ദൈവഭൂവിലെ ദീപനാളങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദൈവഭൂവിലെ ദീപനാളങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2018

കബന്ധങ്ങളും കഴുതപ്പുലികളും

കൊങ്ങം കയറിയിറങ്ങിയ കല്‍പ്പടവുകളില്‍ അടിഞ്ഞു കിടന്ന എക്കല്‍മണ്ണു എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാടു പുല്‍നാമ്പുകളെ പെറ്റു തുടങ്ങിയിരിക്കുന്നു.
ആളനക്കമില്ലാത്ത ഈ കരിങ്കല്‍പ്പടവുകളിരുന്നു ഒഴുക്കിലേക്കു കാലുതൂക്കിയിട്ടിരിക്കാന്‍ ഇനി ആവില്ല. ഒന്നു രണ്ടു പടവെങ്കിലും നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്‌.
തോണിയടുപ്പിക്കാനയി തൊട്ടപ്പുറത്തു കോണ്‍ക്രീറ്റില്‍ ഒരു കടവു പണിതപ്പോള്‍ ഈ കല്‍പ്പടവുകള്‍ എന്റേതു മാത്രമായി. പച്ചിലപ്പടര്‍പ്പുകള്‍ മറയിട്ട ഇവിടെ വെറുതെ വന്നിരിക്കുന്നതു മറുനാട്ടില്‍ മടുപ്പു തോന്നിയിരുന്ന പല നിമിഷങ്ങളിലും സ്വപ്നം കണ്ടിരുന്നു.
പണ്ടൊക്കെ ഈ പടവുകളില്‍ തനിച്ചു വന്നിരുന്നാല്‍ ഉള്ളിലൊരുപാടു കഥകള്‍ നാമ്പിടുമായിരുന്നു.
കഴിഞ്ഞ വരവിനു ഒരു കഥയെഴുതാന്‍ വിജനമായ ഈ പടവില്‍ ഒരുപാടു നേരമിരുന്നു.
വെള്ളവും മണലുമൊഴിഞ്ഞ പുഴ കണ്ടാല്‍ ഏതെങ്കിലും ഒരു വയസ്സിയെയാണു ഓര്‍മ്മ വരിക.
നിറയെ ഞെരമ്പുകള്‍ പൊങ്ങി, ശുഷ്കിച്ച വരണ്ട ചര്‍മ്മമുള്ള ഒരു കിളവി. കൂടുതല്‍ ചിന്തിക്കുമ്പോള്‍ ആ കിളവിക്കു ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയുടെ മുഖ സാദൃശ്യം അനുഭവപ്പെടും. അതു കാണുമ്പോള്‍ സങ്കടം തോന്നും. അതോടെ എഴുതാനുള്ള ആശ തന്നെ കെടും.
അന്നും അവസാനം നിരാശനായാണു മടങ്ങിയത്‌.

"മാഷേ എന്നെത്തി?"
"ഞാനിന്നലെയും ഓര്‍ത്തതേയുള്ളൂ. മാഷെ പറ്റി!"
അപ്പുറത്തെ കടവില്‍, തോണിയില്‍ നിന്നു ചാടിയിറങ്ങിയ പവിത്രനെ കണ്ടപ്പോള്‍ സന്തോഷം തോന്നി.
"ഞാന്‍ കഴിഞ്ഞാഴ്ചയെത്തി. കഴിഞ്ഞ വരവിനു കണ്ടില്ലല്ലോ?"

"കഴിഞ്ഞ വര്‍ഷം ഞാന്‍ വയനാട്ടില്‍ ഡെപ്യൂട്ടേഷനിലായിരുന്നു".
"പുതിയ കഥയുണ്ടോ മാഷെ? ഞാന്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട്‌."

എന്റെ ഗ്രാമത്തിലും ബ്ലോഗുവായിക്കുന്നവരായോ? അത്ഭുതം തോന്നി.
"ഒന്നെഴുതണമെന്നു കരുതി വന്നിരുന്നതാ, പഴയപോലെ ചിന്തകളെ പായിക്കാന്‍ കഴിയുന്നില്ല. ലീവു കഴിഞ്ഞു പോകുന്നതിനു മുന്‍പെ ഒന്നെഴുതി ബ്ലോഗിലിടണമെന്നുണ്ട്‌".
"അന്നു നമ്മള്‍ കാളിയുടെ കുടിലില്‍ പോയപ്പോള്‍ കാളിയുടെ തള്ള പറഞ്ഞ ആ ചിരുതേടേം ചാമിന്റേം കഥ മുന്‍പെപ്പോഴെങ്കിലും എഴുതിയാരുന്നോ?"

"ഏതാപ്പോ ആ കഥ!"
ഞാന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു.
"ചാമിയേയും ചിരുതയെയും ശല്യപ്പെടുത്തിയ ആ സാഡിസ്റ്റ്‌, തമ്പ്രാന്‍ ചെക്കന്റെ കഥ".
പവിത്രന്‍ ഓര്‍മ്മിപ്പിച്ചു.

എനിക്കോര്‍മ്മ വന്നു. ഞാന്‍ പവിത്രനോടു നന്ദി പറഞ്ഞു ഓര്‍മ്മിപ്പിച്ചതിന്നു.
"അതു തന്നെ എഴുതാം. ആദ്യം എല്ലാം ഒന്നു ഓര്‍ത്തു നോക്കട്ടെ! വല്ലതും വിട്ടു പോയാല്‍ ചോദിച്ചു മനസ്സിലാക്കാന്‍ ആ തള്ളയിപ്പോ ജീവിച്ചിരിപ്പില്ല താനും".

"മാഷെഴുത്തു തുടങ്ങിക്കോ, എന്തെങ്കിലും വിട്ടു പോയാലൊന്നു ഫോണ്‍ ചെയ്താമതി, എനിക്കതു നല്ലോണം ഓര്‍മ്മയുണ്ട്‌. ഞാന്‍ ശല്യമാകുന്നില്ല. പോകുന്നതിന്നു മുന്‍പ്‌ ഒരു പ്രിന്റ്‌ എനിക്കു വേണ്ടി വെച്ചേക്കണേ!"
അവന്‍ ഫോണ്‍ നമ്പര്‍ എഴുതിയ തുണ്ടു തന്നു, പടവുകയറി അപ്രത്യക്ഷനായി.
കടലാസെടുത്തു പെന്‍സിലു കൊണ്ടു എഴുത്തു തുടങ്ങി.

കൂരക്കകത്തു വെട്ടം വീണപ്പോള്‍ കടുങ്കാപ്പി പോലും മോന്താന്‍ നിക്കാതെ കൈക്കോട്ടു തോളിലിട്ടു ചാമി വലിഞ്ഞു നടന്നു.
കണ്ടത്തില്‍ വീണ്ടും ഞെണ്ടുകള്‍ മടകുത്തിയിരിക്കുന്നു.
നേരം മോന്തിയാവോളം ഏനും ചിരുതയും ചേര്‍ന്നു ഏത്തം തേവി നിറച്ച പുഞ്ചകണ്ടമാണ്‌.
ഞണ്ടുകുത്തിയ മടയിലൂടെ നനവു കിനിഞ്ഞിറങ്ങി ഒറ്റ രാവു കൊണ്ടു കണ്ടം വീണ്ടും വറ്റിവരണ്ടിരിക്കുന്നു.

വഴുക്കല്‍ വിട്ടുമാറാത്ത വരമ്പത്തു ചാമി, ഏറെ നേരം താടിക്കു കയ്യും കൊടുത്തിരുന്നു.
കൂരയില്‍ നിന്നു ചിരുതയുടെ വിളി അവന്‍ കേട്ടില്ല. ഒരു മറുകൂക്കിനായി കുറേ കാതോര്‍ത്തിട്ടൊടുവിലവള്‍ കടുങ്കാപ്പിയും കപ്പ പുഴുങ്ങിയതും കൊണ്ടു വരമ്പത്തു മ്ലാനനായിരിക്കുന്ന ചാമിയുടെ അടുത്തെത്തി.
വരണ്ട കണ്ടത്തിലേക്കും ചാമിയുടെ നിറഞ്ഞ കണ്ണിലേക്കും നോക്കിയപ്പോള്‍ ഒന്നുമുരിയാടാതെത്തന്നെ അവള്‍ക്കെല്ലാം മനസ്സിലായി.

"കൊല്ലണം സകലത്തിനീം, ദണ്ണപ്പെട്ടിട്ടു കാര്യമില്ല. കൊന്ന പാപം തിന്നാല്‍ തീരും. കുന്തത്തില്‍ കുത്തി പിടിച്ചോണ്ടുവാ ഞാന്‍ നെയ്യിലിട്ടു പൊരിച്ചു തരാം. കള്ളും കൂട്ടി പൊരിച്ച ഞെണ്ടു തിന്നാന്‍ എനക്കും കൊതി തോന്ന്‌ണ്‌".
ചിരുത മന:ശാസ്ത്രപരമായി ചാമിയെ ആശ്വസിപ്പിച്ചു.
ചാമി പ്രാതല്‍ കഴിക്കുന്നതിനിടയില്‍ ചിരുത, കമുങ്ങലകു കൊണ്ട്‌ ഒരു കുന്തം ചെത്തിമിനുക്കി അറ്റം സൂചി പോലെ കൂര്‍പ്പിച്ചു ചാമിക്കു നീട്ടി.
കുന്തവുമായി കണ്ടത്തിന്റെ നാലതിരു ചുറ്റി തിരിച്ചു വന്ന ചാമിയുടെ കയ്യില്‍ കുത്തിയെടുത്ത പത്തിരുപതു മുഴുത്ത ഞണ്ടുകള്‍.
അവള്‍ അതും കൊണ്ടു കൂരയിലേക്കു മടങ്ങി.
പുകയത്തു കെട്ടിത്തൂക്കിയ ചൂരക്കൊട്ടയില്‍ നിന്നും കാട്ടുമുയലിന്റെ നെയ്യെടുത്തുരുക്കി, ചിരുത ഞണ്ടുകളെ ഓരോന്നായി അതിലിട്ടു മൊരിച്ചെടുത്തു. ഞണ്ടു പൊരിഞ്ഞ മണം മൂക്കിലടിച്ചപ്പോള്‍ ചാമി പണി നിര്‍ത്തി. ചെത്തു നടത്തുന്ന പനയുടെ ചുവട്ടിലേക്കു നടന്നു. ഉടുമുണ്ടഴിച്ചു വലിച്ചു താറുതറ്റു, പനയില്‍ വലിഞ്ഞു കേറി, ഊറിയ കള്ളു ചെരങ്ങാകുടത്തിലൊഴിച്ചു അതുമായി നേരെ കൂരയിലേക്കു നടന്നു.
കുടത്തില്‍ നിന്നവന്‍ കള്ളു രണ്ടു ചിരട്ടയിലേക്കായി അരിച്ചെടുത്തു. മുണ്ടില്‍ തങ്ങിയ ഉറുമ്പുകളെ മുറ്റത്തേക്കു തട്ടിക്കുടഞ്ഞിട്ടു. ഒരു ചിരട്ട കള്ളു തുളുമ്പാതെ ചിരുതക്കു നീട്ടിയപ്പോള്‍ കാന്താരിയരച്ചതും വറുത്ത ഞണ്ടും അവള്‍ പകരം നീട്ടി. കള്ളുള്ളിലാവുന്നമാത്രയില്‍ ചിരുത പാടിയ പഴയ കൊയ്തുപാട്ടിന്റെ വരികള്‍ക്കു മുറുക്കം കൂടാന്‍ തുടങ്ങി. ഒപ്പത്തിനൊപ്പം താളമിട്ടു ചാമിയതിനു ചേരുന്ന ഒരു പുതിയ കാളപൂട്ടുശീലും പാടി. പാടിക്കുഴഞ്ഞ നാവും ദ്രുതതാളമിട്ട കൈകാലുകളും നാഗങ്ങളെപ്പോലെ ചുറ്റിപ്പിണയാന്‍ കൊതിച്ചപ്പോള്‍ രണ്ടാളും കൂരക്കകത്തു കയറി.
മുറുകി വന്ന താളത്തിനനുസരിച്ചു പരിഭോഗചലനം പാരമ്യതയിലെത്തിയപ്പോള്‍ ചാമിയുടെ പേശികള്‍ പരമാവധി വലിഞ്ഞുമുറുകി, പിന്നെ കുലച്ച വില്ലു കുറുകെ പൊട്ടിയ പോലെ വാടിക്കുഴഞ്ഞ മേനി ചിരുതയുടെ മാറില്‍ വീണു. കെട്ട്യോന്റെ നെറ്റീലെ വെയര്‍പ്പു മൃദുവായി തുടച്ചെടുക്കുന്നതിടയിലാണു ചിരുത ഓലക്കീറിനിടയിലൂടെ തുറിച്ചു നോക്കുന്ന രണ്ടു കണ്ണുകള്‍ കണ്ടത്‌.ചാമിയെ മാറ്റിക്കിടത്തി ചിരുത ധൃതിയില്‍ മാറു മറച്ചെണീക്കുമ്പോള്‍ ഓലമറക്കപ്പുറത്തു നിന്നുമൊരാളനക്കം. ഒറ്റക്കുതിപ്പിനു തട്ടിക നീക്കി പുറത്തു ചാടി നോക്കുമ്പോള്‍ കണ്ടു, വേലി ചാടി മറയുന്ന തമ്പ്രാന്‍ ചെക്കന്‍. അരയില്‍ തൂക്കിയിട്ട ഇരട്ടനൂലില്‍ ആടിക്കളിക്കുന്ന എഴുത്തോലക്കെട്ട്‌.

