തിങ്കളാഴ്‌ച, മേയ് 02, 2022

നല്ല പെണ്ണത്തമുള്ള പെണ്ണ്.

എന്റെ വീടിനു പിന്നിലൂടെ കുറച്ചു ദൂരം പോയാൽ ഒരു പുഴക്കടവുണ്ട്. അതു കടന്നാൽ വേറൊരു ദേശമായി. അവിടെ  നടന്ന കഥകളുടെ  സീരീസ്  ആണ്. അറുപതു വർഷം മുൻപു തുടങ്ങി വെച്ച  കഥയാണ്. ഏകദേശം  1960 കളിൽ.   തീർന്നത് ഈയടുത്താണ്.  ഒരു പുരുഷായുസ്സ് കാലം എന്ന് പറയണം. 
 പിലാച്ചീരി മുക്ക് എന്നാണ് ആ ദേശത്തിന്റെ പേര്. അവിടെ റേഷൻ കാർഡും സംസാരവുമൊക്കെ വേറെയാണ്. അവിടത്തെ ജീവിത രീതികൾ ഞങ്ങളുടേതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. അവിടെ 1960ലും ഭരിച്ചിരുന്നത്   നാടുവാഴികൾ ആണെന്നു തോന്നും എന്നാൽ സത്യത്തിൽ അങ്ങനെയല്ല, എന്നാൽ അങ്ങനെയാണെന്നു കരുതി വായിക്കണം എന്നാലേ  ഈ കഥ മനസ്സിലാവൂ.  
പ്രാചീനകാലത്ത് ഇറാനിയൻ ഇസ്ലാമിക ചരിത്രത്തിൽ ഖലീഫമാർ മരണപ്പെടുന്നത് ആരും അറിയാറില്ല. വയസ്സനായ ഖലീഫ പുതിയ ഭരണാധികാരിയെ കണ്ടെത്തി  സ്ഥാനാരോഹണം നടത്തി   മരുഭൂമിയുടെ  ഉള്ളറകളിലേക്ക് തനിച്ചു  കയറിപ്പോയി, മണലാരണ്യത്തിൽ എവിടെയോ  അപ്രത്യക്ഷമാവുകയാണ് പതിവ്.
പിന്നീടയാൾ ഒരിക്കലും പൊതുജന മധ്യത്തിലേക്കോ സുഖലോലുപതയിലേക്കോ മടങ്ങി വരാറില്ല.  ആളെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാറില്ല. മരണ വാർത്ത പോലും ആരും അറിയാറില്ല.
പിലാച്ചീരിമുക്കിലെ കാബൂസ് കുടുംബത്തിന്റ കഥയും ഏകദേശം ഇതിനു തുല്യമാണ്. അവർ  ധനാഢ്യരായിരുന്നു പ്രതാപികളും. കാലാകാലങ്ങളിൽ ഓരോ തറവാട്ടു കാരണവർക്കും വയസ്സായി, ഭരിച്ചു മടുക്കുമ്പോൾ പൂർണ്ണമായ ഭക്തിമാർഗ്ഗത്തിലേയ്ക്കൊരു തിരിച്ചു മടക്കമുണ്ട്. ഹിന്ദു സ്വാമികൾ സർവ്വം ത്യജിച്ച് കാശിയിൽ പോയി  മൃത്യു സ്വയം  വരിക്കുന്നത് പോലെ...   അന്ന് മുസ്ലിം പ്രമാണിമാർ  ജീവിതാന്ത്യത്തിൽ ഹജ്ജിനു പോയി  മടങ്ങി വരാതെ മരണവും മറമാടലും  മക്കത്തു തന്നെ വേണമെന്ന്  ആഗ്രഹിക്കുന്നവർ ആയിരുന്നു . കാബൂസ്   കുടുംബത്തിലും  ഒരു ആചാരം പോലെ  ഈ ഒരു സമ്പ്രദായം തലമുറകളിലൂടെ പകർന്നു വന്നു. അഞ്ചാം തലമുറയിലെ ഹാജി മഹ്ബൂബ് ദാദാ സുൽത്താൻ ആണ് ഇതിനൊരു അപവാദം ആയത്. അദ്ദേഹം വളരെ കക്കർശക്കാരനും പിടിവാശിക്കാരനുമായിരുന്നു. പ്രജകളെയും മക്കളെയും   വരച്ചവരയിൽ നിർത്തി ഭരിക്കും. മക്കൾക്കാണെങ്കിലോ പിതാവിനെ കലശലായ ഭയവും. മൂത്ത മകൻ ഹാമിദ് സുൽത്താൻ  കാര്യപ്രാപ്തൻ  ആയിരുന്നെങ്കിലും  പിതാവിനോടുള്ള ഭയവും ബഹുമാനവും  അമിതമായ  കാരണത്താൽ "എന്തിന്" എന്ന ഒരു ചോദ്യം ഉയർത്താനോ, സ്വന്തമായ ഒരു തീരുമാനം   എടുക്കാനോ ആവാതെ നിഷ്ഫല ജന്മമായി  ജീവച്ഛവം പോലെ... ബാക്കിയുള്ള മക്കളൊക്കെ ഹാമിദിനെക്കാൾ പേടിത്തൊണ്ടർ. 
