ശനിയാഴ്‌ച, നവംബർ 11, 2006

എന്നിട്ടും മരുന്നു കുടിക്കുന്ന അസൂയക്കാര്.

ഞാനൊരു ദോഷൈക ദൃക്‌ക്കോ. അരസികനോ അല്ല.
എന്നിട്ടും അംബുജാക്ഷന്‍ അമ്പലക്കാടനെക്കുറിച്ച്‌ ഞാനെന്തിനീ കഥയെഴുതണം.
പലവുരു ആലോചിച്ചു. പക്ഷെ മനസ്സു രാജിയാവുന്നില്ല. എഴുതിയേ മതിയാവൂ. അവനോടെനിക്കു പ്രതികാരം ചെയ്യണം.

ഞങ്ങളുടെ ആയുധം പേനയാണ്‌. ഇതുപയോഗിച്ച്‌ ഞങ്ങള്‍ക്കെന്തും ചെയ്യാം. അതിന്‌ ആവിഷ്ക്കാര സ്വാതന്ത്യമെന്ന അനുമതിപത്രം ഞങ്ങളുടെ കയ്യിലുണ്ട്‌

ശിക്ഷ ലഭിക്കാതെയും സാമ്പത്തിക നഷ്ടമില്ലാതെയും സാമൂഹത്തിന്റെ അംഗികാരത്തോടെ ഒരാളോട്‌ പ്രതികാരം ചെയ്യാനുള്ള സുരക്ഷിതമായ മാര്‍ഗം കഥ, തിരക്കഥ, മിമിക്രി എന്നിവയിലൂടെ അയാളെ തേജോവധം ചെയ്യുക എന്നതാണ്‌.
കഥാപാത്രത്തിന്ന്‌ അയാളുടെ പേരുമായി സാമ്യമുള്ള പേരുകളിട്ടും
നടപ്പും സംഭാഷണ രീതിയും ആകാര വേഷഭൂഷാദികള്‍ അനുകരിച്ചും
ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടാം.
പക്ഷെ കഥാപാത്രങ്ങള്‍ക്കൊന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചു കൊണ്ടിരിക്കുന്നവരോ ആയ ആരുമായി ബന്ധമില്ലന്നു ആദ്യം തന്നെ മുന്‍കൂര്‍ ജാമ്യം എടുക്കണം.
കഥ വായിക്കാനുള്ള ഉത്തേജനത്തിനും ഇതാര്‍ക്കെതിരെയോ പണിഞ്ഞതാണെന്നും ഒരു മുന്‍വിധി വായനക്കാരനുണ്ടാവാന്‍ ഇത്‌ അത്യുത്തമം.

എന്താണ്‌ അവന്‍ ചെയ്ത തെറ്റെന്നു നിങ്ങള്‍ക്കറിയാന്‍ തിടുക്കമുണ്ടാവും
ക്ഷമിക്കൂ ഞാന്‍ ഇത്തിരി പരത്തി പറയട്ടെ. ഇതു എന്റെ ഒരു രീതിയാണ്‌
ഇത്തിരിപ്പോന്ന കാര്യം പോലും ഒത്തിരി പരത്തി പറഞ്ഞ്‌ ആശങ്കയുടെ ബലൂണ്‍ ഊതി വീര്‍പ്പിച്ച്‌ അവസാനം സൂചി കൊണ്ട്‌ ഒരു കുത്ത്‌.
"ഠോ" എന്ന ഒച്ചക്കൊപ്പം നിങ്ങളുടെ സമ്മിശ്രമായ പ്രതികരണങ്ങള്‍ ഞാന്‍ മനക്കണ്ണാല്‍ കാണും. നിങ്ങളുടെ കയ്യെത്താ ദൂരത്തിനപ്പുറത്തായതിനാല്‍ ഞാനിവിടിരുന്ന്‌ സുരക്ഷിതനായി ഉള്ളില്‍ ചിരിക്കും.