ഇതിപ്പൊ അഞ്ചാറു പ്രാവശ്യമായി എവന്റെ ഒളിഞ്ഞു നോട്ടം അറിയുന്നു, കാട്ടു ചോലയില്‍ കുളിക്കാന്‍ പോകുമ്പോഴും കാട്ടില്‍ വിറകിനു പോകുമ്പോഴും ഒരു നിഴല്‍ അധികമെനിക്കുണ്ടോന്നു പലകുറി ശങ്കിച്ചതാണ്‌. പിന്നെ നിരീച്ചു അതു വെറുംതോന്നലാവുമെന്ന്. എഴുത്തോലക്കെട്ടു താക്കോല്‍കൂട്ടത്തില്‍ തട്ടിയുണ്ടാവുന്ന ലോഹത്തിന്റെ ആ ഒച്ച പലകുറി കേട്ടതുപോലെ തോന്നിയതാണ്‌.
അന്നേ ചാമിയോടു പറയേണ്ടതായിരുന്നു.
വഴക്കും വക്കാണവുമായി ഇനീംന്റെ ചാമിന്റെ നെഞ്ചെരിക്കണ്ടാന്നു നിരീച്ചു പോയി.
കൂടതെ കഴിയില്ലാച്ചാല്‍ മലദൈവത്തിനു മുന്നില്‍ വെറ്റിലേം പൊകലേം വെച്ച്‌ ആ കര്‍മ്മമങ്ങു ചെയ്യണം.മരപ്പെട്ടിയിലെ എഴുത്തോലയിലേ മന്ത്രാച്ചരങ്ങള്‍ മാഞ്ഞുപോയിട്ടൊന്നുമുണ്ടാവില്ല. ചാമിയോടു പറഞ്ഞാല്‍ തമ്പ്രാന്‍ ചെക്കനുമായി ഇനീം വഴക്കാകും.
എന്തിനാ!, ഇതിനു ഞാന്‍ തന്നെ മതിയല്ലോ!
ഉള്‍ക്കാട്ടിലു മുളയരിക്കു പോയ കുണ്ടന്റെ കൊച്ചുപെണ്ണിന്റെ തലേം ഉടുവടേം ഇല്ലാതെ കെടക്‌ക്‍ണ, ഒടലു വാരിക്കൂട്ടാന്‍ ചാമിയും പോയിരുന്നു കുണ്ടന്റെ കൂരയില്‍.
കൊണ്ടു വന്ന കൈതോലപ്പായ കെട്ടഴിച്ചു നെവര്‍ത്തിയപ്പോള്‍ ഒന്നേ നോക്കിയുള്ളൂ. ചെന്നായ പിടിച്ചതാണെന്നു മലകയറി വന്ന കാല്‍ശരായിയിട്ട ഏമാന്മാരു കടലാസിലെഴുതി പോയപ്പോഴേ ചാമി എല്ലാരും കേള്‍ക്കേ പറഞ്ഞതാ, ആ ചവത്തിന്റെ കാക്കൂട്ടിലു തമ്പ്രാന്‍ ചെക്കന്‍ സദാ കുടിക്ക്‌ണ രാക്കുമരുന്നിന്റെ കുപ്പിച്ചില്ല് ഏന്‍ കണ്ടതാന്ന്. കൈതപ്പുലി തിന്ന ബാക്കി ഭാഗങ്ങള്‍ പായയില്‍ വാരിക്കെട്ടുമ്പോള്‍ കാലിനിടയിലെ കാണാന്‍ പാടില്ലാത്തിടത്തു നിന്നു വീണ്ടും കുറെ കുപ്പിചില്ലുകള്‍ ചോരക്കറയുണങ്ങി താഴെ വീണതു ഏനും കണ്ടുവെന്നു ചാമിന്റെ കൂടേ ചവം വാരാന്‍ പോയ ചാത്തനും ആരോടോക്കെ ആണയിട്ടു പറഞ്ഞു.
അതിനാണന്നു തമ്പ്രാന്‍ ചെക്കന്‍ ചാമിയെ ഏത്തക്കുറ്റിക്കല്‍ വന്നു ഏറെ തൗതാരിച്ചതും ചാത്തനെ തല്ലാനോങ്ങിയതും. കയ്യാകളിയിലെത്തുന്നതിന്നു മുന്നെ കുണ്ടനാണു ചാമിയെ ഉന്തീം തള്ളീം കുടിലില്‍ കൊണ്ടുവന്നാക്കിയത്‌.
പതിനാലാം പക്കം കൊപ്പക്കാട്ടില്‍ പിന്നേം കണ്ടു തലല്യാത്ത ഒരു പെണ്ണിന്റെ ചവം. മൂക്കുപൊത്തി ചെന്നോരൊക്കെ അവടീം കണ്ടു അരക്കൂട്ടിലു പച്ച റാക്കു കുപ്പിന്റെ ചില്ലും, ചില്ലില്‍ പറ്റിയ ചോരക്കറയും.
ചിരുത ഇക്കുറി ചവം കാണാന്‍ പോയില്ല.

കവന്തങ്ങള്‍ ഇനീം കാണാന്‍ വയ്യ. ഈ ചവങ്ങളിലെ കെതികിട്ടാത്ത ആത്മാവുകളാത്രേ വാവലുകളാകുന്നത്‌. ഇച്ചാത്തരെ വാവലുകള്‍ വല്ലാതെ പെരുകീട്ടുണ്ട്‌. അവറ്റകളു മോച്ചം കിട്ടാതെ പാറി നടക്കാണു.
തളര്‍ന്നുറങ്ങുന്ന ചാമിയെ ഉണര്‍ത്താതെ ചിരുത ചായ്പ്പിന്റെ മൂലക്കിരുന്ന മരപ്പെട്ടി തുറന്നു. അതില്‍ നിന്നും അവളുടെ അരപ്പട്ട പുറത്തെടുത്തു. ചക്കിപ്പെരുംകൊല്ലത്തി ഇതിനെ "മങ്കാലമറാ"ന്നാ വിളിക്ക്‌ണത്‌. ചായ്‌പിന്റെ പിറകില്‍ പോയി വളരെ സൂക്ഷിച്ചതു നിവര്‍ത്തി.

(എഴുത്തു നിര്‍ത്തി ഞാന്‍ ചിന്തിച്ചു. ഈ മങ്കാലമറയെക്കുറിച്ചു ഞാനെഴുതിയാല്‍ വായനക്കാര്‍ക്കു ഉള്‍കൊള്ളാനാവുമോ?
പുത്തന്‍ തലമുറയിലെ ആര്‍ക്കും ഇതിനെക്കുറിച്ചറിയില്ല. ഇങ്ങനെ ഒന്നു കാണുന്നതു വരെ ഞാനും പവിത്രനും അതിനെ കുറിച്ചു വിശ്വസിച്ചിരുന്നില്ല. ഞങ്ങളുടേ വിശ്വാസക്കുറവു മനസ്സിലാക്കി തന്നെയാണ്‌ അന്നു കാളിയുടെ തള്ള അകത്തെ പെട്ടിയില്‍ നിന്ന് അതുപോലൊരോണ്ണം എടുത്തു കാണിച്ചു തന്നത്‌.
ഒരു പാടുകാലമായി അതു അരയില്‍ നിന്നഴിച്ചു മാറ്റിയിട്ട്‌. അതിനാല്‍ അവിടവിടെ ക്ലാവു പിടിച്ചിരിക്കുന്നു. തേച്ചു മിനുക്കിയാല്‍ സ്വര്‍ണ നിറം തന്നെയാണിതിന്‌. ഒറ്റനോട്ടത്തില്‍ അരയില്‍ കെട്ടുന്ന തിളക്കമുള്ള ഒരാഭരണം.
അതണിഞ്ഞാല്‍ പിന്നെ അഴിച്ചു മാറ്റാതെ ആ പെണ്ണിനെ പ്രാപിക്കാനൊരു വിടനുമാവില്ല. അതു അരയില്‍ ബന്ധിക്കാന്‍ മുറുക്കുന്ന ലോഹനാടക്കു ബ്ലേഡിന്റെ കനവും മൂര്‍ച്ചയും. അഴിക്കാന്‍ അറിയത്തവന്‍ അലക്ഷ്യമായി ആ ബന്ധനം വേര്‍പ്പെടുത്തിയാല്‍ പുറത്തേക്കു ഉലഞ്ചി ചുറ്റുകള്‍ തെറിച്ചു നിവരുന്ന ഒരു ഇരുതല മൂര്‍ച്ചയുള്ള ഉറുമിയായി അതു മാറും. ബലം പ്രയോഗിച്ചതു അഴിച്ചെടുക്കുന്നവന്റെ കഴുത്തില്‍ ചുറ്റി തലയറുത്തിടാന്‍ കഴിയുന്നത്ര ഗതികോര്‍ജ്ജം ചുറ്റിയെടുത്തരക്കെട്ടില്‍ ഒളിപ്പിച്ചു വെച്ചാണതണിയുന്നത്‌. അണിയുന്നവള്‍ക്കു മാത്രമേ അതു സുരക്ഷിതമായി അഴിച്ചെടുക്കാനാവൂ. അവളക്കു ചുറ്റുമൊരാറുമുളം ചുറ്റളവില്‍ അതിന്റെ വാള്‍ പളപളാന്നു നിവരുമ്പോള്‍ അഭ്യാസിയായ പെണ്ണു നാലുചുറ്റു കറങ്ങിയാല്‍ മുന്നിലൊരു മുളന്തൂണാണെങ്കിലും താളു വെട്ടിയപോലെ താഴെ കഷ്ണങ്ങളായി വീഴും.

വായനക്കാര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ! എനിക്കു വിശ്വാസമാണ്‌. കാരണം ഞാനും പവിത്രനും അതു കണ്ടതാണ്‌. എഴുതുക എന്നതു എന്റെ ജോലിയാണ്‌. വിശ്വസിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു വായനക്കാരന്റെ ധര്‍മ്മവും.
ഞാന്‍ ബാക്കിയെഴുതാന്‍ തുടങ്ങി).

ചാമിയുടെ കൂടെ മാലയിട്ടിറങ്ങുമ്പോള്‍ ചാമിയുടെ കയ്യിലും മെയ്യിലും മുഴച്ചു നിക്കണ കരിങ്കല്ലു പോലുള്ള കരുത്തു കണ്ടിട്ടാവണം വേലിക്കല്‍ കാത്തു നിന്ന ചക്കിപെരുങ്കൊല്ലത്തി പിന്നേം പിന്നേം കാതിലോതിയതാ, "അതിനി വേണ്ടാന്ന്‌, കൂടെ കൊണ്ടു പോകണ്ടാന്ന്". മിന്നു കെട്ടിനു ശേഷം അതു കെട്ടേണ്ടി വന്നിട്ടില്ല. അതിനാല്‍ ചിരുതക്കതഴിക്കേണ്ടിയും വന്നില്ല. അതുകൊണ്ടു തന്നെ അതു കെട്ടുന്നതും അഴിക്കുന്നതും ഇപ്പോള്‍ അവള്‍ മറന്നു തുടങ്ങിയിരിക്കുന്നു.

ആങ്ങളമാരും തന്തയുമില്ലാത്ത കന്യകമാര്‍ക്കേ ചക്കിപെരുങ്കൊല്ലത്തി ഇതുപോലെ "മങ്കാലമറ" പണിതു കൊടുത്തിട്ടുള്ളൂ.
ചക്കിപ്പെരുകൊല്ലത്തി തന്നെയാണു അതു കെട്ടുന്നതും അഴിക്കുന്നതും കാണിച്ചു കൊടുത്തത്‌.
നാലഞ്ചു ദിവസം പണിപ്പെട്ടാണ്‌ ചിരുതക്കതു സ്വയം അണിയാനായത്‌. അതഴിക്കുന്നതാണ്‌ അതിലും വലിയ അഭ്യാസം. പാദങ്ങള്‍ ചേര്‍ത്തുവെച്ച്‌ കൂപ്പിയ കൈകള്‍ പരമാവധി മുകളിലേക്കുയര്‍ത്തി ശ്വാസചലനങ്ങളിലൂടെ അടിവയറ്റിന്റെ സങ്കോചവികാസങ്ങള്‍ നിയന്ത്രിച്ചാണു അതു കൊളുത്തഴിക്കുന്നത്‌. കൊളുത്തു വിട്ടാല്‍ പിന്നെ കുറച്ചു സമയം ശബ്ദമയം തന്നെ. ചുരികയുടെ ചുറ്റുകള്‍ നിവരുന്നതും പ്രതിബന്ധങ്ങളെ കഷ്ണിച്ചൊടുക്കുന്നതും ക്ഷണനേരം കൊണ്ടു തീരും.

ഒരാഴ്ച്ച ചാമിയും ചിരുതയും മെനക്കെട്ടു ഞണ്ടിനെ കുത്തിപ്പൊരിച്ചപ്പോള്‍ മടകുത്തലു നിന്നു. തേവിയ വെള്ളം കണ്ടത്തില്‍ ബാക്കിയായി.
ചാമിക്കും ചിരുതക്കും ബാക്കിപ്പണിക്കു ഇഷ്ടം പോലെ സമയം കിട്ടി. ഒരാഴ്ച മെനക്കെട്ടു ചിരുത അതു കെട്ടലും അഴിക്കലും തന്നെയായിരുന്നു.
ഇതിനിടയില്‍ അതിന്റെ ഇരുതല മൂര്‍ച്ച കൂട്ടാന്‍ അവള്‍ ചക്കിപ്പെരുങ്കൊല്ലത്തിന്റെ ആലയിലൊരു ദിവസം പോയി.

