ചൊവ്വാഴ്ച, ഫെബ്രുവരി 20, 2018

നെഞ്ചിലെ പൂട.

മുപ്പതു കൊല്ലങ്ങൾക്കു ശേഷമാണ് ബ്രേക്കപ്പായിപ്പോയ കാമുകിയുടെ സ്വരം പിന്നെ കേൾക്കുന്നത്.
എൻെറ ബുക് പബ്ളിഷിംഗിനു അവൾ വരുന്നത്രേ...!
സ്വിഫ്റ്റ് മകനു കൊടുത്ത് അവൻെറ സുമോ ഞാനെടുത്തു. കൂട്ടത്തിൽ അവൻെറ ജീൻസും ടീഷർട്ടും. മീശയിലെ അവിടവിടെ ചില രോമങ്ങളും ചെവിക്കടക്കടുത്തുള്ള നരച്ച മുടിയും കറുപ്പിച്ചു പത്തു വയസ്സു കൂടി കുറച്ചു.
ഇറങ്ങാൻ നേരം ഭാര്യ ചോദിച്ചു ഷാറൂഖ്ഖാനെങ്ങോട്ടാ..?
കേൾക്കാത്ത പോലെ വണ്ടിയെടുത്തു.
മുപ്പതു കൊല്ലം മുമ്പത്തെ അവളായിരുന്നു മനസ്സു മുഴുവൻ.

കാറിനകത്തു നിന്നു ടീ ഷർട്ടിൻെറ മാറിലെ രണ്ടു ബട്ടണുകൾ തുറന്നിട്ടു.  ഈ മാറിലെ രോമങ്ങളിൽ നോക്കിയിരിക്കാനും തലോടാനും അവൾക്കിഷ്ടമായിരുന്നു.
കൊതിപ്പിക്കാനാണ്  അങ്ങനെ ചെയ്തത്, പക്ഷെ നരച്ച മൂന്നാലു രോമങ്ങൾ ദൃഷ്ടിയിൽ പെട്ടു.
ശ്ശെ കറുപ്പിക്കലിൽ പെട്ടിട്ടില്ല...!
( ചെറുപ്പമാവാൻ കാട്ടിയതൊക്കെ വൃഥാവാക്കാൻ ആ മൂന്നു രോമങ്ങൾ മതി...!)
കണ്ണാടിയിൽ നോക്കി ധൃതിയിലാണവ പറിച്ചത്. കാഴ്ചക്കു കൃത്യതയില്ലാത്തതിനാൽ പരിസരത്തുള്ള  കുറച്ചധികം രോമങ്ങൾ പറിഞ്ഞു പോന്നു. അവിടവിടെ ചോര പൊടിഞ്ഞു.
ടൗൺ ഹാളിലേക്കു കയറുന്നിടത്തു തന്നെ അവൾ കാത്തു നിന്നിരുന്നു. രൂപം തിരിച്ചറിയാൻ പറ്റാത്ത ഒരു തടിച്ചി. തടിച്ച ഫ്രൈമുള്ള കണ്ണട, വലിയ വട്ടപ്പൊട്ട്.
മൈ ഗോഡ്...!
വേദന കൂട്ടാക്കാതെ അവളുടെ അടുത്തേക്കോടുമ്പോൾ കൃത്യം അവളുടെ കണ്ണുകൾ ചെന്നു നിന്നത് എൻെറ തുറന്ന മാറിലെ നനുത്ത രോമരാജികളിലേക്കു തന്നെ...!
പെട്ടന്നവൾ അതു കണ്ടു. നിലവിളിച്ചു. "അയ്യോ...ചോര.." നെഞ്ചിൽ ചോര..!"
കൂടുതൽ ചിന്തിക്കാൻ ഇടം കൊടുക്കാതെ ഞാൻ പറഞ്ഞു.
"അതെ, നെഞ്ചിലെ ആ ചോര..! അന്നാ കുത്ത് കുത്തി നീ അകന്നു പോയതിന്നു ശേഷം ഇന്നുമുണങ്ങിയിട്ടില്ല"
അവളുടെ കണ്ണിൽ പൊടിയാൻ തുടങ്ങിയ കണ്ണീരിൽ ഉള്ളിലെ കനലു പതിയെ കെടാൻ തുടങ്ങി.