ബുധനാഴ്‌ച, ഡിസംബർ 30, 2015

അപകടം

കമ്പനി വക ഗസ്റ്റ് ഹൗസിലേക്കു (ഡസർട്ടിൽ ഇത്തിരി ഉള്ളിലേക്ക്),     ഞാനൊറ്റക്ക് പറഞ്ഞ കൃത്യ സമയത്തു ചെല്ലുന്നു. ( കയ്യിൽ നിർദ്ദേശ പ്രകാരം ബാങ്കിൽ നിന്നു  നേരത്തെ പിൻവലിച്ച ഒരു ലക്ഷം ദിർഹം).

ഒരു വലിയ പ്രൊജക്ടിൻറെ വൻ സക്സസും ഫുൾ പെയ്മെൻറും  ആഘോഷിക്കുന്ന,  മന്ത് എൻഡിലെ  വീക്കെൻഡ് രാത്രി.

അവിടെ അകത്തെ ഹാളിൽ ഒരു തകർപ്പൻ ത്രീ സ്റ്റാർ പാർട്ടി നടക്കുന്നുണ്ട്.
ക്ലൈൻഡിൻറെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണു മുഖ്യാതിഥി.
കൂടെ നല്ലതും ചീത്തയുമായ കുറേ വ്യക്തികളും.
ഞാൻ കാശ് ബോസിനെ ഏൽപ്പിച്ചു പാർട്ടിക്കു നിൽക്കാതെ തിരിച്ചു പോന്നു.
മെയിൻ റോഡു വരെ   നടന്നാണു പോരുന്നത്.
ഗേറ്റിനകം ചില വാഹനങ്ങൾക്കു മാത്രമേ അനുമതിയുള്ളൂ.
നടന്നു വരുന്ന എൻറെ  പിറകെ ഒരു വാഹനം അതി വേഗത്തിൽ വന്നു ബ്രേക്കിട്ടു നിന്നു.
കാറിൽ നിന്നൊരാൾ പുറത്തിറങ്ങി.
നേരത്തെ പാർട്ടിയിൽ കണ്ട അതേ ഉന്നതാധികാരമുള്ള ആ ഉദ്യോഗസ്ഥൻ. ഷൈക്ക് ഹാൻഡ് തന്നു പരിചയപ്പെട്ടു.
(നന്നായി കുടിച്ചിട്ടുണ്ട്. നല്ല  ശീലമുള്ളതിനാലാവും മേനി ബാലൻസ് പോയിട്ടില്ല).