ഒരു ദിവസം കാട്ടു ചോലേന്നു മേക്കഴുകി നേരത്തെ കൂരയിലെത്തിയ ചിരുത ചാമിക്കായി കാത്തിരുന്നു, ചാമി മോന്തിക്കും കൂരയണയാത്തതു കണ്ടു ബേജാറായി, ഏത്തക്കുഴിക്കടുത്തെത്തിയപ്പോള്‍ കണ്ടതു കമഴ്‌ന്നു ബോധം കെട്ടു കെടക്ക്‌ണ ചാമി.
പുറത്ത്‌ മൂന്നു മുള്ളുള്ള തറച്ചു കേറ്റിയ കുന്തം.
മുറിപ്പാടിലൂടെ ചാലിട്ടൊഴുകിയ ചോര.

ചിരുത അലറിക്കൊണ്ടു ഓടിച്ചെന്നു.
കുന്തം വലിച്ചൂരിയെടുത്തു മുറിവായ്‌ ഒരു കൈ കൊണ്ടു പൊത്തിപ്പിടിച്ചു, മടിയിലേക്കു ചാമിയെ മറിച്ചിട്ടു.
കൈനീട്ടി ഏത്തകൊട്ടയില്‍ നിന്നിത്തിരി വെള്ളമെടുത്തു മുഖത്തു തെളിച്ചപ്പോള്‍ ചാമി കണ്ണു തുറന്നു. ചിരുത ചുണ്ടിനോടു ചെവി ചേര്‍ത്തു. അവ്യക്തമായി അവള്‍ അതു കേട്ടു.
"തമ്പ്രാന്‍ ചെക്കനാ.. പിന്നിന്നാ കുത്ത്യേ..വിട്ടൂടാ ആ പന്നിനെ ഇനീം.."
ചാമി വേദന കടിച്ചമര്‍ത്തിയെങ്കിലും പറയാനുള്ളതു മുഴുവനാവാതെ, പിന്നേം തളര്‍ന്നു വീണു.
ചിരുതയുടെ അലമുറ കേട്ടു ചാത്തനും കുണ്ടനും ഓടി വന്നാണു ചാമിയെ കൂരയിലേക്കെടുത്തത്‌.
വൈദ്യരൊന്നേ പറഞ്ഞുള്ളൂ. മലദൈവം തൊണച്ചാല്‍ ബാക്കിയാവും. പഴയ ലോഹം കൊണ്ടാ കുത്ത്യേത്‌. പകയുണ്ട്‌ ലോഹത്തിലും ആ കുത്തിയ കുരുപ്പിലും.
വേദന കൊണ്ടു പുളയുന്ന ചാമിയെ, കുണ്ടനെയും ചാത്തനെയും നോക്കാനേല്‍പ്പിച്ചു ചിരുത "മങ്കാലമറ" മാറോടു ചേര്‍ത്തുപിടിച്ചു പുറത്തിരുട്ടിലേക്കിറങ്ങി. കാവിലെ തിരി തെളിച്ചു വെറ്റിലയും പൊകയിലയും വെച്ചു അവള്‍ കൈകള്‍ കൂപ്പി.
"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു
അവള്‍ പഠിച്ച മന്ത്രങ്ങള്‍ തെറ്റാതെ ഒന്നൊന്നായി ചൊല്ലി.
എവിടെ നിന്നോ ഒരു പാലപ്പൂ അവള്‍ടെ മുടിയില്‍ വന്നു വീണപ്പോള്‍ അവള്‍ ആശ്വാസത്തോടെ മന്ത്രം ചൊല്ലല്‍ നിര്‍ത്തി.
അവള്‍ നടന്നു.
ഒറ്റക്കുറുക്കനായ തമ്പ്രാന്‍ ചെക്കന്റെ താമസസ്ഥലത്തേക്ക്‌!
പടിപ്പുരക്കു പുറത്തു വെച്ചവള്‍ സൂക്ഷമതയോടെ മങ്കാകവചം കെട്ടി. എല്ലാം ഭദ്രമെന്നുറപ്പു വരുത്തിയവള്‍ പടിപ്പുറ തള്ളിത്തുറന്നു.
ഗര്‍ജ്ജിക്കുന്ന സ്വരത്തില്‍ അവള്‍ വിളിച്ചു പറഞ്ഞു.

"കൊച്ചെശ്‌മാ!"
"പുറത്തിറങ്ങി വരീന്‍!",
"ഏന്‍ വന്നു',
"എശ്മാന്റെ കലി തീര്‍ക്കാന്‍",
"മൂവന്തി മോന്തിക്കു ഏന്‍ ആവുന്നത്ര ചന്തം കൂട്ടി ഈ ഉമ്മറപ്പടീലിതാ വെറും വയറിലു തുനിഞ്ഞു നിക്കണ്‌.
സര്‍വാഭരണ ഭൂഷിതയായി!
"കൊച്ചമ്പ്രാന്‍ ഇത്തിരിക്കാലായി നുമ്മളടിയാന്മാര്‍ക്കു കിടക്കപ്പൊറുതി തരണില്ലല്ലോ!"
"ന്നെ ദാ കടിച്ചു കീറിക്കോ? പക്കേങ്കി എന്റെ ചാമിനെ ബെറുതെ ബിട്ടേക്കണം".

പച്ചറാക്കു കുപ്പിയില്‍ നിന്നു ഇടക്കിടക്കു വായിലേക്കു ഒഴിച്ചു ആടിയാടി കൊണ്ടു തമ്പ്രാന്‍ ചെക്കന്‍ പുറത്തു വന്നു.
മുറ്റത്തു നിലാവത്തു നില്‍ക്കുന്ന ചിരുതയെ കണ്ടപ്പോള്‍ അവനു നില്‍പ്പുറച്ചില്ല. ആര്‍ത്തിയോടവന്‍ പടവുകള്‍ ഇറങ്ങി.
"നിന്നെ ഞാന്‍ ഏറെക്കാലമായടീ നോട്ടമിട്ടിരിക്കുന്നു. നീയായിട്ടു വന്നതു നന്നായി. പക്ഷെ എന്റെ ഉച്ഛിഷ്ടം കഴുതപ്പുലിക്കുള്ളതാണെന്നറിയുമോ?"
തമ്പ്രാന്‍ ചെക്കന്‍ കൊലച്ചിരി ചിരിച്ചു.
ചിരുത കോപം ഉള്ളിലൊതുക്കി, സംഹാരത്തിനു തയ്യാറായി.
പാദങ്ങള്‍ തൊട്ടടുത്തു വെച്ചു. മടമ്പു മടമ്പിനോടും പെരുവിരല്‍ പെരുവിരലിനോടും ചേര്‍ത്തു വെച്ചു.
തമ്പ്രാന്‍ ചെക്കന്‍ ആടിയാടി ചിരുതക്കു തൊട്ടു മുന്നിലെത്തി.
കുഴഞ്ഞാടുന്ന കൈകള്‍ കൊണ്ടു ആദ്യമവന്‍ ചിരുതയുടെ മാറു മറച്ച തുണി വലിച്ചു ദൂരെക്കെറിഞ്ഞു.
ചിരുതയുടെ കൈകള്‍ അറിയാതുടനെ പിണഞ്ഞു നിന്നാ മാറിനെ മറച്ചു.
നാണമെന്ന വികാരത്തെ തോല്‍പ്പിച്ചു പ്രതികാരമെന്ന വികാരം ജയിച്ചപ്പോള്‍ അവള്‍ പിന്നെ തുറന്ന മാറിനെ മറന്നു.
ജ്വലിക്കുന്ന കണ്ണുകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി പതിയെ കൈകള്‍ കൂപ്പി, തലക്കു മീതെ ഒത്ത മുകളിലേക്കുയര്‍ത്തി.

തമ്പ്രാന്‍ ചെക്കന്‍, നിലാവിനു നന്ദിപറഞ്ഞു കൊണ്ടു തെറിച്ചു നില്‍ക്കുന്ന ആ മുലഞ്ഞെട്ടുകളിലേക്കു നോക്കി വരണ്ട ചുണ്ടുകള്‍ നനച്ചു.
ചിരുത ശ്വാസം ഉള്ളിലേക്കെടുത്തു, ഒന്നിച്ചു പുറത്തേക്കയച്ചു. അരപ്പട്ടയുടെ കൊളുത്തഴിക്കാന്‍ ശ്രമിച്ചു.
ശ്വാസം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ചങ്കും നെഞ്ചും പടപടാന്നടിക്കുന്നു. മനസ്സിന്റെ നിയന്ത്രണം കിട്ടുന്നില്ല. അടിവയറു ചെറുതാവുന്നില്ല.
അവള്‍ കണ്ണ്‍നുകള്‍ അടച്ചു. ഒരു നിമിഷം കുത്തേറ്റു കിടക്കുന്ന ചാമിയുടെ അവസാന ശ്വാസങ്ങള്‍ക്കു കാതോര്‍ത്തു. ചോരവാര്‍ന്നൊഴുകുന്ന അവന്റെ മുറിപ്പാടുകള്‍ മനസ്സിലോര്‍ത്തു. അപ്പോള്‍ അവള്‍ക്കു ശ്വാസനിയന്ത്രണം കിട്ടി. അടിവയര്‍ ഉള്ളിലേക്കു വലിഞ്ഞു. വലിച്ചു മുറുക്കിയ "മങ്കാലമറ"യുടെ കൊളുത്തു പെട്ടന്നഴിഞ്ഞു.
അതില്‍ ബന്ധനത്തിലായിരുന്ന ഉറുമിയുടെ ചുറ്റുകളുടെ ഓരോ അറ്റവും ഒരു സീല്‍ക്കാരത്തോടെ പുറത്തേക്കു തെറിച്ചു.
ചിരുത ക്ഷണം പെരുവിരലിലുയര്‍ന്നു മെയ്‌വഴക്കത്തോടെ അതിവേഗതയില്‍ നാലു കറക്കം കറങ്ങി.
തീപ്പൊരി ചിതറികൊണ്ട്‌ വാളുകള്‍ ചുറ്റും വീശിയുറഞ്ഞു.
മാറിലേക്കു നീണ്ട തമ്പ്രാന്‍ചെക്കന്റെ കൈകളാണ്‌ ആദ്യമറ്റത്‌. പിറകെ ഉറുമിയുടെ നീരാളിക്കുടുക്കില്‍പെട്ട തലയും.

പച്ചച്ചോര ചിരുതയുടെ മാറിലേക്കു തെറിച്ചപ്പോള്‍, അവള്‍ രണ്ടുകണ്ണും കൂടുതല്‍ അമര്‍ത്തിചിമ്മി ധൃതിയില്‍ മന്ത്രങ്ങള്‍ ചൊല്ലി.
ഉറുമിയുടെ സീല്‍ക്കാര ശബ്ദം നിലച്ചപ്പോഴേക്കും മന്ത്രങ്ങള്‍ ചൊല്ലിത്തീര്‍ന്നിരുന്നു.

അവള്‍ പതിയെ കണ്ണു തുറന്നു.
അറ്റ തലയിലെ കണ്ണുകള്‍ ഇപ്പോഴും തന്റെ മാറിലേക്കു തുറിച്ചു നോക്കി കാല്‍ക്കീഴില്‍ കിടക്കുന്നു. അവള്‍ കാര്‍ക്കിച്ചു തുപ്പി.
കബന്ധത്തില്‍ നിന്നു പിരാന്തിനെ മുറിച്ചെടുക്കാന്‍ ആ അരയില്‍ നിന്നു തുണി നീക്കിയപ്പോള്‍ അവള്‍ അന്തിച്ചു പോയി. അവിടെ ഒന്നുമില്ല, അധികവുമില്ല, ഒരു കുറവുമില്ല .പിന്നെ എന്തു മുറിച്ചെടുക്കും. ചാമിയുടെ അന്ത്യാഭിലാഷം നടത്തിക്കൊടുക്കാനാവില്ലല്ലോ!

അവള്‍ ശാപവാക്കുകള്‍ പുലമ്പികൊണ്ടു, നിരാശയോടേ ചുരികത്തലപ്പുകള്‍ ഒന്നൊന്നായി വലിച്ചെടുത്തു. അവ ചുരുട്ടി കൈയിലൊതുക്കി, അതില്‍ നിന്നു ചോരത്തുള്ളികള്‍ പിന്നേയും ഉറ്റിവീണുകൊണ്ടേയിരിക്കുന്നു. ചിരുത പടിക്കെട്ടിനു പുറത്തു കടന്നു. പടിപ്പുര മലര്‍ക്കെ തുറന്നിട്ടു, താമസിയാതെ തന്നെ ചോരയുടെ മണമറിഞ്ഞ ചെന്നായ്ക്കളും അവക്കു പുറകെ ചീഞ്ഞ ശവം തിന്നാന്‍ കഴുതപ്പുലികളും വരുമെന്നവള്‍ക്കു തിട്ടമുണ്ടായിരുന്നു.
അവള്‍ കാട്ടു ചോലയിലേക്കിറങ്ങി ചോറക്കറ നന്നായി കഴുകിക്കളഞ്ഞു. ഈറനായി തന്നെ കൂരയിലേക്കു നടന്നു.

