിയിൽ കൊണ്ടു പോകാൻ ആരൊക്കെയോ വന്നിട്ടുണ്ട്. ഒന്നു ചെന്നു നോക്കൂ..!"

സാധാരണ അതിരാവിലെ കിടക്കയിൽ നിന്നെണീപ്പിക്കുന്ന വിശേഷങ്ങളൊക്കെ എനിക്കു പ്രയാസങ്ങളാണ്.
പക്ഷെ ദാമോദരേട്ടനു അസുഖം കൂടിയെന്ന വാർത്ത എന്റെ ഒരു പ്രയാസത്തെയും ഉദ്ദീപിച്ചില്ല, ഞാൻ പിടഞ്ഞെണീറ്റു ഗേറ്റു തുറന്നോടി.

ഞാനെത്തിയപ്പൊഴേക്കു കാറു കണ്ണിൽ നിന്നു മറഞ്ഞിരുന്നു.
ദാമോദരേട്ടന്റെ വീട്ടിൽ പണിക്കു നിൽക്കാൻ പുതുതായി വന്ന പെണ്ണാണു പറഞ്ഞത്.

"ദാമോദരേട്ടനു രാത്രി ശ്വാസത്തിനു തടസ്സം, വലിവ് കൂടി.. ! നേരം വെളുക്കാൻ നിക്കൂന്ന് കരുതീല, തിരോന്തരത്തെ മകൻ വിളിച്ചു പറഞ്ഞാണു ചില കൂട്ടുകാർ കാറുമായി വന്നത്. അങ്ങോട്ടെത്തുമോ എന്നു ഉറപ്പില്ല."
ഡോക്ടർമാരുടെ സമരം ചർച്ച വിജയിച്ചിട്ടില്ല. ഇന്നലെത്തെ ടെലിവിഷൻ ന്യൂസ് അറ്റ് ടൺ ഓർമ്മ വന്നു.
ഞാൻ മാവിന്റെ ഉയർത്തിലേക്കു അറിയാതെ നോക്കി.
പാവം അതിന്റെ ആയുസ്സറ്റുവെന്നു തോന്നി.
ഇന്നു തന്നെ ഖാലിദാജിയുടെ റ്റാറ്റാ സുമോക്കു കച്ചവടം പറയണം എന്നു മനസ്സിലുറപ്പിച്ചു.

ഉച്ചക്കൂണു കഴിച്ചിട്ടാണു ആശുപത്രിയിലെത്തിയത്. അതു വരെ ഒരു ആമ്പുലൻസു വരുമെന്ന ചിന്തയിൽ വടക്കോറത്തേക്കു നോക്കിയിരിക്കയായിരുന്നു. പ്രതീക്ഷയറ്റപ്പോഴാണു നേരെ ആശുപത്രിയിൽ ചെന്നു കയറിയത്, ജനറൽ വാർഡിലാണ്. ആശക്കു പ്രതീക്ഷയില്ലന്നു കൂടെയുണ്ടായിരുന്നയാൾ ഓർമ്മിപ്പിച്ചു. ഖാലിദാജിയുടെ ഫോൺ നമ്പറെന്റെ കയ്യിലില്ലെന്നോർത്തതപ്പോഴാണ്.

പിറകിൽ നിന്നു "കഴിഞ്ഞോന്നു ചോദിച്ചു വന്ന മകളുടെ അമ്മായിയപ്പനോടു ആരോ പറഞ്ഞു ഇല്ല ലേശം മിടിപ്പു ബാക്കിയുണ്ട്. എന്താ ചെയ്യേണ്ടു എന്ന അവരുടെ പിറുപിറുക്കലിനിടയിൽ ആരോ സെക്രട്ടേറിയറ്റിൽ ജോലിയുള്ള മകനെ വിളിച്ചു അനന്തരകാര്യങ്ങൾ തീരുമാനിക്കുന്നതും കേൾക്കവേ ഞാൻ ഇടക്കു കയറിപ്പറഞ്ഞു.
"ദാമോദരേട്ടനു റോഡിനു ചേർന്നു നിർക്കുന്ന മാവു വെട്ടി ദഹിപ്പിക്കണമെന്നായിരുന്നു മോഹം".
ആരും അതൊന്നും ചെവി കേട്ടില്ല.