അതൊക്കെപ്പോട്ടെഅ നമുക്കു കാര്യത്തിലേക്കു കടക്കാം.
എന്റെ "വെളിച്ചപ്പാട്‌" എന്ന കഥയെ അംബുജാക്ഷന്‍ അമ്പലക്കാടന്‍ നിശിതമായി വിമര്‍ശിച്ചു. സാധാരണ വിമര്‍ശനമായിരുന്നെങ്കില്‍ ക്ഷമിക്കാമായിരുന്നു. ഇതങ്ങനെയല്ല. പൂരത്തെറിയാണത്രേ പറഞ്ഞത്‌. അതും ഒരു പൊതുയോഗത്തില്‍ വെച്ച്‌.
ആ യോഗത്തില്‍ പങ്കെടുത്ത എന്റെ വളരെ അടുത്ത ഒരു സുഹൃത്താണിത്‌ എന്നോടു പറഞ്ഞത്‌.
"കാളിയുടെ കള്ളച്ചിരി" എന്ന പദപ്രയോഗം കൊണ്ട്‌ ആ കഥ അശ്ലീല സാഹിത്യത്തിലേക്കു താഴ്‌ന്നു എന്ന കുറ്റം ചാര്‍ത്തി അവന്‍ പിന്നെ ആ കഥയെക്കുറിച്ച്‌ പറഞ്ഞ തെറിക്കൊന്നും ലിപി ഇല്ലാത്തത്തിനാല്‍ എഴുതി രേഖയാക്കാന്‍ എനിക്കു പറ്റുന്നില്ല്ല.

എനിക്കും ആ യോഗത്തില്‍ ആശംസാ പ്രസംഗത്തിനു ക്ഷണം കിട്ടിയതായിരുന്നു
പക്ഷെ ഉദ്ഘാടനം അംബുജാക്ഷന്‍ അമ്പലക്കാടന്‌ കൊടുത്തപ്പോള്‍ എനിക്കതു കുറച്ചിലാവുമെന്നു തോന്നി.
സംഘാടകരോട്‌ എനിക്കു തിരക്കാണെന്നു പറഞ്ഞൊഴിഞ്ഞു.
ഞാനിവിടെ ടെലഫോണ്‍ വെച്ചിട്ടില്ലന്നു. മനസ്സിലാക്കാതെയോ അതോ മനപ്പൂര്‍വ്വമോ അപ്പുറത്തുള്ള കമ്മറ്റിയംഗം പിറുപിറുക്കുന്നതു കേട്ടു. "ഓ ഒരു മലമറിക്കാനുണ്ടെന്നാ ഭാവം!".

അംബുജാക്ഷന്‍ അമ്പലക്കാടനും ഞാനും ഈ അടുത്തകാലം വരെ വളരെ അടുത്ത കുട്ടുകാരായിരുന്നു.. നിലാവുള്ള രാത്രികളില്‍ കോട്ടക്കുന്നിന്റെ പച്ചപ്പില്‍ മലര്‍ന്നുകിടന്ന്‌ പുലരും വരെ ഗോര്‍ബച്ചേവിന്റെ ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും ചര്‍വ്വിത ചര്‍വ്വണം നടത്തിയവര്‍ സന്ധ്യ മുതല്‍ നട്ടപ്പാതിര വരെ പാര്‍ട്ടി നേതാക്കള്‍ ബിനാമി പേരില്‍ നടത്തുന്ന ബാറുകളില്‍ വിവിധ ബ്രാന്‍ഡുകള്‍ പരീക്ഷിച്ചു രസിച്ചവര്‍.

ഞാന്‍ ഇപ്പോള്‍ വിവാഹിതനും ഇപ്പോഴും ലുബ്ദനുമാണ്‌. എന്നാല്‍ അംബുജാക്ഷന്‍ ഇപ്പോള്‍ ധാരാളിയും ഇപ്പോഴും അവിവാഹിതനും ആണെന്നൊരു വ്യത്യാസം ഞങ്ങള്‍ തമ്മിലുണ്ട്‌.

