വ്യാഴാഴ്‌ച, ജൂലൈ 20, 2006

നിറവയറും മരച്ചീനിക്കൊതിയും.

വര്‍ഷം 1998
നവമ്പറിലെ സുഖമുള്ള ഒരു വെള്ളിയാഴ്ച.
അവധി ദിവസത്തിന്റെ ആലസ്യത്തില്‍ മോളെ കെട്ടിപ്പിടിച്ചു പുതപ്പിനടിയില്‍ ഉറക്കം നടിച്ചു ചുരുണ്ടു കിടക്കുമ്പോഴാണ്‌. ഭാര്യ കിണുങ്ങിക്കൊണ്ട്‌ മൊഴിയുന്നതു.
" ദേയ്‌, നമുക്കിന്നിത്തിരി മരച്ചീനി വാങ്ങിയാലോ? കുറെ നാളായി മരച്ചീനി കൂട്ടിയിട്ട്‌".
ഇതെന്താ മരച്ചീനി ന്യൂമറിക്കലാണോ കൂട്ടാനും കിഴിക്കാനും? (മനസ്സില്‍ പറഞ്ഞു അതിനല്ലേ പറ്റൂ!)
പക്ഷെ പുറത്തു കേട്ടതിതുമാത്രം
"അതിനെന്താ.. ആ സൂപ്പര്‍മാര്‍ക്കറ്റില്‍ ഫോണ്‍ ചെയ്‌തു പറഞ്ഞാപ്പോരേ അവരിങ്ങു കൊണ്ടുവരില്ലേ?"
എന്റെ കലി, സ്വരത്തിലെ പിച്ചിന്റെ ഏറ്റക്കുറച്ചിലില്‍ നിന്നവള്‍ മനസ്സിലാക്കി.

"അതെനിക്കും അറിയാം. അവിടൊന്നും മരച്ചീനി ഇല്ല".
അതേ പിച്ചില്‍ മറുപടി വന്നു. (സംസര്‍ഗ്ഗ ഗുണം).

"അപ്പൊറത്തെ ആലിസ്‌ ഷാര്‍ജ അമീറ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാ ഇന്നലെ കുറച്ചു മരച്ചീനി കൊണ്ടു വന്നത്‌. അതിലൊരു കഷ്‌ണം കഴിച്ചപ്പോള്‍ എനിക്ക്‌ വല്ലാത്ത പൂതി. നിങ്ങള്‍ ഷാര്‍ജയില്‍ പോയി കുറച്ചു വാങ്ങി കൊണ്ടു വരീന്‍....."

ഭാര്യയുടെത്‌ അപേക്ഷയാണ്‌, പക്ഷെ അതു ആജ്‌ഞ്ഞയുടെ ഗുണം ചെയ്യും.
കാരണം അവള്‍ 9.33333 തെകഞ്ഞിരിക്കുകയണ്‌.
പച്ചമാങ്ങക്കും മസാലദോശക്കും കൊതി തോന്നും എന്നു മലയാള സിനിമകളില്‍ നിന്നു പഠിച്ചതിനാല്‍ മാങ്ങയും മാവും (മസാല ദോശയുടേതാണേ..!)ഫ്രിഡ്‌ജില്‍ കരുതിയിരുന്നു.
എന്നാല്‍ അത്‌ ഞാനും മോളും തിന്നു തീര്‍ത്തതല്ലാതെ അവളൊന്നു തൊട്ടു നോക്കിയതു പോലുമില്ല. അതിന്നു ശേഷം തിരക്കഥാകൃത്തുക്കളോട്‌ ഇത്തിരി കലിയാണെനിക്ക്‌.
അല്ലങ്കിലും ഈയിടെ സിനിമാക്കാരു നമ്മുടെ ബുദ്‌ധി വല്ലതെ തെറ്റിക്കുന്നുണ്ട്‌. നല്ലയാളായി മനസ്സുകൊണ്ടു ഇഷ്‌ടപ്പെടുത്തിയ നടനെ ആയിരിക്കും സിനിമയുടെ അവസാന റീലില്‍ വില്ലനാക്കിമാറ്റുന്നത്‌.
ഇതെന്റെ ലോല മനസ്സിനെ എത്ര വേദനിപ്പിക്കുന്നുണ്ട്‌, എന്ന് ഈ പഹയന്മാര്‍ക്കറിയുമോ?.
(ഇനി കവിയൂര്‍ പൊന്നമ്മയെ വരെ ഒരു സസ്‌പെന്‍സിനു വേണ്ടി അവരു ചിത്രവസാനം വില്ലത്തിയാക്കുമൊ? സി.ബി.ഐ. സീരിസ്‌ "ട്ടം, ട്ടം, ട്ടം, ഠ, ട, ണ്ടാ.........മ്യൂസിക്‌ ചിത്രങ്ങള്‍ ." കണ്ടപ്പോള്‍ തോന്നിയ പേടിയാണെ...!)

