മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിനിക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ഓഗസ്റ്റ് 13, 2015

മെഹ്ബൂബ

അന്നു ചിരിച്ചു കളിച്ചു ഐസ്ക്രീം നുണഞ്ഞു  പിരിയാന്നേരം  മെഹ്ബൂബ ചോദിച്ചു.
"ഇക്കായ്ക്കു മട്ടൺ ബിരിയാണിപ്പഴും  ഇഷ്ടമല്ല അല്ലേ?"
"എന്തേ..പ്പോ അങ്ങനെയൊരു ചോദ്യം?  മട്ടൺ ബിരിയാണി ഇഷ്ടല്ലാന്നാലും ഫ്രൈഡ് റൈസ് വാങ്ങിത്തന്നാൽ തിന്നാലോ",  ഞാൻ.. പറഞ്ഞു.
"ഏയ് ഞാൻ വാങ്ങിത്തരോന്നൂലാ..
വീട്ടിലുണ്ടാക്കുന്നുണ്ട്....,
അടുത്തയാഴ്ച  എൻറെ കല്യണത്തിന്ന്,     മട്ടൺ ബിരിയാണിയാണെന്നുപ്പ ഏൽപ്പിക്കുന്നതു കേട്ടു...
മട്ടൺ കൂട്ടുമെങ്കിലിക്കാനേം എൻറെ മാത്രം ഗസ്റ്റായി വിളിക്കായിരുന്നു." !,
മെഹ്ബൂബക്കു വല്യ സങ്കടമായി.  :(
"സാര്യൂല്ലടീ..അതിനടുത്താഴ്ച  മോൻറെ സുന്നത്താ...! നീയും പുയ്യ്യാപ്ലയും വീട്ടിൽ പറയാതെ വരണം ഫ്രൈഡ് റൈസാ ...!"

വരാമ്പറ്റൂലാന്നറിഞ്ഞിട്ടും രണ്ടാളും പരസ്പരം ക്ഷണിച്ചു കരയിച്ചു.
കയ്യിലായ ഐസ്ക്രീം ടിഷ്യൂ കൊണ്ട് തുടച്ചിട്ടും പോണില്ല, ഇനി കഴുകാമെന്ന വ്യാജേന വാഷിനടുത്തേക്കു നടക്കവേ അവളു കാണാതെ കണ്ണുനീരൊപ്പി.
കാറിൻറ കീ മറന്നത് കൈ കഴുകുന്നിടത്തു കൊണ്ടു വന്നവൾ കൂടെയൊരു വെള്ളി മോതിരം  കൂടി നീട്ടി.
"ഇതു നമ്മുടെ ഉമ്മാൻറെതായിരുന്നു. ഇതെങ്കിലുമിക്കാൻറെ കയ്യിലിരിക്കട്ടേ...!"
പിന്നേയ്....
" ഏയ്.. ഇക്കയിങ്ങനെയെൻറ പേരു ചൊല്ലി വിളിക്കണ്ടട്ടോ..!,   എൻറുമ്മാൻറെ ആദ്യത്തെ മോനായാലും നമ്മളാങ്ങളയും പെങ്ങളുമല്ലേ?
മെഹ്ബൂബാന്നു വിളിച്ചാൽ, കേൾക്കണോൽക്കു വല്ല  ഇശ്ക്കാലും  വന്നാലോ?"
"ശരിയനിയത്തീ...! "
നമ്മടെ  ഉപ്പാരുടെ ദേഷ്യം മാറാത്ത കാലത്തോളം നമുക്കു വല്ലപ്പോഴുമിങ്ങനെ സ്വകാര്യമായി തന്നെ കാണാം.

ഞാൻ കാറിനടുത്തേക്കു നടന്നു. അവൾ സ്കൂട്ടറിനടുത്തേക്കും.



ഞായറാഴ്‌ച, മാർച്ച് 22, 2015

റൂഹ്

റൂഹ്.(മിനിക്കഥ)
ഖൈറുന്നിസ  അടുക്കളയിൽ പത്തിരി പരത്തുന്നേരം കൊച്ചു സുഹ്റ അടുത്തിരുന്നു   അരിമാവു കുഴച്ചതു കൊണ്ടു ഒരു  ആനക്കുട്ടിയെ ഉണ്ടാക്കുകയായിരുന്നു.
ഉർദു 'പൂരാ'യും മലയാളം 'കുരച്ചു കുരച്ചു'മറിയുന്ന അവരുടെ  മെയിഡ് ഫാതിമ  അന്നേരം ഖൈറിത്ത പരത്തിയത്   ഓരോന്നെടുത്തു   ചുട്ടു  ചുട്ടു.. വേഗം മുന്നേറുകയായിരുന്നു.
"പത്തിരിക്കു മൂന്നു മറിച്ചിടലാണ്  പാത്തൂ...
ഒന്നു ചൂടാവാൻ,    മറ്റൊന്നു വേവാൻ,      പിന്നൊന്നു പൊള്ളക്കുവാൻ."
ഹൈദ്രബാദി ഹൗസ്മെയിഡിനോടു ജയിച്ചു നിൽക്കാൻ കഴിയാതായപ്പോൾ ഖൈറു പുതിയ തിട്ടൂരമിറക്കി.
സുഹ്റ ഇതിനിടയിൽ ആനക്കുട്ടിയുടെ രൂപം പൂർത്തിയാക്കി അതിനെ മേശപ്പുറത്തു നിർത്തി.
ഫിസിക്കലി സിമ്മെട്രിക്കലല്ലാത്തതിനാൽ നാലു കാലും ഒരുപോലെ മേശയിൽ തട്ടാതെ അതു പിന്നെയും പിന്നെയും മറിഞ്ഞു വീണു.
ഖൈറുന്നിസ അതു തന്നെ നോക്കിയിരുന്നു.

