മരുഭൂവിലെ മഞ്ഞുതുള്ളികൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മരുഭൂവിലെ മഞ്ഞുതുള്ളികൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 24, 2009

ലേഡി ഇന്‍ നൈറ്റ്ക്ലബ്



കന്നിനെ കയം കാണിക്കരുതെന്നാണു ചൊല്ല്‌.
പെണ്ണിനെ നൈറ്റുക്ലബും.(പ്രത്യേകിച്ചു സ്വന്തം ഭാര്യയെ).

ഹാമിദ്‌ വിഡ്ഡിതന്നെയല്ലേ!
വിശ്വാസമാകുന്നില്ലെങ്കില്‍ അവന്റെ ക്രെഡിറ്റുകാര്‍ഡു സ്റ്റേറ്റ്മെന്റു കാണിച്ചു തരാം.
ബോധ്യമാകും.
മൂന്നു വര്‍ഷം മുന്‍പായിരുന്നു അവന്റെ കല്യാണം.
ഇവിടത്തെ ഏറ്റവും പോഷ്‌ ഹോട്ടലുകളൊന്നില്‍ വെച്ച്‌!
വധു "റഗദ്‌" ലബനാനില്‍ നിന്നുള്ള ഇറക്കുമതി.
നിഷ്കളങ്ക, നൂറു ശതമാനവും !
വന്നന്നൊക്കെ മുഖം പാതിയൊഴിച്ചെല്ലാം മറച്ച ഈമാമയായിരുന്നു വേഷം.
വിസയടിക്കാനുള്ള ഫോട്ടോക്കു ശിരോവസ്ത്രം കുറച്ചു മാറ്റിക്കൂടേ എന്നു ചോദിച്ച സ്റ്റുഡിയോക്കാരനോടു അന്നു കയര്‍ത്തതിന്നും ഓര്‍ക്കുന്ന ഞങ്ങളുടെ പി.ആ. ഒ.
സ്റ്റാഫിനെ പരിചയപ്പെടാനാദ്യം ഓഫീസിലെത്തിയ അന്നു അവളുടെ മുഖമെങ്കിലും ഒന്നു കാണാന്‍ കൊതിച്ച ഞങ്ങള്‍.

ഹാമിദ്‌ അന്നു അവള്‍ക്കു തീര്‍ത്തും ചേരാത്തവന്‍ എന്നായിരുന്നു അന്നത്തെ ലഞ്ചു സമയ വിഷയം.

പക്ഷെ പരദൂഷകരെ വിഡ്ഡികളാക്കി എത്രപെട്ടെന്നാണവള്‍ അവനു ചേരുന്നവളായത്‌!

ആ ഹമാമയും അബായയും അഴിഞ്ഞു വീണതെവിടെയാണെന്നാരും കണ്ടില്ല. ഫാഷന്‍ ഡ്രസ്സുകള്‍ കൊണ്ടിത്രക്കും നഗ്നത കാണിക്കാനാവുമെന്നു ഞങ്ങളും മുന്‍പറിഞ്ഞിരുന്നില്ല.


പതിനെട്ടാം വയസ്സു മുതല്‍ ഗേള്‍ഫ്രണ്ടെന്നും, ഫിയാന്‍സി, വുഡ്‌ബി എന്നൊക്കെ പേരിട്ടു ഒരോരോ പെണ്ണുങ്ങളെ അസമയത്തു ഹാമിദിന്റെ കൂടെ കണ്ടു ശീലിച്ച ഞങ്ങളുടെ കണ്ണുകള്‍ക്കു ഭാര്യയേയും കൊണ്ടു നൈറ്റ്ക്ലബില്‍ പോകുന്ന അവനില്‍ ഒരു അധ:പതനവും കൂടുതലായി തോന്നിയില്ല.

എത്രപെട്ടെന്നാണൂ സംഗതികളൊക്കെ മാറിയത്‌.
മരണഭയം തന്നെയാണു മനുഷ്യനെ ജീവിതത്തോടും നന്മയോടും സ്നേഹമുള്ളവനാക്കുന്നത്‌.
അടുത്തടുത്ത രണ്ടു ആക്സിഡന്റുകളും റിസഷന്‍ സമ്മാനിച്ച സാമ്പത്തിക തകര്‍ച്ചയും ഹാമിദിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു.
അവന്‍ ധൂര്‍ത്തിന്റെ ജീവിതരീതികളില്‍ നിന്നു ഏറെ പാത മാറി.
ആണുങ്ങള്‍ ചെളി കാണുമ്പോള്‍ ചവിട്ടും, വെള്ളം കാണുമ്പോള്‍ കഴുകും എത്ര ശരിയാണ്‌.
പുരുഷനു മാറാന്‍ ഒരു നിമിഷം മതി, പെണ്ണിനു നാറാനും.
ഹാമിദിനെ മൊത്തം മാറ്റാന്‍, തൊണ്ടക്കുഴി വരേ എത്തി മടങ്ങിപ്പോയ ഒരു മരണ മാലാഖയുടെ നിഴല്‍ മാത്രം മതിയായിരുന്നു.
പക്ഷെ റഗദിന്റെ വഴി ഇരുട്ടിലേക്കായിരുന്നു. ഇരുട്ടില്‍ നിന്നും കൂടുതല്‍ ഇരുട്ടിലേക്ക്‌. പകലൊക്കെ ശീതീകരണിയില്‍ വെറുങ്ങലിച്ചു കിടന്നുറങ്ങുകയും ഇരുട്ടു വീണാല്‍ ചമഞ്ഞൊരുങ്ങി കഴുകിത്തുടച്ച കാറെടുത്തു നൈറ്റു ക്ലബിലേക്കേതെങ്കിലുമൊരാണിന്റെ ചൂടു തേടി പോകുകയുമെന്നതൊഴിച്ചാല്‍ അവളുടെ ജീവിതത്തില്‍ പ്രത്യേകിച്ചൊരു ചര്യയുമില്ലന്നു തന്നെ പറയാം.

തെറ്റുകള്‍ മനസ്സിലാക്കുകയും അവയൊക്കെ തിരുത്താന്‍ തയ്യാറാവുകയും ചെയ്ത ഹാമിദ്‌, കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വയസ്സായ പിതാവിനു പരമാവധി അവധി കൊടുക്കാന്‍ ഇടക്കിടെ ഓഫീസില്‍ വന്നിരിക്കാന്‍ തുടങ്ങി.


ഒരു പെണ്ണെന്ന ബലഹീനതകള്‍ക്കുള്ളില്‍ നിന്നു മുഴുവന്‍ നേരം കമ്പനി നടത്താന്‍ കഴിയാതെ ചക്രശ്വാസം വലിക്കുകയായിരുന്ന ലൈലക്കു അതു കുഞ്ഞാങ്ങളയുടെ നല്ല സഹായവും സാന്ത്വനവും ആയി.

എല്ലാ മാസവും അവന്റെ അക്കൗണ്ടില്‍ കയറിയിരുന്ന ക്രെഡിറ്റ്‌ പര്‍ച്ചേസ്‌ തുക യുടെ അവരോഹണം അവന്റെ വെളിച്ചത്തിലേക്കുള്ള തിരിച്ചു വരവാണു സൂചിപ്പിച്ചത്‌.
പക്ഷെ റഗദിന്റെ കൈവശമുള്ള സപ്ലിമെന്ററി കാര്‍ഡിലെ ക്രെഡിറ്റ്‌ ലിമിറ്റ്‌ എന്നും മറു കണ്ടം കടക്കുകയായിരുന്നു പതിവ്‌.അതും പറഞ്ഞു ലൈല ഹാമിനെ എന്നും വഴക്കു പറയും. ഇന്നവന്‍ ഒന്നും മിണ്ടാതെ കേള്‍ക്കലാണ്‌. പണ്ടൊക്കെ അതുപറഞ്ഞാല്‍ ഒരു യുദ്ധം കാണാമായിരുന്നു.
കോസമെറ്റിക്കിന്റെയും സുഖഭോഗ വസ്തുക്കളുടെയും കേള്‍ക്കാത്ത പേരുകള്‍ പരിചയപ്പെട്ടതിന്നു ഇവിടെ വന്നിട്ടു അവളോടു മാത്രമേ കടപ്പാടുള്ളൂ. ഹൗസ്‌ ഹോള്‍ഡ്‌ സാധനത്തിന്റെയും ഫുഡ്‌ ഐറ്റത്തിന്റെയും ബില്ലുകള്‍ എന്റര്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഇത്ര കൂടിയ അളവില്‍ ഇവര്‍ ഉപയോഗിച്ചു തീര്‍ക്കുന്നതെങ്ങനെയെന്നു എന്നു പലപ്പോഴും സംശയിച്ചിട്ടുണ്ട്‌.

ചീസും ലബനും തുടങ്ങി പാലില്‍ നിന്നു പിരിഞ്ഞ പല ഭക്ഷണവിഭവങ്ങളുടെ പേരടിച്ച ഹൈപ്പര്‍ മാര്‍ക്കറ്റു ബില്ലു ഹാമിദിന്റെ അക്കൗണ്ടില്‍ ഡബിറ്റു ചെയ്തപ്പോഴാണ്‌ ഓത്തുപള്ളീന്നു ഏഴാം ക്ലാസ്സിലെ മുംതാസു, "പാല്‍ക്കട്ടീ" ന്നു പറഞ്ഞാലെന്താ മൊല്ലാക്കാന്നു ചോദിച്ചതിന്നു ആ സാധനം ജീവിതകാലത്തൊരിക്കലും കാണാത്ത മൊല്ലാക്ക "പാല്‍ക്കട്ടീന്നു പറഞ്ഞില്ലെങ്കിലെന്താ മുംതാസേ !." എന്നു കളിയാക്കി തടി കഴിച്ചിലാക്കിയതോര്‍മ്മ വന്നത്‌ .

ഹാമിദിന്റെ ഉപദേശവും മാറ്റവും അവള്‍ക്കു ചിന്തക്കു വക നല്‍കാത്തതെന്തേ എന്നായിരുന്നു പിന്നീടു ഞങ്ങള്‍ ലഞ്ചു സമയം താണ്ടാന്‍ എടുത്തിട്ട ചര്‍ച്ച.
പറഞ്ഞു തിരുത്താന്‍ കഴിയാത്ത റഗദിനെ പറഞ്ഞു വിടാത്തതെന്തേ എന്നടക്കം പറയാനല്ലേ ഞങ്ങള്‍ക്കാവുമായിരുന്നുള്ളൂ.

അവളു കടന്നുചെന്ന പറുദീസ വിട്ടുപോരാന്‍ അവളുടെ മനസ്സു സമ്മതിച്ചില്ല. മദ്യവും വൈവിധ്യമാര്‍ന്ന മാംസങ്ങളും തീന്മേശയിലും കിടപ്പുമുറിയിലും സുലഭമായപ്പോള്‍ അതിന്റെ സുഖമനുഭവിച്ചവള്‍ക്കു അതു കിട്ടാതായപ്പോള്‍ അന്വേഷിച്ചതിന്റെ ഉറവിടം തേടിപ്പോകാന്‍ രാത്രിയുടെ യാമങ്ങള്‍ ഓരു തടസ്സവുമായില്ല.

റിസഷനെ നേരിടാന്‍ ലൈലയുടെ ആദ്യ നിര്‍ദ്ദേശമായിരുന്നു സ്റ്റാഫിനെ ക്യാന്‍സല്‍ ചെയ്യുക എന്നത്‌. ഹാമിദാണു അതു ലോംഗ്‌ ലീവാക്കി മാറ്റിയത്‌.എനിക്കും ലോഗ്‌ ലീവു കിട്ടേണ്ടതായിരുന്നു. ആഗ്രഹിച്ചതുമാണ്‌. നാട്ടിലെ അച്ചുകൂടത്തില്‍ വിശ്വസ്തനായ ആളെ കാത്തിരിക്കുകയാണനിയന്‍.
ലോംഗ്‌ ലീവു മാറ്റി രാജിക്കത്താക്കി സ്വീകരിക്കണമെന്നു അപേക്ഷിച്ചതാണ്‌. പകരം ലീവു എന്നില്‍നിന്നെടുത്തു മാറ്റി ലീവു ഡ്യൂ ആയ മറ്റൊരാള്‍ക്കാക്കി എന്നു മാത്രം.
പുതിയ ലിസ്റ്റു എന്റെ മുന്നില്‍ ഇരിക്കുന്നു.
ഓരോരുത്തരെ വിളിച്ചു വിവരമറിയിക്കണം.
തുടക്കം മുതല്‍ വായിച്ചു നോക്കി.
ആദ്യം ബോസിന്റെ വീട്ടില്‍ നിന്നു തന്നെ!
രണ്ടു ഫിലിപ്പിനോ ഹൗസ്‌ മെയ്ഡുണ്ട്‌. ഒന്നു മതി.
ഒരു ഹൗസ്ബോയിയുണ്ട്‌. ബംഗാളി. മുജീബ്‌ അലി.അവനേയും ലീവിലയക്കാം.

വന്നിട്ടൊരു വര്‍ഷം തികയുന്നേയുള്ളൂ .
എല്ലുന്തി തൊലി കരുവാളിച്ച ആ പട്ടിണിക്കോലത്തെ സൈറ്റില്‍ നിന്നു ഫോര്‍മാന്‍ തിരസ്കരിച്ചയച്ച അന്നു തന്നെ റിക്രൂട്ടു ചെയ്ത ഏജന്‍സിക്കൊരു വാണിംഗ്‌ ലറ്റര്‍ ടൈപ്പു ചെയ്തു വിസ ക്യാന്‍സല്‍ ചെയ്യാന്‍ ഒരൊപ്പിനായി ചെന്നപ്പോഴാണു ലൈല വീട്ടിലെ ക്ലീനിംഗിനു ഒരു ലേബറെ വേണമെന്നു പറഞ്ഞവനെ അന്നു വീട്ടിലാക്കിയത്‌.
പിന്നെ ഞങ്ങളാരും അവനെ കണ്ടിട്ടില്ല.
ഞങ്ങളുമാത്രമല്ല ആ രണ്ടു ഹൗസുമേഡുകളല്ലാതെ ആരും അവനെ കാണാന്‍ വഴിയില്ല.
വീട്ടിനു പിറകിലെ ഇടുങ്ങിയ ഔട്ട്‌ ഹൗസിലും സദാസമയം ക്ലീന്‍ ചെയ്യേണ്ട കിച്ചന്റെ പിറകു ഭാഗത്തും വീട്ടിലെ ഒരംഗവും വഴിതെറ്റിപ്പോലും എത്താറില്ല.
വീട്ടുകാര്‍ കഴിച്ചു ബാക്കിവരുന്ന ഭക്ഷണം എടുത്തു കഴിക്കാനും ബാക്കി പുറത്തു കളയാനും തന്റെ മേശയില്‍ വെക്കുന്ന ഫിലിപ്പൈനി ഹൗസുമെയ്ഡുകളെ തന്നെ വല്ലപ്പോഴുമേ അവന്‍ കണ്ടിരിക്കൂ.
അങ്ങനെയൊക്കെയാണവിടത്തെ രീതികള്‍.

ഇന്നു അവനെ വീണ്ടും ക്യാന്‍സലാക്കാതെ ലീവിലയക്കാന്‍ തീരുമാനിച്ചത്‌ ഹാമിദിന്റെ അനുകമ്പ.
എല്ലാവരേയും ലീവു സെറ്റില്‍മെന്റിനായി രണ്ടാം തിയതി ഓഫീസിലേക്കു വിളിപ്പിച്ചു.

രണ്ടാം തിയതി പിടിപ്പതു പണിയുണ്ടായിരുന്നു.
ലീവിലയക്കുന്ന ഒരോരുത്തരുടേയും പെയ്മെന്റും പാസ്പോര്‍ട്ടും പി.ആര്‍. ഒ യെ ഏല്‍പ്പിച്ചു ഉച്ചക്കുണ്ണാന്‍ ഇരിക്കുന്നതിന്റെ തൊട്ടു മുന്‍പാണ്‌
ഹാമിദിന്റെ ഫോണ്‍
"വണ്ടിയുടെ ബ്രേക്കു പ്രോബ്ലം റിപ്പയര്‍ ചെയ്തോ?"
വിജയേട്ടനോടു ചോദിച്ചു പറയാമെന്നു മറുപടി കൊടുത്തുടനെ വെച്ചു.
"നമ്മുടെ വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ ധൈര്യമില്ല കമ്പനിയില്‍ തന്നെ കൊടുക്കേണ്ടി വരും. അവിടെ എത്തിക്കാന്‍ ഡൈവു ചെയ്യാന്‍ സുരക്ഷിതത്വം ഇല്ലാത്തതിനാല്‍ റിക്കവറിക്കാരെ വിളിക്കണം"
വിജയേട്ടന്‍ പറഞ്ഞു.
"വണ്ടി ക്ലീന്‍ ചെയ്തു പാര്‍ക്കിംഗിലിട്ടിരിക്കയാണ്‌. താക്കോലു ഞാന്‍ മുകളിലെത്തിക്കാം. റിക്കവറിക്കാരു വന്നാല്‍ താക്കോല്‍ കൊടുക്കണം. വരുമ്പോള്‍ ഞാന്‍ ഇല്ലെങ്കിലോ?
.
ഞാന്‍ ഹാമിദിനെ വെളിച്ചു വിവരം പറഞ്ഞു.
പിറകെ വിജയേട്ടന്‍ കൊടുത്തയച്ച കീ കിട്ടി. അതു ഞാന്‍ ബോര്‍ഡില്‍ തൂക്കി. കര്‍ട്ടന്‍ നീക്കി താഴോട്ടു നോക്കി. ചാരനിറമുള്ള നിസാന്‍ താഴെ കിടപ്പുണ്ട്‌.
മദപ്പാടുള്ള കൊമ്പനെപ്പോലെ!
ആളെക്കൊല്ലാന്‍ നോക്കിയതാണ്‌. രണ്ടു വട്ടവും ഹാമിദ്‌ രക്ഷപ്പെട്ടു.
അതു കൊണ്ടാണു ഒരു ചെറിയ മിസ്സിംഗുണ്ടായാല്‍ ഹാമിദ്‌ അവനെ വര്‍ക്ക്ഷോപ്പില്‍ കയറ്റുന്നത്‌. നിസാന്‍ ഹാമിദിന്റെയായതിനാലാണും വിജയേട്ടനു സ്വന്തം വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ പേടി.
വില്‍ക്കാന്‍ പറഞ്ഞതാണ്‌. പക്ഷെ തല്‍ക്കാലം വേണ്ട എന്നു പറഞ്ഞു നിര്‍ത്തി.ഇപ്പോള്‍ വിറ്റാല്‍ വിലകിട്ടില്ല. റിസഷന്‍ സമയത്തു പുതിയതു വാങ്ങാനുമാവില്ല.

രണ്ടാമത്തെ ഷിഫ്റ്റിലാണു ഹൗസ്മേഡും മുജീബലിയും എത്തിയത്‌.
ആ ബംഗാളിയെ ആരും തിരിച്ചറിഞ്ഞില്ല.
ഒറ്റക്കൊല്ലം കൊണ്ടു ബട്ടറും ചീസും കേറ്റി അവനങ്ങു വെളുത്തു തുടുത്തിരിക്കുന്നു.
മട്ടനും ചിക്കനും ബീഫും തിന്നു തടിച്ചു കൊഴുത്ത ഉടല്‍. (കിണറ്റില്‍ കരയില്‍ വീണ അവിലുമണി പോലെ).
തുടുതുടാ ചുവന്ന കവിള്‍ കണ്ടാല്‍ ബംഗാളിയെന്നു പറയില്ല.
ഒന്നാംതരം അറബിച്ചെക്കന്റെ ലുക്കാണ്‌.

അറബിയുടെ ഉച്ചിഷ്ടത്തിനും ഇത്രക്കു പോഷണമോ എന്നു മനസ്സിലോര്‍ത്തു, ഞങ്ങളൊക്കെ അസൂയകൊണ്ടു ജ്വലിച്ചു.
ഓഫീസില്‍ വരികയായതിനാല്‍ കുളിച്ചു വെടിപ്പായി ഉള്ളതില്‍ നല്ല ഉടുപ്പിട്ടാണവനെത്തിയത്‌.
ആരും കണ്ടാലൊന്നു നോക്കും. (അറബി പോപ്പ്‌ ഗായകന്‍ ഹിഷാം അബ്ബാസിനെ പ്പോലെ)
അതെ!
അതു തന്നെയാണു റഗദിനും പറ്റിയത്‌.
അവള്‍ ഉച്ചയുറക്കനെണീറ്റു വരുന്ന വഴിയായിരുന്നു. പകല്‍ വെട്ടെത്തു വരുന്ന പതിവില്ല. പക്ഷെ ക്രെഡിറ്റ്‌ കാര്‍ഡ്‌ ബ്ലോക്കായിരിക്കുന്നു. കാഷ്‌ബോക്‍സില്‍ നിന്നു ഉള്ളതത്രയും ഊറ്റാനാണു വരവെന്നു മനസ്സിലായി. വൗച്ചര്‍ ഒപ്പിട്ടു കാശു വാങ്ങുമ്പോള്‍ അവള്‍ ബംഗാളിയെ ചെരിഞ്ഞൊന്നു നോക്കി.
പിന്നെ തിരിഞ്ഞു നിന്നെന്നോട്‌.
" മിനു ഹാദാ?" (അരാണിവന്‍)
ഞാന്‍ പറഞ്ഞു.
"അന്തി മാ അറഫ്‌? വഹുവ ഫറാഷ്‌ ലില്‍ ബയത്ത്‌, മിന്‍ സമാന്‍!"(ഇവനെ അറിയില്ലേ! നാളേറെയായല്ലോ ഇവന്‍ നിങ്ങളുടെ വീട്ടില്‍ ക്ലീനിംഗ് ബോയ്)
"വല്ലാഹി, അന മാഫി ശൂഫ്‌!" ( ദൈവമേ ഞാന്‍ ഇതുവരെ കണ്ടില്ലല്ലോ!)
അവള്‍ അവനെ അടിമുടി നോക്കി.
അവന്‍ ആ നോട്ടത്തില്‍ പെണ്ണിനെപ്പോലെ നാണം കൊണ്ടു. ശപ്പന്‍!
ഇതുവരെ ഒരു പെണ്ണിലും ഞാന്‍ കണ്ടിട്ടില്ലാത്തതിനാല്‍ ആ ആണിനെ നോട്ടത്തില്‍ എന്റെ തൊലിയുരിഞ്ഞു പോകുന്നതു പോലെ തോന്നി.
ഞാന്‍ വെറുപ്പോടെ മുഖം തിരിച്ചതവള്‍ കാണാത്തതിനാലാവും അവള്‍ ചോദിച്ചു.
"ശൂ മുഷ്കില്‍ ഹുവ ?" (എന്താണിവന്റെ പ്രശ്നം?)
ഞാന്‍ നീരസത്തോടെ പറഞ്ഞു.
"ശരിക്ക റീദ്‌ ക്യാന്‍സല്‍ ഹുവ! മാ റീദ്‌ നഫറാത്ത്‌ അക്സര്‍".( കമ്പനി അവനെ ക്യാന്‍സലാക്കുകയാണ്.ഇപ്പോള്‍ ആളുകള്‍ അധികമാണ്).
"മിനു ഖബ്ബര്‍?"( ആരു പറഞ്ഞു?)
അവള്‍ എന്റെ നേരെ ഒരു ചാട്ടം!
' അന രീദ്‌ ഹുവ.(എനിക്കിവനെ വേണം)
താഅല്‍ യാ റഫീഖ്‌!"( വരൂ പ്രിയപ്പെട്ടവനേ!)
അവള്‍ അധികാരത്തോടെ അവനെയും വിളിച്ചു പുറത്തിറങ്ങും വഴി അവള്‍ ബോര്‍ഡില്‍ നിന്നും നിസ്സാന്റെ കീ തെരെഞ്ഞെടുത്തു .
" ഖബര്‍ ഹാമിദ്‌! അന റീദ്‌ ഹാദാ നിസ്സാന്‍ സയാറ, ഖബര്‍ വിജയന്‍ ഗസ്സല്‍ താനി സയ്യാറ മഹല്‍ അന, അന ഈജി ബിലൈല്‍".( ഹാമിദിനോടു പറയൂ അവന്റെ വണ്ടി ഞാനെടുക്കുന്നു. വിജയനോടൂ പറയ്യൂ എന്റെ വണ്ടി രാത്രിയിലേക്കു കഴുകിയിടാന്‍!)

എനിക്കെന്തെങ്കിലും പറയാന്‍ ഇടകിട്ടുന്നതിനു മുന്‍പെ അവള്‍ ബംഗാളിയുടെ കയ്യും പിടിച്ചു ലിഫിറ്റിലേക്കു കയറി.

അവളുടെ മൊബെയിലില്‍ വിളിച്ചു ആ വണ്ടിയുടെ ബ്രേക്കു കണ്ടീഷനിലല്ലന്ന വിവരം പറയാം എന്നു കരുതി ധൃതിയില്‍ നമ്പരു ഡയലു ചെയ്തപ്പോഴേക്കും അവള്‍ വണ്ടി സ്റ്റാര്‍ട്ടാക്കി മെയിന്‍ റോഡില്‍ കയറി കത്തിച്ചു വിടുന്നത്‌ കണ്ടു. അവള്‍ ഫോണെടുക്കുന്നുമില്ല. ഹിഷാം അബ്ബാസിന്റെ പോപ്പ്‌ മ്യൂസിക്കില്‍ എല്ലാം മറന്നതാവും.
മറുപടി ഇല്ലാത്ത എന്റെ ഫോണ്‍ ഡയലിംഗ്‌ മണിയൊച്ച സ്വയം നിലക്കുന്നതുവരെ കാതില്‍ ചേര്‍ത്തു പിടിച്ചു ഗ്ലാസ്സിലൂടെ അവളുടെ പോക്കു നോക്കി നില്‍ക്കുമ്പോഴും നാളെ അപ്രതീക്ഷിതമായി ഓഫീസിനവധി നല്‍കുകില്‍ എനിക്കു സ്വീകരിക്കേണ്ടി വന്നേക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചായിരുന്നു അന്നേരം ഞാന്‍ ചിന്തിച്ചത്‌.




ഞായറാഴ്‌ച, ജൂലൈ 29, 2007

ഏലസ്സ്‌

ഈയാഴ്ച ഇതു നാലാമത്തെ തവണയാണു നസീമാന്റെ മിസ്‌ കാളിനു ഞാന്‍ മൊബെയിലിലെ ക്രെഡിറ്റു കളയുന്നത്‌. ഒരു കാര്യവുമില്ല. റജബ്‌ 13 എന്ന തിയതിയും അതിന്റെ അപകടവും ഓര്‍മ്മിപ്പിക്കാനാണ്‌.

അന്നാണു അവളു കെട്ടിയ ആ ഏലസ്സിന്റെ ശക്തി ക്ഷയിക്കുന്ന ദിവസം.

രണ്ടു എയര്‍പോര്‍ട്ടിലും മെറ്റല്‍ ഡിക്റ്റേറ്റര്‍ അപകടസൂചന നല്‍കിയ ബീപ്‌ ബീപ്‌ ശബ്ദം പുറപ്പെടുവിച്ചതു ആ ചെമ്പിന്റെ ഏലസ്സു കാരണമായിരുന്നു . കോഴിക്കോട്ടതു കണ്ട ഉദ്യോഗസ്ഥന്‍ നിസ്സാരമട്ടില്‍ "പോ" എന്നു ചൊല്ലി. എന്നാല്‍ ദുബൈയില്‍ അതു കേട്ടു ഓടി വന്നതു ഒരു കൂട്ടം സെക്യൂരിറ്റി പോലീസുകാരായിരുന്നു. തന്റെ അരയില്‍ കെട്ടിയ ലോഹനിര്‍മ്മിത ഏലസ്സു അഴിച്ചെടുത്തു സംശയത്തോടെ കുത്തിത്തുറന്ന പ്രധാന പോലീസുകാരന്‍ ചുരുട്ടി മടക്കിയ ഒരു കടലാസു അതിനുള്ളില്‍ നിന്നു പുറത്തെടുത്തു പണിപ്പെട്ടു നിവര്‍ത്തിയപ്പോള്‍ അതില്‍ നിറയെ കള്ളിവരച്ചതിനുള്ളിലെ അറബിയക്ഷരം പോലെ തോന്നിക്കുന്നവ കണ്ടു രഹസ്യകോഡുകളാണെന്നയാള്‍ സംശയിച്ചതില്‍ അയാളെ കുറ്റപ്പെടുത്താനാവില്ല.
ഒന്നും മനസ്സിലാവാഞ്ഞിട്ടാവും അതിന്റെ ഒരുഫോട്ടോസ്റ്റാടുത്ത്‌ അതിലെന്റെ പാസ്പോര്‍ട്ടു നമ്പറും സ്പോണ്‍സറുടെ ഫോണ്‍ നമ്പറുമെഴുതിയെടുത്തു അയാള്‍ കൗണ്ടറിലിരുന്നയാള്‍ക്കു കൊടുത്തു, എന്റെ മുഖത്തെ കൂസലില്ലായ്മ നിരീക്ഷിച്ചു ഒരു പുച്ഛരസത്തോടെ ബാക്കിയൊക്കെ എന്റെ കയ്യിലേക്കിട്ടു തന്നു.

റൂമിലെത്തി, സുഖമായെത്തിയ വിവരം പറയാന്‍ നസീമയെ വിളിച്ചപ്പോള്‍ പുലര്‍ച്ചെ നാലുമണിയായിരുന്നു.
ദുബൈ പോലീസു ഏലസ്സു തുറന്ന വിവരം ഒരു തമാശയോടെ പറഞ്ഞപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു ചോദിച്ചു.

"എന്നിട്ടതു അപ്പോള്‍ തന്നെ അടച്ചില്ലേ?"
"അതിനകത്തെ ലിഖിതം വെളിച്ചം കാണിക്കാന്‍ പാടില്ല. ഉടനെ ആ കടലാസു നന്നായി മടക്കി ഏലസ്സിനുള്ളിലാക്കി അടച്ചു സീല്‍ ചെയ്യണം. ഇല്ലങ്കില്‍ അതു പുറത്തായ സമയം അതിനു ഫലം ഉണ്ടാവില്ല. പകരം, ഇനി വരുന്ന എല്ലാ അതേ 'തിഥി'കളിലും അതിനു വിപരീത ഫലം തീര്‍ച്ചയായും ഉണ്ടാവും".

പേടിച്ചു കൊണ്ടല്ല ഞാന്‍ അതു ചുരുട്ടി ലോഹകൂടിനകത്താക്കി അടച്ചു സൂപ്പര്‍ ഗ്ലൂ കൊണ്ടു സീല്‍ ചെയ്‌തതു, മറിച്ചു അവള്‍ ആദ്യമായി വളരെ ഗൗരവത്തോടെ അഭ്യര്‍ത്ഥിച്ച ഒരു കാര്യം തള്ളിക്കളയാന്‍ എനിക്കവളൊടുള്ള സ്നേഹം സമ്മതിക്കാത്തതതു കൊണ്ടു മാത്രമായിരുന്നു.

അങ്ങനെയാണ്‌ റജബു 13ന്റെ തിഥി (ഏഴാമത്തെ ചന്ദ്രമാസത്തിന്റെ ഒരു രാവും പകലും)അവള്‍ക്കു പേടിസ്വപ്നമായ രാപ്പകല്‍ ആയത്‌.

അന്ധവിശ്വാസങ്ങളുടെ ആലയമാണു തന്റെ വീടെന്നതു അയാളെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്‌.ഒരു പനി വന്നാലും നാലു തുമ്മല്‍ ഒന്നിച്ചു തുമ്മിലായാലും ആദ്യമോര്‍ക്കുക ആരെങ്കിലും ചെയ്യാനിടയുള്ള ആഭിചാരത്തെക്കുറിച്ചായിരിക്കും. വീട്ടിലെ ഉപ്പും മുളകും കടുകും ഏറ്റവും ഉപയോഗിച്ചിട്ടുണ്ടാവുക പാചകത്തിനാവില്ല, മറിച്ചു ഉഴിഞ്ഞും മന്ത്രിച്ചും അടുപ്പിലിടാനായിരിക്കും.