ഞാന്‍ അനുനയത്തിന്റെ ആന്റണി നയത്തോടെ ചോദിച്ചു.
"നാളെ വാങ്ങിയാ പോരെ പോന്നേ(ത്തേ)? ഇന്നു കാറും കൊണ്ടു ഡ്രൈവര്‍ ഗുലാം ദുബൈ പോയതാണ്‌."

"നാളെ നിങ്ങള്‍ക്കെവിടെ നേരം കിട്ടാനാണ്‌?. ടാക്‌സിക്കു പോയിട്ടായാലും ഇന്നു തന്നെ വാങ്ങി തരൂന്നേയ്‌".
എട്ടാം മാസമായപ്പോള്‍ പ്രസവിക്കാന്‍ നാട്ടില്‍ പോണം എന്നു ദിവ്യോദയം തോന്നി. ശല്യപ്പെടുത്തിയപ്പോള്‍ പത്തു പവന്റെ മാല വാങ്ങിത്തരാമെന്നു കപടവാഗ്‌ദാനം ചെയ്‌താണവളുടെ വായടച്ചത്‌, അതു പഞ്ചവല്‍സര പദ്‌ധതി, പക്ഷേ ഇത്‌ ഇന്‍സ്റ്റന്‍ഡണ്‌. ഒഴിഞ്ഞു മാറാന്‍ പറ്റിയ ബള്‍ബൊന്നും തലയില്‍ കത്തിയില്ല.
മരച്ചീനിയെങ്കില്‍ മരച്ചീനി.

കുളിച്ചു കുപ്പയമിട്ടപ്പോള്‍ മോളുടെ വകയായി അടുത്ത പീഢനം. അവളും വരുന്നത്രേ.
ആവശ്യം നടക്കുന്നതുവരേ "കരോക്കെ" കരച്ചിലാണ്‌ അവളുടെ സമരമുറ.
കുരുവിന്മേല്‍ കൂനെന്നോ, പാമ്പുകടിച്ചവനെ ഇടിവെട്ടിയെന്നോ,സ്വതവേ ഗര്‍ഭിണി അതിനും പുറമേ ദുര്‍ബല എന്നോ എന്റെ അവസ്ഥക്കു വിളിക്കാം.

മകാള്‍ക്ക്‌ ('അമരത്തിലെ മമ്മുട്ടി' സ്റ്റൈല്‍) മൂന്നു വയസ്സു പ്രായം.
വൈകി സംസാരിക്കാന്‍ പഠിച്ചവള്‍.
"പപ്പാ"യെന്ന ഇംഗ്ലീഷും "ഉമ്മി" യെന്ന അറബിയും മാത്രം വ്യക്തമായി സംസാരിക്കും.
ബാക്കിയൊക്കെ 'കൊങ്കിണി' ഭാഷയില്‍.

ആ "പപ്പാ വിളി" തന്നെയാണ്‌ എനിക്കു പാരയായത്‌.

മോളെ കൂട്ടി ഷാര്‍ജ അമീറയില്‍ നിന്ന്‌ മരച്ചീനി വാങ്ങി, ഉമ്മുല്‍ ഖൈന്‍ ടാക്‌സി സ്‌റ്റാന്‍ഡിലേക്കു നടക്കുകയായിരുന്നു.
ഞാന്‍ രണ്ടു കിലോ മരച്ചീനിയുടെ വില മനസ്സില്‍ കൂട്ടി.
മെറ്റീരിയല്‍ + ട്രാന്‍സ്‌പോര്‍ട്ടേഷന്‍ + ഓവര്‍ഹെഡ്‌ അടക്കം 32 ദിര്‍ഹം.
ഇതു ഇന്‍ഡ്യന്‍ രൂപയാക്കിയാല്‍ ഒരു ചാക്ക്‌ മരച്ചീനി കിട്ടും നാട്ടില്‍.
പണ്ടു വാക്കോള്ളിപ്പാടത്ത്‌ കൊങ്ങം വെള്ളം കേറിയപ്പോള്‍ നാട്ടുകാര്‍ക്കു വെറുതെ കൊടുത്തിട്ടും തീരാഞ്ഞ്‌ ഓരോ കൊമ്പിലും അഞ്ചുകിലോ വരുന്ന മരച്ചീനി മുഴുവന്‍ വളമായി പാടത്തു ചവിട്ടിത്താഴ്‌ത്തിയതിന്റെ ദൈവ ശിക്ഷയാവാം.