തന്റെ വിവാഹം പോലും പിതാവിൻറെ തീരുമാനത്തിലായിരുന്നു. പക്ഷേ ലഭിച്ച വധു ബീഗം ഫാതിമ പത്തരമാറ്റ് പവിഴമായിരുന്നു. അയാളെ അവൾ അതിരറ്റ് സ്നേഹിച്ചു ബഹുമാനിച്ചു. ഒരു കുഞ്ഞും ഉണ്ടായി. അവനെ  അയാൾ ഉപ്പാൻറെ അതേ പേരിട്ടു "മഹ്ബൂബ് ബുനയ്യ" 
അന്ന് വിവാഹവും വിവാഹമോചനവും നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ഫരീദാ ബീഗത്തിന്റെ   എന്തോ ഏഷണിയിൽ കുടുങ്ങി (കോമാങ്ങ ഉപ്പിലിടുന്ന ഭരണിയെ കുറിച്ചുള്ള വിഷയമാണെന്ന് തോന്നുന്നു)  ഉപ്പ മഹ്ബൂബ് ദാദ ബോംബെയിലുള്ള മകൻ ഹാമിദിനു പക്ഷിമെയിൽ അയച്ചു. 
“നീ ബീഗം ഫാതിമയെ മൊഴി ചൊല്ലണം”
 "എന്താണ് കാരണം എന്ന് ചോദിക്കാനുള്ള ത്രാണി പോലുമില്ലാത്ത ആ മകൻ വന്ന പക്ഷിമെയിലിനു  മറുപടി  തിരിച്ചയച്ചു 
“എന്റെ ബീടർ ബീഗം ഫാതിമയെ ഇന്നലെത്തെ തിയ്യതിൽ മൊഴി തീർത്തതായി ത്യെര്യപ്പെടുത്തുന്നു. ഒപ്പ്.”ഓടിട്ട മേൽപ്പുര പുറത്ത് വന്നിറങ്ങിയ പക്ഷി,മെയിൽ  ഡെലിവർ ചെയ്തു, മൊഴി നടപ്പിലായി. 
