വാഴയും വീട്ടമ്മയും
"മീൻ നന്നാക്കിയ വെള്ളം കൊണ്ടെന്നും ഉമ്മറത്തേക്ക് നടക്കുന്നതെന്തിനാണമ്മേ.?" മക്കളെപ്പോഴും അവളോടു ചോദിക്കും.
പുതുതലമുറ.. അവർക്കറിയില്ലല്ലോ!
മീനിലെ സോഡിയവും ഫോസ്ഫറസും
പൊട്ടാസ്യവും ഫെറസും കാശു കൊടുക്കാതെ കിട്ടുന്ന ജൈവവളമാണെന്ന്.
, ഉമ്മറത്തിരിക്കുന്ന കാർന്നോരും ചോദിക്കും
"ഡീ പിറകിലൊഴിച്ചാലെന്താ?" അശ്രീകരം...!
"കുലച്ച വാഴയൊന്ന് വീട്ടിനു മുന്നിൽ കുടുംബത്തിനേറ്റം ഐശ്വര്യമെന്നൂറ്റം
കൊള്ളുന്നയച്ഛനു മീൻവെള്ള കാഴ്ച കണി മോശം, വഴക്കും ശകാരവുമവൾക്കു മിച്ചം.
"ഡാ മോനേ മുന്നിലെ വാഴയിൽ നിന്നൊരു
നാക്കില വെട്ടിത്തരുമോ?" ന്ന ചോദ്യം, കേട്ടാലൂഹിക്കാമവൾക്കിന്നാർത്തവം.
ആരോ പകർന്നൊരന്ധവിശ്വാസത്തെ
അറിഞ്ഞിട്ടും കെടുത്താതെ പിറകെ
തൊട്ടു തലോടുന്നതവളുടെ മരസ്നേഹം.
"ഞാൻ തൊട്ടിട്ട് വാഴേ താൻ കരിയേണ്ട, ഞാങ്കരഞ്ഞോളാമെന്നവൾ തേങ്ങും...!"
വാഴ കുലച്ച്, കായ മുഴുത്ത്, മഞ്ഞച്ച് പഴുക്കാറാവുമ്പോൾ അണ്ണാനെ ശൂ..ശൂവാട്ടി
ചാരുകസേരയിൽ ഫോണിൽ ചടഞ്ഞിരുന്ന
"നവകാല ജന്മി"ക്കൊരു വിളി തോന്നും.
അലസത വിട്ടുണർന്നെണീക്കും.വീരനായി...!
ഉടവാളിന് ഒരൊറ്റ വെട്ടിന് ആരുമറിയാതെ കുലയകത്തെ പത്തായത്തിൽ ..!
"എന്റെയീ ജഡത്തെയൊന്ന് സംസ്കരിക്കൂ. തരൂ എനിക്കീ മരജന്മത്തിൽ നിന്നൊരു മോക്ഷം .!
വാഴയുടെ നിലവിളി,ചെവി കേൾക്കില്ലാർക്കും.
ആത്മാവു പോയ വാഴപ്പിണം.. ഒച്ചയില്ലാതലമുറയിടുമ്പോൾ അവളറിയും.
സസ്യവിളി സഹിക്കാതെയവൾ വന്നു,
കുല പോയവാഴപ്പിണ്ടത്തെ
അച്ചാലും പിച്ചാലുംവെട്ടി,
പിച്ചാത്തിക്കു തുണ്ടം തുണ്ടമാക്കും.
ഉള്ളിലെ വെളുത്ത ഗോളസ്തംഭത്തെ
കണ്ടിച്ചു കിണ്ണത്തിലിട്ടു വേവിച്ചൊരൂറ്റൻ വിഭവമുണ്ടാക്കും.
കൊന്ന പാപം തിന്നു തീർക്കാൻ..!
നാവിൽ രുചിയൂറുന്ന
"ഉണ്ണിപ്പിണ്ടിയച്ചാർ"
മക്കൾക്കേറെ ഇഷ്ടമാണത്,
മക്കളുടെയച്ഛനും, മുത്തച്ഛനും.
അവൾക്കും ഇഷ്ടമില്ലാഞ്ഞിട്ടല്ല.
പാടില്ല, ഉള്ളിലൾസറാണ്..
കുടലിൽ കുറേ പുണ്ണുകൾ!.