അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ജൂൺ 04, 2017

അവൾക്കു ചേഞ്ച് വേണമെത്രേ...! ചേഞ്ച്..!!

കഴിഞ്ഞയാഴ്ച നല്ലപാതി കാതിൽ കുറെ പരാതി ചൊല്ലി.
ജീവിതത്തിനൊരു പുതുമയില്ല.
എന്നും രാവിലെ എണീക്കുക, ഭക്ഷണമുണ്ടാക്കുക, കഴിക്കുക, കഴിപ്പിക്കുക, പാത്രം കഴുകുക, ഡൈലി റൊട്ടീൻ (ദിനചര്യകൾ) ആവർത്തിക്കുക.. വീണ്ടും ഉറങ്ങുക, ഉണരുക....
വല്ലാത്ത മടുപ്പായീ ജീവിതം...!

കേട്ട് എനിക്കും സങ്കടം തോന്നി.
ഞാൻ പറഞ്ഞു..
"വേണേൽ അടുക്കളപ്പണിയിൽ ഞാൻ പങ്കു ചേരാം. അല്ലെങ്കിൽ പുതുമയുള്ള സോഷ്യൽ ആക്ടിവിറ്റീസ് കണ്ടെത്തൂ.. നമുക്ക് അതിൽ  സജ്ജീവമാകാം. അതുമല്ലെങ്കിൽ എൻെറ കൂടെ കൃഷിയിലേക്കിറങ്ങൂ.."
അവസാനം പറഞ്ഞതാണ് നല്ലതെന്നു അവൾ  തീരുമാനിച്ചു,  കൃഷിയിലേക്കിറങ്ങിയതേയുള്ളൂ..
മൂന്നാലു മഴത്തുള്ളി മൂർദ്ദാവിൽ.....!
മൂന്നു ദിവസം ജലദോഷം,
കാലിലൊരു മുള്ളു കൊണ്ടതിൻെറ പനിയും, പഴുപ്പും ബാക്കി നാലു ദിവസം..!!
ഒരാഴ്ചത്തെ നോമ്പുകാലം കുശാൽ...!!!
അടുക്കളഭരണം പൂർണ്ണമായി വിട്ടു കൊടുക്കേണ്ടി വന്ന വിഷമം.

ഞാൻ ഒരു സേഫ് അകലം പാലിച്ചു കൊണ്ട് ചോദിച്ചു.

"മാഡം, എന്താ ഇപ്പോൾ ജീവിതത്തിനൊരു പുതുമ തോന്നുന്നില്ലേ?"

ഞായറാഴ്‌ച, ജനുവരി 12, 2014

നബീസ

ചാനലുകളുടെ പ്രൈം ടൈം ആയി മഗ്രിബിനും ഇശാഇനും ഇടക്കുള്ള സമയം ആവുന്നതിന്നു മുന്പ് മലബാറിലെ മാപ്പിള തറവാട്ടുകളിലൊക്കെ ആ നേരത്ത് "പഠിച്ചതോതുക" എന്നൊരു ചടങ്ങ് ഉണ്ടായിരുന്നു.
ആദ്യം സ്കൂളിലേയും പിന്നെ മദ്രസയിലേയും അന്നന്നു എടുത്ത പാഠങ്ങൾ ഉറക്കെ വായിക്കുകയാണ് പരിപാടി. അടുക്കളയിൽ പാചകത്തിലായിരിക്കുന്ന ഗൃഹനാഥകളെ ബോധ്യപ്പെടുത്തേണ്ടതിനാലാണു ഉറക്കെ വായന.
ഒരു വലിയ കൂട്ടു കുടുംബമായിരുന്നു എൻറെ തറവാട്. പത്ത് പന്ത്രണ്ടു പഠിതാക്കൾ, തൂക്കിയിട്ട ഒരു പാനീസ് വിളക്കിനു ചുവട്ടിൽ തറയിൽ പായ വിരിച്ചതിൽ വട്ടത്തിൽ ഇരുന്നാണ് ഈ ഉച്ചത്തിലുള്ള ഈ കീർത്തനവും പാരായണവും.
മഗ്രിബ് ജമാഅത്ത് നമസ്കാരത്തിനു അങ്ങാടിയിലെ പള്ളിയിൽ പോയ വല്യുപ്പ ഇശാ നമസ്കാരവും കഴിഞ്ഞ് ചൂട്ട് കറ്റയും വീശി പല്യാളി വരമ്പിലൂടെ വരുമ്പോൾ ഞങ്ങൾ വലിയ വായിൽ മദ്രസയിലെ പാഠങ്ങൾ വായിക്കുന്നതു കേൾക്കണം.എന്നാലേ കാൻറീൻ തുറക്കാനുള്ള നിർദ്ദേശം കൊടുക്കൂ.

മിക്കപ്പോഴും വായനക്കള്ളൻമാരായ ചിലർ പല്യാളി വരമ്പിൻറെ അറ്റത്തു ചൂട്ടു കറ്റയുടെ മിന്നായം കാണുമ്പോഴേ പ്രക്ഷേപണം തുടങ്ങൂ. വല്യുപ്പ പടിപ്പരയിലെത്തുമ്പോൾ ഇവർക്കു നല്ല എനർജിയുണ്ടാവുകയും ഫുൾ മാർക്ക് സ്കോർ ചെയ്യുകയും പതിവായിരുന്നു. ഞാനും ഇക്കൂട്ടത്തിലായിരുന്നു.

ഒരു ദിവസം ചൂട്ടു കറ്റയുടെ മിന്നായം കണ്ട് വായന മുറുകിയപ്പോൾ ചൂട്ട് കറ്റയുടെ വീശലിൻറെ റിത്തം വല്യുപ്പാൻറെ ചൂട്ട് വീശൽ റിതവുമായി മാച്ചാവുന്നില്ലെന്ന് തോന്നി ആരോ പറഞ്ഞ് "അതു വല്യുപ്പയല്ല "പാറ്റ" കള്ള് കുടിച്ച് കുടിലിൽ പോകുന്നതാവും".
വായന തണുത്തു.
പക്ഷേ ചൂട്ട്കറ്റ പടിപ്പുര കയറി വന്നേരമാണു വരുന്നതു വല്യുപ്പ തന്നെയാണെന്നും വായന ഉച്ചത്തിലാക്കണമെന്നും ബോധമുണ്ടായത്. വല്യുപ്പാൻറെ കാൽവിരലിൽ കൈക്കോട്ടു കൊണ്ടതിനാലുള്ള റീതം വ്യത്യാസമായിരുന്നു നടത്തത്തിൽ എന്നു ആർക്കും ക്ളിക്കിയില്ലായിരുന്നു.

കിട്ടിയ പുസ്തകമെടുത്ത്   ബൈഹാർട്ടാക്കാനും ബോധിപ്പിക്കാനുമായി    ഞാൻ  ആവർത്തിച്ചു വായിക്കുകയാണ്.

നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബി(സ) യെ പ്രിയം വെക്കണം.
നാം നബിസ........

മുഴുവനാക്കുന്നതിനു മുന്പു, കുപ്പായമിടാത്ത എൻറെ മുതുകൽ പുളി വടി വീണു.
"അള്ളോ..ന്നു" ഈണത്തിൽ  വിളിച്ച് ഞാൻ അടുക്കള ഭാഗത്തേക്കോടി...

ഞാൻ വായിക്കുന്നേരം (സ) യുടെ ഫുൾഫോമിലല്ലായിരുന്നു വായിച്ചിരുന്നത്. മാത്രമല്ല 'നബീസ' എന്ന ഒരു സ്ത്രീ അന്നു വീട്ടിൽ പണിക്ക് വരാറുണ്ടായിരുന്നു താനും.

പിന്നെ തിണർത്ത മുതുകിൽ വെളിച്ചെണ്ണ തേച്ച് തടവി തരുമ്പോൾ ഉമ്മ പറഞ്ഞു  തന്നു.
നബി (സ) എന്നെഴുതിയാലും നബി (സല്ലള്ളാഹു അലൈഹി വസല്ലം ) എന്നു മുഴുവനായി വായിക്കണമെന്ന്.



ശനിയാഴ്‌ച, സെപ്റ്റംബർ 26, 2009

യാത്രക്കളരി

യാൾ ചോരയൊലിക്കുന്ന മോണ ഒരു കൈ കൊണ്ടു പൊത്തിപ്പിടിച്ചു മറ്റേ കൈകൊണ്ടു ബാഗും തൂക്കി കിട്ടിയ സ്റ്റേഷനിൽ ചാടിയിറങ്ങിപ്പോയപ്പോൾ ഞാൻ തിരിച്ചു എന്റ്റെ സീറ്റിനനടുത്തേക്കു തന്നെ വന്നു.

അയാൾ കിടന്നിരുന്ന തറയിൽ ഒരു തിളക്കം കണ്ടു സൂക്ഷിച്ചു നോക്കി.
മുന്നിരയിലെ ഒരു പല്ലാണു താഴെ കിടക്കുന്നത്!
അമ്മായിക്കു കളരിയറിയാമെന്നതു എന്‍റെ ആദ്യ അറിവായീരുന്നു.
ഇത്രക്കും സംഭവബഹുലമായ നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ദ്വന്ദയുദ്ധം നടന്നിട്ടും ഒന്നു മറിയാത്ത രീതിയിൽ അമ്മായി വീണ്ടും കിടക്കാൻ ഒരുങ്ങുന്നു, ബർത്തിൽ സ്ഥാനം തെറ്റിയ തുണി ശരിക്കു വിരിക്കുന്നു.
എന്റെ ഏറ്റവും രസകരവും അതേ സമയം ഭയാനകവുമായ ഒരു ട്രെയിന്‍ യാത്രയിലെ ഇന്നും ഓർക്കുന്ന രംഗമാണിത്‌.

എന്റെ അമ്മായിക്കു പറ്റിയ പണി വനിതാ പോലീസിന്റെയാണ്‌.
ചെറുപ്പത്തിലേ അവർ വളരെ വിളഞ്ഞ പുള്ളിയായിരുന്നിരിക്കണം.
കാരണം മറ്റു അമ്മായിമാരൊക്കെ പച്ചപ്പാവങ്ങളാണ്.
പച്ചവെള്ളം ചവച്ചു കുടിക്കുന്നവര്‍.
അവർക്കൊക്കെ അനുയത്തിയായ ഇവളെ പണ്ടേ ഭയങ്കര പേടിയായിരുന്നു.

അമ്മായിക്കു ഖുർആൻ കാണാപാഠം പഠിച്ചതിന്റെ സർട്ടിഫിക്കറ്റും, സമസ്ത നടത്തിയ പൊതു പരീക്ഷയിൽ ഫസ്റ്റ്‌ ക്ലാസിൽ പാസായ സർട്ടിഫിക്കറ്റും ഉണ്ടായിട്ടെന്താ കാര്യം!
ഇപ്പോൾ കാലു തടഞ്ഞു വീണാലും പടിഞ്ഞാറോട്ടു വീഴില്ല എന്നാണു വാശി.
കാരണം കല്യാണം കഴിച്ചു കൊണ്ടു പോയതു മൂത്ത കമ്യൂണിസ്റ്റുകാരുടെ വീട്ടിലേക്ക്‌.
അതു കൊണ്ടെന്താ പെണ്ണിനു നല്ല സ്വാതന്ത്യം കിട്ടി.
എല്ലാരും കടന്നു ചെല്ലാൻ പേടിക്കുന്നിടത്തും അറക്കുന്നിടത്തും നല്ല പെണ്ണത്തത്തോടെ ചെന്നു ചങ്കൂറ്റത്തോടെ കാര്യം നടത്തി ഒന്നും നഷ്ടപ്പെടുത്താതെ തിരിച്ചു വരും.
അതിനാൽ നാടു വിട്ടു പോയി ഒരു കാര്യം നടത്താനും പെണ്ണുങ്ങൾ മാത്രം ചെല്ലാൻ പറ്റുന്നിടത്തു തന്റേടമുള്ള ഒരു പെണ്ണായി ചെല്ലാനും എല്ലാരും സഹായം തേടുന്നത്‌ അമ്മായിയെയാണ്‌.

മൂത്ത അമ്മായിക്കു ബ്രയിൻ ട്യൂമറായി തിരുവനന്തപുരം ശ്രീചിത്തിരത്തിരുനാൾ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിൽ കൂടെ ആരെയും നിൽക്കാൻ അനുവദിക്കില്ല.

അതിനാൽ പുറത്തു ഒരു ലോഡ്ജ്‌ എടുത്ത്‌ അവിടെ താമസിക്കണം.
ഒരു പെൺതുണ വേണം.
ആര്‍ക്കും വേറൊന്നു ചിന്തിക്കാനില്ല.
അതിനു അമ്മായി തന്നെ.

പക്ഷെ ഒരു ആൺ തുണ വേണം.
ഒരു പാടു ചിന്തിച്ചു. തറവാട്ടിലെ ആണുങ്ങളെല്ലാം പത്താം തരവും ടൈപ്പും പഠിച്ചു ഗള്‍ഫിലാണ്.
നാട്ടിലുള്ളത് ഈ ഞാന്‍ മാത്രം!
അതിനാല്‍ തെരെഞ്ഞെടുത്തത്‌ എന്നെ.
ഞാന്‍ അന്നു പത്താം ക്ലാസു പരീക്ഷയെഴുതി നിൽക്കുന്ന കാലം.
മണ്ണാർക്കാടിനും കോഴിക്കോടിനും അപ്പുറത്തു ലോകം കണ്ടിട്ടില്ലാത്ത ചെക്കൻ.
തിരുവനന്തപുരം കാണാൻ കിട്ടിയ അവസരം വിട്ടില്ല.
തിരൂരിൽ നിന്നു ട്രെയിനിലാണു യാത്ര.
തിരുവനന്തപുരത്തു നിന്നും കെ.എസ്‌.ആർ.ടി.സിയിൽ കേശവദാസപുരത്തേക്കു പോയാൽ അവിടേയാണു ലോഡ്‌ജ്‌.