എന്നു മുതലാണ്‌ ഞങ്ങള്‍ ഈ കള്ളനും പോലീസും കളിയും തുടങ്ങിയെന്നറിയാന്‍ കൗതുകമുണ്ടെങ്കില്‍ പറയാം. ഒരു ചെറുകഥാ ശില്‍പ്പശാല കഴിഞ്ഞ്‌ "ദാറുമുത്തപ്പന്‍" ബാറില്‍ കയറുന്നതു വരെ ഞങ്ങളുടെ സ്നേഹത്തില്‍ യാതൊരു കളങ്കവും ഇല്ലായിരുന്നെന്ന്‌ ഉറപ്പിച്ച്‌ പറയാനെനിക്കാവും. അവിടെ വെച്ചാണ്‌ ഞങ്ങള്‍ ഓക്കസ്‌ട്രാ ടീമിന്റെ തൊട്ടടുത്ത്‌ മധുര സംഗീതം പൊഴിക്കുന്ന ഇടുങ്ങിയ കഴുത്തുള്ള ആ മധുപാത്രം ഒരേ നിമിഷം കണ്ടത്‌. പ്രഥമ ദര്‍ശനം കൊണ്ടു തന്നെ രണ്ടാളെയും ലഹരി കേറ്റീ, ആ ഇടുങ്ങിയ കഴുത്തുള്ള കുപ്പി. അതിലെ രസം തനിച്ചു സ്വന്തമാക്കണമെന്നും വീട്ടിലേക്കു കൊണ്ടുപോയി ഷോക്കേസു പീസാക്കി തനിച്ചു നുകരണമെന്ന സ്വാര്‍ത്ഥത ഒരേ സമയം രണ്ടാള്‍ക്കും തോന്നിയ നിമിഷം മുതല്‍ അംബുജാക്ഷനും ഞാനും അണപ്പല്ലു ശത്രുക്കളായി. സാധാരണ മിക്ക എഴുത്തുകാര്‍ക്കുമുള്ള ഗുണം ദന്ത വ്യക്തിത്വം. അതായത്‌ മുന്‍ വശത്തെ പല്ലുകൊണ്ടു നന്നായ്‌ ചിരിച്ചു കാണിച്ച്‌ അണപ്പല്ലു കൊണ്ട്‌ കടിച്ചു മുറിക്കുന്ന വ്യക്തിത്വം ആ നിമിഷം മുതല്‍ ഞങ്ങളില്‍ ജനിച്ചു..

മുഖത്തോടു മുഖം നോക്കി അണപ്പല്ലു രാകി മൂര്‍ച്ച കൂട്ടുന്നതിനിടെ മൂന്നാമതൊരാള്‍ ആ കുപ്പിയെടുത്ത്‌ തൊട്ടടുത്ത മേശക്കടുത്തേക്കു പോകുന്നത്‌ വിഷണ്ണരായി നോക്കിയിക്കാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ.
അന്നു മുതല്‍ ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചുവെങ്കിലും മാനസികമായി ഏറെ അകന്നു. കൂടുതല്‍ കണ്‍വെട്ടത്തു വന്നുവെങ്കിലും കണ്ടില്ലന്നു നടിച്ചു പക്ഷെ മൂന്നാമതൊരാള്‍ അറിയാത്ത രീതിയിലായിരുന്നു ഇതുവരെ കാര്യങ്ങള്‍ നടന്നത്‌. പക്ഷെ ഇപ്പോള്‍ നാലാളതറിയാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ വിഴുപ്പലക്കല്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും വില്‍പ്പനച്ചരക്കാക്കി പരസ്യക്കമ്പനികളില്‍ നിന്ന്‌ വന്‍തുക പറ്റിയപ്പോള്‍ ഞങ്ങളു രണ്ടാളും വ്യൂവേര്‍സ്‌ റേറ്റിംഗില്‍ വളരെ മുമ്പിലെത്തി.
ഞങ്ങളുടെ പ്രസ്ഥാവനായുദ്ധം നിര്‍ത്താന്‍ സാഹിത്യ സാംസ്ക്കാരിക നായകന്‍മാര്‍ ഇടപെട്ടു.
ഞാന്‍ സമര്‍പ്പിച്ച മാനനഷ്ട കേസു എന്നെ കൊണ്ടു പിന്‍വലിപ്പിച്ചു.
വീണ്ടും തോല്‍വി എനിക്കു തന്നെ.
ഒരു വിജയം എനിക്കനിവാര്യമായിരുന്നു. അതിന്നായി വഴികള്‍ അന്വേഷിച്ച്‌ ഞാന്‍ ഉറക്കം കളഞ്ഞു.
നടന്നും കിടന്നും ചിന്തിച്ചു. പുകച്ചും കുടിച്ചും ആശയം ആലോചിച്ചു.
പഴമയുടെ ഭാണ്‍ധം മുഴുവന്‍ കുടഞ്ഞിട്ടു തപ്പി.

അവസാനം ഓര്‍മ്മയുടെ പാളികള്‍ക്കിടയില്‍ ഏറെ ദ്രവിച്ചു കിടന്നിരുന്ന ഒരു ഭീഷണിക്കത്തും ഒരു മലയാള കര്‍ഷകന്‍ മാസികയും കിട്ടി..