ഉമ്മയുടെ ഏകമകനായ താന്‍ ഒരു ബേക്കറിയിലെ കണക്കെഴുത്തു ജോലിക്കാരനായി കര്‍ണ്ണാടകയിലെഷിമോഗയിലേക്കു പോകുന്നതു വരെ എന്റെ മാതാവിനു ഇത്തരം തീവ്രമായ വിശ്വാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ചെലവു ചുരുക്കണമെന്ന ബുദ്ധിയില്‍ ബേക്കറിക്കു പിന്നിലെ ഒരു വീട്ടില്‍ പേയിംഗ്‌ ഗസ്റ്റായി ചേര്‍ന്നപ്പോള്‍ ആ വീട്ടില്‍ ഒരു വിധവയും മൂന്നു പെണ്‍കുട്ടികളും മാത്രമേയുള്ളൂവെന്നതാദ്യം അറിയില്ലായിരുന്നു.

കിടക്കാനും കുളിക്കാനും സൗകര്യവും മൂന്നു നേരം ഭക്ഷണവും നാന്നൂറു രൂപക്കു ഏര്‍പ്പാടാക്കി തന്ന ബേക്കറിയുടമക്കു ഞാന്‍ ആദ്യം നന്ദി പറഞ്ഞു. ചില്ലറ ചെലവു കഴിഞ്ഞു ബാക്കിയായ രണ്ടായിരം രൂപ മാസാമാസം വീട്ടിലയച്ചു.

പിന്നെ എപ്പോഴാണു ഞാന്‍ എന്റെ വീട്ടിലേക്കു കാശയക്കുന്നതു കുറഞ്ഞു കുറഞ്ഞ്‌ വന്നതെന്നോര്‍ക്കുന്നില്ല. പിന്നെ പിന്നെ അവസാനം അതു തീരെയില്ലാതെയായി. അപ്പോഴേക്കും ഞാന്‍ അവരുടെ ചായ്പ്പില്‍ നിന്നു അകത്തെ മുറിയിലേക്കു മാറിയിരുന്നു. ആ വീട്ടുകാര്‍ എന്നെ ആ വീട്ടിലെ അംഗത്തെപ്പോലെ കരുതുന്നുവെന്നെനിക്കു താന്നി.
ആ വീട്ടിലെ സാമ്പത്തിക ബാധ്യതയുള്ള ഏതൊരു കാര്യത്തിലും അവസാന തീരുമാനമെടുക്കാന്‍ അവരെന്നെ കാത്തിരിക്കുമായിരുന്നു. ആ സ്ത്രീ എന്റെ ആരായിരുന്നു?,ആ മൂന്നു പെണ്മക്കള്‍ എന്റെ ആരായിരുന്നു?. എനിക്കൊരോര്‍മ്മയുമില്ല. പക്ഷെ ശമ്പളം കിട്ടുന്ന ദിവസം ഞാന്‍ അവരെ ഓര്‍ത്തു വല്ലാതെ സങ്കടപ്പെടും. അന്നവരുടെ കണ്ണില്‍ നിന്നൊരുപാടു കണ്ണീര്‍ ഒഴുകി എന്റെ ചോറ്റില്‍ വീഴും. പിന്നെ ഒന്നുമോര്‍ക്കാതെ, രണ്ടാമതൊന്നു ചിന്തിക്കാതെ, അമര്‍ത്തിപ്പിടിച്ച നോട്ടുകള്‍ അവര്‍ക്കു നല്‍കും. അവരോടു തോന്നിയ വികാരമെന്തായിരുന്നു. ലൈംഗികചിന്തയണോ, ദയയാണോ, അതോ വിധേയത്വമോ തീര്‍ച്ചയില്ല. ഒന്നും എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങള്‍.
പക്ഷെ ഇനിയുള്ളത്‌ എന്റെ ഉമ്മയും ഉമ്മയില്‍ നിന്നു ഭാര്യ കേട്ടതുമായ കാര്യങ്ങള്‍.

അഞ്ചു വര്‍ഷത്തോളം എന്നെക്കുറിച്ചു യാതൊരു വിവരവും പൈസയും കിട്ടാത്തതു കൊണ്ടാണു എന്റെ വീട്ടുകാര്‍ ആദ്യമായി ഏന്തീന്‍ മൊല്ലയുടെ അടുത്തു പോയതെത്രേ!

ഞാന്‍ കൈവിഷത്തിനടിമപ്പെട്ടു വെന്നും തിരിച്ചു കൊണ്ടു വരിക വിഷമം പിടിച്ചതാനെന്നും അയാള്‍ മഷിനോക്കി പറഞ്ഞെത്രേ,. തീവ്രമായ ആഭിചാരത്തിലൂടെ എന്നെ നൊസ്സനാക്കി മാത്രമേ തിരിച്ചു കൊണ്ടുവരാന്‍ പറ്റൂ എന്നയാള്‍ മുന്നറിയിപ്പു കൊടുത്തത്രേ!

എങ്ങനെയെങ്കിലും എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയാല്‍ മതിയെന്നായി ഉമ്മ.

അതിന്നായി മൊല്ല, മന്ത്രം ചൊല്ലി ഊതിയ ഒരു മഴുക്കാമ്പ്‌ നല്‍കി. അതു പതുക്കെ ചൂടാക്കാന്‍ പറഞ്ഞു. ഷിമോഗയില്‍ നിന്നു ഒരാള്‍ നാട്ടിലെത്താന്‍ എടുക്കുന്ന സമയം കണക്കു കൂട്ടി പതുക്കെ മാത്രമേ ചൂടാക്കാന്‍ പാടുള്ളൂ എന്നും ആള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതു വെള്ളത്തിലിട്ടു തണുപ്പിക്കണമെന്നും, എത്തിയ ഉടന്‍ ആളെ പൂട്ടിയിടണമെന്നും മൊല്ല നിര്‍ദ്ദേശം നല്‍കി. അതിനു ശേഷമുള്ള ചികില്‍സ മൊല്ലയെ വിവരമറിയിച്ചതിനു ശേഷം അയാള്‍ നേരിട്ടു ചെയ്യാമെന്നും പറഞ്ഞത്രേ.

ഭ്രാന്തനായിട്ടാണു ഞാന്‍ ഷിമോഗയില്‍ നിന്നു നാട്ടിലെത്തിയതെന്നു സത്യം.
ബേക്കറിയിലെ കൗണ്ടരില്‍ നിന്നു കിട്ടിയ കാശു വാരിയെടുത്തു കണ്ട വാഹനത്തിനൊക്കെ കയറി നാട്ടിലെ വീട്ടിലെത്തുന്നതു വരെ ഭക്ഷണം പോലും കഴിക്കണമെന്നു തോന്നിയിരുന്നില്ല.
അതിനു മുന്‍പ്‌ കുറച്ചു പൈസ അഡ്വാന്‍സു ചോദിച്ചിട്ടും തരാത്ത മുതലാളിയുമായി വഴക്കായി അയാളെ പിടിച്ചു തള്ളിയപ്പോള്‍ അയാള്‍ ചെന്നു വീണതു ഉരുക്കുകൊണ്ടുള്ള പാക്കിംഗ്‌ മെഷീനില്‍. തല പൊട്ടിയോ ബോധം പോയോ എന്നൊന്നും ശ്രദ്ധിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച എനിക്കന്നേരം എന്തു ഭ്രാന്താണെന്നറിയില്ലായിരുന്നു.

നട്ടപ്പാതിരക്കു വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അപ്പോഴും ഉമ്മ കാത്തിരിക്കുകയായിരുന്നു. എന്നെ സ്വീകരിച്ചൊരുമുറിയില്‍ കൂട്ടികൊണ്ടിരുത്തി ആ മുറി പുറത്തു നിന്നും സൂത്രത്തില്‍ പൂട്ടിയ ഉമ്മ നേരെ പോയതു അടുപ്പില്‍ നിന്നു ചുട്ടുപഴുത്ത്‌ മഴുത്തായയെടുത്തു വെള്ളത്തില്‍ മുക്കാനായിരുന്നു.
പെട്ടന്നു ഒരു ബാധ ഒഴിഞ്ഞെന്നപോലെ ഞാന്‍ തളര്‍ന്നു വീണു.

എന്റെ ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും ഷിമോഗയെക്കുറിച്ചും അവിടത്തെ നിരാലംബരായ നാലു മനുഷ്യരെക്കുറിച്ചും ഓര്‍ത്തു. എനിക്കവിടെ പോകാന്‍ തിടുക്കമായി. പക്ഷെ കരഞ്ഞു പറഞ്ഞിട്ടും ആരും വാതില്‍ തുറന്നു തന്നില്ല. വീണ്ടും ഞാന്‍ കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയി.പൂജാമന്ത്രങ്ങളും കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും മണവും അനുഭവിച്ചാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌. തൊട്ടു മുന്നില്‍ കര്‍മ്മം നടത്തുന്ന മൊല്ല. എന്റെ കൈകാലുകളില്‍ ബന്ധിച്ച ചങ്ങല.മാസങ്ങള്‍ നീണ്ടു നിന്ന ചികില്‍സ. ഞാന്‍ പൂര്‍വാ സ്ഥിതിയിലേക്കു മാറിയെന്നവര്‍ക്കു ബോധ്യമായി.

അപ്പോഴേക്കും ഞാന്‍ ഷിമോഗയിലെ പണിയെക്കുറിച്ചും അവിടത്തെ മനുഷ്യജീവികളെക്കുറിച്ചും ഏതാണ്ടു മറന്നു കഴിഞ്ഞിരുന്നു.

എന്നില്‍ നിന്നു കൈവിഷത്തിന്റെ കെട്ടു വിട്ടുപോയി എന്നു പൂര്‍ണ്ണമായി ബോധ്യപ്പെട്ടപ്പോഴാണ്‌ നസീമയുമായുള്ള വിവാഹം നടത്തിയത്‌.നസീമാന്റെ ദുബൈയിലുള്ള സഹോദരന്റെ സഹായത്തോടെയാണു ഞാന്‍ ഗള്‍ഫില്‍ എത്തിയത്‌.

ഉമ്മയില്‍ നിന്നു ചൊരിഞ്ഞ ആഭിചാരകഥകളുടെ കടുത്ത ചായക്കൂട്ടുകള്‍ മനസ്സില്‍ പതിഞ്ഞതു കൊണ്ടാവണം നസീമാക്കു ഉമ്മയെക്കാള്‍ അന്ധവിശ്വാസങ്ങള്‍ കൂടുതലായിരുന്നു. അതിന്റെ പ്രകടോദാഹരണമായിരുന്നു നാട്ടില്‍ നിന്നു പുറപ്പെടുന്നദിവസം അരയില്‍ കെട്ടിത്തന്ന ഈ ഏലസ്സ്‌.

ഇന്നു റജബുമാസം 13 വ്യാഴാഴ്ചയാണ്‌.ദുബൈ പോലീസു എന്റെ ഏലസ്സു കുത്തിത്തുറന്ന നേരം. ഉച്ചതിരിഞ്ഞു 4 മണി. ഇനി വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണി വരെ ചന്ദ്രമാസത്തിലെ തിഥിയാണ്‌. വെള്ളിയാഴ്ച്ചരാവു പ്രേതങ്ങള്‍ക്കും പ്രവാസികള്‍ക്കും പ്രിയപ്പെട്ട ദിവസം.

ഞാന്‍ അരയില്‍ നിന്നു ഏലസ്സു അഴിച്ചെടുത്തു. ഇന്നെങ്കിലും ഇതിന്റെ തടസ്സമില്ലതെ ഒന്നു സ്വതന്ത്രനാവണം. ശക്തിയില്ലാത്ത ഇതു ഇന്നു ശരീരത്തില്‍ കെട്ടിനടക്കുന്നതില്‍ കാര്യമില്ല. ഞാന്‍ അതു കട്ടിലിനു മീതെ ചുമരിലെ ആണിയില്‍ തൂക്കി. പ്രതിഷേധമെന്നോണം അതു ആ ആണിയില്‍ കിടന്നു അസ്വഭാവികതയോടെ പെന്‍ഡുലം കണക്കെ കുറേ നേരം ആടി.

ആട്ടം നിന്നപ്പോള്‍ എനിക്കിന്നു ബീച്ചില്‍ പോകണമെന്നു തോന്നി.സാധാരണ വ്യാഴാഴ്ച രാത്രി ഞാന്‍ ആ ബീച്ചില്‍ പോകാറില്ല. അന്നു അവിടം മുഴുവന്‍ ബീറടിക്കാന്‍ വരുന്ന താഴെക്കിടയിലെ തൊഴിലാളികളും കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്ന ശ്രീലങ്കന്‍ ഹൗസ്‌മേഡുകളും അവരുടെ കാമുകന്മാരും രാവേറെ ചെല്ലുന്നതു വരെ ആ കടപ്പുറത്തു നിറഞ്ഞിരിക്കും.

അത്യുഷ്ണം ബാക്കിയാക്കിയിട്ടു പോയ ചുടുബാഷ്പവും ജനക്കൂട്ടം ബാക്കിയാക്കിയിട്ടു പോയ നിശ്വാസവായുവും പൊട്ടിയ മദ്യക്കുപ്പികളും എന്നെ സാധാരണ വ്യാഴാഴ്ചകളില്‍ അങ്ങോട്ടു പോകാന്‍ പ്രേരിപ്പിക്കാറില്ല.

അരമണിക്കൂര്‍ നടക്കാനുള്ള ദൂരം വെറും പത്തുമിനിട്ടു കൊണ്ടു താണ്ടി ഞാനവിടെയെത്തി.സൂര്യന്‍ തിരക്കിട്ടു അസ്തമിക്കുകയാണ്‌. കടലലകള്‍ക്കു ചുടു ചോരയുടെ നിറം. ആള്‍ക്കൂട്ടം മിക്കവാറും പിരിഞ്ഞു പോയിരിക്കുന്നു.

ഞാന് ഉയര്‍ന്നു നില്‍ക്കുന്ന ആ പാറക്കെട്ടിന്റെ മുകളിലിരുന്നു കടലിലേക്കു നോക്കി ഏറെ നേരമിരുന്നു.നേരം വളരെ വൈകിയിരിക്കുന്നു. എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. എനിക്കു എന്നിട്ടും പേടി തോന്നിയില്ല. വിജനമായ കടപ്പുറം പ്രതീക്ഷിച്ചാണു ഞാന്‍ അത്രനേരം അവിടെയെരുന്നതെന്നു തന്നെയെനിക്കു തോന്നി.

പെട്ടന്ന് ഞാനിരിക്കുന്ന പാറയുടെ മറുവശത്തു നിന്നും ഒരു പാടു സ്ത്രീകളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും ഇടക്കിടക്കു വേദനപൂണ്ടെന്നപോലെയുള്ള അലറിക്കരച്ചിലുകളും എനിക്കു കേള്‍ക്കാനായി. ആകാശത്തില്‍ പൂര്‍ണ്ണചന്ദ്രനുണ്ട്‌.

ഞാന്‍ പതിയെ നടന്നു പാറക്കു മറുവശം ചെന്നു. അവിടെ ഒരു കാഴ്ച കണ്ടു ഞാന്‍ പേടിച്ചു വിറച്ചു. ആ പാറക്കു ഒരു ഗുഹയുള്ളതായും അതിന്റെ വശങ്ങള്‍ അസ്ഥികള്‍ പതിച്ചു മോടിപിടിപ്പിച്ചതായും ഗുഹയുടെ ഏറ്റവും അറ്റത്തു നിന്നും വരുന്ന തീവൃമായ പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്ന അനേകം മനുഷ്യ തലയോട്ടികള്‍ നിരന്നു കിടക്കുന്നതും ഞാന്‍ കണ്ടു.



എന്റെ കാലുകള്‍ എന്റെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ടു ആ ഗുഹാമുഖത്തേക്കു എന്നെ നയിക്കുകയാണ്‌. എന്റെ തലയും കൈകളും കഴിയുന്ന വിധം എതിര്‍ത്തു നോക്കുന്നുണ്ട്‌. പക്ഷെ എന്തു കാര്യം. കാലിനാണു മണ്ണിനെ തൊടാനാവുന്നത്‌. ഗുഹയിലെത്തി നടത്തം നിര്‍ത്തി. പിന്നെ കയ്യിന്റെ ഊഴമായി. അതു താഴെകിടക്കുന്ന ഒരു തലയോട്ടി കുനിഞ്ഞെടുത്തു വെണ്ണപോലെ മൃദുലം, കണ്ണാടി പോലെ മിനുസം.

എന്റെ കാലുകള്‍ തിരിഞ്ഞു നടക്കുകയാണ്‌.മണലിലെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ തട്ടി എന്റെ പാദങ്ങളില്‍ നിന്നു ചോരയൊലിക്കുന്നതു ഞാന്‍ കൂസുന്നില്ല. റൂമിലെത്തിക്കഴിഞ്ഞാണു കറന്റില്ലെന്നു മനസ്സിലായത്‌.എമര്‍ജന്‍സി ലൈറ്റു തപ്പാന്‍ വിരലുകള്‍ നിവര്‍ത്തിയപ്പോഴാണു എന്റെ കയ്യില്‍ നിന്നു ആ തലയോട്ടി കിടക്കയില്‍ വീണത്‌. ഞാന്‍ അതെടുത്തു മേശപ്പുറത്തു വെച്ചു. എമര്‍ജന്‍സി ലൈറ്റ്‌ സാധാരണ വെക്കുന്ന സ്ഥലത്തൊന്നും കണ്ടില്ല.
പെട്ടന്നാണു തലയോട്ടിയില്‍ നിന്നും പ്രകാശധാര വന്നു മുറിയെ വെളിച്ചത്തില്‍ കുളിപ്പിച്ചത്‌. ഇത്രക്കും പ്രകാശം ഈ മുറി നേരത്തെ അനുഭവിച്ചിട്ടില്ല.

ആണിയില്‍ തൂക്കിയ ഏലസ്സു വീണ്ടും പെന്‍ഡുലം പോലെ സ്വയം ആടാന്‍ തുടങ്ങി. ഫാനുപോലും ചലിക്കുന്നില്ല. എനിക്കത്ഭുതം തോന്നി.
ഞാന്‍ ടോയ്‌ലറ്റില്‍ പോയി അംഗശുദ്ധി വരുത്തി ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി തിരിച്ചു വന്നപ്പോള്‍ എന്റെ ലാപ്റ്റോപ്പ്‌ ഓണായി കിടക്കുന്നു.മേശപ്പുറത്തു ഞാന്‍ വെച്ച തലയോട്ടി ഒരു മൗസിനെപ്പോലെ എന്റെ കമ്പ്യൂട്ടറിനെ സ്വയം നിയന്ത്രിക്കുന്നു. കഴ്‌സര്‍ ഇന്‍റ്റര്‍നെറ്റിലേക്കു കടന്നു ഒരു വെബ്‌സൈറ്റില്‍ ചെന്നു നില്‍ക്കുന്നു.ഞാന്‍ അടുത്തു വന്നു സ്ക്രീനില്‍ നോക്കി.എട്ടു വര്‍ഷം മുന്‍പു മിസ്സിംഗായ ഒരു ഫിലിപ്പിനോ യുവതിയെക്കുറിച്ചുള്ള വിവരങ്ങളാണ്‌ ആ സൈറ്റില്‍ .ഞാന്‍ ആ വിവരങ്ങള്‍ മുഴുവന്‍ ക്ഷമയോടെ വായിച്ചു. ഫേവരേറ്റില്‍ സേവു ചെയ്യണമെന്നു കരുതിയതേയുള്ളൂ. അതു സംഭവിച്ചു.നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ തീരെ തോന്നിയില്ല. ക്ഷീണം കാരണം എനിക്കുറക്കം വന്നു.അതോടേ ലാപ്റ്റോപ്പ്‌ ഷട്ട്ഡൗണാകുന്നതും അടക്കുന്നതും ഞാന്‍ കണ്ടു.



ഉറങ്ങാന്‍ കിടന്നപ്പോഴും ആണിയില്‍ തൂക്കിയ ഏലസ്സു കിടന്നാടുകയായിരുന്നു.
കിടന്നപ്പോള്‍ എന്നെ ചുമരിന്റെ വശത്തേക്കു തള്ളിനീക്കിയപോലെ എനിക്കു വേദനിച്ചു. ഞാന്‍ ചുമരിനോടു ചേര്‍ന്നു കിടന്നു. അപ്പോള്‍ ഏലസ്സിന്റെ കറക്കം 360 ഡിഗ്രിയായി. അതിലേക്കു നോക്കിക്കിടന്ന എനിക്കു തലകറങ്ങുന്നതു പോലെ തോന്നി. ഞാന്‍ മയക്കത്തിലേക്കു വീണു.
എന്റെ അരക്കെട്ടിലെന്തോ ഭാരം അനുഭവപ്പെട്ടു കൊണ്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.എല്ലാ ലൈറ്റുകളും പ്രകാശിക്കുന്നു. കിടന്നു കൊണ്ടു തന്നെ വാച്ചിലേക്കു നോക്കി നേരം നാലു മണി. താഴെ തറയില്‍ പൊട്ടിത്തകര്‍ന്ന തലയോട്ടിയുടെ നുറുങ്ങുകള്‍ ചിതറിക്കിടക്കുന്നു .ആണിയിലെ ഏലസ്സവിടെ കണ്ടില്ല. അതെന്റെ അരയിലേക്കു വീണിരിക്കുന്നു.

ഞാന്‍ ചാടി ഏണീറ്റു. ആദ്യമായി ഏലസ്സെടുത്തു അരയില്‍ ഭദ്രമായി കെട്ടി. വല്ലാത്തൊരാശ്വാസം. കമ്പ്യൂട്ടര്‍ ഇപ്പോള്‍ ബാറ്ററിയിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഫേവറെറ്റു നോക്കി. ആ ലിങ്കവിടെ കാണുന്നില്ല. ഞാന്‍ കണ്ടതൊരു സ്വപ്നമായിരുന്നോ? ആയിരുന്നങ്കില്‍ ഈ പൊട്ടിപൊടിഞ്ഞ തലയോടെങ്ങനെ തറയില്‍ വന്നു?. എനിക്കൊരു പിടുത്തവും കിട്ടിയില്ല.
കൃത്യം 4.10നു പുലര്‍ച്ചെ നസീമയുടെ കാള്‍ വന്നു. ഹലോ എന്നു പറയാന്‍ എനിക്കു അവസരം കിട്ടുന്നതിന്നു മുന്‍പെ അവള്‍ പറഞ്ഞു
" രക്ഷപ്പെട്ടു അല്ലെ! ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു."

വെള്ളിയാഴ്‌ച, മേയ് 25, 2007

ഇത്തിരി തണലുമായെത്തുന്നവര്‍

നാലുമണിക്കു ശേഷമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തുമ്പോള്‍ എനിക്കെന്നും വല്ലാത്ത നെഞ്ചിടിപ്പാണ്‌.
ആദ്യം ഷോപ്പിലെത്തേണ്ടതു ഞാനാണ്‌.
കട നില്‍ക്കുന്ന ബില്‍ഡിംഗില്‍ അക്കമഡേഷന്‍ തന്നതിന്റെ ശിക്ഷ.

ജോലിയില്‍ കയറിയതിന്റെ നാലാം ദിവസം വാതില്‍ തുറക്കാനുള്ള താക്കോല്‍ക്കൂട്ടമെടുത്തു കടയുടമ സല്‍മാന്‍ റാഷിദ്‌ അല്‍ ഉവൈസി കയ്യില്‍ പിടിപ്പിച്ചു അതടക്കം ഇറുക്കിയ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തരുമ്പോള്‍ എന്റെ വലത്തെ കൈ നന്നായി വേദനിച്ചു
ഈ പണിക്കു ഇത്രക്കും ടെന്‍ഷനുണ്ടാവുമെന്നു ഞാനന്നേരം കരുതിയില്ല.

സ്ട്രീറ്റില്‍ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ മൂര്‍ച്ചിക്കുന്നതിനു മുന്‍പു തന്നെ ഞാനെത്തി മൂന്നു താഴിട്ടു പൂട്ടിയ വാതില്‍ തുറന്നു ഗ്ലാസു ഷേഡുകള്‍ മാറ്റി കടയെ സജീവമാക്കുകയാണു പതിവ്‌.

സെയില്‍സ്‌ മാനേജര്‍ എന്ന തസ്തികയിലേക്കു ഗള്‍ഫ്‌ന്യൂസ്‌ ക്ലാസ്സിഫൈഡില്‍ ഒഴിവു കണ്ടു ചെന്നപ്പോള്‍ അതൊരു ഇന്‍റര്‍വ്യൂ ആവുമെന്നു ഊഹിച്ചില്ല. ഉര്‍ദുവും ഇംഗ്ലീഷും അത്യാവശ്യം അറബിയും സംസാരിക്കാനറിയാമെന്നു മനസ്സിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലൂടെ അലക്ഷ്യമായി ഒന്നു കണ്ണോടിച്ച സല്‍മാന്‍, ഒഴിഞ്ഞ കസേര ചൂണ്ടി കാണിച്ചു പറഞ്ഞു.

"നഹം, ഇജ്‌ലിസ്‌, അന്‍ത അലൈന്‍ ലി ഷുഹള്‍"
(ഒ.കെ. ഇരുന്നോളൂ, താന്‍ ഇപ്പോള്‍ മുതല്‍ ഡ്യൂട്ടിയിലാണ്‌)

ഒരാള്‍ തലേന്നു ഇരുന്നെഴുന്നേറ്റു പോയ പോലെ ഒരു കസേര. മുന്നില്‍ 386 ന്റെ ഒരു കമ്പ്യൂട്ടറും അതില്‍ വേര്‍ഡ്സ്റ്റാറും ലോട്ടസ്‌ 123 യും.ഡിബേസ്‌ ത്രി പ്ലസില്‍ എഴുതിയ ഒരു അക്കൗണ്ടിംഗ്‌ പാക്കേജും സ്റ്റോര്‍ രജിസ്റ്റരും.

സിഗററ്റിന്റെ ഹോള്‍സെയിലാണ്‌‌. കടയും ഓഫീസും ഒന്നിച്ചാണു‌. 296 തരം വിവിധ ബ്രാന്‍ഡ്‌ സിഗററ്റുകള്‍ സ്റ്റോക്കുണ്ട്‌. അവയുടെയൊക്കെ മിനിമം മാക്സിമം സ്റ്റോക്ക്‌ ലവല്‍ കാത്തു ലവല്‍ താഴുന്നതിന്നു മുന്‍പു പര്‍ച്ചേര്‍സ്‌ ഓര്‍ഡര്‍ കൊടുക്കണം. എല്ലാം ലളിതം.കാര്യങ്ങള്‍ നന്നായി പഠിച്ചു തന്നെ ചെയ്തു.കാര്യമായ ജോലികള്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ മാത്രം. 4 മണിക്കു ശേഷം ചില നിയന്ത്രിത വി.ഐ.പി വ്യക്തികള്‍ക്കു ചില്ലറ വില്‍പ്പന മാത്രം.

ഈ സീറ്റില്‍ മുന്‍പിരുന്നയാള്‍ വളരെ നന്നായി ഫയലിംഗു നടത്തിയിരിക്കുന്നു. ഹാതിഫ്‌ എന്ന നൈനിത്താളുകാരനാണ്‌. നല്ല കയ്യക്ഷരം, അതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമായി. മുന്‍ഗാമിയോടു വളരെ ബഹുമാനം തോന്നി.

പത്തു പതിനഞ്ചു സെയില്‍സ്‌മാന്‍മാരുണ്ട്‌. ഫാക്സില്‍ വരുന്ന ഓര്‍ഡറിനനുസരിച്ചു സാധനം ബില്ലാക്കി സ്റ്റോര്‍കീപ്പറെ ഏല്‍പ്പിക്കേണ്ട പണിയേയുള്ളൂ. സ്റ്റോര്‍ കീപ്പര്‍ ഒരു ബംഗാളിപ്പയ്യന്‍. അവനു ചില തരികിടകള്‍ ഉണ്ടെന്നു അവന്റെ ധാരാളിത്തം കണ്ടപ്പോഴേ എനിക്കു തോന്നി. സിഗരറ്റു ബള്‍ക്കു പര്‍ച്ചേര്‍സിന്റെ കൂടെയുള്ള പല ഗിഫ്റ്റ്‌/കോമ്പ്ലിമന്റ്‌ സാധനങ്ങള്‍ കിട്ടിയില്ലന്ന പല കസ്റ്റമേര്‍സിന്റെയും പരാതി ഫയലില്‍ കണ്ടതോര്‍മ്മിച്ചു.

കടക്കു മുന്നില്‍ ഇത്തിരി നിരപ്പുയര്‍ന്ന റോഡില്‍ വാഹനങ്ങളുടെ സ്പീഡു കുറക്കാനിട്ട ഒരു ഹംബ്‌ കാരണം എല്ലാ വാഹനങ്ങളും നിര്‍ബന്ധിതരായി സ്പീഡു കുറക്കുമ്പോള്‍ കടയിലേക്കു യാദൃശ്ചികമായി നോക്കുന്ന അതിലെ യാത്രക്കാര്‍, അവരാദ്യം കാണുന്നതു എന്റെ ശുഷ്കിച്ച വലത്തെ കവിള്‍, അങ്ങനെയാണല്ലോ പണ്ടു പ്രീഡിഗ്രിക്കു കൂടെ പഠിച്ച പ്രമോദിനും ജാഫറിനും ഞാന്‍ ഇവിടെയാണു ജോലിചെയ്യുന്നതെന്നു മനസ്സിലായതും അവര്‍ കടയിലേക്കിടക്കിടക്കു വരാന്‍ തുടങ്ങിയതും.

പോക്കുവെയിലിന്റെ തീഷ്ണത സ്ഥിരമായി വലത്തു കവിളില്‍ തന്നെ പതിക്കുന്നതു അസഹ്യമായപ്പോള്‍ ഫ്രണ്ടു ഗ്ലാസ്സില്‍ ഒരു കൂളിംഗ്‌ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതു അനിരുദ്ധനാണു തടസ്സം പറഞ്ഞത്‌.
കടയിലെ സിഗരറ്റിന്റെ ഡിസ്‌പ്ലേ മങ്ങുമെത്രേ! അതു ശരിയെന്നു മനസ്സിലായപ്പോള്‍ ഷെല്‍ഫില്‍ വെറുതെ കിടന്ന ഒരു 'പി'ക്യാപ്പെടുത്തു തലയില്‍ വെച്ചു നെറ്റിയില്‍ പതിക്കുന്ന വെയിലു തടുത്തു.

വലത്തെ കവിളില്‍ പതിക്കുന്ന വെയില്‍ അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു. മര്‍ത്ഥ്യന്റെ ആരംഭവും അവസാനവും അവന്റെ വലത്തെ കവിളുവഴിയെന്ന മൗലവിയുടെ പ്രഭാഷണത്തിലെ വരികള്‍ സന്ദര്‍ഭത്തിനു നിരക്കാത്ത രൂപത്തില്‍ എന്റെ ഉള്ളില്‍ ഓളം തുള്ളിയെന്നെ വല്ലാതെ ഭീതിപ്പെടുത്തി.