ഒരു പെണ്ണിന്റെ സംരക്ഷകനായി ഇല്ലാത്ത പൊടിമീശ ചുരുട്ടി ഗമയിലാണു ട്രൈയിൻ യാത്ര.
ഇല്ലാത്ത മസിലു പെരുപ്പിച്ചു കാട്ടാന്‍ ഇടക്കിടക്കു ശ്വാസം പിടിച്ചു നിന്നു അവസാനം ഉള്ള ഉശിരും ചോരും.
തിരൂരില്‍ നിന്നു തിരുവന്തപുരം വരെ, പോകും വഴിക്കു അനർത്ഥങ്ങൾ ഒന്നുമുണ്ടായില്ല.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി.
കെ.എസ്‌.ആർ.ടി.സി ബസ്‌സ്റ്റേഷനിലേക്കു  ഓട്ടോറിക്ഷ വിളിച്ചതു എന്റെ മണ്ടത്തരമെന്നു പറയാനാവില്ല, പക്ഷെ അറിവില്ലായ്മയായിരുന്നു.

അപ്പോൾ തന്നെ ഡ്രൈവർ ഒരു കള്ളച്ചിരി ചിരിച്ചതു ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.
“‘മലപ്പുറത്തെ താത്തയും മോനും” എന്നു ആ ഡ്രൈവരുടെ അണ്ടർ എസ്റ്റിമേഷനാണു അയാൾക്കു വിനയായത്‌.
നാലു കറക്കം കറക്കി ഓട്ടോ കെ.എസ്‌.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നു നിന്നപ്പോൾ ഞാൻ കൂലി ചോദിച്ചു അതു കൊടുക്കുകയായിരുന്നു.

അന്നേരമാണു അമ്മായി "തിരുവന്തപുരം സെണ്ട്രല്‍ റൈൽവേ സ്റ്റേഷൻ" എന്ന ബോർഡു തൊട്ടു എതിരിൽ റോഡിനപ്പുറം കണ്ടത്‌.
പത്തു രൂപ പോക്കറ്റിലേക്കിടുന്നതിനു പിറകെ അമ്മായിയുടെ കൈ ആ ഡ്രൈവരുടെ കോളറിൽ പിടുത്തമിട്ടു,
അമ്മായി പിടുത്തം മുറുക്കി ഒറ്റ വലി,
അയാള്‍ താഴെ റോഡിൽ!
ഞാൻ അന്തം വിട്ടു നിൽക്കുന്നതിനിടെ അമ്മായിയുടെ അലറൽ !
" നായിന്റെ മോനെ ഈ റോഡു മുറിച്ചു കിടക്കുന്നതിനാണടോ ഞങ്ങളെ നീ അഞ്ചു കിലോമീറ്റർ ഓടിച്ചത്‌?."
"നിങ്ങൾക്കു സ്ഥലം അറിയാത്തതിനു ഞാൻ എന്തു പെഴച്ചു. എന്റെ ഓട്ടോ ഓടിച്ചതിന്റെ ചാർജ്ജാ ഞാൻ ചോദിച്ചത്‌? “

അയാള്‍ സ്വയം ന്യായികരിക്കാനുള്ള ശ്രമം.
“ഞങ്ങൾക്കു സ്ഥലം അറിയില്ലങ്കിൽ തനിക്കു സ്ഥലം അറിയാമായിരുന്നില്ലേ? “
“ഓട്ടോറിക്ഷക്കാരൻ എങ്ങനെയായിരിക്കണമെന്നു നീ കോഴിക്കോടു വന്നു പഠിക്ക്‌! “
അമ്മായി വിട്ടു കൊടുക്കാനുള്ള ഭാവമില്ല.
ആളുകൾ കൂടാൻ തുടങ്ങിയപ്പോൾ ഓട്ടോക്കാരൻ ആ പത്തു രൂപയെടുത്തു എനിക്കു തിരികെ തന്നു സ്ഥലം വിടാൻ ധൃതി കൂട്ടി.
അമ്മായി എന്റെ കയ്യിൽ നിന്നു പൈസയെടുത്തു അവന്റെ മുഖത്തേക്കു നോക്കി വലിച്ചൊരേറ്!!
എന്നിട്ടു വൈജയന്തി ഐ.പി.എസ് നടക്കുന്ന രീതിയിൽ സ്ലോമോഷനിൽ ബസ്സിനടുത്തേക്കു ഒരു നടത്തവും !!.
അന്നു ലോഡ്ജിലെത്തുന്നതു വരെ എന്റെ വിറ നിന്നിട്ടില്ലായിരുന്നു, സത്യം.
ആശുപത്രി ജോലികളൊക്കെ തീർത്തു മടങ്ങിപ്പോരുമ്പോഴാണു രണ്ടാമത്തെ സംഭവം ഉണ്ടായത്‌.
രാത്രിയിലാണു ട്രയിൻ പുറപ്പെടുന്നത്‌.
അതിനാൽ തെരക്കു കുറവാണ്‌. ഞാനും അമ്മായിയും ബർത്തിൽ ബ്ലാങ്കറ്റു വിരിച്ചു ഉറങ്ങാൻ കിടന്നു.
ഒരാൾ പതിയെ നടന്നു വരുന്ന കാലൊച്ച കേട്ടു.
കണ്ടാല്‍ തന്നെ ഒരു കള്ള ലക്ഷണം!
അയാൾ ബാഗവിടെ വെച്ചു സൈഡ്‌ സീറ്റിൽ ഇരുന്നു.
ട്രയിനില്‍ എന്തോരം യാത്രക്കാരുണ്ടാവും ഞാനെന്തീനു ടെന്‍ഷനടീക്കണം!
എനിക്കു നല്ല ഉറക്കം വരുന്നുണ്ടായിരുന്നു.
ഞാൻ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ കിടന്നുറക്കമായി.
പെട്ടെന്നു എന്തോ പൊളിഞ്ഞു വീഴുന്നപോലെ ഒരു ഒച്ച കേട്ടാണു ഞാൻ ഞെട്ടിയുണർന്നത്‌.
കൂടെ ഒരു ആണിന്റെ യാതൊരു ലജ്ജയുമില്ലാത്ത നിലവിളിയും.
അമ്മായിയുടെ കൈ കാലുകൾ മിന്നൽ വേഗത്തിൽ ചലിക്കുന്നതു അരണ്ടവെളിച്ചത്തിൽ കണ്ടു.
ഒപ്പം അയാളുടെ വിവിധ ഫ്രീക്കൻസിയ്‌ലെ കരച്ചിലും.
ഞാൻ ബർത്തിൽ നിന്നു ചാടിയിറങ്ങി, ലൈറ്റിട്ടപ്പോൾ അയാൾ ബാഗും തൂക്കി അടുത്ത കമ്പാർട്ടുമെന്റിലേവിടെയോ ഓടി ലയിച്ചു. ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ അയാളെ കുറേ തെരെഞ്ഞു. കണ്ടില്ല.
പക്ഷെ അടുത്ത സ്റ്റേഷനെത്തിയപ്പോള്‍ അയാൾ ചാടിയിറങ്ങി പോകുന്നതു കണ്ടു.
കാര്യം തെരക്കാൻ വീണ്ടും അമ്മായിയുടെ അടുത്തു വന്നപ്പോൾ ഒന്നും സംഭവിക്കാത്തമട്ടിൽ അമ്മായി പറഞ്ഞു,
“നീ കിടന്നോ“
“ഞാൻ മൂസക്കുരിക്കളുടെ ശിഷ്യയാണെന്നു അവനറിയാതെ പോയി. പാവം! “
തറയിൽ കിടക്കുന്ന പല്ലു കണ്ടപ്പോൾ ഞാൻ ശരിക്കും പേടിച്ചു.
പിന്നെ എനിക്കു ചിരി വന്നു.
അമ്മായിയെ കേറി പിടിക്കാൻ പോയ ആ പാവം വിടനെ ഓർത്ത്‌.
പിന്നെ എനിക്കു ലജ്ജ വന്നു,
ബിന്ദു പണിക്കരെപ്പോലെയുള്ള അഴകിയ അമ്മായിയെ കാവലേൽപ്പിക്കപ്പെട്ട ഞാൻ
രാത്രി വണ്ടിയിൽ സ്ഥലകാല ബോധമില്ലാതെ പോത്തുപോലെയുറങ്ങിയതിന്‌.
പിന്നെ എനിക്കു അഭിമാനം തോന്നി!
കുരിക്കൾക്കും ശിഷ്യർക്കും നിത്യവും കഞ്ഞിവെള്ളം കൊടുക്കാൻ പോയി തടുക്കിന്റെ മറയിലൂടെ അഭ്യാസങ്ങൾ കണ്ടു പഠിച്ച്‌ ഏകലവ്യനെപ്പോലെ സ്വയം കളരിമുറ നേടിയ അമ്മായിയെക്കുറിച്ച്‌.
അതു കണ്ടു ഗുരിക്കൾ മറ്റു പെൺകുട്ടികളെ കളരിപഠിപ്പിക്കാൻ ധൈര്യം നൽകിയ  അമ്മായിയെക്കുറിച്ച്, പിന്നിടു കെട്ടിച്ചു വിട്ടേടത്തു ചുറ്റുവട്ടത്തുള്ള അഞ്ചെട്ടു പെൺകുട്ടികളെ കളരി പഠിപ്പിച്ചിരുന്ന അമ്മായിയെ ഓർത്ത്.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 24, 2008

സഭ്യമായ പരസ്യം

താഴെ പറയുന്ന സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ചിത്രം

ഫോട്ടോ: മനോരമ

വെട്ടിയെടുത്തതും, ക്യാമറയില്‍ പകര്‍ത്തിയതും, ക്രോപ്പു ചെയ്തതും ബ്ലോഗിലിട്ടതും : കരീം മാഷ്


ങ്ങളുടെ ഗ്രാമത്തില്‍ നിന്നു ആദ്യമായി പേര്‍ഷ്യയില്‍ പോയി അവോളം സമ്പാദിച്ചു വന്ന വന്ന ഖാദരിക്കയാണു തനിക്കു പുതിയ വീടു പണിതപ്പോള്‍ നാട്ടില്‍ ആദ്യമായി തണ്ടാസു (കക്കൂസ്‌)വീട്ടിനകത്തു പണികഴിപ്പിച്ചത്‌.
കോമണ്‍ റ്റോയ്‌ലറ്റില്‍ ഒറീസ്സാപാനും ബെഡ്‌റൂമിനോടു ചേര്‍ന്ന ബാത്ത്‌റൂമില്‍ യൂറോപ്യന്‍ ക്ലോസെറ്റുമാണയാള്‍ വെച്ചിരുന്നത്‌.
അതുവരെ വെളിമ്പറമ്പുകലിള് ‍ ലളിത ഗാനത്തിന്‍റെയും നല്ല തട്ടുപൊളിപ്പന്‍ ഡിസ്കോ മാപ്പിളപ്പാട്ടു ശീലുകളുടെ അകമ്പടിയോടേയായിരുന്നു അതു സാധിച്ചിരുന്നത്. ആ ഏരിയയില്‍ ആളുണ്ട് എന്നു അറിയിക്കാനായിരുന്നു പശ്ചാത്തല സംഗീതം.


ആ വീടിന്റെ 'കുടിയിരിക്കല്‍' ചടങ്ങിനു ക്ഷണിക്കപ്പെട്ട മഹല്ലിലെ അന്നത്തെ മുസ്ലാര്‍ തികച്ചും യാഥാസ്തികനായിരുന്നു.പരിഷ്കാരങ്ങളെയും മാറ്റങ്ങളെയും പഠിക്കാതെ നിശിതമായി വിമര്‍ശിക്കുന്നയാള്‍.
വീടുദ്ഘാടനത്തിനു വന്ന അദ്ദേഹത്തിനു ആദ്യം റ്റോയലറ്റ്‌ ഉദ്ഘാടനം ചെയ്യാനുള്ള വിധിയാണുണ്ടായത്‌. അതും യൂറോപ്യന്‍ ക്ലോസെറ്റില്‍..
അതിന്റെ ഉപയോഗക്രമത്തെക്കുറിച്ചു യാതൊരു മുന്‍പരിചയവും വിവരവും ഇല്ലാത്ത അദ്ദേഹം വളരെ കഷ്ടപ്പെട്ടിരിക്കണം.
പുറത്തിറങ്ങി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യഭാരം സമ്മതിച്ചും കാണില്ല.
പക്ഷെ അന്നദ്ദേഹം അനുഭവിച്ച പ്രയാസം പിന്നീടയാളുടെ എല്ലാ പ്രസംഗവേദികളിലും കേട്ടു നില്‍ക്കുന്നവര്‍ക്കു ഊഹിച്ചെടുക്കാമായിരുന്നു.