പോമറേനിയന്‍ പട്ടിക്കുട്ടികളെ എങ്ങനെ പരിപാലിക്കാമെന്ന്‌ തുടര്‍ലേഖനമെഴുതിയ ഡോക്ടര്‍ മിസ്‌.കെ.ബി.ആര്‍. ഗാവിക്ക്‌ അംബുജാക്ഷന്റെ കൈപ്പടയില്‍ എഴുതിയ ഭീഷണിക്കത്ത്‌.

ശരാശരി കര്‍ഷകനെ കൃഷിരീതികളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനവും ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരിറക്കുന്ന ഈ മാസികയില്‍ പോമറേനിയന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ഭക്ഷണ,പരിശീലന രീതികളെക്കുറിച്ചും തുടര്‍ലേഖനമെഴുതുകയായിരുന്ന മിസ്‌. കെ. ബി. ആര്‍. ഗാവി ഡോക്ടര്‍ക്ക,്‌ പത്രാധിപര്‍ വഴി എഴുതിയ കത്താണ്‌ അംബുജാക്ഷനൊരു പാര പണിയാന്‍ എനിക്കു കിട്ടിയിരിക്കുന്നത്‌. നക്സലേറ്റ്‌ ചുവയിലാണ്‌ കത്തെഴുതിയിരിക്കുന്നത്‌.
തൊഴിലില്ലാത്ത ലക്ഷങ്ങള്‍ കനിവിനായി തൊഴില്‍ദായകനു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുമ്പോഴും, പതിനായിരങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനായി ആര്‍ത്തിയൂടെ ആണ്ടവനെ അകം പൂണ്ടിരിക്കുമ്പോഴും, പോമേറിയന്‌ മൂന്നു നേരം ചിക്കന്‍ സൂപ്പ്‌ കൊടുത്താലേ ഫ്രണ്ടിലിയാവൂ എന്നെഴുതാന്‍ പാവപ്പെട്ടവന്റെ നികുതിപ്പണം തന്നെ വേണോ മലയാളമദാമേ നിനക്ക്‌?.
"ലേഖനം അടുത്തലക്കത്തില്‍ തുടര്‍ന്നാല്‍ മരണം ഉറപ്പ്‌.
യുവശക്തി".
കത്ത്‌ കിട്ടിയ പിറ്റേ ലക്കം മലയാളകര്‍ഷകനില്‍ ഒരു പെട്ടിക്കോളം വാര്‍ത്തയില്‍ തുടര്‍ലേഖനം ചില സാങ്കേതികമായ കാരണങ്ങളാല്‍ നിര്‍ത്തിയെന്നും വായനക്കാര്‍ ക്ഷമിക്കണമെന്നും ഡോക്ടര്‍ മിസ്‌.കെ.ബി.ആര്‍. ഗാവി യുടെ ക്ഷമാപണം ഉണ്ടായിരുന്നു.

പ്രസിദ്ധീകരിച്ചതിനാണോ അതോ നിര്‍ത്തേണ്ടി വന്നതിനാണോ ക്ഷമാപണം നടത്തിയതെന്നാ കൂത്തിച്ചി വ്യക്തമാക്കിയില്ലല്ലോ എന്നു പറഞ്ഞ്‌ അരിശത്തോടെ കുപ്പിയിയിലെ അവസാനത്തെ ദ്രാവകവും അണ്ണാക്കിലേക്കു നേരിട്ടൊഴിച്ച്‌ പാറക്കെട്ടുകള്‍ക്കിടയിലേക്കു വലിച്ചെറിഞ്ഞ കുപ്പി പെട്ടിത്തകരുന്ന ഒച്ച കേട്ട്‌ തൃപ്തനായി അംബുജാക്ഷന്‍ പനമ്പറ്റക്കടവിലെ പഞ്ചാരമണലിലേക്കു മറിഞ്ഞു വീണതോര്‍മ്മ വന്നു.

ഇതുമതി. ഇതുമാത്രം മതി. ഇതുവെച്ചു ഞാനൊരു കളി കളിക്കും
അംബുജാക്ഷനെ ഒറ്റു കൊടുക്കണം ഡോക്ടര്‍ മിസ്‌.കെ.ബി.ആര്‍. ഗാവി ഈ അപമാനം ഒരിക്കലും മറക്കാന്‍ വഴിയില്ല. അവരെക്കൊണ്ടു തന്നെ പക തീര്‍പ്പിക്കണം. അവരുടെ ഓപ്പറേഷന്‍ ടേബിളില്‍ അംബുജാക്ഷനെ അര്‍ദ്ധ നഗ്നനായി കിടത്തി ബ്ലേഡിനു പകരം ഒരു മലപ്പുറം കത്തി പിടിപ്പിച്ച്‌ ചില്ലുജാലകത്തിലൂടെ ഞാനവിടെ നടക്കുന്നതാസ്വദിക്കും. ഞാന്‍ സ്വപ്നങ്ങളുടെ ലോകത്ത്‌ പാറി നടക്കുകയാണ്‌.

