ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജനുവരി 17, 2016

സി.സി.ടി.വി.

ഞാനിരിക്കുന്ന ഓഫീസിനു     കീഴെ  കൊച്ചു ഗ്രോസറിയുണ്ട്.
അവിടത്തെ പണിക്കാരെ വ്യക്തിപരമായി അറിയാം. അറബാബിനെ ഇതു വരെ കണ്ടിട്ടില്ല.
അവിടെ ഇന്നുച്ചക്ക് ഒരു സംഭവമുണ്ടായി.
ഒരു ചെക്കൻ എന്തോ സാധനം വാങ്ങി, കൗണ്ടറിനടുത്തു നിന്നു ബഹളമുണ്ടാക്കുന്നു.
അവൻ അഞ്ഞൂറു ദിർഹം നോട്ടു കൊടുത്തു. ബാക്കി പൈസ കിട്ടിയിട്ടില്ലെന്നാണ് പരാതി.
ക്യാഷിലിരിക്കുന്ന മലയാളി (ഞാനറിയുന്ന ആളാണ്.) പാവംപയ്യൻ,
അവൻ പടച്ചവനെ പിടിച്ചു സത്യമിട്ടു പറയുന്നു അവൻ ഒരു പൈസയും തന്നിട്ടില്ലെന്ന്"
ചെക്കനെ സഹായിക്കാൻ വണ്ടിയിൽ നിന്നു മൂന്നാലു പേർ ഒന്നിച്ചിറങ്ങുന്നു. അവരുടെ ശരീരഭാഷ കണ്ടാലറിയാം പ്രീപ്ലാൻഡ് ആണെന്ന്.
ഞാൻ അകത്ത് സാധനം സെലക്ടു ചെയ്യുകയായിരുന്നു. ഗ്ലാസ്സിനപ്പുറത്തെ ദൃശ്യങ്ങൾ ശ്രദ്ധിക്കുകയുമാണ്.
മലയാളി ക്യഷ്യർപയ്യൻ ആ പട പേടിച്ചു സാധനവും 495  ദിർഹമും കൊടുക്കും എന്ന ഘട്ടത്തിലാണ്. എൻറെ തൊട്ടടുത്തു നിന്നിരുന്ന ഒരു  സ്മാർട്ടായ  (മലയാളി) കൗണ്ടറിനടുത്തേക്കു  ഇടിച്ചു കയറിയത്.
അയാൾ അവരോടു അധികാര സ്വരത്തിൽ   പറഞ്ഞു..
" വാഹിദ് ദഖീഖ: അന അവ്വൽ ഷൂഫ് ക്യാമറ, ബഹ്ദൈൻ അന  അഹ്തി ഫുലൂസ്  മഹൽ അൻത."
എന്നിട്ടു ക്യാഷിലിരിക്കുന്ന പയ്യനോട് ആജ്ഞാ സ്വരത്തിൽ
"ഖബ്ബർ ഷുർത്ത"
ക്യാമറ,...ഷുർത്ത എന്നു കേട്ടപ്പോൾ ചെക്കന്മാർ പരസ്പരം കണ്ണു കാട്ടിയും കൈ പിടിച്ചു വലിച്ചു ഓടിക്കോന്നു കമ്മ്യൂണിക്കേറ്റ് ചെയ്തു...... ഒറ്റ ഓട്ടം.!

സെക്കൻഡുകൾക്കകം എല്ലാരും സ്കൂട്ടായി.
ഞാൻ വളരെ ആശ്വാസത്തോടെ കൗതുകത്തോടെ സ്മാർട്ട് മാൻറെ അടുത്ത് ചെന്ന്.   "നിങ്ങളാണോ കടയുടെ അർബാബ്?
"ഏയ്..ഞാൻ കസ്റ്റമറാ...പക്ഷെ എനിക്കും ഒരു സ്ഥാപനം  ഉണ്ട്.,റാസൽ ഖൈമയിൽ. ഇങ്ങനെത്തെ കുറേ കേസുകൾ എനിക്കറിയാം ."

ക്യാഷ്യർ പയ്യൻ.." ഇക്കാ..ഇവിടെ ക്യാമറ ഇല്ലല്ലോ? പക്ഷെ അതവർക്കു മനസ്സിലാവാഞ്ഞതു നന്നായി"

അയാൾ പോക്കറ്റിൽ നിന്നു വിസിറ്റിംഗ് കാർഡെടുത്തു നീട്ടി.
"മോനെ ഒരു സി.സി.ടി.വി ഫിക്സാക്ക്..വല്യ തുകയൊന്നുമാവില്ല. ദാ എൻറെ കാർഡാ..അറബാബിനോടു,പറഞ്ഞ് എന്നെ വിളിക്ക് ഡിസ്ക്കൗണ്ടിനു ചെയ്തു തരാം"

(തിരിച്ചു ഓഫീസിലേക്കുള്ള സ്റ്റെപ്പുകൾ കയറുമ്പോൾ ഞാനോർത്തത് ഇനി എവിടെ വെച്ചാവുമോ സ്മാർട്ട് മാൻ ആ  ചെക്കൻമാരുടെ അക്കൗണ്ടുകൾ സെറ്റിൽ ചെയ്യുക? എന്നു മാത്രമായിരുന്നു. )


ബുധനാഴ്‌ച, ഡിസംബർ 30, 2015

അപകടം

കമ്പനി വക ഗസ്റ്റ് ഹൗസിലേക്കു (ഡസർട്ടിൽ ഇത്തിരി ഉള്ളിലേക്ക്),     ഞാനൊറ്റക്ക് പറഞ്ഞ കൃത്യ സമയത്തു ചെല്ലുന്നു. ( കയ്യിൽ നിർദ്ദേശ പ്രകാരം ബാങ്കിൽ നിന്നു  നേരത്തെ പിൻവലിച്ച ഒരു ലക്ഷം ദിർഹം).

ഒരു വലിയ പ്രൊജക്ടിൻറെ വൻ സക്സസും ഫുൾ പെയ്മെൻറും  ആഘോഷിക്കുന്ന,  മന്ത് എൻഡിലെ  വീക്കെൻഡ് രാത്രി.

അവിടെ അകത്തെ ഹാളിൽ ഒരു തകർപ്പൻ ത്രീ സ്റ്റാർ പാർട്ടി നടക്കുന്നുണ്ട്.
ക്ലൈൻഡിൻറെ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണു മുഖ്യാതിഥി.
കൂടെ നല്ലതും ചീത്തയുമായ കുറേ വ്യക്തികളും.
ഞാൻ കാശ് ബോസിനെ ഏൽപ്പിച്ചു പാർട്ടിക്കു നിൽക്കാതെ തിരിച്ചു പോന്നു.
മെയിൻ റോഡു വരെ   നടന്നാണു പോരുന്നത്.
ഗേറ്റിനകം ചില വാഹനങ്ങൾക്കു മാത്രമേ അനുമതിയുള്ളൂ.
നടന്നു വരുന്ന എൻറെ  പിറകെ ഒരു വാഹനം അതി വേഗത്തിൽ വന്നു ബ്രേക്കിട്ടു നിന്നു.
കാറിൽ നിന്നൊരാൾ പുറത്തിറങ്ങി.
നേരത്തെ പാർട്ടിയിൽ കണ്ട അതേ ഉന്നതാധികാരമുള്ള ആ ഉദ്യോഗസ്ഥൻ. ഷൈക്ക് ഹാൻഡ് തന്നു പരിചയപ്പെട്ടു.
(നന്നായി കുടിച്ചിട്ടുണ്ട്. നല്ല  ശീലമുള്ളതിനാലാവും മേനി ബാലൻസ് പോയിട്ടില്ല).

ഞാൻ  ബോസിനെ ഏൽപ്പിച്ച അതേ  കാശിൻറെ പാക്കറ്റ് എൻറെ കയ്യിൽ തന്നു. കൂടെ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും പേരും. (ഒരു സ്ത്രീ നാമം).
നാളെ വെള്ളി..ബാങ്ക് ഒഴിവ്, മറ്റന്നാൾ രാവിലെ ഇതു ഈ അക്കൗണ്ടിൽ ഡപ്പോസിറ്റ് ചെയ്യണമെന്നു പറഞ്ഞു.
നിത്യവും ആ ബാങ്കിൽ പോകുന്നതു കാരണവും,  യാതൊരു  പരിചയമില്ലാത്ത ഒരാൾ എന്നെ ഇങ്ങനെ വിശ്വസിക്കുന്നല്ലോ എന്നോർത്തുള്ള അഭിമാനവും കാരണം ഞാൻ സന്തോഷത്തോടെ പാക്കറ്റും അക്കൗണ്ട് നമ്പറും വാങ്ങി.
മെയിൻ റോഡിൽ ഡ്രൈവർ വണ്ടിയുമായി കാത്തു നിന്നിരുന്നു.
എന്നെ ഫ്ളാറ്റിൽ വേഗം വിട്ടു ഫ്ലാറ്റാവാൻ  ഡ്രൈവർക്കും ധൃതിയായിരുന്നു.  
ഫ്ലാറ്റിലെത്താൻ വൈകിയതിനാൽ ഭാര്യ പരിഭവിച്ചിരുന്നു. ഗെസ്റ്റ് ഹൗസിൽ ചിയേർസ്പാർട്ടിയുള്ള കാര്യം അവൾക്കറിയാമായിരുന്നു.
എന്നെ മണത്തു അഗ്നിശുദ്ധി വരുത്തി അവൾ ബെഡ്റൂമിലേക്കു കടത്തി.
ഭക്ഷണം കഴിച്ചാണു പോയതെന്നതിനാൽ കിടന്നാൽ മാത്രം മതിയായിരുന്നു.
കിടന്നുടൻ  ഉറക്കം പിടിച്ചു.
രാത്രി മൂന്നു മണിയായിക്കാണുമെന്നു കരുതുന്നു.
കാളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടുണർന്നു. വൈഫ് നല്ല ഉറക്കമാണ്.
"ആരാണ് ഈ പാതിരാത്രിയിൽ....!" എന്നു ശപിച്ചു ഞാൻ ലൈറ്റിടാതെ, അവളെ ഉണർത്താതെ, എണീറ്റു നടന്നു  വാതിലിലെ വ്യൂ മീറ്ററിലൂടെ പുറത്തേക്കു നോക്കി.
അവിടെ അയാൾ...!
എന്നെ കാശ് ഡിപ്പോസിറ്റ് ചെയ്യാൻ ഏൽപ്പിച്ചയാൾ.
ഞാൻ വാതിൽ തുറന്നു. അയാൾ സോറി പറഞ്ഞു. പൈസ ഡിപ്പോസിറ്റ് ചെയ്യേണ്ടൊന്നും നാളെ അതിനു അത്യാവശ്യമുണ്ടെന്നും തിരിച്ചു തരണമെന്നും പറഞ്ഞു.
ഞാൻ അകത്തു പോയി ഒച്ചയുണ്ടാക്കാതെ,  പൈസയുടെ പാക്കറ്റ് ഷെൽഫിൽ നിന്നെടുത്തു അയാൾക്കു തിരിച്ചു കൊടുത്തു.
അയാൾ വീണ്ടും വീണ്ടും സോറി പറഞ്ഞു ലിഫ്റ്റിറങ്ങിപ്പോകുന്ന ഒച്ച കേട്ടിട്ടാണു ഞാൻ വാതിലടച്ചത്.
ഭാര്യ അപ്പോഴുംനല്ല  ഉറക്കത്തിലാണ്.
ഞാൻ ക്ഷീണം കൊണ്ടു നന്നായി ഉറങ്ങി.
രാവിലെ പത്രം വായിക്കുകയായിരുന്ന ഭാര്യയാണു എന്നെ  വിളിച്ചുണർത്തിയത്.
"നോക്കൂ...
നിങ്ങളുടെ ഗെസ്റ്റ് ഹൗസിനടുത്ത്  ഇന്നലെ രാത്രി  കാറപകടം ഉണ്ടായി ഒരാൾ മരിച്ചിരിക്കുന്നു".
ഞാൻ പത്രം വാങ്ങി നോക്കി..
രാത്രിയിലെടുത്ത ഫോട്ടോ ആണെങ്കിലും ആ കാറ് ഒറ്റ കാഴ്ചയിൽ തന്നെ  മനസ്സിലായി....!
അദ്ദേഹത്തിൻറെ കാറ് തന്നെ..!
ഞാൻ ഭയം കൊണ്ട് വിറച്ചു.
ഇന്നത്തെ  പത്രത്തിൽ വാർത്ത വരണമെങ്കിൽ അപകടം ഇന്നലെ രാത്രി 12 മണിക്കെങ്കിലും മുമ്പായിരിക്കണം.
അപ്പോൾ അദ്ദേഹം മൂന്ന് മണിക്ക് പിന്നെ എങ്ങനെ എൻറെ ഫ്ലാറ്റിൽ വന്നു.?
നേരത്തെ ഒരു പരിചയവും ഇല്ലാതിരുന്ന അയാൾക്കെങ്ങനെ എൻറെ ഫ്ലാറ്റ് ഇത്ര കൃത്യമായി മനസ്സിലായി?

ദുരൂഹതകൾ മനസ്സിൻറെ  സമനില തെറ്റിക്കുന്നതിന്നു മുമ്പ്  വിവരങ്ങൾ ഭാര്യയുമായി പങ്കിടുന്നതാണ് ഉചിതമെന്നു എനിക്കു തോന്നി.
കാര്യങ്ങളൊക്കെ അവളോടു വിശദമായി പറഞ്ഞു.
അവൾക്കു വിശ്വാസമായില്ല.
അപകടമരണത്തിൻറെ വാർത്ത വായിച്ചതിനു ശേഷംനിങ്ങളുടെ മനസ്സ് സങ്കൽപ്പിച്ചുണ്ടാക്കുന്ന ഓരോ കഥയാണിതെന്നും. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവൾ ആശ്വസിപ്പിച്ചു. ജീവിതത്തിൽ ഒരു ക്രിട്ടിക്കൽ രംഗം ഫേസ് ചെയ്യേണ്ടി വരുമ്പോൾ ഇതു പോലെ ഒരു രംഗം ഞാൻ അഭിമുഖീകരിച്ചിട്ടുണ്ടല്ലോ! അന്ന് അതെങ്ങനെയാണ് നേരിട്ടതെന്നുമാവും ചിന്തിക്കുക. (ശരിക്കും അങ്ങനെ ഒരു രംഗമേ നേരിട്ടിട്ടുണ്ടാവില്ല). പക്ഷെ മസ്തിഷ്കം നമുക്കു വേണ്ടി മെമ്മറി സെർച്ചു ചെയ്തു തോറ്റു, ഫേക്ക് മെമ്മറിയെ റിയൽ മെമ്മറിയായി പ്രസൻഡ് ചെയ്യുകയാണെന്നോക്കെ പറഞ്ഞു എന്നെ കൺവിൻസാക്കി.
ഞാൻ അതോക്കെ മറന്നു കുട്ടികളുമായി ഹോളിഡെ വിനോദങ്ങളിൽ മതി മറന്നു.
വൈകുന്നേരം ഷർട്ടും പാൻസും അലക്കാൻ വാഷിംഗ് മെഷീനിലിടാനെടുത്തപ്പോഴാണ് വൈഫ് ചോദിക്കുന്നത്
"ദേ..ഇതിലിതാ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും പേരുമെഴുതിയ കടലാസ്. ഇതാവശ്യമുള്ളതാണോ?
ഞാൻ ഞെട്ടലോടെ തലേദിന സംഭവങ്ങൾ വീണ്ടും ഓർത്തു കുളിമുറിയിലേക്കോടി ചെന്നു. ആ കടലാസ് തട്ടിപ്പറിച്ച് ഒന്നു കൂടി വായിച്ചു നോക്കി.
പക്ഷെ ഞാൻ പ്രതീക്ഷിച്ച ആ പേരല്ലായിരുന്നു അപ്പോൾ അതിൽ. അതൊരു ആണിൻറെ പേരായിരുന്നു. അക്കൗണ്ട് നമ്പറിലും
ഉണ്ട് വ്യത്യാസം. ആ പേരുകാരനെ എനിക്കറിയാം. ഞങ്ങളുടെ കമ്പനിയിലെ തന്നെ ഈ പ്രൊജകിടിൻറെ ആദ്യ പ്രൊജക്ട് മാനേജർ. എട്ടു മാസം മുമ്പ് ഇതേ സൈറ്റിൽ ക്രെയിനപടത്തിൽ മരണപ്പെട്ടു പോയിരുന്നു.