"പ്രിയപ്പെട്ട വിശ്വാസികളെ ഇതു അന്ത്യനാളിന്റെ അടയാളമാണ്‌
ഒരു വീട്ടിലെ അംഗങ്ങള്‍ ഒരു പാത്രത്തില്‍ നിന്നുണ്ണുകയും വ്യത്യസ്തസ്ഥലത്തു വിസര്‍ജ്ജിക്കുകയും ചെയ്തിരുന്ന ആ മഹത്തായ കാലം മാറി, ഇപ്പോള്‍ അവര്‍ വ്യത്യസ്ത പാത്രത്തില്‍ നിന്നുണ്ണുകയും ഒരേ പാത്രത്തില്‍(ക്ലോസെറ്റില്‍) വിസര്‍ജിക്കുകയും ചെയ്യുന്ന കാലം വന്നിരിക്കുന്നു".
ഈ വാക്യങ്ങള്‍ പറയാതെ ഏതൊരു പ്രസംഗവും മുഴുവനാക്കിയിരുന്നില്ല.
ആളുകള്‍ക്കൊക്കെ ഇതു കേട്ടു കേട്ടു മടുത്തിരുന്നു. പലരും പ്രസംഗിക്കവേ ഇനി ഈ വിഷയം പറയരുത്‌ എന്നെഴുതി നോട്‌സ്‌ കുറിച്ചു കൊടുത്തു.
"ക്ലോസെറ്റിനെ വിമര്‍ശിക്കുന്ന മുസ്ല്യാര്‍ വേണ്ട!" എന്നു പറഞ്ഞു പല കമ്മറ്റിക്കാരും അദ്ദേഹത്തിനെ സ്റ്റേജു വിലക്കി.
അതിനാല്‍ അദ്ദേഹം ക്ലോസെറ്റു വിരുദ്ധ പ്രസംഗം തല്‍ക്കാലത്തേക്കു മാറ്റി വെച്ചു.

പക്ഷെ ഒരു ദിവസം കോഴിക്കോട്ടേക്കു പോകുന്ന വഴിയില്‍ ഒരു വമ്പന്‍ പരസ്യബോര്‍ഡു കണ്ടു അദ്ദേഹത്തിലെ ഉറക്കിക്കിടന്ന വിഢി വീണ്ടുമുണര്‍ന്നു.

ഒരു യൂറോപ്യന്‍ ക്ലോസെറ്റിന്റെ പരസ്യമായിരുന്നു അത്‌. യൂറോപ്യന്‍ ക്ലോസെറ്റിലിരുന്നു ഒരു ചിമ്പാന്‍സി "രണ്ട്‌" നിര്‍വ്വഹിക്കുന്ന ചിത്രം.
അതു കണ്ടു വന്ന അന്നു അങ്ങാടിയില്‍ നടന്ന ഒരു ചടങ്ങില്‍ മുസ്ല്യാര്‍ അതിനെക്കുറിച്ചു പറഞ്ഞത്‌ ഇതായിരുന്നു.
"വിശ്വാസികളെ കുരങ്ങന്മാര്‍ക്കു തൂറാനുള്ള പാത്രം വീട്ടിനകത്തെ വെച്ചു മലമൂത്രവിസര്‍ജ്ജനം നടത്തുന്ന മനുഷ്യരുടെ ഒരു കാലം വന്നിരിക്കുന്നു. ഇതു അന്ത്യ നാളിന്റെ അടയാളമാണ്‌".

യൂറോപ്യന്‍ ക്ലോസെറ്റിന്റെ പരസ്യത്തില്‍ മനുഷ്യന്‍ അതുപയോഗിക്കുന്ന ചിത്രം സഭ്യമല്ല എന്നു കരുതി പരസ്യകര്‍ത്താക്കള്‍ ഒരു ചിമ്പന്‍സിയെ വരച്ചു സിമ്പോളിക്കായി പ്രദര്‍ശിപ്പിച്ചതു മനസ്സിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ലങ്കിലും, കമ്മറ്റി സെക്രട്ടറിയുടെ കുറിപ്പു കിട്ടിയപ്പോള്‍ മുസ്ല്യാര്‍ക്കു മനസ്സിലായി ഇനി അന്നത്തിനുള്ള പണിക്കു വളരെ ദൂരെയുള്ള ഏതെങ്കിലും ഒരു മഹല്ലു അന്വേഷിക്കേണ്ടി വരുമെന്ന്!

39473

വ്യാഴാഴ്‌ച, മേയ് 01, 2008

കോട്ടിലമ്പഴങ്ങ

"കോട്ടിലമ്പഴങ്ങ" എന്നതു അവന്റെ ഓമനപ്പേരാണ്‌.
പക്ഷെ അവന്റെ പെരുമാറ്റം അത്രക്കു ഓമനയല്ല.

കേള്‍പ്പിച്ചു ആരും അവനെ ആ പേരു വിളിക്കാറില്ല.
നീട്ടി വിളിക്കാന്‍ മടിയുള്ളവര്‍ പരിഷ്ക്കരിച്ചതു "കോട്സ്‌" എന്നു വിളിക്കും.

ചെറുപ്പത്തില്‍ മുണ്ടിനീരു വന്നതിന്റെ 'മൊമന്റോ'യായി എല്ലാക്കലത്തേക്കുമായി ദൈവം കൊടുത്തതാണ്‌ കീഴ്‌ത്താടിയില്‍ തൂങ്ങി നില്‍ക്കുന്ന അമ്പഴങ്ങ വലിപ്പത്തില്‍ ഒരു മുഴ.
അത്രയെങ്കിലും അവനു കൊടുത്തില്ലങ്കില്‍ പിന്നീട്‌ ദൈവത്തിനെ വലിച്ചിറക്കി ആ സിംഹാസനത്തില്‍ അവന്‍ കേറിയിരുന്നു കളയുമോ എന്നു ദൈവത്തിനന്നു തന്നെ സംശയം തോന്നിക്കാണും.

സ്കൂളിന്റെ പിന്നിലെ അമ്പാഴമരത്തില്‍ കയറി, അമ്പഴങ്ങ കട്ടറുത്തു തിന്നവേ പുതുതായി വന്ന മാഷാണു അവനെ കയ്യോടെ പിടികൂടിയത്‌.
തുപ്പിക്കളയാന്‍ പറഞ്ഞിട്ടും അനുസരിക്കാത്ത അവനെ പൊതിരെ തല്ലുന്നതു കണ്ട്‌ ഒരു ടീച്ചര്‍ എത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതു വരെ അവന്റെ വായിലിരിക്കുന്നതു അമ്പഴങ്ങയാണെന്നു തെറ്റിദ്ധരിച്ച മാഷ്‌ തനിക്കു പറ്റിയ തെറ്റിനു ക്ലാസ്സില്‍ പരസ്യമായി മാപ്പു പറഞ്ഞപ്പോഴാണു അവനു നാടു മുഴുവന്‍ പുകഴ്‌പെറ്റ അവന്റെ ആ ഓമനപ്പേരു സ്ഥിരമായി കിട്ടിയത്‌.
പക്ഷെ അതിനു ശേഷം ആരും ആ പേരില്‍ മാപ്പുപറയുന്നതു അവനു ഇഷ്ടമല്ലാതായി.

കയ്യിരിപ്പിന്റെ ഗുണം കൊണ്ടു തന്നെയാവണം അവനു സ്കൂളില്‍ അധികം കഷ്ടപ്പെട്ടിരിക്കേണ്ടിവന്നില്ല.
പക്ഷെ മുതിര്‍ന്നപ്പോള്‍ നാലു ചക്രമുള്ള ഉന്തുവണ്ടിയില്‍ ഓംലറ്റും കാപ്പിയും വിറ്റു അവന്‍ നാലും നാലു പതിനാറു ചക്രം ഉണ്ടാക്കാന്‍ മിടുക്കനായി.
എങ്കിലും നാട്ടില്‍ എവിടെയെങ്കിലും ഒരു കുഴപ്പമുണ്ടായാല്‍ ആദ്യം കേള്‍ക്കുന്ന പേരില്‍ ഏതു ഇബ്‌ലീസിന്റെയും കൂടെ അവന്റെയും ഉണ്ടായിരുന്നു.

അക്ഷരയുടെ ആരംഭകാലം!
അക്ഷരയുടെ ആദ്യത്തെ നിശാ പ്രൈവറ്റ്‌ ഓവര്‍ ഏജ്ഡ്‌ S.S.L.C. ക്ലാസ്സിലേക്കു നല്ല തെരക്കായിരുന്നു.
പഠിതാക്കളെല്ലാം (പ്രായം കവിഞ്ഞ വിദ്യാര്‍ത്ഥികളെ സംബോധന ചെയ്യാന്‍ പുതിയ വാക്കു കണ്ടുപിടിച്ച കേരള സാക്ഷരതാമിഷനു നന്ദി) സ്ഥലത്തെ ആശാരിമാര്‍, പടവുകാര്‍ കോണ്‍ക്രീറ്റുപണിക്കാര്‍, കച്ചവടക്കാര്‍ തുടങ്ങി ഇരുമ്പുഴിയിലെ അധ്വാനിക്കുന്ന ജനസമൂഹത്തിന്റെ ക്രോസ്‌സെക്ഷന്‍.

രണ്ടു അധ്യാപകര്‍ ക്ലാസ്സില്‍ കയറുമ്പോള്‍ ബാക്കിയുള്ളവര്‍ സ്റ്റാഫ്‌ റൂമില്‍ ഡിബേറ്റും ചര്‍ച്ചയും മറ്റുമായി സഹകരിച്ചിരിക്കും. രാത്രി ക്ലാസ്സു തീര്‍ന്നു എല്ലാരും ഒന്നിച്ചിറങ്ങി വീടുകളിലേക്കു പിരിഞ്ഞു പോകുന്നതു വരെ രസകരമായ നല്ല നിമിഷങ്ങള്‍.
മിക്ക ദിവസങ്ങളിലും ഇടവേളകളില്‍ ഒപ്പമിരുന്നു കഴിക്കാന്‍ എന്തെങ്കിലും കൊണ്ടേ ആരെങ്കിലുമൊക്കെ വരികയുള്ളൂ.ഇടവേളകളില്‍ തീറ്റയും സൊറപറച്ചിലുമായി ആ നിശാക്ലാസ്സ്‌ നല്ല രീതിയില്‍ നടന്നു.

അതിനിടയിലാണ്‌ ഏതോ ഒരു പഠിതാവിനൊരു ബുദ്ധിയുദിച്ചത്‌.
മേലെ അങ്ങാടിയില്‍ അന്തിക്കു "ഈച്ചയാട്ടി" ഇരിക്കുന്ന "കോട്ടിലമ്പാഴങ്ങയുടെ"ആ ഓംലറ്റു വണ്ടി നമുക്ക്‌ ഇങ്ങോട്ടു വരുത്തിയാലോ?

ക്ലാസ്സിടവേളയില്‍ വിശക്കുമ്പോള്‍ ഓംലറ്റും കാപ്പിയും കഴിക്കാലോ?

രണ്ടു ക്ലാസ്സിലുമായി പത്തു നാല്‍പ്പതു പേരുണ്ട്‌.
തൊഴിലുള്ളവരായതിനാല്‍ കയ്യിലെപ്പോഴും കാശുണ്ട്‌, ചെലവഴിക്കാന്‍ മനസ്സും.
കച്ചവടം നടന്നാല്‍ അവനും ഒരു കാര്യമായി.

പഠിതാക്കള്‍ ഞങ്ങളധ്യാപകരുമായി ആലോചിച്ചു
ഞങ്ങള്‍ അധ്യാപകര്‍ പലവട്ടം ചിന്തിച്ചു.
"കോട്ടിലമ്പഴങ്ങ"യെ വിളിക്കണോ?
അതോ ഭസ്മാസുരനു വരം കൊടുക്കണോ?

ആലോചന കൂലങ്കശം,
തീരുമാനം വരാന്‍ കാതു കൂര്‍പ്പിച്ചു നില്‍ക്കുന്ന പുരുഷാരം.
സ്റ്റാഫ്‌ റൂമില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദത.

കൃത്യം അതേ നിമിഷം അവന്റെ ഉന്തുവണ്ടി അക്ഷരക്കു മുന്നിലെ റോഡിലൂടെ തുള്ളിത്തുള്ളി പോകുന്നു.
ഓംലറ്റിന്റെ മണം സകലരുടേയും മൂക്കില്‍ തുളച്ചു കയറി.

തീരുമാനവും പ്രഖ്യാപനവും ഒന്നിച്ചായിരുന്നു.
എട്ടാളും ഒരേ സ്വരത്തില്‍ റിഫ്ലക്സ്‌ ആക്ഷന്‍ പോലെ!

" വിളിക്കവനെ!"

നിര്‍ദ്ദേശം കിട്ടിയതോടെപഠിതാക്കളില്‍ ഒരു സംഘം കോട്ടിലമ്പാഴങ്ങയെ വിളിക്കാന്‍ ഗോവണി ഓടിയിറങ്ങി.

കോട്സ്‌ ഉന്തുവണ്ടി ഹാള്‍ട്ടാക്കി അക്ഷരയില്‍ ഹാജറായി.