ദാമോദരേട്ടനെ ഉടനെ ആമ്പുലൻസിൽ തിരുവനന്തപുരത്തേക്കു കൊണ്ടു പോകാത്രേ
ഇവിടന്നു ആരെങ്കിലും രണ്ടാളു വാനിൽ കൂടെ പോകേണ്ടി വരും എന്തെങ്കിലും സംഭവിച്ചാലും അവിടെ ഇലക്ട്രിക് ക്രിമേഷനൊക്കെ ഉള്ളതാണല്ലോ? ഇവിടെ ദഹിപ്പിക്കാനും മറവു ചെയ്യാനും മക്കളാരുമില്ലല്ലോ? ആരോ പറയുന്നതു കേട്ടു..

ദേഷ്യമായിരുന്നു എല്ലാവരോടും,
എന്നിട്ടും അവശനായ ദാമോദരേട്ടനെ ആശുപത്രിയിൽ നിന്നു നേരെ തിരുവന്തപുരത്തേക്കു കൊണ്ട് പോകാൻ ആമ്പുലൻസിൽ കയറ്റുന്നതുവരെ അവിടെ തന്നെ നിന്നിരുന്നു.
എപ്പോഴാണു മടങ്ങിപ്പോന്നതെന്നോർമ്മയില്ല.
മൂത്തമകന്റെ ഒരു ബന്ധു മാത്രം എന്റെ കൂടെ ദാമോദരേട്ടന്റെ വീട്ടിലേക്കു മടങ്ങി വന്നു. ആ പണിക്കാരിയുടെ കണക്കു തീർത്തു അവരേയും പറഞ്ഞു വിട്ടു വീടു പൂട്ടി താക്കോലുമായി പോയി..
അന്നു രാത്രി ഉറക്കം വാരാതെ ഞാൻ ബാൽക്കണിയിൽ ഏറെ നേരമിരുന്നു.
അവിടെയിരുന്നു ഞാൻ മാവിനെ നോക്കി. അതു തലയുയർത്തി തന്നെ നിൽക്കുന്നു. നിലാവിൽ അതിന്റെ ശിഖരങ്ങളിലെ മാങ്ങകൾ വിഷക്കായകളെപ്പോലെ എനിക്കു തോന്നി.
ഒരു മഴുവെടുത്തു അപ്പോൾ തന്നെ വെട്ടി മറിച്ചിടാനുള്ള കലിയുണ്ടായിരുന്നു അപ്പോൾ. അനന്തരഫലമായുണ്ടായേക്കാവുന്ന നിയമക്കുരുക്കുകളെ പറ്റി ചിന്തിച്ചപ്പോൾ തീരാനായ ലീവിനെ പറ്റി പിന്നെ ഓർത്തു.
രഹസ്യമായി മാവു നശിപ്പിക്കണം. എന്താണൊരു മാർഗ്ഗം!!
തലപുകഞ്ഞു.
പെട്ടെന്നാണു തലച്ചോറിൽ എന്തോ മിന്നിയത്. രസതന്ത്രം പഠിച്ചതിന്റെ ഗുണം.
കുറച്ചു മെർക്കുറി കിട്ടണം. മാവിന്റെ തടി തുരന്നു ഒഴിച്ചു കൊടുത്താൽ കുറച്ചു നാളുകൾക്കകം മരം പൂർണ്ണമായി ഉണങ്ങും പിന്നെ ദ്രവിച്ചു വീണു പോയ്ക്കൊള്ളും.