കൂരയില്‍ നിന്നപ്പോഴും ചാമിയുടെ നീണ്ട ഞെരക്കം കേള്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ എഴുത്തു നിര്‍ത്തി.
കഥയിവിടെ നിര്‍ത്തണോ?
പക്ഷെ ശുഭപര്യവസായിയായ കഥകളാണ്‌ എനിക്കിഷ്ടം. പക്ഷെ ഇതെങ്ങനെ ശുഭാന്ത്യത്തിലാക്കും.
ഞാന്‍ ഫോണ്‍ അമര്‍ത്തി.
"പവിത്രന്‍, ഈ കഥയുടെ അവസാനം ചാമിയും ചിരുതയും സന്തോഷത്തോടെ പിന്നീട്‌ ഒരു പാടുകാലം ജീവിച്ചു വെന്നു നമ്മളെ ആശ്വാസിപ്പിക്കാന്‍ കാളിയുടെ തള്ള അന്നെന്തു ഉപായമാണു പറഞ്ഞത്‌ ഓര്‍മ്മയുണ്ടോ?."

"ആ തമ്പ്രാന്‍ ചെക്കന്റെ പിരാന്തു മുറിച്ചെടുത്തു എന്റെ കെട്ട്യോന്റെ മുന്നിക്കൊണ്ടന്നിട്ടു കൊടുക്കണേന്റെ മുന്നെ ഞങ്ങടെ രണ്ടാളേം ഉയിരെടുക്കല്ലെ മലദൈവങ്ങളെ!"എന്ന ചിരുതയുടെ പ്രാര്‍ത്ഥന മലദൈവങ്ങള്‍ സ്വീകരിച്ചിരുന്നു. പക്ഷെ മുറിച്ചെടുക്കാന്‍ ആ തമ്പ്രാന്‍ചെക്കന്റെ അരക്കെട്ടിലൊരു പിരാന്തിന്റെ കഷ്ണവും പടച്ചോന്‍ പടച്ചുവെച്ചിട്ടില്ലാത്തതിനാല്‍ ചിരുതക്കതു മുറിക്കാന്‍ കിട്ടിയില്ല. അതിനാല്‍ മലദൈവങ്ങള്‍ക്കു ചിരുതക്കു കൊടുത്ത വാക്ക്‌ പാലിക്കന്‍ അവരുടെ ഉയിരു കാക്കേണ്ടി വന്നൂത്രേ!"
ചാമി പിന്നെ ഒരു പാടു കൊല്ലം പയറുമണിയെപ്പോലെ ഉരുണ്ടുരുണ്ടു പണിയെടുത്തു നടന്നൂന്നും ചിരുത അവന്റെ ഒരുപാടു കുട്ട്യാളെ പെറ്റു വളര്‍ത്തീന്നും ചുരുക്കം.
ഞാന്‍ അതും കൂടെയെഴുതി. പവിത്രനോടു പറഞ്ഞു.
"പവിത്രാ! കഥയെഴുതിക്കഴിഞ്ഞു!".

കുറിപ്പുകള്‍

1.ചവം - ശവം.
2.തൗതാരിക്കുക - ശകാരിക്കുക.
3.പിരാന്ത്‌ - ഭ്രാന്ത്‌
4.പൊകല - പുകയില.
5.എശ്മാന്‍ - യജമാനന്‍.
6.കൈതപ്പുലി - കഴുതപ്പുലി.
7.ദണ്ണം - സങ്കടം
8.മന്ത്രാച്ചരങ്ങള്‍ - മന്ത്രാക്ഷരങ്ങള്‍
9.ഇച്ചാത്തരെ - ഈയിടെ
10.മോച്ചം - മോക്ഷം
11.ഞെണ്ടുകള്‍ - ഞണ്ടുകള്‍

ചിത്രീകരണം: ചന്ദ്രന്‍‍അബ്ദുള്‍ കരീം തോണിക്കടവത്ത്

ഞായറാഴ്‌ച, ഡിസംബർ 24, 2017

പറയാതെ....

ഗൾഫിലെ വെള്ളിയാഴ്ചകൾ എൻെറ അവധി ദിനങ്ങളും യാത്രാദിനങ്ങളും ആയിരുന്നു.
വീടു പണിതു ഫാമിലിയെ നാട്ടിലേക്കു പറിച്ചു നട്ടതിന്നു ശേഷമുള്ള, എൻെറ ഗൾഫിലെ "ബാച്ചിലർ" അവധിദിനങ്ങളിൽ എനിക്കു പരമ ബോറടിയായിരുന്നു. 
ബാച്ചിലർ ലൈഫിലെ കഠിനജോലി,
ക്ഷീണം കൊണ്ടുള്ള ഉറക്കം,
പിന്നെ ഉറക്കത്തിൻെറ ക്ഷീണം, അവധിദിനം അങ്ങെനെ ശൂന്യമായി തീർന്നു കിട്ടും.

പിന്നെയാണ് "യാത്രകൾ" ജീവിതത്തിൽ  ഒരു ശീലമായത്. അവധിദിന പുലരിയിൽ രാവിലെ തന്നെ പണിയെല്ലാം തീർത്ത്  കുളിച്ചൊരുങ്ങി ഒരു ബാക്ക് ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി യാത്ര തുടരും.
എങ്ങോട്ടാണെന്നൊന്നുമുണ്ടാവില്ല....!
അപ്പപ്പോൾ മനസ്സു ചൂണ്ടിക്കാട്ടുന്നിടത്തേക്കായിരിക്കും  യാത്ര.
ബസ്സായിരുന്നു ശകടം.
മനസ്സായിരുന്നു മിക്കപ്പോഴും മാർഗ്ഗദർശി.
അങ്ങനെയുള്ള യാത്രകളാണ് ചിന്തിക്കാനുള്ള ഇന്ധനം തന്നത്, എഴുതാനുള്ള അനുഭവങ്ങളേകിയത്.
മിഡിൽ ഈസ്റ്റിൽ ലോഫ്ലോർ എ. സി. ബസ്സുകൾ ധാരാളമുണ്ട്. ടിക്കറ്റ് നിരക്ക് തുലോം തുച്ഛവും. റോഡിലെ തെരക്കും വർദ്ധിച്ച കാർബൺ എമിഷനും കുറക്കാൻ പബ്ലിക് ട്രാൻസ്പോർട്ടുകൾക്കു സർക്കാർ കഴിയുന്നത്ര പ്രോത്സാഹനം നൽകുന്നുണ്ട്.
നല്ല മുന്തിയ തരം ബസ്സുകളാണ്. ഫോൺ ചാർജിംഗ്, വൈഫൈ സംവിധാനവും ഫ്രീയാണ്. സൈഡ് സീറ്റ് കിട്ടിയാൽ സൈറ്റ് സീയിംഗുമായി സുഖമായി യാത്ര ചെയ്യാം. ദുബൈ,അബൂദാബി, അൽഐൻ, ഷാർജ, റാസൽ ഖൈമ എന്നിവിടങ്ങളിലൊക്കെ പ്രത്യേകം ഫെഡറൽ അതോറിട്ടികളുടെ ട്രാൻസ്പോർട് സൗകര്യങ്ങൾ ലഭ്യമാണ്.
ഞാൻ ദുബൈ ട്രാൻസ്പോർട്ടാണ് ഏറ്റവും ഇഷ്ടപെട്ടിരുന്നത്. ക്ലീൻ നഗരത്തിലൂടെ ശീതികരിച്ച വാഹനത്തിൽ സ്മൂത്തായ യാത്ര. കണ്ണിനു ആയാസമില്ലാതെ പുസ്തകവും സ്മാർട്ട് ഫോണും വായിക്കാം. കണ്ണെത്താ ദൂരം കുലച്ചു പഴുത്ത്, പരന്നു കിടക്കുന്ന ഈത്തപ്പനക്കാടുകളുടെ നേരെ ദൂരേക്കു മിഴികൾ പായിച്ചു കണ്ണിനു വ്യായാമം നൽകാം. ഗോൾഫ് കോഴ്സിനായി കൃത്രിമമായി നിർമ്മിച്ച പച്ചക്കുന്നും മലയും നീലത്തടാകവും ചേർന്ന സീനറി നോക്കിയിരിക്കാം.  അതിരാവിലെ കോർണീഷിൽ ചൂണ്ടലുമായെത്തുന്ന ബലൂചികളുടെ നിരനിരയായ ഇരുത്തം കാണാം, കര കാണാം, കരകാണാ കടലു കാണാം.
ഒരു മൂവിയിലെന്ന പോലെ....  തല മാർദ്ദവമുള്ള സീറ്റ് ടോപ്പിൽ വെച്ച്, സ്വസ്ഥമായി ചാരിയിരുന്ന്.....!
ആ യാത്രകളാണ് ധാരാളം നല്ലതും ഇത്തിരി ചീത്തയുമായ കുറെ അനുഭവങ്ങൾ സമ്മാനിച്ചത്.
ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരുമായി ഇടപഴകാനും സംവേദിക്കുവാനുമുള്ള ഭാഗ്യം പ്രദാനം ചെയ്തത്.
സ്നേഹത്തിൻെറ ഭാഷക്ക് ലിപിയോ വ്യാകരണമോ ഇല്ലെന്നു തൊട്ടറിഞ്ഞ മുഹൂർത്തങ്ങളെ തന്നത്.
അങ്ങനെയുള്ളൊരു യാത്രയിലാണ് ഞാൻ യാദൃശ്ചികമായി 'സുമി'യെ കണ്ടത്.
എൻെറ പ്രീഡിഗ്രി ക്ലാസ്സ്മേറ്റ്.
ബസ് സിഗ്നലിൽ പച്ച കത്താൻ കാത്തു നിൽക്കുന്ന നേരം, സബ്ജി മാർക്കറ്റിൽ നിന്നു വരുന്ന റോഡിൽ "സീദാർ" എന്നു സ്റ്റിക്കറൊട്ടിച്ച കൊറോള കാറിൻെറ ഡ്രൈവിംഗ് സീറ്റിൽ അവൾ ഇരിക്കുന്നു.
മുപ്പതു വർഷത്തെ പഴക്കമുണ്ട്, മസ്തിഷ്കം പരതി ക്ഷണം കൊണ്ടു തളികയിൽ വെച്ചു തന്ന ആ ഓർമ്മക്ക്.....!
എന്നാലും ഏതു മങ്ങിയ വെട്ടത്തിൽ കണ്ടാലും ഞാനവളെ തിരിച്ചറിയും, അത്രമാത്രം ഹൃദയബന്ധത്തിനു വേണ്ട മുറിവുണങ്ങാതെ നീറുന്നുണ്ടുള്ളിൽ.
പ്രീഡിഗ്രിയോടെ നഷ്ടപ്പെട്ട കൂട്ടാണ്.. നന്നായി പഠിക്കുന്ന കുട്ടി. സുന്ദരമായ കയ്യക്ഷരം. വൃത്തിയായ നോട്സുകൾ..!
ആ നോട്സുകൾ അതു മാത്രം മതിയായിരുന്നു സുമിയെ ആജീവനാന്തം ഓർക്കുവാൻ....!
അവയാണല്ലോ ഒരു അർദ്ധായുസ്സ് വരെ എന്നെ കുറ്റബോധം പേറുന്നവനാക്കിയതും.!
സെൻറ് ഓഫ് കഴിഞ്ഞ് കോൺഫറൻസ് ഹാളിൽ നിന്നു ക്ലാസ് റൂമിലേക്കുള്ള ഓട്ടം മുതൽ അവളുടെ നോട്സുകൾ കാണാനില്ലെന്നതറിയിച്ച നിലവിളി വരെയുള്ള രംഗങ്ങൾ എത്ര കാലം മറക്കാൻ ശ്രമിച്ചതാണ്.
എന്നാലും ആ നിലവിളിയും അലമുറയും ഒരു കാലവും മനസ്സിന്നു പോകില്ല.
"ഞാനിവിടെ വെച്ചതാണ്...എല്ലാരുടേതും ഇവിടെയുണ്ട് എൻറെതു മാത്രമാണ് പോയത്. ആരോ മന:പ്പൂർവ്വമെടുത്തതാണ്."
"ആരെടുത്താലും അവൻ ഒരു കാലവും ഗതി പിടിക്കില്ല..! എൻെറ ഒരു വർഷത്തെ അദ്ധ്വാനമാണത്, എൻെറ ജീവിതമാണത്...! ആർക്കെങ്കിലുമെന്തെങ്കിലുമറിയുമെങ്കിൽ പറയൂ...?"
അവൾ യാചിക്കുകയാണ്. ഫലമില്ലെന്നു മനസ്സിലാവുമ്പോൾ ശപിക്കുകയാണ്.
ഞാൻ മാത്രം സുനിൽദാസിനെ നോക്കി. സുനിൽദാസ് എന്നെയും. ആ ചോരക്കണ്ണുകൾ മിണ്ടാതെ, പറയാതെ എനിക്കൊരു വാണിംഗ് തന്നു. എൻെറ നാക്ക് വരണ്ടുണങ്ങി, നിശബ്ദമായി.
സുനിൽദാസ്  രാഷ്ട്രീയനേതാവാണ്. എൻെറ ക്ലാസ്സിലാണ്. പക്ഷെ ക്ലാസ്സിൽ കയറാറില്ല. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ്. ഞങ്ങളുടെ കോളേജ് മാത്രമല്ല ജില്ലയിലെ മറ്റു കോളേജുകളും അവൻെറ പ്രവർത്തന മേഖലയായതിനാൽ ഒരേ കോളേജിലെ ക്ലാസ്സിലിരുന്നു പഠിക്കാനൊന്നും അവനു സമയം കിട്ടാറില്ല.
പക്ഷെ പാർട്ടി അറേഞ്ച് ചെയ്യുന്ന വെക്കേഷൻ സ്റ്റഡിയിൽ നല്ല മാർക്കിൽ ജയം കിട്ടും. 
അവനാണ് സുമിയുടെ നോട്സ് കട്ടത്. കോൺഫറൻ്ഹാളിൽ നിന്നും  ഇടക്ക് സെക്കൻഡ് ഇയർ കൊമേഴ്സിലേക്ക് സെൻറ് ഓഫിനുള്ള മിസ്സിംഗ് ഐറ്റംസ് എടുക്കാനോടിയ ഞാനത്  കണ്ടു. ഞങ്ങളുടെ ക്ലാസ്സിനകത്തു നിന്നും  വാരിപ്പിടിച്ച പുസ്തകങ്ങൾ ടെക്സ്റ്റയിൽസിൻെറ കാരിബാഗിലിട്ട് രണ്ടാം നിലയുടെ മുകളിൽ നിന്നും താഴെ  ബൈക്കുമായി കാത്തു നിൽക്കുന്ന ഏതോ സിൽബന്ധിക്കിട്ടു കൊടുത്തത്.
സംശയത്തോടെ നിന്ന എൻെറ കണ്ണിലേക്കു തുറിച്ചു നോക്കി ചൂണ്ടു വിരൽ മൂന്നു വട്ടമിളക്കിയവൻ പറഞ്ഞു
"നാക്കു പുറത്തു ചാടിയാൽ കുത്തിക്കൊടലെടുക്കും".
നാക്ക് അകത്തു തന്നെ കിടന്നു മുപ്പത് കൊല്ലം..!
കുറ്റബോധവും പേറി....!
ആ അലമുറയിലും  ശാപവാക്യങ്ങളിലും  തനിക്കു കൂടി ഒരു പങ്കുണ്ട് എന്നറിഞ്ഞു ഉള്ളിൽ നീറിയ മുപ്പതു വർഷം.
തുറന്നു പറയാനാവാത്ത സത്യവുമായി ഭീരുവായ ഒരു ദൃക്സാക്ഷിയുടെ വീർപ്പുമുട്ടൽ.
ബസ്സ് ഉരുളാൻ തുടങ്ങിയപ്പോൾ വശത്തേക്കു നോക്കി ഒന്നു കൂടി ഉറപ്പു വരുത്തി.
വ്യക്തമായി കണ്ടു, സുമി തന്നെ.
കൈയും തലയുമെല്ലാമിളക്കിയിട്ടും വിളിച്ചിട്ടും കാര്യമില്ല. കാണില്ല. ബസ്സിനു കൂളിംഗ് പേപ്പറാണ്. പുറത്ത് നിന്നും അകത്തേക്കു കാണില്ല.
അവളുടെ കാർ എനിക്കു പോകേണ്ടതിൻെറ എതിർവശത്തേക്കാണ് പോകുന്നത്.
നിരാശയായി...
ഇനിയൊരിക്കലും കാണാനൊക്കില്ല. എൻെറ ഭാരമിറക്കാനും.
ആ യാത്ര സങ്കടമല്ലാതെ മറ്റൊന്നും തരില്ലന്നുറപ്പായതിനാൽ പകുതിക്കു വെച്ച് നിന്നു.
ബീച്ചിൽ പാർക്ക് ബെഞ്ചിൽ വ്യഥയോടെ ഇരുന്നപ്പോൾ അറിവിൻെറ മാലാഖ വന്നു പറഞ്ഞു "പൊട്ടാ...സീദാർ എന്ന കമ്പനിപ്പേര് അറിയാമെങ്കിൽ നെറ്റിലെ ഡയറക്ടറിയിൽ നിന്നു അവരുടെ ഫോൺ നമ്പർ കണ്ടെടുത്തൂടേ?"
കമ്പനി ഫോൺ നമ്പർ കിട്ടിയാൽ അവരുടെ ഒരു  എംപ്ലോയി സുമിയുടെ കോൺടാക്ട് നമ്പർ ചോദിച്ചൂടേ നിനക്ക് ?"
മാലാഖക്കു നന്ദി പറഞ്ഞു ഇൻറെർനെറ്റിൽ  കമ്പനി തെരഞ്ഞു ഫോൺ നമ്പർ എടുത്തപ്പോൾ സംശയത്തിൻെറ ഇബ്ലീസ് പിന്നിൽ നിന്നു ചോദിച്ചു. "സീദാറിനു ഏഴ് എമിറേറ്റ്സിലും ഓഫീസുണ്ട്. ആ ഏഴിൽ നിന്നു ശരിയായത് എങ്ങനെ കിട്ടാനാ പൊട്ടാ?"
അറിവിൻെറ മാലാഖ ഇബ്ലീസിനെ ചിറിയിൽ തോണ്ടി പറഞ്ഞു ആദ്യം ദുബൈ ബ്രാഞ്ചിൽ വിളിക്കട്ടെ..! പിന്നെ അടുത്തുള്ള ഷാർജയിൽ..."
ദുബൈ നമ്പറിൽ വിളിച്ചു.
അവധി ദിനമായതിനാൽ ആരുമുണ്ടാവില്ലെന്നു ഉള്ളിലെ ഇബ്ലീസു വീണ്ടും തോന്നിച്ചതാണ്. കർട്ടൺ ഫിക്സിംഗ് & മെയിൻറൈൻസ് ഗൾഫിൽ അവധി ദിനത്തിലാണധികവുമാവശ്യമെന്നത് മാലാഖയാണ് വീണ്ടുമോർമ്മിപ്പിച്ചത്.
ഭാഗ്യം,  ആരോ ഫോണെടുത്തു. മലയാളിയാണ്.
ഞാൻ സ്വയം പരിചയപ്പെടുത്തി കാര്യങ്ങൾ സൗമ്യമായി പറഞ്ഞു.
കൊറോള ഓടിക്കുന്ന സുമി മാഡത്തിനെ അവനു  അറിയാമെന്നു പറഞ്ഞു. പ്രൈവറ്റ് ഫോൺ നമ്പർ ചോദിക്കുന്നത് മാന്യതയല്ലെന്നു മനസ്സിലാക്കി, എൻെറ നമ്പർ കൊടുത്തു എന്നെ ഒന്ന് വിളിക്കാൻ അപേക്ഷിച്ചു.
ബീച്ചിൽ നിന്നു ഇറങ്ങുന്നതിന്നു മുമ്പ് സുമിയുടെ വിളി വന്നു. സീദാറിലെ ടെലഫോൺ ഓപ്പറേറ്ററെ മനസാൽ നന്ദി പറഞ്ഞു.
എന്നെ കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു. അവളെ കുറിച്ചു
കൂടുതൽ വിശദീകരിക്കാനവസരം കിട്ടിയില്ല.ചോദ്യങ്ങൾ മുഴുവൻ എന്നോടായിരുന്നു.  വിവാഹിതയാണ് രണ്ട് കുട്ടികൾ പഠിക്കുന്നു എന്നു മാത്രം അറിവായി.  കയ്യക്ഷരം പോലെ മനോഹരമാണ് ആ   ഓർമ്മ ശക്തിയും സ്നേഹം പങ്കു വെക്കാനുള്ള മനസ്ഥിതിയും എന്ന് വ്യക്തമായി.
നേരിൽ കാണണമെന്നു പറഞ്ഞു. എനിക്കും നേരിൽ കണ്ടിട്ടു വേണമായിരുന്നു മുപ്പതു കൊല്ലമായ് അലട്ടുന്ന കുറ്റ:ബോധം കഴുകിക്കളയാൻ.
അപ്പോൾ തന്നെ യാത്രയുടെ ദിശമാറി.
ഞാനറിയുന്ന സ്ഥലത്താണ് താമസം. മുപ്പത്തു മിനിറ്റിനകം ടാക്സിയിൽ  അവിടെയെത്തി.
ബിൽഡിംഗും ഫ്ലോറും ഫ്ലാറ്റ് നമ്പറും നോക്കി കാളിംഗ് ബെൽ അടിച്ചപ്പോൾ രണ്ടു കുട്ടികൾ വാതിലിനടുത്തേക്ക് ഓടി വരുന്ന കാലൊച്ച. പിറകെ
" Wait, let me open the door. Let Pappa make him a big surprise" എന്ന കുസൃതി കലർന്ന ഡയലോഗ് !.