ദിവസവും രാത്രി 9 മണിക്കു അവന്റെ "രാജധാനി എക്സ്പ്രസ്സിനു" 'അക്ഷര' യുടെ മുന്നില്‍ ഒരു സ്റ്റോപ്പ്‌ അനുവദിച്ചു കിട്ടാന്‍ അപേക്ഷ കൊടുത്തു.
ഞങ്ങള്‍ തന്നെ മുന്‍കൈ എടുത്തു അവനു അരമണിക്കൂര്‍ കച്ചവടം നടത്താന്‍ കെട്ടിടമുടമസ്ഥനോടു അനുവാദം വാങ്ങി അക്ഷരയോടു ചേര്‍ന്ന ഒരു ഷെഡു വൃത്തിയാക്കി കൊടുത്തു.
തുടര്‍ന്നു രാത്രി ഒമ്പതു മണിക്കവന്‍ കൃത്യമായി എത്തി.നല്ല തകര്‍പ്പന്‍ കച്ചവടം.

പിന്നെ പിന്നെ അവന്‍ രാത്രി പുലരുന്നതു വരെ ആ ഷെഡില്‍ കച്ചവടം തുടര്‍ന്നു.
നാട്ടില്‍ പകല്‍വെട്ടത്തിറങ്ങാന്‍ പറ്റാത്തവരും രാത്രി വീട്ടില്‍ കിടക്കാത്തവരും അവിടെ വന്നു തിന്നാന്‍ തുടങ്ങി.
അവന്‍ ഷെഡില്‍ രണ്ടു ബെഞ്ചിട്ടു.
ആളു കൂടി. ബഹളവും.ഇതു നിശാക്ലാസ്സിനെ ബാധിച്ചു.
സൗമ്യമായി പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.

അവന്‍ തനിസ്വരൂപം കാട്ടി.
ഇല്ലാത്ത മസിലും കീഴ്‌ത്താടിയിലെ അമ്പഴങ്ങയും വിറപ്പിച്ചു പോരിനു വിളിച്ചു.

ഞങ്ങളെ വെട്ടിച്ചു അവന്‍ ബില്‍ഡിംഗ്‌ഓണര്‍ക്ക്‌ വാടകയെന്ന രൂപത്തില്‍ ഇടക്കൊക്കെ ഒരു ക്വാര്‍ട്ടര്‍ ബോട്ടിലും തറാമുട്ടയുടെ ഓംലറ്റും കൊടുക്കാന്‍ തുടങ്ങിയതോടെ കാര്യം ഞങ്ങളുടെ കയ്യില്‍ നിന്നു പോയി.

രാത്രിയിലെ കച്ചവടത്തിനു പുറമേ പകലും കച്ചവടം തുടര്‍ന്നപ്പോള്‍ അക്ഷരയിലെ എല്ലാ ക്ലാസ്സുകളേയും അതു ബാധിച്ചു.
അങ്കവും കാണാം താളിയും ഒടിക്കാമെന്ന അത്യാഗ്രഹത്തില്‍ കടയില്‍ വന്നിരിക്കുന്ന വായിനോക്കികളുടേ ശല്യത്തെക്കുറിച്ചു പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും പരാതി പറയാന്‍ തുടങ്ങി.

കാര്യം കയ്യാംകളിയേ അവസാനിക്കൂ എന്നു ഞങ്ങള്‍ക്കു തോന്നിത്തുടങ്ങി.
പക്ഷെ അതിനു മുമ്പെ ദൈവം ഞങ്ങള്‍ക്കു ഒരു വഴി കാണിച്ചു തന്നു.

ഒരു നാള്‍ രാത്രി ബാച്ചിനു കെമിസ്ട്രി ക്ലാസ്സായിരുന്നു.
താഴെ കോട്ടിലമ്പാഴങ്ങയുടെ തകര്‍ത്തു പിടിച്ച ഓംലറ്റു കച്ചവടം.
ഒച്ചയും ബഹളവും കാരണം ക്ലാസ്സു ശ്രദ്ധിക്കാന്‍ കഴിയില്ലന്നു പഠിതാക്കള്‍.
പലരും വീതുളിയുമായി ഒരു പോരിനു ഇറങ്ങാന്‍ വരെ തയ്യാര്‍.

ശബ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ കെമിസ്ട്രി മാഷു ലക്‍ചര്‍ ക്ലാസ്സു നിര്‍ത്തി, പ്രാക്ടിക്കല്‍ ക്ലാസ്സു തുടങ്ങി.
ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ നിര്‍മ്മാണം ആയിരുന്നു വിഷയം.

ടെസ്റ്റ്‌റ്റ്യൂബും കെമിക്കലുകളുമായി വന്നു മാഷു ക്ലാസ്സു ഒരു ലാബാക്കി.
പരീക്ഷണം വളരെ വിജയം.
മിനിട്ടുകള്‍ക്കകം അക്ഷരയിലും പരിസരത്തും ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ മണം പരന്നു.
കെട്ടമണം കട്ടകുത്തി താഴെ ശബ്ദമയമായ തട്ടുകടയിലെത്തിയ വിവരം പെട്ടന്നറിഞ്ഞു.

കോട്ടിലമ്പാഴങ്ങയുടെ ഓംലറ്റു തിന്നുകൊണ്ടിരുന്ന തെങ്ങുകയറ്റക്കാരന്‍ "ചാരു മകന്‍ ചോയി" യുടെ ഉച്ചത്തിലുള്ള ഒരു ഓക്കാനവും പിറകെ അവന്റെ തഴമ്പുള്ള കൈ കൊണ്ടു കോട്ടിലമ്പാഴങ്ങയുടെ തൂങ്ങിയ കീഴ്‌ത്താടിയില്‍ വാസിം അക്രത്തിന്റെ ബൗളിംഗ്‌ സ്പീഡില്‍ ഒരു അലക്കലും ഒപ്പം ഒരലറലും

"ചീഞ്ഞ മുട്ടോണ്ടടാ നായിന്റെ മോനെ ഓംലറ്റുണ്ടാക്കി വില്‍ക്കുന്നത്‌?
&%$#*%@! &%$#*%@!

ആ ഒറ്റ അലക്കലു കാരണം കോട്ടിലമ്പാഴങ്ങ നാലാഴ്ച്ച മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കിടന്നു.

ഒറ്റപൂശലേ നടത്തിയുള്ളൂ എന്നു ചോയി പറഞ്ഞതു കേസ്സു ചാര്‍ജുഷീറ്റെഴുതാന്‍ വന്ന ആ പോലീസുകാരനത്രക്കു വിശ്വാസം വന്നില്ല. മുഖത്തിന്റെ സ്ട്രക്ചര്‍ അത്രക്കും മാറിപ്പോയിരുന്നു.

പക്ഷെ ഡിസ്ചാര്‍ജു ചെയ്യുന്നതിന്നു മുമ്പെ, കീഴ്‌ത്താടിയിലെ ആ പുകഴ്‌പെറ്റ മുഴ ആ ഡോക്ടര്‍ പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി നീക്കി അവനെ സുന്ദരനാക്കി.
ഉര്‍വശി ശാപം ഉപകാരമെന്നു അവനും ഞങ്ങളും ഒരേസമയം പഠിച്ചു.

ബില്‍ഡിംഗ്‌ ഓണര്‍ക്കു കേസന്വേഷണവുമായി ബന്ധപ്പെട്ടു സാക്ഷിപറയാന്‍ രണ്ടുമൂന്നു പ്രാവശ്യം പോലീസുസ്റ്റേഷന്‍ വരെ പോകേണ്ടിവന്നപ്പോള്‍ അക്ഷരയുടെ താഴത്തെ ഷെഡ്‌ അദ്ദേഹം തന്നെ പൊളിച്ചു നീക്കി.

"കോട്ടിലമ്പാഴങ്ങ" ആളു പിന്നെ വളരെ ഡീസന്റായതിനാല്‍ ചീഞ്ഞമുട്ടയുടെ മണമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ്‌ വ്യവസായിക അടിസ്ഥാനത്തില്‍ പിന്നെ ഞങ്ങളുടെ ലാബില്‍ ഉണ്ടാക്കേണ്ടി വന്നില്ല.

ഞായറാഴ്‌ച, ഡിസംബർ 02, 2007

ആര്‍ദ്രമായ ഒരു സ്നേഹമുദ്ര

"മോന്‍, ഷാര്‍ജയിലേക്ക്യാ..?"

ഞാന്‍ ചോദ്യം വന്ന ദിക്കിലേക്കു നോക്കി.
ഒരു മധ്യവയസ്ക,

എന്റെ ലഗേജിലെ "കാലിക്കറ്റ്‌ - ഷാര്‍ജ" എന്ന വരി നോക്കിയായിരിക്കും അവര്‍ ഞാന്‍ ഷാര്‍ജയിലേക്കാണെന്നു മനസ്സിലാക്കിയത്‌.

"അതെ"
ഞാന്‍ തീരെ താല്‍പര്യമില്ലാതെ മറുപടി പറഞ്ഞു.

"എന്റെ മരുമോളേം പൊടിക്കുഞ്ഞിനേം ഒന്നു അവടെ കെട്ട്യോന്റെ അടുത്തെത്തിക്ക്യോ?"
കക്ഷി ആരാന്നറിയാന്‍ ഞാന്‍ അവരുടെ പിന്നിലേക്കു നോക്കി.
കുട്ടിത്തം വിട്ടുമാറാത്ത ഒരു അമ്മ.
കൈകുഞ്ഞിനെ മാറോടു ചേര്‍ത്തു വലിയ ഒരു ലഗേജും വലിച്ചു കൊണ്ടു ഡിപ്പാര്‍ച്ചര്‍ ലോഞ്ചിന്റെ നടവഴിയില്‍ നിന്നു എന്റെ മുന്നിലേക്കു മാറി നിന്നു.

എനിക്കു പാവം തോന്നി. ഈ പിഞ്ചു കുഞ്ഞിനെയും കൊണ്ടു പക്വതയില്ലാത്ത ഈ പെണ്‍കുട്ടിയെ ഒപ്പമാരുമില്ലാതെ ഒരു വിമാനയാത്രക്കു ഒരുക്കിയ ആ സ്ത്രീയോടു ഇത്തിരി പരിഹാസത്തോടെ തന്നെ ഒത്തിരി ഗൗരവം കൂട്ടികലര്‍ത്തി ചോദിച്ചു.

"ഷാര്‍ജയില്‍ എവിടെയാണു ഞാന്‍ ഈ "കുട്ടികളെ" എത്തിക്കേണ്ടത്‌?"

അവര്‍ ഒരു ഫോണ്‍ നമ്പര്‍ തന്നു.
"ഷാര്‍ജയിലെത്തി ഈ നമ്പറില്‍ വിളിച്ചാല്‍ എന്റെ മകന്‍ വരും അവനെ ഏല്‍പ്പിച്ചാല്‍ മതി"

അവര്‍ നീട്ടിയ രണ്ടു പാസ്പോര്‍ട്ടും ടിക്കറ്റുകളും വാങ്ങി ഞാന്‍ എന്റെ ലഗേജിന്റെ കൂടെ അവരുടെ ലഗേജും തള്ളി തിരക്കു കുറഞ്ഞ ടിക്കറ്റു കൗണ്ടറു നോക്കി നടന്നു.

20 കിലോ ലഗേജു അഡള്‍ട്ട്‌സിനും 10 കിലോ കുഞ്ഞിനും അനുവദിക്കുന്ന എയരിന്ത്യാ എക്സ്പ്രസ്സില്‍ എന്റെ ലഗേജിനു 10 കിലോവില്‍ കുറവായതിനാല്‍ മൊത്തം ലഗേജു തൂക്കിയാല്‍ എക്സ്ട്രാ ഉണ്ടാവില്ലന്ന കണക്കു കൂട്ടലില്‍ എല്ലാ ടിക്കറ്റും ഒന്നിച്ചു കൊടുത്തു.
ലഗേജു തൂക്കി നോക്കുന്നതിനിടെ പാസ്പോര്‍ട്ടു നോക്കി ഒരു ഫാമിലിയല്ലന്ന കാര്യം പറഞ്ഞു ടിക്കറ്റിംഗ്‌ സ്റ്റാഫ്‌ എന്റെ പാസ്പോര്‍ട്ടും ലഗേജും വേറെ തൂക്കി. അവരുടെ ലഗേജില്‍ 7 കിലോ യുടെ അധികം പറഞ്ഞു എക്സ്റ്റ്രാ ലഗേജിനു ചാര്‍ജിട്ടപ്പോള്‍ കൊടുക്കാനവളുടെ കയ്യില്‍ ഒറ്റക്കാശില്ല.

ആ തള്ളയെ പുറത്തെങ്ങാനും കാണുമോന്നറിയാന്‍ സെക്യൂരിറ്റിയുടെ കാലുപിടിച്ചു പുറത്തു വന്നു നോക്കിയപ്പോള്‍ അവരുമില്ല അവരു നിന്നിടത്തവരുടെ ഒരു പൂടപോലുമില്ല. സാധാരണ യാത്രയയക്കാന്‍ വരുന്നവര്‍ ബോര്‍ഡിംഗു പാസു കിട്ടുന്നതു വരെയെങ്കിലും കാത്തു നില്‍ക്കുന്ന ഒരു പതിവുണ്ട്‌. ഇതതു പോലുമില്ല.

കാശു ആ കൊച്ചിന്റെ കെട്ട്യോന്റെ കയ്യില്‍ നിന്നു ദിര്‍ഹമായി വാങ്ങാമെന്നു കരുതി ഞാനാ ചാര്‍ജടച്ചു ബാഗുകള്‍ കണവേയറിലിട്ടു.