മോളുടെ കൈ പിടിച്ചതിനാല്‍ ഞങ്ങള്‍ പതുക്കെ നടക്കുന്നുള്ളൂ..
റോളയിലെ ഇലക്‌ട്രോണിക്‌ കടകളുടെ മുന്‍പിലൂടെയാണ്‌ നടത്തം.
മോളുടെ നടത്തം മുന്‍പോട്ടാണെങ്കിലും കണ്ണുകള്‍ കടകളിലേക്കു തിരിച്ചു വെച്ചിരിക്കുന്നു..

പെട്ടന്ന് ഒരു കടയിലെ ടി.വി യിലേക്കു നോക്കി, മോള്‍ "പപ്പാ..."യെന്നു വിളിച്ചു എന്റെ കൈ പിടിച്ചു വലിച്ചു.
ഞാന്‍ അവളെ ഇങ്ങോട്ടും വലിച്ചു.
പെരുന്നാള്‍ അധികം ഉണ്ടതു ഞാനായതിനാല്‍ വലിയില്‍ ഞാന്‍ ജയിച്ചു.

പക്ഷേ അവള്‍ പെണ്ണല്ലേ. കാളിദാസന്റെയും വ്യാസന്റെയും കാവ്യഭാവന (കാവ്യ മാധവന്‍+ ഭാവന അല്ല ) കാരണം സ്ത്രീയോടു എല്ലാരും ഉപമിച്ച കരച്ചിലും കണ്ണിരും പുറത്തു വന്നു.

അവള്‍ പിന്നെയും കടയിലേക്കു ചൂണ്ടി കണ്ണീരോടെ,"പപ്പാ.." എന്നു വിളിക്കുകയാണ്‌. ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേള്‍ക്കുന്നവര്‍ക്ക്‌ അവളുടെ "പപ്പ" എന്ന തന്തപ്പിടി ആ കടയിലാണെന്നും ഞാന്‍ വേറെ ഏതോ ഒരുത്തന്‍ അവളെ "കിഡ്‌നാപ്പ്‌" ചെയ്യുകയുമാണെന്ന്‌ തോന്നും.
അവള്‍ എന്തിനാണു കരയുന്നതെന്നു നോക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ടി.വി.ക്കടുത്തേക്കു രണ്ടടി റിവൈന്റു ചെയ്‌തപ്പോള്‍ സ്ക്രീനില്‍ എന്നെ കണ്ടു. മൂവി ക്യാമറ വെച്ചു കസ്‌റ്റമേര്‍സിനെ ആകര്‍ഷിക്കാന്‍ കടക്കാരു ചെയ്‌ത പണിയാണ്‌. മോള്‍ അതു ഞാന്‍ അഭിനയിച്ച സിനിമയാണെന്നു തെറ്റിദ്‌ധരിച്ചതാണ്‌. അവളു പലവട്ടം വിവാഹ കാസറ്റില്‍ ഈ മോന്ത കണ്ടിരിക്കുന്നു. (ഇതാണ്‌ സിനിമാ കണ്ടാല്‍ കുട്ടികള്‍ നാശാവുമ്ന്ന്‌ ഞാന്‍ പറയുന്നത്‌). അവള്‍ക്ക്‌ ആ കാസറ്റു കിട്ടിയേ തീരൂ.

മനുഷ്യകുലം നേടിയ സാങ്കേതിക പുരോഗതി പറഞ്ഞു മനസ്സിലാക്കന്‍ പറ്റിയ പ്രായമല്ലല്ലോ മകാള്‍ക്ക്‌.
മോളെ ഞാന്‍ ബലം പ്രയോഗിച്ച്‌ തൂക്കി തോളിലിട്ടു.
ചുറ്റും ആളുകള്‍ കൂടുന്നു.
അധികനേരം അവിടെ നിന്നാല്‍ എല്ലാവര്‍ക്കും സ്റ്റഡി ക്ലാസ്സെടുക്കേണ്ടി വരും.
കൂട്ടത്തില്‍ കന്തൂറക്കരും (പാരമ്പര്യ അറബി വേഷം) ഉണ്ട്‌.
ഞാന്‍ വേഗം നടന്നു.