അവരുടെ ഇപ്പോഴത്തെ അഡ്രസു കിട്ടാന്‍ ഒരു പാടു ബുദ്ധിമുട്ടി. ജയിലിന്റേതു പോലുള്ള മതില്‍ കെട്ടും അതില്‍ കൊട്ടാരം പോലുള്ള വീടും അവരുടെ സ്വകാര്യ പ്രാക്ടീസു വഴി നേടിയതാണെല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കു അസൂയ കലശലായി.

.അകത്തു കടക്കാന്‍ അനുവാദം കിട്ടാന്‍ ഒരുപാട്‌ വൈകി. രോഗിയല്ലെന്നും ചികില്‍സക്കു വന്നതല്ലന്നും കാവല്‍ക്കാരി ഒരു അണ്ണാച്ചിപ്പെണ്ണ്‌ അകത്തുചെന്നു പറഞ്ഞപ്പോള്‍ കൊച്ചമ്മ പുറത്തു വന്നു. വ്യായാമം ചെയ്യുന്ന ഉടലും സ്‌ലീവ്‌ലസും ഷോള്‍ഡര്‍കട്ടു ചെയ്ത മുടിയും അമ്പതുവയസുള്ള അവരെ മുപ്പതുകാരിയാക്കിയിരിക്കുന്നു. ഡോക്ടര്‍ ഇപ്പോഴും തനിച്ചാണ്‌ പ്രാക്ടീസിംഗൊക്കെ നിര്‍ത്തിയിട്ടുണ്ട്‌. അടുക്കളക്കാരിയും ഒരു അണ്ണാച്ചിപ്പെണ്ണും മാത്രം കൂട്ടിനുണ്ട്‌.
വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലന്ന്‌ ഗേറ്റിലെ ബോര്‍ഡു വായിച്ചപ്പോള്‍ മനസിലായി. ഇപ്പോഴും മിസ്‌.കെ.ബി.ആര്‍. ഗാവി എന്നു തന്നെ വല്ല കൊച്ചു ഭാര്‍ഗവി എന്നോ മറ്റോ ആയിരിക്കും തന്തേം തള്ളേം ഇട്ട പേര്‌.
പത്തുപതിനാറു കൊല്ലം മുമ്പ്‌ മലയാള കര്‍ഷകനിലെഴുതിയ ലേഖനവും അതിനെതിരെ ലഭിച്ച ഭീഷണിയും ലേഖനം പാതിവഴിക്ക്‌ നിര്‍ത്തിവെക്കേണ്ടി വന്നതും ഒന്നും അവരപ്പോള്‍ ഓര്‍ക്കുന്നേയില്ല.
അവരൊരു വികാരവും പ്രകടിപ്പിക്കാതെ കേട്ടിരുന്നു.
എനിക്കു വല്ലാത്ത ദേഷ്യം വന്നു. ഞാനീ പാടുപെട്ടതൊക്കെ വെറുതെയായെന്നു തോന്നി. നിരാശനായി തിരിച്ചു പോരാന്‍ നേരം അവരെ ശുണ്ഠി പിടിപ്പിക്കാന്‍ വേണ്ടി മാത്രം ചോദിച്ചു. അല്ല, ഈ വീട്ടില്‍ ആണുങ്ങളൊന്നുമില്ലേ?.
മാഡം ഇപ്പോള്‍ പോമറേനിയനുകളെ വളര്‍ത്താറില്ലേ?.

അവരുടെ ഭാവമാറ്റം പെട്ടന്നായിരുന്നു.

കോപം കൊണ്ട്‌ കത്തിയ കണ്ണുകള്‍ക്കു ആറ്റംബോംബിന്റെ സംഹാരശേഷി. പാഞ്ഞു വന്ന അവര്‍ തീരേ പ്രതീക്ഷിക്കാതെ നിന്ന എന്റെ കരണക്കുറ്റി നോക്കി ഒറ്റയടി. കണ്ണിലൂടെ പൊന്നീച്ച പാറി.
എന്നെപ്പറ്റി പലരും പലതും പറഞ്ഞിട്ടുണ്ടെന്നറിയാം. പക്ഷെ എന്റെ കാതു കൊണ്ട്‌ ഞാനതു വരെ അതു കേട്ടിട്ടില്ല.
യു മെ ഗറ്റ്‌ ഔ ഓഫ്‌ ഫ്രം മൈ ഹൗസ്‌.

