ചൊവ്വാഴ്ച, മാർച്ച് 07, 2017

പഴയ ബട്ടൺ

കഥ.

"Can you remain with us for few months please?"
ബോസ് ആണ്.
അതിരാവിലെ ഫോണിൽ.
വിസ ക്യാൻസൽ ചെയ്തു സെറ്റിൽമെൻറ് ചെക്കും എൻക്യാഷ് ചെയ്തു സാധങ്ങൾ പാക്ക് ചെയ്യുമ്പോഴാണ് കിളവൻ ബോസിൻെറ ദയനീയ അഭ്യർത്ഥന.
"What happened Sir?, everything was fine.
ബോസിൻെറ മറുപടിക്കായ് കാതോർത്തു.
"Not everything fine. He is not straight, I think.
We lost both tender and he vanished   before the result".
എൻെറ റീപ്ലേസ്മെൻറിനെ കുറിച്ചാണ് പറയുന്നത്. എം ബി.എക്കാരനാണ്. ക്ലവറാണെന്നു ഒരു മാസം കൊണ്ട് റിയലൈസ് ചെയ്തിരുന്നു. പക്ഷെ ഇത്ര കണ്ണിംഗാണെന്നു കരുതിയില്ല.
"Sorry Sir, my flight is to day, I have to leave now.  "
റേഞ്ചില്ലാത്തതു പോലെ ഫോണിനെ മൗനിയാക്കി വെച്ചു.
ലഗേജ് ഒതുക്കാൻ ഇനി ഒരു പാൻസു കൂടി ഇടമില്ലാതെ കളയണം.
പഴയതാണ്. എന്നാലും നല്ല പാകമായിരുന്നു. അണിഞ്ഞാൽ കംഫർട്ടും.
സ്റ്റിച്ചിനു ഒരു പൊട്ടലുമില്ല. അളവെടുത്തു തയ്പ്പിച്ചതാണ്. പോയാൽ തുന്നാമെന്നു പറഞ്ഞ് എക്ട്രാ അകത്തു വെച്ചു തുന്നിയ രണ്ടു ബട്ടണു പോലും ഒരു മങ്ങലുമില്ല. പുറത്തെ മുനിസിപ്പാലിറ്റി വേസ്റ്റ്ബിന്നിൽ
കളഞ്ഞപ്പോൾ വല്ലാത്ത കുറ്റബോധം.
അലക്കി ഇസ്തിരിയിട്ടാൽ ഇപ്പഴും "താസ" ആയിരുന്നു.
പെട്ടി കെട്ടൽ കഴിഞ്ഞു ഡ്രസ്സു മാറി എയർപോർട്ടിലേക്കുള്ള യാത്രയിൽ ബാഗേജ് എടുക്കാനൊന്നു കുനിഞ്ഞതേയുള്ളൂ.   പാൻസിൻെറ  ബട്ടൺ പൊട്ടി രണ്ടു കഷ്ണമായി തറയിൽ വീണു. പാൻറ്സ് പുതിയതാണ്. ഇന്നലെ വാങ്ങിയത്. റെഡിമെയ്ഡ്.
എന്തു ചെയ്യും.
വേറെ പാൻറ്സിനു ലഗേജു മുഴുവൻ കെട്ടഴിക്കണം പിന്നേം കെട്ടണം. ഒരു ബട്ടൺ കിട്ടിയാൽ പാൻറ്സ് ഇട്ടു കൊണ്ടു തന്നെ കാറിലിരുന്നു തുന്നാമായിരുന്നു. അതിനിനി എവിടെ ഇത്ര രാവിലെ കട തപ്പി പോകും?
പെട്ടെന്നാണ് പഴയ പാൻസിലെ മങ്ങാത്ത ബട്ടൺ ഓർമ്മ വന്നത്.
ഞാൻ മുനിസിപ്പാലിറ്റി വേസ്റ്റ് ബിന്നിനടുത്തേക്ക് ഓടി.
ഡിസ്പോസ് ട്രക്ക് വരുന്നതിന്നു മുന്നേയവിടെയെത്താൻ.