ഞായറാഴ്‌ച, ജനുവരി 12, 2014

നബീസ

ചാനലുകളുടെ പ്രൈം ടൈം ആയി മഗ്രിബിനും ഇശാഇനും ഇടക്കുള്ള സമയം ആവുന്നതിന്നു മുന്പ് മലബാറിലെ മാപ്പിള തറവാട്ടുകളിലൊക്കെ ആ നേരത്ത് "പഠിച്ചതോതുക" എന്നൊരു ചടങ്ങ് ഉണ്ടായിരുന്നു.
ആദ്യം സ്കൂളിലേയും പിന്നെ മദ്രസയിലേയും അന്നന്നു എടുത്ത പാഠങ്ങൾ ഉറക്കെ വായിക്കുകയാണ് പരിപാടി. അടുക്കളയിൽ പാചകത്തിലായിരിക്കുന്ന ഗൃഹനാഥകളെ ബോധ്യപ്പെടുത്തേണ്ടതിനാലാണു ഉറക്കെ വായന.
ഒരു വലിയ കൂട്ടു കുടുംബമായിരുന്നു എൻറെ തറവാട്. പത്ത് പന്ത്രണ്ടു പഠിതാക്കൾ, തൂക്കിയിട്ട ഒരു പാനീസ് വിളക്കിനു ചുവട്ടിൽ തറയിൽ പായ വിരിച്ചതിൽ വട്ടത്തിൽ ഇരുന്നാണ് ഈ ഉച്ചത്തിലുള്ള ഈ കീർത്തനവും പാരായണവും.
മഗ്രിബ് ജമാഅത്ത് നമസ്കാരത്തിനു അങ്ങാടിയിലെ പള്ളിയിൽ പോയ വല്യുപ്പ ഇശാ നമസ്കാരവും കഴിഞ്ഞ് ചൂട്ട് കറ്റയും വീശി പല്യാളി വരമ്പിലൂടെ വരുമ്പോൾ ഞങ്ങൾ വലിയ വായിൽ മദ്രസയിലെ പാഠങ്ങൾ വായിക്കുന്നതു കേൾക്കണം.എന്നാലേ കാൻറീൻ തുറക്കാനുള്ള നിർദ്ദേശം കൊടുക്കൂ.

മിക്കപ്പോഴും വായനക്കള്ളൻമാരായ ചിലർ പല്യാളി വരമ്പിൻറെ അറ്റത്തു ചൂട്ടു കറ്റയുടെ മിന്നായം കാണുമ്പോഴേ പ്രക്ഷേപണം തുടങ്ങൂ. വല്യുപ്പ പടിപ്പരയിലെത്തുമ്പോൾ ഇവർക്കു നല്ല എനർജിയുണ്ടാവുകയും ഫുൾ മാർക്ക് സ്കോർ ചെയ്യുകയും പതിവായിരുന്നു. ഞാനും ഇക്കൂട്ടത്തിലായിരുന്നു.

ഒരു ദിവസം ചൂട്ടു കറ്റയുടെ മിന്നായം കണ്ട് വായന മുറുകിയപ്പോൾ ചൂട്ട് കറ്റയുടെ വീശലിൻറെ റിത്തം വല്യുപ്പാൻറെ ചൂട്ട് വീശൽ റിതവുമായി മാച്ചാവുന്നില്ലെന്ന് തോന്നി ആരോ പറഞ്ഞ് "അതു വല്യുപ്പയല്ല "പാറ്റ" കള്ള് കുടിച്ച് കുടിലിൽ പോകുന്നതാവും".
വായന തണുത്തു.
പക്ഷേ ചൂട്ട്കറ്റ പടിപ്പുര കയറി വന്നേരമാണു വരുന്നതു വല്യുപ്പ തന്നെയാണെന്നും വായന ഉച്ചത്തിലാക്കണമെന്നും ബോധമുണ്ടായത്. വല്യുപ്പാൻറെ കാൽവിരലിൽ കൈക്കോട്ടു കൊണ്ടതിനാലുള്ള റീതം വ്യത്യാസമായിരുന്നു നടത്തത്തിൽ എന്നു ആർക്കും ക്ളിക്കിയില്ലായിരുന്നു.

കിട്ടിയ പുസ്തകമെടുത്ത്   ബൈഹാർട്ടാക്കാനും ബോധിപ്പിക്കാനുമായി    ഞാൻ  ആവർത്തിച്ചു വായിക്കുകയാണ്.

നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബിസ........

മുഴുവനാക്കുന്നതിനു മുന്പു, കുപ്പായമിടാത്ത എൻറെ മുതുകൽ പുളി വടി വീണു.
"അള്ളോ..ന്നു" ഈണത്തിൽ  വിളിച്ച് ഞാൻ അടുക്കള ഭാഗത്തേക്കോടി...

ഞാൻ വായിക്കുന്നേരം (സ) യുടെ ഫുൾഫോമിലല്ലായിരുന്നു വായിച്ചിരുന്നത്. മാത്രമല്ല 'നബീസ' എന്ന ഒരു സ്ത്രീ അന്നു വീട്ടിൽ പണിക്ക് വരാറുണ്ടായിരുന്നു താനും.

പിന്നെ തിണർത്ത മുതുകിൽ വെളിച്ചെണ്ണ തേച്ച് തടവി തരുമ്പോൾ ഉമ്മ പറഞ്ഞു  തന്നു.
നബി (സ) എന്നെഴുതിയാലും നബി (സല്ലള്ളാഹു അലൈഹി വസല്ലം ) എന്നു മുഴുവനായി വായിക്കണമെന്ന്.



2 അഭിപ്രായ(ങ്ങള്‍):

  1. ബഷീർ പറഞ്ഞു...

    അനുഭവം കൊള്ളാം..

  2. ajith പറഞ്ഞു...

    ആ അടിയും പിന്നെക്കിട്ടിയ ഉപദേശവും മറക്കാനാവില്ല. അല്ലേ?