ചുണയുണ്ടങ്കില്‍ എന്നോടു ചെയ്തതു പോലൊന്ന്‌ അംബുജാക്ഷനോട്‌ ചെയ്തു നോക്ക്‌ അപ്പോള്‍ കാണാം?.
ഞാന്‍ അവരെ വാശി കേറ്റി കവിളും തടവി തിരിച്ചു പോന്നു.

വണ്ടിക്കൂലിയും പഴയ മലയാളകര്‍ഷകന്റെ കോപ്പിയും കൊടുത്ത്‌ ഡോക്ടറുടെ പുതിയ വീട്‌ കണ്ടു പിടിക്കാന്‍ പരമേശ്വന്‌ കള്ളുവാങ്ങിച്ചു കൊടുത്തത്‌ നഷ്ടം എന്നാലോചിച്ച്‌ ഒരു ലാര്‍ജു കൂടി അകത്താക്കിട്ടേ എനിക്കന്നു ഉറക്കം വന്നുള്ളൂ.

അംബുജാക്ഷന്‍ ഇതിനകം പിടിപ്പതു കാശു കിട്ടുന്ന രചനകളിലേക്കു തിരിഞ്ഞിരുന്നു. ടെലിസീരിയലുകളുടെ തിരക്കഥയെഴുത്തും ചില്ലറ അഭിനയവുമായി അയാള്‍ ആസ്വാദക ലോകത്തിന്ന്‌ സുപരിചിതനായി. റേറ്റിംഗ്‌ കുറഞ്ഞ ഒരു മെഗായുടെ കഥ കൊഴുപ്പിച്ച്‌ എപ്പിസോഡുകള്‍ നീട്ടാനാണ്‌ ഒരു സംവിധായകന്‍ ആ സീരിയലിലഭിനയിച്ചു കൊണ്ടിരിക്കുന്ന പുതുമുഖ നടിയേയും കൂട്ടി അംബുജാക്ഷന്റെ താമസ സ്ഥലത്തെത്തിയത്‌.

ഏറ്റെടുത്ത ജോലിയില്‍ അംബുജാക്ഷന്‍ വിജയിക്കുകയും ആ ഫീല്‍ഡ്‌ അവന്ന്‌ വല്ലാതങ്ങ്‌ ഇഷ്ടപ്പെടുകയും ചെയ്തു.

ഞാന്‍ തോല്‍ക്കാന്‍ അപ്പോഴും തയ്യാറായില്ല. വേറെ ചതിക്കുഴികള്‍ പണിയാന്‍ തിടുക്കപ്പെട്ടു.
ഒളിപ്പോരു നിര്‍ത്തിയില്ല. പക്ഷെ ഒന്നും അംബുജാക്ഷന്‌ ഏല്‍ക്കുന്നില്ല മാത്രമല്ല ഓരോന്നും എനിക്കു കൂടുതല്‍ ക്ഷതമുണ്ടാക്കുകയുമാണ്‌.

