തിങ്കളാഴ്‌ച, മാർച്ച് 02, 2015

ഒരു പെൺ പ്രതികാര കഥ

ഓരോ വെക്കേഷനും നാട്ടിലെത്തുമ്പോൾ ഞാനതു നോട്ട് ചെയ്തിട്ടുണ്ട്.
ഫാമിലിയായി പോകുന്ന യാത്രകളിൽ പട്ട് സാരിയും പൂർണ്ണാഭരണ വിഭൂഷിതയുമാണെങ്കിൽ ട്രാഫിക്കുള്ള റോഡാണെങ്കിലുമവൾക്കു തന്നെ ഡ്രൈവിംഗ് സീറ്റ് വേണം.
എന്നിട്ട് ഇടുങ്ങിയ വഴിയുള്ള സൽക്കാര ബേക്കറിയുടെ മുന്നിൽ അൽപ്പം നിർത്തണം. ബെൻസിൻറെ വീതിക്കൂടുതലിൽ ഓട്ടോകൾ പിറകെ ഹോണടിക്കുമ്പോൾ ബേക്കറിയിൽ നിന്നു പുറത്തേക്ക് നീളുന്ന തലകളിൽ നിന്നു അവൾ തേടുന്ന കഷണ്ടി കണ്ടുറപ്പു വരുത്തി കാറിൽ നിന്നിറങ്ങും. കൂടെ എല്ലാരുമിറങ്ങുന്നതാണിഷ്ടം, അല്ലേൽ സ്നേഹത്തോടെ വിളിച്ചിറക്കും.
ഒരിക്കലും മക്കൾക്ക് തിന്നാൻ കൊടുക്കാത്ത എണ്ണപ്പലഹാരങ്ങളാണവളുടെ ഷോപ്പിംഗ്.
ഇപ്രാവശ്യം   മക്കളുടെ അഭീഷ്ടം ചോദിച്ചറിഞ്ഞ് അവൾ വാങ്ങി പാക്കറ്റാക്കിയത് ആയിരങ്ങളുടെ മൊതലായിരുന്നു.

കടയിലില്ലാത്ത സാധനം ചോദിച്ചും കശണ്ടിയുടെ ചമ്മിയ മുഖമാസ്വദിച്ചും ഒടുവിൽ കാർഡ് സ്വൈപ്പ്  ചെയ്യാൻ കൊടുത്തപ്പോൾ കഷണ്ടിക്കു കീഴേ മുഖം തടലാസുപോൽ വിളറി.
വാങ്ങിയ സാധനങ്ങൾ അതേ പോലെ കൗണ്ടറിൽ വെച്ചു കടയിറങ്ങുമ്പോൾ അവളുടെ ചുണ്ടിലെ ചിരി ഞാൻ മാത്രമേ കണ്ടുള്ളൂ...
പേഴ്സിലെ കാശെടുത്ത് കാറിൻറെ ഡാഷിൽ വെച്ച് വെറും കാർഡുമായവൾ കടയിൽ കയറിയതെന്നു ഞാൻ ഓർമ്മിച്ചു
എന്നിട്ടും ആശ്വസിപ്പിക്കാനെന്ന പോലെ  ഞാൻ വിഷമത്തോടെ ചോദിച്ചു
" അല്ലേലും എന്തിനാടീ..നമുക്കിത്രേം ബേക്കറി?"
"നമുക്കല്ല. അയൽപ്പക്കത്തോക്കെ കൊടുക്കാലോ?"
ഇപ്രാവശ്യം  വീട്ടിലെത്തി മക്കളെ തനിച്ച് കിട്ടിയപ്പോൾ ചോദിച്ചു. "പപ്പയില്ലാത്തപ്പോഴും മമ്മി ഇത്രേം ബേക്കറി ആ സൽക്കാരയിൽ നിന്നു വാങ്ങാറുണ്ടോ?"
"നോ... പപ്പാ..!  ഞങ്ങളെ ബേക്കറി പലഹാരം രുചി നോക്കാൻ പോലും മമ്മി അനുവദിക്കില്ല."
രാത്രിയിൽ ബെഡ് റൂമിൽ പരസ്പരം മണത്തു, പുണർന്നു, തളർന്നു കിടന്നപ്പോൾ ക്ഷമ ഒളിക്കാനാവാതെ ഞാൻ ചോദിച്ചു.
"സത്യം പറ, നിനക്കാ ബേക്കറി കണ്ടിയുമായി അവിഹിതമുണ്ടോ?"
അവൾ തളർച്ച മറന്നു,  വീടു മുഴുവൻ കേൾക്കുമാറുച്ചത്തിൽ പൊട്ടിച്ചിരിച്ചു പറഞ്ഞു.
"അവിഹിതമല്ല...ഒരു പകയാണത്. ആദ്യമായെന്നെ പെണ്ണുകാണാൻ വന്നു എന്നെ ഇഷ്ടമായില്ലന്നു ലോകത്തോടു കൊട്ടിഘോഷിച്ച മനുഷ്യനോടുള്ള പക"
ആത്മഹത്യ പരാജയപ്പെട്ടന്നു  ആശുപത്രി  വെച്ചു  നാം കണ്ടു പരിചയപ്പെട്ടീ സ്വർഗ്ഗത്തിലെത്തീട്ടും പെണ്ണുകാണലെന്ന ചടങ്ങിനെ ഇന്നും എനിക്കേറ്റം  ഭയമുള്ളതാക്കിയ ആ നിമിഷത്തോടുള്ള  പക."

1 അഭിപ്രായ(ങ്ങള്‍):

  1. Salim kulukkallur പറഞ്ഞു...

    വല്ലാത്തൊരു പക , പ്രതികാരം ...നന്നായി മാഷേ ..!