മോള്‍ തോളില്‍ കിടന്നു ഫുള്‍ ഫ്രീക്വന്‍സിയില്‍ ഷാര്‍ജ നഗരം പ്രകമ്പനം ചെയ്യിക്കുന്ന രീതിയില്‍ "ഡിജിറ്റല്‍ ഹൈ ഫൈ കരൊക്കെ".
കിട്ടിയ ടാക്‌സിയില്‍ കയറി ഉമ്മുല്‍ ഖൈന്‍ എന്നു പറഞ്ഞു.

നീണ്ട യാത്രക്കൊടുവില്‍ അവള്‍ കരഞ്ഞു കരഞ്ഞു തളര്‍ന്നുറങ്ങി.
വീട്ടിനടുത്തു ടാക്‌സി നിര്‍ത്തി ഇറങ്ങി ഡ്രൈവര്‍ക്കു കൂലി കൊടുത്തപ്പോള്‍ അയാള്‍ സംശയത്തോടെ ചോദിച്ചു.
" സാബ്‌ കുച്ച്‌ ഗഡ്‌ ബഡ്‌ ഹെ?"
" ക്യോം?"
ഞാന്‍ തിരിച്ചു ചോദിച്ചു.
" ഏക്‌ സഫേദ്‌ ലക്ഷസ്‌ കാര്‍ ഹമേം ഫോളൊ കര്‍താ താ.."
ഞാന്‍ ധൈര്യം ഭാവിച്ചു പറഞ്ഞു.
" കുച്ച്‌ നഹീം. ആപ്‌ കാ ഗലത്ത്‌ ഫാമി ഹൊഗാ.."

ഞാന്‍ വാതിലില്‍ മുട്ടി.
ഭാര്യക്കു മരച്ചീനിയും മകളേയും നല്‍കി. വാതില്‍ അടക്കാനൊരുങ്ങിയതായിരുന്നു.
പെട്ടന്ന്‌ ഒരു വെള്ള ലക്ഷസ്‌ കാര്‍ വീടിന്നു മുന്‍പില്‍ ബ്രൈക്കു ചവിട്ടി നിര്‍ത്തി. രണ്ടു കന്തൂറക്കാര്‍‍ ചാടിയിറങ്ങി.
ഒരാള്‍ പോക്കറ്റില്‍ നിന്നു ഐ.ഡി കാണിച്ച്‌
"അന മബാഹിഷു ഷാരിക്ക"
(ഞാന്‍‍ ഷാര്‍ജ സി.ഐ.ഡി)
"ഹല്‍ ഖത്തഫ്‌ത്ത ഹാഴിഹില്‍ ബിന്‍തി?"
(നിങ്ങള്‍ ഈ കുട്ടിയെ തട്ടികൊണ്ടു പോന്നതല്ലേ?")
എന്നും അറബിയില്‍ ചോദിച്ചു.

അവസാനം ഞാന്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു.
ഞാന്‍ അവരെ വീട്ടിലേക്കു ക്ഷണിച്ചു എന്റെ പാസ്സ്‌പോര്‍ട്ടും മോളുടെ പാസ്‌പോര്‍ട്ടും കാണിച്ചു.
അവര്‍ അതു വിശദമായി പരിശോധിച്ചു. സത്യം മനസ്സിലാക്കി.
ഞാന്‍ നടന്നകാര്യങ്ങള്‍ അവരോട്‌ അറബിയില്‍ പറഞ്ഞു മനസ്സിലാക്കി.

മോളെ ബെഡ്‌റൂമില്‍ കിടത്തി തിരിച്ചുവന്ന ഭാര്യയെയും അവളുടെ നിറഞ്ഞ വയറും കണ്ടപ്പോള്‍ അവര്‍ സോറി പറഞ്ഞു.
ഞാന്‍ അവരെ അഭിനന്ദിച്ചു. കുറ്റകൃത്യത്തെ മാളത്തില്‍ പോയി പിടിക്കാനാണ്‌ അവര്‍ എന്റെ ടാക്‌സി പിന്തുടര്‍ന്നത്‌.
ഷാര്‍ജ നഗരത്തില്‍ വെച്ചണ്‌ ഈ സീനുണ്ടായിരുന്നെങ്കില്‍ എനിക്കു തെളിവു കൊടുക്കാന്‍ പോലും കഴിയില്ലായിരുന്നു.