അവന്റെ രചനകള്‍ ഞാന്‍ കൊത്തിക്കീറി പരിശോധിച്ചു. സാംസ്കാരിക കേരളത്തെ ഇളക്കിവിടാന്‍ സഹായിക്കുന്ന ഒരു വരിയോ എന്തിന്ന്‌ ഒരു വാക്കെങ്കിലും കിട്ടാതെ ഞാന്‍ അസ്വസ്ഥനായി.
അവനെക്കാളുമൊരുപടി മുകളിലേക്കു കയറാന്‍ ഒരു വിദേശ അവാര്‍ഡു സംഘടിപ്പിക്കണമെന്നു തോന്നി. ലീവിലെത്തിയ പ്രവാസി സാഹിത്യ സംഘത്തിന്റെ തലവനെ വേണ്ട പോലൊന്നു സല്‍ക്കരിക്കാന്‍ പ്രസ്തുത സീരിയല്‍ സംവിധായകന്റെ സഹായം തേടിയപ്പോഴായിരുന്നു അംബുജാക്ഷന്‍ അമ്പലക്കാടന്റെ ടെലിസീരിയല്‍ രംഗത്തെ സ്വാധീനം മനസിലായത്‌.
കൂടുതല്‍ നാറാതെ തലയൂരി ഇല്ലങ്കില്‍ പലവട്ടം മൊഴിമാറ്റാന്‍ ആ നടിക്ക്‌ വന്‍ തുക കൊടുക്കേണ്ടി വന്നേനെ.
അവസാന ശ്രമമെന്ന പേരിലാണ്‌ ഡോക്ടറടെ പേരില്‍ അംബുജാക്ഷന്‍ അമ്പലക്കാടന്‌ ഒരു കള്ളകത്തയച്ചത്‌. കാണാനാഗ്രഹമുണ്ടെന്നു കാണിച്ചു. വീടും വിലാസവും വിശദമായി എഴുതിയ കത്ത്‌ മുഖേന അംബുജാക്ഷനെ എങ്ങനെയെങ്കിലും ഡോക്ടര്‍ ഗാവിയുടെ ചുറ്റുമതിലിനകത്ത്‌ കുടുക്കികിട്ടിയാല്‍ ഞാന്‍ പെട്ടപാടിനൊക്കെ ഫലമുണ്ടാകുമെന്ന്‌ എനിക്കുറപ്പായിരുന്നു. അറിയാതെ ഞാന്‍ എന്റെ കവിളത്ത്‌ തടവിപ്പോയി.

അംബുജാക്ഷനെ പിന്നെ കുറേ കാലത്തേക്കു കണ്ടില്ല. മീറ്റിംഗുകളിലും ബാറിലും മാത്രമല്ല അയാളുടെ താമസ സ്ഥലത്തുപോലും അയാളെ കണ്ടില്ല. ഡോക്ടര്‍ ഗാവി കൊന്ന്‌ കഷ്ണങ്ങളാക്കി ബാഗിലാക്കി വയനാടു ചുരത്തിലെങ്ങാനും കൊണ്ടു പോയി കളഞ്ഞോ? സംശയം തോന്നി.

പിന്നീട്‌ പെട്ടന്നൊരു ദിവസം അംബുജാക്ഷനെ ഞാന്‍ കണ്ടത്‌ ഇറക്കുമതി ചെയ്ത പുതിയ ഒരു നിസാന്‍ പട്രേള്‍ ജീപ്പ്പിലായിരുന്നു. ഇത്‌ എനിക്കു സഹിക്കാന്‍ കഴിയുന്നതിന്റെ വളരെ അപ്പുറത്തായിരുന്നു. നമ്പര്‍ എഴുതിയെടുത്ത്‌ ആര്‍.ടി.ഒ. ഓഫീസിലെ പ്ല്യൂണ്‍ ശേഖരനെ കൊണ്ട്‌ പരിശോധിപ്പിച്ചപ്പോഴാണ്‌ മനസ്സിലായത്‌ അത്‌ ഡോക്ടര്‍ ഗാവിയുടെ പേരിലുള്ള വണ്ടിയാണെന്ന്‌. മാത്രമല്ല അംബുജാക്ഷന്റെ പുതിയ രണ്ടു മെഗാസീരിയലുകള്‍ക്കു പണം ഇറക്കുന്നതു ഡോക്ടറാണത്രേ.
അന്നു ബാറില്‍ നിന്ന്‌ എപ്പോഴാണ്‌ തിരിച്ചതെന്ന്‌ ഓര്‍മ്മയില്ല. രാവിലെ ഓട്ടോ റിക്ഷയുടെ പൈസ വാങ്ങാന്‍ ബാറിനു മുമ്പില്‍ പാക്കു വില്‍ക്കുന്ന സുലൈമാന്‍ വാതില്‍ മുട്ടിയപ്പോഴാണ്‌ തലേ രാത്രിയിലെ കൂടണയലിന്റെ എകദേശ രൂപം കിട്ടിയത്‌.
സുലൈമാന്റെ മുഖത്തേക്കു നോക്കാതെ പൈസ കൊടുത്തു. അവനെന്തോ പിറുപിറുത്തു നടന്നു പോയി.
അവന്റെ ഇതുപോലൊരു മുഖം മുമ്പു കണ്ടിട്ടില്ല. ബാറിന്നിറങ്ങുമ്പോള്‍ പാക്കിനോടപ്പം ആദരവുള്ള ചിരിയും തരുന്ന മുഖമേ ഇന്നുവരെ ഓര്‍മ്മയുള്ളൂ
ഭാര്യയും മക്കളും രണ്ടുകൊല്ലം മുമ്പേ അക്കൗണ്ടും ക്ലോസുചെയ്തു പോയതിനാല്‍ ഈയിടെ ബാറില്‍ നിന്നുള്ള തിരിച്ചു വരവ്‌ ഏതു കോലത്തിലാണെന്ന്‌ ഓര്‍മ്മപ്പെടുത്താന്‍ അരുമില്ലാതായിരിക്കുന്നു..

