ശനിയാഴ്‌ച, ജൂലൈ 03, 2021

തച്ചന്റെ കൊച്ചുമോൻ

മതിലിനപ്പുറത്ത്  റോഡിൽ  ഒരു ചെറുപ്പക്കാരൻ.  ഇങ്ങോട്ട് വാതിൽക്കലേക്കാണ് നോട്ടം.  അനുഷ്ക പാതി തുറന്ന ജനലിന്റെ വെർട്ടിക്കൽ ബ്ലിന്റ് കർട്ടണിലൂടെ ആ കാഴ്ച കണ്ടു.  എന്തോ വശപ്പിശക് ഉണ്ട്. ഇങ്ങോട്ടേക്ക് വരാനാണെങ്കിൽ തുറന്നിട്ട ഗേറ്റിലൂടെ അയാൾക്ക് കടന്നുവരാം. 
ഇതിലെ റോഡിലൂടെ കാൽനടക്കാരൊന്നും ഉണ്ടാവാറില്ല. റോഡിന് ഒരു കാർ കടന്നുപോകാനുള്ള വീതിയേ ഉള്ളൂ. .  ഇങ്ങോട്ടുള്ള മൂന്നാലു വീടുകളിലേക്കുള്ള കാറുകൾ മാത്രം. ഈ കോവിഡ് കാലത്ത് അത് തന്നെ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ
"അച്ഛാ.. പുറത്ത് റോഡിൽ നിന്ന് ഒരാൾ ഇങ്ങോട്ടേക്ക് തന്നെ നോക്കിനിൽക്കുന്നു".
അവസാനമവൾ അച്ഛനെയറിയിച്ചു. 
"നീ ഇങ്ങകത്തേക്ക് കേറി പോരെടി"
അമ്മ വഴക്ക് പറഞ്ഞു.
"ഈ അമ്മയ്ക്ക് എന്തറിയാം? ഞാൻ അകത്തു തന്നെയാണ്"
അനുഷ്കക്ക് ദേഷ്യം വന്നു. 
അച്ഛൻ വന്നു പുറത്തേക്കുള്ള വാതിൽ തുറന്നു. തുറിച്ചു നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ടു. അവനു ജാള്യം  തോന്നി,  തല പെട്ടെന്ന് തിരിച്ച്  മുന്നോട്ടു നടക്കാൻ തുടങ്ങി. 
"ഹേയ് പോകാൻ വരട്ടെ...!  ഒന്ന് നിന്നേ...!"
അച്ഛൻ പെട്ടെന്ന് ചെരിപ്പിട്ട് മുറ്റത്തേക്ക് ചാടിയിറങ്ങി. കർട്ടൺ നന്നായി വകഞ്ഞ് അനുഷ്കയും ആ രംഗം വീക്ഷിച്ചു.
ചെറുപ്പക്കാരൻ ഓടാൻ ശ്രമിച്ചു, തോൽവി മണത്തു  പിന്നെ അവിടെത്തന്നെ നിന്നു. 
അച്ഛൻ മദ്രാസ് റെജിമെൻറിൽ നിന്ന്  വിരമിച്ചപ്പോൾ നാട്ടിലേക്ക് കൊണ്ടുവന്ന മസിലുകൾ അയാളെ ഭയപ്പെടുത്തിയെന്നു തോന്നുന്നു. 
"എന്താ ഇവിടെ ചുറ്റിത്തിരിയുന്നു?"
അച്ഛൻറെ പരുപരുത്ത പട്ടാള സ്വരം.!