അത് ഫാതിമക്കു വല്ലാത്തൊരു ഷോക്കായി പോയി..!  വേറെ ഒരു വഴിയും ഇല്ലാതെ അവൾ മോനെയും എടുത്ത് അവളുടെ  വല്യുമ്മ സുൽത്താനയുടെ    കൊട്ടാരത്തിലേക്ക് പോയി. അവിടെ അവൾക്ക് വലിയ സ്വീകരണമൊന്നും കിട്ടിയില്ല. നാല് കൊല്ലം കൊണ്ട് അവൾ കിടന്ന മുറിയിലാകെ കോട്ടത്തേങ്ങ നിറച്ചിരിക്കുകയാണ്.  അവൾക്ക്  ആകെ അടുപ്പമുള്ളത് വല്യമ്മ റാണിയുമായി മാത്രം. പിന്നെ ഒരു അമ്മാവൻ ഉണ്ട് അകലെയെങ്ങാണ്ട്  പാല പ്രവിശ്യയിലാണ്   എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
ബോംബെയിൽ നിന്ന് മഹ്ബൂബ് ബുനയ്യയുടെ   ഉപ്പ നാട്ടിൽ  വരുമ്പോൾ തൻറെ ബീഗം ഫാതിമ താമസിക്കുന്ന  അയൽ ദേശത്തെ കൊട്ടാരവളപ്പിനടുത്ത് വരെ ചെല്ലും.  കോട്ട വാതിൽക്കൽ നിന്ന് മഹ്ബൂബ് ബുനയ്യയെ കൈകാട്ടി വിളിക്കും. ഉമ്മ മറയിൽ ഇരുന്ന് ഇത് കാണും.  അവനെ ഉപ്പയുടെ അടുത്തേക്ക് പറഞ്ഞയക്കും. അടുത്തേക്കോടി വരുന്ന അവനെ തോളിൽ ഇരുത്തി അയാൾ പുല്ലാര നേർച്ചക്കും,  കൊടുമ്പള്ളിക്കലെ നേർച്ചക്കും മറ്റു പരിപാടികൾക്കും  കൊണ്ടുപോകും. വൈകീട്ട് തിരിച്ചെത്തിക്കും. ഇങ്ങനെ കാലങ്ങൾ പോകവേ ഉപ്പയുടെ നിർബന്ധം കാരണം അയാൾക്ക് രണ്ടാമത് പെണ്ണ് കെട്ടേണ്ടി വന്നു. ഉപ്പാക്ക് വയസ്സ് കൂടി വന്നു അതോടൊപ്പം  ശാഠ്യങ്ങളും പിടിവാശിയും. 
കൊച്ചുമോൻ മഹ്ബൂബ് ബുനയ്യയുടെ  ഉപ്പയുടെ രണ്ടാം വിവാഹം നടന്നതോടെ   ഉമ്മയുടെയും രണ്ടാം വിവാഹം നടത്താൻ വല്യുമ്മ റാണിക്ക്  ധൃതിയായി. അവൾക്കാണെങ്കിലോ ഹാമിദിന്റെ ഓർമ്മകളേയും പ്രിയപുത്രൻ മഹ്മൂദ് ബുനയ്യയേയും പിരിയാനാവുന്നില്ല. അവളുടെ മേൽ സമ്മർദ്ദങ്ങൾ കൂടി വന്നപ്പോൾ  ഒരു ദിവസം അവൾ മകനെയും എടുത്ത് ആരോടും പറയാതെ പാലായിലേക്ക് തിരിച്ചു. അവിടെ ചെന്ന് അമ്മാവൻ സാലയെ  അന്വേഷിച്ചു. പിന്നീടാണറിഞ്ഞത് അമ്മാവൻ പാലായിൽ അല്ലാ, ഈരാട്ടുപേട്ടയിൽ ആണെന്ന്. പിന്നീട് അങ്ങോട്ട് പോയി. തപ്പി തെരഞ്ഞ് അവസാനം ആ  പാലസ്  കണ്ടുപിടിച്ചു. അവിടെ അയാൾ ഊദ് ടാപ്പിംഗ് തൊഴിലാളിയായി  കുടുംബസമേതം ജീവിക്കുകയാണ്. അവർ വളരെ സന്തോഷത്തോടെ അവളെയും കുഞ്ഞിനെയും  സ്വീകരിച്ചു.
ക്രമേണ അവരും ആ കുടുംബത്തിൻറെ ഭാഗമായി. സിറാമിക് പാത്രങ്ങൾക്കു ചായം കൊടുത്തും  ലഡുവിൽ മുന്തിരി വെച്ചും  പലഹാരം ഉണ്ടാക്കിക്കൊടുത്തും പണിചെയ്തു  അവൾ ആ കുടുംബത്തിന് സാമ്പത്തിക  ഭദ്രത നൽകി. മകൻ വലുതായപ്പോൾ ദേശപത്രങ്ങൾ വിതരണം ചെയ്യാനും  ക്രമേണ അതിൻറെ ഏജൻസി എടുക്കാനും അവൻ വളർന്നു.