ഞായറാഴ്‌ച, ഒക്‌ടോബർ 31, 2010

ഹൌസ് മെയ്ഡ്

സീനത്തിനു ഇതെന്തിന്റെ കേടാണ്!
ഇത്രേം നാളുമില്ലാത്ത ഒരാവശ്യമാണ്.
ഒരു ഹൌസ്മെയ്ഡ് വേണമെത്രെ!
ആകെ രണ്ടു മക്കള്‍, അവര്‍ അവരവരുടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പ്രാപ്തരും തല്‍‌പ്പരരും ആണ്. ഭര്‍ത്താവ് ഗല്‍ഫില്‍,
വര്‍ഷത്തിലൊരിക്കല്‍ ഒരുമാസത്തെ ലീവിനു വരുമ്പോഴേ ആ വീട്ടില്‍ ഒച്ചയനക്കവും കുറച്ചെന്തെങ്കിലും പണിയുമുണ്ടാവൂ.
കുട്ടികള്‍ സ്കൂളില്‍ പോയാല്‍ സീനത്തിനു ടെലിവിഷന്റെ മുന്നിലിരിക്കലൊ പത്രമാസികകള്‍ വായിക്കലോ ഇന്റെര്‍നെറ്റില്‍ കയറി ബ്ലോഗും ബസ്സും വായിച്ചിരിക്കലോ മാത്രമായിരിക്കും ഭാരമുള്ള തൊഴില്‍.
ഒരാള്‍ക്കു ചെയ്യാനുള്ള പണിതന്നെ ഒട്ടുമില്ലാത്ത ആ കൊച്ചു വീട്ടില്‍ പിന്നെ എന്തിനാണു ഒരു ഹൌസ് മെയ്ഡ് എന്ന് ഭര്‍ത്താവു ഫോണില്‍ ചോദിച്ചു.
തൊട്ടപ്പുറത്തെ വലതു വശത്തെ ജ്വല്ലറിയുടമയുടെ വീട്ടിലും മുന്നിലെ കേന്ദ്ര ഗവ.ശാസ്ത്രജ്ഞയുടെ വീട്ടിലും ഇടതു വശത്തെ ഡോക്ടറുടെ വീട്ടിലും ഹൌസ്മെയ്ഡ് ഉണ്ട്.
ഡോക്ടര്‍ ഫോണ്‍ ചെയ്ത് കുട്ടികള്‍ക്കുള്ള വിറ്റാമിന്‍ ഗുളിക ഞാന്‍ കൊണ്ടു വന്നിട്ടുണ്ട്. ഹൌസ്മെയ്ഡിനെ അയച്ചോളൂ എന്നു പറയുമ്പോള്‍ അതു പോയി വാങ്ങാന്‍ ഞാന്‍ തന്നെ പോകേണ്ടി വരുന്നതിനാലുള്ള ജാള്യവും അവരുടെയൊക്കെ ഹൌസ്മെയ്ഡുകളുടെ യജമാനത്തികളെ പ്പുകഴ്ത്തിയുള്ള സംസാരവും കേള്‍ക്കുമ്പോള്‍ നാം എന്തോ കുറഞ്ഞ വിഭാഗത്തിലെതാണെന്നു തോന്നലുണ്ടാവുന്നു.
അതിനാല്‍ എത്രയും വേഗം ഒരു ഹൌസ്മെയ്ഡിനെ കണ്ടു പിടിച്ചു തരണം.
മന്‍സൂറിനു വലിയ സൈര്യക്കേടായി.
ബൊസുമായി അര്‍ജന്റ് മീറ്റിംഗിനിരിക്കുമ്പോഴായിരിക്കും അവളുടെ മിസ്കാള്‍,
ഒന്നു രണ്ടു മിസ് കാളിനു മറുകാളു നല്‍കിയില്ലെന്കില്‍ പിന്നെ പരിഭവത്തിന്റെ സ്വരം.
ആദ്യമൊക്കെ അതുമിതും പറഞ്ഞു ഒഴിവാക്കാന്‍ നോക്കി.
നടക്കില്ലെന്നു ബോധ്യമായി.

ഒരു നിവൃത്തിയുമില്ലാതായപ്പോഴാണു ഉറ്റ സുഹൃത്ത് നിസാറിനെ വിളിച്ചു പറഞ്ഞത്.
അവനു നാട്ടില്‍ ഒരു ട്രാവല്‍‌സും അത്യാവശ്യത്തിനു മാന്‍പവര്‍ റിക്രൂട്ട്മെന്റും ഉണ്ട്.
ഒരു ഹൌസ്മെയിഡിനെ തപ്പിത്തരാന്‍ അവനു വലിയ പാടൊന്നും കാണില്ല.
അവനു എന്നെയും സീനത്തിനെയും ശരിക്കറിയാം.
സീനത്തിന്റെ സംശയരോഗത്തിനു രണ്ടുമൂന്നു തവണ അവന്‍ ദൃക്‌സാക്ഷിയായിട്ടുണ്ട്.

അവനും ഇപ്പോഴത്തെ അവസ്ഥയില്‍ അവരുടെ വീട്ടില്‍ ഒരു വേലക്കാരിയെ ആവശ്യമില്ലെന്നു തന്നെയാണു തോന്നിയത്.

മൻസൂർ സീനത്തിന്റെ ഇപ്പൊഴത്തെ ആവശ്യവും മാനസീകാവസ്ഥയും ഞാന്‍ വിശദമായി പറഞ്ഞു.

അവന്‍ ഉപായം പറഞ്ഞു.
ഞാന്‍ നിനക്കൊരു മെയിലയക്കാം .
എന്റെ ഊഹം ശരിയാണെങ്കില്‍ നിന്റെ മെയില്‍ നിന്നെക്കാള്‍ ആദ്യം വായിക്കുന്നതവളായിരിക്കണം.
ഞാന് ഇത്തിരി ചമ്മലോടെയാണെങ്കിലും സമ്മതിച്ചു.
ശരിയാണ്, കത്തുകള്‍ അവള്‍ പൊട്ടിച്ചു വായിക്കാറില്ലെങ്കിലും മെയിലുകള്‍ അവള്‍ നോക്കാതിരുന്നിട്ടില്ല.
പാസ്‌വേര്‍ഡ് മാറ്റിയപ്പോഴൊക്കെ കുടുംബ കലഹം ഉണ്ടായിട്ടുമുണ്ട്.

നിസ്സാര്‍ പറഞ്ഞു.
ഗുഡ്! അതു തന്നെയാണു എനിക്കാവശ്യം.
ഞാന്‍ മെയിലയക്കാം പിന്നെ അവള്‍ ഹൌസ്മെയ്ഡിനെ ആവശ്യപ്പെടില്ല തീര്‍ച്ച
ഹൌസ്മെയ്ദിനെ കണ്ടുപിടിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയ വിവരം നീ അവളെ ഒന്നു അറിയിച്ചാല്‍ മാത്രം മതി.

മാറ്റർ ഇതായിരിക്കും,

മൻസൂർ, നീ ആവശ്യപ്പെട്ടതു പോലെ   ഹൗസ്,മെയ്ഡിനെ കിട്ടി,
സുന്ദരിയാണ്,,ചെറുപ്പവും നല്ല ചുറുചുറുക്കും. ശമ്പളമായിട്ടൊന്നും വേണ്ട.  ഭക്ഷണം, താമസിക്കാൻ പ്രൈവസിയുള്ള ഒരു റൂം, ചികിൽസ വേണ്ടി വരുമ്പോൾ അത്. പിന്നെ  ആവശ്യത്തിനു വസ്ത്രവും മാത്രം കൊടുത്താൽ മതി. ഇതിനൊക്കെ  പുറമേ സ്നേഹമാണവൾ മുഖ്യമായി അർഹിക്കുന്നത്. അതിനു നീ തയ്യാറാണെങ്കിൽ ജീവിതാവസാനം,വരേ നിൻറെ കൂടെ,ജീവിക്കാൻ അവൾ തയ്യാറാണ്.
നീ ഓ.കെ   ആണെങ്കിൽ എത്രയും പെട്ടെന്നു റിപ്ലൈ ചെയ്യുക.

സസ്നേഹം.
നിസാർ.

വ്യാഴാഴ്‌ച, ജനുവരി 15, 2009

ഊഹംതെറ്റിയ പെൺകുട്ടി

ഭാര്യയുടെ ജൈവഘടികാരം നന്നായി പഠിച്ചിട്ടു തന്നെയാണു അയാൾ കഴിഞ്ഞ നാലു കൊല്ലം നാട്ടിൽ പോകാൻ തിയതി തെരെഞ്ഞെടുത്തതും ടിക്കറ്റു വാങ്ങിയതും.
ഇതിപ്പോൾ അഞ്ചാം വർഷമാണു മൂന്നു മാസത്തിന്റെ ലീവിൽ അഞ്ചു ചാൻസും പ്രതീക്ഷിച്ചു നാട്ടിലെത്തുന്നത്‌.

കഴിഞ്ഞ വർഷം മുതൽ കേൾക്കാൻ തുടങ്ങിയതാണു എല്ലാ കുറ്റവും സ്വയം എറ്റെടുത്തുള്ള അവളുടെ പ്രശ്നപരിഹാര നിർദ്ദേശം.
"ഇപ്രാവശ്യമെങ്കിലും സംഗതി നടന്നില്ലങ്കിൽ എന്നെ ഒഴിവാക്കി നിങ്ങൾ വേറെ കല്യാണം ചെയ്തോളൂ.."
വേറെ കല്യാണം കഴിച്ചു ജീവിതം പുഷ്പ്പിച്ചു കാണാനുള്ള കൊതിയായതു കൊണ്ടാണവളിതു പറയുന്നതെന്നയാൾ വെറുതെ ഒരു നിമിഷം ചിന്തിക്കും.

തന്റെ കൗണ്ടും കെട്ട്യോളുടെ മൂത്രവും പരിശോധിക്കുക വഴി സ്വന്തം ടൗണിലെ മിക്ക ക്ലിനിക്കൽ ലബോറട്ടറിക്കാർക്കും അയാളെ അറിയാം. ഒരോ പ്രാവശ്യവും മൂത്രം പരിശോധിച്ചു റിസൾട്ടു വാങ്ങുമ്പോഴും,
"അയ്യോ, ഇത്തവണയും നെഗറ്റീവാണല്ലോ!"
എന്നു പറയുമ്പോൾ അവരുടെ ആ നിരാശ അഭിനയിക്കുന്ന മുഖം കണ്ടു അയാൾക്കു മടുത്തു.
അതു കൊണ്ടു തന്നെയാണു ഭാര്യക്കു ഇത്തവണ പ്രാർത്ഥന മുടങ്ങാതിരുന്നപ്പോൾ അവളുടെ മൂത്രവുമായി അയാൾ നേരെ തൊട്ടപ്പുറത്തെ ടൗണിലെ ലാബിലാണു പോയത്‌. അവിടാവുമ്പോൾ അറിയുന്നവരാരുമുണ്ടാവില്ല.

മെലിഞ്ഞു നീണ്ട ഒരു പെൺകുട്ടിയാണു ലാബിൽ.
മൂത്രക്കുപ്പി വാങ്ങിയ പെൺകുട്ടി പറഞ്ഞു
ഒരു മണിക്കൂർ കഴിഞ്ഞു വരൂ, പക്ഷെ ആളുടെ പേരും അഡ്രസ്സും തന്നിട്ടു പോകൂ?


"ഗർഭമുണ്ടോ എന്നു പരിശോധിക്കാനെന്തിനാ നാളും നാടും നാമവും?. മൂത്രം പോരെ!"
അയാൾക്കു ദേഷ്യം വന്നു.
കെടാത്ത ദേഷ്യത്തോടെ അയാൾ ക്ലിനിക്കിനു പുറത്തേക്കു കടന്നു.
 എങ്കിലും പോണ പോക്കിൽ കഴുത്തു തിരിച്ചു അയാൾ പറഞ്ഞു. "x എന്നെഴുതിക്കോളൂ..?"

ലാബിലെ പെൺകുട്ടി ചമ്മി.
ഒരു ഗൂഡസ്മിതത്തോടെ അവൾ മെല്ലെ പറഞ്ഞു

"കള്ളക്കാമുകൻ"

ഭാഗ്യത്തിനു അപ്പറഞ്ഞതു ഏതായാലും, അയാൾ കേട്ടില്ല.
അല്ലെങ്കില്‍ പുറത്തു പോയ അയാള്‍ അതേ വേഗത്തില്‍ തിരിച്ചു വരികയും ആ പെണ്‍കുട്ടിയുടെ കവിളത്തു ആഞ്ഞൊന്നു കൊടുക്കുകയും ചെയ്തേനെ!

നടക്കുന്ന വഴി അയാൾ പുറുപുറുത്തു

"നാട്ടിലെ എല്ലാ ക്ലിനിക്കിലും എന്റേയും കെട്ട്യോളുടേയും പേരുണ്ട്‌. ഇനി ഇപ്പോൾ ഇവിടെയും അതിന്റെ കുറവേയുള്ളൂ നാശം.".

ഒരു മണിക്കൂർ കഴിഞ്ഞു ലാബിൽ തിരിച്ചു വന്നപ്പോഴും അയാളുടെ ഉള്ളിലെ അരിശം തീരെ മാഞ്ഞു പോയിരുന്നില്ലന്നു ആ മുഖത്തെ പേശികളുടെ ഇറുകിപ്പിടുത്തം കണ്ടപ്പോൾ തന്നെ പെൺകുട്ടിക്കു മനസ്സിലായി.

അതിനാൽ അവൾ റിപ്പോർട്ടു നോക്കി വളരെ പേടിച്ചു പേടിച്ചു പതിഞ്ഞ ഒച്ചയിലാണതു പറഞ്ഞത്‌.
" റിസൾട്ടു പോസിറ്റീവാണ്‌"
"എന്ത്‌?".
അയാൾ വിശ്വാസം വരാതെ ചോദിച്ചു.
പെൺകുട്ടി വീണ്ടും കൂടുതൽ കരുതലോടെ !
"പരിശോധിച്ച മൂത്രത്തിനുടമ ഗർഭിണിയാണെന്നു തെളിഞ്ഞു".
അയാൾ ആഹ്ലാദത്തോടെ, നിന്നിടത്തു നിന്നൊരു ചാട്ടം.
പോക്കറ്റിൽ നിന്നൊരു അഞ്ഞൂറിന്റെ നോട്ടെടുത്തവൾക്കു കൊടുത്തു.
"ഇതാ ചാർജ്ജ്‌, ബാക്കി നീയെടുത്തോ."

അയാൾ ആ റിപ്പോർട്ടും തട്ടിപ്പറിച്ചു ധൃതിയിൽ പുറത്തേക്കോടുമ്പോൾ ആ പെൺകുട്ടി അറിയാതെ പറഞ്ഞു.

"വിത്തു കാള ‌"
ഭാഗ്യത്തിനു അപ്പറഞ്ഞതേതായാലും അയാൾ കേട്ടു.
അതുകൊണ്ടല്ലേ പുറത്തേക്കു പോയ അയാൾ തിരിച്ചു വരികയും സന്തോഷത്തോടെ ആ പെൺകുട്ടിയെ കൂട്ടിപ്പിടിച്ചാ കവിളിലൊരുമ്മവെച്ചു കാതിലൊരുപാടു ഒച്ചയിൽ പറഞ്ഞത്‌.

"ജാരപ്പിതാവല്ല കൊച്ചേ!, നല്ല 916 ഒറിജിനൽ പിതാവു തന്നെ!"
"പക്ഷെ ഇങ്ങനെ ഒരു തന്തയാവാൻ ഞാൻ ആറു കൊല്ലമായി തിന്ന തീ എന്തെന്നു നിനക്കറിയുമോ?".

41868

വ്യാഴാഴ്‌ച, മേയ് 22, 2008

"ജസ്റ്റ്‌ പോസ്റ്റ്‌പോന്‍ഡ്‌"

ഷേര്‍ളിയുടെ ഗുഡ്‌മോര്‍ണിംഗ്‌ റിംഗ്ടോണ്‍ കേട്ടാണ്‌ ഇന്നും ഉണര്‍ന്നത്‌.
റിസപ്‌ഷനിലെ ഫോണില്‍ നിന്നാണ്‌.

"ഹായ്‌ എബീ, വൈകുന്നേരം ഫ്രീയാണോ?",

"ആണല്ലോ! വുഡ്‌ബീ, എന്താ വിശേഷം!"
പഞ്ചസാര കൂടുതല്‍ ചേര്‍ത്തു മറുപടി പറഞ്ഞു.

"ഒന്നു തമ്മില്‍ കാണണം, വൈകീട്ടിങ്ങോട്ടു വരുമോ?"

"ഇന്നും നിനക്കു ഡേയാണോ?.റ്റേല്‍ മി ദ മാറ്റര്‍?"
" ഞങ്ങളുടെ ഒരു ഗസ്റ്റ്‌, ഒരു മാഡത്തിന്റെ ഇന്റര്‍വ്യൂ നിങ്ങളുടെ മാഗസിനില്‍ ചേര്‍ക്കാമോ?"
അവര്‍ ഇങ്ങോട്ടാവശ്യപ്പെട്ടതാണ്‌."

"ഏതാ ഗസ്റ്റ്‌?"