"ഒന്നുമില്ല ക്ഷമിക്കണം സാർ,
ഞാൻ ഇതുവഴി പോയപ്പോൾ ഒന്ന് നോക്കിയതാണ്"
അവന്റെ  വിനീത വിധേയ മറുപടി.
"ഒന്നുമില്ലാതെ, പ്രായമായ പെൺകുട്ടിയുള്ള  വീട്ടിലേക്ക് തുറിച്ചു നോക്കി താൻ എന്തുണ്ടാക്കാനാണ്?"
അച്ഛനിലെ  മണ്ണും പെണ്ണും കാക്കുന്ന പട്ടാളക്കാരൻ ഉണർന്നു. 
" പെൺകുട്ടിയോ?  ഞാനൊന്നും കണ്ടില്ല സാർ...!"
അവൻ ദയനീയമായി പറഞ്ഞു.
'പിന്നെന്താണ് താൻ വീട്ടിലേക്ക് തുറിച്ചു  നോക്കിക്കൊണ്ടു നിന്നത്?"
അച്ഛൻ കോർട്ട് മാർഷൽ ആരംഭിച്ചു.
"ഞാൻ ആ വാതിലിലെ കൊത്തുപണി നോക്കിയതാണ് സാർ. എൻറെ വല്യച്ഛൻ ചെയ്തിരുന്ന അതേ കൊത്തുപണി. ഏഴു തരം മരമുപയോഗിച്ച്, വല്യച്ഛന് മാത്രം സാധിക്കുന്ന കൈപ്പണി. പക്ഷേ എൻറെ വല്യച്ഛൻ മരിച്ചിട്ട് ഇരുപത്  വർഷമായി. പക്ഷേ രണ്ടുവർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഈ വീടിന് എന്റെ വല്യച്ഛൻ പണിത വാതിലോ? അതെങ്ങനെ സാധിക്കും എന്ന അത്ഭുതത്തിൽ വാപൊളിച്ചു നിന്നതാണ് സാർ.
"നീ പഞ്ഞു ആശാരിയുടെ പേരമകൻ ആണോ?"
അച്ഛൻ  എത്ര പെട്ടെന്നാണ് പട്ടാളക്കാരനിൽ നിന്നു  പാവം ഒരച്ഛനായി ആയി  മയപ്പെട്ടത്!
അനുഷ്ക അത്ഭുതപ്പെട്ടു.
"അതെ ഞാൻ പഞ്ഞുവാശാരിയുടെ പേരക്കുട്ടി"
അവൻ ആശ്വാസത്തോടെ പറഞ്ഞു.

" ഇത് വല്യച്ഛൻ പണിത വാതിൽ തന്നെ. എന്റെ തറവാട് പൊളിച്ചു വിൽക്കുന്നതിനു മുമ്പ്  ഞാൻ ഈ വാതിൽ അവിടന്ന് ഇളക്കിയെടുത്ത് എൻറെ ഈ വീടിന് വെച്ചു. "

"സാർ, ഞാനതിലൊന്നു തൊടട്ടേയോ?"
അവൻ വിനീതനായി ചോദിച്ചു.
"അതിനെന്താ കേറി തൊട്ടോളു.
ഒരു കോവിലിലേക്ക് കേറുന്ന ബഹുമാനത്തോടെ ഭക്തിയോടെ ചെരിപ്പ് അഴിച്ചു വെച്ചവൻ  വാതിലിനടുത്തേയ്ക്ക് നടന്നു. ഭക്തിപൂർവ്വം  അതിലെ സരസ്വതിയുടെ തറയിൽ തൊട്ട പാദത്തിൽ തൊട്ട്  വണങ്ങി. വീണയുടെ കൊത്തു പണികളുടെ, നിമ്ന്നോന്നതികളിലൂലൂടെ വിരലോടിച്ചപ്പോൾ അതിലെ കമ്പികൾ  മീട്ടുന്നതായും സപ്തസ്വരങ്ങളുടെ സംഗീതം പൊഴിക്കുന്നതായും അവർക്കു തോന്നി. 
ദേവിയെ ആണോ ദേവിയെ കടഞ്ഞെടുത്ത തച്ചനെയാണോ അവൻ വണങ്ങുന്നതെന്നു തീർച്ചയില്ലാതെ,അറിയാതെ അനുഷ്കയും അച്ഛനും   കൈകൾ കൂപ്പി അവനു പിറകിൽ നിന്നു.
#കഥ
#കരീംമാഷ്