ചൊവ്വാഴ്ച, ഏപ്രിൽ 24, 2018

സൈനൂന്റെ വാപ്പ

ന്തിക്കു വിളക്കിൻെറ  തിരി താഴ്ത്തി  ജനൽപ്പടിക്കു നടുക്ക്  വെച്ചു സൈനു പടിച്ചോട്ടിലെ കീറപ്പായ നിവർത്തി, അതിലേക്കു ചാഞ്ഞു.
പലവിധ ആലോചന കാരണം കണ്ണിലുറക്കം വരുന്നില്ല.
മേലെ പടിമ്മേൽ ഉമ്മയും ഉറക്കമില്ലാതെ  ഉരുളുകയാണ് എന്നറിയാം.
വാപ്പയില്ലാത്തതിൻെറ വിഷമമനുഭവിക്കുകയായിരുന്നിന്നലെ വരെ,
ഇന്നു വാപ്പയുള്ളതിൻെറയും.
കെട്ട്യോൻ മരിച്ചുവെന്നു ഇന്നലെ വരെ നാട്ടുകാരോടു പറഞ്ഞ ഉമ്മയാണ് ഇന്നു എന്നോടു അതെല്ലാം തിരുത്തിയത്.

തൊഴിലുറപ്പിനു പോയി മടങ്ങി വരുന്ന ഉമ്മാൻെറ പിറകെ പതുങ്ങിയും ഒളിച്ചും വന്ന ആ മനുഷ്യൻ എൻെറ വാപ്പയാണെന്ന് പറഞ്ഞത് ആ ഉമ്മാൻെറ നേരുള്ള നാക്കു കൊണ്ടാണ്.
ദൂരെയെവിടെ നിന്നോ അഞ്ചെട്ടു കൊല്ലം മുമ്പെ ഇവിടെ വന്ന ഞങ്ങൾ അഞ്ചു സെൻറിലെ ഈ ചെറ്റപ്പുരയിൽ താമസം തുടങ്ങിയപ്പോൾ മുതൽ ഇവിടത്തുകാർക്ക്  ഉമ്മ വിധവയും ഞാൻ യത്തീമുമാണ്.
ഉമ്മ തീരേ അസ്വസ്ഥയാണ്. വാപ്പയെ അപ്രതീക്ഷിതമായി കണ്ടതിലുള്ള  പേടിയാണ്. ആരെങ്കിലും ഇന്നേരം വാപ്പയെ ഉമ്മാക്കൊപ്പം കണ്ടു വന്നാൽ തീർന്നു. ഇത്ര നാളും ചോദിച്ചും അന്വേഷിച്ചും വരാൻ ഒരാളും ബന്ധുക്കളായിപ്പോലുമില്ലായിരുന്നു. അതിനാൽ നാട്ടുകാരുടെ കാവൽ ഒരു കോട്ട പോലെ ചുറ്റുമുണ്ടായിരുന്നു.
അതു കൊണ്ടാവും ഉമ്മ തിടുക്കത്തിൽ അയാളെ മുറ്റത്തുപേക്ഷിച്ചകത്തു കയറി വാതിലടച്ചു കുറ്റിയിട്ടത്.
പിന്നെയാണ് അന്തം വിട്ടു പിന്നിൽ പേടിച്ചു നിന്ന സൈനൂനെ വലിച്ചു മുന്നിൽ നിർത്തി ഉമ്മ പറഞ്ഞത്.
"അത് നിൻെറ വാപ്പേണ്".
സൈനു ജനൽ വിടവിലൂടെ പുറത്തേക്കു നോക്കി, ഒന്നു കൂടി കാണാൻ.
അയാൾ അവിടെയില്ലായിരുന്നു.
സൈനു ആലോചിച്ചു.
ഉപ്പ ജീവിച്ചിരുന്നിട്ടും ഉമ്മയെന്തിനാണെന്നെ യത്തീമായി വളർത്തിയത്?
എന്തിനാണ് ഞങ്ങൾ നാടു വിട്ടു പോന്നത്?
വാപ്പയുമായി പിരിഞ്ഞതെങ്ങനെ?
വാപ്പ ഇപ്പോൾ അന്വേഷിച്ചറിഞ്ഞെത്തിയതെങ്ങനെ?
ഉമ്മ വാപ്പയെ വീട്ടിൽ കയറ്റാതെ മടക്കിയയച്ചതെന്തിന്?
ഒരുപാട് ഉത്തരം കിട്ടാത്ത ചോദിക്കാനാവാത്ത ചോദ്യങ്ങളുമായി സൈനു തിരിഞ്ഞും മറിഞ്ഞും കിടന്നു.

പുലർച്ച എണീറ്റതു പതിവിലും വൈകിയാണ്. ഉറങ്ങാൻ വൈകിയതു തന്നെ കാരണം. എണീറ്റു മേലെ കിടക്കപ്പായയിൽ നോക്കിയപ്പോൾ ഉമ്മില്ല.  പേടിയാൽ നിലവിളി പുറത്തു വന്നില്ല.
വാതിലിൻെറ കുറ്റി അകത്തു നിന്നും തുറന്നിട്ടുണ്ട്. ഒച്ചയുണ്ടാക്കാതെ അടച്ചതിനാലാവണം പൊളിക്കിടയിൽ വിടവുണ്ട്, അതിലൂടെ വെളിച്ചക്കീറു പാളി നോക്കുന്നുമുണ്ട്.
വാതിൽ മലർക്കെ തുറന്നപ്പോൾ വെളിച്ചം തള്ളിക്കേറി ഇരുട്ടെങ്ങോ ഓടിയകന്നു.
ഉമ്മ അടുക്കളയിലും പുറത്തുമില്ല.
വന്ന വെട്ടത്തിൽ കണ്ടു, ഉമ്മാൻെറ കിടക്കപ്പായയിൽ മടക്കി വെച്ച ഒരു കത്ത്.

" സൈനൂ..പൊറുക്കണം. ! അൻെറ വാപ്പ ഇനിയും വരും. അന്നെ കൊണ്ടു പോവാൻ, അൻെറ ബാക്കി ജീവിതം ആ വാപ്പാക്കുള്ളതാണ്. അയാൾ എൻെറ കെട്ട്യോനുമല്ല, നീ എൻെറ മോളുമല്ല. നാട്ടുകാരാൽ ബഹിഷ്കൃതയായി ഞാൻ ഒളിച്ചോടുമ്പോൾ ഒരു തുണയ്ക്കായി വഴിയരികിലെ ഏതോ വീട്ടിൽ നിന്നും ഞാൻ കട്ടെടുത്ത കുഞ്ഞാണു നീ."

സൈനുവിൻെറ കയ്യിലിരുന്ന കടലാസ് പിടുത്തം ദുർബലമായപ്പോൾ എങ്ങോട്ടോ പറന്നു പോയി....

സൈനു ഭയത്താൽ  വാവിട്ടു നിലവിളിച്ചു.

ഉമ്മാ.  ഉമ്മാ...!

1 അഭിപ്രായ(ങ്ങള്‍):

  1. deeps പറഞ്ഞു...

    beautifully narrated.. not just time-pass type of writing