"ഒരു മലയാള ടി.വി. സീരിയല്‍ നടി, പേരു "കൗസല്യാ ഹരിഹരന്‍"
" അവരും ഹസ്സും ഒരു അവാര്‍ഡു സ്വീകരിക്കാന്‍ ഇവിടെ ദുബൈയിലുണ്ട്‌. ഞങ്ങളുടെ ഹോട്ടലിലാണ്‌ ഒരാഴ്ച്ചയായി.
യാദൃശ്ചികമായാണവര്‍ നിങ്ങളുടെ മാഗസിന്റെ ഈ ലക്കം കണ്ടത്‌.
അതിനെ കുറിച്ചു അന്വേഷിക്കവേയാണു അതിലെ ലേഖകന്‍ എന്റെ ഫിയാന്‍സിയാണു എന്നാരോ പാര പണിഞ്ഞത്‌.
അതറിഞ്ഞതു മുതല്‍ പിന്നെ ഇത്രേം സമയം അവരെന്റെ ചെവിതിന്നുകയായിരുന്നു.
ഒരു ഇന്റര്‍വ്യൂ തരപ്പെടുത്തിക്കൊടുക്കണമെത്രേ!".

""ഞാന്‍ എന്തു പറയണം ?",
"ന്യൂസ്‌ വാല്യു ഉണ്ട്‌. അവര്‍ക്കാണീ വര്‍ഷത്തെ നല്ല സീരിയല്‍ നടിക്കുള്ള പ്രവാസി പുരസ്കാരം!",
"ഇങ്ങോട്ടാവശ്യപ്പെട്ട നിലക്കു വലിയ ജാടയൊന്നും കാട്ടില്ല. അല്ലങ്കിലും ഈയിടെ വലിയ തെരക്കില്ലാത്തതിനാല്‍ പത്തി ഒന്നു താഴ്ത്തിയിരിക്കുകയാണ്‌".
"ക്യാമറാമാനെ കൂട്ടേണ്ടാ, ദേ വില്‍ പ്രൊവൈഡ്‌ ദ ബെസ്റ്റ്‌ സെലക്ടഡ്‌ സ്റ്റില്‍സ്‌"

"ഈഫ്‌ യു ഇന്ററെസറ്റഡ്‌! വീ വില്‍ മീറ്റ്‌ ഹേര്‍ ടു ഡേ!"

"യെസ്‌,"
" ഓ പിന്നെ മറ്റൊന്നു പറയാന്‍ വിട്ടു, നമുക്കു രണ്ടാള്‍ക്കും ഇന്ററസ്റ്റുള്ള ഒരു ഗിഫ്റ്റ്‌ ഓഫര്‍ അവര്‍ തന്നിട്ടുണ്ട്‌".

"ഓ.കെ"
വൈകുന്നേരം ഹോട്ടലിലെത്തിയപ്പോള്‍ ഷേര്‍ളി ഷിഫറ്റ്‌ കഴിഞ്ഞു എന്റെ കൂടെ വരാന്‍ റെഡിയായി നില്‍ക്കുന്നു.
അവളുടെ പിറകെ ലിഫ്റ്റില്‍ നാലാം നിലയിലെ അവരുടെ മുറിയിലെത്തുമ്പോള്‍ കൗസല്യയും കാന്തനും കാത്തിരിക്കുകയായിരുന്നു.
ഒരു കൊല്ലം മുന്‍പു വരെ മിനിസ്ക്രീനില്‍ നിത്യേന കണ്ടിരുന്ന ഒരു മുഖം.
ചാനലെങ്ങോട്ടു മാറ്റിയാലും ഏതു സീരിയലു വെച്ചാലും അതില്‍ ഈ മുഖം ഇല്ലാതെ പ്രേക്ഷകന്റെ ഒരു ദിവസം പൂര്‍ണ്ണമാവില്ലായിരുന്നു, പക്ഷെ ഈയിടെ അങ്ങനെ കാണാറില്ല.
അവസാനമായി കണ്ടത്‌ വഞ്ചിച്ചു പോയ കാമുകന്റെ കുഞ്ഞിനെ അബോര്‍ട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അച്ഛനുമായി വഴക്കിട്ടു തെരുവിലിറങ്ങുന്ന ഒരു പെണ്‍പുലിയായിട്ടായിരുന്നു.
ആ റോളിനു തന്നെയായിരുന്നു അവാര്‍ഡും. അതിനു തിരക്കഥയെഴുതിയ ഭര്‍ത്താവിന്നും അവാര്‍ഡുണ്ട്‌.
അദ്ദേഹവും അവാര്‍ഡു സ്വീകരിക്കാന്‍ വന്നതാണ്‌.

" ദിസ്‌ ഈസ്‌ ദ കണ്ടന്റ്‌!
യു കാന്‍ ആഡ്‌ യുവര്‍ ക്വസ്റ്റന്‍സ്‌ ലൊജിക്കലി.

മാറ്റരെഴുതി തയ്യാറാക്കിയ ഒരു ഷീറ്റ്‌ എടുത്തു നീട്ടി അയാള്‍ വിശദീകരിച്ചു.

"നെറ്റ്‌ സമ്മറി,""ഷി ഈസ്‌ കാരിയിംഗ്‌. ആന്‍ഡ്‌ വീ വാണ്ട്‌ എ ബേബി".
"നൊട്ട്‌ ഫോര്‍ അസ്‌",
"ബട്ട്‌ ഒവര്‍ പാരന്റ്‌സ്‌ വാണ്ട്‌ ടു സീ ബിഫോര്‍ ദെ ഡൈ".
അവാര്‍ഡും അംഗീകാരങ്ങളും കാശും ആവശ്യത്തിലധികമായി.
ഇനി ഞങ്ങള്‍ സ്വസ്ഥമായ കുടുംബജീവിതത്തിലെക്കു തിരിച്ചു പോകുന്നു "

മാറ്റര്‍ എഴുതിയ ഒരു ഷീറ്റ്‌ ഒന്നോടിച്ചു നോക്കിയപ്പോള് ‍തിരക്കഥ പോലെയേ തോന്നിയുള്ളൂ.

പിന്നെ വായിക്കുന്നതിനു മുന്നെ വലിച്ചെറിയാനാണു തോന്നിയത്‌.
അവളുടെ ഉത്തരങ്ങള്‍ക്കു യോജിച്ച ചോദ്യം ഞാന്‍ ഉണ്ടാക്കി ഒരു ഇന്റര്‍വ്യൂ എഴുതിയുണ്ടാക്കണമത്രേ!

"ഷീറ്റ്‌ (ഷിറ്റ്‌) ജേര്‍ണലിസം!"
എന്റെ മുഖഭാവം വായിച്ച ഷേര്‍ളി കണ്ണിറുക്കി.

അവളുടെ റിസപ്ഷനിസ്റ്റു ഡിപ്ലോമാറ്റിക്‌ ചിരികൊണ്ടു അവരെ വിഢ്ഢിയാക്കി
ഒ.കെ പറഞ്ഞു എന്റെ പുറകെ അവളും പുറത്തിറങ്ങി.

പുറകെ വിളിച്ചു കൊണ്ട്‌ അയാള്‍ കൗസല്യയുടെ ഫോട്ടോകള്‍ അടങ്ങിയ ഒരു സി.ഡി.യും മൂന്നാറിലെ അയാളുടെ റിസോര്‍ട്ടില്‍ ഒരാഴ്ച എനിക്കും ഷേര്‍ലിക്കും ഹണിമൂണിനു തങ്ങാനുള്ള ഒരു ഗിഫ്റ്റുവൗച്ചറും ഷേര്‍ളിയെ ഏല്‍പ്പിച്ചു.

പിറ്റേന്നു വീണ്ടും ഷേര്‍ളി വിളിച്ചോര്‍മ്മിപ്പിച്ചപ്പോഴാണ്‌ കൗസല്യാ-ദൗത്യത്തിനിരുന്നത്‌.
സി.ഡി. കമ്പ്യൂട്ടറിലിട്ടു മാഗസിനിലേക്കു പറ്റിയ നാലഞ്ചു ഫോട്ടോകള്‍ തെരഞ്ഞെടുക്കാനാണ്‌ ആദ്യം തീരുമാനിച്ചത്‌.
എല്ലാം ഒരഞ്ചു കൊല്ലം മുന്നത്തെ ഗ്ലാമറുള്ള രൂപം മാത്രം.
ഈയിടക്കുള്ള ഒന്നുമില്ല.
പുതിയവ മന:പ്പൂര്‍വ്വം തരാതിരുന്നതാവാം.

പിന്നെ ഉത്തരങ്ങള്‍ക്കനുസരിച്ചു ചോദ്യങ്ങള്‍ സങ്കല്‍പ്പിച്ചെഴുതി.
കുടുംബജീവിതത്തിന്റെ കൊതി കൊണ്ടും മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള കടമയില്‍ ഒരമ്മയാവാന്‍ തീരുമാനിച്ചു അഭിനയ ജീവിതത്തോടു തല്‍ക്കാലം വിടപറയുന്നതുമാണെന്നെഴുതിപ്പൊലിപ്പിച്ച ഇന്റര്‍വ്യൂ മാറ്റര്‍ ഒന്നു കൂടി വായിച്ചപ്പോള്‍ ഉള്ളില്‍ ഊറിവന്ന ചിരിക്കു പിറകെ തികട്ടിവന്ന ആത്മനിന്ദയടക്കാന്‍ വളരെ പണിപ്പെട്ടു.
അതു മറക്കാന്‍ അടുത്ത വെക്കേഷനില്‍ ഷേര്‍ളിയുമൊത്തു മൂന്നാറിലെ ഹണിമൂണിനെക്കുറിച്ചോര്‍ത്തു.

റോളുകള്‍ കുറഞ്ഞതു കൊണ്ടു മിനിസ്ക്രീനില്‍ നിന്നു അപ്രത്യക്ഷയായ അവരെ ഗ്ലോറിഫൈ ചെയ്തെഴുതാന്‍ ഇനി ഇതിലും നല്ല വാക്യങ്ങള്‍ എന്റെ അടുത്തില്ലന്നു ഞാന്‍ തിരിച്ചറിഞ്ഞു.

മാറ്റര്‍ ഷേര്‍ളിക്കു ഫാക്സു ചെയ്തു അപ്രൂവല്‍ വാങ്ങാന്‍ ഏല്‍പ്പിച്ചു അരമണിക്കൂര്‍ കഴിഞ്ഞില്ല.

ഷേര്‍ളി വിളിച്ചു

" ഫെണ്ടാസ്റ്റിക്‌ എഴുത്ത്‌!,"

പക്ഷെ, സോറി എബി," ആ മാറ്ററില്‍ ചേഞ്ചുണ്ടെത്രേ!"
"ഇന്നലെ നാം ഇറങ്ങിയ ഉടനെ നാട്ടില്‍ നിന്നൊരു സീരിയല്‍ നിര്‍മ്മാതാവു അവരെ വിളിച്ചിരുന്നു".
"എബിക്കറിയില്ലെ ആ ഇരുനൂറു എപ്പിസോഡ്‌ ഓടിയ സീരിയലിന്റെ നിര്‍മ്മാതാവ്‌?.
ഐ. തിങ്ക്‌, ദെ നെഗോഷിയേറ്റഡ്‌ ദ റേറ്റ്‌ ആന്റ്‌ ആള്‍".
"ഷീ ഈസ്‌ ഗോയിംഗ്‌ റ്റു സൈന്‍ ദ കോണ്ട്രാക്റ്റ്‌ വിത്ത്‌ ദാറ്റ്‌ ബിഗ്‌ പ്രൊഡ്യൂസര്‍ ഫോര്‍ അ ലൊങ്ങ്‌ റ്റേം ബേസിസ്‌".

" സോ, "അവര്‍ അവരുടെ പ്ലാന്‍ ജസ്റ്റ്‌ പോസ്റ്റ്‌പോണ്‍ ചെയ്തത്രേ!"

"ജസ്റ്റ്‌ നൗ ഹി സ്പോക്ക്‌ മോര്‍ അഡ്വാന്‍ഡേജസ്‌ എബൗട്ട്‌ DINKY ഫാമിലി"
"ഓ! ഹീ മീന്‍സ്‌ (Double Income No Kids Yet?)"

"യെസ്‌!"
"അതിനു ചേര്‍ന്ന പുതിയ തിരക്കഥ മാറ്റര്‍ അയാള്‍ എഴുതിക്കൊണ്ടിരിക്കുന്നു."
കിട്ടിയാല്‍ ഫാക്സു ചെയ്തു തരാം.

""ബൈ ദ ബൈ, ജസ്റ്റ്‌ നൗ ഷി ഈസ്‌ അഫ്റ്റര്‍ മി റ്റു ഫൈന്‍ഡ്‌ ദ ബെസ്റ്റ്‌ ആന്റ്‌ സേഫ്‌ ഗൈനക്കോളജിസ്റ്റ്‌ ഹിയര്‍ റ്റു മേക്‌ എ സിമ്പിള്‍ അബോര്‍ഷന്‍."

33200

ഞായറാഴ്‌ച, ഡിസംബർ 02, 2007

ആര്‍ദ്രമായ ഒരു സ്നേഹമുദ്ര

"മോന്‍, ഷാര്‍ജയിലേക്ക്യാ..?"

ഞാന്‍ ചോദ്യം വന്ന ദിക്കിലേക്കു നോക്കി.
ഒരു മധ്യവയസ്ക,

എന്റെ ലഗേജിലെ "കാലിക്കറ്റ്‌ - ഷാര്‍ജ" എന്ന വരി നോക്കിയായിരിക്കും അവര്‍ ഞാന്‍ ഷാര്‍ജയിലേക്കാണെന്നു മനസ്സിലാക്കിയത്‌.

"അതെ"
ഞാന്‍ തീരെ താല്‍പര്യമില്ലാതെ മറുപടി പറഞ്ഞു.

"എന്റെ മരുമോളേം പൊടിക്കുഞ്ഞിനേം ഒന്നു അവടെ കെട്ട്യോന്റെ അടുത്തെത്തിക്ക്യോ?"
കക്ഷി ആരാന്നറിയാന്‍ ഞാന്‍ അവരുടെ പിന്നിലേക്കു നോക്കി.
കുട്ടിത്തം വിട്ടുമാറാത്ത ഒരു അമ്മ.
കൈകുഞ്ഞിനെ മാറോടു ചേര്‍ത്തു വലിയ ഒരു ലഗേജും വലിച്ചു കൊണ്ടു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്റെ നടവഴിയില്‍ നിന്നു എന്റെ മുന്നിലേക്കു മാറി നിന്നു.

എനിക്കു പാവം തോന്നി. ഈ പിഞ്ചു കുഞ്ഞിനെയും കൊണ്ടു പക്വതയില്ലാത്ത ഈ പെണ്‍കുട്ടിയെ ഒപ്പമാരുമില്ലാതെ ഒരു വിമാനയാത്രക്കു ഒരുക്കിയ ആ സ്ത്രീയോടു ഇത്തിരി പരിഹാസത്തോടെ തന്നെ ഒത്തിരി ഗൗരവം കൂട്ടികലര്‍ത്തി ചോദിച്ചു.

"ഷാര്‍ജയില്‍ എവിടെയാണു ഞാന്‍ ഈ "കുട്ടികളെ" എത്തിക്കേണ്ടത്‌?"

അവര്‍ ഒരു ഫോണ്‍ നമ്പര്‍ തന്നു.
"ഷാര്‍ജയിലെത്തി ഈ നമ്പറില്‍ വിളിച്ചാല്‍ എന്റെ മകന്‍ വരും അവനെ ഏല്‍പ്പിച്ചാല്‍ മതി"

അവര്‍ നീട്ടിയ രണ്ടു പാസ്പോര്‍ട്ടും ടിക്കറ്റുകളും വാങ്ങി ഞാന്‍ എന്റെ ലഗേജിന്റെ കൂടെ അവരുടെ ലഗേജും തള്ളി തിരക്കു കുറഞ്ഞ ടിക്കറ്റു കൗണ്ടറു നോക്കി നടന്നു.

20 കിലോ ലഗേജു അഡള്‍ട്ട്‌സിനും 10 കിലോ കുഞ്ഞിനും അനുവദിക്കുന്ന എയരിന്ത്യാ എക്സ്പ്രസ്സില്‍ എന്റെ ലഗേജിനു 10 കിലോവില്‍ കുറവായതിനാല്‍ മൊത്തം ലഗേജു തൂക്കിയാല്‍ എക്സ്ട്രാ ഉണ്ടാവില്ലന്ന കണക്കു കൂട്ടലില്‍ എല്ലാ ടിക്കറ്റും ഒന്നിച്ചു കൊടുത്തു.
ലഗേജു തൂക്കി നോക്കുന്നതിനിടെ പാസ്പോര്‍ട്ടു നോക്കി ഒരു ഫാമിലിയല്ലന്ന കാര്യം പറഞ്ഞു ടിക്കറ്റിംഗ്‌ സ്റ്റാഫ്‌ എന്റെ പാസ്പോര്‍ട്ടും ലഗേജും വേറെ തൂക്കി. അവരുടെ ലഗേജില്‍ 7 കിലോ യുടെ അധികം പറഞ്ഞു എക്സ്റ്റ്രാ ലഗേജിനു ചാര്‍ജിട്ടപ്പോള്‍ കൊടുക്കാനവളുടെ കയ്യില്‍ ഒറ്റക്കാശില്ല.