നാലഞ്ചു ദിവസമായി ഒരു ഹോണ്ടാ സിവിക്‌ കാര്‍, കടക്കു മുന്നിലെ ഹമ്പു കടക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതു എന്റെ കവിളില്‍ പതിക്കുന്ന സൂര്യതാപത്തെ അതു ഛേദിക്കാനെടുക്കുന്ന സമയ ദൈര്‍ഘ്യത്തിന്റെ സുഖം അനുഭവിച്ചു കൊണ്ടു ഞാനറിഞ്ഞു.
അങ്ങിനെയൊരു കൗതുകത്തോടെയാണു ഞാന്‍ ആ കാറിലേക്കു നോക്കിയത്‌. ഒരു പെണ്‍കുട്ടിയാണാ കാറു ഡ്രൈവു ചെയ്യുന്നത്‌.അവള്‍ എന്നെ തന്നെ നോക്കികൊണ്ടാണു പതിയെ ആ ഹമ്പു കടക്കുന്നതു. തെരക്കില്ലാത്ത സമയമായതിനാല്‍ ടാക്സികളുടേയും വികൃതികൂടിയ അറബിപയ്യന്മാരുടേയും പിറകില്‍ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഹോണടി അവള്‍ക്കു കേള്‍ക്കേണ്ടി വരുന്നില്ല.

നീല നിറത്തിലെ കണ്ണുകള്‍ കാറിന്റെ ചില്ലുകളെ ഭേദിച്ചു പീക്യാപ്പിനടിയിലെ എന്റെ ജീവനില്ലാത്ത മിഴികളില്‍ വന്നു മുട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ഭയപ്പെട്ടു മിഴികള്‍ പിന്‍വലിച്ചു. ഈ നോട്ടം മുന്‍പൊരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌. ദൃഷ്ടിയില്‍ നിന്നും ദൃഷ്ടിയിലേക്കുള്ള തരംഗങ്ങളുടെ ആവൃത്തി അവയുടെ സ്വാഭാവികത കടന്നു പോയാല്‍ അതിന്റെ കൂടെ പതിക്കുന്നതു പ്രേമമെന്ന വികാരം. കൃഷ്ണമണിയില്‍ നിന്നാണതു ജനിക്കുന്നതും പ്രസരിക്കുന്നതും. ആ മായിക വികാരം അതിന്റെ എല്ലാ തീവ്രഭാവങ്ങളും ചടുല താളങ്ങളുമായി ഒരുപാടു നൊമ്പരങ്ങള്‍ കൊണ്ടേന്നെ ഡിപ്രഷന്റെ അടിമയാക്കിയതിന്റെ പഴയ കെട്ടു വിട്ടുമാറിയിട്ടില്ലിനിയും. ആ ഓര്‍മ്മക്കൊരു ഭ്രംശം വരട്ടെയെന്നു നിനച്ചിട്ടണെന്റെ പിതാവെന്നെ ഈ കരക്കാണാക്കടലിനക്കരക്കു നാടുകടത്തിയതും.

പെട്ടന്നാണു ഫോണ്‍ മണിയടിച്ചതു, ഞാന്‍ വാച്ചിലേക്കു നോക്കി 4.10 മിസ്‌ ഷീല വരാന്‍ ഇനിയും 20 മിനിട്ടു കഴിയും. ഞാന്‍ തന്നെ ഫോണ്‍ എടുത്തു.
"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"

"അസ്സലാമു അലൈക്കും ജീ",

ഒരു പെണ്‍ ശബ്ദമാണ്‌ "വ അലൈക്കും മുസ്സലാം " ഞാന്‍ അഭിവാദനം മടക്കി, .

"ആപ്‌കാ നാം കരീം ഹെ ജി ?"

"അച്ചാ! വഹ്‌ ക്യാപ്‌ ആപ്‌ ഹമേശാ രഖിയേ! മുജേ അച്ചി ലഗി!"
കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പെട്ടന്നു തോന്നിയ പേടിയില്‍ ടെലഫോണ്‍ കട്ടു ചെയ്തു.

സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നു മൊബെയിലുപയോഗിച്ചാണു സംസാരമെന്നു മനസ്സിലായി. കാളര്‍ ഐ.ഡി ഇല്ലാത്ത ടെലഫോണായതിനാല്‍ നമ്പറു കാണാന്‍ പറ്റിയില്ല.
ഇതു ആ പെണ്ണു തന്നെ!
ഹോണ്ടാ സിവിക്കിലിരുന്നു തുറിച്ചു നോക്കിയ പെണ്ണ്‌!!.
പക്ഷെ അവള്‍ക്കെങ്ങിനെ കടയുടെ നമ്പര്‍കിട്ടി! ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നെ ഞാന്‍ എന്നെ തന്നെ വിഡ്ഢിയെന്നു വിളിച്ചു. കടയുടെ ബോര്‍ഡിലുണ്ടല്ലോ നമ്പര്‍ എന്നതു ഞാന്‍ ഓര്‍ക്കാത്തതില്‍..
അവള്‍ എന്തിനാണു എന്നോടു സംസാരിച്ചതു?.
അവള്‍ക്കു ഞാന്‍ ആ പീക്യാപ്പു വെച്ചതു നന്നായി പിടിച്ചെത്രേ!
ഇതു കേസ്സു മറ്റേതു തന്നെ!,
അല്ലങ്കില്‍ എന്നെ വട്ടം കറക്കുകയെന്നതു തന്നെയായിരിക്കും ഉദ്ദ്യേശ്യം.
ഞാന്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു.

സംഗതി പക്ഷെ ആരോടും പറഞ്ഞില്ല.
പിറ്റേന്നു ആ സമയത്തു യാതൊരു കാരണവശാലും പുറത്തേക്കു നോക്കില്ലെന്ന വാശിയില്‍ ഇരുന്നു.
പിക്യാപ്പ്‌ ദൂരെ മാറ്റി വെച്ചു.
കൃത്യസമയം എന്റെ മുഖത്തേക്കടിക്കുന്ന പോക്കുവെയില്‍ മറച്ചുകൊണ്ടു ആ ഹോണ്ടാ സിവിക്‌ ഹംബിനടുത്തു വന്നു നില്‍ക്കുന്നതും ഒച്ചിനെപ്പോലെ അരിച്ചരിച്ചു നീങ്ങുന്നതും ഞാന്‍ അറിഞ്ഞു.
നോക്കാതിരിക്കാനായില്ല. നീല നയനങ്ങള്‍ തന്നെയാണാദ്യം കണ്ണില്‍ പെട്ടത്‌. പിണങ്ങിയ മുഖ ഭാവം കണ്ണില്‍ തങ്ങി നിന്നു. ഇറ്റു വീഴാന്‍ കാത്തു നിന്ന രണ്ടിറ്റു കണ്ണീര്‍തുള്ളികളുടെ തിളക്കം ഗ്ലാസ്സുകള്‍ കടന്നെന്റെയുള്ളില്‍ മുറിപ്പെടുത്തി.
അന്നു കാറു കടന്നു പോകാന്‍ പതിവിലും സമയമെടുത്തു.

പതിവു പോലെ ഫോണ്‍ ബെല്ലടിച്ചു. എടുക്കാണോ വേണമോ എന്നു ശങ്കിച്ചു ഒരു നിമിഷം നിന്നു. ഫോണില്‍ സല്‍മാനാണങ്കില്‍ എടുത്തില്ലങ്കില്‍ ഞാന്‍ വന്നിട്ടില്ലന്നു കരുതുമെന്നു പേടിച്ചു ഫോണ്‍ എടുത്തു പതിവു സ്വാഗതവാക്യമോതി.

"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"
"ജീ ആപ്‌ നെ വൊ ക്യാപ്‌ ക്യോം നഹി രഖാ?”.
അവള്‍ തന്നെ!
“മുജേ ബഹുത്‌ ദു:ഖ്‌ ഹോ ഗയി! ആപ്‌ മുജേ ഗലത്‌ നഹി സോച്ചോ?“
“മൈം ഏക്‌ ദിന്‍ ആപ്‌സെ മില്‍നേ ആവൂംഗീ!"
പൊള്ളലേറ്റന്ന പോലെ ഞാന്‍ ഫോണ്‍ താഴെയിട്ടു.

എനിക്കു അസ്വസ്ഥത കൂടി വന്നു. അന്നു ജോലിയില്‍ ഒരു പാടു തെറ്റു വരുത്തി അപ്രൂവു ചെയ്ത ഇന്‍വോയിസ്‌ രണ്ടു പ്രാവശ്യം മാറ്റി അടിച്ചു.

അനിരുദ്ധനും ബംഗാളിപയ്യനും അതു പറഞ്ഞെന്റെ തലയിലാദ്യമായി കയറാന്‍ വന്നു.
ഞാന്‍ ആശയക്കുഴപ്പത്തിലായി, എല്ലാം ഇവരോടു പറഞ്ഞാലോ?, അല്ലങ്കില്‍ വേണ്ട വെറുതെ സംശയിക്കും.അതു പിന്നെ തലയില്‍ കയറാനുള്ള മറ്റൊരു കോണിയാക്കും.
കീഴുദ്യോഗസ്ഥരോടു മനസ്സു തുറന്നാല്‍ ഗോസിപ്പുകളുടെ വാതില്‍ തുറക്കുന്ന ഫലമായിരിക്കും.

ഒരുമാസം കടന്നു പോയതു ഞാനറിഞ്ഞില്ല. ശമ്പളം കിട്ടിയപ്പോള്‍ മനസ്സു തണുത്തു.നാട്ടിലേക്കു ആദ്യമായി അയക്കുന്ന പണം ആരുടെ പേരിലയക്കണം ഡ്രാഫ്റ്റ്‌ എടുത്തപ്പോള്‍ നാവില്‍ വന്നതു ഉമ്മാന്റെ പേരാണ്‌. അതാണു എല്ലാ ആപല്‍ഘട്ടത്തിലും ആദ്യം നാവിലും മനസ്സിലും‍ വന്നിട്ടുള്ളത്‌.പോസ്റ്റുമാന്‍ കൊടുക്കുന്ന കവറു വാങ്ങി അതില്‍ തുന്നിച്ചേര്‍ത്ത ഒരു തുണ്ടു പേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ പേരെഴുതി ഒപ്പിടുന്ന ഉമ്മാന്റെ രൂപം മനക്കണ്ണില്‍ കണ്ടപ്പോള്‍ അന്നത്തെ എന്റെ ഉറക്കം വളരെ ശാന്തമായിരുന്നു, ഉമ്മയുടെ കൈവട്ടത്തു തൂക്കിയിട്ട തുണിത്തൊട്ടിലിലാണെന്നു ഞാന്‍ കിടക്കുന്നതെന്നു തോന്നി.

പിറ്റേന്നു എല്ലാ സ്റ്റാഫും ഓഫീസില്‍ വന്നു. അന്നാണവര്‍ക്കു ശമ്പളദിനം. സല്‍മാന്‍ ചെക്കു മാറി എന്നെ ഏല്‍പ്പിച്ച കാശു ഞാന്‍ വൗച്ചറൊപ്പിട്ടു എല്ലാര്‍ക്കും കൊടുക്കുന്ന നേരം, അവളുടെ ഹോന്‍ഡാ സിവിക്കു വന്നു ഞങ്ങളുടെ പാര്‍ക്കിംഗില്‍ നിര്‍ത്തി. ഞാന്‍ എണ്ണികൊണ്ടിരുന്ന നോട്ടുകള്‍ എന്റെ കയ്യിലിരുന്നു വിറച്ചു. അവള്‍ കാറില്‍ നിന്നിറങ്ങി. കടയിലേക്കു തന്നെയാണു വരുന്നത്‌. എന്റെ ഉള്ളില്‍ പറയാനും പ്രകടിപ്പിക്കാനും പറ്റാത്ത പേടി. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലന്നും പറഞ്ഞിട്ടില്ലന്നുമുള്ള ധൈര്യം മാത്രം കൂട്ടിനുണ്ട്‌. പക്ഷെ എന്താ കാര്യം ഇവിടെ പെണ്ണു പറയുന്നതേ എല്ലാരും വിശ്വസിക്കൂ.

കടയിലേക്കു കയറി വന്നവളാദ്യം സല്‍മാനു സലാം ചൊല്ലി. പിന്നെ എല്ലാരെയും നോക്കി വിഷ്‌ ചെയ്തു. എല്ലാവര്‍ക്കും അവളെ നന്നായി അറിയാമെന്നു തോന്നുന്നു.

" ആപ്‌ ലോഗ്‌ കോ മാലൂം ഹെ നാ, കല്‍ ബായി കാ ചാലീസ്ദിന്‍ ഹെ! ആപ്‌ സബ്‌ ലോഗ്‌ കല്‍ രാത്ത്‌ നൗ ബജേ ഗര്‍മേം ആനേ കേ ലിയേ ദഹ്‌വാ കര്‍ത്താഹെ!"

അവള്‍ പിന്നെ എന്റെ അടുത്തേക്കു വന്നു. കണ്ണുകള്‍ക്കു നേരെ നോക്കി ഇംഗ്ലീഷില്‍ പറഞ്ഞു

"Mr. Kareem, I am Hasifa,"
"Hatif's sister",

പിന്നെ ഇത്തിരി ഗദ്ഗദത്തോടെ!

"Hope you aware that he is no more with us, We were twins and very much attached, like close friends. I used to drope & pick him up from here".

ചില്ലിലൂടെ തുളച്ചെത്തുന്ന തീഷ്ണതയുള്ള വെയില്‍ നാളങ്ങളെ നോക്കി കൊണ്ടു അവള്‍ തുടര്‍ന്നു.

"He always complained about the afternoon sunlight falling on his cheek through this glass . When ever I pass this way I will slow down my car for some time and make the shadow fall on his face. He always enjoyed that".

പീക്യാപ്പു ചൂണ്ടിക്കാണിച്ചു കൊണ്ട് അവളെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ടു തന്നെ പറഞ്ഞു.

"I had given this P-cap and told him to wear. Recently, When I saw you wearing this, I felt so glad and that was the reason for watching you while going this way".

"ആപ്‌ ബീ ഇന്‍ ലോകോം കെ സാത്ത്‌ ഫംഗ്‌ഷന്‍ മേം ആയിയേ!"

ഞാന്‍ വല്ലാതായി.ആ കണ്ണിലെ നിഷ്കളങ്കതയില്‍ ഒരു ഉടപ്പിറപ്പിനെ തിരയുന്ന വേദന ഞാന്‍ കണ്ടു.
ഞാന്‍ എന്റെ മുന്‍വിധികളില്‍ സ്വയം ശപിച്ചു, മനുഷ്യവികാരങ്ങളുടെ വിവിധ തലങ്ങള്‍ മനസ്സിലാക്കാന്‍ നാമൊക്കെ എത്രകാലം ജീവിക്കേണ്ടി വരും?. എത്ര ജന്മമെടുക്കേണ്ടി വരും?.
സ്നേഹം നിറഞ്ഞ ഒരു നോട്ടത്തില്‍ നിന്നും വാത്സല്യം പൂണ്ട ഒരു തലോടലില്‍ നിന്നു പോലും കാമവും പ്രേമവും അല്ലാതെ മറ്റൊരു വികാരവും വായിച്ചറിയാനാകാത്തതു നാം കടന്നു പോകുന്ന കാലം നമ്മുടേ മസ്തിഷ്ക്കത്തില്‍ തേച്ചുപിടിപ്പിക്കുന്ന മാലിന്യങ്ങള്‍ കാരണമല്ലെ!
നഷ്ടപ്പെട്ടു പോയ ആങ്ങളയെ എന്നില്‍ കണ്ടെത്താനുള്ള ആ പെണ്‍കുട്ടിയുടെ മനസ്സു വായിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഒരു വിഡ്ഢി തന്നെ!

പിറ്റേന്നു മരണാനന്തര ചടങ്ങിനു അവളുടെ വീട്ടിലേക്കു സല്‍മാന്റെ മെര്‍സിഡിസില്‍ പോകുമ്പോള്‍ അനിരുദ്ധനാണു ബാക്കി കഥകള്‍ പറഞ്ഞു തന്നത്‌.

ഹാത്തിഫും ഹഫ്‌സയും ഇരട്ടപെറ്റവര്‍, ജനിച്ചതും വളര്‍ന്നതും ഇവിടെ,കൂട്ടുകാരെ പോലെയുള്ള കൂടപിറപ്പുകള്‍.
അവളെ കാറിലിരുത്തി ഷോപ്പിംഗ്‌മാളില്‍ നിന്നു അവള്‍ക്കെന്തോ വാങ്ങി വരുന്ന വഴി നിയമം തെറ്റി വന്ന ഒരു കാറാണു അവനെ ഇടിച്ചു തെറിപ്പിച്ചത്‌. അവിടെ വെച്ചു തന്നെ അവന്‍ പിടഞ്ഞ്‌ പിടഞ്ഞു മരണപ്പെട്ടു.
കാറിനകത്തിരുന്നു അവള്‍ ഇതു കണ്ടു ബോധശ്യൂന്യയായി.

രാത്രി ഏറെ നേരം കഴിഞ്ഞാണ്‌ വീട്ടുകാര്‍ അന്വേഷിച്ചു സംഭവസ്ഥലത്തു പാര്‍ക്കു ചെയ്ത കാറിനകത്തു നിന്നും ബോധശ്യൂന്യയായ അവളെ കണ്ടെത്തിയത്‌.

മരണാനന്തര നാല്‍പതാമത്തെ ദിവസത്തിലുള്ള പ്രാത്ഥനയും ഭക്ഷണവും കഴിഞ്ഞു മടങ്ങുമ്പോള്‍ അവള്‍ എന്റെ മനസ്സില്‍ മറ്റൊരു പെങ്ങളായി പുനര്‍ജനിച്ചിരുന്നു.

ഹമ്പു കടക്കാന്‍ ഏറെ സമയമെടുക്കുന്ന ആ ഹോണ്‍ടാ സിവിക്‌ കാറും അതിലെ സ്നേഹം തിളങ്ങുന്ന രണ്ടു നീല നയനങ്ങളും വൈകുന്നേരവെയിലിന്റെ തീഷ്ണത കുറക്കാനെന്നുമെത്തിയപ്പോള്‍ ആ പീ ക്യാപ്പ്‌ ഞാന്‍ അന്നേരം മാത്രം തലയില്‍ വെച്ചു പിന്നീടെടുത്തു പൊന്നു പോലെ കാത്തു വെച്ചു.

ദുബൈ വാട്ടര്‍ ആന്‍ഡ്‌ ഇലക്റ്റ്രിസിറ്റിയിലെ എഞ്ചിനീയറായിരുന്ന അവളുടെ പിതാവു റിട്ടയര്‍ ചെയ്തപ്പോള്‍ ഉത്തരാഞ്ചലിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ നൈനിത്താളിലെ അവരുടെ ഗ്രാമത്തിലേക്കവര്‍ തിരിച്ചു പോകും വരെ ആ ഫോണ്‍ കാളുകള്‍ ഞാന്‍ ഒരു സഹോദരന്റെ സ്വാതന്ത്യത്തോടെ അറ്റന്‍ഡു ചെയ്തിരുന്നു.

ഒമ്പതു തടാകങ്ങളുള്ള ആ പര്‍വ്വതോല്ലാസ കേന്ദ്രത്തിലെ ടിഫ്ഫിന്‍ ടോപ്പിലേക്കു റൊപ്പ്‌വേയിലൂടെ സഞ്ചരിക്കാനും, ചൈനാപീക്കീലേക്കു കുതിരപ്പുറത്തു കയറിയെത്താനും എന്നില്‍ കൊതി ജനിപ്പിച്ചതവളുമായുള്ള ആ സൗഹൃദസംഭാഷണങ്ങള്‍ തന്നെയായിരുന്നു.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ടൂറിസ്റ്റു കേന്ദ്രം കാണാന്‍ എനിക്കു ഭാഗ്യം കിട്ടിയാല്‍ ഏതാവും ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക?.
യാതൊരു സംശയവും വേണ്ട, നൈനിറ്റാള്‍ തന്നെ. അവിടെ ഞാന്‍ കുടുംബത്തോടൊപ്പം താമസിക്കുക ഹാസിഫയുടെ വീട്ടിലും.




http://tkkareem.blogspot.com/

വെള്ളിയാഴ്‌ച, ഫെബ്രുവരി 23, 2007

വൈകി കിട്ടിയ ഒരാശംസാകാര്‍ഡ്‌

കലപ്പഴക്കം ചെന്ന കത്തുകള്‍,
നാട്ടിലെ സര്‍ക്കാരാപ്പീസില്‍ നിന്നും പ്രവാസിയെ പേടിപ്പിക്കാന്‍ "വളരെ പ്രധാനം" എന്നു ചുവപ്പിലെഴുതിയ പലതരം ഭീഷണികത്തുകള്‍,
ബാങ്കുകളില്‍ നിന്നയക്കുന്ന അടവു തെറ്റിയ ലോണുകളുടേയും ജപ്തി നോട്ടീസിന്റെയും മുന്നറിയിപ്പുകള്‍,
വല്ലപ്പോഴു സ്നേഹം വഴിതെറ്റിയെത്തുന്ന അപൂര്‍വ്വം ചില ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍,
കടപ്പാടുകളും കര്‍ത്തവ്യങ്ങളും കറന്‍സിയാക്കി പ്രിയപ്പെട്ടവര്‍ക്കു ഡ്രാഫ്ടയച്ചതിന്റെ തെളിവു മാത്രം ബാക്കിയാക്കിയ അസംഖ്യം രശീതികള്‍,

എല്ലാം വാരി വലിച്ചിട്ടു അത്യാവശ്യമെന്നു തോന്നുന്നവ വീണ്ടെടുക്കാനുള്ള അവസാനത്തെ പരിശോധനയിലാണു ഞങ്ങളെല്ലാം.
ഈ ഒരു ചടങ്ങിനാണ്‌ ഒരു വെള്ളിയാഴ്ച എല്ലാവരെയും ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയത്‌.
ഇന്നത്തോടെ ഞങ്ങള്‍ ഈ ഫ്ലാറ്റു വിടുകയാണ്‌.
ഞങ്ങളെന്നു പറഞ്ഞാല്‍ അശോകനും,അജയനും,ശംസുവും ഖിളരും ശശിയും അഗസ്റ്റിനും പിന്നെ ഞാനും.
എല്ലാവരും തരക്കേടില്ലാത്ത ജോലിയും മറ്റു താമസസൗകര്യങ്ങളും ഒപ്പിച്ചു ഈ ഫ്ലാറ്റു മാറിയിട്ടും ഫാമിലി സെറ്റപ്പായിട്ടും മാസത്തിലൊരിക്കല്‍ ഇവിടെ ഈ തറവാട്ടില്‍ കൂടാതിരുന്നിട്ടില്ല.
പുതുതായി ഒരാള്‍ നാട്ടില്‍ നിന്നെത്തുമ്പോഴും പഴയ ഒരാള്‍ നാട്ടില്‍ പോകുമ്പോഴും ഈ ഫ്ലാറ്റിലാണു ഞങ്ങള്‍ കൂടിയിട്ടുള്ളത്‌.
നാട്ടിന്‍പുറത്തെ നാല്‍ക്കവലയിലെ ആല്‍ത്തറപോലെ എല്ലാര്‍ക്കും അവകാശമുണ്ടായിരുന്നൊരിക്കാനിടമാണിനി നഷ്ടപ്പെടുന്നത്‌.
ഈ പഴയ ബില്‍ഡിംഗു പൊളിച്ചു ഫ്ലാറ്റു സമുച്ചയം വരുന്നതോടെ വാച്ച്‌മാനായ ഖിളറിന്റെ ജോലിയും ഞങ്ങളുടെ ഈ ആല്‍ത്തറയും എന്നന്നേക്കുമായി നഷ്ടപ്പെടുന്നു.
ഇനി ഞങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന കണ്ണിയെന്താവും.
എല്ലാവരുടെയും എന്തെങ്കിലും ഒരു മൊമണ്ടൊ ആ സ്റ്റോര്‍ റൂമിലുണ്ടാവും.
പഴയ രക്സിന്‍ ബാഗോ,തകരപെട്ടിയോ,തുകല്‍ സഞ്ചിയോ അങ്ങനെ എന്തെങ്കിലും.അതൊക്കെ ക്ലീനാക്കി കൊടുക്കേണ്ട അവസാന അവധി ദിവസമാണിന്നു.

ഞാന്‍ കൂട്ടത്തില്‍ നിന്നു എന്റെ തുരുമ്പുപിടിച്ച പെട്ടി കണ്ടെടുത്തു.
കുറേ കത്തുകള്‍, അസുഖം വരുന്നതിന്നുമുന്‍പു ഉമ്മ എനിക്കു ആഴ്ചതോറും എഴുതിയിരുന്ന വടിവൊത്ത മലയാളത്തിലെ സ്നേഹം തുളുമ്പുന്ന വരികള്‍.
പത്തിരുപത്തഞ്ചു വര്‍ഷം ആ ചിറകിനടിയില്‍ നിന്നെവിടേയും പോകാതെ ചേര്‍ത്തു നിര്‍ത്തി, പെട്ടന്നൊരു ദിവസം പ്രവാസലോകത്തേക്കു മൂത്തമോന്‍ പറന്നകന്നപ്പോള്‍ ആ മാതൃഹൃദയമനുഭവിച്ച വേദന ഏതു മനസ്സിലും തറച്ചു കയറുന്ന പുത്രസ്നേഹമായി ആ വരികളില്‍ ലയിച്ചിരിക്കുന്നു.
ആ വരികളിലൂടെ കടന്നു പോയപ്പോള്‍ ഞാന്‍ വീണ്ടും ഒരു കുഞ്ഞായതുപോലെ, പൊക്കിള്‍കൊടി പച്ചച്ചു നില്‍ക്കുന്ന പിറന്നപടിയുള്ള ഒരു കുഞ്ഞ്‌.
പതിനാലു വയസ്സുകാരിയുടെ കുരുന്നു കാലുകളില്‍ കിടന്നു കരഞ്ഞും ചിരിച്ചും ജീവിതം തുടങ്ങിയ ഒരു പിഞ്ചു കുഞ്ഞ്‌.

എന്റെ പേനക്കു കരുത്തു തന്ന മാതൃത്ത്വം.
ബാലപംക്തിയിലേക്കയച്ച കഥ മതിയാവാത്ത സ്റ്റാമ്പോട്ടിച്ചില്ലന്നു പറഞ്ഞു പോസ്റ്റാഫീസിനപ്പുറം കടക്കാതെ തിരിച്ചുപ്പന്റെ കയ്യില്‍ വന്നപ്പോള്‍ അതിന്റെ കലി തിര്‍ത്തതു വടക്കോറത്തെ പുളിമരത്തിന്റെ കനമുള്ള ഒരു കൊമ്പും എന്നെ ചിറകിലൊളിപ്പിച്ച ഉമ്മാന്റെ വിളറി വെളുത്ത മേനിയും.

വിപരീത ധ്രുവങ്ങളിലേക്കു നിത്യവും അകന്നു പോവുമ്പോഴും ഒരിക്കലും സംഗമിക്കില്ലന്നറിഞ്ഞിട്ടും തീവ്രമായ ആഗ്രഹം മാത്രം ഉള്ളീല്‍ സൂക്ഷിച്ചു നല്ലൊരു നാളെ സ്വപ്നം കണ്ടിരുന്ന കാമുകിയുടെ ഉര്‍ദു ശേറും ശായിരിയും ഇടകലര്‍ത്തി എഴുതിയ പ്രണയകവിതകള്‍.
ഇതെന്തേ ഇനിയും ഞാന്‍ സാബിയുടെ ശേഖരത്തിലെത്തിച്ചില്ലന്നോര്‍ത്തു എനിക്കു കുറ്റബോധം വളര്‍ന്നു.
ഈ കത്തില്‍ മാത്രമാണല്ലോ ഞാന്‍ മറക്കാന്‍ എന്നും ശ്രമിക്കുന്ന എന്റെ അവസാന "കോളേജ്‌ഡെയുടെ" മഞ്ഞു വീണ ഒരു മൂവന്തിയുടെ ഓര്‍മ്മപ്പെടുത്തലുകളുടെ സ്വകാര്യതയുള്ളത്‌.
ഒരാലിംഗനത്തിന്റെ സ്പര്‍ശനസുഖമെങ്കിലും ഞാനവളില്‍ നിന്നൊളിക്കട്ടെയോ?.

ഇനി ആരും തുറക്കാത്ത അവകാശിയില്ലാത്ത ഒരു പെട്ടിമാത്രം ബാക്കിയുണ്ട്‌.
സഹദേവന്റെ പെട്ടി.
ഞങ്ങള്‍ അതു തുറന്നു.
കുറെ കത്തുകള്‍.
നാട്ടിലെ പായ്യാരങ്ങള്‍ വിശദമായി എഴുതിയ കത്ത്‌.
കൂടപ്പിറപ്പു ദേവയാനിയുടേ കല്ല്യാണത്തിനു പറഞ്ഞ സ്വര്‍ണ്ണം മുഴുവന്‍ സമയത്തിനു കിട്ടാഞ്ഞിട്ടു ചോദിച്ചു ശല്യപ്പെടുത്തുന്ന പുതിയ അളിയനെക്കൊണ്ടുള്ള ദുരിതങ്ങള്‍.
ആ കത്തവിടെ തന്നെയിട്ടു.

താഴെ ഒരു ഗ്രീറ്റിംഗ്‌ കാര്‍ഡ്‌,
പുതുമയെന്നു പറയാന്‍ അതിന്റെ നിര്‍മ്മിതി മാത്രം.
കൈകൊണ്ടു നിര്‍മ്മിച്ചത്‌. കടുംചുവപ്പു നിറമുള്ള ഒരു ആന്തോറിയത്തിനെ പൊതിഞ്ഞു ഒരിളമ്പച്ച ഇലയും പൂവിനു നടുവില്‍ ഇളമ്മഞ്ഞ പരാഗദണ്ഡും ചേര്‍ന്ന് സില്‍ക്കു തുണിയില്‍ വെട്ടി ഒട്ടിച്ചത്‌.
പ്രേമവും കാമവും രതിയും പ്രതിനിധീകരിക്കുന്ന ഒരു ശില്‍പം.
അല്ലങ്കിലും ആന്തോറിയത്തിനെ പ്രസിദ്ധനാക്കിയതീ പ്രതീകവല്‍ക്കരണം തന്നെയല്ലേ!

താഴെ വൃത്തിയായ കൈപ്പടയില്‍ ഉരുട്ടിയെഴുതിയ " എന്റെ ദേവനു ജന്മദിനാശംസകള്‍" എന്ന ഒരു വാചകം. അതിനും ലളിതമായി എഴുതിയ "കാര്‍ത്തിക" എന്ന നാമം.

ആ കാര്‍ഡു എന്റെ കയ്യില്‍ ഏറെ നേരമിരുന്നു.
എന്തേ ഇതു ആരും ഇതുവരെ ശ്രദ്ധിച്ചിക്കാതിരുന്നതു?.
സഹദേവനു ഒരു നിശബ്ദ പ്രേമമുണ്ടായിരുന്നോ?
ആര്‍ക്കും അറിയില്ല.
ആല്‍ത്തറ വിശേഷങ്ങളില്‍ ഇതാരും ചര്‍ച്ച ചെയ്തിട്ടില്ല.

സഹദേവനെക്കുറിച്ചുള്ള കാര്യങ്ങള്‍ നാട്ടിലും വീട്ടിലും ഇവിടേ ഷാര്‍ജ മുഴുവന്‍ എല്ലാര്‍ക്കുമറിഞ്ഞിട്ടും ഈ പ്രണയകഥ ആരുമറിയാതെ പോയതെന്തേ?

സഹദേവന്‍ ഞങ്ങളുടെ ഒരു വേദനയായിരുന്നു. വിധിയുടെ ക്രൂരമായ വിളയാട്ടത്തിനുമുന്‍പില്‍ അവസാനിച്ച ഒരു ജന്മം.
ഞാന്‍ നാട്ടില്‍ നിന്നു വന്നപ്പോള്‍ സഹദേവന്‍ ജയിലിലായിരുന്നു. അവന്റെ ദാരുണ കഥയാണ്‌ ഞാന്‍ വന്ന ആദ്യ വെള്ളിയാഴ്ചത്തെ ആല്‍ത്തറ വിശേഷങ്ങളില്‍ നിന്നു എന്റെ കരളിലേക്കാദ്യം തറച്ചു കയറിയത്‌.