വാതിൽ തുറന്നപ്പോൾ ആ മുഖം കണ്ട് ഞാൻ സ്തംഭിച്ചു പോയി.
എമ്പതുകളുടെ വിദ്യാർത്ഥിരാഷ്ട്രീയ വേദികളിൽ ഇടിമുഴക്കം സൃഷ്ടിച്ച അതേ ശബ്ദത്തിനുടമ.

"സുനിൽദാസ്".

ആലിലത്താലിയുള്ള ചെയിനും നെറ്റിയിൽ ചന്ദനക്കുറിയും സീമന്തരേഖയിൽ സിന്ദൂരവുമായി പിറകിൽ സുമിയും അവരുടെ രണ്ടു കുഞ്ഞുങ്ങളും.
എൻെറ മനസ്സിലപ്പോഴും അലയടിച്ചത്
"നാക്കു പുറത്തു ചാടിയാൽ കുത്തിക്കൊടലെടുക്കും".
എന്ന വാചകങ്ങൾ മാത്രവും.

ഞായറാഴ്‌ച, ഡിസംബർ 10, 2017

മണ്ണും മൺവെട്ടിയും.


കർഷകൻ ആരോഗ്യദൃഢഗാത്രനായിരുന്നു. അയാൾക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
ഒന്നു മണ്ണും മറ്റേത് മൺവെട്ടിയും.
മണ്ണിനെയാണയാൾ ആദ്യം സ്വന്തമാക്കിയത്. അവൾ കന്യകയായിരുന്നു, (അവൾക്കു അതിൻെറ പൊസസീവ്നസും ഉണ്ടായിരുന്നു). പിന്നെയാണയാൾ മൺവെട്ടിയെ സ്വന്തമാക്കിയത്.
"തായിൽ പീലി" വെൽഡ് ചെയ്ത പരിപൂർണ്ണ ഇരുമ്പു മൺവെട്ടി.
ആ മൺവെട്ടി കൊണ്ട് മണ്ണു മുഴുവൻ  കിളച്ചു മറിച്ചയാൾ വിത്തു വിതച്ചു.
വരണ്ട മണ്ണിൽ കൂടെക്കൂടെ വെള്ളം നനച്ചയാൾ ചെടികൾക്കു എപ്പോഴും ഈർപ്പം നിലനിർത്തി.
ഇടക്കിടക്കു മണ്ണു കൈക്കുമ്പിളിൽ കോരിയെടുത്തു  ചുംബിച്ചും, മണത്തും അംമ്ല ഗുണം ഗണിച്ചു.
മണ്ണിനതൊന്നും മതിയായിരുന്നില്ല. ഞാനാണാദ്യം കൂട്ടിനെത്തിയത്,
ഞാനാണ് വിത്തു മുളപ്പിച്ചു കൊടുത്തത്,
ഞാനാണ് ചെടിക്കു താങ്ങും തറയുമായത്,
എന്നിട്ടും മൺവെട്ടിയാണ് സദാ സമയവും കൂടെ..!
പണി തീർന്നാൽ കഴുകി വൃത്തിയാക്കിയ മൺവെട്ടി, ആ തോളിൽ കേറിയിരുന്ന് ആടിയാടി അയാളുടെ കഴുത്തിലുമ്മ വെച്ച് ദൂരെ വരമ്പിലൂടെ  വീട്ടിലേക്കൊപ്പം പോകുന്നതും നോക്കിയിരുന്ന് മണ്ണിൻെറ അസൂയ വളർന്നു വലുതായി.
"വരട്ടെ....ഒരു ദിവസം ഞാൻ പകരം വീട്ടും...!"

ഒരു ദിവസം മണ്ണു കെണി വെച്ചു കാത്തിരുന്നു.
കഠിനമുള്ള മണ്ണിനടിയിൽ  അയഞ്ഞ മണ്ണ് ഒളിപ്പിച്ചു വെച്ചവൾ കാത്തിരുന്നു.
പതിവു പോലെ പുലരിയിൽ കർഷകനെത്തി, തേച്ചു മിനുക്കിയ മൺവെട്ടിയുമായി...
ആദ്യ കൊത്ത് മണ്ണിൽ വീണു...
മണ്ണ് പ്രഥമ സ്പർശനമേറ്റതു പോൽ പിടഞ്ഞു.
എങ്കിലും വാശി വിട്ടു കൊടുത്തില്ല. മൺവെട്ടിക്കു മുന്നിൽ ഒരിഞ്ചു പതറാതെ  പ്രതിരോധിച്ചു നിന്നു.
അടുത്ത കൊത്ത് അതിലും ശക്തിയോടെയായിരുന്നു. മണ്ണ് പതറിപ്പോയി...
കൂട്ടു പിടിച്ചു വെച്ച ഉറപ്പ് പൊടിഞ്ഞില്ലാതെയായി..പിന്നീടാ  കുഴഞ്ഞയഞ്ഞ മണ്ണിൽ, വെണ്ണയിൽ വാളു കൊണ്ടു വെട്ടുന്നതു പോലെ മൺവെട്ടിയൊരു മിന്നൽ പിണറായി പാഞ്ഞു.
കർഷകനൊരു ആർത്തനാദത്തോടെ പിറകോട്ടു വീണു.
കാലിൽ കൈക്കോട്ടു കൊണ്ടു ഒരു ചെത്ത്.
മണ്ണും മൺവെട്ടിയുമുപേക്ഷിച്ചയാൾ ഓടി.
ഓടിയ വഴിയിലൊക്കെ ചോരയൊഴുകി നനഞ്ഞു ചോപ്പായി...
കാലം കുറേയായി...
കർഷകനെക്കുറിച്ചൊരറിവുമില്ല.
വരണ്ട മണ്ണും, തുരുമ്പെടുത്ത മൺ വെട്ടിയും എപ്പോഴും ദൂരേക്കു മിഴിനട്ടു കർഷകനെ കാത്തിരിക്കും. പക്ഷെ അവൻ വന്നില്ല.
മണ്ണും മൺവെട്ടിയും വൃഥാ കാത്തിരുന്നു  നശിക്കാൻ തുടങ്ങിയിട്ടേറെ കാലമായി.
------------------------------------------------------

ഞായറാഴ്‌ച, ജൂലൈ 06, 2014

ഒരു ത്രീ ഡൈമെൻഷൻ സ്റ്റോറി.