ഞാൻ  ബോസിനെ ഏൽപ്പിച്ച അതേ  കാശിൻറെ പാക്കറ്റ് എൻറെ കയ്യിൽ തന്നു. കൂടെ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും പേരും. (ഒരു സ്ത്രീ നാമം).
നാളെ വെള്ളി..ബാങ്ക് ഒഴിവ്, മറ്റന്നാൾ രാവിലെ ഇതു ഈ അക്കൗണ്ടിൽ ഡപ്പോസിറ്റ് ചെയ്യണമെന്നു പറഞ്ഞു.
നിത്യവും ആ ബാങ്കിൽ പോകുന്നതു കാരണവും,  യാതൊരു  പരിചയമില്ലാത്ത ഒരാൾ എന്നെ ഇങ്ങനെ വിശ്വസിക്കുന്നല്ലോ എന്നോർത്തുള്ള അഭിമാനവും കാരണം ഞാൻ സന്തോഷത്തോടെ പാക്കറ്റും അക്കൗണ്ട് നമ്പറും വാങ്ങി.
മെയിൻ റോഡിൽ ഡ്രൈവർ വണ്ടിയുമായി കാത്തു നിന്നിരുന്നു.
എന്നെ ഫ്ളാറ്റിൽ വേഗം വിട്ടു ഫ്ലാറ്റാവാൻ  ഡ്രൈവർക്കും ധൃതിയായിരുന്നു.  
ഫ്ലാറ്റിലെത്താൻ വൈകിയതിനാൽ ഭാര്യ പരിഭവിച്ചിരുന്നു. ഗെസ്റ്റ് ഹൗസിൽ ചിയേർസ്പാർട്ടിയുള്ള കാര്യം അവൾക്കറിയാമായിരുന്നു.
എന്നെ മണത്തു അഗ്നിശുദ്ധി വരുത്തി അവൾ ബെഡ്റൂമിലേക്കു കടത്തി.
ഭക്ഷണം കഴിച്ചാണു പോയതെന്നതിനാൽ കിടന്നാൽ മാത്രം മതിയായിരുന്നു.
കിടന്നുടൻ  ഉറക്കം പിടിച്ചു.
രാത്രി മൂന്നു മണിയായിക്കാണുമെന്നു കരുതുന്നു.
കാളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടുണർന്നു. വൈഫ് നല്ല ഉറക്കമാണ്.
"ആരാണ് ഈ പാതിരാത്രിയിൽ....!" എന്നു ശപിച്ചു ഞാൻ ലൈറ്റിടാതെ, അവളെ ഉണർത്താതെ, എണീറ്റു നടന്നു  വാതിലിലെ വ്യൂ മീറ്ററിലൂടെ പുറത്തേക്കു നോക്കി.
അവിടെ അയാൾ...!
എന്നെ കാശ് ഡിപ്പോസിറ്റ് ചെയ്യാൻ ഏൽപ്പിച്ചയാൾ.
ഞാൻ വാതിൽ തുറന്നു. അയാൾ സോറി പറഞ്ഞു. പൈസ ഡിപ്പോസിറ്റ് ചെയ്യേണ്ടൊന്നും നാളെ അതിനു അത്യാവശ്യമുണ്ടെന്നും തിരിച്ചു തരണമെന്നും പറഞ്ഞു.
ഞാൻ അകത്തു പോയി ഒച്ചയുണ്ടാക്കാതെ,  പൈസയുടെ പാക്കറ്റ് ഷെൽഫിൽ നിന്നെടുത്തു അയാൾക്കു തിരിച്ചു കൊടുത്തു.
അയാൾ വീണ്ടും വീണ്ടും സോറി പറഞ്ഞു ലിഫ്റ്റിറങ്ങിപ്പോകുന്ന ഒച്ച കേട്ടിട്ടാണു ഞാൻ വാതിലടച്ചത്.
ഭാര്യ അപ്പോഴുംനല്ല  ഉറക്കത്തിലാണ്.
ഞാൻ ക്ഷീണം കൊണ്ടു നന്നായി ഉറങ്ങി.
രാവിലെ പത്രം വായിക്കുകയായിരുന്ന ഭാര്യയാണു എന്നെ  വിളിച്ചുണർത്തിയത്.
"നോക്കൂ...
നിങ്ങളുടെ ഗെസ്റ്റ് ഹൗസിനടുത്ത്  ഇന്നലെ രാത്രി  കാറപകടം ഉണ്ടായി ഒരാൾ മരിച്ചിരിക്കുന്നു".
ഞാൻ പത്രം വാങ്ങി നോക്കി..
രാത്രിയിലെടുത്ത ഫോട്ടോ ആണെങ്കിലും ആ കാറ് ഒറ്റ കാഴ്ചയിൽ തന്നെ  മനസ്സിലായി....!
അദ്ദേഹത്തിൻറെ കാറ് തന്നെ..!
ഞാൻ ഭയം കൊണ്ട് വിറച്ചു.
ഇന്നത്തെ  പത്രത്തിൽ വാർത്ത വരണമെങ്കിൽ അപകടം ഇന്നലെ രാത്രി 12 മണിക്കെങ്കിലും മുമ്പായിരിക്കണം.
അപ്പോൾ അദ്ദേഹം മൂന്ന് മണിക്ക് പിന്നെ എങ്ങനെ എൻറെ ഫ്ലാറ്റിൽ വന്നു.?
നേരത്തെ ഒരു പരിചയവും ഇല്ലാതിരുന്ന അയാൾക്കെങ്ങനെ എൻറെ ഫ്ലാറ്റ് ഇത്ര കൃത്യമായി മനസ്സിലായി?