പണത്തിനു വേണ്ടി, നാട്ടില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റാത്ത വിധമെത്തിയപ്പോഴാണ്‌, സഹദേവന്‍ അശോകന്‍ വഴി വിക്രമനെ ചെന്നു കാണുന്നത്‌. പാസ്പോര്‍ട്ട്‌ പണയം കൊടുത്താല്‍ അവന്റെ അറബിയില്‍ നിന്നും പതിനായ്യായിരം ദിര്‍ഹം പത്തു ശതമാനം പലിശക്കു വാങ്ങിത്തരാം എന്നവന്‍ ഏറ്റു. വിക്രമന്‍ അറബിയുടെ ഡ്രൈവറാണ്‌.
പറഞ്ഞതു പോലെ പാസ്പോര്‍ട്ടു കൊടുത്തപ്പോള്‍ അവന്‍ അറബിയില്‍ നിന്നു കാശു വാങ്ങി സഹദേവനു കൊടുത്തത്‌ പതിനാലായിരം ദിര്‍ഹം. ആയിരം അവന്റെ കമ്മീഷന്‍.

സഹദേവന്‍ കാശു നാട്ടിലയച്ചു അളിയന്റെ കടം തീര്‍ത്തു. കുറേശ്ശെയായി അറബിയുടേ കടം വീട്ടി കൊണ്ടിരുന്നു.

വിക്രമനെക്കുറിച്ചു കൂടുതലറിഞ്ഞതു പിന്നീടാണ്‌. ഹിന്ദിയില്‍ "ചാര്‍ സൗ ബീസ്‌" എന്ന ഒരു പ്രയോഗത്തിനു മലയാളത്തിലേറ്റം അനുയോജ്യനായതു വിക്രമനാണന്നപ്പോള്‍ തോന്നി.

എല്ലാ തിന്മകളുടേയും പര്യായമായ വിക്രമന്‍, കിളവനായ അറബിയുടെ യുവതിയായ ഭാര്യയുമായി അവിഹിത ബന്ധത്തിനിടെ അറബിയാല്‍ പിടിക്കപ്പെടുകയും അറബി പോലീസിനു ഫോണ്‍ ചെയ്യന്‍ ശ്രമിക്കവെ ആ ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി വിക്രമന്‍ അയാളെ കൊലപ്പെടുത്തുകയും ചെയ്തു.
അറബിയുടേ ഭാര്യയും വിക്രമനും ചേര്‍ന്നു കിളവന്റെ മരണം സ്വാഭാവിക മരണമാക്കി മാറ്റി.
ആദ്യം ആര്‍ക്കും സംശയമൊന്നും തോന്നിയില്ല. എന്നാല്‍ ഗള്‍ഫില്‍ ജനാസസംസ്കരണ ചുമതല സര്‍ക്കാരാശുപത്രിയിലെ ഡോക്ടരുടേ മേല്‍നോട്ടത്തിലായതിനാല്‍ അവര്‍ മയ്യത്തിന്റെ കഴുത്തില്‍ ചുവന്ന അടയാളം കണ്ടു. അവര്‍ ഉടനെ സി. ഐ.ഡി വിഭാഗത്തെ അറിയിച്ചു.
സംഗതി മണത്തറിഞ്ഞ വിക്രമന്‍ വണ്ടിയെടുത്തു അറബിയുടെ വീട്ടില്‍ വന്നു പെട്ടി കുത്തിത്തുറന്നു അതിനകത്തുള്ള ഒരു പിടി പാസ്പോര്‍ട്ടുകളും പൈസയും വാരി സ്ഥലം വിടാന്‍ ഒരുങ്ങവേ ജാഗരൂഗരായ പോലീസു സംഘം അവനെ കയ്യോടേ പിടികൂടി. വിക്രമന്റെ പാസ്പോര്‍ട്ടിനു പുറമേ സഹദേവന്റെ പാസ്പോര്‍ട്ടും പിന്നെ മറ്റേതൊ ഒരു ഹതഭാഗ്യന്റെ പാസ്പോര്‍ട്ടു കൂടി പോലീസ്‌ അവന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്തതു വിനയായി. സംശയത്തിന്റെ പേരില്‍ അവരെ രണ്ടു പേരെയും പോലീസ്‌ അറസ്റ്റു ചെയ്തു.

പലവിധ പീഡനങ്ങള്‍ സഹിച്ചിട്ടും സഹദേവന്‍ കുറ്റം സമ്മതിച്ചില്ല. അവനൊന്നുമറിയില്ലന്നു കരഞ്ഞു പറഞ്ഞു.
ബാക്കി രണ്ടു പേരും നിരപരാധികളാണെന്നു വിക്രമന്‍ പോലീസിനോടു പറഞ്ഞിരുന്നങ്കില്‍ അവര്‍ക്കു അന്നേ സ്വതന്ത്രരാവാമായിരുന്നു. ഇതിനയാള്‍ ലക്ഷങ്ങളാണ്‌ അവരോടാവശ്യപെട്ടത്‌. മാത്രമല്ല കേസ്സിന്റെ ബലം കുറക്കാന്‍ നിരപരാധികളായ അവരും കുടുങ്ങേണ്ടത്‌ അയാളുടെ കുത്സിത ബുദ്ധിക്കാവശ്യമായിരുന്നു.

സഹദേവന്റെ കുറ്റസമ്മതമില്ലാതെ ശിക്ഷ വിധിക്കല്‍ സംഭവ്യമല്ലായിരുന്നതിനാല്‍ പല തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും സഹദേവന്‍ സത്യത്തില്‍ പിടിച്ചു നിന്നു.കൈവിരലിലെ നഖങ്ങള്‍ മുഴുവന്‍ പിഴുതെടുത്തിട്ടും അവന്‍ സത്യമല്ലാതെ ഒന്നും പറഞ്ഞില്ല.
എട്ടു വര്‍ഷത്തോളം അവന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു.കേസ്സിന്റെ തീഷ്ണത കുറഞ്ഞു വന്നു. ശിക്ഷക്കു വേണ്ടി വാദിച്ചിരുന്ന അറബിയുടെ അനുജന്മാര്‍ അയാളുടെ അനന്തരാവകാശ സ്വത്തില്‍ തൃപ്തരായി.

ചെറു കുറ്റങ്ങള്‍ക്കു മാപ്പു കൊടുക്കുന്ന ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനു അവരെ വിട്ടയക്കുമെന്ന പ്രതീക്ഷയുണ്ടായി.ജയിലില്‍ ചില്ലറ ജോലി ചെയ്താല്‍ കിട്ടുന്ന പൈസ വല്ലപ്പോഴും ജയിലില്‍ സഹദേവനെ കാണാനെത്തിയിരുന്ന ഞങ്ങള്‍ക്കു തന്നു അവന്‍ നാട്ടില്‍ പോകാനാവശ്യമായ സാധനങ്ങള്‍ വാങ്ങിപ്പിച്ചു. അന്നവന്‍ കാര്‍ത്തികയെന്നു അഡ്രസ്സെഴുതിയ ഒരു കത്തു സ്റ്റാമ്പൊട്ടിച്ചു പോസ്റ്റു ചെയ്യാന്‍ തന്നതോര്‍ക്കുന്നു.

ഞങ്ങള്‍ അവന്റെ വരവിനായി ഫ്ലാറ്റു റഡിയാക്കി.അവനൊരു കട്ടിലൊഴിച്ചിട്ടു.

പക്ഷെ നവമ്പറിന്റെ ഒരവസാന ദിവസത്തില്‍ ഞങ്ങളെ ആകെ ഞെട്ടിച്ചു കൊണ്ട്‌ ആ കേസ്സിലെ മൂന്നു പ്രതികളുടേയും വധശിക്ഷ നടപ്പിലാക്കിയ വിവരമാണ്‌ പിന്നെ ഞങ്ങള്‍ അറിഞ്ഞത്‌.ഡിസംബര്‍ 2 നു എല്ലാവരെയും വെറുതെ വിടുമെന്നു എല്ലാരും പ്രതീക്ഷിച്ചതായിരുന്നു. ശവശരീരം പോലും കാണാന്‍ ഞങ്ങള്‍ക്കാര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.

പിന്നീട്‌ ഒരുനാള്‍ ജയിലിന്റെ ഉള്ളില്‍ സിമണ്ടു പണിക്കു പോയ ഭാസ്കരേട്ടന്‍ പറഞ്ഞാണ്‌ ഞങ്ങള്‍ സഹദേവന്റെ അവസാന തീരുമാനങ്ങള്‍ അറിഞ്ഞത്‌.

"വിക്രമനെപ്പോലെ ഒരാള്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി ഇനിയും സമൂഹത്തില്‍ സുരക്ഷിതനായി ജീവിച്ചാല്‍ ഭൂമിയില്‍ തിന്മപെരുകും അതിനാല്‍ ഞാന്‍ എന്റെ ജന്മം ബലി കൊടുത്തു ആ ദുഷ്ടനെ നിഗ്രഹിക്കുകയാണ്‌ .അയാള്‍ രക്ഷപ്പെട്ടു കൂടാ"എന്നും സഹദേവന്‍ പറഞ്ഞ കാര്യം ഭാസ്കരേട്ടന്‍ ഞങ്ങളോടു പറഞ്ഞപ്പോള്‍ കാളകൂട വിഷം വിഴുങ്ങി പ്രപഞ്ചത്തെ രക്ഷിച്ച ശിവകര്‍ത്തവ്യം മാത്രമേ അന്നേരം ഒാര്‍മ്മവന്നുള്ളൂ.

ദൂരെ സഹദേവന്റെ വരവും കാത്തിരിക്കുന്ന കാര്‍ത്തികയെന്ന പെണ്‍കുട്ടിയുടെ കിനാവിന്റെ ബാക്കിയെന്തായി എന്നറിയാന്‍ ഒന്നു പാങ്ങു-പവറട്ടി വരെ പോകണമെന്നു വല്ലപ്പോഴും ഈ ഗ്രീറ്റിംഗ്‌ കാര്‍ഡു കാണുമ്പോള്‍ തോന്നറുണ്ട്‌.

പിന്നെ മറിച്ചു ചിന്തിക്കും അവളിപ്പോഴും സഹദേവന്‍ തിരിച്ചുവരുമെന്ന ചിന്തയില്‍ ഒന്നുമറിയാതെ കാത്തു കാത്തിരിക്കുന്നതു മനസ്സില്‍ കാണുന്നതാണീ കഥയുടെ നൊമ്പരപ്പെടുത്തുന്ന പരിണാമഗുപ്തിയെന്ന്.

http://tkkareem.blogspot.com/

വെള്ളിയാഴ്‌ച, ജനുവരി 12, 2007

ഒരു തൊപ്പിക്കഥ

രു തൊപ്പി ഒരിക്കലെന്റെ ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്. പിന്നെ അതു തന്നെ എന്റെ ജീവന്‍ കാത്തിട്ടും ഉണ്ട്‌.
വെറും ഡ്യൂക്കിലി തൊപ്പിയല്ല, ക്രിക്കറ്റ്‌ താരങ്ങള്‍ അണിയുന്ന തൊപ്പി.
പാകിസ്‌ഥാനിലെ പ്രസിദ്ധ സ്‌പോര്‍സ്‌ മെറ്റീരിയല്‍ ബിസിനസ്‌ കമ്പനിയായ AJ sports ന്റെ വിലയേറിയ ഒരു ക്യാന്‍വാസ്‌ തൊപ്പിയാണ്‌ ഞാന്‍ ഗള്‍ഫില്‍ വന്നതിന്നു ശേഷം ആദ്യമായി വാങ്ങിയ ആഢംഭരവസ്തു. ഫ്ലക്‍സിബിളായ അതിന്റെ സണ്‍ഷേഡു നമുക്കിഷ്‌ടപ്പെട്ട ആകൃതിയില്‍ വളച്ചെടുക്കാമെന്നതായിരുന്നു അതിന്റെ പറയാനേറെയുള്ള പ്രത്യേകതകളിലൊന്ന്‌.

ക്രിക്കറ്റു ജ്വരം സിരകളില്‍ കിടന്നു തിളക്കുന്ന കാലത്താണ്‌ ഞാന്‍ ഗള്‍ഫിലെക്കു പറിച്ചു നടപ്പെട്ടത്‌.
ഇരുമ്പുഴിയില്‍ നിന്നും ആറു കിലോമീറ്ററിലധികം ദൂരമുള്ള മലപ്പുറത്തങ്ങാടിയിലെ ഏക ടി.വി. കടയിലെ പുറത്തേക്കെടുത്തുവെച്ച ബ്ലക്ക്‌&വൈറ്റ്‌ ടിവിയില്‍ നിറഞ്ഞ ഗ്രൈന്‍സിനിടയിലൂടെ രവിശാസ്ത്രിയെന്നും, കപിലെന്നും വെംഗ്‌സര്‍ക്കരെന്നും തോന്നിപ്പിക്കുന്ന രൂപങ്ങള്‍ സിക്‍സര്‍ അടിക്കുന്നതു കണ്ട്‌ ഞാന്‍ നിലം വിട്ടു ചാടിത്തിമര്‍ത്തിട്ടുണ്ട്‌. അസറുദ്ദീന്റെ റിവേര്‍സ്‌ സ്വീപ്പിലെ ഫോറു കണ്ടു ആനന്ദം കൊണ്ടിട്ടുണ്ട്‌.
അങ്ങനെയുള്ള ഞാന്‍ ഷാര്‍ജയിലെത്തിയപ്പോള്‍ എന്റെ കമ്പനി നില്‍ക്കുന്നത്‌ പ്രസിദ്ധമായ ഷാര്‍ജ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിന്റെ തൊട്ടടുത്ത്‌.
മോണിറ്ററില്‍ നിന്നും മിഴി മാറ്റിയാല്‍ മുന്നില്‍ കാണുന്നതു ക്രിക്കറ്റേര്‍സ്‌ ബെനിഫിറ്റ്‌ ഫണ്ട്‌ സിരീസ്‌ എന്ന വലിയ ബോര്‍ഡും അതിന്നു മുകളില്‍ ബാറ്റ്സ്മാന്റെ ഒരു കൂറ്റന്‍ ലോഗോയും.
ആനന്ദലബ്‌ദിക്കു ഇതില്‍പ്പരമെന്തു വേണം.
രാവിലെ ഓഫീസിലേക്കു പോകുന്നതിന്നു മുന്‍പു വെറുംവയറ്റിലും ഓഫീസു സമയം കഴിഞ്ഞു ക്ഷീണിതനായ്‌ വെറുംകാലിലും ഞാന്‍ സ്‌റ്റേഡിയത്തിന്റെ മുന്നിലൂടെ നടക്കും.
CBFSന്റെ അടഞ്ഞു കിടക്കുന്ന ഗേറ്റിലൂടെ ഒഴിഞ്ഞു കിടക്കുന്ന ഗാലറി നോക്കി നില്‍ക്കും.
റോത്ത്‌മാന്‍ കപ്പും, ഷാര്‍ജാ കപ്പും പെപ്സി കപ്പും നടന്ന സ്ഥലം.
മുന്‍പു റ്റി.വി. സ്ക്രീനില്‍ മാത്രം കണ്ട സ്റ്റേഡിയം.

അങ്ങനെയിരിക്കെയാണ്‌ സ്റ്റേഡിയത്തിന്റെ മെയിന്റനന്‍സ്‌ കോണ്ട്രക്ട്‌ ഞങ്ങളുടെ കമ്പനിക്കു കിട്ടുന്നത്‌.ഗാലറിയുടെ റീ കണ്‍സ്ട്രക്ഷന്‍ ആണ്‌ ഞങ്ങള്‍ക്കു കോണ്ട്രാക്ട്‌ കിട്ടിയത്‌. 15 ദിവസത്തിനുള്ളില്‍ ഉയര്‍ന്ന നിലവാരത്തോടെ പണിതു കൊടുക്കണമെന്നു മാത്രമേ കോണ്ട്രാക്ടിലുണ്ടായിരുന്നുള്ളൂ. ഒരു ഇന്‍റ്റര്‍നാഷണല്‍ മത്സരം തുടങ്ങുന്നു.

പണി പരിശോധിച്ചു കമ്പ്ലീഷന്‍ സര്‍ട്ടി ഫിക്കറ്റു തരാന്‍ "ബുകാതിര്‍" ഷൈക്കു വരുന്ന ദിവസം ഞാനുമുണ്ടാവുമെന്ന് ഞങ്ങളുടെ മലയാളിയായ എന്‍ജിനീയരോട്‌ ഞാന്‍ അഭ്യര്‍ത്ഥിച്ചു.

പന്ത്രണ്ടു ദിവസത്തിനകം ഞങ്ങള്‍ പണിതീര്‍ത്തു. അബ്ദുറഹിമാന്‍ ബുകാതിറിനെ കുറിച്ചു സ്പോര്‍ട്‌സ്‌ സ്റ്റാറിലും സ്പോര്‍ട്‌സ്‌ പേജുകളിലും വായിച്ചിരുന്നതല്ലാതെ നേരില്‍ കണ്ടിട്ടില്ല. അതിനുള്ള ഭാഗ്യം കിട്ടിയിരിക്കുകയാണ്‌. അറേബ്യന്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിനു വിത്തിട്ടു വളമിട്ട മഹാരഥന്‍. ഫുഡ്ബോളല്ലാതെ മറ്റൊരു ബാളിനെക്കുറിച്ചും അറിയാത്ത അറബികള്‍ക്കു ക്രിക്കെറ്റെന്താണെന്ന് സ്റ്റേഡിയം പണിതു പഠിപ്പിച്ചു കൊടുത്ത ഷൈക്ക്‌.
അബ്ദുറഹിമാന്‍ ബുകാതിറെന്ന ക്രിക്കറ്റ്‌ ഗോഡ്ഫാദറെ നേരില്‍ കാണാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തിക്കൂടാ.
കമ്പനിയില്‍ എന്റെയത്രക്കും ക്രിക്കറ്റ്‌ ക്രേസായിട്ടുള്ള ഒരാളും ഇല്ലാത്തതിനാല്‍ അവസരം എനിക്കു തന്നെ തന്നു.

ഷേക്കിനെ ഇമ്പ്രസ്സ്‌ ചെയ്യിക്കാന്‍ ഞാന്‍ ഒന്നൊരുങ്ങി. AJ Sports ന്റെ ആ തൊപ്പി വാങ്ങി. ഇമ്രാന്‍ ഖാന്‍ അണിയുന്ന ബ്രാന്റ്‌. കാശിത്തിരി കൂടിയാലെന്താ ആ ഗമക്കു കാശൊരു പ്രശ്നമല്ലന്നെനിക്കു തോന്നി.
കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ എന്‍ജിനീയറുടെ കൂടെ CBFSന്റെ സ്റ്റേഡിയത്തിനകത്തു കടന്നപ്പോള്‍ എന്റെ തൊപ്പി വെച്ച തല ഞാന്‍ ആവശ്യത്തിലധികം ഉയര്‍ത്തി പിടിച്ചിരുന്നു.
നിര്‍ഭാഗ്യമെന്നു പറയട്ടെ ബുകാതിറിനു പകരം അദ്ദേഹത്തിന്റെ പി.എ ആണ്‌ വന്നത്‌.

നിരാശയോടെ ഞാന്‍ മടങ്ങാന്‍ നേരം എന്റെ ഭാഗ്യത്തിനു ഇന്ത്യന്‍ ടീമംഗങ്ങള്‍ പിച്ചു പരിശോധിക്കാനും പ്രാക്ടീസിനും എത്തി. അസറിനെയും കപിലിനെയും രവിശാസ്ത്രിയേയും നേരില്‍ കണ്ടു. കപിലിനെ തൊട്ടു. അസറിനോടു ഏറെ നേരം സംസാരിച്ചു. കിട്ടിയ സമയം കൊണ്ട്‌ എന്റെ ആ തൊപ്പിയില്‍ ഒരു മാര്‍ക്കര്‍ പേന കൊണ്ടു അസറിന്റെ ഒപ്പു വാങ്ങി. കൂടെ നിന്നു ഫോട്ടോ എടുത്തു. വളരെ സന്തോഷവും, അഭിമാനവും തോന്നിയ ദിവസമായിരുന്നു അന്ന്‌.

ആ തൊപ്പി ഞാന്‍ പൊന്നു പോലെ കാത്തു. സ്പോര്‍ട്‌സ്‌ സംബന്ധമായ വല്ല പരിപാടികളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അന്നെന്റെ തലയില്‍ ആ തൊപ്പി കാണുമായിരുന്നു.

അങ്ങനെയിരിക്കയാണ്‌ ഇന്ത്യന്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ഒരവധി ദിനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ മൂന്നു ബസ്സില്‍, അല്‍ഐന്‍ ഫണ്‍സിറ്റിയിലെക്കൊരു പിക്‍നിക്‌ പോകുന്നുണ്ടന്നു അറിഞ്ഞത്‌. പലപ്പോഴായി പലതവണ അവിടെ പോയതാണെങ്കിലും ഇത്ര വിപുലമായ രീതിയില്‍ ഫാമിലികളോടു കൂടെ പോകുന്നതു ഒരനുഭവം തന്നെയെന്നു നിനച്ചു വിവാഹിതനായിട്ടും ബാച്ചിലറായ ഞാനും എന്റെ സഹപ്രവര്‍ത്തകന്‍ ജേക്കബും പിക്നിക്കിനു ചേര്‍ന്നു.
പുരുഷന്മാരും സ്തീകളും സുന്ദരികളും സുന്ദരന്മാരും ബാലികകളൂം ബാലന്മാരുമായി ഇരുനൂറോളം ആളുകള്‍. ഞാന്‍ ആസ്വദിച്ച ട്രിപ്പുകളില്‍ ഏറ്റവും രസകരമായ ഒരു ട്രിപ്പ്‌.
യാത്രയില്‍ പാട്ടും ഡാന്‍സും മത്സരങ്ങളുമായി ദൂരയാത്ര അറിഞ്ഞതേയില്ല.
ഫണ്‍സിറ്റിയിലെത്തിയിട്ടാണ്‌ സ്പോര്‍ട്സ്‌ മത്സരം തുടങ്ങിയത്‌. നാലു ഹൗസുകളായി തിരിച്ചു. ഹൗസുകള്‍ തരം തിരിഞ്ഞു വന്നപ്പോഴാണ്‌ മത്സരവും തലതിരിഞ്ഞത്‌.
ഡയമണ്ട്‌ ഹൗസും എമറാള്‍ഡ്‌ ഹൗസും തമ്മില്‍ രാഷ്ടീയ കുടിപ്പകയുണ്ടെന്നു മനസ്സിലായത്‌ അതിലെ അംഗങ്ങള്‍ തമ്മിലെ കുശുകുശുക്കലില്‍ നിന്നാണ്‌.

കരുണാകരനെ വലിച്ചിട്ടു ആന്റണിയെ വിമാനത്തില്‍ കൊണ്ടുവന്നു മുഖ്യമന്ത്രിയാക്കി കേറ്റിയിരുത്തിയ കാലം.കരുണാകരന്‍ മുരളിയെക്കാള്‍ കോണ്‍ഗ്രസ്സിനെ സ്നേഹിക്കുകയും, തിരിച്ചു അണികള്‍ കോണ്‍ഗ്രസ്സിനെക്കാള്‍ കരുണാകരനെ സ്നേഹിക്കുകയും ചെയ്ത കാലം.
ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും ഉത്തമശിഷ്യര്‍ പരസ്പരം പണിയാതെ വെച്ച ആ പാരകള്‍ കരുണാകരവിഭാഗത്തിനെതിരെ പ്രയോഗിക്കാന്‍ ഒന്നിച്ചു നിന്ന കാലം.
ആ രണ്ടു ഗ്രൂപ്പുകളാണ്‌ എമറാള്‍ഡും ഡയമന്റും.രണ്ടു വിഭാഗത്തിനും തുല്യ ശക്തി. സ്പോര്‍ട്സ്‌ മത്സരങ്ങളില്‍ അതു വ്യക്തമായി കണ്ടു.

ആര്‍പ്പും വിളിയും അട്ടഹാസങ്ങളും കാരണം ഫണ്‍സിറ്റിയില്‍ നിന്നു ഞങ്ങളെ എപ്പോ വേണങ്കിലും പിടിച്ചു പുറന്തള്ളുകയോ അറസ്റ്റു ചെയ്യുകയോ ചെയ്യാവുന്ന അവസ്ഥ.

ഞാന്‍ ഇതില്‍ നിന്നും ഇത്തിരി മാറി പുല്‍ത്തകിടിയില്‍ അസ്വസ്ഥനായിരുന്നു. ഇതുവരെ ആസ്വദിച്ചതൊക്കെ "അണ്‍ഡു" ചെയ്യെണ്ടി വരുമോ എന്ന ഭീതിയാര്‍ന്ന തോന്നല്‍.
ഫണ്‍സിറ്റിയില്‍ നിന്നു ജഢങ്ങളോ പരിക്കേറ്റ ശരീരങ്ങളോ എടുത്തു മാറ്റന്‍ കൂടേണ്ടി വരുമെന്നു തോന്നി.

സ്പോര്‍ട്‌സ്‌ മത്സരങ്ങള്‍ വാശിയായി നടക്കുകയാണ്‌ ഡയമന്റും, എമറാള്‍ഡും പോയന്‍ടില്‍ ഒപ്പത്തിനൊപ്പം.
ഇനി 100 മീറ്റര്‍ ഓട്ടത്തിന്റെ പുരുഷന്മാരുടെ വാശിയേറിയ മത്സരം മാത്രം ബാക്കിയുണ്ട്‌.
അതു കഴിഞ്ഞാലറിയാം ഓവറാള്‍ വിന്നറായ ഹൗസിനെ!.
ആകാംക്ഷയുടെ മുള്‍മുനയിലാണ്‌ ടൂര്‍ സംഘാടകരും.

അതിനിടയിലാണ്‌ നാട്ടിലെ കെ.ഡി. ലിസ്റ്റിലുള്ളവനും രണ്ടു മൂന്നു രാഷ്ട്രീയ കേസുകള്‍ തീര്‍പ്പാകുന്നതിന്നു മുന്‍പ്‌ ജാമ്യത്തിലിറങ്ങി ഗള്‍ഫിലെത്തിയവനുമായ "ഒറോമ്പുറം മാധവന്‍" സബ്‌ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നു കണ്ടെത്തി എമറാള്‍ഡ്‌ ഹൗസ്‌ പ്രശ്നമുണ്ടാക്കിയത്‌.
ആ സബ്‌ റഫറിയെ വെച്ചു മത്സരം നടത്താന്‍ സമ്മതിക്കില്ലന്നു അവരും, അവരു പറഞ്ഞ മറ്റൊരു റഫറിയെ വെച്ചു നടത്താന്‍ ഡയമണ്ടും വിട്ടുകൊടുക്കില്ലന്നു കൊലവിളിയായി.

രണ്ടു കൂട്ടര്‍ക്കും സമ്മതനായ ഒരാളെ കണ്ടെത്തി ഈ വയ്യാവേലി ഒന്നു തീര്‍ത്താല്‍ മതിയെന്നായി മെയിന്‍ റഫറിക്ക്‌.

എന്റെ കഷ്ടകാലത്തിനാണ്‌, ആരവങ്ങളിലൊന്നും പങ്കെടുക്കാതെ പക്ഷം ചേരാതെ തലയില്‍ തൊപ്പിയുമായി ഇരിക്കുന്ന എന്നെ മെയിന്‍ റഫറി കണ്ടത്‌.
അയാള്‍ എന്റെ അടുത്തേക്കു ഓടി വന്നു.
ഞാന്‍ പേടിച്ചു “നിങ്ങള്‍ക്കു ഒരു സബ്‌റഫറിയായി നില്‍ക്കാമോ?“
ഞാന്‍ നിഷേധിച്ചു.
അയാള്‍ പറഞ്ഞു. "നിങ്ങള്‍ രണ്ടാമതായി ഫിനിഷു ചെയ്യുന്ന ആളുടെ കയ്യില്‍ പിടിച്ചാല്‍ മാത്രം മതി. പ്രഖ്യാപനം ഞാന്‍ ചെയ്തോളാം. ഒന്നു കൊണ്ടും പേടിക്കണ്ടാ".

അയാള്‍ എന്റെ തൊപ്പി കണ്ടു ഓവര്‍ എസ്റ്റിമേറ്റു ചെയ്തു എന്നെ ഒരു കായികതാരമെന്നു തെറ്റിദ്ധരിച്ചതാണ്‌.
അയാളുമാത്രമല്ല എമറാള്‍ഡും,ഡയമന്റും എന്നെ എകകണ്‍ഠമായി എന്നെ അംഗീകരിച്ചതായിരുന്നു മറ്റൊരത്യാഹിതം.
എന്റെ തൊപ്പിക്കു കിട്ടിയ ഒരംഗീകാരം.

ഞാന്‍ വരുംവരായ്കകളെ കുറിച്ചു തീരെ ഓര്‍ക്കാതെ സമ്മതിച്ചു.
ഇത്തിരി ഗമയോടെ!

ഓട്ടമത്സരത്തിനു താരങ്ങള്‍ ലൈന്‍ അപ്പായി. നാലുപേരും നല്ല മല്ലന്മാര്‍. ഒന്നിനൊന്നു മെച്ചം.
വിസിലു മുഴങ്ങി.
ഓട്ടം തുടങ്ങി.
ആരാദ്യം എന്നു തീരുമാനിക്കാന്‍ സമയമില്ല.
എല്ലാം ഒപ്പത്തിനൊപ്പം.

രണ്ടമനെന്നു ഒരു നിമിഷം തോന്നിയ ഒരുത്തന്റെ കയ്യില്‍ കടന്നു പിടിച്ചു
ഞാന്‍ തീരുമാനമെടുക്കുകയായിരുന്നു.

അപ്പോഴാണ്‌ അതേ ആളിനെ തന്നെ ഒന്നാം സ്ഥാനത്തിനുള്ള ആളെ തെരഞ്ഞെടുക്കുന്ന സബ്‌ റഫറിയും അവന്റെ മറ്റേ കൈ പിടിച്ചു പൊക്കുന്നത്‌ ഞാന്‍ കണ്ടത്‌.
ഞാന് അവന്റെ കൈ വിട്ടു.

ജനക്കൂട്ടം ഫിനിഷിംഗ്‌ പോയന്റ്‌ കയ്യേറി.
മറ്റു മത്സരാര്‍ത്ഥികള്‍ ജനക്കൂട്ടത്തില്‍ ലയിച്ചിരിക്കുന്നു.
തിരിച്ചറുയാന്‍ അവര്‍ക്കാര്‍ക്കും ട്രാക്ക് സൂട്ടൊന്നും ഇല്ലല്ലോ!
എന്റെ കയ്യിലാരുമില്ല.
ഞാന്‍ അപകടം മണത്തറിഞ്ഞു.
പതിയെ തൊപ്പിയൂരി.
കയ്യിലെടുത്തു.
സോഫ്റ്റ്‌ ക്യാന്‍വാസായതിനാല്‍ ചുരുട്ടി പാന്‍സിന്റെ പോക്കറ്റിലിട്ടു.
ഉടനെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായി.

തിരിച്ചറിയാനുള്ള മറ്റൊരടയാളങ്ങളും എന്നില്‍ നിന്നാര്‍ക്കും ഓര്‍ത്തുവെക്കാന്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ സുരക്ഷിതനായി നിന്നു.