തിരിച്ച്‌ വീട്ടിലേക്കു കയറുന്ന വഴി തറയില്‍ കിടക്കുന്ന വര്‍ത്തമാന പത്രം കുനിഞ്ഞെടുത്തു. പാതി നനഞ്ഞിരിക്കുന്നു. പത്രമിടുന്ന പയ്യനോട്‌ പലവട്ടം ഇത്‌ അകത്തിടണമെന്ന്‌ പറഞ്ഞതാണ്‌. വരട്ടെ അടുത്തമാസം പത്രം വേണ്ടന്ന്‌ പറഞ്ഞ്‌ പേടിപ്പിക്കണം.

പത്രത്തിലെ മുന്‍ പേജിലെ പെട്ടിക്കോളം വാര്‍ത്തയില്‍ പെട്ടന്ന്‌ കണ്ണുടക്കി. ഒരു വിവാഹ വാര്‍ത്ത. പ്രസിദ്ധ എഴുത്തുകാരന്‍ അംബുജാക്ഷന്‍ അമ്പലക്കാടനും മെഗാസീരിയല്‍ നിര്‍മ്മാതാവ്‌ ഡോക്ടര്‍ ഗാവിയും വിവാഹിതരായി കൂടെ ഫോട്ടോയും ഉണ്ട്‌. എനിക്കു തലകറങ്ങുന്നു.
കിടക്കയിലെത്തിയോ എന്നറിയില്ല.
ഒരു വലിയ ഒച്ച കേട്ടതോര്‍മ്മയുണ്ട്‌. പിന്നെയൊന്നും ഓര്‍മ്മയില്ല.http://tkkareem.blogspot.com/

7 അഭിപ്രായ(ങ്ങള്‍):

 1. കരീം മാഷ്‌ പറഞ്ഞു...

  കഥാപാത്രങ്ങള്‍ക്കൊന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചു കൊണ്ടിരിക്കുന്നവരോ ആയ ആരുമായി ബന്ധമില്ലന്നു ആദ്യം തന്നെ മുന്‍കൂര്‍ ജാമ്യം

 2. അജ്ഞാതന്‍ പറഞ്ഞു...

  Ithu thudarkathayano mashey ???

  -- A

 3. അജ്ഞാതന്‍ പറഞ്ഞു...

  കരീം മാഷേ, ഈ നീണ്ട കഥ കഷ്ടപ്പെട്ട് വായിച്ചു.‘ആക്ഷേപം'നന്നായി വഴങ്ങുന്നുണ്ടല്ലോ... ആത്മാംശം കഥയിലുണ്ടോ...?നന്നായിട്ടുണ്ട്.പക്ഷേ ക്ലൈമാക്സ് ഞാന്‍ പ്രതീക്ഷിച്ച പോലെ തന്നെ.

 4. sandoz പറഞ്ഞു...

  പരദൂഷണം,പരദൂഷണം
  മാഷേ കൊള്ളാം

 5. തണുപ്പന്‍ പറഞ്ഞു...

  കരീം മാഷേ, നന്നായിട്ടുണ്ട്. പ്രമേയത്തെ വളരെ പക്വമായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു.

 6. അജ്ഞാതന്‍ പറഞ്ഞു...

  Maashey..
  Nannaaayirikkunnu. ithu varey paranjathil ninnum vyathyasthaaaya oru katha.. kollaam

  Nousher.

 7. അജ്ഞാതന്‍ പറഞ്ഞു...

  കരീം മാഷേ,
  ഈ കഥ കരീം മാഷിന്റെ സാധാരണ ഗ്രാമീണ കഥകളില്‍ നിന്ന് ഭയങ്കര വ്യത്യാസം. ഇത് വളരെ വളരെ നന്നായിരിക്കുന്നു.

  എനിക്കാ ദന്തവ്യക്തിത്വം ഇഷ്ടപ്പെട്ടു.ഹഹ :)