ദുരൂഹതകൾ മനസ്സിൻറെ  സമനില തെറ്റിക്കുന്നതിന്നു മുമ്പ്  വിവരങ്ങൾ ഭാര്യയുമായി പങ്കിടുന്നതാണ് ഉചിതമെന്നു എനിക്കു തോന്നി.
കാര്യങ്ങളൊക്കെ അവളോടു വിശദമായി പറഞ്ഞു.
അവൾക്കു വിശ്വാസമായില്ല.
അപകടമരണത്തിൻറെ വാർത്ത വായിച്ചതിനു ശേഷംനിങ്ങളുടെ മനസ്സ് സങ്കൽപ്പിച്ചുണ്ടാക്കുന്ന ഓരോ കഥയാണിതെന്നും. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവൾ ആശ്വസിപ്പിച്ചു. ജീവിതത്തിൽ ഒരു ക്രിട്ടിക്കൽ രംഗം ഫേസ് ചെയ്യേണ്ടി വരുമ്പോൾ ഇതു പോലെ ഒരു രംഗം ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ! അന്ന് അതെങ്ങനെയാണ് നേരിട്ടതെന്നുമാവും ചിന്തിക്കുക. (ശരിക്കും അങ്ങനെ ഒരു രംഗമേ നേരിട്ടിട്ടുണ്ടാവില്ല). പക്ഷെ മസ്തിഷ്കം നമുക്കു വേണ്ടി മെമ്മറി സെർച്ചു ചെയ്തു തോറ്റു, ഫേക്ക് മെമ്മറിയെ റിയൽ മെമ്മറിയായി പ്രസൻഡ് ചെയ്യുകയാണെന്നോക്കെ പറഞ്ഞു എന്നെ കൺവിൻസാക്കി.
ഞാൻ അതോക്കെ മറന്നു കുട്ടികളുമായി ഹോളിഡെ വിനോദങ്ങളിൽ മതി മറന്നു.
വൈകുന്നേരം ഷർട്ടും പാൻസും അലക്കാൻ വാഷിംഗ് മെഷീനിലിടാനെടുത്തപ്പോഴാണ് വൈഫ് ചോദിക്കുന്നത്
"ദേ..ഇതിലിതാ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും പേരുമെഴുതിയ കടലാസ്. ഇതാവശ്യമുള്ളതാണോ?
ഞാൻ ഞെട്ടലോടെ തലേദിന സംഭവങ്ങൾ വീണ്ടും ഓർത്തു കുളിമുറിയിലേക്കോടി ചെന്നു. ആ കടലാസ് തട്ടിപ്പറിച്ച് ഒന്നു കൂടി വായിച്ചു നോക്കി.
പക്ഷെ ഞാൻ പ്രതീക്ഷിച്ച ആ പേരല്ലായിരുന്നു അപ്പോൾ അതിൽ. അതൊരു ആണിൻറെ പേരായിരുന്നു. അക്കൗണ്ട് നമ്പറിലും
ഉണ്ട് വ്യത്യാസം. ആ പേരുകാരനെ എനിക്കറിയാം. ഞങ്ങളുടെ കമ്പനിയിലെ തന്നെ ഈ പ്രൊജകിടിൻറെ ആദ്യ പ്രൊജക്ട് മാനേജർ. എട്ടു മാസം മുമ്പ് ഇതേ സൈറ്റിൽ ക്രെയിനപടത്തിൽ മരണപ്പെട്ടു പോയിരുന്നു.