രണ്ടാം സ്ഥാനക്കാരനെയും കൊണ്ട്‌ ഉടന്‍ വരണമെന്ന മെയിന്‍ റഫറിയുടെ ഉച്ചത്തിലുള്ള ദയനീയമായ അഭ്യര്‍തഥനകള്‍ പിന്നെ അവിടെ നടന്ന പിടിവലിക്കിടയില്‍ അലിഞ്ഞില്ലാതെയായി.
ആരുടെയൊക്കെയോ “അയ്യോ! അമ്മേ ! രക്ഷിക്കണേ!” എന്ന വിളികളില്‍ നിന്നു റഫറിയുടെ ശബ്ദം ഞാന്‍ പ്രത്യേകം തിരിച്ചറിഞ്ഞു.

നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്ന ഞങ്ങളെ പിന്നെ ഫണ്‍സിറ്റി സെക്യൂരിറ്റി ഓടിച്ചിട്ടടിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാരും ഓടി ബസ്സില്‍ കയറി.

പിക്നിക്‌ പ്ലാന്‍ ചെയ്തതിനെക്കാള്‍ നാലുമണിക്കൂര്‍ മുന്‍പേ മതിയാക്കി ഷാര്‍ജയിലേക്കു തിരിച്ചു. ബസ്സിലിരുന്നു എല്ലാരും ആ അപ്രത്യക്ഷനായ തൊപ്പിക്കാരന്‍ റഫറിയുടെ ദുരൂഹത ചര്‍ച്ച ചെയ്യുകയായിരുന്നു. കൂടെ ഞാനും ജേക്കബും.

റഫറിയുടെ തിരോധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്റെ ഡയലോഗുകള്‍ ചിലരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ജേക്കബ്‌ കൈയില്‍ നുള്ളികൊണ്ടു മുന്‍സീറ്റിലേക്കു ചൂണ്ടിക്കാണിച്ചു തന്നു.
"ഒറോമ്പുറം മാധവന്‍"
പിന്നെ ആ നീണ്ടയാത്രയിലുടനീളം ഞാന്‍ "കാമാ"ന്നക്ഷരങ്ങള്‍ ഉരിയാടിയില്ലന്നു മാത്രമല്ല “ജാക്കിച്ചാന്‍“ പ്ലയിനിന്റെ പുറത്തു സാഹസീകയാത്ര ചെയ്യുന്ന ഷോട്ടെടുക്കാന്‍ മുഖം മെയ്ക്കപ്പിട്ടതു പോലെ ഞാന്‍ എന്റെ മുഖം മാക്സിമം വികൃതമാക്കി ഐഡണ്ടിറ്റി മറച്ചു വെക്കാന്‍ പണിപ്പെട്ടു.

ബസ്സിലെ ആരും എന്നെ തിരിച്ചറിഞ്ഞില്ലന്നതു ആ തൊപ്പി എനിക്കു നല്‍കിയ പരിവേഷത്തിന്റെ മറ്റൊരു ഗുണമായിരുന്നു. എല്ലാരും എന്റെ തൊപ്പി മാത്രമേ മുന്‍പു ശ്രദ്ധിച്ചിരുന്നുള്ളൂ മുഖമായിരുന്നില്ല അതിനാല്‍ ഇതെഴുതാനുള്ള വിധി എനിക്കും വായിക്കാനുള്ള ഗതികേടിന്റെ വിധി നിങ്ങള്‍ക്കും ഉണ്ടായി.

http://tkkareem.blogspot.com/

തിങ്കളാഴ്‌ച, നവംബർ 20, 2006

ഹൗവിസ്‌ ദാറ്റ്‌ (How is that)?

നാട്ടിലെത്തിയ ഉടന്‍ ഞാന്‍ ആദ്യം കാണാന്‍ പോയതു ശറഫുവിന്റെ ഉമ്മാനെയാണ്‌
എന്റെ ഒന്നാം ക്ലാസ്സുമുതല്‍ ബിരുദക്ലാസ്സുവരെയുള്ള ക്ലാസ്സുമേറ്റാണു ശറഫു.
ഇണക്കങ്ങളും പിണക്കങ്ങളുമായി ഞങ്ങള്‍ തുടരുന്ന ദീര്‍ഘകാല ചങ്ങാത്തം ഈ കഥയെഴുതുന്നതു വരെ തുടരുന്നു.

പണ്ടു അവന്റെ ഉപ്പാന്റെ ഫേവര്‍ലുബ വാച്ചു കടം വാങ്ങി കെട്ടി, ആ വാച്ചു കെട്ടിയ എന്റെ ഇടത്തെകൈ, നെഞ്ചിനു കുറുകെ പൂണൂലുപോലെ ചെരിച്ചു വെച്ചെടുത്ത ഏഴാം ക്ലാസ്സിലെ ഗ്രൂപ്പു ഫോട്ടോ നോക്കി ഇപ്പോള്‍ എന്റെ മക്കള്‍ തക്കം കിട്ടിയാല്‍ എപ്പോഴുമെന്നെ കളിയാക്കും.
ശറഫു ഇപ്പോള്‍ സൗദിയില്‍ മെര്‍സിഡിസ്‌ കാറുകളുടെ സോള്‍ ഡീലേര്‍സായ ഒരു വലിയ കമ്പനിയില്‍ അക്കൗന്‍ഡ്‌സ്‌ മാനേജര്‍.
മുഖാതാവില്‍ കണ്ടിട്ടു വര്‍ഷങ്ങളായെങ്കിലും നിരന്തരമായ ഈമെയില്‍ ബന്ധം ഞങ്ങളെ കൂടുതല്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.

കുഞ്ഞുനാള്‍ മുതല്‍ എന്റെ ഉമ്മ അവന്റെതും അവന്റെ ഉമ്മ എന്റെതും കൂടിയാണ്‌.അതിനാല്‍ എന്റെ ആദ്യ സൗഹൃദസന്ദര്‍ശനം അങ്ങോട്ടു തന്നെ.
Photobucket - Video and Image Hosting
കൊട്ടാരം പോലുള്ള വീട്‌,
മുറ്റത്തു വിലകൂടിയ ഓര്‍ക്കിഡിന്റെ പൂന്തോട്ടം.
വെള്ള മാര്‍ബിളില്‍ കടഞ്ഞെടുത്ത തൂണുകളും,പളുങ്കു മണികളും വര്‍ണ്ണ ഗ്ലാസ്സുകളും കൊണ്ടു അലങ്കരിച്ച സിറ്റ്‌ഔട്ട്‌.
അതിലെ കാണാനഴകുള്ള കാളിംഗ്‌ ബെല്ലില്‍ പതിയെ തൊട്ടു.
ഉള്ളില്‍ സംഗീത മഴ.വാതില്‍ തുറക്കുന്നത്‌ കാത്തു നിന്നു.
മിനിട്ടുകള്‍ കഴിഞ്ഞിട്ടും ആരും വന്നില്ല.
വീണ്ടും നീട്ടിയൊന്നു കൂടി വിരല്‍ അമര്‍ത്തി,അകത്തു സംഗീതത്തിന്റെ ശ്രുതി മാറി, മറ്റൊരു തരം സംഗീതമാരി.
എന്നിട്ടും ആളനക്കമില്ല.പക്ഷെ ടി.വി. യുടെ ഒച്ച കേള്‍ക്കാനുണ്ട്‌.
ബെല്‍ ശബ്‌ദം കേള്‍ക്കാഞ്ഞിട്ടാവുമോ?
കൂടുതല്‍ നേരം ക്ഷമയും വിരലും അമര്‍ത്തി പിടിച്ചപ്പോള്‍ ചെവികേള്‍ക്കാത്ത പണിക്കാരിപ്പെണ്ണിനെ ചീത്ത പറഞ്ഞു കൊണ്ട്‌ ശറഫുവിന്റെ ഉമ്മ തന്നെ വന്നു വാതില്‍ തുറന്നു.
അത്‌ഭുതത്തോടെയും സന്തോഷത്തോടെയും എന്നെ അവര്‍ അകത്തേക്കു വിളിച്ചു.
ടി.വി.വെച്ച റൂമിലെ സോഫയിലേക്കു എന്നെ ആനയിച്ചു.
ടി.വി യില്‍ D.D.sports ഇന്ത്യാ-ഓസ്‌ട്രേലിയ ക്രിക്കറ്റു മാച്ചു കാണിക്കുന്നു, മൊഹാലിയില്‍ നിന്നുള്ള സീതാ പ്രസാരണ്‍.

ഉമ്മ അത്യാവേശത്താല്‍ സ്‌കോറു പറഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗു തീര്‍ന്നു.249 റണ്ണുമാത്രമാണെടുത്തത്‌ അതിനിടയില്‍ 8 വിക്കറ്റും വീണു. ഓസീസ്‌ ബാറ്റിംഗു തുടങ്ങിയിരിക്കുന്നു. ആദ്യ ഓവറില്‍ തന്നെ അവരു തകര്‍ത്തടിക്കുന്നു. ഗില്‍ക്രിസ്‌റ്റും വാട്‌സണും,പോണ്ടിംഗും നല്ല ഫോമിലാണിന്നു.എന്നാലും ശ്രീശാന്തിന്റെ ബൗളിംഗിലാണൊറ്റ പ്രതീക്ഷ. ശ്രീശാന്തിന്റെ ബോളില്‍ രെയ്‌ന കാച്ചെടുത്താണ്‌ ഗില്‍ ക്രിസ്‌റ്റു പുറത്തായത്‌. മഴയുടെ തുടക്കമാണെന്നു കരുതുന്നു. ബാഡ്‌ ലൈറ്റാണെന്നു പറഞ്ഞു കളി ഒഴിവാക്കിയിട്ടും കാര്യമില്ല റണ്‍ ആവരേജിലും ഡക്കുവര്‍ത്ത്‌ ലൂയിസു മെത്തേഡിലും ജയത്തിനു ഒരു സാധ്യതയുമില്ല. ഇന്ത്യ ബൗണ്ടറിക്കു പുറത്തായതു തന്നെ!
ശറഫുവിന്റെ ഉമ്മ കരച്ചിലിന്റെ വക്കത്തെത്തി.

ഞാന്‍ അന്തം വിട്ടിരുന്നു.ഇവര്‍ എന്നു മുതലാണ്‌ ക്രിക്കറ്റിന്റെ സര്‍വ്വവിജ്ഞാനകോശമായത്‌ റബ്ബേ?.
വിക്കറ്റും ബിസ്‌കറ്റും തമ്മിലെ വ്യത്യാസമറിയാത്ത ഈ പാവം നാട്ടിന്‍പുറത്തുകാരി എങ്ങനെയാണിപ്പോ ഇക്കോലത്തിലായതു?. ഡക്കുവര്‍ത്ത്‌ ലൂയിസു മെത്തേഡൊന്നു പഠിക്കാന്‍ ഈയുള്ളവന്‍ വിക്കി മുഴുവന്‍ പരതിപ്പകര്‍ത്തീട്ടും അതൊന്നു തലയില്‍ കയറിയിട്ടില്ല.

ഞാന്‍ അന്തം വിട്ട്‌ ഡി.ഡി, സ്പോര്‍ട്‌സിന്റെ സ്‌ക്രീനിലേക്കു നോക്കിയിരുന്നപ്പോളണ്‌ പഴയ മലയാള ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ പടങ്ങളില്‍ ഫ്ലാഷ്‌ബാക്കു സീന്‍ കാണിച്ചിരുന്ന പോലെ ഒരുപാടു വൃത്തങ്ങള്‍ ചെറുതില്‍ നിന്നും വലുതായി വന്നു എന്റെ ഓര്‍മ്മകളെ റീവൈന്‍ഡു ചെയ്‌തെന്നെ ഫൈനല്‍ ബീകോം പരീക്ഷക്കു ശറഫുവിന്റെ വീട്ടില്‍ കമ്പൈന്‍ സ്റ്റഡീസിനു ഞാനെത്തിയിരുന്ന കൊടും വേനല്‍ക്കാലത്തേക്കുകൊണ്ടെത്തിച്ചത്‌.

ജലസംഭരണിയെന്നു വിളിക്കുന്ന നീര്‍പുല്ലാണി പോലും വെള്ളം കിട്ടാതെ ഉണങ്ങിക്കരിഞ്ഞ ഒരു അത്യുഷ്‌ണകാലം.

അതിരാവിലെ ഞാന്‍ അവന്റെ മുറിയില്‍ കയറിച്ചെന്നപ്പോള്‍ കണ്ടതു അവന്റെ വലം കയ്യിലൊരു പുതുതായി കെട്ടിയ ഒരു കറുത്ത ചരട്‌.
വിശ്വാസം വരാതെ ഞാന്‍ ചോദിച്ചു
"ഇതെന്താ മന്ത്രവാദത്തിലും വിശ്വാസം തുടങ്ങിയോ?"
അവന്‍ വിശദീകരിച്ചു.
"ഉമ്മ ഇന്നലെ എവിടുന്നോ ജപിച്ചു കൊണ്ടുവന്നതാണ്‌.ഇതു കെട്ടിയാല്‍ പരീക്ഷക്കെഴുതാന്‍ ആത്മവിശ്വാസം കിട്ടുമത്രേ!"
"എന്നാലും ശറഫൂ!, നമ്മളോക്കെ പഠിക്കുന്നതു ഇതുപോലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടാനല്ലേ?"
ഞാന്‍ യുക്തിവാദിയുടേ മുഖമ്മൂടിയണിഞ്ഞു."
ആരു പറഞ്ഞു ഇതു അന്ധവിശ്വാസമാണെന്ന്‌ ഇതൊരു മനശാസ്‌ത്ര രീതിയാണ്‌,നീ കണ്ടിട്ടില്ലെ അസറുദ്ദീന്‍ ഇടക്കിടക്ക്‌ ടീഷര്‍ട്ടിനുള്ളില്‍ നിന്നു ഒരു മാലയില്‍ കോര്‍ത്ത ഏലസ്സ്‌ പുറത്തെടുത്തു ചുംബിക്കുന്നത്‌. അതു കഴിഞ്ഞാല്‍ പിന്നെ അസറിന്റെ മാസ്‌റ്റര്‍പീസായ "റിവേര്‍സ്‌ സ്വീപ്പില്‍ ഒരു ഫോര്‍ ഉറപ്പാ!.
മാത്രമല്ല കപിലിനും, സചിനും ശ്രീകാന്തിനും എല്ലാം ഉണ്ട്‌ ഓരോ ചരടവരുടെ കയ്യില്‍".
അവന്‍ ന്യായികരിക്കാന്‍ ക്രിക്കറ്റ്‌ താരങ്ങളെ ചൂണ്ടിക്കാണിച്ചു.

എന്തോ എനിക്കത്രക്കു വിശ്വാസം വന്നില്ല.
പണ്ടു എന്റെ അയല്‍വാസി കുഞ്ഞീരുമ്മ താത്ത പ്രസവവേദന കൊണ്ടു പുളഞ്ഞപ്പോള്‍ നേരം കഴിഞ്ഞിട്ടും പ്രസവം നടക്കാത്തപ്പോള്‍, എന്റുമ്മ ഒരു വൃത്തിയുള്ള പൊട്ടുന്ന പ്ലേറ്റ്‌ തന്നു യൂനുസ്‌മുല്ലയുടെ അടുത്തുനിന്നു ഉറുക്ക്‌ എഴുതികൊണ്ടുവരാന്‍ അയച്ചതും തിരിച്ചു വരുന്ന വഴി എന്റെ കൈയുടെ വിയര്‍പ്പു തട്ടി അതിലെ അറബിയെഴുത്തു മാഞ്ഞതും ഉപ്പാന്റെ ചീത്ത പറച്ചില്‍ പേടിച്ചു ഞാന്‍ എന്റെ മഷിപ്പേന കൊണ്ടു പണ്ടു സ്‌കൂളില്‍ വെച്ചു പഠിച്ച "അനഫി സുബ്‌ഹി തില്‍മീദിന്‍, വ ബഹ്‌ദ ദുഹ്‌രി നജ്ജാറുന്‍"(രാവിലെ ഞാനൊരു വിദ്യാര്‍ത്ഥി.!,ഉച്ചക്കു ശേഷം ഞാനൊരാശാരി.!) എന്ന അറബി പദ്യം (ആപ്പോള്‍ അന്നേരം മനസ്സില്‍ വന്നത്‌) എഴുതി ആ ഇരുട്ടുമുറിയില്‍ പുളയുന്ന ഗര്‍ഭിണിയേയും കിടത്തി ഈ ഉറുക്കെഴുതിയ ബസിക്കു കാത്തിരിക്കുന്ന ഒത്താച്ചിപ്പാത്തുവിന്നു കൈമാറുമ്പോള്‍ എന്റെ കൈ വിറച്ചിരുന്നു. എങ്കിലും മലയാളവും അറബിയും വായിക്കാനറിയാത്ത ഒത്താച്ചിപ്പാത്തു, ബസിയിലുള്ളത്‌ കലക്കിക്കുടിപ്പിച്ചതിനു പിറകെ കുഞ്ഞീരുമ്മ 'മുടുക്കന്‍' ഒരാണ്‍ കുഞ്ഞിനെ പെറ്റു.പാത്തു പിന്നെ ഓടമുളയുടെ ചീളുകൊണ്ടു പൊക്കിള്‍ക്കൊടിയറുത്തു തള്ളയേയും പിള്ളയേയും വെവ്വേറെ പാത്രത്തിലാക്കി.(മെട്ടേര്‍ണിറ്റി- സ്‌പെഷ്യ്‌ലൈസ്‌ഡ്‌ ഹോസ്‌പിറ്റലിലേതിനെക്കാള്‍ സേഫായി).

അതില്‍ പിന്നെ പേത്താച്ചി പാത്തു പുറത്തു'റൗണ്ടിനു' പോയോടൊത്തൊക്കെ നീട്ടിയും കുറുക്കിയും യൂനുസ്‌ മൊല്ലയുടെ അപദാനങ്ങള്‍ വാഴ്‌ത്തി.
മൊല്ലാക്കയുടെ പോരിശകള്‍ കാട്ടുതീ പോലെ കത്തിപ്പടരുമ്പോള്‍ ഞാന്‍ മാത്രം സത്യം മൂടിവെച്ചു.(പറഞ്ഞിരുന്നെങ്കില്‍ ഇന്നു ഈ കഥയെഴുതാന്‍ ഞാനുണ്ടാവുമായിരുന്നില്ല.
പക്ഷെ കുഞ്ഞീരുമ്മാത്താന്റെ ആ മുടുക്കന്‍ മോന്‍ സ്‌കൂളിലും പോയില്ല കൈത്തൊഴിലും പഠിച്ചില്ല എങ്കിലും അവനും ഇന്നു സൗദിയില്‍ നാലായിരം രിയാലിന്റെ ശമ്പളം വാങ്ങുന്നു).

ചരടും ഉറുക്കു പോലെ അന്ധവിശ്വാസം തന്നെ,എന്നാലും ശറഫു പറഞ്ഞപോലെ ഇതിനു മന:ശാസ്‌ത്രപരമായ ഒരു ഇംപാക്‌ട്‌ ഇല്ലേ?എനിക്കു സംശയം തോന്നി.(അതുല്ല്യേച്ചിന്റെ സോ കാള്‍ഡ്‌ ഒരു ഇമോഷണല്‍ ഔട്ട്‌ സോര്‍സിംഗ്‌ ഫ്രം ഇന്‍വിസിബിള്‍ മിറാക്കിള്‍സ്‌ പോലൊന്ന്‌)
ഫൈനല്‍ ബീകോം പരീക്ഷയാണ്‌. ഇതുവരെ തോറ്റാലും ആരുമറിയാന്‍ പോകുന്നില്ലായിരുന്നു. ഇനി തോറ്റാല്‍ നാട്ടാരറിയും,നാണക്കേടാവും. ഇതുവരെ നല്ല മാര്‍ക്കു വാങ്ങി കോളറു പോക്കിയാ അങ്ങാടിയിലൂടെ കേളേജിലേക്കു ബസ്സു കയറിയിട്ടുള്ളത്‌.

ശറഫുവിന്റെ മുന്നില്‍ ഞാന്‍ ഒരു പുരോഗമനവാദിയായി വാദിച്ചുവെങ്കിലും അവനില്ലാത്ത സമയം അടുക്കളയില്‍ കയറി അവന്റെ ഉമ്മാനോടു അനുനയത്തില്‍ ചോദിച്ചു.
"ഉമ്മാ! ശറഫൂന്റെ കയ്യില്‍ കെട്ടിയ അതുപോലോരു ചരടു എനിക്കും ജപിച്ചു വാങ്ങിത്തരോ?"
എനിക്കും പരീക്ഷയെ വല്ലാത്ത പേടി.
"മോനെ! നീ ഇതു അവനോടു പറയില്ലങ്കില്‍ ഞാന്‍ സത്യം നിന്നോടു പറയാം.അതു പരീക്ഷപ്പേടിക്കല്ല"."ഇന്നലെ അവന്‍ എന്നെ വല്ലാതെ പേടിപ്പിച്ചു. ഉച്ചക്കു അവന്റെ മുറിയില്‍ നിന്നു ഉച്ചത്തില്‍ സംസാരവും ആരെയോക്കെയോ ശപിക്കുന്ന ശബ്‌ദവും കേട്ടു കൊണ്ടാണ്‌ ഞാന്‍ കോണികയറി ചെന്നത്‌.പുറത്തു നിന്നു കൊണ്ടു തന്നെ കേട്ടു "നശിച്ച മഴ!,ഈ സമയത്തു തന്നെയാണ്‌ മഴക്കു പെയ്യാന്‍ കണ്ടത്‌? ഇപ്രാവശ്യം ജയിക്കുമെന്നുറപ്പിച്ചതായിരുന്നു."ഞാന്‍ കോണി ഓടിയിറങ്ങി പുറത്തു വന്നു നോക്കി.പടച്ചോനെ! മഴ പോയിട്ടു ഒരു മേഘത്തിന്റെ നിഴലു പോലുമില്ല. റബ്ബേ! എന്റെ കുട്ടിക്കെന്തു പറ്റി!. പഠിച്ചു പഠിച്ചു സമനില തെറ്റിയോ?","വീണ്ടും തിരിച്ചു കോണി കേറി എത്തിയപ്പോള്‍ എന്തോ എറിഞ്ഞുടക്കുന്ന ഒച്ച കേട്ടു. ഞാന്‍ 'മമ്പ്രത്തെ തങ്ങളേ'ന്നു വിളിച്ചു വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ എന്റെ കുട്ടി കട്ടിലില്‍ കമഴ്‌ന്നു കിടന്നു തേങ്ങിക്കരയുന്നു".തറയില്‍ ചിന്നി ചിതറിയ അവന്റെ കൊച്ചു റേഡിയോ!. സങ്കടം സഹിക്കാനാവാതെ അവന്‍ ഏങ്ങിക്കൊണ്ടു പറയുകയാണ്‌ " ഉമ്മാ ഇപ്രാവശ്യവും ജയിക്കില്ല. ഈ നശിച്ച മഴ കാരണം ഒരു അവസരം കൂടി നഷ്‌ടപ്പെട്ടു."ഈ ഉമ്മാക്കു അതു കേട്ടപ്പോള്‍ സഹിക്കാനായില്ല. കോമു കക്കാന്റെ മൂത്തമോന്നും വല്ല്യോടൂലെ മെയ്‌തീന്‍കുട്ടിക്കും മടത്തൊടി അബൂന്നും അക്കരത്തെ ദിവാകരനും പഠിച്ചു പഠിച്ചാണത്രേ പിരാന്തായത്‌".ഞാന്‍ നേരെ പോയത്‌ യൂനുസ്‌ മൊല്ലന്റെ അടുത്ത്‌,കാര്യം പറഞ്ഞപ്പോള്‍ അയാള്‍ ഒരു ചരടൂതി തന്നു.പിന്നെ എന്നെ ആശ്വസിപ്പിക്കന്‍ പറഞ്ഞു. വിഷമിക്കണ്ടാ, പരീക്ഷക്കാലത്തിതു നടപ്പാ, പോരാത്തതിനു കൊടുഞ്ചൂടും,പറ്റുമെങ്കില്‍ രണ്ടിളന്നീരു വെട്ടിക്കൊടുക്കൂ, ചരടിലൊന്നും അവനു വിശ്വാസം കാണില്ല. എന്നാലും പരീക്ഷക്കു ആത്മവിശ്വാസം കിട്ടാന്‍ നല്ലതാണേന്നു പറഞ്ഞു വലതു കയ്യില്‍ കെട്ടിക്കൊടുത്താല്‍ മതി".അതു കെട്ടിയതിനു ശേഷം ആശ്വാസമുണ്ട്‌, ആക്രമണവും നശിപ്പിക്കല്‍ സ്വഭാവവും പിന്നെ കണ്ടിട്ടില്ല. എന്നാലും മോന്‍ ഒന്നു ശ്രദ്ധിക്കണേ?ഉമ്മ വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു.

അപ്പോഴാണ്‌ എനിക്കു സംഗതിയുടെ ഗുട്ടണ്‍സ്‌ പിടികിട്ടിയത്‌.

ഇന്ത്യാ-ഇംഗ്ലണ്ടു ക്രിക്കറ്റു മാച്ചിന്റെ കൃട്ടിക്കല്‍ വണ്‍ഡേ നാളെയാണെന്നും അതിനാല്‍ കമ്പൈന്‍ സ്‌റ്റഡിക്കു നീ നാളെ വരേണ്ടന്നും പറഞ്ഞ്‌ അവന്റെ പോക്കറ്റു റേഡിയോ തെരഞ്ഞെടുത്തു ബാറ്ററി പുതിയതിടുന്നതു ഞാന്‍ കണ്ടത്‌ മിനിഞ്ഞാന്നായിരുന്നല്ലോ എന്നോര്‍ത്തു.
കളിയില്‍ നന്നായി ബാറ്റു ചെയ്‌ത ഇന്ത്യ ജയിക്കുമെന്നുറപ്പായിരുന്നു.പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടു ബാറ്റിംഗിനിറങ്ങിയപ്പോള്‍ തകര്‍പ്പന്‍ മഴ കാരണം കളി മുടങ്ങി. ഇന്ത്യക്കു അനിവാര്യവും അനായാസവുമായ ഒരു വിജയം കപ്പിനും ചുണ്ടിനും ഇടക്കുവെച്ചു നഷ്‌ടമായി.
ക്രിക്കറ്റിനെ സ്നേഹിച്ചവരോക്കെ മഴയെ പ്രാകി കൊണ്ടു രണ്ടിറ്റു കണ്ണീര്‍ തൂകി. അതാണ്‌ ശറഫുവിന്നും പറ്റിയത്‌ ആ സങ്കടം തീരാതെയാണവന്‍ അരിശത്തോടെ കമണ്ടറി കേട്ടിരുന്ന പോക്കറ്റ്‌ റേഡിയോ എറിഞ്ഞുടച്ചത്‌.
ഉമ്മാക്കുണ്ടോ ഇതു വല്ലതും അറിയുന്നു.
"കാട്ടു കോഴിക്കെന്തു ചങ്കരാന്തി!" ബിസ്‌കറ്റും വിക്കറ്റും തമ്മില്‍ തിരിച്ചറിയാത്ത ഉമ്മ.

സംഭവങ്ങളെല്ലാം വ്യക്തമായ സ്‌ഥിതിക്കു ഞാന്‍ പിന്നെ ചരടുകെട്ടാനും പോയില്ല ശറഫു കെട്ടിയ ചരടഴിപ്പിക്കാനും പോയില്ല.
ആ കറുത്ത ചരടിന്റെ ബലത്തില്‍ കാലിക്കറ്റു യൂണിവേഴ്‌സിറ്റിയെ തോല്‍പ്പിക്കാന്‍ അവനു പറ്റുമെന്നൊന്നും എനിക്കു തോന്നിയില്ല.
മൂന്നു വര്‍ഷം ബീകോം ക്ലാസ്സിലായിരുന്നിട്ടും ഒറ്റ ക്ലാസ്സിലവന്‍ ഇരുന്നിട്ടില്ല.ക്രിക്കറ്റും,ഗ്ലാമര്‍ ടീമുമായി അവന്‍ അത്രക്കും ബിസിയായിരുന്നു.അവനെവിടെ ജയിക്കാന്‍!

സംഗതി ഞാന്‍ വിചാരിച്ച പോലെ തന്നെ, അവന്‍ തോറ്റു.ഞാന്‍ ജയിച്ചു. പക്ഷെ കോളേജില്‍ നിന്നിറങ്ങിയ അവന്‍ ഒരു കൊല്ലം കൊണ്ട്‌ എല്ലാ പേപ്പറും വീണ്ടുമെഴുതി എന്നെക്കാള്‍ ഒന്നാമനായി. ഇന്നവന്‍ എന്റെ മൂന്നിരട്ടി ശമ്പളമെടുക്കുന്നു.

"ഹൗവിസ്‌ ദാറ്റ്‌!"
Photobucket - Video and Image Hosting

ശറഫൂന്റെ ഉമ്മ രണ്ടു മുഷ്ടിയും ചുരുട്ടി മേല്‍പ്പോട്ടാക്കി, സോഫയില്‍ നിന്നു ചാടിയെണീറ്റപ്പോള്‍ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു.
വാട്‌സണെ മോംഗിയ എല്‍.ബി.ഡബ്ലീ.യുവില്‍ കുടുക്കിയിരിക്കുന്നു.അപ്പീല്‍ ചെയ്യ്‌തിട്ടുണ്ട്‌. അമ്പയര്‍ തേര്‍ഡ്‌ അമ്പയര്‍ക്കു വിട്ടിരിക്കുന്നു.

ഞാന്‍ വാച്ചില്‍ നോക്കി സമയം ഒരുപാടായിരിക്കുന്നു.
"ഉമ്മാ ഞാന്‍ പോട്ടെ വീട്ടില്‍ പണിക്കാരുണ്ട്‌". യാത്ര പറഞ്ഞിറങ്ങിയപ്പോള്‍, തൊട്ടടുത്ത യൂനുസ്‌ മൊല്ലയുടെ വീട്ടില്‍ നിന്നും ഒരാരവം കേട്ടു
" ഉപ്പാ! വാട്‌സണ്‍ ഔട്ടായീ..!"

മൊല്ലയുടെ മക്കളാവും. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു,
ശറഫുവിന്റെ വീട്ടിലെ ഡിഷ്‌ ആന്റിനയില്‍ നിന്നും യൂനുസ്‌ മൊല്ലയുടെ വീട്ടിലേക്കു ഒരു ചരട്‌.
നീട്ടി വലിച്ച ഒരു കറുത്ത ചരട്‌.

http://tkkareem.blogspot.com/

ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2006

പിച്ചളക്കോളാമ്പി













"നോക്കൂ ഉമ്മീ!,
"പപ്പ ഇതാ ബ്രാസിന്റെ വലിയ ഒരു ഫ്ലവര്‍ വേസ്‌ കൊണ്ടു വന്നിരിക്കുന്നു!"
മോള്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു.
എനിക്കു ചിരി വന്നു.
കോളാമ്പി കണ്ടിട്ടാണവള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. കുറച്ചു കൂടി കാലം കഴിഞ്ഞാല്‍ പിന്നെ ഉരലിനേയും ഉലക്കയേയും കുന്താണിയേയും ഇവരൊക്കെ എന്തായിട്ടാവും കരുതുക?.
"മോളേ ഇതെന്താണെന്നു നിനക്കറിയുമോ? ഇതാണ്‌ കോളാമ്പി. നീ കരുതിയ പോലെ ഇതൊരു പൂവു വെക്കുന്ന പാത്രമല്ല".