ശരിക്കും നല്ല വെളു വെളുത്ത .... ആനക്കുട്ടി തന്നെ.
ഐരാവതം!
മനസ്സിൽ ആദ്യം തോന്നിയതതാണ്,. പക്ഷെ പറഞ്ഞതു മറ്റൊന്നും,
"വേണ്ടട്ടോ  പടച്ചോനിഷ്ടല്ലാത്തതു ചെയ്യരുത്. ജീവിരൂപം പടച്ചാൽ മരിച്ചു ചെന്നാൽ റൂഹിട്ടു കൊടുക്കേണ്ടി വരും."

സൂറ ആനക്കുട്ടിയുടെ കാലുകളിലേക്കു  നോക്കി കുറച്ചു നേരമിരുന്നു.
പിന്നെ സ്വയം പറഞ്ഞു.
"വേണ്ടാ...നേർക്കനെ നിക്കാൻ കൂടി വയ്യാത്ത അനക്കനി റൂഹ് വേണ്ടാ...!"

അവൾ ആനക്കുട്ടിയെ കുഴച്ചു വീണ്ടും ഉരുളയാക്കി.
കണ്ണു നിറഞ്ഞതിനാലാവും ഒരു കൈപ്പിഴയിൽ  ആ ഉരുള കയ്യിൽ നിന്നു വീണുരുണ്ടു അവളുടെ വീൽചെയറിനടിയിലെവിടെയോ അപ്രത്യക്ഷമായി.

———————————
(റൂഹ് - പ്രാണൻ)
————————————

തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2010

അളിയങ്കുട്ടി

റിസഷന്‍ കാരണം അക്കൊമൊഡേഷന്‍ സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കി ഓരൊ റൂമിലും ഈരണ്ടു പേരെ കുത്തിനിറക്കുന്നു.
എല്ലാരും ഒഴിവാക്കിയ ആ കൂര്‍ക്കംവലിക്കാരന്‍ സ്റ്റോര്‍കീപ്പറുടെ മുറിയിലാണു എന്നെ തീരുമാനിക്കുന്നതെങ്കില്‍ വള്ളാഹീ, ഞാന്‍ എന്റെ പാസ്പോര്‍ട്ടിലെ വിസ അടിച്ച പേജു കീറി അറബാബിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു ജോലി  ക്യാന്‍സല്‍ ചെയ്തു നാട്ടില്‍ പോകും“.
ഇതു പറയാനാണ് അതിരാവിലെ അളിയന്‍കുട്ടി വിളിച്ചത്‌. 

ആ സ്റ്റോര്‍കീപ്പറുടെ കൂര്‍ക്കം വലി അസഹ്യമാണ്. സത്യം!

കോറത്തുണി വലിച്ചു കീറുമ്പോലെയോ, ഈറന്‍ മുള ചീന്തിയെടുക്കുമ്പോലെയോ ശബ്ദം!.
പക്ഷെ  അതിനെക്കാളുമുപരി അവനു എന്തെങ്കിലും കാരണം പറഞ്ഞു ക്യാന്‍സലാക്കിപ്പോണം!.
കല്യാണം കഴിഞ്ഞതിന്റെ പതിനഞ്ചാമ്പക്കം നാട്ടില്‍ നിന്നു പോന്നതല്ലേ!
അവനെ ഗള്‍ഫില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ എനിക്കുള്ളത്ര താല്പര്യം ആര്‍ക്കുമില്ല.
അവനു വിസക്കു ചെലവായ സംഖ്യ എനിക്കു തിരിച്ചു കിട്ടിയിട്ടില്ല!.

ഒരു ഐഡിയ പറഞ്ഞുതരാം. ഞാന്‍ പറഞ്ഞു തരുന്നതു അതു അതുപോലെ അടുത്ത മീറ്റിംഗില്‍ അറബാബിനോടു തുറന്നങ്ങു പറയുക.
 
“ If you stay one night with him I will give you 1000 Dirhams“

ചെക്കന്‍ മീറ്റിംഗ് കഴിഞ്ഞ ഉടന്‍ വീണ്ടും വിളിച്ചു.
“താങ്ക്യൂ അളിയാ...!“
“അളിയന്‍ പറഞ്ഞപോലെ തന്നെ ഞാന്‍ പറഞ്ഞു. എനിക്കു 1000 ദിര്‍ഹം ഫൈനും,  ഇമ്മീഡിയറ്റ് ടെര്‍മിനേഷനും വിധിയായി.“

“ഓ മൈ ഗോഡ്! നിന്റെ അറബാബ് ഇത്രക്കു ക്രൂരനാണോ?“
എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

“അറബാബ് ആയിരുന്നില്ല, അറബാബിന്റെ മകള്‍ ആയിരുന്നു ഇത്തവണ മീറ്റിംഗിന്“‌.

നല്ല അളിയങ്കുട്ടി !
ബോണ്‍ വൊയേജ് !!.


69500