ഒന്നാം ക്യാമറ.

നഗരത്തിലെ ഒരു ഹൈടെക് ഹോസ്പിറ്റലിൻറെ ഫാർമസി ഏരിയ.
ഐ.പി.യിൽ നിന്നു റക്കമെൻറു ചെയ്ത മെഡിസിൻ വിവിധ റാക്കിൽ നിന്നു സെലക്ടു ചെയ്തു  അതാതു ബെഡിലേക്കു  ഇഷ്യൂ ചെയ്യുന്ന ജോലിയിലേർപ്പെട്ട അനേകം പെൺകുട്ടികൾ.
കൂട്ടത്തിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ മാത്രം ഫോക്കസു ചെയ്തു അങ്ങോട്ടും ഇങ്ങോട്ടുംകളള നടത്തം നടത്തുന്ന ഒരു ചെറുപ്പക്കാരൻ.
ആ നോട്ടത്തിൻറെ അസ്വാഭാവികതയിൽ അസ്വസ്ഥത അനുഭവിക്കുന്ന ആ പെൺകുട്ടി.
അവൾ ആരും കാണാതെ മൊബൈൽ ഫോണിൽ വിളിച്ചു ആരോടോ സീരിയസായി  സംസാരിക്കുന്നു.
"യസ് മാഡം, ഇന്നലെ ഇതേ പോലെ പവർകട്ടിൻറെ സമയത്തായിരുന്നു. ജനറേറ്ററലേക്കു സ്വിച്ച് ചെയ്യാൻ ഒരു മിനിറ്റെടുക്കുമെന്നു കറക്ടായി അറിയാവുന്ന ആരോ ഒരാൾ. ഇന്നു ഞാൻ ആളെ കണ്ടു. ഇപ്പോൾ    എന്നെ ശ്രദ്ധിച്ചു പുറത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
അവൾ ഫോണിലൂടെ ചില നിർദ്ദേശങ്ങൾ ശ്രവിക്കുന്നു.
"യസ് മാഡം. ഞാൻ അങ്ങനെ ചെയ്യാം".
പെൺകുട്ടി തൻറെ മൊബൈൽ നമ്പർ എഴുതിയ ഒരു കടലാസ് മടക്കി കയ്യിൽ വെച്ചു പുറത്തു തന്നെ ശ്രദ്ധിച്ചു കൊണ്ടു ഫോൺ ചെയ്തു നടക്കുന്ന ചെറുപ്പക്കാരനെ സമീപിച്ചു.
ആരും കാണാതെ ആ കടലാസു ധൃതിയിൽ അയാളുടെ കയ്യിൽ കൊടുത്തു വേഗത്തിൽ ഫാർമസിക്കകത്തു തിരിച്ചു കേറി.

രണ്ടാം ക്യാമറ.

ഫാർമസിക്കകത്തിരിക്കുന്ന പെൺകുട്ടിയെ ഇടക്കിടക്കു നിരീക്ഷിച്ചു തൻറെ ഫോണിൽ ആരോടോ സംസാരം തുടരുന്ന ചെറുപ്പക്കാരൻ.
"നീ പറഞ്ഞ പോലെ നീണ്ട മൂക്ക്, മെലിഞ്ഞ ശരീരം, വെളുത്ത കളർ. വിദ്യാഭ്യാസവുമുണ്ട് ജോലിയുമുണ്ട്, ഇതു നമുക്ക് അന്വേഷിക്കാം"
ഇതിനിടയിൽ  ഫാർമസിക്കകത്തു നിന്നും പുറത്തു വന്ന പെൺകുട്ടി ഒരു മടക്കിയ കടലാസ് പെട്ടെന്ന് രഹസ്യമായി   അയാളെ ഏൽപ്പിക്കുന്നു.
അമ്പരപ്പോടെ അതു വാങ്ങി തുറന്നു നോക്കിയ അയാൾ അതിൽ ഒരു ഫോൺ നമ്പർ കാണുന്നു.
" അയ്യേ..ടാ..ആ പെണ്ണു നിനക്കു  വേണ്ടാ അവൾ പെഴയാണെന്നു തോന്നുന്നു" ഫോണിൽ ഇത്രയും പറഞ്ഞ ശേഷം,അയാൾ ആ കടലാസു ചുരുട്ടി തറയിലേക്കിട്ടു നടന്നു പോകുന്നു.

മൂന്നാം ക്യാമറ.

ഫാർമസിക്കു പുറത്ത് കസേരയിലിരുന്നു വായ് നോട്ടത്തിൽ വ്യാപൃതനായ ഒരു യുവാവ്.
ഫാർമസിക്കകത്തു നിന്നും പുറത്തു വന്ന ഒരു പെൺകുട്ടി ഒരുത്തനു ഒരു മടക്കിയ കടലാസു സ്വകാര്യമായി  കൊടുക്കുന്നതും പെട്ടെന്നു അപ്രത്യക്ഷമാവുന്നതും അയാൾ കടലാസു തുണ്ട് തുറന്നു വായിക്കുന്നതും പുച്ഛത്തോടെ ചുരുട്ടിയെറിയുന്നതും കൗതുകത്തോടെ നിരീക്ഷിക്കുന്നു.
ആരുമില്ലാത്ത സമയത്തു അവൻ ആ ചുരുട്ടിയെറിഞ്ഞ പേപ്പർ കയ്യിലാക്കി സാവകാശം തുറന്നു നോക്കുന്നു. ഒരു
മൊബൈൽ നമ്പർ കണ്ട അവൻറെ കണ്ണുകൾ പൂർവ്വാധികം വട്ടത്തിൽ വികസിക്കുന്നു.
തൻറെ,മൊബൈലിൽ ആ നമ്പർ അമർത്തി മധുരനാദത്തിനായി  ഏറെ നേരംകാതോർത്തിരുന്നപ്പോഴേക്കും അവൻറെ തൊട്ടു പിറകെ  കുറേ ബൂട്ടുകളുടെ ഒച്ച കേട്ടു.



വെള്ളിയാഴ്‌ച, ജൂലൈ 29, 2011

കുഴിയിൽ നിന്നു കാലു നീട്ടിയ ഒരു മാവ്

ഇപ്രാവശ്യമെങ്കിലും മാവിലുരസാതെ, പെയ്ന്റു കളയാതെ വണ്ടി റോഡിലിറക്കണമെന്ന് എനിക്കൊരു വാശിയുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം വണ്ടി രണ്ടുവട്ടം വർക്ക്ഷോപ്പിൽ കൊടുക്കേണ്ടി വന്നതു അതേ വാശികാരണമാണെന്നതു മറന്നിട്ടില്ല.

എന്റെ അക്ഷമയും, ഗേറ്റു കടന്നാൽ ആദ്യത്തെ വളവിൽ റോഡിലേക്കു തള്ളി നിൽക്കുന്ന മാവുമാണു അവധിക്കാലത്തു വണ്ടി വർക്ക്ഷോപ്പിൽ കേറ്റാൻ കാരണം.

മാവു റോഡിലേക്കു തള്ളി നിൽക്കുന്നതൊന്നുമല്ല, ചരിത്രമറിയാവുന്നവർക്കറിയാം വെറും ഒരു മീറ്റർ വീതിയുണ്ടായിരുന്ന ഒരു ഇടവഴി, പുഴമണൽ വാരുന്നവരുടെ സമ്മർദ്ദഫലമായി രണ്ടു മീറ്റർ വീതിയിൽ മാവിന്റെ അടുത്തേക്കു തള്ളിക്കയറി ഒരു കോൺക്രീറ്റ് റോഡായി പരിണമിച്ചതാണെന്ന്.

മാവു നിൽക്കുന്നിടം ദാമോദരേട്ടന്റെതാണ് . റോഡിനു വീതി കൊടുത്തപ്പോൾ തന്റെ കാലം കഴിയുന്നതു വരെ ആ മാവു വെട്ടരുതെന്നു ദാമോദരേട്ടൻ പ്രത്യേകം പറഞ്ഞിരുന്നു.

എൻപതു കഴിഞ്ഞ ദാമോദരേട്ടന്റെ മാവിനു വഴിയുടെ വീതി കുറച്ചവിടെ അധികകാലം ആയുസില്ല എന്നു ഗണിച്ച റോഡു കമ്മറ്റിക്കാർ ഒന്നടങ്കം “അതത്രേയുള്ളൂ ദാമോദരേട്ടാ“ എന്നു ഐക്യകണ്ഠമായി വാക്കു കൊടുത്തു.

മരം അവിടെ പാതിവഴി മുടക്കി നിന്നിട്ടും അവരുടെയൊക്കെ റോഡിന്റെ ആവശ്യം മുറക്കു നടന്നു.

ചീറിപ്പാഞ്ഞു വരുന്ന വണ്ടികൾ മാവിന്റെ ഒരു മീറ്റർ അകലത്തിൽ പെട്ടെന്നൊരു ബ്രേക്കിട്ടു വേഗത കുറച്ചു പിന്നെ തീറ്റ കിട്ടാത്ത ആടു വേലി നൂന്നു കയറുന്നതു പോലെ അപ്പുറം കയറി പിന്നെയൊരു ചീറിപ്പാച്ചിലു കാണാം.

പുഴമണൽ കടത്തുന്ന ഗുഡ്സ് ഓട്ടോറിക്ഷക്കാർക്കും മിനി ലോറിക്കാർക്കും ആ മാവു നിൽക്കുന്നിടത്തെ ഇടുങ്ങിയ വഴിയിലൂടെ വണ്ടിയെടുക്കാൻ ഒരു പ്രത്യേക കഴിവാണ്.
ഞാൻ അതു അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
എനിക്കതിനു കഴിഞ്ഞിട്ടില്ല, എന്റേതു വീതികുറഞ്ഞ മാരുതി കാറാണ്. എന്നിട്ടും ഒന്നര മീറ്റർ വീതിയുള്ള ആഭാഗത്തു കൂടി എന്റെ ചെറിയ കാർ പുറത്തു കടത്താൻ ഞാൻ എപ്പോഴും ഭാര്യയെ വിളിക്കാറാണ്.
അല്ലെങ്കിൽ വണ്ടി പോർച്ചിൽ നിന്നെടുക്കുമ്പോഴേ അവൾ അടുക്കളയിൽ നിന്നു വിളിച്ചു പറയും.
“ ഞാൻ അപ്പുറത്താക്കിത്തരാം അല്ലെങ്കിൽ ഈ വെക്കേഷനതു വീണ്ടും വർക്ക്ഷോപ്പിൽ കയറ്റേണ്ടി വരും".
വല്ലാത്തൊരപമാനമാണ് അതു കേൾക്കുമ്പോൾ.

വണ്ടിയുരസിയിടത്തെ ഞെളുക്കവും പെയ്ന്റൂ പോയതും തൊട്ടു നോക്കി വിഷമത്തോടെ ഞാൻ നിൽക്കുമ്പോഴായിരിക്കും ദാമോദരേട്ടൻ വടിയും കുത്തി വേച്ചു വേച്ചു വന്നു ഉരസിയ ഭാഗത്തെ മുറിവായിൽ മാവിൽ തലോടുന്നതു കാണുക. ലക്ഷങ്ങൾ വരുന്ന എന്റെ കാറിനെക്കാൾ അയാൾക്കു കാര്യം ആ വയസ്സൻ മാവാണ്. അപ്പോൾ വരുന്ന ദേഷ്യവും സങ്കടവും പലവട്ടം സഹിക്കാൻ കഴിയുന്നതിന്റെ പരമാവധിയായിരുന്നു.

കഴിഞ്ഞ അവധിക്കാലത്തു ദാമോദരേട്ടന്റെ ഊന്നുവടിക്കു നടുക്കൊരു പൊട്ടൽ കണ്ടപ്പോഴും, അയാൾ നടക്കുന്ന വഴിയിലെ പൊട്ടക്കിണറ്റിന്റെ വക്കിടിഞ്ഞതു കണ്ടപ്പോഴും ഞാൻ ഉള്ളിൽ ഒരു പ്രതീക്ഷ സൂക്ഷിച്ചിരുന്നു. എന്നിട്ടും മാവു വെട്ടാനുള്ള സമയം തെളിഞ്ഞില്ല.