"പപ്പാ ഇതെവിടെ നിന്നാ ഈ ഒരു ആന്റിക്‌ കിട്ടിയത്‌?"
"തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും കണ്ടെടുത്തതാ...! ".
"മിനു ആന്റിക്കു തറവാട്ടിലെ തട്ടുമ്പുറത്തു നിന്നും കിട്ടിയ പഴയ ഉപ്പു മാങ്ങാ ഭരണിയും ഓട്ടു കിണ്ടിയും തൂക്കു വിളക്കുമൊക്കെ തുത്ത്‌ തുടച്ച്‌ പോളീഷ്‌ ചെയ്തും പെയ്‌ന്റടിച്ചും അവരുടെ പുതിയ വീട്ടിന്റെ ഷോക്കേസില്‍ വെച്ചിട്ടുണ്ട് . നമുക്കും അതുപോലെ ഇത്‌ പോളീഷു ചെയ്ത്‌ ഇന്റീരിയര്‍ ഡക്കറേഷന്‌ ഉപയോഗിക്കാം  പപ്പാ..".
അവള്‍ അതെന്റെ കയ്യില്‍നിന്നും ബലമായി വാങ്ങി.
"പഴയ കാലത്തു ഇത്തരം വെറ്റിലക്കോളാമ്പികള്‍ മിക്കവാറും എല്ലാ വീടുകളിലും ഉണ്ടായിരുന്നു. ആഘോഷങ്ങളിലും, ആണ്ടറുതികളിലും പ്രത്യേകിച്ച്‌ കല്ല്യാണത്തിനും, കുറിക്കല്ല്യാണത്തിനും ഇത്തരം കോളാമ്പികള്‍ അത്യാവശ്യവും അതേ സമയം ആര്‍ഭാടവുമായിരുന്നു.
സ്വീകരണ പന്തലില്‍ വെറ്റിലയും, അടക്കയും, ചുണ്ണാമ്പു ചെപ്പും, പൊകലത്തുണ്ടുകളും അലങ്കരിച്ചു വെച്ച തിളങ്ങുന്ന പിച്ചളത്താലം, വീട്ടിയില്‍ തീര്‍ത്ത കടഞ്ഞ കാലുള്ള വട്ടമേശക്കു മുകളിലും, പുളിയിട്ടു തേച്ചു മിനുക്കിയ ഇങ്ങനത്തെ കോളാമ്പികള്‍ ആഢ്യത്തോടെ മേശക്കു കീഴെയും ഇരിക്കുന്നതു കണ്ടാല്‍ തീരെ മുറുക്കാത്തവര്‍ പോലും ആദ്യമായി മുറുക്കാന്‍ തുടങ്ങും".

"യൂ മീന്‍ 'മുറുക്കല്‍' ബൈ സ്പാനര്‍ ഓര്‍ എലന്‍ കീ ?". മകള്‍ക്കു 'മുറുക്കല്‍' എന്ന പദത്തിന്റെ നാനാര്‍ത്ഥം കാരണം  ഒരു ആശയക്കുഴപ്പം! .
"നോ, ഞാന്‍ പറഞ്ഞ മുറുക്കല്‍ വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും വായിലിട്ട്‌ ചവച്ച്‌ ലഹരി നുകരുന്നതാണ്‌" .
"വെറ്റില മുറുക്കിനു ശേഷം കാരണവന്‍മാര്‍ തുപ്പാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണ്‌ ഇത്‌ വെറ്റിലക്കോളാമ്പി".

"അയ്യേ! ഇതില്‍ തുപ്പിയിരുന്നതാണോ?"
അവള്‍ അറപ്പു തോന്നി കോളാമ്പിയി നിന്നുള്ള പിടി വിട്ടു.
കോളാമ്പി  ശബ്‌ദത്തോടെ ഗ്രാനേറ്റ്‌ തറയില്‍ വീണു. വലിയ ശബ്‌ദം കേട്ട്‌ അടുക്കളയില്‍ നിന്ന്‌ ഭാര്യ ഓടിക്കിതച്ചു വന്നു.

ഒച്ച കേട്ട്‌ എല്ലാരും പേടിച്ചുവെങ്കിലും ഭാഗ്യത്തിന്ന്‌ കോളാമ്പിക്കും ഗ്രാനേറ്റിനും കേടൊന്നും പറ്റിയില്ല.

എന്റെ കണ്ണിലേക്കു നോക്കി മോളു കുറ്റബോധത്തൊടെ പറഞ്ഞു. "സോറി. പപ്പാ, നമുക്കിതു വേണ്ട, പപ്പയിതു തറവാട്ടിലെ തട്ടിമ്പുറത്തു തന്നെ തിരിച്ചു കൊണ്ടു പോയി വെച്ചോളൂ".

"വേണം, ഇതില്‍ ഒരിക്കലും ആരും തുപ്പിയിട്ടില്ല. തുപ്പാന്‍ വല്ല്യുപ്പ സമ്മതിച്ചിട്ടില്ല. ഇത്‌ വല്ല്യുപ്പന്റെ ഒരു സെന്‌റ്റിമെന്റല്‍ സ്‌റ്റഫായിരുന്നു, എങ്കിലും നിന്റെ മാനസീക സംതൃപ്തിക്കുവേണ്ടി നമുക്ക്‌ ഇത്‌ നന്നായി സ്‌റ്റെറിലൈസ്‌ ചെയ്തതിന്നു പോളീഷും ചെയ്ത്‌ കോപ്പര്‍ ആര്‍ട്ടു നടത്തി, വിസിറ്റേര്‍സ്‌ റൂമില്‍ വെക്കാം. ഇതില്‍ ഡ്രൈ ഫ്ലവര്‍ അറേന്‍ജു ചെയ്യാം. ഇതു കാണുമ്പോള്‍ ഞാന്‍ വല്ല്യുപ്പാനെ കുറിച്ചും വല്ല്യുപ്പാന്റെ ധീരതയെ കുറിച്ചും ഓര്‍ക്കും".

ഞാന്‍ ഓര്‍മ്മയുടെ ഭാണ്ഡമഴിക്കാനുള്ള പുറപ്പാടാണെന്നു അവള്‍ക്കു മനസിലായി, അവള്‍ അനിയനെ ഉല്‍സാഹത്തോട വിളിച്ചു. "ശാബൂ ഓടി വാ... പപ്പ സ്വീറ്റ്‌ മെമ്മറീസിന്റെ കെട്ടു തുറക്കുന്നു. വേഗം വാ..!".

അവന്‍ ഇന്റര്‍നെറ്റ്‌ ഡിസ്‌കണക്‌ട്‌ ചെയ്ത്‌ വന്നു സോഫയില്‍ തിക്കിത്തെരക്കിയിരുന്നു.
"ഈ കേളാമ്പി വല്ലുപ്പ വാങ്ങിയതല്ല, മറിച്ച്‌ വല്ലുപ്പാക്കു ഒരു സമ്മാനം കിട്ടിയതാണ്‌.
ഒരു പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചതിന്ന്‌. ആ കുഞ്ഞിന്റെ അമ്മ സ്‌നേഹത്തോടെ കൊടുത്തത്‌".

"പടിഞ്ഞാറ്റുമ്മുറിയിലെ ഒരു വലിയ നമ്പൂതിരി ഇല്ലത്തിന്റെ കുടുംബകുളത്തില്‍ അസംഖ്യം മീനുണ്ടെന്നും അതു പിടിക്കാന്‍ അവിടത്തെ കാരണവര്‍ നമ്പൂതിരി ആരെയും അനുവദിക്കില്ലെന്നും വല്ല്യുപ്പ ആരില്‍ നിന്നോ കേട്ടറിഞ്ഞു".

എന്നാലതൊന്നു കാണണമെന്നായി വല്ല്യുപ്പ. ആദ്യം നേര്‍വഴിക്കു പോയി അനുവാദം ചോദിക്കുക. കിട്ടിയില്ലങ്കില്‍ രാത്രിയില്‍ പോയി ഒളിച്ചു പിടിക്കുക തന്നെ. വല്ലാത്ത തന്റേടമായിരുന്നു വല്ല്യുപ്പാക്ക്‌.
പിറ്റേന്നു വീശുവലയും കൊണ്ട്‌ വല്ല്യുപ്പ നേരെ നമ്പൂരിയില്ലത്തെത്തി. ഒരു കൂസലുമില്ലാതെ പടിപ്പുര തള്ളിത്തുറന്ന്‌ ഇല്ലത്തിന്റെ തിരുമുറ്റത്തെത്തിയ വല്ല്യുപ്പാനെ കണ്ട്‌ വല്ല്യ നമ്പൂതിരി നീട്ടി മൂളി.
"ഊം... ?".
വല്ല്യുപ്പ കൂസലില്ലാതെ ചോദിച്ചു. "തറവാട്ടു കുളത്തില്‍ മീനുകള്‍ പെരുകീട്ടുണ്ടെന്നു കേട്ടു. വെലക്കു കൊടുക്കോന്നറിയാനാ"
"ഹാജ്യാരേ!, താന്‍ മേത്തനാണന്നതു മറന്നു പോയോ?. താന്‍ മീന്‍ പിടിച്ചാല്‍ എന്റെ കുളം അശുദ്ധാവുന്നറീല്ല്യേ . നമുക്ക്‌ ഇശ്ശിരി അയിത്തോം ശുദ്ധീംണ്ട്‌. മേലാല്‍ മീന്‌ കൂന്‌ എന്നും പറഞ്ഞ്‌ ഈ വഴിക്ക്‌ കണ്ടു പോകരുത്‌. തനിക്ക്‌ തടി വെണശ്ശാല്‍ വേഗം പോകാം".

പെട്ടന്നാണ്‌ കുളത്തില്‍ നിന്ന്‌ ഒരാത്തോലമ്മയുടെ നിലവിളി കേട്ടത്‌. "ഓടി വരണേ, എന്റെ ഉണ്ണി വെള്ളത്തില്‍ വീണേ! ആരെങ്കിലും രക്ഷിക്കണേ!"

ഇല്ലത്തെ എല്ലാ നമ്പൂരിമാരും അന്തര്‍ജ്‌ജനങ്ങളും കുളക്കരയിലേക്കു കുതിച്ചു. വലയും വല്ലവും താഴെയിട്ട്‌ വല്ല്യുപ്പയും അങ്ങോട്ടോടി.

കഴുത്തെറ്റം വെള്ളത്തില്‍ കാലു മുഴുവന്‍ ചളിയില്‍ പൂണ്ട്‌ കുടുങ്ങിയ, ആത്തോലമ്മ തൊട്ടടുത്ത്‌ മുങ്ങിപ്പൊങ്ങുന്ന സ്വന്തം മകനെ രക്ഷിക്കാനാവതെ അലമുറയിടുകയാണ്‌.

ഓടിവന്ന നമ്പൂരിമാരല്ലാം വലിയ കുളത്തിലെ നിലയില്ലാവെള്ളത്തില്‍ ഇറങ്ങാന്‍ ധൈര്യമില്ലാതെ കരയില്‍ നിന്ന്‌ ഈ കാഴ്ച കാണുന്നു.
ഇതു കണ്ട്‌ കലി കേറിയ വല്ല്യുപ്പ വല്ല്യ നമ്പൂരിയോടു ചോദിച്ചു "അയിത്തായിച്ചാലും വേണ്ടൂലാ ഞാന്‍ ചാടി കുഞ്ഞിനെ രക്ഷിക്കാന്‍ പോകാ".

മറുപടിക്കായി കാത്തു നില്‍ക്കതെ പടവിലൂടെ കുളത്തിലിറങ്ങി. കുഞ്ഞ്‌ ഇനി പൊങ്ങി വരാന്‍ കഴിയാത്ത വിധം കുളത്തിന്റെ അടിത്തട്ടിലേക്കു താഴ്‌ന്നു പോയിരിക്കുന്നു. കാലു നിലത്തു തൊടതെ ഊളിയിട്ടു ചെന്ന്‌ കുഞ്ഞിനെ വാരിയെടുത്ത്‌ തിരിച്ചു നീന്തി കരയിലെത്തിച്ചു.

വീണ്ടും നീന്തി ചെന്ന്‌ ചളിയില്‍ നിന്ന്‌ കാലു പറിച്ചെടുത്തു കുഞ്ഞിന്റെ അമ്മയേയും രക്ഷിച്ചു.
കുഞ്ഞ്‌ ഒരുപാടു വെള്ളം കുടിച്ചിരുന്നു. ഉണ്ണിയെ ഉരലില്‍ കമഴ്‌ത്തി കിടത്തി ഉരല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി, വയറ്റിലെ വെള്ളവും, സ്വന്തം വായ വെച്ച്‌ വലിച്ച്‌ കുഞ്ഞിന്റെ മൂക്കിലെ ചളിയും പുറത്തെടുത്ത്‌, വല്ല്യുപ്പ തന്നെ ഉണ്ണിക്ക്‌ പ്രഥമ ശുശ്രൂഷ നല്‍കി.
അപ്പോഴാരും അയിത്തത്തെ കുറിച്ച്‌ ഓര്‍ത്തതു പോലുമില്ല.

ഉണ്ണി കണ്ണു തുറന്ന്‌ അമ്മേ എന്നു വിളിച്ചപ്പോള്‍ ഉണ്ണിയുടെ അമ്മ സന്തോഷം കൊണ്ട്‌ വല്ല്യുപ്പാന്റെ കാലില്‍ വീണു. അയിത്തം പേടിച്ച്‌ വല്ല്യുപ്പ കാലു പിറകിലേക്കു വലിച്ചു.
വല്ല്യ നമ്പൂരി പറഞ്ഞു "ഏതായാലും കുളം അശുദ്ധമായി, ശുദ്ധികലശം നടത്തണം. അതിന്നു മുമ്പു ഹാജ്യാരു വേണച്ച്യാ മീന്‍ പിടിച്ചോളൂ?".
വല്ല്യുപ്പ പറഞ്ഞു

"എനിക്ക്‌ നിങ്ങടെ മീനും വേണ്ട ഒരു കൂനും വേണ്ട. ആദ്യമായി നിങ്ങളെ ഖല്‍ബിലും കുളത്തിന്റെ അടിയിലും ഊറിക്കിടക്കുന്ന ആ ചളി ഒന്ന്‌ വാരിക്കളയാന്‍ നോക്ക്‌?.

വല തലയില്‍ ബാലന്‍സു ചെയ്തു ഒരു കയ്യില്‍ വല്ലമടുത്ത്‌ വല്ല്യുപ്പ തിരിച്ചു നടക്കാന്‍ നേരം ആത്തോലമ്മ മുമ്പില്‍ നിന്ന്‌ കണ്ണീരൊലിപ്പിച്ചു കൈകൂപ്പി നിന്നു പറഞ്ഞു.

"നിങ്ങള്‍ എന്റെ കുഞ്ഞിന്റെ രക്ഷകനാണ്‌. മണ്ണാര്‍ശാലയില്‍ നാഗദൈവങ്ങള്‍ക്കു ഉരുളി കമഴ്‌ത്തി, കാലങ്ങള്‍ക്കു ശേഷം ദൈവങ്ങള്‍ എനിക്കു തന്ന മോനാണ്‌ എന്റെ പൊന്നുണ്ണി. നിങ്ങള്‍ക്ക്‌ ഞാനെന്തെങ്കിലും സമ്മാനിച്ചില്ലങ്കില്‍ എനിക്കു പിന്നീട്‌ സമാധാനം കിട്ടില്ല".
"നിങ്ങള്‍ എന്തെങ്കിലും സ്വീകരിച്ചേ പറ്റൂ."

വല്ല്യുപ്പ പറഞ്ഞു.
"അങ്ങനെയെങ്കില്‍ നിങ്ങളുടെ മാത്രം സ്വത്തില്‍ നിന്ന്‌, എന്റെ കാലിയായ ഈ ഒറ്റകയ്യിലൊതുങ്ങുന്ന എന്തു തന്നാലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും".
അകത്തേക്കുപോയ ആത്തോലമ്മ തിരിച്ചു വന്നപ്പോള്‍ അവരുടെ കയ്യില്‍ വീടുകാഴ്‌ചക്ക്‌ ഓഹരിയായി കിട്ടിയ തീരെ ഉപയോഗിച്ചിട്ടില്ലാത്ത സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള ഈ കോളാമ്പി.

അന്നുച്ചക്കു കറിവെക്കാന്‍ മീനും കാത്തിരുന്ന വല്ല്യുമ്മ കണ്ടത്‌ ജേതാവിനെപ്പോലെ കോളാമ്പി തൂക്കിപ്പിടിച്ച്‌ കാലിയായ വല്ലവും നനയാത്ത വലയുമായി വരുന്ന വല്ല്യുപ്പാനെയാണ്‌.

വടക്കന്‍പാട്ടിലെ ചേകവനെപ്പോല നെഞ്ചു വിരിച്ചു നിന്ന്‌ വല്ല്യുപ്പ അക്കഥ ആദ്യം പറഞ്ഞത്‌ വല്ല്യുമ്മയോട്‌.

അന്നു മുതല്‍ ആ വീരകഥ അഭികഥനമായും അനുകഥനമായും (Direct & Indirect speach) ഞങ്ങള്‍ പലതവണ കേള്‍ക്കാന്‍ തുടങ്ങി.
ഞങ്ങളില്‍ നിന്ന്‌ ഞങ്ങളുടെ കൂട്ടുകാരും പിന്നെ നാട്ടുകാരെല്ലാവരും അതറിഞ്ഞു.

വീട്ടില്‍ അതിഥികള്‍ ആരെങ്കിലും വന്നാല്‍ സമയം വൈകുന്നതറിയാതെ വല്ല്യുപ്പാന്റെ ആ വീരകഥ ആസ്വദിച്ചു ലയിച്ചിരിക്കുമ്പോള്‍ വല്ല്യുമ്മാക്ക്‌ അടുക്കളയില്‍ ചായയും പലഹാരവും ഉണ്ടാക്കാന്‍ ഇഷ്ടം പോലെ സമയം കിട്ടും. അതിഥികള്‍ ആദ്യമായി വന്നവരാണെങ്കില്‍ സംഭാഷണം ഒരു വധമായി തേന്നുകയേ ഇല്ല.
ആദ്യമൊക്കെ ആ വീരസ്യം കേള്‍ക്കുന്നത്‌ ഞങ്ങള്‍ക്കൊരു ഹരമായിരുന്നു. പക്ഷേ പിന്നീട്‌ അതു കേട്ടു കേട്ട്‌ ഞങ്ങള്‍ക്കു മടുപ്പായി.
കാലം കടന്നു പോകവേ ഞങ്ങളൊക്കെ ഞങ്ങള്‍ക്കു മാത്രം മനസ്സിലാവുന്ന ഭാഷ സംസാരിക്കാന്‍ തുടങ്ങിയതോടെ വല്യുപ്പ ഞങ്ങളുടെ സംഭാഷണത്തില്‍ നിന്ന്‌ അകന്നു നിന്നു.
ഡിമിനിഷിംഗ്‌ മാര്‍ജിനല്‍ യൂട്ടിലിറ്റി തിയറിയും, വൈവയും, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌ ആക്ടും ഒന്നും വല്ല്യുപ്പാക്ക്‌ മനസ്സിലാക്കാനായില്ല. അല്ലങ്കില്‍ മനസ്സിലാക്കി കൊടുക്കാന്‍ ഞങ്ങള്‍ ആരും ശ്രമിച്ചതുമില്ല.
ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ ശ്രദ്ധ നേടിയെടുക്കാന്‍ വല്യുപ്പ അല്‍പ്പസ്വല്‍പ്പം വാശി കാണിക്കാന്‍ തുടങ്ങി. വീട്ടില്‍ വന്നു കയറുന്നവരേടെക്കെ കോളാമ്പിയുടെ കഥ പറയാന്‍ നാടകീയമായി അവസരമുണ്ടാക്കി. കോളാമ്പി തേച്ചു മിനുക്കിയതു ശരിയായില്ലന്നും പറഞ്ഞ്‌ മുറ്റം അടിച്ചു വാരാന്‍ വരുന്ന മുണ്ടിയുമായി എന്നും വഴക്കിട്ടു പ്രായാധിക്യം പ്രകടമാക്കി.


കോലായിലെ വല്ല്യുപ്പാന്റെ ചാരുകസേരക്കടുത്തു വെച്ച കോളാമ്പിയില്‍ തുപ്പാനാരെങ്കിലും ചെന്നാല്‍ ചീത്ത പറഞ്ഞ്‌ ഓടിക്കും.

വല്ല്യുപ്പ പുറത്തെവിടെയെങ്കിലും പോയി തിരിച്ചു വരുമ്പോള്‍ കോലായില്‍ ആ കോളാമ്പി കണ്ടില്ലങ്കില്‍ അന്നാര്‍ക്കും സുഖമായി ഉറങ്ങാന്‍ സാധിക്കില്ല.

വല്ല്യുപ്പാന്റെ കാലു തട്ടി അബദ്ധത്താലെങ്ങാനും കോളാമ്പി തറയില്‍ വീണാല്‍
"ആരാ ഈ കോളാമ്പി നടക്കുന്ന വഴിയില്‍ വെച്ചത്‌?"
എന്നു ചോദിച്ചാവും ചീത്ത പറച്ചില്‍ തുടങ്ങുക. എന്നാല്‍ ഞങ്ങളിലാരെങ്കിലുടേയും കാലു തട്ടിയിട്ടാണ്‌ അതു താഴെ വീണതെങ്കില്‍ ചീത്ത പറച്ചില്‍ ഇങ്ങനെയാവും
"ഇത്ര വലിയ ഒരു സാധനം വെട്ടത്തിലിരുന്നിട്ട്‌ കണ്ടില്ലേ?,
കണ്ണു തുറന്നൊന്ന്‌ കീഴെ നോക്കിയാലെന്താ?".

"പപ്പാ.."
മോളു ഇടക്കു കേറി ഒരു വിളി.
"വണ്‍ സെക്കന്റ്‌. വണ്‍ ക്വസ്റ്റ്യന്‍",
"വല്ല്യുപ്പ ഒരിക്കും മുറുക്കിയിരുന്നില്ല, മാത്രമല്ല മുറുക്കിയിരുന്നവരെയൊന്നും കോളാമ്പി ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നതുമില്ല. പിന്നെ എന്തിനാണത്‌ എപ്പോഴും ചാരുകസേരക്കടുത്ത്‌ സൂക്ഷിച്ചത്‌ ?".
"ഇന്റലിജന്റ്‌ ക്വസ്‌റ്റ്യന്‍!. ഭാര്യ മോള്‍ക്കൊരു സപ്പോര്‍ട്ടു കൊടുത്തു.
ഉത്തരം ഇതാണ്‌ "ഹി ഹാസ്‌ എ സ്‌റ്റാര്‍ട്ടിംഗ്‌ ട്രബിള്‍ റ്റു ബിഗിന്‍ ഹിസ്‌ സ്‌റ്റോറി, ആരെങ്കിലും കോളാമ്പിയെ കുറിച്ച്‌ ചോദിക്കുകയോ, വെറുതെ ഒന്ന്‌ നോക്കുകയോ ചെയ്താല്‍ ആ കഥ പറയാനുള്ള ഊര്‍ജം കിട്ടും. ആ ഊര്‍ജം കിട്ടാനാണ്‌ കോളാമ്പി എപ്പോഴും ചാരുകസേരക്കടുത്ത്‌ സൂക്ഷിച്ചത്‌".
"നൗ ക്ലിയര്‍?". ഞാന്‍ ചോദിച്ചു.
മോള്‍ തലകുലുക്കി സമ്മതിച്ചു.
വല്ല്യുപ്പ അദ്ധ്വാനിച്ചു കൊണ്ടുവരാന്‍ അപ്രാപ്തനാവുകയും ഞങ്ങള്‍  അതിന്‌ പ്രാപ്തരാവുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ശബ്‌ദത്തിന്‌ വല്യുപ്പാന്റെ ശബ്‌ദത്തെക്കാള്‍ കനം കൂടി.

പിന്നെ പിന്നെ 'മുണ്ടി'യും കോളാമ്പി തേച്ചു മിനുക്കാതായി. കൂലി കൊടുക്കുന്നോരാരും അവളോട്‌ അതേക്കുറിച്ച്‌ ചോദിക്കാതെയുമായി. എല്ലാരും വന്നു കയറുമ്പോള്‍ ആദ്യം കാണുന്ന ക്ലാവു പിടിച്ച കോളാമ്പി ഒരശ്രീകരമായി കോലായില്‍ അനുഭവപ്പെട്ടു.

ഡിഗ്രി ഫൈനല്‍ ഇയറിന്‌ ഫ്രന്‍സിനെ എല്ലാരെയും വീട്ടിലേക്കു ക്ഷണിച്ച്‌ ഒരു ട്രീറ്റ്‌ കൊടുത്ത ദിവസമാണ്‌ ആ അശ്രീകരം ഞാന്‍ തട്ടിമ്പുറത്തെ മൂലയിലേക്കു വലിച്ചെറിഞ്ഞത്‌.

കോളാമ്പി കാണാതായപ്പോള്‍ വല്ല്യുപ്പ വല്ലാതെ വിഷമിച്ചിരുന്നു. അന്ന്‌ വല്ല്യുപ്പ ഏല്ലാരോടും വഴക്കുണ്ടാക്കി. പിന്നെ അതു കാഴ്‌ചപ്പുറത്തു നിന്നും മറഞ്ഞപ്പോള്‍ വല്ല്യുപ്പയും കോളാമ്പിപുരാണം മറന്നിട്ടോ എന്തൊ പിന്നെ അധികം ആരോടും മിണ്ടാതായി. ആ മൗനത്തിനു ശേഷം പിന്നെ വല്ല്യുപ്പാന്റെ മരണം മാത്രമാണോര്‍മ്മ.
പിന്നെ ഇന്ന്‌ തറവാട്ടിലെ തട്ടുമ്പുറം വൃത്തിയാക്കുമ്പോഴാണ്‌ ഞാനതു വീണ്ടും കാണുന്നത്‌.


വല്ല്യുപ്പാനോട്‌ ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി ഞാനാ കോളാമ്പി നാന്നായി പോളീഷു ചെയതു. കോപ്പര്‍ പെയ്‌ന്റു കൊണ്ടു കലാപരമായി അലങ്കരിച്ച്‌ ഡ്രൈ ഫ്ലവര്‍ നിറച്ച്‌ എന്റെ പുതിയ വീടിന്റെ വിസിറ്റേര്‍സ്‌ റൂമില്‍ വെച്ചു.
ഗൂഗിളിന്റെ പുതിയ ബസിനെക്കുറിച്ചും റീഡര്‍ ഷെയറിംഗ് ഓപ്ഷനെക്കുറിച്ചും മക്കള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ക്കൊപ്പമെത്താനാവാതെ ഞാന്‍ വിഷമിക്കുന്നു.
അപ്പോള്‍ അവസരത്തിലും അനവസരത്തിലും ഒരു കഥ പറയാന്‍ ഞാന്‍ നാടകീയമായി പഴുതുണ്ടാക്കുന്നു.
എനിക്കു സ്വന്തമായി പ്രത്യേകം വീരസ്യങ്ങളൊന്നും പറയാനില്ലാത്ത നാളില്‍ വീട്ടില്‍ വന്നു കയറുന്നവരേടെക്കെ വല്ല്യുപ്പാന്റെ കോളാമ്പിയുടെ പിന്നിലെ വീരകഥ ഇത്തിരി കൊഴുപ്പുകൂട്ടി ഞാന്‍ പറഞ്ഞു തുടങ്ങി.

കഥ പറയാനുള്ള കഴിവില്‍ എന്റെ അകത്തിത്തിരി അഹമുണ്ടെന്ന്‌ എന്റെ ഭാര്യയും ഈയിടെ കുറ്റം പറയാന്‍ തുടങ്ങിയിട്ടുണ്ട്‌. എന്റെ ഈ കഥ പറച്ചില്‍ മക്കള്‍ക്കു മടുപ്പുണ്ടാക്കുന്നുവെന്ന്‌ അവരുടെ മുഖം കണ്ടാലറിയാം അധികം താമസിയാതെ ഈ ബ്രാസിന്റെ ഫ്ലവര്‍ വേസ്‌ ഏതെങ്കിലും തട്ടിന്‍ പുറത്തേക്കു പുതിയ തലമുറ വലിച്ചെറിയും. അതു വരെ ഞാനെന്റെ വീരസ്യം പറയല്‍ തുടരട്ടെ!.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2006

പാഠം.രണ്ട്‌. ഗുരുദക്ഷിണ


"നാട്ടിലേക്കു കുറ്റീം പറിച്ചു കെട്ടുകെട്ടുന്നതിന്നു മുമ്പേ ഒരായിരം വട്ടം ഞാനോതി തന്നതാണ്‌ ശബിക്കു പറ്റിയ ഒരു സ്കൂള്‍ കണ്ടെത്തി അഡ്മിഷന്‍ ശരിയാക്കണമെന്ന്‌".
"നാട്ടിലെത്തീട്ട്‌ ഒരു മാസത്തിലധികമായി. ഒരു നല്ല സ്കൂളിലും അഡ്മിഷന്‍ കിട്ടുന്ന കോളില്ല".
"രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലത്തില്‍ മിന്നി നിന്നിരുന്ന നക്ഷത്രമായിരുന്നൂന്നല്ലേ ധാരണ! പോയി മോള്‍ക്കൊരു നല്ല സ്‌കുളില്‍ അഡ്മിഷന്‍ വാങ്ങികൊടുക്കാന്‍ നോക്ക്‌?"

വെളുപ്പാന്‍ കാലം, വെറും വയറ്റില്‍, ഭാര്യ എന്ന 'ഭാര'ത്തിന്റെ കളിയാക്കലും കുറ്റപ്പെടുത്തലും സമം ചേര്‍ത്ത കഷായം കുടിച്ചപ്പോള്‍ എന്നിലെ ചേകവര്‍ ഉണര്‍ന്നു.
'പ്രവാസിയുടെ വോട്ടവകാശം' എന്ന ഈ ഫീച്ചര്‍ മുഴുവന്‍ വായിക്കാന്‍ അവളും അതൊന്നു നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുകളും സമ്മതിക്കില്ലല്ലോ എന്നു മനസില്‍ മൊഴിഞ്ഞ്‌ ഞാന്‍ പത്രം മാറ്റി വെച്ച്‌ എണീറ്റു.
"രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ ഞാന്‍ വഹിച്ചിരുന്ന പ്രാദേശിക, പഞ്ചായത്തു, ജില്ലാ കമ്മറ്റി ഔദ്യോഗിക സ്ഥാനമാനങ്ങളാണു സത്യം. ഇന്നേക്കു പതിനാറാം നാള്‍ എന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ ശബിക്കൊരു അഡ്മിഷന്‍ ശരിയാക്കിയിട്ടേ ഇനി ഈ ഞാന്‍ ഈ വീട്ടില്‍ നിന്നു ചുടുവെള്ളം കുടിക്കൂ. ഇതു സത്യം, സത്യം, സത്യം.......".

അങ്കകലിയിളകിയ എന്നിലെ ചേകവനെ തണുപ്പിക്കാന്‍ ഫ്രിഡ്ജ്‌ തുറന്നു ഒരുപാടു തണുത്ത വെള്ളം അകത്താക്കി.

ജില്ലാ ആസ്ഥാനത്തെ ഒന്നാന്തരം സ്കൂളില്‍ മാനേജ്മെന്റ്‌ കമ്മറ്റിയിലെ ഒരംഗം എന്റെ പഴയകാല രാഷ്ട്രീയ സുഹൃത്ത്‌. ആളു പരോപകാരി, ലാളിത്യശീലന്‍.......

ഉടനെ തന്നെ സുഹൃത്തിന്റെ വീട്ടിലേക്കു തിരിച്ചു. കഷ്ടപ്പെട്ടവിടെ ചെന്നപ്പോള്‍ ആളു സ്ഥലത്തില്ല.

വീട്ടില്‍ നിന്ന്‌ അവന്റെ അന്നത്തെ പ്രോഗ്രാം ചാര്‍ട്ടു കിട്ടി. അതുവെച്ച്‌ ആ സമയം അവനെ കാണാന്‍ സാധ്യതയുള്ള സ്ഥലത്തേക്കു തിരിച്ചു. പക്ഷെ അവിടെയും എത്തിയിട്ടില്ല.