ആ തള്ളയെ പുറത്തെങ്ങാനും കാണുമോന്നറിയാന്‍ സെക്യൂരിറ്റിയുടെ കാലുപിടിച്ചു പുറത്തു വന്നു നോക്കിയപ്പോള്‍ അവരുമില്ല അവരു നിന്നിടത്തവരുടെ ഒരു പൂടപോലുമില്ല. സാധാരണ യാത്രയയക്കാന്‍ വരുന്നവര്‍ ബോര്‍ഡിംഗു പാസു കിട്ടുന്നതു വരെയെങ്കിലും കാത്തു നില്‍ക്കുന്ന ഒരു പതിവുണ്ട്‌. ഇതതു പോലുമില്ല.

കാശു ആ കൊച്ചിന്റെ കെട്ട്യോന്റെ കയ്യില്‍ നിന്നു ദിര്‍ഹമായി വാങ്ങാമെന്നു കരുതി ഞാനാ ചാര്‍ജടച്ചു ബാഗുകള്‍ കണവേയറിലിട്ടു.

എമിഗ്രേഷന്‍ കാര്‍ഡുകള്‍ പൂരിപ്പിച്ചു ക്ലിയറന്‍സിനായി വരിയില്‍ കാത്തു നിന്നപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അതിന്റെ പാരമ്യതയിലെത്തിയിരുന്നു.

കുഞ്ഞിനിത്തിരി പാലുകൊടുക്കാമോ എന്നു ചോദിച്ചപ്പോഴാണു അവള്‍ അവളുടെ ബാഗു തെരഞ്ഞത്‌.
അവളുടെ ചെറിയ ബാഗു കാണാനില്ലന്നു പറഞ്ഞു ആധിയോടെ കരച്ചിലായി.
അതിലാണത്രേ പാലു കുപ്പി.
ആ ബാഗും വണ്ടിയില്‍ വെച്ചു മറന്നതോ അതോ വീട്ടില്‍ നിന്നെടുക്കാന്‍ മറന്നതോ ആണെന്നവള്‍ക്കു നല്ല തിട്ടമില്ല.
ഞാനവളുടെ കയ്യില്‍ ഒരു ബാഗു കണ്ടതായേ ഓര്‍ക്കുന്നില്ല.

ഇതിനിടയില്‍ എന്റെ പാസ്പോര്‍ട്ടിലും അവളുടെ പാസ്പോര്‍ട്ടിലും എക്സിറ്റ്‌ സീല്‍ അടിച്ചിരുന്നു.

പാസ്പോര്‍ട്ടില്‍ സീല്‍ അടിക്കാനായി കുഞ്ഞിന്റെ പുതിയ വിസയുടെ ഒറിജിനല്‍ ചോദിച്ചപ്പോഴാണു അതു ടിക്കറ്റിന്റെയും പാസ്പോര്‍ട്ടിന്റെയും കൂടെ ഇല്ല എന്നു മനസ്സിലായത്‌.

അതു ചോദിച്ചപ്പോഴാണവള്‍ കൂടുതല്‍ പരിഭ്രാന്തിയായി കരഞ്ഞു കൊണ്ടു പറഞ്ഞത്‌.

"അതും ആ ബാഗിലാണു"

എനിക്കു തലകറങ്ങുന്നതു പോലെയായി. രക്തസമ്മര്‍ദ്ദം ഉയരുന്നതു സ്വയം മനസ്സിലാക്കി. വേണ്ടാത്ത ഒരു വണ്ടിയും വലയും വലിച്ചു തോളില്‍ കയറ്റിയ പോലെ.

എന്നാലും ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല.
ശങ്കിച്ചു നില്‍ക്കാന്‍ തീരെ സമയമില്ല.
ഇനി എന്തൊക്കെ ചെയ്യാനാവുമെന്നു പെട്ടന്നു ചിന്തിച്ചു.

ഒന്നുകില്‍ ആ അമ്മക്കു വേണമെങ്കില്‍ കുട്ടിയെ ഉപേക്ഷിച്ചു ഒറ്റക്കു കെട്ട്യോന്റെ അടുത്തേക്കു പോകാം.
അല്ലെങ്കില്‍ അടിച്ച exit സീല്‍ ക്യാന്‍സല്‍ ചെയ്യിച്ചു പോക്കു മാറ്റിവെച്ചു അവളെയും കുഞ്ഞിനെയും വീട്ടില്‍ തിരിച്ചെത്തിക്കാം.
മൂന്നാമത്തേ മാര്‍ഗ്ഗം, എനിക്കു വേണമെങ്കില്‍ ആ അമ്മയെയും കുഞ്ഞിനേയും അവിടെ കളഞ്ഞിട്ടു എന്റെ സ്വന്തം കാര്യം മാത്രം നോക്കി പോകാം.
(പക്ഷെ പിന്നെ ഞാന്‍ എങ്ങനെ ശാന്തനായി ഉറങ്ങും. മനുഷ്യനെന്ന പേരിനു പിന്നെ ഞാന്‍ അര്‍ഹനാണോ?)

ഏതായാലും കൂടുതല്‍ സമയം കളയാനില്ല. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനോടു കാര്യം പറഞ്ഞു.
“വിസ കയ്യിലില്ല, വീട്ടിലോ കാറിലോ ആണ്‌. കാറു ഇവരെ യാത്രയയച്ചു തിരിച്ചു പോയിരിക്കുന്നു. വിസ എടുത്തു കൊണ്ടുവരാനുള്ള സമയം തരണം“ .

എയര്‍ ഇന്ത്യാ എക്സ്പ്രസ്സിനു ഈയിടെ യാത്രക്കാരില്‍ നിന്നു നന്നായി പഴി കിട്ടുന്ന നേരം.
പല ഷെഡ്യൂളുകളും ക്യാന്‍സലാവുകയും നേരം വൈകുകയും ചെയ്യല്‍ പതിവായതിനാല്‍ ഞാനടക്കമുള്ളവര്‍ തീഷ്ണമായി പ്രതിഷേധിക്കുന്ന സമയം.

അതിനാല്‍ ഒരു വിട്ടു വീഴ്ച്ചക്കും അവര്‍ തയ്യാറല്ല.

“പുറപ്പെടാന്‍ 45 മിനിട്ടു ബാക്കിയുണ്ട്‌. അതിനിടയില്‍ വിസ എത്തിച്ചാല്‍ പോകാം, വിമാനം വൈകിക്കുന്ന പ്രശ്നമേയില്ല“

ഞാന്‍ ഞൊടിയിടയില്‍ കര്‍ത്തവ്യനിരതനായി.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നു വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി.
എന്റെ ഫോണില്‍ നിന്നു അവരുടെ വീട്ടിലേക്കു വിളിച്ചു.

ആ കുട്ടിയുടെ നാത്തൂനാണു ഫോണെടുത്തത്‌.
ഉടനെ ഞാന്‍ ബാഗിന്റെ കാര്യം തെരക്കി. ബാഗു വീട്ടില്‍ തന്നെയുണ്ടായിരുന്നു.
വീട്ടില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കു 50 കിലോമീറ്റര്‍ ദൂരമുണ്ട്‌.

ഞാന്‍ പറഞ്ഞു.
"വിമാനം പുറപ്പെടാന്‍ മുക്കാമണിക്കൂര്‍ ബാക്കിയുണ്ട്‌. അതിനകം ആ ബാഗു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സംഗതി നടക്കും. ഇല്ലങ്കില്‍ അമ്മയെയും കുഞ്ഞിനെയും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ ഒരാള്‍ എയര്‍പോര്‍ട്ടിലേക്കു മടങ്ങി വന്നേ മതിയാവൂ".

എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച കാര്‍ വീട്ടിലെത്താന്‍ വീണ്ടും പത്തുമിനിട്ടെടുത്തു. വിവരമറിഞ്ഞയുടന്‍ ആ സ്ത്രീ ബാഗുമായി തിരിച്ചു എയര്‍പോര്‍ട്ടിലേക്കു പായുകയായിരുന്നു.

അവള്‍ പറഞ്ഞു തന്ന ടെലഫോണ്‍ നമ്പരില്‍ അവരുടെ 'വൊഡാഫോണ്‍' മൊബെയിലില്‍ ഓരോ അഞ്ചുമിനിട്ടിനിടയിലും വിളിച്ചു എവിടെവരെ എത്തിയെന്നു തിരക്കി കൊണ്ടേയിരുന്നു.

എയറിന്ത്യാ എക്സ്പ്രസ്സു ഉദ്യോഗസ്ഥന്മാരുടേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ കരയാതെ പിടിച്ചു നില്‍ക്കാന്‍ ആ കുട്ടിയെ ഞാന്‍ എങ്ങനെയൊക്കെയാണൂ ആശ്വസിപ്പിച്ചതു എന്നു എനിക്കു തന്നെ അറിയില്ല. [

മിനിട്ടുകള്‍ കടന്നു പോകുന്തോറും എന്റെയും നെഞ്ചിടിപ്പു കൂടി കൂടി വന്നു.
വിമാനത്തിലേക്കുകയറാനുള്ള അവസാനവിളിയും കഴിഞ്ഞപ്പോള്‍ എന്റെയും അവസാന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
“ഇയാളു മാത്രം പോകുന്നോ? അതോ ഇല്ലെയോ? എന്ന കുഴക്കുന്ന ചോദ്യം പലവുരു കേട്ടില്ലന്നു നടിച്ചപ്പോള്‍
ഞങ്ങളുടെ ലഗേജുകള്‍ തിരിച്ചിറക്കാനും മാറ്റി വെക്കാനും ഉത്തരവായി.
എന്തു ചെയ്യണമെന്നൊരു തീരുമാനമെടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.

എനിക്കു പോകണമെങ്കില്‍ അമ്മയെയും കുഞ്ഞിനെയും വിശ്വസിച്ചാരെയെങ്കിലും ഏല്‍പ്പിക്കണം.
അതിന്നായി എയര്‍പോര്‍ട്ടു സെക്യൂരിറ്റിയെ സമീപിക്കുന്നതിനു തൊട്ടു മുമ്പാണു എന്റെ ഫോണ്‍ അടിച്ചത്‌.

ആ സ്ത്രീയുടെ ശബ്ദം.

അവര്‍ ബാഗുമായി എയര്‍പോര്‍ട്ടു എന്‍ട്രന്‍സില്‍ എത്തിയിരിക്കുന്നു.
ഞാന്‍ ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു. ഓടിച്ചെന്നു ആ ബാഗു വാങ്ങി സ്ക്രീന്‍ ചെയ്യിച്ചു. അതില്‍ നിന്നു വിസയെടുത്തു എമിഗ്രേഷന്‍ കൗണ്ടറില്‍ കൊടുത്തു.
കുഞ്ഞിന്റെ പാസ്പോര്‍ട്ടില്‍ എക്സിറ്റു സീല്‍ ചെയ്തു നേരെ വിമാനത്തിലേക്കു നടന്നു കയറി.
സീറ്റു നമ്പര്‍ നോക്കി.
മൂന്നു സീറ്റുള്ള സൈഡു നിരയാണ്‌. ജനലിനടുത്തെ സീറ്റ്‌ ഒരു ഹിന്ദിക്കാരിയുടെതാണ്‌. നടുക്കുള്ളതവളുടേതും വഴിയോടു ചേര്‍ന്നതെന്റെതും.
ആശ്വാസമായി.
ഇരുന്നു ബെല്‍റ്റു കെട്ടുന്നതു കാണിച്ചു കൊടുത്തു.
കുഞ്ഞിന്റെ കരച്ചില്‍ അപ്പോഴും മാറിയിട്ടില്ല.
ബാഗില്‍ നിന്നു ആ പാല്‍കുപ്പിയെടുത്തു കൊടുത്തു. അതു വായിലേക്കു വെച്ചതേയുള്ളൂ അവന്റെ എല്ലാ നിലവിളിയും നിന്നു. ആശ്വാസമായി.

ഞാന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കു നോക്കി. പേടി കൊണ്ടും വെപ്രാളം കൊണ്ടും അതിനൊന്നും മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
ഞാന്‍ ബാഗില്‍ നിന്നു വെള്ളമെടുത്തവള്‍ക്കാദ്യം നല്‍കി.അവള്‍ വെള്ളം കുടിച്ചു അത്യന്തം ആശ്വാസത്തോടെ എന്നെ നോക്കി.

കുഞ്ഞു പാലു കുടിച്ചു ഒന്നു മയങ്ങാനുള്ള പുറപ്പാടിലാണെന്നു ഞാന്‍ മനസ്സിലാക്കി.കുഞ്ഞിനെ ഉറക്കാനുള്ള അവളുടെ പരിചയക്കുറവു കണ്ടപ്പോള്‍ ഞാന്‍ തന്നെ കുഞ്ഞിനെ വാങ്ങി എന്റെ മടിയില്‍ വെച്ചു.
കുഞ്ഞു എന്റെ മാറില്‍ ചേര്‍ന്നു സുരക്ഷിതനായി ഉറങ്ങി.

ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയുടെ നീണ്ട പാസ്സേജിലൂടെ കൈകുഞ്ഞായിരുന്ന ശാബുവിനെ മാറോടു ചേര്‍ത്തു കാറിലേക്കു നടന്ന കാലം ഒരോര്‍മ്മയായി മനസ്സിന്റെ വാതിലില്‍ മുട്ടിവിളിച്ചു.

അവളുടെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും മാത്രമേ കുറച്ചു നേരത്തേക്കു വെളിയില്‍ വന്നുള്ളൂ.
അവക്ക്‌ കുറച്ചു കൂടി റിലാക്സാവാന്‍ അവസരമുണ്ടാക്കി.

ഞാന്‍ പോക്കറ്റില്‍ നിന്നു എന്റെ ഫോണ്‍ എടുത്തു അവളുടെ അമ്മായിയമ്മക്കു ഡയലു ചെയ്ത നമ്പര്‍ വീണ്ടും അമര്‍ത്തി ഫോണ്‍ കൊടുത്തു പറഞ്ഞു.

"ഇനി അമ്മായിയമ്മയോടു പറഞ്ഞോളൂ എല്ലാം ശരിയായി എന്നും വിമാനത്തിനകത്തിരുന്നാണു വിളിക്കുന്നതെന്നും ഒന്നു കൊണ്ടും വിഷമിക്കേണ്ടതില്ലന്നും".
അവള്‍ ഫോണ്‍ വാങ്ങി സംസാരിച്ചു.
അമ്മായിയമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്‌. അതിലിനി ക്രഡിറ്റു വളരെ കുറച്ചെ കാണൂ. എനിക്കൊന്നു സാബിയെ വിളിക്കാന്‍ അതിലിനി ഒന്നും ബാക്കിയുണ്ടാവില്ലന്നു തോന്നി.

സീറ്റിനെകുറിച്ചുള്ള ചോദ്യത്തിനാവും അവള്‍ അമ്മയിയമ്മയോടു മറുപടി പറയുന്നുണ്ട്‌.

"അടുത്തടുത്ത സീറ്റാണെന്നും തൊട്ടപ്പുറത്തൊരു ഹിന്ദിക്കാരിയാണു"
അവള്‍ പറയുന്നതു ഞാന്‍ കേട്ടു.
പിന്നെ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ക്കവള്‍ മൂളിക്കേട്ടു കൊണ്ടിരുന്നു.

ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു എന്റെ എയര്‍റ്റെല്ലിന്റെ ക്രഡിറ്റു തീരുന്നതു വരെ ആ സ്ത്രീ അവളോടു കത്തിവെച്ചു.
ഫോണ്‍ മിണ്ടാതായപ്പോള്‍ അവള്‍ അതെനിക്കു തിരിച്ചു തന്നു.

സാബിയെ ഞാന്‍ വിളിക്കാത്തതിനാലാവണം അവളുടെ ഒരു കാള്‍ വന്നതു ഭാഗ്യമായി. "മൊബെയില്‍ നിരന്തരം എന്‍ഗേജായിരുന്നതെന്തേ?"
എന്ന ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യത്തിനു ഉത്തരമായി നടന്നതൊക്കെ വിശദമായി പറയേണ്ടി വന്നു.

എയര്‍ഹോസ്റ്റസു വന്നു ഫോണ്‍ ഓഫാക്കണമെന്നു പറഞ്ഞു ഹിന്ദിയിലും ഇംഗ്ലീഷിലും ശകാരിക്കുന്നതു വരെ, പറയാന്‍ മാത്രം സംഭവബഹുലമായിരുന്നു കാര്യങ്ങള്‍. അവളുടെ മറ്റൊരു ആശ്വാസനിശ്വാസവും കൂടി കേട്ടതിനു ശേഷം ഞാന്‍ ഫോണ്‍ കട്ടാക്കി.