എമിഗ്രേഷന്‍ കാര്‍ഡുകള്‍ പൂരിപ്പിച്ചു ക്ലിയറന്‍സിനായി വരിയില്‍ കാത്തു നിന്നപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ അതിന്റെ പാരമ്യതയിലെത്തിയിരുന്നു.

കുഞ്ഞിനിത്തിരി പാലുകൊടുക്കാമോ എന്നു ചോദിച്ചപ്പോഴാണു അവള്‍ അവളുടെ ബാഗു തെരഞ്ഞത്‌.
അവളുടെ ചെറിയ ബാഗു കാണാനില്ലന്നു പറഞ്ഞു ആധിയോടെ കരച്ചിലായി.
അതിലാണത്രേ പാലു കുപ്പി.
ആ ബാഗും വണ്ടിയില്‍ വെച്ചു മറന്നതോ അതോ വീട്ടില്‍ നിന്നെടുക്കാന്‍ മറന്നതോ ആണെന്നവള്‍ക്കു നല്ല തിട്ടമില്ല.
ഞാനവളുടെ കയ്യില്‍ ഒരു ബാഗു കണ്ടതായേ ഓര്‍ക്കുന്നില്ല.

ഇതിനിടയില്‍ എന്റെ പാസ്പോര്‍ട്ടിലും അവളുടെ പാസ്പോര്‍ട്ടിലും എക്സിറ്റ്‌ സീല്‍ അടിച്ചിരുന്നു.

പാസ്പോര്‍ട്ടില്‍ സീല്‍ അടിക്കാനായി കുഞ്ഞിന്റെ പുതിയ വിസയുടെ ഒറിജിനല്‍ ചോദിച്ചപ്പോഴാണു അതു ടിക്കറ്റിന്റെയും പാസ്പോര്‍ട്ടിന്റെയും കൂടെ ഇല്ല എന്നു മനസ്സിലായത്‌.

അതു ചോദിച്ചപ്പോഴാണവള്‍ കൂടുതല്‍ പരിഭ്രാന്തിയായി കരഞ്ഞു കൊണ്ടു പറഞ്ഞത്‌.

"അതും ആ ബാഗിലാണു"

എനിക്കു തലകറങ്ങുന്നതു പോലെയായി. രക്തസമ്മര്‍ദ്ദം ഉയരുന്നതു സ്വയം മനസ്സിലാക്കി. വേണ്ടാത്ത ഒരു വണ്ടിയും വലയും വലിച്ചു തോളില്‍ കയറ്റിയ പോലെ.

എന്നാലും ഉപേക്ഷിച്ചു പോകാന്‍ തോന്നിയില്ല.
ശങ്കിച്ചു നില്‍ക്കാന്‍ തീരെ സമയമില്ല.
ഇനി എന്തൊക്കെ ചെയ്യാനാവുമെന്നു പെട്ടന്നു ചിന്തിച്ചു.

ഒന്നുകില്‍ ആ അമ്മക്കു വേണമെങ്കില്‍ കുട്ടിയെ ഉപേക്ഷിച്ചു ഒറ്റക്കു കെട്ട്യോന്റെ അടുത്തേക്കു പോകാം.
അല്ലെങ്കില്‍ അടിച്ച exit സീല്‍ ക്യാന്‍സല്‍ ചെയ്യിച്ചു പോക്കു മാറ്റിവെച്ചു അവളെയും കുഞ്ഞിനെയും വീട്ടില്‍ തിരിച്ചെത്തിക്കാം.
മൂന്നാമത്തേ മാര്‍ഗ്ഗം, എനിക്കു വേണമെങ്കില്‍ ആ അമ്മയെയും കുഞ്ഞിനേയും അവിടെ കളഞ്ഞിട്ടു എന്റെ സ്വന്തം കാര്യം മാത്രം നോക്കി പോകാം.
(പക്ഷെ പിന്നെ ഞാന്‍ എങ്ങനെ ശാന്തനായി ഉറങ്ങും. മനുഷ്യനെന്ന പേരിനു പിന്നെ ഞാന്‍ അര്‍ഹനാണോ?)

ഏതായാലും കൂടുതല്‍ സമയം കളയാനില്ല. എമിഗ്രേഷന്‍ ഉദ്യോഗസ്ഥനോടു കാര്യം പറഞ്ഞു.
“വിസ കയ്യിലില്ല, വീട്ടിലോ കാറിലോ ആണ്‌. കാറു ഇവരെ യാത്രയയച്ചു തിരിച്ചു പോയിരിക്കുന്നു. വിസ എടുത്തു കൊണ്ടുവരാനുള്ള സമയം തരണം“ .

എയര്‍ ഇന്ത്യാ എക്സ്പ്രസ്സിനു ഈയിടെ യാത്രക്കാരില്‍ നിന്നു നന്നായി പഴി കിട്ടുന്ന നേരം.
പല ഷെഡ്യൂളുകളും ക്യാന്‍സലാവുകയും നേരം വൈകുകയും ചെയ്യല്‍ പതിവായതിനാല്‍ ഞാനടക്കമുള്ളവര്‍ തീഷ്ണമായി പ്രതിഷേധിക്കുന്ന സമയം.

അതിനാല്‍ ഒരു വിട്ടു വീഴ്ച്ചക്കും അവര്‍ തയ്യാറല്ല.

“പുറപ്പെടാന്‍ 45 മിനിട്ടു ബാക്കിയുണ്ട്‌. അതിനിടയില്‍ വിസ എത്തിച്ചാല്‍ പോകാം, വിമാനം വൈകിക്കുന്ന പ്രശ്നമേയില്ല“

ഞാന്‍ ഞൊടിയിടയില്‍ കര്‍ത്തവ്യനിരതനായി.
ആ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നു വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി.
എന്റെ ഫോണില്‍ നിന്നു അവരുടെ വീട്ടിലേക്കു വിളിച്ചു.

ആ കുട്ടിയുടെ നാത്തൂനാണു ഫോണെടുത്തത്‌.
ഉടനെ ഞാന്‍ ബാഗിന്റെ കാര്യം തെരക്കി. ബാഗു വീട്ടില്‍ തന്നെയുണ്ടായിരുന്നു.
വീട്ടില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കു 50 കിലോമീറ്റര്‍ ദൂരമുണ്ട്‌.

ഞാന്‍ പറഞ്ഞു.
"വിമാനം പുറപ്പെടാന്‍ മുക്കാമണിക്കൂര്‍ ബാക്കിയുണ്ട്‌. അതിനകം ആ ബാഗു എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ സംഗതി നടക്കും. ഇല്ലങ്കില്‍ അമ്മയെയും കുഞ്ഞിനെയും എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കു കൊണ്ടുപോകാന്‍ ഒരാള്‍ എയര്‍പോര്‍ട്ടിലേക്കു മടങ്ങി വന്നേ മതിയാവൂ".

എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച കാര്‍ വീട്ടിലെത്താന്‍ വീണ്ടും പത്തുമിനിട്ടെടുത്തു. വിവരമറിഞ്ഞയുടന്‍ ആ സ്ത്രീ ബാഗുമായി തിരിച്ചു എയര്‍പോര്‍ട്ടിലേക്കു പായുകയായിരുന്നു.

അവള്‍ പറഞ്ഞു തന്ന ടെലഫോണ്‍ നമ്പരില്‍ അവരുടെ 'വൊഡാഫോണ്‍' മൊബെയിലില്‍ ഓരോ അഞ്ചുമിനിട്ടിനിടയിലും വിളിച്ചു എവിടെവരെ എത്തിയെന്നു തിരക്കി കൊണ്ടേയിരുന്നു.

എയറിന്ത്യാ എക്സ്പ്രസ്സു ഉദ്യോഗസ്ഥന്മാരുടേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ കരയാതെ പിടിച്ചു നില്‍ക്കാന്‍ ആ കുട്ടിയെ ഞാന്‍ എങ്ങനെയൊക്കെയാണൂ ആശ്വസിപ്പിച്ചതു എന്നു എനിക്കു തന്നെ അറിയില്ല. [

മിനിട്ടുകള്‍ കടന്നു പോകുന്തോറും എന്റെയും നെഞ്ചിടിപ്പു കൂടി കൂടി വന്നു.
വിമാനത്തിലേക്കുകയറാനുള്ള അവസാനവിളിയും കഴിഞ്ഞപ്പോള്‍ എന്റെയും അവസാന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.
“ഇയാളു മാത്രം പോകുന്നോ? അതോ ഇല്ലെയോ? എന്ന കുഴക്കുന്ന ചോദ്യം പലവുരു കേട്ടില്ലന്നു നടിച്ചപ്പോള്‍
ഞങ്ങളുടെ ലഗേജുകള്‍ തിരിച്ചിറക്കാനും മാറ്റി വെക്കാനും ഉത്തരവായി.
എന്തു ചെയ്യണമെന്നൊരു തീരുമാനമെടുക്കാന്‍ കഴിയാതെ ഞാന്‍ കുഴങ്ങി.

എനിക്കു പോകണമെങ്കില്‍ അമ്മയെയും കുഞ്ഞിനെയും വിശ്വസിച്ചാരെയെങ്കിലും ഏല്‍പ്പിക്കണം.
അതിന്നായി എയര്‍പോര്‍ട്ടു സെക്യൂരിറ്റിയെ സമീപിക്കുന്നതിനു തൊട്ടു മുമ്പാണു എന്റെ ഫോണ്‍ അടിച്ചത്‌.

ആ സ്ത്രീയുടെ ശബ്ദം.

അവര്‍ ബാഗുമായി എയര്‍പോര്‍ട്ടു എന്‍ട്രന്‍സില്‍ എത്തിയിരിക്കുന്നു.
ഞാന്‍ ദൈവത്തിനു ഒരായിരം നന്ദി പറഞ്ഞു. ഓടിച്ചെന്നു ആ ബാഗു വാങ്ങി സ്ക്രീന്‍ ചെയ്യിച്ചു. അതില്‍ നിന്നു വിസയെടുത്തു എമിഗ്രേഷന്‍ കൗണ്ടറില്‍ കൊടുത്തു.
കുഞ്ഞിന്റെ പാസ്പോര്‍ട്ടില്‍ എക്സിറ്റു സീല്‍ ചെയ്തു നേരെ വിമാനത്തിലേക്കു നടന്നു കയറി.
സീറ്റു നമ്പര്‍ നോക്കി.
മൂന്നു സീറ്റുള്ള സൈഡു നിരയാണ്‌. ജനലിനടുത്തെ സീറ്റ്‌ ഒരു ഹിന്ദിക്കാരിയുടെതാണ്‌. നടുക്കുള്ളതവളുടേതും വഴിയോടു ചേര്‍ന്നതെന്റെതും.
ആശ്വാസമായി.
ഇരുന്നു ബെല്‍റ്റു കെട്ടുന്നതു കാണിച്ചു കൊടുത്തു.
കുഞ്ഞിന്റെ കരച്ചില്‍ അപ്പോഴും മാറിയിട്ടില്ല.
ബാഗില്‍ നിന്നു ആ പാല്‍കുപ്പിയെടുത്തു കൊടുത്തു. അതു വായിലേക്കു വെച്ചതേയുള്ളൂ അവന്റെ എല്ലാ നിലവിളിയും നിന്നു. ആശ്വാസമായി.

ഞാന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്കു നോക്കി. പേടി കൊണ്ടും വെപ്രാളം കൊണ്ടും അതിനൊന്നും മിണ്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
ഞാന്‍ ബാഗില്‍ നിന്നു വെള്ളമെടുത്തവള്‍ക്കാദ്യം നല്‍കി.അവള്‍ വെള്ളം കുടിച്ചു അത്യന്തം ആശ്വാസത്തോടെ എന്നെ നോക്കി.

കുഞ്ഞു പാലു കുടിച്ചു ഒന്നു മയങ്ങാനുള്ള പുറപ്പാടിലാണെന്നു ഞാന്‍ മനസ്സിലാക്കി.കുഞ്ഞിനെ ഉറക്കാനുള്ള അവളുടെ പരിചയക്കുറവു കണ്ടപ്പോള്‍ ഞാന്‍ തന്നെ കുഞ്ഞിനെ വാങ്ങി എന്റെ മടിയില്‍ വെച്ചു.
കുഞ്ഞു എന്റെ മാറില്‍ ചേര്‍ന്നു സുരക്ഷിതനായി ഉറങ്ങി.

ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയുടെ നീണ്ട പാസ്സേജിലൂടെ കൈകുഞ്ഞായിരുന്ന ശാബുവിനെ മാറോടു ചേര്‍ത്തു കാറിലേക്കു നടന്ന കാലം ഒരോര്‍മ്മയായി മനസ്സിന്റെ വാതിലില്‍ മുട്ടിവിളിച്ചു.

അവളുടെ നിശ്വാസങ്ങളും നെടുവീര്‍പ്പുകളും മാത്രമേ കുറച്ചു നേരത്തേക്കു വെളിയില്‍ വന്നുള്ളൂ.
അവക്ക്‌ കുറച്ചു കൂടി റിലാക്സാവാന്‍ അവസരമുണ്ടാക്കി.

ഞാന്‍ പോക്കറ്റില്‍ നിന്നു എന്റെ ഫോണ്‍ എടുത്തു അവളുടെ അമ്മായിയമ്മക്കു ഡയലു ചെയ്ത നമ്പര്‍ വീണ്ടും അമര്‍ത്തി ഫോണ്‍ കൊടുത്തു പറഞ്ഞു.