ദാമോദരേട്ടന്റെ മൂത്തമകൻ സെക്രട്ടേറിയറ്റ് ജീവനക്കാരനാണ്. രണ്ടാമത്തവനും മൂന്നാമത്തവളും വിദേശത്താണ്. അവർക്കൊന്നും ഇനി ഈ ഗ്രാമത്തിൽ വന്നു ജീവിക്കാൻ സാധിക്കില്ല. തിരുവനന്തപുരത്തുള്ളവൻ തന്നെ അവിടെ ഫ്ലാറ്റ് വാങ്ങി മക്കളെയൊക്കെ അവിടെ പഠിപ്പിച്ചവിടത്തുകാരാക്കി.

താൻ മരിച്ചാൽ ഈ മാവു വെട്ടി, അതിലെന്നെ ദഹിപ്പിക്കണമെന്നാണു ദാമോദരേട്ടൻ എല്ലാരേയും ശട്ടം കെട്ടിയിട്ടുള്ളത്.

എന്റെ ഈ മാരുതി സ്വിഫ്റ്റ് മാറ്റണമെന്നു കരുതിയിട്ടു വർഷം രണ്ടായി. കുറച്ചു കൂടി പരിഷ്കാരവും സൗകര്യവും ഉള്ള കാറു വാങ്ങാൻ പാങ്ങില്ലാഞ്ഞിട്ടല്ല. പക്ഷെ ഈ വീതി കുറഞ്ഞ വഴിയിലൂടെ എനിക്കതു അപ്പുറം കടത്തുക അസാധ്യമാണ്.

രണ്ടനിയന്മാരുടേയും കാറുകൾ കാണുമ്പോൾ എനിക്കു വല്ലാത്തൊരപകർഷതയാണ്. പിന്നെ വരുന്ന ദേഷ്യം ആ മാവിനു നേരെയും. മരിക്കാൻ മറന്നു പോയ ദാമോദരേട്ടനു നേരേയുമാണ്.

കാലങ്ങൾക്കു ശേഷം ഇപ്രാവശ്യമാണു ഞാൻ ഒരു മാങ്ങാക്കാലത്തു അവധിക്കെത്തുന്നത്. ചക്കയും മാങ്ങയും ലുലുവിലെ മാൻഗോ ഫെസ്റ്റിവലിൽ കണ്ട അനുഭവമേ കഴിഞ്ഞ ഇരുപതു വർഷക്കാലമായിട്ടുള്ളൂ. കഴിഞ്ഞ അവധി റിസഷൻ കാരണം ആറുമാസം നീണ്ടപ്പോൾ വാർഷിക അവധി ആറുമാസം മുന്നോട്ടു നിങ്ങി. ഇപ്പോൾ അതു ചക്കാമാങ്ങാക്കാലത്തിനോടു ചേർന്നു.

ഉയരമുള്ള മാവിന്റെ ചില്ലകൾ അധികവും നീണ്ടു പന്തലിച്ചിരിക്കുന്നതു എന്റെ പുരയിടത്തിലേക്കാണ്. എന്നിട്ടും എനിക്കിതു വരേ ഒരു മാങ്ങ പോലും വീണു കിട്ടിയിട്ടില്ല. എന്നാലോ ഇലയും ചീഞ്ഞ മാങ്ങാണ്ടിയും വീണു മുറ്റം എപ്പോഴും വൃത്തികേടാവുന്നുണ്ട് താനും. ഞാൻ എഴുന്നേൽക്കുന്നതിന്നു മുൻപേ കുട്ടികളോ ദാമോദരേട്ടനോ മാങ്ങ പെറുക്കിക്കൊണ്ടു പോകുകയായിരിക്കുമെന്നാണു ഞാൻ ധരിച്ചിരുന്നത്. പിന്നെ ഒരു ദിവസം മെനെക്കെട്ടു ഞാൻ മാവിന്റെ ഉയരത്തിലേക്കു കഴിയുന്നത്ര കഴുത്തു മാനം കാട്ടി നോക്കി. പണ്ടാറം ഈ മാവിനെന്തൊരു ഉയരമാണ്!.
ഇത്രക്കും തന്നെ മണ്ണിനടിയിലേക്കും ഉണ്ടത്രേ!.
ഒരു പൊട്ടക്കിണറ്റിൽ വളർന്ന മാവിന്റെ പകുതി ഭാഗം മണ്ണിട്ടു മൂടിയ കിണറ്റിനടിയിലാണെന്നു ദാമോദരേട്ടൻ ഇടക്കിടെ പറയാറുണ്ട്.
ധാരാളം മാങ്ങയുണ്ട്, കുനു കുന്നനെ വളരെ ചെറിയ മാങ്ങകൾ.
ഒരു നെല്ലിക്കയുടെ അത്ര വലിപ്പം. മാവു മൂക്കുന്തോറും മാങ്ങയുടെ വലിപ്പം കുറയുമെത്രേ!
വളരെ ഉയർത്തിലുള്ള മാവിൽ നിന്നും പഴുത്തു വീഴുന്ന മാങ്ങകൾ എന്റെ മുറ്റത്തിന്റെ കോൺക്രീറ്റ് ഇഷ്ടികകളിൽ പതിച്ചു ചിതറിത്തെറിക്കുകയായിരുന്നു.
ആർക്കും ഒന്നു വായിലിട്ടു രുചിക്കാൻ പോലുമാവത്ത വിധം ചിന്നഭിന്നമായി...!
കയറി പൊട്ടിക്കാമെന്നു കരുതിയാൽ കയറാൻ ആർക്കും പറ്റാത്തവിധം താഴെയൊന്നും ചില്ലകളില്ലാത്ത അഹങ്കാരി മാവ്.
കമുങ്ങിൻ തോട്ടത്തിൽ വളർന്നതിന്റെ വളർത്തു ദോഷം.


രാവിലെ ആളും ബഹളവും കേട്ടു ഭാര്യയുണർന്നു ജനലു തുറന്നു നോക്കി.
ദാമോദരേട്ടന്റെ വീട്ടിൽ നിന്നാണ്. അവിടെ മുറ്റത്തൊരു കാറു നിൽക്കുന്നു മൂന്നാലാളുകൾ ചേർന്നു ദാമോദരേട്ടനെ താങ്ങി കാറിൽ കയറ്റുന്നു.

"നിങ്ങൾ ഒന്നു എണീക്ക് !
ദാമോദരേട്ടനു അസുഖം കൂടിയെന്നാ തോന്നുന്നത്. ആശുപത്രിയിൽ കൊണ്ടു പോകാൻ ആരൊക്കെയോ വന്നിട്ടുണ്ട്. ഒന്നു ചെന്നു നോക്കൂ..!"

സാധാരണ അതിരാവിലെ കിടക്കയിൽ നിന്നെണീപ്പിക്കുന്ന വിശേഷങ്ങളൊക്കെ എനിക്കു പ്രയാസങ്ങളാണ്.
പക്ഷെ ദാമോദരേട്ടനു അസുഖം കൂടിയെന്ന വാർത്ത എന്റെ ഒരു പ്രയാസത്തെയും ഉദ്ദീപിച്ചില്ല, ഞാൻ പിടഞ്ഞെണീറ്റു ഗേറ്റു തുറന്നോടി.

ഞാനെത്തിയപ്പൊഴേക്കു കാറു കണ്ണിൽ നിന്നു മറഞ്ഞിരുന്നു.
ദാമോദരേട്ടന്റെ വീട്ടിൽ പണിക്കു നിൽക്കാൻ പുതുതായി വന്ന പെണ്ണാണു പറഞ്ഞത്.

"ദാമോദരേട്ടനു രാത്രി ശ്വാസത്തിനു തടസ്സം, വലിവ് കൂടി.. ! നേരം വെളുക്കാൻ നിക്കൂന്ന് കരുതീല, തിരോന്തരത്തെ മകൻ വിളിച്ചു പറഞ്ഞാണു ചില കൂട്ടുകാർ കാറുമായി വന്നത്. അങ്ങോട്ടെത്തുമോ എന്നു ഉറപ്പില്ല."
ഡോക്ടർമാരുടെ സമരം ചർച്ച വിജയിച്ചിട്ടില്ല. ഇന്നലെത്തെ ടെലിവിഷൻ ന്യൂസ് അറ്റ് ടൺ ഓർമ്മ വന്നു.
ഞാൻ മാവിന്റെ ഉയർത്തിലേക്കു അറിയാതെ നോക്കി.
പാവം അതിന്റെ ആയുസ്സറ്റുവെന്നു തോന്നി.
ഇന്നു തന്നെ ഖാലിദാജിയുടെ റ്റാറ്റാ സുമോക്കു കച്ചവടം പറയണം എന്നു മനസ്സിലുറപ്പിച്ചു.

ഉച്ചക്കൂണു കഴിച്ചിട്ടാണു ആശുപത്രിയിലെത്തിയത്. അതു വരെ ഒരു ആമ്പുലൻസു വരുമെന്ന ചിന്തയിൽ വടക്കോറത്തേക്കു നോക്കിയിരിക്കയായിരുന്നു. പ്രതീക്ഷയറ്റപ്പോഴാണു നേരെ ആശുപത്രിയിൽ ചെന്നു കയറിയത്, ജനറൽ വാർഡിലാണ്. ആശക്കു പ്രതീക്ഷയില്ലന്നു കൂടെയുണ്ടായിരുന്നയാൾ ഓർമ്മിപ്പിച്ചു. ഖാലിദാജിയുടെ ഫോൺ നമ്പറെന്റെ കയ്യിലില്ലെന്നോർത്തതപ്പോഴാണ്.

പിറകിൽ നിന്നു "കഴിഞ്ഞോന്നു ചോദിച്ചു വന്ന മകളുടെ അമ്മായിയപ്പനോടു ആരോ പറഞ്ഞു ഇല്ല ലേശം മിടിപ്പു ബാക്കിയുണ്ട്. എന്താ ചെയ്യേണ്ടു എന്ന അവരുടെ പിറുപിറുക്കലിനിടയിൽ ആരോ സെക്രട്ടേറിയറ്റിൽ ജോലിയുള്ള മകനെ വിളിച്ചു അനന്തരകാര്യങ്ങൾ തീരുമാനിക്കുന്നതും കേൾക്കവേ ഞാൻ ഇടക്കു കയറിപ്പറഞ്ഞു.
"ദാമോദരേട്ടനു റോഡിനു ചേർന്നു നിർക്കുന്ന മാവു വെട്ടി ദഹിപ്പിക്കണമെന്നായിരുന്നു മോഹം".
ആരും അതൊന്നും ചെവി കേട്ടില്ല.

ദാമോദരേട്ടനെ ഉടനെ ആമ്പുലൻസിൽ തിരുവനന്തപുരത്തേക്കു കൊണ്ടു പോകാത്രേ
ഇവിടന്നു ആരെങ്കിലും രണ്ടാളു വാനിൽ കൂടെ പോകേണ്ടി വരും എന്തെങ്കിലും സംഭവിച്ചാലും അവിടെ ഇലക്ട്രിക് ക്രിമേഷനൊക്കെ ഉള്ളതാണല്ലോ? ഇവിടെ ദഹിപ്പിക്കാനും മറവു ചെയ്യാനും മക്കളാരുമില്ലല്ലോ? ആരോ പറയുന്നതു കേട്ടു..

ദേഷ്യമായിരുന്നു എല്ലാവരോടും,
എന്നിട്ടും അവശനായ ദാമോദരേട്ടനെ ആശുപത്രിയിൽ നിന്നു നേരെ തിരുവന്തപുരത്തേക്കു കൊണ്ട് പോകാൻ ആമ്പുലൻസിൽ കയറ്റുന്നതുവരെ അവിടെ തന്നെ നിന്നിരുന്നു.
എപ്പോഴാണു മടങ്ങിപ്പോന്നതെന്നോർമ്മയില്ല.
മൂത്തമകന്റെ ഒരു ബന്ധു മാത്രം എന്റെ കൂടെ ദാമോദരേട്ടന്റെ വീട്ടിലേക്കു മടങ്ങി വന്നു. ആ പണിക്കാരിയുടെ കണക്കു തീർത്തു അവരേയും പറഞ്ഞു വിട്ടു വീടു പൂട്ടി താക്കോലുമായി പോയി..
അന്നു രാത്രി ഉറക്കം വാരാതെ ഞാൻ ബാൽക്കണിയിൽ ഏറെ നേരമിരുന്നു.
അവിടെയിരുന്നു ഞാൻ മാവിനെ നോക്കി. അതു തലയുയർത്തി തന്നെ നിൽക്കുന്നു. നിലാവിൽ അതിന്റെ ശിഖരങ്ങളിലെ മാങ്ങകൾ വിഷക്കായകളെപ്പോലെ എനിക്കു തോന്നി.
ഒരു മഴുവെടുത്തു അപ്പോൾ തന്നെ വെട്ടി മറിച്ചിടാനുള്ള കലിയുണ്ടായിരുന്നു അപ്പോൾ. അനന്തരഫലമായുണ്ടായേക്കാവുന്ന നിയമക്കുരുക്കുകളെ പറ്റി ചിന്തിച്ചപ്പോൾ തീരാനായ ലീവിനെ പറ്റി പിന്നെ ഓർത്തു.
രഹസ്യമായി മാവു നശിപ്പിക്കണം. എന്താണൊരു മാർഗ്ഗം!!
തലപുകഞ്ഞു.
പെട്ടെന്നാണു തലച്ചോറിൽ എന്തോ മിന്നിയത്. രസതന്ത്രം പഠിച്ചതിന്റെ ഗുണം.
കുറച്ചു മെർക്കുറി കിട്ടണം. മാവിന്റെ തടി തുരന്നു ഒഴിച്ചു കൊടുത്താൽ കുറച്ചു നാളുകൾക്കകം മരം പൂർണ്ണമായി ഉണങ്ങും പിന്നെ ദ്രവിച്ചു വീണു പോയ്ക്കൊള്ളും.

