എം.എന്‍.വിജയന്‍ സാര്‍ ഒരിക്കലെഴുതി,
"ഒരു കണ്ണാടിപാത്രത്തില്‍ വെള്ളം നിറച്ചു വെച്ചാല്‍ അതു വികാരത്തിനെ അലങ്കാരപാത്രത്തില്‍ കാവ്യാത്മകമായി പ്രദര്‍ശിപ്പിക്കുന്ന ക്ലാസ്സിക്കല്‍ രീതിയേ ആവുന്നുള്ളുവെന്നും ആ പാത്രവും അതിലെ വെള്ളവും തട്ടിമറിഞ്ഞു നിലത്തു വീണാല്‍ അതു കാല്‍പ്പനിക കവിതയാകുന്നു എന്ന തിരുത്തല്‍ രീതി വളരെ വൈകിയാണെങ്കിലും അംഗീകരിക്കപ്പെട്ടു".
ഇതു കവിതക്കു മാത്രമല്ല, കഥയെഴുത്തിനും ബാധകമാണ്.
നിരപ്പായൊഴുകുന്ന ശാന്തമായ പുഴ ഒരു സംഗീതവും പൊഴിക്കുന്നില്ല, പലപ്പോഴും അതു ഒഴുകുന്നുണ്ട് എന്നു പോലും തോന്നില്ല. അതിനാല്‍ അങ്ങനെയുള്ളപ്പോള്‍ പുഴക്കരയില്‍ ചെന്നിരുന്നാല്‍ എനിക്കു യാതൊരാശയവും തോന്നാറില്ല, മറിച്ച് പുഴയില്‍ ഓളങ്ങളും ചുഴികളും ഉണ്ടാക്കുന്ന പ്രക്ഷുബ്ദതകളോടണെനിക്കിഷ്ടം.
കുത്തൊഴുക്കിലൂടെ, നിമ്‌ന്നോമ്‌ന്നതങ്ങളിലൂടെ, കളകളാരവമുണര്‍ത്തി ഒഴുകുന്ന കടലുണ്ടിപ്പുഴയാണെന്റെ കഥകളുടെ ബാല്യകാലകൂട്ട്.
എന്റെ കഥാവായനയും എഴുത്തും ആ പുഴക്കരയില്‍ നിന്നു തന്നെയാണു തുടക്കം.

ആടുകളെ തീറ്റാന്‍ പുഴയോരത്തു കയറൂരിവിട്ടു, കയ്യില്‍ കരുതിയ ഏതെങ്കിലുമൊരു പുസ്തകത്തില്‍ ലയിച്ചിരുന്ന എന്റെ വായനക്കാലമാണു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ ബാല്യം.
പുസ്തകം വായിച്ചു തീരുന്നതു വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത വയറു നിറഞ്ഞ നാല്‍ക്കാലികള്‍ തനിയെ വീടണഞ്ഞിട്ടും പുഴയോരത്തു അവയെ തെരഞ്ഞു നടന്നു മടുത്തു ഞാന്‍ വീട്ടില്‍ ചെന്നു കയറുമ്പോള്‍ നല്ല പുളിവടിച്ചാര്‍ത്തു കിട്ടിയിരുന്നതിപ്പോഴും ഓര്‍മ്മയുണ്ട്.
എനിക്കു വായിക്കാന്‍ പുസ്തകം തന്നിരുന്നവരായിരുന്നു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍.
കഥകള്‍ കേള്‍ക്കാന്‍ എല്ലാരെപ്പോലെ എനിക്കും വലിയ ഇഷ്ടമായിരുന്നു.
ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥ, കാളിയുടെ തള്ളയെ ഞാന്‍ ഇഷ്ടപ്പെട്ടതു അവരുടെ വശം കഥകളുടെ ഒരു നല്ല കലവറയുണ്ടായിരുന്നതിനാലായിരുന്നു.
വല്യുമ്മന്റെ ചെല്ലത്തില്‍ നിന്നു ഇത്തിരി "പൊകയില" എടുത്തു കൊടുത്താല്‍ അവര്‍ വീരത്വം തുളുമ്പുന്ന ഒത്തിരി കഥ പറഞ്ഞു തരും.