"ഇനി അമ്മായിയമ്മയോടു പറഞ്ഞോളൂ എല്ലാം ശരിയായി എന്നും വിമാനത്തിനകത്തിരുന്നാണു വിളിക്കുന്നതെന്നും ഒന്നു കൊണ്ടും വിഷമിക്കേണ്ടതില്ലന്നും".
അവള്‍ ഫോണ്‍ വാങ്ങി സംസാരിച്ചു.
അമ്മായിയമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്‌. അതിലിനി ക്രഡിറ്റു വളരെ കുറച്ചെ കാണൂ. എനിക്കൊന്നു സാബിയെ വിളിക്കാന്‍ അതിലിനി ഒന്നും ബാക്കിയുണ്ടാവില്ലന്നു തോന്നി.

സീറ്റിനെകുറിച്ചുള്ള ചോദ്യത്തിനാവും അവള്‍ അമ്മയിയമ്മയോടു മറുപടി പറയുന്നുണ്ട്‌.

"അടുത്തടുത്ത സീറ്റാണെന്നും തൊട്ടപ്പുറത്തൊരു ഹിന്ദിക്കാരിയാണു"
അവള്‍ പറയുന്നതു ഞാന്‍ കേട്ടു.
പിന്നെ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ക്കവള്‍ മൂളിക്കേട്ടു കൊണ്ടിരുന്നു.

ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു എന്റെ എയര്‍റ്റെല്ലിന്റെ ക്രഡിറ്റു തീരുന്നതു വരെ ആ സ്ത്രീ അവളോടു കത്തിവെച്ചു.
ഫോണ്‍ മിണ്ടാതായപ്പോള്‍ അവള്‍ അതെനിക്കു തിരിച്ചു തന്നു.

സാബിയെ ഞാന്‍ വിളിക്കാത്തതിനാലാവണം അവളുടെ ഒരു കാള്‍ വന്നതു ഭാഗ്യമായി. "മൊബെയില്‍ നിരന്തരം എന്‍ഗേജായിരുന്നതെന്തേ?"
എന്ന ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യത്തിനു ഉത്തരമായി നടന്നതൊക്കെ വിശദമായി പറയേണ്ടി വന്നു.

എയര്‍ഹോസ്റ്റസു വന്നു ഫോണ്‍ ഓഫാക്കണമെന്നു പറഞ്ഞു ഹിന്ദിയിലും ഇംഗ്ലീഷിലും ശകാരിക്കുന്നതു വരെ, പറയാന്‍ മാത്രം സംഭവബഹുലമായിരുന്നു കാര്യങ്ങള്‍. അവളുടെ മറ്റൊരു ആശ്വാസനിശ്വാസവും കൂടി കേട്ടതിനു ശേഷം ഞാന്‍ ഫോണ്‍ കട്ടാക്കി.

വിമാനം ഉയരാന്‍ തുടങ്ങുന്നതിന്നു മുന്നെ കുഞ്ഞിന്റെ ചെവിയില്‍ പഞ്ഞി വെച്ചു ഞാന്‍ അവനെ അവന്റെ പ്രഥമ ആകാശാവരോഹണത്തിനൊരുക്കി.
പിഞ്ചു കുഞ്ഞിനെ കൂടുതല്‍ വിഷമിപ്പിക്കാതെ വിമാനം മണ്ണുവിട്ടുവിണ്ണിലേക്കുയര്‍ന്നു.
വിമാനം തിരശ്ചീന തലത്തിലായി.

ലഘുഭക്ഷണത്തിനു ശേഷം വിമാനത്തിലെ വിളക്കുകള്‍ അണഞ്ഞു.
യാത്രക്കാരില്‍ ഒന്നു മയങ്ങാനുള്ളവര്‍ക്കു അതിനുവേണ്ട സൗകര്യമൊരുക്കുകയാണു എയര്‍ഹോസ്റ്റസുമാര്‍.

സീറ്റു പിന്നിലേക്കു താഴാനുള്ള ബട്ടണമര്‍ത്തി ഞാന്‍ ഒന്നു കൂടി നന്നായി ചാരിയിരുന്നു. ശാന്തനായി ഉറങ്ങുന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു, എന്റെ കൈകള്‍ കൊണ്ടവനെ ഒന്നു കൂടി നന്നായി ആലിംഗനം ചെയ്തു. ഞാനും ഒന്നു കണ്ണടക്കാന്‍ തുടങ്ങി.

വല്ലാത്ത ക്ഷീണമുണ്ട്‌. രണ്ടുദിവസമായി പ്രിയപ്പെട്ടവരുമായുള്ള പിരിച്ചിലിന്റെ തീവൃമായ മാനസീക വിഷമത്തിലുമാണ്‌.
ഞാന്‍ പതിയെ ഉറക്കം പിടിച്ചു.
ശീതികരണിയുടെ തണുപ്പില്‍ ഞാന്‍ ക്ഷീണം മറന്നു നന്നായി ഉറങ്ങിപ്പോയി.

തൊട്ടടുത്തുറങ്ങാതിരിക്കുന്ന ഒരു നെഞ്ചിങ്കൂടില്‍ നിന്നൊരുരു വറ്റാത്ത നന്ദിയുടെ കുറുകല്‍ സ്വപ്നത്തിലെന്നപോലെ കേട്ടതായി തോന്നി.
ഒടപ്പെറന്നോളുടെ മനം നിറഞ്ഞ വിളി പോലെ തോന്നിയ ഒന്ന്.

ഒരു കുഞ്ഞുപെങ്ങളുടെ വിളി,
അകാവുന്നിടത്തോളം സ്നേഹവും ബഹുമാനവും വിശ്വാസവും നിറഞ്ഞു തുളുമ്പുന്ന നേര്‍ത്ത സ്വരത്തിലെ ഒരു വിളി
"ഏട്ടാ!"
ഞാന്‍ ഒന്നു കണ്ണു തുറക്കാന്‍ പോലും പറ്റാത്തവിധം തളര്‍ന്ന മയക്കത്തിലായിരുന്നു. എങ്കിലും തൊട്ടടുത്തെത്തിയ കണ്ണീരിന്റെ നനവുള്ള നിശ്വാസവായുവിന്റെ സാമീപ്യം എന്റെ മുഖപേശികള്‍ വായിച്ചെടുത്തു.
ഒപ്പം ക്ഷൗരം ചെയ്യാനൊരു ദിവസം വൈകിപ്പോയ എന്റെ ശുഷ്കിച്ച കവിളില്‍ റോസാമലറിന്റെ തളിരിതള്‍ കൊണ്ടൊരു നേര്‍ത്ത സ്പര്‍ശനം.
തികച്ചും ആര്‍ദ്രമായ ഒരു ചുംബനം.

എന്നെ ഉണര്‍ത്താതെ, സമൂഹത്തിന്റെ പഴിവാക്കുകളേയും കള്ളക്കണ്ണുകളേയും ഒളിച്ചു ആ സ്നേഹമുദ്ര എന്റെ കവിളില്‍ പകര്‍ന്നിട്ടു പതിയെ അവള്‍ പിന്‍വാങ്ങിയെന്നു മനസ്സിലാക്കി.

ഞാന്‍ കണ്ണു തുറക്കാതെ തന്നെ കിടന്നു.
എന്റെ എല്ലാ സംഘര്‍ഷങ്ങള്‍ക്കും അയവു വന്നു.
ഞാനെന്റെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടിയെ എന്റെ ചോരയായി തന്നെ കണ്ടു.

വിമാനമിറങ്ങുന്നതിന്നു മുന്നെ ഞാന്‍ എയര്‍ടെലിന്റെ SIM മാറ്റി പകരം ഇത്തിസാലാത്തിന്റെ SIM ഇട്ടു.
ആ സ്ത്രീ തന്ന നമ്പറില്‍ അവരുടെ മകനെ വിളിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരിച്ചു.
എനിക്കു ആശ്വാസമായി.
അവര്‍ യാത്ര പറഞ്ഞു അവരുടെ വാഹനത്തിനടുത്തേക്കു നീങ്ങി.
നടക്കുമ്പോള്‍ ആ പെണ്‍കുട്ടി നന്ദിപൂര്‍വ്വം ഒരുപാടു വട്ടം തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

എന്നെ കൊണ്ടു പോകാന്‍ വന്ന കാറിലേക്കു ഞാനും നടന്നു.
ലഗേജിന്റെ പൈസ ചോദിക്കാന്‍ അന്നേരം എനിക്കു തോന്നിയില്ല.
-------------------------------------------------

ന്നു ഞാന്‍ എന്റെ ഫോണില്‍ ശബിയും ശാബുവും സേവു ചെയ്ത sound clip കളിലെ കുസൃതികള്‍ ഓരോന്നായി കേട്ടു കൊണ്ടിരിക്കുമ്പോള്‍ അവസാനത്തേതായി ആ പെണ്‍കുട്ടിയുടെ ശബ്ദം കേട്ടു.
അവള്‍ വിമാനത്തിനകത്തു നിന്നും അമ്മായിയമ്മയുമായി നടത്തിയ സംഭാഷണം.
അതിനിടക്കു അറിയാതെ വോയ്സ്‌ റിക്കാര്‍ഡര്‍ ഓണായപ്പോള്‍ റിക്കാര്‍ഡായതാണത്‌.

ഒരു കൗതുകം തോന്നിയപ്പോള്‍ അതു മുഴുവന്‍ കേട്ടു.
പിന്നെ, വേണ്ടിയില്ലായിരുന്നു എന്നു തോന്നി.

അതിലെ ആ സ്ത്രീയുടെ ഒരു ഉപദേശം, അതെന്നെ വല്ലാതെ തളര്‍ത്തി.
നന്മചെയ്യാനും സഹജീവിയെ സഹായിക്കാനുമുള്ള എന്റെ ഉള്ളിലെ ജന്മവാസനയെയും ശീലത്തെയും എന്നന്നേക്കുമായി കരിച്ചു കളയാന്‍ കഴിയുന്ന ഒരു വാചകം.

"ആ ഹിന്ദിക്കാരിയെ നടുക്കിലേക്കു മാറ്റി നീ ആ അറ്റത്തെ സീറ്റിലേക്കു മാറിയിരുന്നോളൂ. ചെയ്തു തന്നതിനൊക്കെ ഒരു നന്ദി പറഞ്ഞു ആ ബന്ധം മുറിഞ്ഞേക്കൂ.
ആണുങ്ങളെ ഒന്നിനെയും നമ്പാന്‍ പറ്റില്ല.
പ്രത്യേകിച്ചു ഇങ്ങനെ എല്ലാം മറന്നു സഹായിക്കുന്ന പുരുഷന്മാരെ.
മറ്റെന്തെങ്കിലും കണ്ടിട്ടായിരിക്കും അയാള്‍ അതിനു നില്‍ക്കുന്നത്‌".

ഇതു കേട്ട നിമിഷം മുതല്‍ ഞാന്‍ വല്ലാത്ത ദു:ഖത്തിലായിരുന്നു.
ഇക്കാലത്തു അപരിചിതര്‍ക്കു നന്മ ചെയ്യാനും സഹായിക്കാനും ആളുകള്‍ മടിക്കുന്നതെന്തു കൊണ്ടു എന്നു ഞാന്‍ അനുഭവിച്ചറിഞ്ഞു.

പക്ഷെ ഈ ഉപദേശം കേട്ടിട്ടും സീറ്റു മാറാതിരിക്കുകയും ആങ്ങളയെന്നു നിനച്ചു എന്നിലര്‍പ്പിച്ച ആ വിശ്വാസവും അതു സാക്ഷ്യപ്പെടുത്താന്‍ ഞാനൊന്നുറങ്ങിയപ്പോള്‍ അവള്‍ എന്റെ കവിളില്‍ പതിപ്പിച്ച സ്നേഹമുദ്രയും മാത്രമാണു എന്നെ വീണ്ടും ശുഭാപ്തിവിശ്വാസക്കാരനാക്കുന്നത്‌.

അതു കൊണ്ടു തന്നെയാണു ആ അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലിലൂടെ ഇതു ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നതും.

26316

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2007

സ്വര്‍ണ്ണപ്പല്ലുള്ള നാടോടി

വധിക്കാലത്തു ഞാന് നാട്ടിലെത്തിയ ഉടനെ
ഇപ്രാവശ്യത്തെ സ്കൂള് പി.ടി.എ മീറ്റിംഗിനു പപ്പ തന്നെ വരണമെന്നു കുട്ടികളെക്കാള് നിര്‍ബന്ധം അദ്ധ്യാപകര്‍ക്കായിരുന്നു.
അതൊരു കെണിയാണെന്നു മുന്നറിയിപ്പു തന്നതു ശ്രീമതി.
പണി നടക്കുന്ന പുതിയ സ്കൂള് കെട്ടിടത്തിനു പിരിവുണ്ട്. N.R.I ക്കാരുടെ മക്കള്‍ക്കു കൊടുക്കേണ്ട സംഖ്യ N.R.K ക്കാരുടെ മക്കള് കൊടുക്കേണ്ട തിനെക്കാള് കുറച്ചു വലിയതാണ്. R.K.മക്കളുടെ സംഖ്യ അതിലും കുറവ്.