വിമാനം ഉയരാന്‍ തുടങ്ങുന്നതിന്നു മുന്നെ കുഞ്ഞിന്റെ ചെവിയില്‍ പഞ്ഞി വെച്ചു ഞാന്‍ അവനെ അവന്റെ പ്രഥമ ആകാശാവരോഹണത്തിനൊരുക്കി.
പിഞ്ചു കുഞ്ഞിനെ കൂടുതല്‍ വിഷമിപ്പിക്കാതെ വിമാനം മണ്ണുവിട്ടുവിണ്ണിലേക്കുയര്‍ന്നു.
വിമാനം തിരശ്ചീന തലത്തിലായി.

ലഘുഭക്ഷണത്തിനു ശേഷം വിമാനത്തിലെ വിളക്കുകള്‍ അണഞ്ഞു.
യാത്രക്കാരില്‍ ഒന്നു മയങ്ങാനുള്ളവര്‍ക്കു അതിനുവേണ്ട സൗകര്യമൊരുക്കുകയാണു എയര്‍ഹോസ്റ്റസുമാര്‍.

സീറ്റു പിന്നിലേക്കു താഴാനുള്ള ബട്ടണമര്‍ത്തി ഞാന്‍ ഒന്നു കൂടി നന്നായി ചാരിയിരുന്നു. ശാന്തനായി ഉറങ്ങുന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു, എന്റെ കൈകള്‍ കൊണ്ടവനെ ഒന്നു കൂടി നന്നായി ആലിംഗനം ചെയ്തു. ഞാനും ഒന്നു കണ്ണടക്കാന്‍ തുടങ്ങി.

വല്ലാത്ത ക്ഷീണമുണ്ട്‌. രണ്ടുദിവസമായി പ്രിയപ്പെട്ടവരുമായുള്ള പിരിച്ചിലിന്റെ തീവൃമായ മാനസീക വിഷമത്തിലുമാണ്‌.
ഞാന്‍ പതിയെ ഉറക്കം പിടിച്ചു.
ശീതികരണിയുടെ തണുപ്പില്‍ ഞാന്‍ ക്ഷീണം മറന്നു നന്നായി ഉറങ്ങിപ്പോയി.

തൊട്ടടുത്തുറങ്ങാതിരിക്കുന്ന ഒരു നെഞ്ചിങ്കൂടില്‍ നിന്നൊരുരു വറ്റാത്ത നന്ദിയുടെ കുറുകല്‍ സ്വപ്നത്തിലെന്നപോലെ കേട്ടതായി തോന്നി.
ഒടപ്പെറന്നോളുടെ മനം നിറഞ്ഞ വിളി പോലെ തോന്നിയ ഒന്ന്.

ഒരു കുഞ്ഞുപെങ്ങളുടെ വിളി,
അകാവുന്നിടത്തോളം സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞു തുളുമ്പുന്ന നേര്‍ത്ത സ്വരത്തിലെ ഒരു വിളി
"ഏട്ടാ!"
ഞാന്‍ ഒന്നു കണ്ണു തുറക്കാന്‍ പോലും പറ്റാത്തവിധം തളര്‍ന്ന മയക്കത്തിലായിരുന്നു. എങ്കിലും തൊട്ടടുത്തെത്തിയ കണ്ണീരിന്റെ നനവുള്ള നിശ്വാസവായുവിന്റെ സാമീപ്യം എന്റെ മുഖപേശികള്‍ വായിച്ചെടുത്തു.
ഒപ്പം ക്ഷൗരം ചെയ്യാനൊരു ദിവസം വൈകിപ്പോയ എന്റെ ശുഷ്കിച്ച കവിളില്‍ റോസാമലറിന്റെ തളിരിതള്‍ കൊണ്ടൊരു നേര്‍ത്ത സ്പര്‍ശനം.
തികച്ചും ആര്‍ദ്രമായ ഒരു ചുംബനം.

എന്നെ ഉണര്‍ത്താതെ, സമൂഹത്തിന്റെ പഴിവാക്കുകളേയും കള്ളക്കണ്ണുകളേയും ഒളിച്ചു ആ സ്നേഹമുദ്ര എന്റെ കവിളില്‍ പകര്‍ന്നിട്ടു പതിയെ അവള്‍ പിന്‍വാങ്ങിയെന്നു മനസ്സിലാക്കി.

ഞാന്‍ കണ്ണു തുറക്കാതെ തന്നെ കിടന്നു.
എന്റെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും അയവു വന്നു.
ഞാനെന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടിയെ എന്റെ ചോരയായി തന്നെ കണ്ടു.

വിമാനമിറങ്ങുന്നതിന്നു മുന്നെ ഞാന്‍ എയര്‍ടെലിന്റെ SIM മാറ്റി പകരം ഇത്തിസാലാത്തിന്റെ SIM ഇട്ടു.
ആ സ്ത്രീ തന്ന നമ്പറില്‍ അവരുടെ മകനെ വിളിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരിച്ചു.
എനിക്കു ആശ്വാസമായി.
അവര്‍ യാത്ര പറഞ്ഞു അവരുടെ വാഹനത്തിനടുത്തേക്കു നീങ്ങി.
നടക്കുമ്പോള്‍ ആ പെണ്‍കുട്ടി നന്ദിപൂര്‍വ്വം ഒരുപാടു വട്ടം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

എന്നെ കൊണ്ടു പോകാന്‍ വന്ന കാറിലേക്കു ഞാനും നടന്നു.
ലഗേജിന്റെ പൈസ ചോദിക്കാന്‍ അന്നേരം എനിക്കു തോന്നിയില്ല.
-------------------------------------------------

ന്നു ഞാന്‍ എന്റെ ഫോണില്‍ ശബിയും ശാബുവും സേവു ചെയ്ത sound clip കളിലെ കുസൃതികള്‍ ഓരോന്നായി കേട്ടു കൊണ്ടിരിക്കുമ്പോള്‍ അവസാനത്തേതായി ആ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
അവള്‍ വിമാനത്തിനകത്തു നിന്നും അമ്മായിയമ്മയുമായി നടത്തിയ സംഭാഷണം.
അതിനിടക്കു അറിയാതെ വോയ്സ്‌ റിക്കാര്‍ഡര്‍ ഓണായപ്പോള്‍ റിക്കാര്‍ഡായതാണത്‌.

ഒരു കൗതുകം തോന്നിയപ്പോള്‍ അതു മുഴുവന്‍ കേട്ടു.
പിന്നെ, വേണ്ടിയില്ലായിരുന്നു എന്നു തോന്നി.

അതിലെ ആ സ്ത്രീയുടെ ഒരു ഉപദേശം, അതെന്നെ വല്ലാതെ തളര്‍ത്തി.
നന്മചെയ്യാനും സഹജീവിയെ സഹായിക്കാനുമുള്ള എന്റെ ഉള്ളിലെ ജന്മവാസനയെയും ശീലത്തെയും എന്നന്നേക്കുമായി കരിച്ചു കളയാന്‍ കഴിയുന്ന ഒരു വാചകം.

"ആ ഹിന്ദിക്കാരിയെ നടുക്കിലേക്കു മാറ്റി നീ ആ അറ്റത്തെ സീറ്റിലേക്കു മാറിയിരുന്നോളൂ. ചെയ്തു തന്നതിനൊക്കെ ഒരു നന്ദി പറഞ്ഞു ആ ബന്ധം മുറിഞ്ഞേക്കൂ.
ആണുങ്ങളെ ഒന്നിനെയും നമ്പാന്‍ പറ്റില്ല.
പ്രത്യേകിച്ചു ഇങ്ങനെ എല്ലാം മറന്നു സഹായിക്കുന്ന പുരുഷന്മാരെ.
മറ്റെന്തെങ്കിലും കണ്ടിട്ടായിരിക്കും അയാള്‍ അതിനു നില്‍ക്കുന്നത്‌".

ഇതു കേട്ട നിമിഷം മുതല്‍ ഞാന്‍ വല്ലാത്ത ദു:ഖത്തിലായിരുന്നു.
ഇക്കാലത്തു അപരിചിതര്‍ക്കു നന്മ ചെയ്യാനും സഹായിക്കാനും ആളുകള്‍ മടിക്കുന്നതെന്തു കൊണ്ടു എന്നു ഞാന്‍ അനുഭവിച്ചറിഞ്ഞു.

പക്ഷെ ഈ ഉപദേശം കേട്ടിട്ടും സീറ്റു മാറാതിരിക്കുകയും ആങ്ങളയെന്നു നിനച്ചു എന്നിലര്‍പ്പിച്ച ആ വിശ്വാസവും അതു സാക്ഷ്യപ്പെടുത്താന്‍ ഞാനൊന്നുറങ്ങിയപ്പോള്‍ അവള്‍ എന്റെ കവിളില്‍ പതിപ്പിച്ച സ്നേഹമുദ്രയും മാത്രമാണു എന്നെ വീണ്ടും ശുഭാപ്തിവിശ്വാസക്കാരനാക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ആ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലിലൂടെ ഇതു ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നതും.

26316

ഞായറാഴ്‌ച, ജൂലൈ 29, 2007

ഏലസ്സ്‌

ഈയാഴ്ച ഇതു നാലാമത്തെ തവണയാണു നസീമാന്റെ മിസ്‌ കാളിനു ഞാന്‍ മൊബെയിലിലെ ക്രെഡിറ്റു കളയുന്നത്‌. ഒരു കാര്യവുമില്ല. റജബ്‌ 13 എന്ന തിയതിയും അതിന്റെ അപകടവും ഓര്‍മ്മിപ്പിക്കാനാണ്‌.

അന്നാണു അവളു കെട്ടിയ ആ ഏലസ്സിന്റെ ശക്തി ക്ഷയിക്കുന്ന ദിവസം.

രണ്ടു എയര്‍പോര്‍ട്ടിലും മെറ്റല്‍ ഡിക്റ്റേറ്റര്‍ അപകടസൂചന നല്‍കിയ ബീപ്‌ ബീപ്‌ ശബ്ദം പുറപ്പെടുവിച്ചതു ആ ചെമ്പിന്റെ ഏലസ്സു കാരണമായിരുന്നു . കോഴിക്കോട്ടതു കണ്ട ഉദ്യോഗസ്ഥന്‍ നിസ്സാരമട്ടില്‍ "പോ" എന്നു ചൊല്ലി. എന്നാല്‍ ദുബൈയില്‍ അതു കേട്ടു ഓടി വന്നതു ഒരു കൂട്ടം സെക്യൂരിറ്റി പോലീസുകാരായിരുന്നു. തന്റെ അരയില്‍ കെട്ടിയ ലോഹനിര്‍മ്മിത ഏലസ്സു അഴിച്ചെടുത്തു സംശയത്തോടെ കുത്തിത്തുറന്ന പ്രധാന പോലീസുകാരന്‍ ചുരുട്ടി മടക്കിയ ഒരു കടലാസു അതിനുള്ളില്‍ നിന്നു പുറത്തെടുത്തു പണിപ്പെട്ടു നിവര്‍ത്തിയപ്പോള്‍ അതില്‍ നിറയെ കള്ളിവരച്ചതിനുള്ളിലെ അറബിയക്ഷരം പോലെ തോന്നിക്കുന്നവ കണ്ടു രഹസ്യകോഡുകളാണെന്നയാള്‍ സംശയിച്ചതില്‍ അയാളെ കുറ്റപ്പെടുത്താനാവില്ല.
ഒന്നും മനസ്സിലാവാഞ്ഞിട്ടാവും അതിന്റെ ഒരുഫോട്ടോസ്റ്റാടുത്ത്‌ അതിലെന്റെ പാസ്പോര്‍ട്ടു നമ്പറും സ്പോണ്‍സറുടെ ഫോണ്‍ നമ്പറുമെഴുതിയെടുത്തു അയാള്‍ കൗണ്ടറിലിരുന്നയാള്‍ക്കു കൊടുത്തു, എന്റെ മുഖത്തെ കൂസലില്ലായ്മ നിരീക്ഷിച്ചു ഒരു പുച്ഛരസത്തോടെ ബാക്കിയൊക്കെ എന്റെ കയ്യിലേക്കിട്ടു തന്നു.

റൂമിലെത്തി, സുഖമായെത്തിയ വിവരം പറയാന്‍ നസീമയെ വിളിച്ചപ്പോള്‍ പുലര്‍ച്ചെ നാലുമണിയായിരുന്നു.
ദുബൈ പോലീസു ഏലസ്സു തുറന്ന വിവരം ഒരു തമാശയോടെ പറഞ്ഞപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചു ചോദിച്ചു.

"എന്നിട്ടതു അപ്പോള്‍ തന്നെ അടച്ചില്ലേ?"
"അതിനകത്തെ ലിഖിതം വെളിച്ചം കാണിക്കാന്‍ പാടില്ല. ഉടനെ ആ കടലാസു നന്നായി മടക്കി ഏലസ്സിനുള്ളിലാക്കി അടച്ചു സീല്‍ ചെയ്യണം. ഇല്ലങ്കില്‍ അതു പുറത്തായ സമയം അതിനു ഫലം ഉണ്ടാവില്ല. പകരം, ഇനി വരുന്ന എല്ലാ അതേ 'തിഥി'കളിലും അതിനു വിപരീത ഫലം തീര്‍ച്ചയായും ഉണ്ടാവും".

പേടിച്ചു കൊണ്ടല്ല ഞാന്‍ അതു ചുരുട്ടി ലോഹകൂടിനകത്താക്കി അടച്ചു സൂപ്പര്‍ ഗ്ലൂ കൊണ്ടു സീല്‍ ചെയ്‌തതു, മറിച്ചു അവള്‍ ആദ്യമായി വളരെ ഗൗരവത്തോടെ അഭ്യര്‍ത്ഥിച്ച ഒരു കാര്യം തള്ളിക്കളയാന്‍ എനിക്കവളൊടുള്ള സ്നേഹം സമ്മതിക്കാത്തതതു കൊണ്ടു മാത്രമായിരുന്നു.

അങ്ങനെയാണ്‌ റജബു 13ന്റെ തിഥി (ഏഴാമത്തെ ചന്ദ്രമാസത്തിന്റെ ഒരു രാവും പകലും)അവള്‍ക്കു പേടിസ്വപ്നമായ രാപ്പകല്‍ ആയത്‌.

അന്ധവിശ്വാസങ്ങളുടെ ആലയമാണു തന്റെ വീടെന്നതു അയാളെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്‌.ഒരു പനി വന്നാലും നാലു തുമ്മല്‍ ഒന്നിച്ചു തുമ്മിലായാലും ആദ്യമോര്‍ക്കുക ആരെങ്കിലും ചെയ്യാനിടയുള്ള ആഭിചാരത്തെക്കുറിച്ചായിരിക്കും. വീട്ടിലെ ഉപ്പും മുളകും കടുകും ഏറ്റവും ഉപയോഗിച്ചിട്ടുണ്ടാവുക പാചകത്തിനാവില്ല, മറിച്ചു ഉഴിഞ്ഞും മന്ത്രിച്ചും അടുപ്പിലിടാനായിരിക്കും.

ഉമ്മയുടെ ഏകമകനായ താന്‍ ഒരു ബേക്കറിയിലെ കണക്കെഴുത്തു ജോലിക്കാരനായി കര്‍ണ്ണാടകയിലെഷിമോഗയിലേക്കു പോകുന്നതു വരെ എന്റെ മാതാവിനു ഇത്തരം തീവ്രമായ വിശ്വാസങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ചെലവു ചുരുക്കണമെന്ന ബുദ്ധിയില്‍ ബേക്കറിക്കു പിന്നിലെ ഒരു വീട്ടില്‍ പേയിംഗ്‌ ഗസ്റ്റായി ചേര്‍ന്നപ്പോള്‍ ആ വീട്ടില്‍ ഒരു വിധവയും മൂന്നു പെണ്‍കുട്ടികളും മാത്രമേയുള്ളൂവെന്നതാദ്യം അറിയില്ലായിരുന്നു.

കിടക്കാനും കുളിക്കാനും സൗകര്യവും മൂന്നു നേരം ഭക്ഷണവും നാന്നൂറു രൂപക്കു ഏര്‍പ്പാടാക്കി തന്ന ബേക്കറിയുടമക്കു ഞാന്‍ ആദ്യം നന്ദി പറഞ്ഞു. ചില്ലറ ചെലവു കഴിഞ്ഞു ബാക്കിയായ രണ്ടായിരം രൂപ മാസാമാസം വീട്ടിലയച്ചു.