കഥ പറയുമ്പോള്‍ അവരുടെ വിണ്ടുകീറിയ ചുണ്ടിലൂടെ വെറ്റിലച്ചാറുകള്‍ എന്റെ മുഖത്തേക്കു തെറിച്ചാലും അന്നൊന്നും യാതൊരു അറപ്പും തോന്നിയിരുന്നില്ല. അവരുടെ കഥകളില്‍ മിക്കതിലും നായികമാര്‍ക്കായിരുന്നു പ്രാമുഖ്യം.
അന്നൊക്കെ ആണെഴുത്ത്, പെണ്ണെഴുത്ത് എന്നിവ ആരും വകതിരിക്കാറില്ലാത്തതിനാലും എനിക്കതിനുള്ള വകതിരിവില്ലാത്തതിനാലും കഥയിലെ സാരംശം മാത്രം ശ്രദ്ധിച്ചു ഞാനവ മതിവരുവോളം ആസ്വദിച്ചിരുന്നു.
അവരുടെ പേരു ചിരുത എന്നാണ് (സീത എന്നതിന്റെ അപരിഷ്കൃത വിളി).
എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, അവര്‍ പറഞ്ഞ കഥകളിലൊക്കെ നായികയുടെ പേരു ചിരുത എന്നോ ചിരുതേയി എന്നൊക്കെയായിരുന്നു.
96 കഴിഞ്ഞ അവര്‍ ഈയിടെ മരിച്ചപ്പോള്‍ ഇനി അവരുടെ വീരകഥകള്‍ എനിക്കു കേള്‍ക്കാനാവില്ലന്നും അതു എഴുതി നിങ്ങളെ കാണിക്കാനാവില്ലന്നുമുള്ള വിഷമം മാത്രം ബാക്കി നില്‍ക്കുന്നു.
ബൂലോഗകാലിക വിഷയങ്ങളില്‍ എന്റെ പല ഇടപെടലുകളും പ്രക്ഷുബ്ദമായിരുന്നു. അതെന്റെ ജീനിന്റെ ഭാഗമായിരുന്നു. തിരുത്താന്‍ പറ്റാത്ത ചിലശീലങ്ങള്‍. പക്ഷെ എല്ലാകാലവും ഞാന്‍ ഒരു വഴക്കാളിയല്ല. തിളക്കുന്നതിനെക്കാള്‍ വേഗത്തില്‍ തണുക്കാനെനിക്കാവും. സ്ഥായിയായ ഒരു അരിശക്കാരന്റെ രൂപമെനിക്കില്ല.
അവസാനത്തെ തിളക്കലിന്റെ ഭാഗമായി ഉണ്ടായ ഒരു വാചകം നെഞ്ചില്‍ തറക്കുകയും അതില്‍ നിന്നു വീശിയ വേദനയര്‍ന്ന ഒരു കാറ്റില്‍ നിന്നും എന്റെ ഓര്‍മ്മപുസ്തകത്തിന്റെ ഏതോ താളില്‍ വിസ്മരിക്കപ്പെട്ടു കിടന്ന ഒരു പേജു നിവരുകയും അതില്‍ എനിക്കു പണ്ടു ഞങ്ങളുടെ "ചിരുതേയി" പറഞ്ഞു തന്ന ഒരു കഥ ദൃശ്യമാകുകയും ചെയ്തു.
"സര്‍വ്വാഭരണഭൂഷിതയായി മുന്നില്‍ വന്നു നില്‍ക്കാം" എന്ന ആ ഒരൊറ്റ വാചകത്തിന്റെ സ്ഫുരണത്തിലാണു എനിക്കു ഈ കഥയെഴുതാനായത്.
കബന്ധങ്ങളും കഴുതപ്പുലികളുംകബന്ധങ്ങളും കഴുതപ്പുലികളും എന്ന ആ കഥ ഒക്ടോബര്‍ ലക്കം തര്‍ജ്ജനിയില്‍ (ചിന്താ ഡോട്ട്.കോം) വായിക്കാം
23500