ഭാര്യക്കു ഒന്നും മനസ്സിലായില്ല.അവള്‍ ചോദിച്ചു
"അവരെന്തിനാ വന്നേ?"
ഞാന്‍ നടന്നതൊന്നും സത്യമായി പറയാന്‍ പോയില്ല.
"അവര്‍ക്ക്‌ ഒരു ഇന്‍ഡ്യന്‍ മൈനര്‍ പാസ്‌പോര്‍ട്ടിന്റെ മോഡല്‍ കാണണമെന്നു പറഞ്ഞു. അതു കാണിച്ചു കൊടുക്കാന്‍ വിളിച്ചതാണ്‌".
സത്യം പറഞ്ഞിട്ടു ഇനിയും പ്രഷറും പാല്‍പ്പിറ്റേഷനും കൂട്ട്യാലാര്‍ക്കാ ചേതം. ഇല ചെന്നു മുള്ളില്‍ വീണാലും ചെള്ളു ചെന്നു ...ലയില്‍ വീണാലും അനുഭവിക്കേണ്ടവന്‍ ഭര്‍ത്താവാണല്ലോ?.

അബ്‌ദുല്‍കരീം. തോണിക്കടവത്ത്‌

33 അഭിപ്രായ(ങ്ങള്‍):

 1. രാജ് പറഞ്ഞു...

  അവസാനം ഭാര്യയോടു പറഞ്ഞ കള്ളമെന്തായാലും നന്നായി. ഇത്രയും വിവേകിയായ ഭര്‍ത്താക്കന്മാരും ഉണ്ടെന്നു ബൂലോഗരറിയട്ടെ (അല്ലെ ഈ ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ എനിക്കെന്തു കാര്യം? ഞാന്‍ പാവം അവിവാഹിതന്‍)

  അസ്സലായി എഴുതിയിരിക്കുന്നു.

 2. സു | Su പറഞ്ഞു...

  എന്തായാലും നിറവയറിനോട് കള്ളം പറഞ്ഞത് മോശമായിപ്പോയി. ഇനി തിരിച്ചിങ്ങോട്ടും അങ്ങനത്തെ കള്ളം കിട്ടുമ്പോള്‍ മനസ്സിലായിക്കൊള്ളും.

  ഗുണപാഠം : ചെറിയ കുട്ടികളെ അമ്മയും പാസ്പോര്‍ട്ടും കൂടെയില്ലാതെ കപ്പ വാങ്ങാന്‍ കൊണ്ടുപോകരുത്.


  ബൂലോഗരേ എനിക്ക് വയ്യ. ദേ പെരിങ്ങോടന്‍ കപ്പക്കടയിലും വിവാഹപരസ്യം വച്ചു.

 3. ദേവന്‍ പറഞ്ഞു...

  കപ്പാ എന്ന വിളി കഴിഞ്ഞ്‌ പപ്പാ എന്ന വിളി എത്തിയപ്പോള്‍ ഞാന്‍ വിചാരിച്ചു ബഷീറിന്റെ പൂവമ്പഴം വാങ്ങല്‍ പോലെ ഒടുക്കം അടിയാകുമെന്ന്. ഭാഗ്യം അതുണ്ടായില്ല.

  മാങ്ങയും മാവും ഫ്രിഡ്ജില്‍ സൂക്ഷിച്ചതും പ്രഷറും പാല്‍പിറ്റേഷനും കൂട്ടുന്ന സത്യമപ്രിയം പറയാതിരുന്നതും ഇഷ്ടപ്പെട്ടു.

 4. ചില നേരത്ത്.. പറഞ്ഞു...

  വിവേകിയായ ഭര്‍ത്താവിന്റെ കഥ വളരെ ആസ്വദിച്ചു..
  ഇല വന്ന് മുള്ളില്‍ വീണാലും എന്ന ഉപമ വളരെ രസിച്ചു..സകല ഭര്‍ത്താക്കന്മാര്‍ക്കും ഗുണപാഠമാണിക്കഥ..
  എന്താ ഒരു പരസ്യത്തിന്റെ കാര്യം കേട്ടല്ലോ..

 5. Sreejith K. പറഞ്ഞു...

  താങ്കളുടെ ബ്ലോഗിന് സൈറ്റ് ഫീഡ് എനേബിള്‍ ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  Settings > Site Feed > Site Feed URL എന്നയിടത്തെ URL ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ബ്ലോഗ് ബ്ലോഗ്‌റോളില്‍ ചേര്‍ക്കാമായിരുന്നു.

  സ്വാഗതം.

 6. ::പുല്ലൂരാൻ:: പറഞ്ഞു...

  nannayi ezhuthiyirikkunnu..!!