പിന്നെ എപ്പോഴാണു ഞാന്‍ എന്റെ വീട്ടിലേക്കു കാശയക്കുന്നതു കുറഞ്ഞു കുറഞ്ഞ്‌ വന്നതെന്നോര്‍ക്കുന്നില്ല. പിന്നെ പിന്നെ അവസാനം അതു തീരെയില്ലാതെയായി. അപ്പോഴേക്കും ഞാന്‍ അവരുടെ ചായ്പ്പില്‍ നിന്നു അകത്തെ മുറിയിലേക്കു മാറിയിരുന്നു. ആ വീട്ടുകാര്‍ എന്നെ ആ വീട്ടിലെ അംഗത്തെപ്പോലെ കരുതുന്നുവെന്നെനിക്കു താന്നി.
ആ വീട്ടിലെ സാമ്പത്തിക ബാധ്യതയുള്ള ഏതൊരു കാര്യത്തിലും അവസാന തീരുമാനമെടുക്കാന്‍ അവരെന്നെ കാത്തിരിക്കുമായിരുന്നു. ആ സ്ത്രീ എന്റെ ആരായിരുന്നു?,ആ മൂന്നു പെണ്മക്കള്‍ എന്റെ ആരായിരുന്നു?. എനിക്കൊരോര്‍മ്മയുമില്ല. പക്ഷെ ശമ്പളം കിട്ടുന്ന ദിവസം ഞാന്‍ അവരെ ഓര്‍ത്തു വല്ലാതെ സങ്കടപ്പെടും. അന്നവരുടെ കണ്ണില്‍ നിന്നൊരുപാടു കണ്ണീര്‍ ഒഴുകി എന്റെ ചോറ്റില്‍ വീഴും. പിന്നെ ഒന്നുമോര്‍ക്കാതെ, രണ്ടാമതൊന്നു ചിന്തിക്കാതെ, അമര്‍ത്തിപ്പിടിച്ച നോട്ടുകള്‍ അവര്‍ക്കു നല്‍കും. അവരോടു തോന്നിയ വികാരമെന്തായിരുന്നു. ലൈംഗികചിന്തയണോ, ദയയാണോ, അതോ വിധേയത്വമോ തീര്‍ച്ചയില്ല. ഒന്നും എനിക്കറിയില്ല. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഇതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങള്‍.
പക്ഷെ ഇനിയുള്ളത്‌ എന്റെ ഉമ്മയും ഉമ്മയില്‍ നിന്നു ഭാര്യ കേട്ടതുമായ കാര്യങ്ങള്‍.

അഞ്ചു വര്‍ഷത്തോളം എന്നെക്കുറിച്ചു യാതൊരു വിവരവും പൈസയും കിട്ടാത്തതു കൊണ്ടാണു എന്റെ വീട്ടുകാര്‍ ആദ്യമായി ഏന്തീന്‍ മൊല്ലയുടെ അടുത്തു പോയതെത്രേ!

ഞാന്‍ കൈവിഷത്തിനടിമപ്പെട്ടു വെന്നും തിരിച്ചു കൊണ്ടു വരിക വിഷമം പിടിച്ചതാനെന്നും അയാള്‍ മഷിനോക്കി പറഞ്ഞെത്രേ,. തീവ്രമായ ആഭിചാരത്തിലൂടെ എന്നെ നൊസ്സനാക്കി മാത്രമേ തിരിച്ചു കൊണ്ടുവരാന്‍ പറ്റൂ എന്നയാള്‍ മുന്നറിയിപ്പു കൊടുത്തത്രേ!

എങ്ങനെയെങ്കിലും എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയാല്‍ മതിയെന്നായി ഉമ്മ.

അതിന്നായി മൊല്ല, മന്ത്രം ചൊല്ലി ഊതിയ ഒരു മഴുക്കാമ്പ്‌ നല്‍കി. അതു പതുക്കെ ചൂടാക്കാന്‍ പറഞ്ഞു. ഷിമോഗയില്‍ നിന്നു ഒരാള്‍ നാട്ടിലെത്താന്‍ എടുക്കുന്ന സമയം കണക്കു കൂട്ടി പതുക്കെ മാത്രമേ ചൂടാക്കാന്‍ പാടുള്ളൂ എന്നും ആള്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അതു വെള്ളത്തിലിട്ടു തണുപ്പിക്കണമെന്നും, എത്തിയ ഉടന്‍ ആളെ പൂട്ടിയിടണമെന്നും മൊല്ല നിര്‍ദ്ദേശം നല്‍കി. അതിനു ശേഷമുള്ള ചികില്‍സ മൊല്ലയെ വിവരമറിയിച്ചതിനു ശേഷം അയാള്‍ നേരിട്ടു ചെയ്യാമെന്നും പറഞ്ഞത്രേ.

ഭ്രാന്തനായിട്ടാണു ഞാന്‍ ഷിമോഗയില്‍ നിന്നു നാട്ടിലെത്തിയതെന്നു സത്യം.
ബേക്കറിയിലെ കൗണ്ടരില്‍ നിന്നു കിട്ടിയ കാശു വാരിയെടുത്തു കണ്ട വാഹനത്തിനൊക്കെ കയറി നാട്ടിലെ വീട്ടിലെത്തുന്നതു വരെ ഭക്ഷണം പോലും കഴിക്കണമെന്നു തോന്നിയിരുന്നില്ല.
അതിനു മുന്‍പ്‌ കുറച്ചു പൈസ അഡ്വാന്‍സു ചോദിച്ചിട്ടും തരാത്ത മുതലാളിയുമായി വഴക്കായി അയാളെ പിടിച്ചു തള്ളിയപ്പോള്‍ അയാള്‍ ചെന്നു വീണതു ഉരുക്കുകൊണ്ടുള്ള പാക്കിംഗ്‌ മെഷീനില്‍. തല പൊട്ടിയോ ബോധം പോയോ എന്നൊന്നും ശ്രദ്ധിക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച എനിക്കന്നേരം എന്തു ഭ്രാന്താണെന്നറിയില്ലായിരുന്നു.

നട്ടപ്പാതിരക്കു വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അപ്പോഴും ഉമ്മ കാത്തിരിക്കുകയായിരുന്നു. എന്നെ സ്വീകരിച്ചൊരുമുറിയില്‍ കൂട്ടികൊണ്ടിരുത്തി ആ മുറി പുറത്തു നിന്നും സൂത്രത്തില്‍ പൂട്ടിയ ഉമ്മ നേരെ പോയതു അടുപ്പില്‍ നിന്നു ചുട്ടുപഴുത്ത്‌ മഴുത്തായയെടുത്തു വെള്ളത്തില്‍ മുക്കാനായിരുന്നു.
പെട്ടന്നു ഒരു ബാധ ഒഴിഞ്ഞെന്നപോലെ ഞാന്‍ തളര്‍ന്നു വീണു.

എന്റെ ബോധം തിരിച്ചു കിട്ടിയപ്പോള്‍ ഞാന്‍ വീണ്ടും ഷിമോഗയെക്കുറിച്ചും അവിടത്തെ നിരാലംബരായ നാലു മനുഷ്യരെക്കുറിച്ചും ഓര്‍ത്തു. എനിക്കവിടെ പോകാന്‍ തിടുക്കമായി. പക്ഷെ കരഞ്ഞു പറഞ്ഞിട്ടും ആരും വാതില്‍ തുറന്നു തന്നില്ല. വീണ്ടും ഞാന്‍ കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയി.പൂജാമന്ത്രങ്ങളും കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും മണവും അനുഭവിച്ചാണു മയക്കത്തില്‍ നിന്നുണര്‍ന്നത്‌. തൊട്ടു മുന്നില്‍ കര്‍മ്മം നടത്തുന്ന മൊല്ല. എന്റെ കൈകാലുകളില്‍ ബന്ധിച്ച ചങ്ങല.മാസങ്ങള്‍ നീണ്ടു നിന്ന ചികില്‍സ. ഞാന്‍ പൂര്‍വാ സ്ഥിതിയിലേക്കു മാറിയെന്നവര്‍ക്കു ബോധ്യമായി.

അപ്പോഴേക്കും ഞാന്‍ ഷിമോഗയിലെ പണിയെക്കുറിച്ചും അവിടത്തെ മനുഷ്യജീവികളെക്കുറിച്ചും ഏതാണ്ടു മറന്നു കഴിഞ്ഞിരുന്നു.

എന്നില്‍ നിന്നു കൈവിഷത്തിന്റെ കെട്ടു വിട്ടുപോയി എന്നു പൂര്‍ണ്ണമായി ബോധ്യപ്പെട്ടപ്പോഴാണ്‌ നസീമയുമായുള്ള വിവാഹം നടത്തിയത്‌.നസീമാന്റെ ദുബൈയിലുള്ള സഹോദരന്റെ സഹായത്തോടെയാണു ഞാന്‍ ഗള്‍ഫില്‍ എത്തിയത്‌.

ഉമ്മയില്‍ നിന്നു ചൊരിഞ്ഞ ആഭിചാരകഥകളുടെ കടുത്ത ചായക്കൂട്ടുകള്‍ മനസ്സില്‍ പതിഞ്ഞതു കൊണ്ടാവണം നസീമാക്കു ഉമ്മയെക്കാള്‍ അന്ധവിശ്വാസങ്ങള്‍ കൂടുതലായിരുന്നു. അതിന്റെ പ്രകടോദാഹരണമായിരുന്നു നാട്ടില്‍ നിന്നു പുറപ്പെടുന്നദിവസം അരയില്‍ കെട്ടിത്തന്ന ഈ ഏലസ്സ്‌.

ഇന്നു റജബുമാസം 13 വ്യാഴാഴ്ചയാണ്‌.ദുബൈ പോലീസു എന്റെ ഏലസ്സു കുത്തിത്തുറന്ന നേരം. ഉച്ചതിരിഞ്ഞു 4 മണി. ഇനി വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലു മണി വരെ ചന്ദ്രമാസത്തിലെ തിഥിയാണ്‌. വെള്ളിയാഴ്ച്ചരാവു പ്രേതങ്ങള്‍ക്കും പ്രവാസികള്‍ക്കും പ്രിയപ്പെട്ട ദിവസം.

ഞാന്‍ അരയില്‍ നിന്നു ഏലസ്സു അഴിച്ചെടുത്തു. ഇന്നെങ്കിലും ഇതിന്റെ തടസ്സമില്ലതെ ഒന്നു സ്വതന്ത്രനാവണം. ശക്തിയില്ലാത്ത ഇതു ഇന്നു ശരീരത്തില്‍ കെട്ടിനടക്കുന്നതില്‍ കാര്യമില്ല. ഞാന്‍ അതു കട്ടിലിനു മീതെ ചുമരിലെ ആണിയില്‍ തൂക്കി. പ്രതിഷേധമെന്നോണം അതു ആ ആണിയില്‍ കിടന്നു അസ്വഭാവികതയോടെ പെന്‍ഡുലം കണക്കെ കുറേ നേരം ആടി.

ആട്ടം നിന്നപ്പോള്‍ എനിക്കിന്നു ബീച്ചില്‍ പോകണമെന്നു തോന്നി.സാധാരണ വ്യാഴാഴ്ച രാത്രി ഞാന്‍ ആ ബീച്ചില്‍ പോകാറില്ല. അന്നു അവിടം മുഴുവന്‍ ബീറടിക്കാന്‍ വരുന്ന താഴെക്കിടയിലെ തൊഴിലാളികളും കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യുന്ന ശ്രീലങ്കന്‍ ഹൗസ്‌മേഡുകളും അവരുടെ കാമുകന്മാരും രാവേറെ ചെല്ലുന്നതു വരെ ആ കടപ്പുറത്തു നിറഞ്ഞിരിക്കും.

അത്യുഷ്ണം ബാക്കിയാക്കിയിട്ടു പോയ ചുടുബാഷ്പവും ജനക്കൂട്ടം ബാക്കിയാക്കിയിട്ടു പോയ നിശ്വാസവായുവും പൊട്ടിയ മദ്യക്കുപ്പികളും എന്നെ സാധാരണ വ്യാഴാഴ്ചകളില്‍ അങ്ങോട്ടു പോകാന്‍ പ്രേരിപ്പിക്കാറില്ല.

അരമണിക്കൂര്‍ നടക്കാനുള്ള ദൂരം വെറും പത്തുമിനിട്ടു കൊണ്ടു താണ്ടി ഞാനവിടെയെത്തി.സൂര്യന്‍ തിരക്കിട്ടു അസ്തമിക്കുകയാണ്‌. കടലലകള്‍ക്കു ചുടു ചോരയുടെ നിറം. ആള്‍ക്കൂട്ടം മിക്കവാറും പിരിഞ്ഞു പോയിരിക്കുന്നു.

ഞാന് ഉയര്‍ന്നു നില്‍ക്കുന്ന ആ പാറക്കെട്ടിന്റെ മുകളിലിരുന്നു കടലിലേക്കു നോക്കി ഏറെ നേരമിരുന്നു.നേരം വളരെ വൈകിയിരിക്കുന്നു. എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. എനിക്കു എന്നിട്ടും പേടി തോന്നിയില്ല. വിജനമായ കടപ്പുറം പ്രതീക്ഷിച്ചാണു ഞാന്‍ അത്രനേരം അവിടെയെരുന്നതെന്നു തന്നെയെനിക്കു തോന്നി.

പെട്ടന്ന് ഞാനിരിക്കുന്ന പാറയുടെ മറുവശത്തു നിന്നും ഒരു പാടു സ്ത്രീകളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും ഇടക്കിടക്കു വേദനപൂണ്ടെന്നപോലെയുള്ള അലറിക്കരച്ചിലുകളും എനിക്കു കേള്‍ക്കാനായി. ആകാശത്തില്‍ പൂര്‍ണ്ണചന്ദ്രനുണ്ട്‌.

ഞാന്‍ പതിയെ നടന്നു പാറക്കു മറുവശം ചെന്നു. അവിടെ ഒരു കാഴ്ച കണ്ടു ഞാന്‍ പേടിച്ചു വിറച്ചു. ആ പാറക്കു ഒരു ഗുഹയുള്ളതായും അതിന്റെ വശങ്ങള്‍ അസ്ഥികള്‍ പതിച്ചു മോടിപിടിപ്പിച്ചതായും ഗുഹയുടെ ഏറ്റവും അറ്റത്തു നിന്നും വരുന്ന തീവൃമായ പ്രകാശത്താല്‍ വെട്ടിത്തിളങ്ങുന്ന അനേകം മനുഷ്യ തലയോട്ടികള്‍ നിരന്നു കിടക്കുന്നതും ഞാന്‍ കണ്ടു.



എന്റെ കാലുകള്‍ എന്റെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ടു ആ ഗുഹാമുഖത്തേക്കു എന്നെ നയിക്കുകയാണ്‌. എന്റെ തലയും കൈകളും കഴിയുന്ന വിധം എതിര്‍ത്തു നോക്കുന്നുണ്ട്‌. പക്ഷെ എന്തു കാര്യം. കാലിനാണു മണ്ണിനെ തൊടാനാവുന്നത്‌. ഗുഹയിലെത്തി നടത്തം നിര്‍ത്തി. പിന്നെ കയ്യിന്റെ ഊഴമായി. അതു താഴെകിടക്കുന്ന ഒരു തലയോട്ടി കുനിഞ്ഞെടുത്തു വെണ്ണപോലെ മൃദുലം, കണ്ണാടി പോലെ മിനുസം.

എന്റെ കാലുകള്‍ തിരിഞ്ഞു നടക്കുകയാണ്‌.മണലിലെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ തട്ടി എന്റെ പാദങ്ങളില്‍ നിന്നു ചോരയൊലിക്കുന്നതു ഞാന്‍ കൂസുന്നില്ല. റൂമിലെത്തിക്കഴിഞ്ഞാണു കറന്റില്ലെന്നു മനസ്സിലായത്‌.എമര്‍ജന്‍സി ലൈറ്റു തപ്പാന്‍ വിരലുകള്‍ നിവര്‍ത്തിയപ്പോഴാണു എന്റെ കയ്യില്‍ നിന്നു ആ തലയോട്ടി കിടക്കയില്‍ വീണത്‌. ഞാന്‍ അതെടുത്തു മേശപ്പുറത്തു വെച്ചു. എമര്‍ജന്‍സി ലൈറ്റ്‌ സാധാരണ വെക്കുന്ന സ്ഥലത്തൊന്നും കണ്ടില്ല.
പെട്ടന്നാണു തലയോട്ടിയില്‍ നിന്നും പ്രകാശധാര വന്നു മുറിയെ വെളിച്ചത്തില്‍ കുളിപ്പിച്ചത്‌. ഇത്രക്കും പ്രകാശം ഈ മുറി നേരത്തെ അനുഭവിച്ചിട്ടില്ല.

ആണിയില്‍ തൂക്കിയ ഏലസ്സു വീണ്ടും പെന്‍ഡുലം പോലെ സ്വയം ആടാന്‍ തുടങ്ങി. ഫാനുപോലും ചലിക്കുന്നില്ല. എനിക്കത്ഭുതം തോന്നി.
ഞാന്‍ ടോയ്‌ലറ്റില്‍ പോയി അംഗശുദ്ധി വരുത്തി ഉറങ്ങാനുള്ള തയ്യാറെടുപ്പുമായി തിരിച്ചു വന്നപ്പോള്‍ എന്റെ ലാപ്റ്റോപ്പ്‌ ഓണായി കിടക്കുന്നു.മേശപ്പുറത്തു ഞാന്‍ വെച്ച തലയോട്ടി ഒരു മൗസിനെപ്പോലെ എന്റെ കമ്പ്യൂട്ടറിനെ സ്വയം നിയന്ത്രിക്കുന്നു. കഴ്‌സര്‍ ഇന്‍റ്റര്‍നെറ്റിലേക്കു കടന്നു ഒരു വെബ്‌സൈറ്റില്‍ ചെന്നു നില്‍ക്കുന്നു.ഞാന്‍ അടുത്തു വന്നു സ്ക്രീനില്‍ നോക്കി.എട്ടു വര്‍ഷം മുന്‍പു മിസ്സിംഗായ ഒരു ഫിലിപ്പിനോ യുവതിയെക്കുറിച്ചുള്ള വിവരങ്ങളാണ്‌ ആ സൈറ്റില്‍ .ഞാന്‍ ആ വിവരങ്ങള്‍ മുഴുവന്‍ ക്ഷമയോടെ വായിച്ചു. ഫേവരേറ്റില്‍ സേവു ചെയ്യണമെന്നു കരുതിയതേയുള്ളൂ. അതു സംഭവിച്ചു.നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണം കഴിക്കാന്‍ തീരെ തോന്നിയില്ല. ക്ഷീണം കാരണം എനിക്കുറക്കം വന്നു.അതോടേ ലാപ്റ്റോപ്പ്‌ ഷട്ട്ഡൗണാകുന്നതും അടക്കുന്നതും ഞാന്‍ കണ്ടു.