അതിനാല് ശ്രീമതിയെ തന്നെ പറഞ്ഞയച്ചു. അവള് കുറച്ചു കൊല്ലമായി R.K. യാണ്.

നാട്ടില് ജീവിക്കുന്നതിന്‍റെ ഒരു പ്രധാന മെച്ചം സ്വയം നേടുന്ന ആര്‍ജിത പ്രതിരോധ ശേഷിയാണ്.
പലവിധം കൊതുകുകളില് നിന്നും പകര്ച്ചവാധികളില് നിന്നും നേടുന്ന ആര്‍ജ്ജിത രോഗപ്രതിരോധ ശേഷി സ്വായത്തമാക്കാന് നാട്ടില് കുറേക്കാലം ജീവിക്കുക തന്നെ വേണം.
ചൂയിന്ഗം പോലെ വീര്‍ത്തു വരുന്ന കൊതുകുകടിപ്പാടുകള് എനിക്കു മാത്രമേയുള്ളൂ വെന്നു കരുതി ഞാന് ഗള്‍ഫില് നിന്നു അവധിക്കെത്തിയ രണ്ടുമൂന്നു കൂട്ടുകാരോടു അന്വേഷിച്ചപ്പോള് അതേ ചുറ്റളവുള്ള കുമിളകള് അവര്‍ക്കുമുണ്ടന്നറിഞ്ഞതോടെ എനിക്കു മനസ്സമാധാനമായി. (തൊട്ടടുത്ത കണ്ടത്തിലെ നെല്ലുണങ്ങിയപ്പോള് തന്‍റെ നെല്ലുണങ്ങിയ ഖേദം തീര്‍‍ന്നെന്നു പറഞ്ഞപോലെ!)

കറന്‍സി റേറ്റു താഴ്ച്ച ഗള്‍ഫുകാരന്‍റെ ദുര്‍വ്യയത്തിന്‍റെ നട്ടെല്ലൊടിച്ചപ്പോള് സകലമാര്‍ക്കറ്റിലും ജ്വല്ലറികളിലും, ഫാന്‍സി,ഫര്‍ണ്ണിച്ചര് കടകളിലും കറന്‍സികൊണ്ടുള്ള നീരാട്ടു നല്ലോണം നിന്നിരിക്കുകയാണിപ്പോള്.

വിലപേശലാണു പ്രവാസിക്ക് നഷ്ടപ്പെട്ട മറ്റൊരു ആര്‍ജ്ജിത പ്രതിരോധ ശേഷി.
നാട്ടിലെത്തിയാല് നാട്ടുകാരെപ്പോലെയല്ലാതെ വ്യത്യാസമായി (?)നടക്കാന് ആഗ്രഹിക്കുന്ന ഏതൊരു പ്രവാസിക്കും നിലവിലുള്ള വിലയെക്കാള് മൂന്നും നാലും മടങ്ങു വിലക്ക് സാധനങ്ങള് വാങ്ങേണ്ടി വരുന്നതു ‘വിലപേശല്ശേഷി‘ അശേഷം ഇല്ലാത്തതിനാലാണ്.

ശ്രീമതി തിരിച്ചെത്തുമ്പോഴേക്കും ക്രിയാത്മകമായി നല്ലതു വല്ലതും ചെയ്തുവെക്കണമല്ലോ എന്നു കരുതിയിരിക്കുമ്പോഴാണു ഒരു തമിഴന് നാടോടി മനോഹരമായി നെയ്ത അഞ്ചാറു കുട്ടകള് വില്‍ക്കാന് വീട്ടില് വന്നു കയറിയത്.

അയാളുടെ വിടര്‍ന്ന ചിരിയില് തെളിഞ്ഞു വന്ന മൂന്നു സ്വര്‍ണ്ണപ്പലുകള് കണ്ടപ്പോഴേ അയാളെ ഒന്നു ക്യാമറയിലാക്കാന് കൌതുകം തോന്നി.




ഒരു പാടു കാലമായി ഇത്തരം ഭംഗിയുള്ള ചൂരല് കൊട്ടകള് കണ്ടിട്ട്. അതു കണ്ടപ്പോള് ഒരാശയും ഐഡിയയും തോന്നി.
അവയുടെ കൈവള്ളി മുറിച്ചു കളഞ്ഞു വാര്‍ണീഷടിച്ചാല് ഇന്‍റേണല് പ്ലാന്‍‍ടിംഗിനുപയോഗിക്കാം.
സ്വീകരണമുറിയില് അലങ്കാര സസ്യം നട്ടു വളര്‍ത്താം.

വിടര്‍ന്ന കണ്ണോടെ വിലചോദിച്ച എന്നെ അയാള് ഒന്നു വിലയിരുത്തിയ ശേഷം പറഞ്ഞു
“രണ്ടണ്ണത്തിനു നൂറു രൂപ“.

എന്‍റെ നാക്കില് നിന്നു രണ്ടണ്ണത്തിനു 60 രൂപയാണെങ്കില് തരാമെന്ന മറുപടി വന്നപ്പോള് ആ ഓഫര് ഇത്തിരി ഉയര്‍ത്താന് അയാള് ഒത്തിരി ശ്രമിച്ചു.
ഞാന് മസിലുപിടിക്കാന് തുടങ്ങിയപ്പോള് പിന്നെ ബാക്കിയുള്ളതെല്ലാം ഞാന് പറഞ്ഞവിലക്കു തരാന് ഒരു ശ്രമം നടത്തി.
പക്ഷെ എന്നിട്ടും ഞാന് രണ്ടണ്ണം മാത്രമേ വങ്ങിയുള്ളൂ.

നൂറു രൂപയുടെ സാധനം അറുപതു രൂപക്കു സ്വന്തമാക്കിയ ഞാന് എന്‍റെ സാമ്പത്തിക നിയന്ത്രണ ശേഷിയില് ഭാര്യയുമായി ഒരു സം‌വാദത്തിനു വിഷയം കിട്ടിയ സന്തോഷത്തിലും കൂടിയായിരുന്നു.


കൊട്ടയുടെ കൈവള്ളി മുറിച്ചു മാറ്റി,
ഓടിന്നു അടിക്കാന് വാങ്ങിയ ചെമന്ന പെയ്‍‍ണ്ടിലെ ബാക്കി കൊണ്ടു അതിനു ചായം കൊടുത്തു.
ടോംസ്വയറിന്‍റെ വേലി പെയ്ണ്ടടിക്കുന്ന കൌശലം ഉപയോഗിച്ച് (ഇതെന്തോ വലിയ കാര്യമാണെന്നും അപാര സിദ്ധിയുള്ളവര്‍ക്കു മാത്രമേ ഇതു സാധിക്കൂ എന്നും തെറ്റിദ്ധരിപ്പിച്ച്) കുട്ടികളെ കൊണ്ടു ആ ചായമടി പൂര്‍ത്തിയാക്കിച്ചു.


വൈറ്റ് സിമന്‍‍ടു കൊണ്ടു അകവശം ദ്വാരങ്ങള് അടച്ചു ഉണക്കിയെടുത്തപ്പോള് കൈവിരലിലെ നാലു വിരലിലും തൊലി പോയതു മിച്ചം.


നന്നായി വളരുന്ന ഒരു ചെടി പുറത്തു തോട്ടത്തില് നിന്നും പറിച്ചെടുത്തു ചകിരിയും, കരിയും ഉരുളന് കല്ലുകളുമിട്ട് മണ്ണും മണലും കലര്‍ത്തി കൊട്ടയില് മുറിക്കകത്തു നട്ടു പിടിപ്പിച്ചു സ്വീകരണമുറിയില് വെച്ചു.

നാലടി പിന്നോട്ടു നടന്നു ഭംഗി കണ്ടു നിന്നപ്പോള് ഗേറ്റു തുറന്നു ശ്രീമതി വരുന്ന ശബ്ദം കേട്ടു.

ജനലിലൂടെ പാളിനോക്കിയപ്പോള് കണ്ടു വണ്ടിയില് നിന്നിറങ്ങുന്ന എനിക്കു പരിചയമില്ലാത്ത രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും, അവളുടെ കൂടെ!.

കൈകഴുകി സിറ്റൌട്ടിലെത്തിയപ്പോള് ചമ്മലോടെ എന്നെ നോക്കിയ ശ്രീമതി ആ ചമ്മിയമുഖം അവരിലേക്കു തിരിച്ചു പുഞ്ചിരിയാക്കി പറഞ്ഞു.
“സ്കൂളിലെ ടീച്ചേര്‍സാ..
നിങ്ങള് ബിസിയാണെന്നു പറഞ്ഞപ്പോള് മീറ്റിംഗു കഴിഞ്ഞയുടന് അവര് എന്‍റെ കൂടെ പോന്നു. അവര്‍ക്കു നിങ്ങളെ കാര്യമായി ഒന്നു കാണണമെത്രേ!“
“പുതിയ സ്കൂള് കെട്ടിടത്തിന്‍റെ പണി വഴിക്കു മുടങ്ങിക്കിടക്കുകയാണത്രേ!“

ചെക്കുബുക്കിലെ ആകെയുണ്ടായിരുന്ന അവസാനത്തെ ലീഫില് എന്.ആര്.ഐ ക്കരുടെ താരിഫിനെക്കാള് കൂടിയ ഒരു തുക എഴുതി ഒപ്പിട്ടതു കീറിക്കൊടുക്കേണ്ടി വന്നു.
അവര് പടിയിറങ്ങുമ്പോഴും എന്‍റെ കൈയിന്‍റെ വിറച്ചില് നിന്നിട്ടിലായിരുന്നു..

എന്നാലും ഭാര്യയുടെ അഭാവത്തില് വീട്ടില് ക്രിയാത്മകമായി നല്ലതൊന്നു ചെയ്തിട്ടുണ്ടല്ലോ എന്നു ഊറ്റം കൊണ്ടു ഞാന് ശ്രീമതിയോടു പറഞ്ഞു.
“സ്വീകരണമുറിയിലേക്കൊന്നു പോയി നോക്ക്!“


പുതിയ ‘അന്തേവാസിയായ‘ ഇന്‍റ്‍ണല് പ്ലാന്‍‍ട് കണ്ടപ്പോള് ആദ്യമവള് ഒന്നു അതിശയപ്പെട്ടങ്കിലും അടുത്തു പോയി നോക്കിയപ്പോള് എന്നെ നോക്കി, സങ്കടത്തോടെ ചോദിച്ചു. ഈ കുട്ട ചൂരലുകൊണ്ടുണ്ടാക്കിയതാണെന്നയാള് പറഞ്ഞോ?
ഇതു വെറും ഓലമെടലില് നിന്നു ചീന്തിയെടുത്തുണ്ടാക്കുന്നതാണ്. ഏറിപ്പോയാല് ഒരാഴ്ച്ച ഇങ്ങനെ നില്ക്കും. ഉണങ്ങിയാല് ചുങ്ങിപ്പോവും പിന്നെ ഒന്നിനും കൊള്ളില്ല.
ഞാന് ഞെട്ടിപ്പോയി. അടുത്തു ചെന്നു നോക്കി.
ശരിയാണ്. തെങ്ങോല മടലു ചീന്തി നെയ്തതാണീ കുട്ട.
ഉണങ്ങിയാല് അഞ്ചു പൈസക്കു മുതലില്ല.
എനിക്കയാളെ കിട്ടിയയല്‍ കടിച്ചു തിന്നാന് തോന്നി. കൂനിന്മേല് കുരുവെന്ന കണക്കിനു അയാള് ബാക്കിതന്ന 20 രൂപയുടെ രണ്ടു നോട്ടും കീറിയതാണെന്നു കണ്ടുപിടിച്ചതു എന്‍റെ മോനായിരുന്നു.




ക്യാമറയില് നോക്കി അയാളുടെ ഫോട്ടോവിനോടു പല്ലിറുമ്മുന്ന എന്‍റെ പിറകില് വന്നു നോക്കി
ശ്രീമതി ചോദിച്ചു.

“ഈ സ്വര്‍ണ്ണപ്പല്ലുകള് കണ്ടാലെങ്കിലും സാമാന്യ ബുദ്ധിയുള്ളവര്‍ക്കറിയാമല്ലോ അയാള് ഒരു ഫ്രോഡാണെന്ന്. അല്ലങ്കില് അയാള്‍ക്കെങ്ങിനെ ഈ കുട്ട വിറ്റു അതിനുള്ള കാശു കിട്ടീന്ന് ചിന്തിച്ചൂടെ?“
ഞാനു സ്വയം പറഞ്ഞു.
“ശരിയാ സ്വര്‍ണ്ണത്തിനെന്താപ്പോ വെല!“
നാടോടികള്‍ക്കും വഴിവാണിഭക്കാരനുമേ ഇപ്പോള് സ്വര്‍ണ്ണം വാങ്ങാന് പറ്റൂ.
24393

തിങ്കളാഴ്‌ച, ഏപ്രിൽ 03, 2006

വിപ്ലവം പോസ്റ്റാഫീസിലൂടെ....!