 7. Unknown പറഞ്ഞു...

  ഭയങ്കരം തന്നെ മാഷേ. എന്റെ സ്വാഗതം സ്വീകരിച്ചാലും.

  ഇല മുള്ള് പ്രയോഗം,കരോകേ,പാല്പിറ്റേഷന്‍ എല്ലാം ഇഷ്ടപ്പെട്ടു.നന്നായി എഴുതിയിരിക്കുന്നു.

  പെരിങ്സ്: പരസ്യം കണ്ടു.:)

 8. sami പറഞ്ഞു...

  ഹൃദ്യമായി എഴുതിയിരിക്കുന്നു....
  പക്ഷെ,ഒരു സംശയം, ഭാര്യ ഇതൊന്നും വായിക്കില്ല എന്നുറപ്പാണോ?....
  സെമി

  [കമന്‍റ് പോപ്പ് അപ്പ് വിന്‍ഡോയില്‍നിന്ന് മാറ്റിയാല്‍ നന്നായിരുന്നു]

 9. കരീം മാഷ്‌ പറഞ്ഞു...

  ഭാര്യയാണെന്റെ ആദ്യ വിമര്‍ശക. ആ കടമ്പ കടക്കാതെ ഒരു സൃഷ്‌ടിയും പുറം ലോകം കാണാറില്ല.

 10. Rasheed Chalil പറഞ്ഞു...

  തുഷാരതുള്ളികള്‍ കാണാന്‍ ഇത്തിരി വൈകി.
  മനോഹരമാ‍യ അവതരണം.
  ബഷീറിന്റെ പൂവന്‍പഴം അറിയാതെ ഓര്‍ത്തുപോയി.

 11. ഇടിവാള്‍ പറഞ്ഞു...

  നന്നായിരിക്കുന്നു മാഷേ...
  ന്നല്ല വിവരണം.. കൂടുതല്‍ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു...

 12. കരീം മാഷ്‌ പറഞ്ഞു...

  ഒരു ബ്ലോഗു സ്നേഹി എന്നോടു ഫോണില്‍ ചോദിച്ചു. കഥയില്‍ നിങ്ങളുടെ പാസ്സ്പോര്‍ട്ടിന്‌ (സ്സ) യും മോളുടെ പാസ്പോര്‍ട്ടിന്‌ (സ)യും ഉപയോഗിച്ചത്‌?. ഞാന്‍ പറഞ്ഞു അരിയാട്തെ വന്നതാണ്‌. എന്റെ പാസ്‌പോര്‍ട്ടിന്‌ ഒരു ബുക്ക്‌ കൂടി അറ്റച്ചുമെന്റ്‌ ഉണ്ട്‌ അവളുടേതിന്‌ ഇല്ല. അബോധമനസ്സില്‍ ഇതു കിടന്നതിനാലാവണം. അതു സംഭവിച്ചത്‌.

 13. കുറുമാന്‍ പറഞ്ഞു...

  വായിച്ചിട്ടില്ല മാഷെ താങ്കളുടെ പോസ്റ്റുകള്‍. പക്ഷെ വായിക്കാന്‍ തുടങ്ങുകയായി.

  സ്വാഗതം പറഞ്ഞുകൊണ്ട് ഞാന്‍ കമന്റിലേക്ക് പിന്നെ വരാം.

  സ്വാഗതം.

 14. ദിവാസ്വപ്നം പറഞ്ഞു...

  നന്നായിട്ടുണ്ട്.... വളരെ ഇഷ്ടപ്പെട്ടു. വളരെ ലളിതമായ വിവരണം.

  ഷാര്‍ജയിലൊക്കെ പോലീസ് ലെക്സസിലാണോ വരുന്നത് ? ‘കന്തൂറക്കര്‍’‍ എന്ന് പറഞ്ഞാല്‍ പോലീസാണോ ?

  നുണ പറയാന്‍ മാത്രം വലിയ സംഭവം ഉണ്ടായോ ? ഞാനും ഇത്തരം സംഭവങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ആദ്യം, ശ്രീമതിയോട് പറയേണ്ടാ എന്ന് വിചാരിക്കും. പിന്നെ വീട്ടിലെത്തി വര്‍ത്തമാ‍നം പറഞ്ഞിരിക്കുമ്പോള്‍ ‘ഓ, എന്നാത്തിനാ ഒളിക്കുന്നേ’ എന്ന് വിചാരിച്ച് പറഞ്ഞേക്കും.