അതിരാവിലെ വീട്ടിലാരോടും പറയാതെയാണു കോഴിക്കോട്ടു പോയത്, മെർക്കുറി കിട്ടുന്ന സ്ഥലം വ്യക്തമായി അറിയാം. ഉച്ചക്കു മുൻപേ സാധനവുമായി മടങ്ങി വന്നു. ആരേയും കാണിക്കാതെ ഒളിച്ചു വെച്ചു.
രാത്രിയാവട്ടെ ഓപ്പറേഷൻ തുടങ്ങാം.
ഒന്നു മോന്തിയാവാൻ ക്ഷമകെട്ടവനെപ്പോലെ തെക്കു വടക്കു നടന്നു.
രാത്രി കള്ളനെപ്പോലെ വെട്ടുകത്തിയും രസക്കുപ്പിയുമായി മാവിനടുത്തേക്കു നടന്നു.
മരത്തിന്റെ താരതമ്യേന സോഫ്റ്റായ ഭാഗത്തു വെട്ടുകത്തിയുടെ മൂർച്ച ഉപയോഗിച്ചാഞ്ഞൊരു വെട്ട്!
മരത്തിൽ തൂങ്ങിക്കിടന്നിരുന്ന നാലഞ്ചു വാവലുകൾ പെട്ടെന്നുണ്ടായ ശാന്തതഭംഗം കാരണം ചിറകു വിടർത്തി പറന്നു പോയി. മെർക്കുറിയുടെ കുപ്പി ഞാൻ ആ മുറിവായിൽ കുറേ നേരം കമഴ്ത്തിപ്പിടിച്ചിരുന്നു ഒറ്റത്തുള്ളിപോലും പുറത്തേക്കൊഴുകാതിരിക്കാൻ ഞാൻ നന്നായി ശ്രമിച്ചു.

പെട്ടെന്നു
തൊട്ടു പുറകെ നനഞ്ഞ മണ്ണിൽ ഒരു മാങ്ങ വീണു. കേടു പാടുകൾ സംഭവിക്കാതെ!.
എനിക്കത്ഭുതമായി. ഇത്രക്കും സേഫായി ഒരു മാങ്ങ ഇതു വരെ ആ മരത്തിൽ നിന്നു വീണു കണ്ടിട്ടില്ല. നിലാവെളിച്ചത്തിൽ അതിന്റെ പഴുപ്പും മഞ്ഞ നിറവും എന്റെ കൊതിയെ ഉണർത്തി. ഞാൻ അതെടുത്തു. ഞെട്ടി മാവിലുരസി ചുണയുരച്ചു കളഞ്ഞു. വായിലേക്കിട്ടു. വായിലൊതുങ്ങാവുന്നത്ര ചെറുപ്പം.തൊലിയെത്ര മാർദ്ദവം! മധൂരം സ്വാദിഷ്ടം!
തൊലി കളയേണ്ടി വന്നില്ല, പൂണ്ടെടുക്കേണ്ടി വന്നില്ല.വായിലിട്ടു കടിച്ച രുചി കുടിച്ചിറക്കിയാൽ മാത്രം മതി.
ഞാനിത്രക്കു രസകരമായ മാങ്ങ തിന്നിട്ടില്ല. എന്തേ ഞാനിതു വരേ അതിനു ശ്രമിക്കാതിരുന്നത്!
മാവിന്റെ മുറിവായിൽ മെർക്കുറി ഒഴിക്കുന്ന കാര്യമൊക്കെ വിസ്മരിച്ചു ഞാൻ ആ മാങ്ങയുടെ അണ്ടി വായിലിട്ടു അതിന്റെ രുചി അവസാനിക്കുന്നതു വരെ സ്വാദിറക്കി, സ്വയം മറന്നു നിന്നു. അണ്ടി ഒരു കുരു തുപ്പിക്കളയുന്നതു പോലെ ദൂരേക്കു വായകൊണ്ടു പീച്ചിക്കളഞ്ഞു.

