വ്യാഴാഴ്‌ച, ജനുവരി 31, 2019

സെൻറോഫ്


സെൻറോഫ്
(കഥ)
അയാൾ നിസ്സാൻറെ ബാക്ക് ഡോർ തുറന്നു ഫോൾഡിംഗ് വീൽചെയർ മുറ്റത്തേക്കിറക്കി.  ആ വൃദ്ധസദനത്തിലെ  വാച്ച്മാനും അയാളെ  സഹായിച്ചു.
കാലങ്ങളോളം  കട്ടിലിൽ തന്നെ കിടപ്പായ തൻറെ ടീച്ചറെ തേടി കെയർടേക്കർ വിരൽ ചൂണ്ടിയിടത്തു വരേ  അയാൾ വീൽ ചെയർ ഉരുട്ടി.
വിടർന്ന വിസ്മയത്തോടെ തൻറെ മുഖത്തേക്കു നോക്കുന്ന വൃദ്ധ നേത്രത്തോടയാൾ പറഞ്ഞു
ഞാൻ  ശിഷ്യനാണു ടീച്ചർ.
ഏതോ സെലിബ്രറ്റി ഈ വൃദ്ധസദനം സന്ദർശിച്ചത് ടെലികാസ്റ്റ് ചെയ്ത ടി.വി. പ്രോഗ്രാമിൽ ടീച്ചറെ ഒരു നോട്ടം കണ്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി. അന്നു മുതൽ  ലീവു കിട്ടി നാട്ടിൽ വരാൻ കാത്തിരിക്കുകയായിരുന്നു.

  ടീച്ചറെ   വാരിയെടുത്തു  അയാൾ വീൽചെയറിലിരുത്തി.  ഒരു ഭാഗം കടലും മറുഭാഗം പൂന്തോട്ടവുമുള്ള വീഥിയിലൂടെ അയാൾ ടീച്ചറെ പതുക്കെ ചെയറിലുരുട്ടി നടന്നു.
കാലങ്ങൾക്കു ശേഷമാണ് ടീച്ചർ കടലു കാണുന്നത്.
ടീച്ചർ ഓർമ്മകളെ വളരെ പണിപ്പെട്ടു പിറകോട്ടു മറിച്ചു.
ഓർമ്മയിലൊന്നും രൂപപ്പെട്ടു വരാത്ത ഈ തുടു തുടുത്ത  ചെറുപ്പക്കാരൻറെ കുഞ്ഞു മുഖം?, അവസാനം തോൽവിയേറ്റു പറഞ്ഞു ടീച്ചർ  ചോദിച്ചു.
മോൻ ആരാണ്.?
കോൺട്രാക്ടർ അശോകൻ മുതലാളിയുടെ മകൻ രാഹുൽ?
അല്ല.
മുൻസിപ്പൽ കൗൺസിലർ മാത്യുവിൻറെ മോൻ?
അല്ല.
ഡോക്ടർ ഫൗസിയയുടെ മോൻ?
അല്ല...
പിന്നെ ആരാണ്? ഒരു സൂചന തരൂ ഞാൻ ഓർത്തെടുക്കാം..!!
മോൻ ഏതു വർഷത്തെ എൻറെ ബാച്ചിലായിരുന്നു പഠിച്ചിരുന്നത്? അതു പറഞ്ഞു തന്നാൽ ഞാൻ പറയാം.എൻറെ കയ്യിൽ എല്ലാ വർഷത്തേയും ഗ്രൂപ്പ് ഫോട്ടോയുണ്ട്. അതിൽ നോക്കി ഞാൻ മോൻറെ പേരു പറയാം എനിക്കെല്ലാരെയും ഓർമ്മയുണ്ട്. വർഷം  മറന്നു പോയി. കാലേ തളർന്നുള്ളൂ...ഓർമ്മ തളർന്നിട്ടില്ല.
അതല്ലേ ടീച്ചറെ തേടി ഞാൻ വന്നത്.
പക്ഷെ   ഗ്രൂപ്പ് ഫോട്ടോയിൽ ഞാനില്ല. ടീച്ചറേ..!
സെൻറോഫിനും ഫോട്ടോയെടുപ്പിനും കാശു തരാത്തവർ നാളെ ഫംഗ്ഷനു വരേണ്ടതില്ലന്നു തലേന്നു ക്ലാസ്സിൽ നോട്ടീസു വായിച്ചിരുന്നു. എങ്കിലും പുസ്തകമില്ലാത്തതിന്നു എന്നും ക്ലാസ്സിൽ നിന്നു പുറത്താക്കിയിരുന്ന, എന്നും വൈകി വന്നിരുന്ന, സ്വൈര്യക്കേടായിരുന്ന ഒരു വൃത്തികെട്ട ചെക്കനെ ഫോട്ടോ കാണാതെയും  ചിലപ്പോൾ ടീച്ചർക്കു  ഓർമ്മ കാണും.