  ഇത്തരം ഒറിജിനല്‍ സൃഷ്ടികളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം....

 15. Adithyan പറഞ്ഞു...

  അലൌ മീ...

  ദിവാ, കന്തൂറ എന്നത് അറബികളുടെ കുപ്പായമാണ്

  (ഇത് തെറ്റല്ല എന്നു വിശ്വസിയ്ക്കുന്നു. ആണേല്‍ എന്റെ അടക്ക് ഇന്നുണ്ടാവും)

 16. myexperimentsandme പറഞ്ഞു...

  ഇന്റലിജന്റില്‍‌മാന്‍ ഹസ്‌ബാന്റ്.. ഇഷ്ടപ്പെട്ടു. നല്ല വിവരണം. നല്ല ഉപമകളും.

  സ്വാ‍ഗതം.

 17. രാജ് പറഞ്ഞു...

  പോലീസിവിടെ ബെന്‍സിലും ബീയെമ്മിലുമൊക്കെയാ സാധാരണ. അല്ലെങ്കില്‍ ഏതെങ്കിലും ഫോര്‍വീല്‍ ഡ്രൈവില്‍. ഷാര്‍ജയിലധികമതു ജീപ്പാണു് (മഹീന്ദ്രാ & മഹീന്ദ്രയല്ലാട്ടോ) ഈ പുള്ളിയെ ഓടിച്ചതു സീ‍യൈഡികളാവാനാ സാധ്യത, അവര്‍ മഫ്തിയിലാണു പതിവ്, അതാവും അറബിവേഷമായ കന്തൂറയില്‍.

 18. പാപ്പാന്‍‌/mahout പറഞ്ഞു...

  വളരെ രസിച്ചു ഈ കഥ. ദിവാനെപ്പോലെ എനിക്കും ഇങ്ങനത്തെ അനുഭവകഥകള്‍ വളരെ ഇഷ്ടമാണ്‍. അവസാനത്തെ ഉപമ ഒരൊന്നൊന്നര ഉപമ വരും; ഉപ്പുമാ എന്നുതന്നെ പറയാം.

 19. Kumar Neelakantan © (Kumar NM) പറഞ്ഞു...

  നന്നായിരിക്കുന്നു, എഴുത്തിന്റെ രസം.
  അബ്ദുള്‍ കരീമിനു സ്വാഗതം.

  ഒരു കുഞ്ഞു ഓ ടോ: അവിവാഹിതനായ പെരിങ്ങോടാ, സൂ കണ്ടുപിടിച്ചതു പോലെ അവിടെയും ഇവിടെയും വിവാഹ പരസ്യം വയ്ക്കുന്നതിനു മുന്‍പ് രണ്ട് മൂട് കപ്പ കൊണ്ടുപോയി അവിടെ മണലിലെങ്കിലും കുഴിച്ചുവയ്ക്കു. വിവാഹശേഷം പെരിങ്ങോടിനിയ്ക്ക് കൊതിമൂക്കുമ്പോള്‍ കപ്പയ്ക്ക് വേണ്ടി സ്ത്രീധന കാശുമായി ഷാര്‍ജ്ജവരെ ഓടേണ്ടിവരില്ല. (ദേ പെരിങ്ങോടന്റെ മുഖത്ത് നാണം!) പെരിങ്ങോടാ ഉടനെ കിട്ടുമോ ഒരു ഊണ്? മാട്രിമോണിയലില്‍ ഒരു ഓള്‍ എഡിഷന്‍ പരസ്യം കൊടുക്കട്ടേ? “മനസിലുണ്ടെങ്കില്‍ മനോരമയിലുണ്ട്!“

 20. ദിവാസ്വപ്നം പറഞ്ഞു...

  താങ്ക്യൂ, താങ്ക്യൂ...

  വക്കാരീ, ആ ഇന്റലിജെന്റില്‍മാന്‍ ഇഷ്ടപ്പെട്ടു. ‘ചൊറിച്ചുമല്ലലി‘ലാണോ പീജീ ?

 21. കണ്ണൂസ്‌ പറഞ്ഞു...

  Kumaarinte O.To vaayicchitt varamozhi illaanjitum comment idaan mutteett paadilla.

  Peringsinte kallyaanam nokkiyirippaa ivied njangal kure per. Valla kaaryavumundo? Payyans naattil povande? 3 ½ kollam aayi ivide kidannu thiriyunnu.

  Aarenkilum naattil ninnu Rajine pranayikkoo, please!!!

  Kareem, Sorry. The post was good. Good to see you in action.