ഇതേ സമയം മഹ്ബൂബ് ഉപ്പാക്ക് വയസ്സ് കൂടി വന്നപ്പോൾ പാരമ്പര്യചര്യ പോലെ  അയാളും മക്കത്ത്  പോകാൻ തീരുമാനിച്ചു. ചേരമാൻ പെരുമാളിനെ പോലെ  മക്കത്തു  പോയാൽ ഇനി തിരിച്ചു വരവ് ഉണ്ടാവില്ലന്നറിയുന്ന അയാൾ താമസിക്കുന്ന വീടും തൊടിയും എല്ലാം വിറ്റു പൊൻപണമാക്കി കൂടെ കരുതി. മക്കത്ത് ആണെങ്കിലും  സുഖിച്ചു മരിക്കണം. മക്കളുടെ ഭാവി എന്നൊന്നും അയാൾ ചിന്തിച്ചില്ല. അവർക്ക് കുറച്ചു തുച്ഛമായ ഭൂമി വീതിച്ചു നൽകി. അവരൊക്കെ പുല്ലുകെട്ടി മേഞ്ഞ വീടുകളിലേക്കും അന്യ വീടുകളിലേക്കും  മാറി. 
എല്ലാം പടച്ചവന്റ  നിശ്ചയമായിരുന്നു. കെട്ടിപ്പെറുക്കി കൊണ്ടുപോയ പണം ഒന്നും അയാൾക്ക് ഉപകരിച്ചില്ല. ഹജ്ജ് കഴിഞ്ഞ് ഉടനെ എല്ലാം നഷ്ടപ്പെട്ട അയാൾ മക്കത്ത് നിന്നും തിരിച്ചു വന്നു. കാലിയായ കീശയും കയ്യുമായി മകൻറെ വീട്ടിലേക്ക് വന്നുകയറി. 
എന്നിട്ടും അനുസരണയുള്ള,  വിധേയത്വമുള്ള മക്കൾ അയാളെ കയ്യൊഴിഞ്ഞില്ല. പുല്ലുമേഞ്ഞ വീട്ടിൽ ചോരാത്ത ഭാഗത്ത് കിടക്കയിട്ട് അയാളെ കിടത്തി. അയാളുടെ ആവശ്യങ്ങൾക്ക് കാതോർത്തു. പരിചരിച്ചു. 
അയാളിൽ പശ്ചാത്താപവും കുറ്റബോധവും  പ്രകടമായിത്തുടങ്ങി. അങ്ങനെയാണ് അയാൾ ഒറ്റക്ക് ഇരാട്ടുപേട്ടയിൽ പോയത്. മുൻ മരുമകളുടെയും  പേരക്കുട്ടിയുടെയും വീട് കണ്ടുപിടിച്ചു. സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു ക്ഷമാപണം...!   അവരുടെ കൂടെ പത്തു പതിനഞ്ചു നാൾ താമസിച്ചു. തിരിച്ചുവന്നപ്പോൾ  അയാൾ പുതിയൊരു മനഷ്യനായി മാറിയിരുന്നു. ഉള്ളിലുള്ള കുറേ പാപഭാരം ഇറക്കി വെച്ചിരുന്നു. ആ ശാന്തതയോടെയാണ് വീട്ടിലെ മക്കയിൽ വെച്ച് മരിച്ചത്. 
മഹ്ബൂബ്  ബോംബെയിലെ ജോലിയൊക്കെ  അവസാനിപ്പിച്ചു നാട്ടിൽ ഒരു കട തുടങ്ങി അതിൽ  ബിസിനസുമായി ശിഷ്ടജീവിതം നയിക്കുന്നതിനിടയിലാണ് ഒരുനാൾ ഒരു യുവഅപരിചിതൻ തന്റെ  കടക്ക് മുമ്പിൽ നിന്നു  സ്വദേശത്തുകാരനോട് കാബൂസ് കുടുംബത്തിലെ ഹാമിദ് സുൽത്താനെ   അറിയുമോ എന്ന് അന്വേഷിക്കുന്നത് കണ്ടത്. 
ഏതോ അതീന്ദ്രിയജ്ഞാനത്താൽ ഓടിച്ചെന്ന് ഹാമിദ് സുൽത്താൻ   സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു. "മോനേ"  എന്ന ഒറ്റ വിളിയിൽ ഇതുവരെ അടക്കിവെച്ച പിതൃസ്നേഹം മുഴുവൻ അണപൊട്ടിയൊഴുകി. പിന്നെ  ആലിംഗനം ആയി. ആ ആലിംഗനത്തിന്റെ  ഊഷ്മളതയിൽ മഹ്മൂദ് ബുനയ്യയും സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞു വിളിച്ചു "ഉപ്പാ..." 
വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.. രണ്ടാം ഭാര്യക്കും മക്കൾക്കും ഒക്കെ അവനെ  പരിചയപ്പെടുത്തിക്കൊടുത്തു. അവരും  അവനെ ഉൾക്കൊണ്ടു. സ്നേഹത്തോടെ സ്വീകരിച്ചു. ഇനി ഉമ്മാക്കും  മകനും നമ്മുടെ നാട്ടിൽ താമസിക്കാം എന്ന് വാഗ്ദാനം നൽകി. സുൽത്താൻ ഹാമിദിന്റെ  അനിയൻ പേർഷ്യയിൽ നിന്ന്  ഹാമിദിനായി ഒരു വിസ അയച്ചു. പക്ഷെ അവനു തന്റെ  ഉമ്മയെ പിരിഞ്ഞുപോകാൻ  വിഷമം. അതിനാൽ ഉപ്പയുടെ രണ്ടാം ഭാര്യയിലെ മകനു   അവൻ അത് നൽകി. അവൻ അതുമായി ഗൾഫിലെത്തി പച്ചപിടിച്ചു. പിന്നീടെപ്പോഴോ മഹ്മൂദ് ബുനയ്യയും കടൽ കടന്നു. സാമ്പത്തികമായും മാനസികമായും അവരൊക്കെ നല്ല നിലയിലായി.
വീട്ടിൽ ഫാതിമ ബീഗം തനിച്ചായി മകൻ പേർഷ്യയിൽ. കൊല്ലത്തിലൊരിക്കലേ വരൂ, മരുമകൾ മക്കളേയും കൂട്ടി പാലക്കു പോയാൽ ഒരു പോക്കാണ്
അപ്പോൾ ആരൊക്കെയോ പറഞ്ഞു. മൂന്നു മൊഴി ചൊല്ലിയിട്ടില്ലല്ലോ,  ഇനിയും ഹാമീനു ഇനിയും തിരിച്ചെടുക്കാം. അവൾ മറ്റൊരു വിവാഹം കഴിക്കാതെ കാത്തു നിൽക്കുകയല്ലേ? 
ഹാമിദിനും തോന്നി അതാണ് നീതി..! ഒരു കാരണമില്ലാതെ താൻ മൊഴി ചൊല്ലിയിട്ടും എന്തിനാണെന്ന് പോലും ചോദിക്കാതെ ഇത്രയും കാലം തനിക്കുവേണ്ടി കാത്തിരുന്ന  എൻറെ പ്രിയ  ഭാര്യയായിരുന്നവളല്ലേ? അവളെ ഇനിയുള്ള ജീവിതത്തിൽ കൂടെ ചേർക്കണം  അവൾക്കും ഒരു കൂട്ടു വേണ്ടേ?  രണ്ടാമത്തെ ഭാര്യക്കും സന്തോഷം. കുറേ സഹിച്ചതല്ലേ? തനിക്കതിൽ പങ്കില്ലെങ്കിലും..!
ആരൊക്കെയോ അവരെ ഈ സന്തോഷ വിവരമറിയിക്കാൻ ഓടി. വിവരങ്ങളൊക്കെ കേട്ട് അവൾ അവൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെ പറഞ്ഞു. "
“ഇത്രയും കാലം ഞാൻ ഒറ്റക്കാണ് ജീവിച്ചത്. അന്തസ്സായി, ഇനിയുള്ള കാലവും എനിക്ക് അങ്ങനെ ജീവിച്ചാൽ മതി.  എൻറെ വിവാഹ ജീവിതം എനിക്കു  നാലു വർഷമേ ഉണ്ടായിട്ടുള്ളൂ ആ നാലു വർഷത്തിന്റെ  ഓർമ്മകളിൽ ഞാൻ ഇനിയും  തനിച്ച് ജീവിച്ചു കൊള്ളാം"
ചെന്നവർ  അവരെ  പല രീതിയിൽ സമ്മതിപ്പിക്കാനും പ്രലോഭിപ്പിക്കാനും  ശ്രമിച്ചുവെങ്കിലും എല്ലാർക്കും  നിരാശയോടെ മടങ്ങേണ്ടി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ ഒരാൾ പറയുന്നത് കേട്ടു " ഇവളാണ് പെണ്ണ്. നല്ല പെണ്ണത്തമുള്ള പെണ്ണ്"