ഉറങ്ങാന്‍ കിടന്നപ്പോഴും ആണിയില്‍ തൂക്കിയ ഏലസ്സു കിടന്നാടുകയായിരുന്നു.
കിടന്നപ്പോള്‍ എന്നെ ചുമരിന്റെ വശത്തേക്കു തള്ളിനീക്കിയപോലെ എനിക്കു വേദനിച്ചു. ഞാന്‍ ചുമരിനോടു ചേര്‍ന്നു കിടന്നു. അപ്പോള്‍ ഏലസ്സിന്റെ കറക്കം 360 ഡിഗ്രിയായി. അതിലേക്കു നോക്കിക്കിടന്ന എനിക്കു തലകറങ്ങുന്നതു പോലെ തോന്നി. ഞാന്‍ മയക്കത്തിലേക്കു വീണു.
എന്റെ അരക്കെട്ടിലെന്തോ ഭാരം അനുഭവപ്പെട്ടു കൊണ്ടാണു ഞാന്‍ ഞെട്ടിയുണര്‍ന്നത്‌.എല്ലാ ലൈറ്റുകളും പ്രകാശിക്കുന്നു. കിടന്നു കൊണ്ടു തന്നെ വാച്ചിലേക്കു നോക്കി നേരം നാലു മണി. താഴെ തറയില്‍ പൊട്ടിത്തകര്‍ന്ന തലയോട്ടിയുടെ നുറുങ്ങുകള്‍ ചിതറിക്കിടക്കുന്നു .ആണിയിലെ ഏലസ്സവിടെ കണ്ടില്ല. അതെന്റെ അരയിലേക്കു വീണിരിക്കുന്നു.

ഞാന്‍ ചാടി ഏണീറ്റു. ആദ്യമായി ഏലസ്സെടുത്തു അരയില്‍ ഭദ്രമായി കെട്ടി. വല്ലാത്തൊരാശ്വാസം. കമ്പ്യൂട്ടര്‍ ഇപ്പോള്‍ ബാറ്ററിയിലല്ല പ്രവര്‍ത്തിക്കുന്നത്‌. ഫേവറെറ്റു നോക്കി. ആ ലിങ്കവിടെ കാണുന്നില്ല. ഞാന്‍ കണ്ടതൊരു സ്വപ്നമായിരുന്നോ? ആയിരുന്നങ്കില്‍ ഈ പൊട്ടിപൊടിഞ്ഞ തലയോടെങ്ങനെ തറയില്‍ വന്നു?. എനിക്കൊരു പിടുത്തവും കിട്ടിയില്ല.
കൃത്യം 4.10നു പുലര്‍ച്ചെ നസീമയുടെ കാള്‍ വന്നു. ഹലോ എന്നു പറയാന്‍ എനിക്കു അവസരം കിട്ടുന്നതിന്നു മുന്‍പെ അവള്‍ പറഞ്ഞു
" രക്ഷപ്പെട്ടു അല്ലെ! ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു."

വെള്ളിയാഴ്‌ച, മേയ് 25, 2007

ഇത്തിരി തണലുമായെത്തുന്നവര്‍

നാലുമണിക്കു ശേഷമുള്ള ഷിഫ്റ്റില്‍ ജോലി ചെയ്യാനെത്തുമ്പോള്‍ എനിക്കെന്നും വല്ലാത്ത നെഞ്ചിടിപ്പാണ്‌.
ആദ്യം ഷോപ്പിലെത്തേണ്ടതു ഞാനാണ്‌.
കട നില്‍ക്കുന്ന ബില്‍ഡിംഗില്‍ അക്കമഡേഷന്‍ തന്നതിന്റെ ശിക്ഷ.

ജോലിയില്‍ കയറിയതിന്റെ നാലാം ദിവസം വാതില്‍ തുറക്കാനുള്ള താക്കോല്‍ക്കൂട്ടമെടുത്തു കടയുടമ സല്‍മാന്‍ റാഷിദ്‌ അല്‍ ഉവൈസി കയ്യില്‍ പിടിപ്പിച്ചു അതടക്കം ഇറുക്കിയ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ തരുമ്പോള്‍ എന്റെ വലത്തെ കൈ നന്നായി വേദനിച്ചു
ഈ പണിക്കു ഇത്രക്കും ടെന്‍ഷനുണ്ടാവുമെന്നു ഞാനന്നേരം കരുതിയില്ല.

സ്ട്രീറ്റില്‍ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ മൂര്‍ച്ചിക്കുന്നതിനു മുന്‍പു തന്നെ ഞാനെത്തി മൂന്നു താഴിട്ടു പൂട്ടിയ വാതില്‍ തുറന്നു ഗ്ലാസു ഷേഡുകള്‍ മാറ്റി കടയെ സജീവമാക്കുകയാണു പതിവ്‌.

സെയില്‍സ്‌ മാനേജര്‍ എന്ന തസ്തികയിലേക്കു ഗള്‍ഫ്‌ന്യൂസ്‌ ക്ലാസ്സിഫൈഡില്‍ ഒഴിവു കണ്ടു ചെന്നപ്പോള്‍ അതൊരു ഇന്‍റര്‍വ്യൂ ആവുമെന്നു ഊഹിച്ചില്ല. ഉര്‍ദുവും ഇംഗ്ലീഷും അത്യാവശ്യം അറബിയും സംസാരിക്കാനറിയാമെന്നു മനസ്സിലായപ്പോള്‍ സര്‍ട്ടിഫിക്കറ്റുകളിലൂടെ അലക്ഷ്യമായി ഒന്നു കണ്ണോടിച്ച സല്‍മാന്‍, ഒഴിഞ്ഞ കസേര ചൂണ്ടി കാണിച്ചു പറഞ്ഞു.

"നഹം, ഇജ്‌ലിസ്‌, അന്‍ത അലൈന്‍ ലി ഷുഹള്‍"
(ഒ.കെ. ഇരുന്നോളൂ, താന്‍ ഇപ്പോള്‍ മുതല്‍ ഡ്യൂട്ടിയിലാണ്‌)

ഒരാള്‍ തലേന്നു ഇരുന്നെഴുന്നേറ്റു പോയ പോലെ ഒരു കസേര. മുന്നില്‍ 386 ന്റെ ഒരു കമ്പ്യൂട്ടറും അതില്‍ വേര്‍ഡ്സ്റ്റാറും ലോട്ടസ്‌ 123 യും.ഡിബേസ്‌ ത്രി പ്ലസില്‍ എഴുതിയ ഒരു അക്കൗണ്ടിംഗ്‌ പാക്കേജും സ്റ്റോര്‍ രജിസ്റ്റരും.

സിഗററ്റിന്റെ ഹോള്‍സെയിലാണ്‌‌. കടയും ഓഫീസും ഒന്നിച്ചാണു‌. 296 തരം വിവിധ ബ്രാന്‍ഡ്‌ സിഗററ്റുകള്‍ സ്റ്റോക്കുണ്ട്‌. അവയുടെയൊക്കെ മിനിമം മാക്സിമം സ്റ്റോക്ക്‌ ലവല്‍ കാത്തു ലവല്‍ താഴുന്നതിന്നു മുന്‍പു പര്‍ച്ചേര്‍സ്‌ ഓര്‍ഡര്‍ കൊടുക്കണം. എല്ലാം ലളിതം.കാര്യങ്ങള്‍ നന്നായി പഠിച്ചു തന്നെ ചെയ്തു.കാര്യമായ ജോലികള്‍ രാവിലെ 10 മണി മുതല്‍ 1 മണിവരെ മാത്രം. 4 മണിക്കു ശേഷം ചില നിയന്ത്രിത വി.ഐ.പി വ്യക്തികള്‍ക്കു ചില്ലറ വില്‍പ്പന മാത്രം.

ഈ സീറ്റില്‍ മുന്‍പിരുന്നയാള്‍ വളരെ നന്നായി ഫയലിംഗു നടത്തിയിരിക്കുന്നു. ഹാതിഫ്‌ എന്ന നൈനിത്താളുകാരനാണ്‌. നല്ല കയ്യക്ഷരം, അതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമായി. മുന്‍ഗാമിയോടു വളരെ ബഹുമാനം തോന്നി.

പത്തു പതിനഞ്ചു സെയില്‍സ്‌മാന്‍മാരുണ്ട്‌. ഫാക്സില്‍ വരുന്ന ഓര്‍ഡറിനനുസരിച്ചു സാധനം ബില്ലാക്കി സ്റ്റോര്‍കീപ്പറെ ഏല്‍പ്പിക്കേണ്ട പണിയേയുള്ളൂ. സ്റ്റോര്‍ കീപ്പര്‍ ഒരു ബംഗാളിപ്പയ്യന്‍. അവനു ചില തരികിടകള്‍ ഉണ്ടെന്നു അവന്റെ ധാരാളിത്തം കണ്ടപ്പോഴേ എനിക്കു തോന്നി. സിഗരറ്റു ബള്‍ക്കു പര്‍ച്ചേര്‍സിന്റെ കൂടെയുള്ള പല ഗിഫ്റ്റ്‌/കോമ്പ്ലിമന്റ്‌ സാധനങ്ങള്‍ കിട്ടിയില്ലന്ന പല കസ്റ്റമേര്‍സിന്റെയും പരാതി ഫയലില്‍ കണ്ടതോര്‍മ്മിച്ചു.

കടക്കു മുന്നില്‍ ഇത്തിരി നിരപ്പുയര്‍ന്ന റോഡില്‍ വാഹനങ്ങളുടെ സ്പീഡു കുറക്കാനിട്ട ഒരു ഹംബ്‌ കാരണം എല്ലാ വാഹനങ്ങളും നിര്‍ബന്ധിതരായി സ്പീഡു കുറക്കുമ്പോള്‍ കടയിലേക്കു യാദൃശ്ചികമായി നോക്കുന്ന അതിലെ യാത്രക്കാര്‍, അവരാദ്യം കാണുന്നതു എന്റെ ശുഷ്കിച്ച വലത്തെ കവിള്‍, അങ്ങനെയാണല്ലോ പണ്ടു പ്രീഡിഗ്രിക്കു കൂടെ പഠിച്ച പ്രമോദിനും ജാഫറിനും ഞാന്‍ ഇവിടെയാണു ജോലിചെയ്യുന്നതെന്നു മനസ്സിലായതും അവര്‍ കടയിലേക്കിടക്കിടക്കു വരാന്‍ തുടങ്ങിയതും.

പോക്കുവെയിലിന്റെ തീഷ്ണത സ്ഥിരമായി വലത്തു കവിളില്‍ തന്നെ പതിക്കുന്നതു അസഹ്യമായപ്പോള്‍ ഫ്രണ്ടു ഗ്ലാസ്സില്‍ ഒരു കൂളിംഗ്‌ സ്റ്റിക്കര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതു അനിരുദ്ധനാണു തടസ്സം പറഞ്ഞത്‌.
കടയിലെ സിഗരറ്റിന്റെ ഡിസ്‌പ്ലേ മങ്ങുമെത്രേ! അതു ശരിയെന്നു മനസ്സിലായപ്പോള്‍ ഷെല്‍ഫില്‍ വെറുതെ കിടന്ന ഒരു 'പി'ക്യാപ്പെടുത്തു തലയില്‍ വെച്ചു നെറ്റിയില്‍ പതിക്കുന്ന വെയിലു തടുത്തു.

വലത്തെ കവിളില്‍ പതിക്കുന്ന വെയില്‍ അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു. മര്‍ത്ഥ്യന്റെ ആരംഭവും അവസാനവും അവന്റെ വലത്തെ കവിളുവഴിയെന്ന മൗലവിയുടെ പ്രഭാഷണത്തിലെ വരികള്‍ സന്ദര്‍ഭത്തിനു നിരക്കാത്ത രൂപത്തില്‍ എന്റെ ഉള്ളില്‍ ഓളം തുള്ളിയെന്നെ വല്ലാതെ ഭീതിപ്പെടുത്തി.

നാലഞ്ചു ദിവസമായി ഒരു ഹോണ്ടാ സിവിക്‌ കാര്‍, കടക്കു മുന്നിലെ ഹമ്പു കടക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതു എന്റെ കവിളില്‍ പതിക്കുന്ന സൂര്യതാപത്തെ അതു ഛേദിക്കാനെടുക്കുന്ന സമയ ദൈര്‍ഘ്യത്തിന്റെ സുഖം അനുഭവിച്ചു കൊണ്ടു ഞാനറിഞ്ഞു.
അങ്ങിനെയൊരു കൗതുകത്തോടെയാണു ഞാന്‍ ആ കാറിലേക്കു നോക്കിയത്‌. ഒരു പെണ്‍കുട്ടിയാണാ കാറു ഡ്രൈവു ചെയ്യുന്നത്‌.അവള്‍ എന്നെ തന്നെ നോക്കികൊണ്ടാണു പതിയെ ആ ഹമ്പു കടക്കുന്നതു. തെരക്കില്ലാത്ത സമയമായതിനാല്‍ ടാക്സികളുടേയും വികൃതികൂടിയ അറബിപയ്യന്മാരുടേയും പിറകില്‍ നിന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ഹോണടി അവള്‍ക്കു കേള്‍ക്കേണ്ടി വരുന്നില്ല.

നീല നിറത്തിലെ കണ്ണുകള്‍ കാറിന്റെ ചില്ലുകളെ ഭേദിച്ചു പീക്യാപ്പിനടിയിലെ എന്റെ ജീവനില്ലാത്ത മിഴികളില്‍ വന്നു മുട്ടിയപ്പോള്‍ ഞാന്‍ ശരിക്കും ഭയപ്പെട്ടു മിഴികള്‍ പിന്‍വലിച്ചു. ഈ നോട്ടം മുന്‍പൊരിക്കല്‍ ഞാന്‍ അനുഭവിച്ചതാണ്‌. ദൃഷ്ടിയില്‍ നിന്നും ദൃഷ്ടിയിലേക്കുള്ള തരംഗങ്ങളുടെ ആവൃത്തി അവയുടെ സ്വാഭാവികത കടന്നു പോയാല്‍ അതിന്റെ കൂടെ പതിക്കുന്നതു പ്രേമമെന്ന വികാരം. കൃഷ്ണമണിയില്‍ നിന്നാണതു ജനിക്കുന്നതും പ്രസരിക്കുന്നതും. ആ മായിക വികാരം അതിന്റെ എല്ലാ തീവ്രഭാവങ്ങളും ചടുല താളങ്ങളുമായി ഒരുപാടു നൊമ്പരങ്ങള്‍ കൊണ്ടേന്നെ ഡിപ്രഷന്റെ അടിമയാക്കിയതിന്റെ പഴയ കെട്ടു വിട്ടുമാറിയിട്ടില്ലിനിയും. ആ ഓര്‍മ്മക്കൊരു ഭ്രംശം വരട്ടെയെന്നു നിനച്ചിട്ടണെന്റെ പിതാവെന്നെ ഈ കരക്കാണാക്കടലിനക്കരക്കു നാടുകടത്തിയതും.

പെട്ടന്നാണു ഫോണ്‍ മണിയടിച്ചതു, ഞാന്‍ വാച്ചിലേക്കു നോക്കി 4.10 മിസ്‌ ഷീല വരാന്‍ ഇനിയും 20 മിനിട്ടു കഴിയും. ഞാന്‍ തന്നെ ഫോണ്‍ എടുത്തു.
"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"

"അസ്സലാമു അലൈക്കും ജീ",

ഒരു പെണ്‍ ശബ്ദമാണ്‌ "വ അലൈക്കും മുസ്സലാം " ഞാന്‍ അഭിവാദനം മടക്കി, .

"ആപ്‌കാ നാം കരീം ഹെ ജി ?"

"അച്ചാ! വഹ്‌ ക്യാപ്‌ ആപ്‌ ഹമേശാ രഖിയേ! മുജേ അച്ചി ലഗി!"
കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ പെട്ടന്നു തോന്നിയ പേടിയില്‍ ടെലഫോണ്‍ കട്ടു ചെയ്തു.