അവനിലെ രാഷ്ട്രീയക്കാരന്റെ സമയനിഷ്ഠയുടെ കാര്യമോര്‍ത്തപ്പോള്‍ തൊട്ടു മുമ്പത്തെ യോഗസ്ഥലത്തേക്കു തിരിക്കുന്നതാവും ബുദ്ധിയെന്നു മനസുപദേശിച്ചു.
സാധാരണ രാഷ്ട്രീയക്കാരനില്‍ നിന്ന്‌ ഇത്തിരി വ്യത്യാസം ഉള്ളയാളായതിനാല്‍ പ്രോഗ്രാം ചാര്‍ട്ടിലൂടെ അവരോഹണ ക്രമത്തില്‍ ഏറെ പിന്നോട്ടു പോകേണ്ടി വന്നില്ല. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി ഓഫീസില്‍ വെച്ചാണ്‌ അവനെ കണ്ടത്‌.

വി.ഐ.പി കള്‍ ഇരിക്കുന്ന മുറി നേരത്തെ പരിചയമുണ്ടായിരുന്നതിനാല്‍ ആരോടും ചോദിക്കേണ്ടി വന്നില്ല.

മുറിക്കൊരുപാടു മാറ്റം വരുത്തിയിട്ടുണ്ട്‌. തറ മാര്‍ബിളാക്കിയിരിക്കുന്നു. പുറം ലോകത്തിന്റെ ദയനീയതയും നഗ്നതയും ദൃശ്യമാക്കിയിരുന്ന ഏക ജനല്‍ എടുത്തു മാറ്റി അവിടെ ഒരു അമേരിക്കന്‍ നിര്‍മ്മിത എ.സി വെച്ചിട്ടുണ്ട്‌.

ചുമരിലെ പരേതനേതാക്കളുടെ പടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്‌. എങ്കിലും കാര്യനിവൃത്തിക്കായി കാത്തു നില്‍ക്കുന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ മാത്രം ഒരു കുറവും ഇല്ല.

ഇന്നു തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതാവായ എന്റെ മുന്‍കാല സുഹൃത്തിന്‌ എന്നെ മനസിലാവാന്‍ ഒരുപാടു സമയമെടുത്തു. പക്ഷെ അവന്റെ കൈത്തണ്ടയില്‍ കിടക്കുന്ന റാഡോ വാച്ചു തിരിച്ചറിയാന്‍ ഞാന്‍ അത്രക്കും സമയമെടുത്തില്ല..

മിഡിലീസ്റ്റിലെ സമശീതോഷ്ണ കാലാവസ്ഥയില്‍ മാത്രം പ്രവാസിയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നാട്ടില്‍ നിന്ന്‌ കൂട്ടം കൂട്ടമായി എത്താറുള്ള ദേശാടനപക്ഷികളിലൊരാളായി ഒരു ഷാര്‍ജ സന്ദര്‍ശനത്തിനിടയില്‍ എന്റെ ഫോണ്‍ നമ്പര്‍ അന്വേഷിച്ച്‌ കണ്ടുപിടിച്ച്‌ പുതുക്കിയ സൗഹൃദത്തിനു ഞാന്‍ കൊടുത്ത സമ്മാനം.
കോസ്മോസ്‌ ഇലട്രോണിക്സില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍മെന്റ്‌ ചെക്ക്‌ കൊടുത്ത്‌ വങ്ങിച്ചത്‌. എന്റെ ഒരുമാസത്തെ ശമ്പളത്തിന്റെ വിലയുള്ളത്‌.

അവനെ പ്രത്യേകം വിളിച്ചു ഞാന്‍ എന്റെ പ്രശ്നം അവതരിപ്പിച്ചു. ഈ സ്കൂളില്‍ എന്റെ മോള്‍ക്ക്‌ ഒരു സീറ്റു കിട്ടാന്‍ സഹായിക്കാന്‍ കഴിയുന്ന, നിന്റെയത്ര അടുപ്പമുള്ള ഒരാളും എനിക്കിവിടെയില്ലന്നതിനാലാണ്‌ നിന്നെ കാണാന്‍ വന്നത്‌. നീ സ്കൂളിന്റെ കമ്മറ്റിയില്‍ ഒരംഗമല്ലേ ഒരു ലെറ്റര്‍ തരണം.

അവന്‍ ബ്രീഫ്കേയ്സ്‌ തുറന്ന്‌ പെര്‍സണല്‍ ലെറ്റര്‍പാഡെടുത്ത്‌ എഴുതിത്തന്നു.

ഞാന്‍ ഒരാവര്‍ത്തി വായിച്ചു നോക്കി. നല്ല ഗാഢതയുള്ള റക്കമെന്‍ന്റെഷന്‍. സുഹൃത്തിനോട്‌ നന്ദി പറഞ്ഞു പുറത്തു കടന്നു.

ലോകം കീഴടക്കിയ ഭാവത്തില്‍ ഭാര്യയുടെ മുമ്പിലേക്കു അതിട്ടു കൊടുത്തപ്പോള്‍ എനിക്കു എന്നെക്കുറിച്ച്‌ തന്നെ വല്ലാത്ത ഗര്‍വു തോന്നി. പണ്ട്‌ ടെന്‍സിംഗ്‌ തന്റെ രാജ്യത്തിന്റെ പതാക എവറസ്റ്റ്‌ കൊടുമുടിയുടെ ഉച്ചിയില്‍ കുത്തി നിര്‍ത്തിയപ്പോഴത്തെ സുഖം.

പിറ്റേന്നു തന്നെ എന്റെ ഹീലിയം അണുകുടുംബം സ്ക്കൂളിലേക്കു പുറപ്പെട്ടു.

അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാനേജറുമായിട്ടാണ്‌ സംസാരിക്കേണ്ടതെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞൊഴിഞ്ഞപ്പോള്‍ മാനേജര്‍ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു.

രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടാണ്‌ മാനേജറെ കാണാനൊത്തത്‌.

യു.എ.ഇ ഈസ്റ്റ്‌ ഇംഗ്ലീഷ്‌ സ്കൂളിന്റെ സ്ക്രീന്‍ പ്രിന്റു ചെയ്ത ഡിസ്റ്റിംഗ്ഷന്‍ സര്‍ട്ടിഫിക്കറ്റും ബെസ്റ്റ്‌ സ്റ്റുഡന്റ്‌ ഓഫ്‌ സ്റ്റാഫിന്‌ അഞ്ഞൂറ്‌ ദിര്‍ഹം അവാര്‍ഡു ലഭിച്ചതറിയിച്ചു കൊണ്ടുള്ള എന്റെ ബോസിന്റെ മാനേജ്മെന്റ്‌ ഓര്‍ഡറിന്റെ പകര്‍പ്പും അഭിമാനപൂര്‍വ്വം ഞാനാമേശപ്പുറത്തു വെച്ചു.

അയാള്‍ അതിലേക്കൊന്നു കണ്ണോടിക്കുക പോലുമുണ്ടായില്ല.

അഡ്മിഷന്‍ ഇനി ഒരു നിലക്കും സാധ്യമല്ലന്നും ക്ലാസു തുടങ്ങിക്കഴിഞ്ഞെന്നും പറഞ്ഞപ്പോള്‍ ഒരു തുരുപ്പു ശീട്ടിറക്കുന്ന ഭാവത്തില്‍ വലിയ പ്രതീക്ഷയോടെ സുഹൃത്തിന്റെ ലെറ്റര്‍ എടുത്തു കൊടുത്തു.

കത്തു വായിച്ച മാനേജര്‍, ഒപ്പിട്ട ഭാഗത്ത്‌ സൂക്ഷിച്ചു നോക്കുന്നതും ചുണ്ടില്‍ അറിയാതെ വന്നുപോയ ഒരു നേര്‍ത്ത അവജ്ഞ എന്നെ കാണിക്കാതിരിക്കാന്‍ പാടുപെടുന്നതും ഞാന്‍ ആശങ്കയോടെ വീക്ഷിച്ചു.

ഈ കത്തുകൊണ്ടൊന്നും കാര്യമില്ലന്നും, ഒഫീഷ്യലായി മാത്രമേ ഇവിടെ കാര്യങ്ങള്‍ നീങ്ങൂ എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിരാശരായി ഓഫീസിന്റെ പടിയിറങ്ങി.

"മാഷേ ഒന്നു നില്‍ക്കണേ! "

ആരോ നിങ്ങളെ പിറകീന്നു വിളിക്കുന്നു എന്നു പറഞ്ഞു ഭാര്യ പിടിച്ചു നിര്‍ത്തി.

നല്ല കാര്യത്തിനു തിരിക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ വിളിക്കുന്നതു അപശകുനമാണെങ്കില്‍ നല്ല കാര്യം നഷ്ടപ്പെട്ടു നിരാശനായി മടങ്ങുമ്പോള്‍ പിന്നില്‍ നിന്ന്‌ വിളിക്കുന്നതു ശുഭ ശകുനമാകേണ്ടതാണ്‌. (രണ്ടു നെഗേറ്റെവുകള്‍ ഗുണിക്കുമ്പോള്‍ ഒരു പോസിറ്റീവ്‌ ഉണ്ടാവുന്നു എന്ന്‌ ഗണിതശാസ്ത്രം)

പ്രതീക്ഷയോടെ പിറകിലേക്കു തിരിഞ്ഞുനോക്കി
ടീച്ചേര്‍സ്‌ റൂമില്‍ നിന്ന്‌ ഒരു ടീച്ചര്‍ ഓടി വരുന്നു.

ഭാര്യ മുഖം കോട്ടിക്കൊണ്ടു ചോദിച്ചു "എന്താ മുമ്പത്തെ ലൈന്‍ വല്ലതുമാണോ?".
അവള്‍ക്കെപ്പോഴും ഈ ഒരു സംശയം മാത്രം ബാക്കിയുണ്ട്‌. ആദ്യരാത്രിയില്‍ മുന്‍അനുരാഗത്തിന്റെ കുറ്റസമ്മതം നടത്തുന്ന എല്ലാ മഠയന്‍മാരായ ഭര്‍ത്താക്കന്‍മാരെയും ജീവിതകാലം മുഴുവന്‍ വേട്ടയാടുന്ന ഭാര്യമാരുടെ ഈ സംശയരോഗം.
കേട്ടു കാതിനു തഴമ്പു വന്നതിനാല്‍ പ്രതേകിച്ചൊരു വികാരവും തോന്നിയില്ല.

എവിടെയോ കണ്ടുമറന്ന നല്ല പരിചിത മുഖം. ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അവരു പറഞ്ഞു "സാറിന്റെ ഒരു ശിഷ്യ റസിയയെ ഓര്‍ക്കുന്നുണ്ടോ?." "വെറും ശിഷ്യയല്ല. പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ എസ്‌.എസ്‌.എല്‍.സി കാന്‍ഡിഡേറ്റിനെ?"

"സാറു പ്രിന്‍സിപ്പാളുടെ മുറിയിലേക്കു കടന്നപ്പോള്‍ തന്നെ എനിക്കു സംശയം തോന്നിയിരുന്നു. പിന്നെ മാനേജറുമായുള്ള സംസാരത്തിനിടക്ക്‌ ഒരുപാടു തവണ 'അതുപോലെത്തന്നെ' എന്ന പദം ആവര്‍ത്തിച്ചു കേട്ടപ്പോള്‍ ആളെ ഉറപ്പായി. ഈ ആവര്‍ത്തനത്തെപ്പറ്റി ഞങ്ങള്‍ പണ്ടു ക്ലാസില്‍ ഒരുപാടു കളിയാക്കിയതായിരുന്നല്ലോ".

എന്റെ മനസ്‌, എന്നെ ഞാന്‍ ഗള്‍ഫിലേക്കു തിരിക്കുന്നതിന്നു മുമ്പ്‌ 'അക്ഷര'യില്‍ അധ്യാപകനായിരുന്ന അഞ്ചുവര്‍ഷത്തേക്കു പിറകോട്ടു കൊണ്ടുപോയി.

'അക്ഷര'യിലെ പ്രായക്കൂടുതലുള്ളവര്‍ക്കുള്ള ക്ലാസില്‍ ചേരാന്‍ ഒരു കുഞ്ഞിനെയും തോളിലിട്ടു വന്ന റസിയ എന്ന കുരുന്നു വിവാഹമോചിതയുടെ ചിത്രം മനസില്‍ തെളിഞ്ഞു.വന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹിതയാകപ്പെട്ട്‌ ഒരു കുഞ്ഞിനെ അധികമായി തിരിച്ചു നല്‍കി കാരുണ്യവാനായ കണവനവളെ മൊഴി ചൊല്ലി. ജീവിതത്തിന്റെ കുത്തൊഴുക്കിനെതിരെ നീന്താന്‍ നിര്‍ബന്ധിതയായ അവള്‍ പഠനം തുടരാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കുഞ്ഞിന്റെ അമ്മയായ അവളെ എട്ടാം ക്ലാസിലിരുത്താന്‍ നിയമം അനുവദിച്ചില്ല.
അവള്‍ നിരാശയായില്ല ഞങ്ങളെ തേടി വന്നു. പ്രായം ചെന്നവര്‍ക്ക്‌ നേരിട്ട്‌ എസ്‌.എസ്‌.എല്‍.സി എഴുതുന്നതിനുള്ള ട്യൂഷന്‍ ക്ലാസ്‌ രാത്രി ആയതിനാല്‍ അവളോട്‌ പകല്‍ സമയത്തുള്ള ഫെയില്‍ഡ്‌ ഇംപ്രൂവ്മെന്റ്‌ ബാച്ചിന്റെ കൂടെ ഇരിക്കാമെങ്കില്‍ അഡ്മിഷന്‍ തരാമെന്നു പറഞ്ഞു. അവള്‍ സമ്മതിച്ചു.
ഒരു പാടു കളിയാക്കലുകള്‍ക്കിടയിലൂടെ അവള്‍ ഉയര്‍ന്ന ഫസ്റ്റ്‌ ക്ലാസോടെ എസ്‌.എസ്‌.എല്‍.സി പാസായപ്പോള്‍ റിസള്‍ട്ടും കൊണ്ടവള്‍ അക്ഷരയുടെ ഓഫീസില്‍ വന്നു. അന്നു കണ്ട ആ നന്ദിയുടെ തിളക്കം ഇന്നും ഈ കണ്ണില്‍ നിന്നു മാഞ്ഞിട്ടില്ല.

അവള്‍ ബീയെഡ്‌ വരെ പഠിത്തം തുടര്‍ന്നെന്നും സ്കൂള്‍ ടീച്ചറായി ജോലികിട്ടിയെന്നും പിന്നീടെപ്പോഴോ ആരൊക്കെയോ പറഞ്ഞറിഞ്ഞു. ജോലിയോടപ്പം ബിരുദാനന്തര ബിരുദവും അവള്‍ നേടിയെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ അതിലേറെ സന്തോഷിച്ചു.

ഓര്‍മ്മ പുതുക്കലിനും പുതുമ പങ്കുവെക്കലിനും ഇടയില്‍ ഞങ്ങള്‍ അവിടെ ചെല്ലാനുള്ള കാരണവും മറ്റും വിശദമായി അവള്‍ ചോദിച്ചറിഞ്ഞു.

പിന്നെ റക്കമെന്റേഷന്‍ ലെറ്റര്‍ വാങ്ങി നോക്കി. ചിരിച്ചു കൊണ്ടു പറഞ്ഞു.
"ഇതുപോലെ അയാള്‍ ചോദിക്കുന്നവര്‍ക്കെല്ലാം എഴുത്തു കൊടുക്കാറുണ്ട്‌. പക്ഷെ ആത്മാര്‍ത്ഥമായി എഴുതുന്നതില്‍ മാത്രം ഒപ്പിടുന്നതിനടുത്ത്‌ ഒരു വൃത്തത്തിനകത്ത്‌ 'ട' എന്നു പ്രത്യേകം എഴുതും". "അതുമാത്രം ഗൗനിച്ചാല്‍ മതിയെന്നാണ്‌ ഞങ്ങള്‍ക്കുള്ള രഹസ്യ നിര്‍ദ്ദേശം".

"മാഷെ മോളുടെ അഡ്മിഷന്‍ എനിക്കു വിട്ടു തരിക. ഞാന്‍ വിചാരിച്ചാലും ഒരു സീറ്റൊക്കെ ഒപ്പിക്കാനാവും സാറു സമാധാനമായിട്ടു പോ. മോളുടെ ടീ.സിയും സര്‍ട്ടിഫിക്കറ്റും എന്റെ കയ്യില്‍ തരിക. അഡ്മിഷന്‍ ശരിയായ ഉടന്‍ ഞാന്‍ ഫോണ്‍ ചെയ്യാം. വന്ന്‌ ചില ഫോംസൊക്കെ പൂരിപ്പിച്ചു തരണം".

മരുഭൂമിയില്‍ അപൂര്‍വ്വം ലഭിക്കുന്ന അനുഗ്രഹത്തിന്റെ നീരുറവ കണ്ടെത്തിയ പോലെ തീവ്രമായ സന്തോഷത്തില്‍ എന്റെ മനസും കണ്ണും നിറഞ്ഞു. സംസാരിക്കാന്‍ വാക്കുകള്‍ക്കു പഞ്ഞം വന്നു.

നിനച്ചിരിക്കാത്ത ഭാഗത്തു കൂടി അപ്രതീക്ഷിതമായി ലഭിക്കുന്ന ആശയുടെ ഇത്തിരി വെട്ടമല്ലേ നമ്മെയൊക്കെ ജീവിപ്പിക്കുന്നതെന്നു തോന്നി.
പണ്ടെന്നോ ചെയ്തു മറന്നുപോയ ഒരു സല്‍കര്‍മ്മം പൂവായി, ഫലമായി എന്റെ മുമ്പില്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കപ്പെട്ടപ്പോള്‍ ജന്‍മസാഫല്യം നേടുക എന്നുപറയുന്നതിന്റെ അര്‍ത്ഥം മനസിലായി.

സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി നന്ദി പറഞ്ഞ്‌ പടിയിറങ്ങുമ്പോള്‍ സ്ക്കൂളിന്റെ ചുമരിലെഴുതിയ, മങ്ങിയതെങ്കിലും വടിവൊത്ത അക്ഷരങ്ങള്‍ മോള്‍ ശ്രദ്ധിച്ചു പ്രയാസപ്പെട്ട്‌ വായിക്കുന്നതു കേട്ടു.

"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"

വെള്ളിയാഴ്‌ച, ജൂലൈ 28, 2006

ഉണ്ണിപ്പിണ്ടിയുടെ റസീപ്പി.(നോവലൈറ്റ്‌)





















1


 നാട്ടില്‍ നിന്നു കൊടുത്തയച്ച ഹലുവായും, ഇന്‍വോയ്‌സ്‌ എന്ന ഇരട്ടപ്പേരിട്ടു ഞാന്‍ വിളിക്കുന്ന ഉപ്പാന്റെ കത്തുകളും (അതിലെപ്പോഴും കൊടുക്കേണ്ട പൈസന്റെ കണക്കാ ഉണ്ടാവുക) ചൂടോടെ ഏറ്റു വാങ്ങാനണ്‌ ഷൗക്കത്തിന്റെ വില്ലയില്‍ പോയത്‌. പക്ഷേ അവരു വില്ല വിട്ട്‌ മറ്റൊരു ഫ്ലാറ്റിലേക്കു ചേക്കേറി എന്നു കേട്ടപ്പോള്‍ പിന്നിടവന്റെ ആ ഫ്ലാറ്റിലെത്താന്‍ സൗകര്യപ്പെട്ടത്‌ വീണ്ടും ഒരാഴ്ച്ച കഴിഞ്ഞ്‌.
അവന്റെ ഫ്ലാറ്റിനു മുന്‍പില്‍ സ്‌റ്റയര്‍കേസിനു കീഴെ ഒരു വാഴക്കന്നു ആരുടെയും ശ്രദ്ധയില്‍പ്പെടും വിധം അശ്രദ്ധമായിരിക്കുന്നതു കണ്ട്‌ ചോദിച്ചു.
"ഇതെന്താ.. ഇവിടെ ഉണക്കാന്‍ വെച്ചതാണോ?"
"വില്ലയുടെ പിന്നില്‍ ഇത്തിരി നല്ല മണ്ണിട്ട്‌ കുഴിച്ചിട്ടുണ്ടാക്കാം എന്നു കരുതി ആനക്കയം കൃഷിഭവനില്‍ നിന്ന്‌ കഷ്‌ടപ്പെട്ടു സംഘടിപ്പിച്ചതാണ്‌. നല്ലയിനം റോബസ്‌റ്റിന്റെ വിത്താണിത്‌.പക്ഷെ ഇവിടെ എത്തിയപ്പോഴാണറിയുന്നത്‌ വില്ല പൊളിച്ചു അവിടെ കൂറ്റന്‍ ബില്‍ഡിംഗ്‌ ഉയരാന്‍ പോകാത്രേ.ഇനി ഇതു കൃഷി ചെയ്യാന്‍ 'ഭൂമി മലയാള'ത്തിലേക്കു തന്നെ കൊണ്ടു പോകേണ്ടി വരുമോ എന്നാണ്‌ സംശയം."
എയര്‍പോര്‍ട്ട്‌ സെക്യൂരിറ്റി ഓഫീസര്‍ക്കു രണ്ടുപ്രാവശ്യം എക്‌സറെ സ്ക്രീനിംഗ്‌ നടത്തിയിട്ടാണ്‌ ഇതൊരു അപകടകാരിയല്ലന്നു ബോധ്യപ്പെട്ടത്‌. കോക്ക്‌പീറ്റിനുള്ളില്‍ പൈലറ്റിന്റെ മൂക്കിനു കീഴെ വെച്ചു ഒരു മിസൈല്‍ കടത്തിയാല്‍ അതവരോട്ടു കാണത്തുമില്ല.
ഇന്ത്യന്‍ ബ്യൂറോക്രസിയോടുള്ള അവന്റെ മുഴുവന്‍ അമര്‍ഷവും ഈ പാവം വാഴക്കുഞ്ഞിനോട്‌ തീര്‍ക്കുമെന്നു തോന്നി. അന്യനാട്ടില്‍ ആരുടെയും ദാക്ഷിണ്യം കിട്ടാതെ ഉണങ്ങാന്‍ തുടങ്ങുകയായിരുന്ന വാഴക്കന്നു കണ്ടപ്പോള്‍ പണ്ടു രണ്ടാം ക്ലാസ്സില്‍ വെച്ചു പഠിച്ച "രക്ഷിച്ചവനു തലകൊടുത്തു" എന്ന പാഠം എനിക്കോര്‍മ്മ വന്നു.അമ്മയെന്നെ പെറ്റത്‌ കുപ്പക്കുഴിയിലാണെന്നും അവിടന്നു ദത്തെടുത്തു വെള്ളവും,ഭക്ഷണവും തന്നു എന്നെ വളര്‍ത്തിയതിനു പ്രത്യുപകാരമായി ഞാന്‍ എന്റെ തല തന്നെ കൃഷിക്കാരന്ന്‌ സമ്മാനിക്കുന്നു എന്നു ചൊല്ലി 'കുല' വെട്ടിയെടുക്കാന്‍ കുനിഞ്ഞു കൊടുക്കുന്ന ഒരു വാഴയുടെ ആത്മകഥയായിരുന്നു ആ പാഠം. അതു പഠിപ്പിച്ച അബ്‌ദുമാഷിന്റെ മുഖം മനസ്സിലോടി വന്നപ്പോള്‍ ഞാന്‍ ഷൗക്കത്തിനോടു ചോദിച്ചു. "നിനക്കു വേണ്ടങ്കില്‍ ഞാനിതു കൊണ്ടു പോയ്ക്കോട്ടെ?"
അവനു സന്തോഷത്തെക്കാള്‍ ആശ്വാസം തോന്നിക്കാണും. നാട്ടില്‍ നിന്നു ഷാര്‍പ്പ്‌ സെക്യൂരിറ്റി ചെക്കിംഗ്‌ പസ്സായ ഒരു ഇന്ത്യന്‍ ഉല്‍പന്നം ഷാര്‍ജ മുന്‍സിപ്പാലിറ്റി കമ്പോസ്‌റ്റ്‌ പ്ലാന്റില്‍ അവസാനമായില്ലല്ലോ എന്ന സമാധാനം ആ മുഖത്തു കണ്ടു.




2
ഹലുവക്കെട്ടിന്റെ കൂടെ മറ്റൊരു വിശിഷ്‌ട വസ്‌തു കണ്ടപ്പോള്‍, ഇവിടെ വളര്‍ന്ന എന്റെ മക്കള്‍ക്കു വലിയ കൗതുകം. വൃത്തിയായി പ്രോസസ്‌ ചെയ്ത്‌ എക്സ്‌പോര്‍ട്ട്‌ നിലവാരത്തിലാക്കിയ ആ വാഴക്കന്നു കണ്ടപ്പോള്‍ ഭാര്യയിലെ 'ചെഫ്‌' ഉണര്‍ന്നു. "ഇതു കൊണ്ടു ഡിഫറന്‍ഡും, ഡലീഷ്യസും ആയ ഒരു ഡിഷ്‌, ഉമ്മി ഉണ്ടാക്കിത്തരാം എന്നു പറയുന്നതു ടോയ്‌ലറ്റില്‍ നിന്നു കേട്ട ഞാനോടി വന്നു. അപ്പോള്‍ പിടിച്ചില്ലായിരുന്നെങ്കില്‍ മിനുട്ടുകള്‍ കൊണ്ടു അതു കഷ്‌ണം കഷ്ണമായി എതോ ചാനലില്‍ നിന്നും കണ്ടു പഠിച്ച "സ്വീറ്റ്‌ പപ്പ്സ്‌ റോസ്റ്റോ, പപ്പ്‌സ്‌ മഞ്ഞൂരിയോ ഒക്കെ ആയേനെ!.
എന്നിലെ കര്‍ഷകനു വല്ലാതെ നൊന്തപ്പോള്‍ നിയന്ത്രണം വിട്ടു. ഞാന്‍ അലറി."നീയും നിന്റെ ഒടുക്കത്തെ ഡിഷും." എന്റെ കലി കണ്ടു പേടിച്ചാവണം അവള്‍ കഴുത്തു വെട്ടിച്ചു കിച്ചണിലേക്കു വലിഞ്ഞു.
ഞാന്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു പറഞ്ഞു. " പപ്പ ഇതു കൊണ്ടു നമ്മുടെ മുറ്റത്തോരു വാഴത്തോപ്പുണ്ടാക്കും. അപ്പോള്‍ നമ്മുടെ മുറ്റത്ത്‌ ഒരുപാട്‌ കിളികളും തേനീച്ചകളും വരും. അപ്പോള്‍ നിങ്ങള്‍ക്കു നല്ല രസമായിരിക്കും. നാട്ടിലെപ്പോലെ നിങ്ങള്‍ക്കു തോന്നും. നമ്മുടെ നാടങ്ങനെയാണ്‌, പൂക്കളും പൂമ്പാറ്റകളും,പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളികളും,മരങ്ങളും മലകളില്‍ നിന്നൊഴുകുന്ന പുഴകളും ഏറെയുള്ള നാട്‌.
കൃഷി എന്നില്‍ നോസ്‌റ്റാള്‍ജിയ ഉണ്ടാക്കുന്ന ഘടകം തന്നെയയിരുന്നു എന്നും.
അസ്‌ഥാനത്തിട്ട കോമ കാരണം തിരസ്കരിക്കപ്പെട്ട ശംബളബില്ലിനെക്കുറിച്ചും,നടപ്പിലാക്കാന്‍ വൈകുന്ന ഡി.എ.വര്‍ദ്ധനവിനെക്കുറിച്ചും വ്യാകുലപ്പെട്ടു ട്രഷറിയുടെ പുറം ബെഞ്ചില്‍ ചടഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥ വര്‍ഗ്ഗത്തെക്കാള്‍, ഞാനിഷ്‌ടപ്പെട്ടിരുന്നത്‌, പകലന്തിയോളം പണിയെടുത്തു വൈകുന്നേരമൊന്നു നന്നായി മുങ്ങിക്കുളിക്കാന്‍ പാറക്കടവിലെത്തിയിരുന്ന കര്‍ഷകരെയായിരുന്നു.

ഓഫീസില്‍ ട്രയല്‍ ബാലന്‍സിന്റെയും ബാലന്‍ഷീറ്റിന്റെയും മടുപ്പിക്കുന്ന സംഖ്യാചുഴികളില്‍ മുങ്ങിപൊങ്ങുമ്പോള്‍ ഇത്തിരി ജീവവായുവിന്നായി മനസ്സിനെ ഒരു ദശകം മുമ്പത്തെ ഇരുമ്പുഴി വാക്കോള്ളിപ്പാടത്തെ പച്ചപ്പിലും,പനമ്പറ്റക്കടവിലെ പഞ്ചാരമണലിലും അലയാന്‍ വിടുമ്പോഴായിരിക്കും ഫോണിന്റെ അപായ മണി. ഞെട്ടിയുണര്‍ന്നു വീണ്ടും യാന്ത്രികതയിലേക്കുള്ള ഒരഗാധമായ പതനം.
തലച്ചോറ്റില്‍ വീണ്ടും ഡബിറ്റു-ക്രഡിറ്റുകളുടെ വടം വലി.

ചിന്തയില്‍ നിന്നുണര്‍ന്നു ഒരു ഷേവലും കൊണ്ടു മുറ്റത്തിറങ്ങി.ചുറ്റുമതിലിനോടു ചേര്‍ന്ന്‌ ഒരു കുഴിയുണ്ടാക്കി അതില്‍ വാഴക്കന്നു വെച്ചു കാശിനു വാങ്ങിയ വളക്കൂറുള്ള മണ്ണിട്ട്‌ ചുറ്റും നനക്കേണ്ട വിധം കാണിച്ചു കൊടുത്തപ്പോള്‍ കുട്ടികള്‍ക്കു രണ്ടിനും വല്ലാത്തൊരു സന്തോഷം.
അതിനു ശേഷം വെള്ളമൊഴിക്കാനും വളമിടാനും എനിക്കവര്‍ അവസരം തന്നില്ല.ഹോം വര്‍ക്കില്‍ നിന്നും ഉമ്മിയുടെ റൈംസ്‌ ചൊല്ലിക്കലില്‍ നിന്നും രക്ഷപ്പെടാന്‍ അവരിതൊരു മറയാക്കി. അതോടെ മാഡത്തിന്റെ പുറുപുറുക്കലിന്റെ താളവേഗത കൂടിവന്നു.




3


വെള്ളവും വെളിച്ചവും നല്ല മണ്ണും സ്വന്തമായപ്പോള്‍, വാഴക്കുഞ്ഞിനും ഒന്നു വളര്‍ന്നാലെന്താന്നു തോന്നിക്കാണും. അതിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു.
ഇളം പച്ച നിറത്തില്‍ വീതിയുള്ള അതിന്റെ നീണ്ട ഇലകള്‍ പതിയെ മതിലിനപ്പുറത്തെക്കു പാളി നോക്കി.
വീട്ടുമുറ്റത്തെ അപൂര്‍വ്വമായ പച്ചപ്പുകണ്ടു അത്ഭുതപ്പെട്ട്‌ അതുവഴി പോയ വീട്ടുടമസ്ഥന്‍ അറബി, വണ്ടി നിര്‍ത്തി കോമ്പൗണ്ടിനകത്തു വന്നെനിക്കു സലാം ചൊല്ലി.