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കു തൊട്ടടുത്ത ഇരുമ്പുഴി എന്ന എന്റെ ഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ഒരു കൗമാരകാല കുസൃതിയുടെ നിറം മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍ ഇത്തിരി മാത്രം ചായം ചേര്‍ത്തു ഞാന്‍ എന്റെ കഥ പറയാം
എഴുതിയ ടെസ്റ്റുകളുടെ റിസള്‍ട്ടും അതേ തുടര്‍ന്ന്‌ അപ്പോയ്മെന്റ്‌ ഓര്‍ഡറും പോസ്റ്റ്മാന്‍ വഴി ഞങ്ങളിലോരോരുത്തര്‍ക്കും ജീവിതവിപ്ലവം സമ്മാനിക്കുമെന്ന്‌ വൃഥാ മോഹിച്ചിരുന്ന കാലം.......
അക്ഷര യില്‍ നിന്നാവട്ടെ തുടക്കം
അക്ഷര ഞങ്ങളുടെ എല്ലാമായിരുന്നു.
സാമ്പത്തിക സ്രോതസും,സംവാദ കേന്ദ്രവും,കലാസാംസ്കാരിക, രാഷ്ടീയ, സാമൂഹിക, മതപ്രവര്‍ത്തന മേഖലയും മാത്രമല്ല അതിലുപരി മറ്റ്‌ എന്തൊക്കെയോ ആയിരുന്നു.

ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള സ്വയംതൊഴില്‍ കണ്ടെത്തിയ ഒരുപറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്‌ അക്ഷര. അംഗങ്ങളെ പരിചയപ്പെടുത്താം
വിജയരാജന്‍. വി.വി.അഷ്‌റഫ്‌ എ.സി.കരീം കെ.വി.എം.കുട്ടി.ഹംസവലിയാടന്‍, എ.പി. അഷ്‌റഫ്‌ കെ.എം.എ.ലത്തീഫ്‌.ഹബീബ്‌റഹ്മാന്‍ അബ്ദുല്‍ കരീം തോണിക്കടവത്തെന്ന ഈ ഞാനും അക്ഷരയുടെ പ്രധാന പങ്കാളികള്‍.
തനിച്ചു കണ്ടെത്തിയവ പരസ്പരം പങ്കിട്ടും ചാരുതയാര്‍ന്നതെല്ലാം ചര്‍ച്ചചെയ്തും
കവിതകള്‍ ഈണത്തില്‍ ചൊല്ലിയും വിശകലനം ചെയ്തും ഞങ്ങളുടെ കൗമാരകാലം കാമ്പുളളതാക്കി.
സിനിമാ,നാടക,പുസ്തക,റേഡിയോ പ്രക്ഷേപണങ്ങളെക്കുറിച്ചു കാലികമായി സംവേദിക്കുകയും സൗമ്യതര്‍ക്കങ്ങള്‍ നടത്തിയുമാണ്‌ ഞങ്ങളുടെ സായാഹ്നം ധന്യമാക്കിയിരുന്നത്‌.
ഒ.എന്‍.വിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും അയ്യപ്പപണിക്കരും സച്ചിദാനന്ദനും കമലാദാസും മലയാറ്റുരും സി.രാധാകൃഷ്ണനും ഏം.ടിയും പത്മരാജനും ഭരതനും അടൂരും അരവിന്ദനും ഭാഗ്യരാജും കെ.ജി.ജോര്‍ജും കമലഹാസനും നസീറുദ്ദീന്‍ ഷായും തിലകനും ജഗതിയും എല്ലാം ഞങ്ങളുടെ സര്‍വ്വസമ്മതരായ ഇഷ്ട വ്യക്തിത്വങ്ങള്‍.
പക്ഷെ, സ്പോര്‍ട്സില്‍ ഭിന്നരുചിക്കാരായിരുന്നു.
പ്രത്യേകിച്ച്‌ ക്രിക്കറ്റില്‍.
അനുകൂലികളും പ്രതികൂലികളും എണ്ണത്തില്‍ സമാസമം.
അതിനാല്‍ ക്രിക്കറ്റ്‌ വിഷയമായി ഡിബേറ്റ്‌ വരുന്നദിവസം ആരും ജയിക്കാറില്ല.
പിറ്റെന്നേക്ക്‌ പുതിയ നമ്പറും കൊണ്ടു വരാന്‍ ക്രിക്കറ്റ്‌ വിരോധികള്‍ വരെ പത്രങ്ങളില്‍ സ്പോര്‍ട്സ്‌ പേജ്‌ അരിച്ചുപെറുക്കാന്‍ തുടങ്ങി.

രാഷ്ട്രനന്‍മക്കും പുരോഗതിക്കും വേണ്ടി ചിന്തിക്കേണ്ട യുവമസ്തിഷ്ക്കങ്ങളെ, ഇംഗ്ലണ്ടിലെ ആട്ടിടയന്‍മാര്‍ തണുപ്പകറ്റാനും വെയിലുകൊളളാനും കളിച്ച ബാലിശമായ കുട്ടിയും കോലും കളിയില്‍ തളച്ചിടേണ്ടത്‌ ഭരണവര്‍ഗത്തിന്റെ ആവശ്യമാണെന്നും, അതിചൂടും,മഴയുമുളള നാടുകളില്‍ അശാസ്ത്രീയമായ കളിയാണ്‌ ക്രിക്കേറ്റ്ന്നും ഒരുകൂട്ടര്‍ വീറോടെ വാദിക്കുമ്പോള്‍ മറുഭാഗത്തിന്‌ ക്രിക്കറ്റ്‌ ഉണര്‍ത്തുന്ന ദേശീയബോധത്തിന്റെയും, സ്പോര്‍ട്സ്‌ ഫീല്‍ഡില്‍ ഇന്ത്യയുടെ ഏക അഭിമാനമായ ക്രിക്കറ്റ്‌, ഉരുണ്ടുകൂടിയ ഒരു ഇന്ത്യ പാക്‌ യുദ്ധത്തെ പലതവണ തട്ടിയകറ്റി എന്ന കഥയും പറയാനുണ്ട്‌.
ആയിടക്കാണ്‌ മലയാള മനോരമ സപ്ലിമെന്റില്‍ അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വെഗ്സര്‍ക്കാരെകുറിച്ച്‌ ഒരു സചിത്ര ലേഖനം വന്നത്‌. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും ഇഷ്ടഭോജ്യവും വര്‍ണ്ണിച്ചെഴുതിയതു വായിച്ചു കലികേറിയ എ.സി.കരീം എന്ന മുഖ്യക്രിക്കറ്റ്‌ വിരോധി ഞങ്ങളെ അറിയിക്കാതെ മനോരമയുടെ കത്തുകളിലേക്ക്‌ തീഷ്ണമായ ഒരു പ്രതികരണമയച്ചു.
അതു പബ്ലിഷ്‌ ചെയ്ത പത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇഷ്ടന്റെ അടുത്ത സായാഹ്നസംവാദ ഉദ്ഘാടനം.
ഗവണ്‍മെന്റും ഫോര്‍ത്ത്‌ എസ്റ്റേറ്റും ഈ ഭ്രാന്തന്‍ കളിക്ക്‌ കുരങ്ങന്‌ ഏണി വെച്ചുകൊടുക്കുന്നു എന്നും. അസറുദ്ദീന്റെ അമ്മായിക്ക്‌ ചേമ്പു പുഴുങ്ങിയത്‌ ഇഷ്ടമാണോന്ന്‌ അന്വേഷിച്ച്‌ എഴുതാന്‍ പത്രക്കാരുണ്ടെന്നും തൊഴിലില്ലാത്ത ഇന്ത്യന്‍ യുവത്വത്തിന്റെ കാതലായ പ്രശ്നം ഇതൊന്നുമല്ലന്ന്‌ പച്ചയായി എഴുതിയ ആ കത്ത്‌ ഞങ്ങളെ ഒരുപാടു നാണം കെടുത്തി.

എനിക്കിനി തീരെ സമയമില്ലന്നും മുഴുവന്‍ സമയം തൂലിക പടവാളാക്കുകയാണെന്നും ഇടക്കിടെ അവനില്‍ നിന്ന്‌ കേട്ടപ്പോള്‍ ഞങ്ങള്‍ ക്രിക്കറ്റനുകൂലികള്‍ പകരം വീട്ടാന്‍ പതിയിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ ലേഖകന്‌ മലയാള മനോരമയുടെ ഒരു മെയിലു വന്നു. പോസ്റ്റാഫീസു വഴി വിപ്ലവം സ്വപ്നം കണ്ടിരുന്ന കാലമായതിനാല്‍ കത്തെഴുത്തും വായിക്കലുമെല്ലാം അക്ഷരയില്‍ വെച്ചു തന്നെയായിരുന്നു.
ലേഖകന്‍ കവറു പൊട്ടിച്ചു കത്തു ആകാംക്ഷയോടെ പുറത്തെടുത്തു
മനോരമയുടെ റോയല്‍ ലറ്റര്‍ പാഡില്‍ ഇംഗ്ലീഷില്‍ പ്രിന്റ്‌ ചെയ്ത ചീഫ്‌ എഡിറ്റര്‍ തന്നെ ഒപ്പിട്ട ഒരു കത്ത്‌.
ലേഖകന്‍ സമ്മൃശ്ര വികാരങ്ങള്‍ അനുഭവിച്ച്‌ കൊണ്ട്‌ കത്തു വായിക്കുകയാണ്‌.
കത്തു വായിച്ചുകഴിഞ്ഞതും ലേഖകന്‍ കസേരയില്‍ തളര്‍ന്നു വീണു. വിളറിവെളുത്ത മുഖത്ത്‌ സംഭ്രമത്തിന്റെ ആകുലത പരക്കുന്നതും ഉള്ളില്‍ ആസ്വദിച്ച്‌ ഞങ്ങള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ ചിരി വിദഗ്ധമായി ഒളിപ്പിച്ച്‌ ഒന്നുമറിയാത്തപോലെ ലേഖകനോട്‌ ചോദിച്ചു.
എന്താ...മനോരമയില്‍ നിന്ന്‌ അപ്പോയ്ന്റ്മെന്റ്‌ ഓര്‍ഡര്‍ വന്നോ?
അവന്‍ തളര്‍ന്ന മനസോടെ, കത്തു നീട്ടി.
അതില്‍ ഞങ്ങള്‍ക്ക്‌ അറിയാത്തതായി ഒന്നുമുണ്ടായിരുന്നില്ലങ്കിലും നന്നായി നടിച്ചു വായിച്ചു.


Dear Mr.Abdul Kareem.A.C.

First of all thank you for your article which we already published in the Malayala manorama daily “kattukal”.

We regret to inform you that after publishing this letter we received a lot of response from many Cricket Lovers against your letter and out of this, we found a very most important two Complaints, one from Cricket control Board of India and the other from Indian cricket council.

As a reply to their letter, we already informed that the responsibility of the content in the article published in “Kattukal “ will be held in writers only and we are only publishers and we will never undertake any responsibility of letters from readers.

So You have the full right to fight alone, against these Organizations and you can select any one of the jurisdictions to proceed your legal formalities either from New Delhi or Bombay area.

Wish you all the best in your legal fighting.


പിന്നീട്‌ രണ്ടുമൂന്നു ദിവസത്തേക്ക്‌ ലേഖകനെ അക്ഷരയില്‍ കാണാത്തപ്പോള്‍ ഞങ്ങള്‍ വല്ലാതെ പേടിച്ചുപോയി
ഈ കത്തു വന്നതിനുശേഷം നമ്മുടെ ലേഖകന്‍ പരിചയക്കാരനായ ഒരു വക്കീലിനെ കണ്ട വിവരം ഞങ്ങള്‍ മണത്തറിഞ്ഞു.
കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതിന്ന്‌ മുമ്പ്‌ ഞങ്ങള്‍ ലേഖകനോടു കുമ്പസാരം നടത്തി. മനോരമയുടെ ലെറ്റര്‍പാഡും കത്തും ഞങ്ങള്‍ കംപ്യൂട്ടറില്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഭയപ്പെടാനൊന്നുമില്ലന്നും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോള്‍ ലേഖകന്റെ പേടി പമ്പ കടന്നു.
പക്ഷെ അവന്‍ ഇതിനകം കത്തിന്റെ കോപ്പി വക്കീലിന്ന്‌ കൊടുത്തിട്ടുണ്ടെന്ന്‌ പറഞ്ഞതു കേട്ടപ്പോള്‍ പമ്പക്കക്കരെ കടന്നു പോയ പേടി തിരിച്ചു വന്നു ഞങ്ങളുടെ ഉള്ളില്‍ കയറിക്കൂടി.

കാരണം, ലെറ്റര്‍ ഫോര്‍ജ്‌ ചെയ്ത കുറ്റത്തിന്‌ മനോരമ നിശ്ചയിക്കുന്ന കോടതിയില്‍ കേസുകെട്ടും കൊണ്ട്‌ നടക്കുന്ന മനോദൃശ്യം മനസ്സിനെ ഒരുപാടലട്ടി.
ഇതു കൂറേക്കാലം ഞങ്ങളുടെ ഉറക്കം കെടുത്തിയിരുന്നു.
പക്ഷെ ക്രിക്കറ്റ്‌ പ്രേമികള്‍ കൂട്ടത്തോടെ ഗള്‍ഫു രാജ്യങ്ങളിലേക്കു ചേക്കേറിയപ്പോള്‍ ആ പേടി അറേബ്യന്‍ കടലു നീന്താനാവാതെ
കരക്കു കാത്തിപ്പാണ്‌.
കാരണം ഇന്ത്യയും ഗള്‍ഫു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ തുടങ്ങിട്ടില്ലല്ലോ.................
രക്ഷപ്പെട്ടു.
അബ്ദുല്‍കരീം തോണിക്കടവത്ത്‌.
http://tkkareem.blogspot.com/