അതിരാവിലെ വീട്ടിലാരോടും പറയാതെയാണു കോഴിക്കോട്ടു പോയത്, മെർക്കുറി കിട്ടുന്ന സ്ഥലം വ്യക്തമായി അറിയാം. ഉച്ചക്കു മുൻപേ സാധനവുമായി മടങ്ങി വന്നു. ആരേയും കാണിക്കാതെ ഒളിച്ചു വെച്ചു.
രാത്രിയാവട്ടെ ഓപ്പറേഷൻ തുടങ്ങാം.
ഒന്നു മോന്തിയാവാൻ ക്ഷമകെട്ടവനെപ്പോലെ തെക്കു വടക്കു നടന്നു.
രാത്രി കള്ളനെപ്പോലെ വെട്ടുകത്തിയും രസക്കുപ്പിയുമായി മാവിനടുത്തേക്കു നടന്നു.
മരത്തിന്റെ താരതമ്യേന സോഫ്റ്റായ ഭാഗത്തു വെട്ടുകത്തിയുടെ മൂർച്ച ഉപയോഗിച്ചാഞ്ഞൊരു വെട്ട്!
മരത്തിൽ തൂങ്ങിക്കിടന്നിരുന്ന നാലഞ്ചു വാവലുകൾ പെട്ടെന്നുണ്ടായ ശാന്തതഭംഗം കാരണം ചിറകു വിടർത്തി പറന്നു പോയി. മെർക്കുറിയുടെ കുപ്പി ഞാൻ ആ മുറിവായിൽ കുറേ നേരം കമഴ്ത്തിപ്പിടിച്ചിരുന്നു ഒറ്റത്തുള്ളിപോലും പുറത്തേക്കൊഴുകാതിരിക്കാൻ ഞാൻ നന്നായി ശ്രമിച്ചു.

പെട്ടെന്നു
തൊട്ടു പുറകെ നനഞ്ഞ മണ്ണിൽ ഒരു മാങ്ങ വീണു. കേടു പാടുകൾ സംഭവിക്കാതെ!.
എനിക്കത്ഭുതമായി. ഇത്രക്കും സേഫായി ഒരു മാങ്ങ ഇതു വരെ ആ മരത്തിൽ നിന്നു വീണു കണ്ടിട്ടില്ല. നിലാവെളിച്ചത്തിൽ അതിന്റെ പഴുപ്പും മഞ്ഞ നിറവും എന്റെ കൊതിയെ ഉണർത്തി. ഞാൻ അതെടുത്തു. ഞെട്ടി മാവിലുരസി ചുണയുരച്ചു കളഞ്ഞു. വായിലേക്കിട്ടു. വായിലൊതുങ്ങാവുന്നത്ര ചെറുപ്പം.തൊലിയെത്ര മാർദ്ദവം! മധൂരം സ്വാദിഷ്ടം!
തൊലി കളയേണ്ടി വന്നില്ല, പൂണ്ടെടുക്കേണ്ടി വന്നില്ല.വായിലിട്ടു കടിച്ച രുചി കുടിച്ചിറക്കിയാൽ മാത്രം മതി.
ഞാനിത്രക്കു രസകരമായ മാങ്ങ തിന്നിട്ടില്ല. എന്തേ ഞാനിതു വരേ അതിനു ശ്രമിക്കാതിരുന്നത്!
മാവിന്റെ മുറിവായിൽ മെർക്കുറി ഒഴിക്കുന്ന കാര്യമൊക്കെ വിസ്മരിച്ചു ഞാൻ ആ മാങ്ങയുടെ അണ്ടി വായിലിട്ടു അതിന്റെ രുചി അവസാനിക്കുന്നതു വരെ സ്വാദിറക്കി, സ്വയം മറന്നു നിന്നു. അണ്ടി ഒരു കുരു തുപ്പിക്കളയുന്നതു പോലെ ദൂരേക്കു വായകൊണ്ടു പീച്ചിക്കളഞ്ഞു.

മാവിൽ നിന്നു മറ്റൊരു മാങ്ങ വീഴുന്നതും കാത്തു പിന്നെ ആ മാവിനു ചുവട്ടിൽ പുലരുന്നതു വരേ ഞാൻ കാത്തിരുന്നു. കൺമുൻപിൽ കോൺക്രീറ്റ് തറയിൽ വീണു ചിതറിയ മാങ്ങകളെ കണ്ടു എനിക്കു കുറ്റബോധം തോന്നി, എന്റെ കയ്യിലിരുന്ന് ആ ഒഴിഞ്ഞ കുപ്പി എന്നെ ശപിക്കുന്നതായി എനിക്കു തോന്നി.
അപ്പോൾ സത്യമായും ആ മാവുണങ്ങരുതേ എന്നു ഞാനാഗ്രഹിച്ചു
77055

ഞായറാഴ്‌ച, ജൂൺ 05, 2011

ഉത്തമ ശിഷ്യന്‍

വിനയന്‍ മാഷു സര്‍വ്വ സമ്മതനായിരുന്നു.
 എം.ടി.തിരക്കഥകളിലെ പഴയ അധ്യാപക നായകനെപ്പോലെ!

മാഷു പഠിപ്പിച്ചവരൊക്കെ ഇന്നു വല്ല്യ നെലക്കായി..
നല്ല നെലക്കായവരെ മാത്രമേ മാഷു എന്നും ഓര്‍ത്തുള്ളൂ,
അവരെ പറ്റിയേ മാഷു മറ്റുള്ളവരോടു പറഞ്ഞുള്ളൂ...

ജീവിതത്തിലെ ചില ആദര്‍ശങ്ങള്‍ അവസാന ശ്വാസം വരെ കൂടെയുണ്ടാവണമെന്ന ലക്ഷ്യമുള്ളയാളായിരുന്നു വിനയന്‍ മാഷ്.
അതിനാല്‍ സ്വകാര്യാവശ്യങ്ങള്‍ക്കു വേണ്ടി ഇതു വരേ ശിഷ്യരെ  സമീപിക്കേണ്ട ആവശ്യം വന്നിട്ടേയില്ല.
വിദ്യഭ്യാസവും ആത്മവിശ്വാസവും ഉള്ള സ്വന്തം മകള്‍ക്കു ജോലി വാങ്ങിച്ചു കൊടുക്കാന്‍ അയാള്‍ ആരുടേയും ശുപാര്‍ശക്കു പോകാതിരുന്നതു അതുകൊണ്ടായിരുന്നു.


സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പോയ മകള്‍ ആദ്യ ദിവസം  തന്നെ ആത്മവിശ്വാസമെല്ലാം നഷ്ടപ്പെട്ടു ഇനി പണിക്കെവിടേയും പോകുന്നില്ലെന്നു പറഞ്ഞു വീട്ടില്‍ മൌനിയായി.
കാര്യമെന്താണെന്നു ചോദിച്ചിട്ടു മാഷിനു മകളില്‍ നിന്നു യാതൊരു മറുപടിയും കിട്ടാത്തപ്പോഴാണു  അകാലത്തിൽ അവളേയും തന്നെയും പിരിഞ്ഞു പോയ സ്ത്രീ സാന്നിദ്ധ്യത്തിന്റെ ആവശ്യകത  മാഷ്ക്ക് മനസ്സിലായത്.

മകൾക്കു അവളൂടെ ഫോണിൽ നാലഞ്ചു പ്രാവശ്യം വിളി വരികയും അവൾ അസ്വസ്ഥയാവുകയം ഭയപ്പെടുകയും അവസാനം ഫോണെടുത്തോഫാക്കി ദൂരേക്കു വലിച്ചെറിയുകയും ചെയ്തപ്പോൾ മാഷു ശരിക്കും പേടിച്ചു.
 ചോദിച്ചതിനൊന്നും മറുപടി പറയാത്ത മകളെ കൂടുതൽ സമ്മർദ്ദത്തിലാക്കാൻ മാഷിനു മനക്കട്ടി ഉണ്ടായിരുന്നില്ല.
മകൾ ജോലിക്കു പോയ സ്ഥാപനത്തെ പറ്റിയും ആ മുതലാളിയെപറ്റിയും ഒന്നു അന്വേഷിക്കാന്‍ ഒന്നു പറയാനായിരുന്നു ആദ്യമായ്  മാഷ് തന്റെ  ശിഷ്യന്‍ പോലീസുദ്യോഗസ്ഥന്‍റെ വീട്ടില്  കാലു കുത്തിയത്.

അവളുടെ തന്നെ  ആ മുതലാളിയുടെ  മറ്റൊരു സ്ഥാപനത്തിനുദ്‍ഘാടന വിളക്കു കൊളുത്തുന്ന പോലീസേമ്മാന്‍റെ ഫോട്ടോ പോര്‍ട്ടിക്കോവിലെ ടീപോയിലിട്ട അന്നത്തെ പത്രത്തില്‍ കണ്ടപ്പോള്‍ അദ്ദേഹത്തെപ്പറ്റി സംശയം പറയുന്നതു ഏമാനിഷ്ടപ്പെട്ടില്ലെങ്കിലോ എന്നു  കരുതിയാണു, ഒന്നും പറയാതെ മാഷാ പടിയിറങ്ങിയത്.

പിന്നെ രാഷ്ട്രീയക്കാരനായ ശിഷ്യന്‍റെ പടിപ്പുരക്കല്‍  ആ ബിസ്‍നസുകാരന്‍റെ വില കൂടിയ കാറു കണ്ടപ്പോള്‍ ആ കവാടം പോലും കടക്കാതെ മാഷു തിരിഞ്ഞു നടന്നു.
നിരാശനായി നടന്നു നീങ്ങിയ മാഷിന്‍റെ വഴിക്കെതിരെയായാണു പരോളിറങ്ങിയ “പന്നി വാസു“വിനെ കണ്ടത്.
കണ്ടാല്‍ എന്നും മുഖതിരിച്ചിരുന്ന,
സ്വഭാവസര്‍ട്ടിഫിക്കറ്റിലെ ചുവന്ന മഷി കൊണ്ടെഴുതിയ,
പെഴച്ചു പോയ ശിഷ്യന്‍ !

കുശലം പറയാന്‍ കൊതിയോടെ വന്ന അവനെക്കടന്നു, ധൃതിയിലോടാന്‍ മാഷിനു മനക്കട്ടി പോരാതെ വന്നു.

“മാഷെ! ഞാന്‍ നന്നായി. ഇപ്പോള്‍ നല്ല നടപ്പിനു പരോളിലിറങ്ങിയതാ...!“
അവന്‍ ലോഗ്യം പറഞ്ഞു.

“മാഷെന്തേ ആകെ തകര്‍ന്നിരിക്കുന്നു?”
അവന്റ്റെ ചോദ്യത്തില്‍ മാഷു ആത്മാര്‍ത്ഥത കണ്ടു.

മാഷവനോടു ആദ്യമായി  സൌമ്യമായി സംസാരിച്ചു, പണ്ടു മുതല്‍ ചെയ്ത തെറ്റു തിരുത്തി. .
നുണ പറയാനറിയാത്ത മാഷു നടന്നതു മുഴുവന്‍ അവനോടോതി.

 യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ  നിഷ്കളങ്കനായ മാഷിനറിയാത്ത  ഒരു കാര്യം വാസുവിനു ഊഹിക്കാനായി.
മാഷിന്റെ നിഷ്കളങ്കത അവനിൽ ചില ബാധ്യതകൾ ഉണ്ടാക്കി.

പിറ്റേന്നു പ്രഭാതത്തില്‍ പത്രത്തിലെ ഒരു വാര്‍ത്ത കണ്ടു മാഷു അറിയാതെ വിളിച്ചു പറഞ്ഞു.


“മോളേ ദേ നിന്റെ  ആ മുതലാളിയെ ആരോ കൊലപ്പെടുത്തിയിരിക്കുന്നത്രേ!.“

“ഈയിടെ പരോളിലിറങ്ങിയ ......!“ എന്നതു വരേ വായിച്ചെത്തിയേയുള്ളൂ അപ്പോഴേക്കും അകത്തു
ഇരുട്ടുമുറിയിൽ കരിമ്പടത്തിലൊളിച്ചിരുന്ന മകൾ  പെട്ടെന്നോടി  വന്നതും ആ പത്രത്താൾ തട്ടിപ്പറിച്ചകത്തേക്കോടിയതും കാരണം ആരാണയാളെ കൊന്നതെന്നും എന്താണു കാരണമെന്നും വായിച്ചു മനസ്സിലാക്കാനായില്ല.

 പക്ഷെ മകളൂടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അയാൾക്കതുഭുതത്തെക്കാൾ സന്തോഷമാണുണ്ടാക്കിയത്. അയാൾക്കതു മതിയായിരുന്നു.

കുറച്ചു നാളുകൾക്കു ശേഷമാണയാൾ അവളുടെ ഈ ചടുലത  കാണുന്നത്.
എന്നിട്ടും അതേപ്പറ്റി കൂടുതലൊന്നും ചിന്തിക്കാൻ മെനക്കെടാതെ അയാൾ  കോടിപതിയായി തെരെഞ്ഞെടുത്ത തന്റെ ഒരു ശിഷ്യന്റെ ഫോട്ടോ പത്രത്തിന്റെ മറ്റേ താളിൽ കണ്ടപ്പോൾ അതിൽ നോക്കി അഭിമാനം കൊണ്ടു.