മാവിൽ നിന്നു മറ്റൊരു മാങ്ങ വീഴുന്നതും കാത്തു പിന്നെ ആ മാവിനു ചുവട്ടിൽ പുലരുന്നതു വരേ ഞാൻ കാത്തിരുന്നു. കൺമുൻപിൽ കോൺക്രീറ്റ് തറയിൽ വീണു ചിതറിയ മാങ്ങകളെ കണ്ടു എനിക്കു കുറ്റബോധം തോന്നി, എന്റെ കയ്യിലിരുന്ന് ആ ഒഴിഞ്ഞ കുപ്പി എന്നെ ശപിക്കുന്നതായി എനിക്കു തോന്നി.
അപ്പോൾ സത്യമായും ആ മാവുണങ്ങരുതേ എന്നു ഞാനാഗ്രഹിച്ചു
77055

8 അഭിപ്രായ(ങ്ങള്‍):

 1. irumbuzhi പറഞ്ഞു...

  ശരിക്കും നാട്ടിലെത്തി ഒരു മാവിന്‍ ചുവട്ടില്‍ നിന്നും ഒരു നാടന്‍ മാങ്ങ തിന്ന അനുഭവം,,,,,ഇന്നിപ്പോ ആ മാവ് ജീവനോടെയുണ്ടോ,,അതോ മെര്‍കുറി പണി പറ്റിച്ചോ,,,,

 2. ജിജോ വളഞ്ഞവട്ടം പറഞ്ഞു...

  ഒരു വെത്യസ്ത പ്രമേയം...നല്ല അവതരണം...എന്നിട്ട് ഇപ്പോള്‍ എങ്ങനെ? കാറ്‌ മാറിവാങ്ങിയോ?

 3. കരീം മാഷ്‌ പറഞ്ഞു...

  ഭാഗ്യം മാവു ഉണങ്ങിയില്ല, ദാമോദരേട്ടനും.എന്തിലും മായമുണ്ടെന്നറിയാമെങ്കിലും ലാബിൽ നിന്നു വാങ്ങിയ മെർക്കുറി(രസം)യിൽ മായമുണ്ടാവുമെന്ന് ആദ്യമായിട്ടാണറിയുന്നത്. മായോ എല്ലാം നിന്റെ മായ :)

 4. ആര്‍ബി പറഞ്ഞു...

  വായിച്ചു.. തീർന്നപ്പോൾ നാട്ടിലുണ്ടായിരുന്ന പല മാവുകളുടെയും ചുവട്ടിലൊക്കെ ഒന്നു കറങ്ങി വന്നു....
  നന്നായി മാഷെ,. കഥയും പ്രമേയവും അവതരണവും... എല്ലാം....


  കുറെ കാലത്തിനു ശേഷം മാഷിന്റെ ഒരു കഥ..!!

 5. കരീം മാഷ്‌ പറഞ്ഞു...

  ഇരുമ്പുഴിക്കാരാ...!
  ജിജോ....!
  ആർബി...!!
  വായനക്കും അഭിപ്രായത്തിനും നന്ദി. ഫേസ്ബുക്ക ബസ്സ് പ്ലസ്സ് എന്നിവിടങ്ങളിൽ അലച്ചിലു കൂടിയത് കാരണം ബ്ലോഗൽ വരാറില്ലായിരുന്നു.

 6. ചന്ദ്രകാന്തം പറഞ്ഞു...

  മധുരമാമ്പഴത്തോളം അലിവാര്‍ന്ന മനസ്സുകള്‍ അപൂര്‍‌വ്വങ്ങളല്ലേ മാഷേ.. അവ ദീര്‍ഘായുസ്സായിരിയ്ക്കട്ടെ.

 7. മണ്ടൂസന്‍ പറഞ്ഞു...

  നല്ല കഥ ട്ടോ. നാട്ടിലെ മാവിൻ ചോട്ടിലൊന്നു പോയി വന്ന അനുഭവം. വിഷയം വളരെ ചെറുതായിട്ടും, അതെങ്ങനാ ഇത്രയും വല്ല്യേ കഥ ആക്കിയത് ? നല്ല ഭാവന ട്ടോ.

 8. അന്‍പു പറഞ്ഞു...

  Nannayi ezhuthiyirikunu