വാഴ ചൂണ്ടിക്കാട്ടി അറബിയിലെന്തോ ചോദിച്ചു. മൗസ്‌ (വാഴപ്പഴം) ഹദീഖത്ത്‌(പൂന്തോട്ടം) തുടങ്ങിയ ചില വാക്കുകള്‍ മാത്രം എനിക്കു മനസ്സിലായി.
അയാള്‍ പോയതിനു ശേഷം ഭാര്യ ( അറബി പാതി പഠിച്ചവള്‍ - മുറിവൈദ്യ) ഇപ്രകാരം പരിഭാഷപ്പെടുത്തി തന്നു.
" നിങ്ങള്‍ക്കു വില്ല മാത്രമേ വാടകക്കു തന്നിട്ടുള്ളൂ. മുറ്റം മുന്‍സിപ്പാലിറ്റി വക. അവിടെ പൂന്തോട്ടം ഉണ്ടാക്കാന്‍ അനുവാദം തന്നിട്ടില്ല".
ഭാര്യയുടെ പരിഭാഷപ്പെടുത്തലില്‍ എനിക്കത്രക്ക്‌ വിശ്വാസം വന്നില്ല. കാരണം ഇപ്രകാരം ഒരു വഴക്കു പറയുന്ന ഭാവമൊന്നും ഞാനയാളുടെ മുഖത്തു കണ്ടില്ല. മാത്രമല്ല ഭാര്യയുടെ അറബിക്‌ പരിഭാഷയില്‍ എനിക്കത്രക്കു വിശ്വാസം പോരാ. അറബിക്‌ പേപ്പറുകള്‍ മലയാളത്തിലെഴുതിനാണവള്‍ യൂണിവേഴ്സിറ്റി പാസ്സായത്‌ എന്ന്‌ ഒരബദ്ധത്തില്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌. പിന്നെയുമുണ്ട്‌ കാരണം. വൈറ്റ്‌കോളര്‍ ജോലിയില്‍ നിന്നും കാര്‍ഷികവൃത്തിയിലെക്കുള്ള എന്റെ ഈ മാറ്റം അവള്‍ക്കത്രക്കു സുഖിച്ചിട്ടും ഇല്ല. നെല്‍കൃഷിക്കാരായ എന്റെ വീട്ടിലെ വൈക്കോലിന്റെ ചൊറിച്ചിലും കേരളത്തിന്റെ 'ദോഷീയ പക്ഷി' യായ കൊതുകിന്റെ കടികൊണ്ടുള്ള ചൊറിച്ചിലും അസഹ്യം എന്നു ചൊല്ലിയാണവള്‍ ഇരിപ്പൂ വിളഞ്ഞിരുന്ന പാടശേഖരം മണ്ണിട്ടു നികത്തി അവിടെ കഷ്‌ട്പ്പെട്ടു കയറ്റിയ മാര്‍ബിള്‍ സൗധം മാസവാടകക്കു കൊടുത്ത്‌ ഈ മരുഭൂമിയിലെ ഏറുമാടത്തില്‍ എനിക്കു കൂട്ടിരിക്കുന്നത്‌.
അവളുടെ പരിഭാഷ തീര്‍ച്ചയായും തെറ്റു തന്നെ, ഞാന്‍ സ്വയം ആശ്വസിച്ചു. എന്നാലും ഉള്ളിലെ പേടി കലശലായിരുന്നു. സംഗതി ഭൂമി കയ്യേറ്റമാണ്‌. അതും ഒരു വിദേശി. മുന്‍സിപ്പാലിറ്റി വക ഭൂമിയും. പേടിക്കതിരിക്കുമോ?
ഭാര്യ പുറുപുറുക്കുന്നതു ഞാന്‍ ചെവിയോര്‍ത്തു,
"അന്നായിരുന്നങ്കില്‍ ഒരു ഉപ്പേരിയെങ്കിലും ഉണ്ടാക്കാനുപകരിച്ചേനെ! ഇനി ഇതിനാല്‍ ഹേതു എന്തൊക്കെ ഗുലുമാലൊക്കെയാണവോ ഉണ്ടാകാന്‍ പോണത്‌?"
ഉള്ളില്‍ പേടിയുണ്ടായിരുന്നങ്കിലും ഞാന്‍, വാഴ വെട്ടിയിടാനൊന്നും പോയില്ല. വരുന്നിടത്തുവെച്ചു കാണാം എന്നു തന്നെ ഉറച്ചു. ഏറനാടന്‍ കര്‍ഷകന്റെ ചോരയൊഴുകുന്ന ഈ സിരകളില്‍ ഖിലാഫത്തു കാര്‍ഷിക സമരത്തിനു വെണ്ടി രക്തസാക്ഷിത്ത്വം വരിച്ച ഒരുപാടു നേതാക്കളുടെ ഓര്‍മ്മ അന്നേരം എനിക്കൊരുപാടു ചൂടു പകര്‍ന്നു.
തുഞ്ചന്റെ മലയാളമണ്ണില്‍ ജനിച്ച വാഴതൈ നജീബ്‌ മഹ്ഫൂളിന്റെ മദ്ധ്യ പൗരസ്ഥ്യ മണ്ണിനെ സ്വീകരിക്കാന്‍ തയ്യാറായതോടെ, ഏതു പ്രതിസന്ധിയേയും നേരിടാന്‍ ഞാനും തയ്യാറായി. ഒരു യഥാര്‍തഥ കര്‍ഷകന്റെ ആത്മാവു തൊട്ടറിയാന്‍ വിവിധ ടി.വി. ചാനലുകളിലെ കാര്‍ഷിക പ്രോഗ്രാമുകള്‍ കാണുക പതിവാക്കി. പത്രങ്ങളിലെ കാര്‍ഷികരംഗം കണ്‍കുളിരേ വായിച്ചു. ഭാര്യ ഇടക്കിടക്കു കളിയാക്കും.
"മിഡില്‍ ഈസ്‌റ്റില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടവര്‍ക്കായി റേഡിയോവില്‍ പ്രത്യേക കാലാവസ്ഥാമുന്നറിയിപ്പുണ്ട്‌. കേള്‍ക്കുന്നില്ലേ?"


4


 കാത്തു കാത്തൊരുന്നാള്‍ വാഴയുടെ കൂമ്പു പുറത്തുകണ്ടു. കൂമ്പു വിടര്‍ത്തി തേന്‍തുള്ളികള്‍ വാഗ്‌ദാനം നല്‍കി വാഴപ്പൂക്കള്‍ പരാഗണം കാത്തിരുന്നു.
കല്ല്യാണപ്രായമെത്തിയ ബലൂചി പെണ്‍കുട്ടികള്‍ക്കു വിവാഹലോചനകളെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ഗൃഹനാഥന്‍ വീടിനു മുകളില്‍ ദേശീയപതാക നാട്ടി വിളംബരം ചെയ്യുന്ന പോലെ ഏതാണ്ടോക്കെ ചെയ്യേണ്ടി വരുമോ എന്നു ശങ്കിച്ചിരിക്കുമ്പോഴാണ്‌ ഒരു നിയോഗം പോലെ എവിടുന്നൊക്കെയോ കുറേ തേനീച്ചകള്‍ വാഴക്കൂമ്പിലെ തേന്‍ ശേഖരിക്കാന്‍ കൂട്ടം കൂട്ടമായി വരുന്നതു ഞങ്ങള്‍ കണ്ടത്‌.
അവയുടെ മൂളിപ്പാട്ടിന്‌ നാരീ...... നാരീ.... എന്ന അറബിപ്പാട്ടിന്റെ ഈണമുണ്ടെന്നെനിക്കു തോന്നി.
പൂക്കള്‍ പതിയെ കായായി പരിണമിക്കുന്നതു കുഞ്ഞുങ്ങളെ നിത്യം കാണിച്ചു കൊടുത്തു. കമ്പ്യൂട്ടറിലെ വേഗതയേറിയ മോര്‍ഫിംഗും, ടി.വി.യിലെ ചടുലതയാര്‍ന്ന മാജിക്കും മാത്രം കണ്ട അവര്‍ക്കു ഈ പതുക്കെയുള്ള 'മാജിക്കല്‍ മോര്‍ഫിംഗ്‌' പരിണാമവാദത്തിന്റെ ഒരു ദൃശ്യ സൂചനയാണെന്നു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.!
പഴക്കുല വലുതായി, ഞങ്ങളുടെ സന്തോഷവും അതിനോടപ്പം വളര്‍ന്നു. കുല പ്രതീക്ഷിച്ചതിനെക്കാള്‍ വലുതാവുകയാണ്‌. താങ്ങിനു ശക്‌തി കൂട്ടി. കുലയുടെ അറ്റം തറയില്‍ തട്ടിയപ്പോള്‍ താഴേ മണ്ണു നീക്കി കുഴിയുണ്ടാക്കി.
കുഴിയിലേക്കു വളര്‍ന്നിറങ്ങിയ ഗംഭീരകുല കാണാന്‍ ഒരു ദിവസം ഷൗക്കത്ത്‌ വന്നു. അവനു വളരെ സന്തോഷം തോന്നി. ലക്ഷണങ്ങള്‍ നോക്കി ഒരാഴ്ച്ച കൊണ്ടു പഴം പാകമാവുമെന്നവന്‍ പറഞ്ഞു.ഡിജിറ്റല്‍ ക്യാമറ കൊണ്ട്‌ പല ആംഗിളുകളില്‍ നിന്നെടുത്ത അതിന്റെ ഫോട്ടോകള്‍ ഇ-ഗ്രീറ്റിംഗായി ഞാന്‍ കൂട്ടുകാര്‍ക്കൊക്കെ അയച്ചു കൊടുത്തു. മിഡില്‍ ഈസ്‌റ്റില്‍ കായ്‌ച്ചത്‌ എന്നു പ്രത്യേകമെഴുതി അവരെയെല്ലാം അത്ഭുതപ്പെടുത്തി.

അന്നു രാത്രി ഒരു മഴ പെയ്തു.
മരുഭൂമിയില്‍ അപൂര്‍വ്വമായി പെയ്യുന്ന മഴ.
കാണാന്‍ ഞങ്ങളെല്ലാരും ഉത്സാഹത്തോടെ പുറത്തു വന്നു.
ഐസു കട്ടകള്‍ വീണു വാഴയിലകള്‍ അവിടവിടെ കീറിയിട്ടുണ്ടെന്നൊഴിച്ചാല്‍ മറ്റു കുഴപ്പമൊന്നുമില്ല. മാത്രമല്ല ഇലയില്‍ പറ്റിപ്പിടിച്ച പൊടിപടലങ്ങള്‍ പൂര്‍ണ്ണമായി കഴുകി വൃത്തിയാക്കിയിട്ടേ മഴ തോര്‍ന്നുള്ളൂ.

പിറ്റേന്നു നേരിയ പനി കാരണം മടി കാട്ടിയ ശബിമോളെ സ്കൂളിലയക്കാന്‍ പുറത്തിറങ്ങിയ ഭാര്യയാണതു ആദ്യം കണ്ടത്‌.
അവള്‍ ഉച്ചത്തില്‍ വിളിച്ചെന്നെ ഉണര്‍ത്തി.
നനഞ്ഞ മണലില്‍ ഗേറ്റു മുതല്‍ വാഴക്കു ചുറ്റും വലിയ ഷൂവിന്റെ പാടുകള്‍.
എനിക്കൊത്തിരി പേടിയായി.
പിന്നീട്‌ പല ദിവസങ്ങളിലും രാവിലെ ആ ഷൂവിന്റെ പാടുകള്‍ കണ്ടു.
ആ വ്യാഴാഴ്ച രാത്രി യു.എസിലെ കസിനുമായി ഇന്റര്‍നെറ്റില്‍ ചാറ്റു ചെയ്തിരിക്കുമ്പോഴാണ്‌ വാതില്‍ പൊളിയുന്ന രീതിയില്‍ ആരോ കതകിലിടിക്കുന്നു.
പുറത്തു വന്നു നോക്കിയപ്പോള്‍ മുന്‍പില്‍ വീട്ടുടമസ്ഥന്‍ അറബി.
അയാള്‍ അറബിയില്‍ എന്തൊക്കെയോ പറഞ്ഞു.
എനിക്കൊന്നും മനസ്സിലായില്ല.
കണ്ണിലേക്കു ഉറക്കം തൂങ്ങി ഇറങ്ങിയ സമയമായതിനാല്‍ അയാള്‍ പറഞ്ഞതിനൊക്കെ "ഹൈവ, ഹൈവ" എന്നു പറഞ്ഞു സമ്മതിച്ചു. ഒരു വിധം അയാളെ ഒഴിവാക്കി.


5
 ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ ഒരുപാടുനേരം ദിവാസ്വപ്നം കണ്ടു കിടക്കാമെന്നു കരുതിയപ്പോഴാണ്‌ പുറത്തൊരു ബഹളം കേട്ടത്‌.
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.
മുറ്റത്തൊരു ജെ.സി.ബിയും നാലഞ്ചു 'കൂലി'കളും,അവരെല്ലാം ചേര്‍ന്ന് ഞങ്ങളൊമനിച്ചു വളര്‍ത്തിയ റൊബസ്‌റ്റ്‌ വാഴ, കുലയും മുരടും അടക്കം പിഴിതെടുത്ത്‌ വലിയ ഫൈബറു ചട്ടികകത്തു ഉറപ്പിച്ചു പുറത്തു തയാറായി നില്‍ക്കുന്ന ട്രക്കില്‍ കേറ്റുകയാണ്‌.
കൂലികളെല്ലാം പാക്കിസ്ഥനികളും,ബംഗ്ലാദേശികളും ആണ്‌.
ഒരിന്ത്യക്കാരന്റെ സങ്കടം അവര്‍ ആഘോഷിക്കുകയാണെന്നു തോന്നി.
ഓപ്പറേഷനു നിര്‍ദ്ദേശം കൊടുത്തു കൊണ്ട്‌ ഹൗസ്‌ ഓണര്‍ അറബിയുമുണ്ട്‌.


ഞാനെന്ന കൃഷിക്കാരനായ അടിയാളന്‍, സര്‍വ്വം തകര്‍ന്നു ഇതു കണ്ടു നില്‍ക്കുന്നു എന്നൊരുഭാവവുമാര്‍ക്കുമില്ല. എല്ലാവരും അവരുടെ പണിയില്‍ മാത്രം ശ്രദ്ധിക്കുന്നു. ഹൗസ്‌ ഓണര്‍ അറബി മാത്രം ഇടക്കൊന്ന്‌ കൈ വീശിക്കാണിച്ചു.
ഈ കാഴ്ച്ച കണ്ടെന്റെ കാല്‍ചുവട്ടില്‍ നിന്നു മണ്ണു നീങ്ങിപ്പോകുന്നതുപോലെ തോന്നി. വീഴാതിരിക്കാന്‍ ഞാന്‍ ചുമരില്‍ ചാരി നിന്നു. ഏറനാട്ടിലെ കാര്‍ഷിക സമരത്തില്‍ വീരമൃത്യു വരിച്ച ഒരു ശൂരപരാക്രമിയുടെയും ഓര്‍മ്മ അന്നേരം എന്റെ സിരകള്‍ക്കു ചൂടു പകര്‍ന്നില്ല. ആനുകാലിക കേരളത്തിലെ കര്‍ഷകനെപ്പോലെ ഒരു ഇന്‍സ്റ്റന്റ്‌ ആത്മഹത്യ മാത്രമേ മനസ്സില്‍ വന്നുള്ളൂ.
മക്കളുടെ മുഖത്തേക്കു നോക്കിയപ്പോള്‍ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതിയുടെ പുറം ചട്ടയാണ്‌ പെട്ടന്നോര്‍മ്മ വന്നത്‌. ജന്മിയുടെ മണ്ണില്‍ വാഴനട്ടു, കുലക്കുന്നതു വരെ കണ്ണും നട്ട്‌ പരിചരിച്ചു, അവസനം പഴുക്കാന്‍ പാകമായ പഴക്കുല അധികാരത്തോടെ സ്വന്തമാക്കുന്ന ജന്മിയെ പേടിയും, സങ്കടവും, ദേഷ്യവും കലര്‍ന്ന വികാരത്തോടെ നോക്കുന്ന അടിയാളന്റെ മക്കളുടെ പുനര്‍ജ്ജന്മം ഞാനെന്റെ മക്കളുടെ മുഖത്തു കണ്ടു.
വാഴ ട്രക്കില്‍ കേറ്റിക്കഴിഞ്ഞു ട്രക്കിനു പുറപ്പെടാന്‍ നിര്‍ദ്ദേശം കൊടുത്ത്‌ അറബി എന്റെ അടുത്തു വന്നെന്തൊക്കെയോ അറബിയില്‍ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ലന്നു തിരിച്ചറിഞ്ഞ ടൈയില്‍ ബാഡ്‌ജ്‌ കുത്തിയ ഒരു പാക്കിസ്ഥാനി വന്നു പറഞ്ഞു.
"ദുപ്പൈര്‍ക്കോ ദോ ബജേ തും സബ്‌ തയ്യാര്‍ ഹൊ ജാവോതുജേ ലേ ജാനേ കേലിയേ ഗാഡീ ആവൂംഗാ" ( ഉച്ചക്കു രണ്ടുമണിക്കു നിങ്ങളെ കൊണ്ടു പോകാന്‍ വണ്ടി വരും തയ്യാറായിരുന്നോ?)
കേസ്‌ ഇവിടം കൊണ്ട്‌ ഒതുങ്ങില്ലന്നും ഉയര്‍ന്ന കോടതിയിലെവിടെയോ ആണ്‌ കേസ്സ്‌ എന്നും, തൊണ്ടിയായി വാഴ തന്നെ പറിച്ചു കൊണ്ടു പോയതാണെന്നും ഞാനൂഹിച്ചു.
എല്ലാരും പോയിട്ടും പാക്കിസ്ഥാനി മാത്രം തിരിച്ചു പോകാതെ മതിലിനപ്പുറത്തുലാത്തുന്നതു ഭാര്യയാണു ജനലിലൂടെ കണ്ടത്‌.
“നമ്മള്‍ രക്ഷപ്പെടാതിരിക്കാന്‍ കാവലിനാക്കിയതാവാം!” എന്നു ഭാര്യ മുന്നറിയിപ്പു തന്നു.
"അതിര്‍ത്തിക്കു പുറത്തുള്ള അപകടകാരികളായ പാക്കിസ്ഥാനികളെക്കുറിച്ച്‌ ഇന്നലെയും നമ്മുടെ പ്രധാന മന്ത്രി നാഷണല്‍ ചാനലിലൂടെ മുന്നറിയിപ്പു തന്നതാണ്‌".
അവള്‍ മുറിപ്പെടുത്തുന്ന തമാശകള്‍ ഇറക്കാന്‍ തുടങ്ങിയിരിക്കുന്നു.
എന്റെ ചങ്കു വലിച്ചു നീട്ടി കമ്പിയാക്കി അതില്‍ വീണമീട്ടികളിക്കുകയാണവള്‍.
കുറഞ്ഞ സമയം കൊണ്ടു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ബന്ധുക്കളെയെല്ലാം വിളിച്ചു പറഞ്ഞു
" ഞങ്ങള്‍ ഒരാഴ്ച്ച വീട്ടിലുണ്ടാവില്ല ഒന്നു ഒമാന്‍ വരെ പോകുന്നു."
കമ്പനിയിലെ പി.ആര്‍.ഒ.വി നെ വിളിച്ചു സത്യമെല്ലാം പറഞ്ഞു.
( ഗള്‍ഫില്‍ ഡോക്‌ടറോടും പി.ആര്‍.ഒ.വിനോടും ഒന്നും ഒളിക്കരുതെന്നാണ്‌ പ്രമാണം).
ഭയപ്പെടേണ്ടന്നും ജാമ്യത്തിലെറക്കാനുള്ളതൊക്കെ ചെയ്യാമെന്നും അയാള്‍ ഉറപ്പു തന്നു.




6
നേരം രണ്ടു മണി.
വീട്ടു മുറ്റത്തു 'നിസാന്‍ പട്രോള്‍' വന്നു നില്‍ക്കുന്ന ഒച്ച കേട്ടു വീണ്ടും ഞെട്ടി.
ഒരു ബലപ്രയോഗത്തിനു ശ്രമിക്കാതെ സൗമ്യമായി അനുസരിക്കുന്നതാണ്‌ ശരീരികപീഡനം ഒഴിവാക്കാനുള്ള ബുദ്ധി എന്ന പി.ആര്‍.ഒ.വിന്റെ ഉപദേശം ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചു.
കയ്യാമം വെക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന പ്രാര്‍ത്ഥന മാത്രം ദൈവം കേട്ടതായി തോന്നി.
ഇല്ലങ്കില്‍ മറ്റു വില്ലകളിലെ ജനലുകളിലൂടെ നീണ്ടു വരുന്ന കണ്ണുകള്‍ക്കു മുന്‍പില്‍ ഞങ്ങള്‍ നഗ്‌നരായേനെ!. മതിലിനപ്പുറത്തു കത്തുനിന്നിരുന്ന പാക്കിസ്‌ഥാനിയും വന്നു വണ്ടിയില്‍ കയറി.

വണ്ടി ദുബൈ ട്രൈഡ്‌ സെന്ററിനടുത്തെത്തിയപ്പോള്‍ അയാള്‍ ഞങ്ങള്‍ക്ക്‌ നാലു ബാഡ്‌ജു തന്നു.
അത്‌ നെഞ്ചില്‍ കുത്താന്‍ ആംഗ്യം കാട്ടി. അതിലെന്താണെഴുതിയത്‌ എന്നു വായിക്കനാണ്‌ ആദ്യം തോന്നിയത്‌. അറബിയില്‍ സ്വര്‍ണ്ണ വര്‍ണ്ണത്തിലെന്തോ എഴുതിയതിനു കീഴെ " അഗ്രി.ബിസ്‌നസ്‌ എക്‌സ്‌പോ മിഡില്‍ ഈസ്‌റ്റ്‌ അറ്റ്‌ ദുബൈ ട്രൈഡ്‌ സെന്റര്‍".എന്നു ഇംഗ്ലീഷില്‍ പ്രിന്റു ചെയതതു കണ്ടു.
പച്ച നിറത്തിലെ "അഗ്രി" എന്ന വാക്കു കണ്ടപ്പോള്‍ പ്രതീക്ഷയുടെ ഒരു സ്‌ഫുരണം.
ഏഴാം ക്ലാസില്‍ വെച്ച്‌ ആയിശ ടീച്ചര്‍ പിതാവിന്റെ തൊഴിലിനെക്കുറിച്ചു പത്തു വാചകം ഇംഗ്ലീഷിലെഴുതാന്‍ പഠിപ്പിച്ചതു മുതല്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ 'അഗ്രിക്കള്‍ച്ചര്‍' എന്ന വാക്ക്‌.
ആ വക്കിനോട്‌ അന്നേ തോന്നിയ വൈകരികമായ അടുപ്പം.
തെങ്ങിളന്നീരിന്റെ തണുപ്പും തരിപ്പും. വിളഞ്ഞു നില്‍ക്കുന്ന വയലേലയില്‍ അങ്ങു ദൂരെ നിന്നെത്തുന്ന ഒരിളം തെന്നലേകുന്ന താലോലം പോലെ, പള്ളിമണികള്‍ പോലെ തൂങ്ങി നില്‍ക്കുന്ന എള്ളിന്‍പൂവിന്റെ പച്ചപ്പിന്‍ നടുവിലെ വെണ്മ പോലെ, സുഖകരമായ ഒരു നയനസുഖം, അതു തരുന്ന അനുഭൂതി, ആ നിര്‍വൃതിയെന്നെ തൊട്ടു തലോടുന്നതു ഞാനറിഞ്ഞു.

ദുബൈ ട്രൈഡ്‌ സെന്ററിന്റെ എക്‌സിബിഷന്‍ ഹാളിന്റെ രണ്ടാം ഗേറ്റിനു മുമ്പില്‍ വണ്ടി നിര്‍ത്തി ഞങ്ങളെ ഇറക്കി അകത്തേക്കു നയിക്കുന്ന ഉദ്യോഗസ്‌ഥന്റെ പിറകെ നടക്കുമ്പോള്‍ ചുറ്റും പകച്ചു നോക്കുന്ന ഭാര്യയും കുട്ടികളും.
ഞങ്ങള്‍ മാറിലണിഞ്ഞ ബാഡ്‌ജ്‌ തിരിച്ചറിഞ്ഞു വിനയപൂര്‍വ്വം മാറി നിന്ന സെക്യൂരിറ്റി സ്റ്റാഫ്‌.
ഒരത്യാഹിതം പ്രതീക്ഷിച്ച ഞങ്ങളെ കത്തിരുന്ന സൗഭാഗ്യത്തിന്റെ സൂചന നല്‍കി അപ്പോഴെന്റെ ആറാമിന്ദ്രിയം.
യു.എ.ഇ.യില്‍ ഉല്‍പ്പാദിച്ച എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഒരു സമ്പൂര്‍ണ്ണ എക്‌സിബിഷനായിരുന്നു അത്‌.
ഹാളിന്റെ മദ്ധ്യത്തിലായി " എക്‌സ്‌പാര്‍ട്ടേര്‍സ്‌ കോണ്ട്രിബ്യൂഷന്‍" എന്ന ബോര്‍ഡു വെച്ച ഡിവിഷനില്‍ മുഖ്യ ആകര്‍ഷണഘടകമായി നില്‍ക്കുന്ന ഞങ്ങളുടെ റോബസ്‌റ്റ്‌ വാഴ കണ്ടപ്പോള്‍ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാന്‍ തോന്നി.
ഞങ്ങളെ ഡമോണ്‍സ്ട്രേറ്റര്‍ക്കു പരിചയപ്പെടുത്തി, സംഘാടകനിലൊരാളായ ടൈയില്‍ ബാഡ്‌ജ്‌ കുത്തിയ പാക്കിസ്ഥനി തിരക്കിലെവിടെയോ അപ്രത്യക്ഷനായി.
സന്ദര്‍ശകരായ അറബികള്‍ വാഴയുടെ വിവിധ വളര്‍ച്ചാഘട്ടത്തിലേയും ഫോട്ടോകള്‍ ആസ്വദിച്ചു, ആ ഭീമന്‍ വാഴക്കുല നോക്കി അത്ഭുതം കൂറി "മഷാ അല്ലാ..!" എന്നു പറഞ്ഞു.
ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വായിച്ച്‌ അവര്‍ "മബ്‌റൂക്ക്‌" ആശംസിച്ചു കൊണ്ടേയിരുന്നു.
എക്‌സിബിഷന്‍ കഴിയുന്നതു വരെ ഞങ്ങള്‍ ഒരു സ്വപ്‌ന ലോകത്തായിരുന്നു.
പത്രക്കാരോടും ടെലിവിഷന്‍ ക്യാമറകളോടും സംസാരിക്കാന്‍ ആദ്യമായി കിട്ടിയ സന്ദര്‍ഭം.
സ്‌നേഹം കൊണ്ടും ആശംസകള്‍ കൊണ്ടും വീര്‍പ്പു മുട്ടിച്ച സംഘാടകര്‍ എക്‌സിബിഷന്‍ അവസാനിച്ച്‌ വിടപറയുന്നേരം ചടങ്ങില്‍ വെച്ചു ഒരു ഗിഫ്റ്റ്‌ ചെക്കും കുറേ ഷേക്‌ക്‍ഹാന്‍ഡും തന്നു.
രാത്രി പതിനൊന്നു മണിയായതോടെ പറിച്ചെടുത്ത വാഴയും പിടിച്ചിറക്കികൊണ്ടു പോയ ഞങ്ങളെയും അതേപോലെ ഞങ്ങളുടെ വീട്ടുമുറ്റത്തു തിരിച്ചു കൊണ്ടു വന്നിറക്കി അവരൊക്കെ യാത്ര പറഞ്ഞു പോയി.



7
കുല വെട്ടിപ്പഴുപ്പിച്ച്‌ മൂന്നാം നാള്‍ ഒരു പടല പഴവുമായി ഹൗസ്‌ ഓണറുടെ കൊട്ടാരത്തിലെത്തിയപ്പോള്‍, അയാള്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു.
ആത്മാര്‍ത്ഥമായ പ്രോല്‍സാഹനത്തിനും, നല്ല മീഡിയാ കവറേജിനും, എക്‍സിബിഷന്‍ ഹാളില്‍ നല്ല എന്‍ട്രി തന്നതിനും അയാളോടു ഞാന്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി നന്ദി പ്രക്ഷേപണം ചെയ്‌തതു അയാള്‍ക്കു മനസ്സിലായില്ലങ്കിലും അതെന്റെ മുഖത്തു നിന്നയാള്‍ വായിച്ചെടുത്തിരിക്കണം.
അയാളുടെ പ്രൊഫഷണല്‍ ക്യാമറകൊണ്ട്‌ എടുത്ത്‌ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളുടെ ഒരു പ്രിന്റ്‌ ഒരു മൊമന്റോയായി അയാള്‍ എനിക്കു തന്നു.
ഒരു പടല പഴവുമായി ഷൗക്കത്തിന്റെ ഫ്ലാറ്റില്‍ ചെന്നു കയറിയപ്പോള്‍ അവന്‍ അത്‌ഭുതത്തോടെ ചോദിച്ചു.
"ഒമാനില്‍ പോയിട്ടൊരാഴ്ച്ച കഴിഞ്ഞേ വരൂന്നല്ലേ പറഞ്ഞത്‌?. പിന്നെന്താ മൂന്നു ദിവസം കൊണ്ടു മടങ്ങിയത്‌?".
ചിരിച്ചു കൊണ്ട്‌ അവനോടു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.
ഒന്നും വിശ്വസിക്കാനാവാതെ അവന്‍ വാ പൊളിച്ചു.
ഗിഫ്‌റ്റ്‌ ചെക്കു ചുംബിച്ചു ഞാന്‍ ശബിയോടു പറഞ്ഞു.
"ഈ ചെക്കു മാറി നിന്റെ ഉമ്മിക്കു ആയുഷ്‌ക്കാലം മുഴുവന്‍ ഓര്‍ക്കാന്‍ പറ്റിയ ഒരു സമ്മാനം വാങ്ങിക്കൊടുക്കണം".
"എന്നാല്‍ ഉമ്മിക്കു ഇനിയും പുതിയ യൂട്ടെന്‍സില്‍ സെറ്റോ പുതിയ റസീപ്പീ ബുക്കോ വേണമെന്നേ പറയൂ" അവള്‍ കളിയാക്കി.
"എന്നാല്‍ നിങ്ങളുടെ ഉമ്മിക്കു ഞാനൊരു അറബിക്‌ മലയാളം നിഘണ്ടുവാണ്‌ വാങ്ങിക്കൊടുക്കാന്‍ പോകുന്നത്‌"
ഞാന്‍ അവളുടെ തോല്‍വി വലിച്ചു നീട്ടി കമ്പിയാക്കി അതില്‍ വയലിന്‍ വായിക്കാന്‍ തുടങ്ങി.
അവള്‍ സ്വയം ന്യായീകരിച്ചു കൊണ്ടു പറഞ്ഞു.
" കളിയാക്കണ്ട. ഒന്നിനും അറബി അറിയാത്തതിനാല്‍ പറ്റിയ അമളിയല്ലേ?"
"തെറ്റ്‌, നിനക്ക്‌ അറബി അറിയാവുന്നതു കൊണ്ട്‌ വന്ന അമളിയാണ്‌. മുറി വൈദ്യന്‍ ആളെക്കൊല്ലും എന്നിപ്പോ ബോധ്യമായി".
അവള്‍ കഴുത്തു വെട്ടിച്ച്‌ കിച്ചണിലേക്കു പോയി. കിച്ചണില്‍ നിന്നു മോന്‍ വിളിച്ചു പറഞ്ഞു
"പപ്പാ, ഉമ്മി ഇന്നു വാഴയുടെ ഉള്ളിലെ ട്യൂബ്‌ ലൈറ്റു കൊണ്ടാണത്രേ ഫുഡുണ്ടാക്കുന്നത്‌".
ഞാന്‍ തലയില്‍ കൈ വെച്ചു പറഞ്ഞു
"പടച്ചോനേ! ഉണ്ണിപ്പിണ്ടിയുടെ റസീപ്പി ആരാ അവള്‍ക്കു പറഞ്ഞു കൊടുത്തത്‌?..."