സഞ്ചരിക്കുന്ന വാഹനത്തില്‍ നിന്നു മൊബെയിലുപയോഗിച്ചാണു സംസാരമെന്നു മനസ്സിലായി. കാളര്‍ ഐ.ഡി ഇല്ലാത്ത ടെലഫോണായതിനാല്‍ നമ്പറു കാണാന്‍ പറ്റിയില്ല.
ഇതു ആ പെണ്ണു തന്നെ!
ഹോണ്ടാ സിവിക്കിലിരുന്നു തുറിച്ചു നോക്കിയ പെണ്ണ്‌!!.
പക്ഷെ അവള്‍ക്കെങ്ങിനെ കടയുടെ നമ്പര്‍കിട്ടി! ഞാന്‍ അത്ഭുതപ്പെട്ടു.

പിന്നെ ഞാന്‍ എന്നെ തന്നെ വിഡ്ഢിയെന്നു വിളിച്ചു. കടയുടെ ബോര്‍ഡിലുണ്ടല്ലോ നമ്പര്‍ എന്നതു ഞാന്‍ ഓര്‍ക്കാത്തതില്‍..
അവള്‍ എന്തിനാണു എന്നോടു സംസാരിച്ചതു?.
അവള്‍ക്കു ഞാന്‍ ആ പീക്യാപ്പു വെച്ചതു നന്നായി പിടിച്ചെത്രേ!
ഇതു കേസ്സു മറ്റേതു തന്നെ!,
അല്ലങ്കില്‍ എന്നെ വട്ടം കറക്കുകയെന്നതു തന്നെയായിരിക്കും ഉദ്ദ്യേശ്യം.
ഞാന്‍ കൂടുതല്‍ കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു.

സംഗതി പക്ഷെ ആരോടും പറഞ്ഞില്ല.
പിറ്റേന്നു ആ സമയത്തു യാതൊരു കാരണവശാലും പുറത്തേക്കു നോക്കില്ലെന്ന വാശിയില്‍ ഇരുന്നു.
പിക്യാപ്പ്‌ ദൂരെ മാറ്റി വെച്ചു.
കൃത്യസമയം എന്റെ മുഖത്തേക്കടിക്കുന്ന പോക്കുവെയില്‍ മറച്ചുകൊണ്ടു ആ ഹോണ്ടാ സിവിക്‌ ഹംബിനടുത്തു വന്നു നില്‍ക്കുന്നതും ഒച്ചിനെപ്പോലെ അരിച്ചരിച്ചു നീങ്ങുന്നതും ഞാന്‍ അറിഞ്ഞു.
നോക്കാതിരിക്കാനായില്ല. നീല നയനങ്ങള്‍ തന്നെയാണാദ്യം കണ്ണില്‍ പെട്ടത്‌. പിണങ്ങിയ മുഖ ഭാവം കണ്ണില്‍ തങ്ങി നിന്നു. ഇറ്റു വീഴാന്‍ കാത്തു നിന്ന രണ്ടിറ്റു കണ്ണീര്‍തുള്ളികളുടെ തിളക്കം ഗ്ലാസ്സുകള്‍ കടന്നെന്റെയുള്ളില്‍ മുറിപ്പെടുത്തി.
അന്നു കാറു കടന്നു പോകാന്‍ പതിവിലും സമയമെടുത്തു.

പതിവു പോലെ ഫോണ്‍ ബെല്ലടിച്ചു. എടുക്കാണോ വേണമോ എന്നു ശങ്കിച്ചു ഒരു നിമിഷം നിന്നു. ഫോണില്‍ സല്‍മാനാണങ്കില്‍ എടുത്തില്ലങ്കില്‍ ഞാന്‍ വന്നിട്ടില്ലന്നു കരുതുമെന്നു പേടിച്ചു ഫോണ്‍ എടുത്തു പതിവു സ്വാഗതവാക്യമോതി.

"ഷാര്‍ജ സ്മോക്കേര്‍സ്‌ സെന്റര്‍, കരീം സ്പീക്കിംഗ്‌!"
"ജീ ആപ്‌ നെ വൊ ക്യാപ്‌ ക്യോം നഹി രഖാ?”.
അവള്‍ തന്നെ!
“മുജേ ബഹുത്‌ ദു:ഖ്‌ ഹോ ഗയി! ആപ്‌ മുജേ ഗലത്‌ നഹി സോച്ചോ?“
“മൈം ഏക്‌ ദിന്‍ ആപ്‌സെ മില്‍നേ ആവൂംഗീ!"
പൊള്ളലേറ്റന്ന പോലെ ഞാന്‍ ഫോണ്‍ താഴെയിട്ടു.

എനിക്കു അസ്വസ്ഥത കൂടി വന്നു. അന്നു ജോലിയില്‍ ഒരു പാടു തെറ്റു വരുത്തി അപ്രൂവു ചെയ്ത ഇന്‍വോയിസ്‌ രണ്ടു പ്രാവശ്യം മാറ്റി അടിച്ചു.

അനിരുദ്ധനും ബംഗാളിപയ്യനും അതു പറഞ്ഞെന്റെ തലയിലാദ്യമായി കയറാന്‍ വന്നു.
ഞാന്‍ ആശയക്കുഴപ്പത്തിലായി, എല്ലാം ഇവരോടു പറഞ്ഞാലോ?, അല്ലങ്കില്‍ വേണ്ട വെറുതെ സംശയിക്കും.അതു പിന്നെ തലയില്‍ കയറാനുള്ള മറ്റൊരു കോണിയാക്കും.
കീഴുദ്യോഗസ്ഥരോടു മനസ്സു തുറന്നാല്‍ ഗോസിപ്പുകളുടെ വാതില്‍ തുറക്കുന്ന ഫലമായിരിക്കും.

ഒരുമാസം കടന്നു പോയതു ഞാനറിഞ്ഞില്ല. ശമ്പളം കിട്ടിയപ്പോള്‍ മനസ്സു തണുത്തു.നാട്ടിലേക്കു ആദ്യമായി അയക്കുന്ന പണം ആരുടെ പേരിലയക്കണം ഡ്രാഫ്റ്റ്‌ എടുത്തപ്പോള്‍ നാവില്‍ വന്നതു ഉമ്മാന്റെ പേരാണ്‌. അതാണു എല്ലാ ആപല്‍ഘട്ടത്തിലും ആദ്യം നാവിലും മനസ്സിലും‍ വന്നിട്ടുള്ളത്‌.പോസ്റ്റുമാന്‍ കൊടുക്കുന്ന കവറു വാങ്ങി അതില്‍ തുന്നിച്ചേര്‍ത്ത ഒരു തുണ്ടു പേപ്പറില്‍ വടിവൊത്ത അക്ഷരത്തില്‍ പേരെഴുതി ഒപ്പിടുന്ന ഉമ്മാന്റെ രൂപം മനക്കണ്ണില്‍ കണ്ടപ്പോള്‍ അന്നത്തെ എന്റെ ഉറക്കം വളരെ ശാന്തമായിരുന്നു, ഉമ്മയുടെ കൈവട്ടത്തു തൂക്കിയിട്ട തുണിത്തൊട്ടിലിലാണെന്നു ഞാന്‍ കിടക്കുന്നതെന്നു തോന്നി.

പിറ്റേന്നു എല്ലാ സ്റ്റാഫും ഓഫീസില്‍ വന്നു. അന്നാണവര്‍ക്കു ശമ്പളദിനം. സല്‍മാന്‍ ചെക്കു മാറി എന്നെ ഏല്‍പ്പിച്ച കാശു ഞാന്‍ വൗച്ചറൊപ്പിട്ടു എല്ലാര്‍ക്കും കൊടുക്കുന്ന നേരം, അവളുടെ ഹോന്‍ഡാ സിവിക്കു വന്നു ഞങ്ങളുടെ പാര്‍ക്കിംഗില്‍ നിര്‍ത്തി. ഞാന്‍ എണ്ണികൊണ്ടിരുന്ന നോട്ടുകള്‍ എന്റെ കയ്യിലിരുന്നു വിറച്ചു. അവള്‍ കാറില്‍ നിന്നിറങ്ങി. കടയിലേക്കു തന്നെയാണു വരുന്നത്‌. എന്റെ ഉള്ളില്‍ പറയാനും പ്രകടിപ്പിക്കാനും പറ്റാത്ത പേടി. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലന്നും പറഞ്ഞിട്ടില്ലന്നുമുള്ള ധൈര്യം മാത്രം കൂട്ടിനുണ്ട്‌. പക്ഷെ എന്താ കാര്യം ഇവിടെ പെണ്ണു പറയുന്നതേ എല്ലാരും വിശ്വസിക്കൂ.

കടയിലേക്കു കയറി വന്നവളാദ്യം സല്‍മാനു സലാം ചൊല്ലി. പിന്നെ എല്ലാരെയും നോക്കി വിഷ്‌ ചെയ്തു. എല്ലാവര്‍ക്കും അവളെ നന്നായി അറിയാമെന്നു തോന്നുന്നു.

" ആപ്‌ ലോഗ്‌ കോ മാലൂം ഹെ നാ, കല്‍ ബായി കാ ചാലീസ്ദിന്‍ ഹെ! ആപ്‌ സബ്‌ ലോഗ്‌ കല്‍ രാത്ത്‌ നൗ ബജേ ഗര്‍മേം ആനേ കേ ലിയേ ദഹ്‌വാ കര്‍ത്താഹെ!"

അവള്‍ പിന്നെ എന്റെ അടുത്തേക്കു വന്നു. കണ്ണുകള്‍ക്കു നേരെ നോക്കി ഇംഗ്ലീഷില്‍ പറഞ്ഞു

"Mr. Kareem, I am Hasifa,"
"Hatif's sister",

പിന്നെ ഇത്തിരി ഗദ്ഗദത്തോടെ!

"Hope you aware that he is no more with us, We were twins and very much attached, like close friends. I used to drope & pick him up from here".

ചില്ലിലൂടെ തുളച്ചെത്തുന്ന തീഷ്ണതയുള്ള വെയില്‍ നാളങ്ങളെ നോക്കി കൊണ്ടു അവള്‍ തുടര്‍ന്നു.

"He always complained about the afternoon sunlight falling on his cheek through this glass . When ever I pass this way I will slow down my car for some time and make the shadow fall on his face. He always enjoyed that".

പീക്യാപ്പു ചൂണ്ടിക്കാണിച്ചു കൊണ്ട് അവളെന്റെ കണ്ണുകളിലേക്കു നോക്കികൊണ്ടു തന്നെ പറഞ്ഞു.

"I had given this P-cap and told him to wear. Recently, When I saw you wearing this, I felt so glad and that was the reason for watching you while going this way".

"ആപ്‌ ബീ ഇന്‍ ലോകോം കെ സാത്ത്‌ ഫംഗ്‌ഷന്‍ മേം ആയിയേ!"

ഞാന്‍ വല്ലാതായി.ആ കണ്ണിലെ നിഷ്കളങ്കതയില്‍ ഒരു ഉടപ്പിറപ്പിനെ തിരയുന്ന വേദന ഞാന്‍ കണ്ടു.
ഞാന്‍ എന്റെ മുന്‍വിധികളില്‍ സ്വയം ശപിച്ചു, മനുഷ്യവികാരങ്ങളുടെ വിവിധ തലങ്ങള്‍ മനസ്സിലാക്കാന്‍ നാമൊക്കെ എത്രകാലം ജീവിക്കേണ്ടി വരും?. എത്ര ജന്മമെടുക്കേണ്ടി വരും?.
സ്നേഹം നിറഞ്ഞ ഒരു നോട്ടത്തില്‍ നിന്നും വാത്സല്യം പൂണ്ട ഒരു തലോടലില്‍ നിന്നു പോലും കാമവും പ്രേമവും അല്ലാതെ മറ്റൊരു വികാരവും വായിച്ചറിയാനാകാത്തതു നാം കടന്നു പോകുന്ന കാലം നമ്മുടേ മസ്തിഷ്ക്കത്തില്‍ തേച്ചുപിടിപ്പിക്കുന്ന മാലിന്യങ്ങള്‍ കാരണമല്ലെ!
നഷ്ടപ്പെട്ടു പോയ ആങ്ങളയെ എന്നില്‍ കണ്ടെത്താനുള്ള ആ പെണ്‍കുട്ടിയുടെ മനസ്സു വായിച്ചറിയാന്‍ കഴിയാത്ത ഞാന്‍ ഒരു വിഡ്ഢി തന്നെ!

പിറ്റേന്നു മരണാനന്തര ചടങ്ങിനു അവളുടെ വീട്ടിലേക്കു സല്‍മാന്റെ മെര്‍സിഡിസില്‍ പോകുമ്പോള്‍ അനിരുദ്ധനാണു ബാക്കി കഥകള്‍ പറഞ്ഞു തന്നത്‌.

ഹാത്തിഫും ഹഫ്‌സയും ഇരട്ടപെറ്റവര്‍, ജനിച്ചതും വളര്‍ന്നതും ഇവിടെ,കൂട്ടുകാരെ പോലെയുള്ള കൂടപിറപ്പുകള്‍.
അവളെ കാറിലിരുത്തി ഷോപ്പിംഗ്‌മാളില്‍ നിന്നു അവള്‍ക്കെന്തോ വാങ്ങി വരുന്ന വഴി നിയമം തെറ്റി വന്ന ഒരു കാറാണു അവനെ ഇടിച്ചു തെറിപ്പിച്ചത്‌. അവിടെ വെച്ചു തന്നെ അവന്‍ പിടഞ്ഞ്‌ പിടഞ്ഞു മരണപ്പെട്ടു.
കാറിനകത്തിരുന്നു അവള്‍ ഇതു കണ്ടു ബോധശ്യൂന്യയായി.

രാത്രി ഏറെ നേരം കഴിഞ്ഞാണ്‌ വീട്ടുകാര്‍ അന്വേഷിച്ചു സംഭവസ്ഥലത്തു പാര്‍ക്കു ചെയ്ത കാറിനകത്തു നിന്നും ബോധശ്യൂന്യയായ അവളെ കണ്ടെത്തിയത്‌.

മരണാനന്തര നാല്‍പതാമത്തെ ദിവസത്തിലുള്ള പ്രാത്ഥനയും ഭക്ഷണവും കഴിഞ്ഞു മടങ്ങുമ്പോള്‍ അവള്‍ എന്റെ മനസ്സില്‍ മറ്റൊരു പെങ്ങളായി പുനര്‍ജനിച്ചിരുന്നു.

ഹമ്പു കടക്കാന്‍ ഏറെ സമയമെടുക്കുന്ന ആ ഹോണ്‍ടാ സിവിക്‌ കാറും അതിലെ സ്നേഹം തിളങ്ങുന്ന രണ്ടു നീല നയനങ്ങളും വൈകുന്നേരവെയിലിന്റെ തീഷ്ണത കുറക്കാനെന്നുമെത്തിയപ്പോള്‍ ആ പീ ക്യാപ്പ്‌ ഞാന്‍ അന്നേരം മാത്രം തലയില്‍ വെച്ചു പിന്നീടെടുത്തു പൊന്നു പോലെ കാത്തു വെച്ചു.

ദുബൈ വാട്ടര്‍ ആന്‍ഡ്‌ ഇലക്റ്റ്രിസിറ്റിയിലെ എഞ്ചിനീയറായിരുന്ന അവളുടെ പിതാവു റിട്ടയര്‍ ചെയ്തപ്പോള്‍ ഉത്തരാഞ്ചലിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രമായ നൈനിത്താളിലെ അവരുടെ ഗ്രാമത്തിലേക്കവര്‍ തിരിച്ചു പോകും വരെ ആ ഫോണ്‍ കാളുകള്‍ ഞാന്‍ ഒരു സഹോദരന്റെ സ്വാതന്ത്യത്തോടെ അറ്റന്‍ഡു ചെയ്തിരുന്നു.

ഒമ്പതു തടാകങ്ങളുള്ള ആ പര്‍വ്വതോല്ലാസ കേന്ദ്രത്തിലെ ടിഫ്ഫിന്‍ ടോപ്പിലേക്കു റൊപ്പ്‌വേയിലൂടെ സഞ്ചരിക്കാനും, ചൈനാപീക്കീലേക്കു കുതിരപ്പുറത്തു കയറിയെത്താനും എന്നില്‍ കൊതി ജനിപ്പിച്ചതവളുമായുള്ള ആ സൗഹൃദസംഭാഷണങ്ങള്‍ തന്നെയായിരുന്നു.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ടൂറിസ്റ്റു കേന്ദ്രം കാണാന്‍ എനിക്കു ഭാഗ്യം കിട്ടിയാല്‍ ഏതാവും ഞാന്‍ ആദ്യം തെരഞ്ഞെടുക്കുക?.
യാതൊരു സംശയവും വേണ്ട, നൈനിറ്റാള്‍ തന്നെ. അവിടെ ഞാന്‍ കുടുംബത്തോടൊപ്പം താമസിക്കുക ഹാസിഫയുടെ വീട്ടിലും.




http://tkkareem.blogspot.com/