 22. രാജ് പറഞ്ഞു...

  ഹാഹാ കണ്ണൂസേ കുമാറേ ഓഫ് റ്റോപ്പിക്കിട്ടും എനിക്കു പാര പണിയുകയാണല്ലേ. കരീമിക്കാ ഓഫ് റ്റോപ്പിക്കുകള്‍ക്കു മാപ്പുതരൂ, ‘ഇവര്‍ ചെയ്യുന്നതു് എന്തെന്നു് ഇവരറിയുന്നില്ല.’ ;)

 23. Adithyan പറഞ്ഞു...

  കണ്ണൂസേ, കുമാരേട്ടാ, നിങ്ങള്‍ കഥ ഒന്നും അറിയുന്നില്ലെ?

  കഥാനായകന് രക്തത്തില്‍ മുക്കിയ അഭിനന്ദന സന്ദേശങ്ങള്‍ കേരളത്തിന്റെ പല കോണുകളില്‍ നിന്നും വന്നുകൊണ്ടിരിയ്ക്കുന്നു. അഭിനന്ദനം മാത്രം അല്ല കത്തുകളില്‍ എന്നും കേള്‍ക്കുന്നു... ;))

 24. ഇടിവാള്‍ പറഞ്ഞു...

  ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന വീടിയോ ക്ലിപ്പ് കാട്ടിയതിനാണോ ആദി ??

 25. ഇളംതെന്നല്‍.... പറഞ്ഞു...

  കരീംക്കാ..
  വളരെ നന്നായിരിക്കുന്നു............

 26. Kalesh Kumar പറഞ്ഞു...

  കരീംഭായ്, കലക്കീട്ടുണ്ട്!
  ഷാര്‍ജ്ജയില്‍ വച്ചെങ്ങാനും ആ സി.ഐ.ഡികള്‍ പിടിച്ചിരുന്നെങ്കില്‍!
  ഇവിടെ ഹോട്ടലിലെ സി.ഐ.ഡി റിപ്പോര്‍ട്ട് വാങ്ങാന്‍ ഇവിടുത്തെ ലോക്കല്‍ സി.ഐ.ഡികള്‍ വരുന്നത് ലക്സസ് പോലത്തെ അടിപൊളി കാറുകളില്‍ തന്നെയാ‍ണ്. രാജേ, സി.ഐ.ഡികള്‍ പോലീസ് - സുര്‍ത്ത എന്നൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിവച്ചിട്ടുള്ള ജീപ്പുകളില്‍ പോകുമോ? എനിക്ക് തോന്നുന്നില്ല.

 27. രാജ് പറഞ്ഞു...

  കലേഷെ സീയൈഡികള്‍ അധികവും പഴയ കൊറോളയിലാണു യാത്ര.

  --അനുഭവസ്ഥന്‍.

 28. evuraan പറഞ്ഞു...

  ജാഗരൂകരായ നിയമപാലകരുടെ കഥ -- സന്തോഷമുളവാക്കുന്നു. ചെയ്യേണ്ട ജോലികള്‍ ചെയ്യുന്നവരും ഈ ലോകത്തിന്റെ ചില കോണുകളില്‍ ഉണ്ടല്ലോ...

  ഞാന്‍ പാവം അവിവാഹിതന്

  ഒരു നൈരാശ്യം പതിഞ്ഞിരിപ്പുണ്ടോ പെരിങ്ങോടരേ ആ വരികളില്‍...? പരാദമെന്ന പോസ്റ്റിന്നലേ മാത്രമല്ലേ എഴുതിയത്?

  :^)

 29. കരീം മാഷ്‌ പറഞ്ഞു...

  ആ മാഷേ വിളിയുണ്ടല്ലോ എനിക്കു വളരെ ഇഷ്‌ട്പ്പെട്ടു. മേഴ്‌സി ടീച്ചറു വേളികഴിഞ്ഞു വെളിനാട്ടിലേക്കു പോയപ്പോള്‍ സ്‌നേഹപൂര്‍വ്വം ഏല്‍പ്പിച്ച ആ കുറ്റിച്ചോക്കും, കുട്ടിത്തലയിണയും (ബോര്‍ഡു തുടക്കാന്‍) പതിനാറു കൊല്ലമായി, കാപ്പിരികള്‍ക്കു കള്ളകണക്കെഴുതുന്നതിനിടയില്‍ കൈമോശം വന്നിരിക്കയായിരുന്നു. അതു കണ്ടെത്താന്‍ സഹായിച്ച ദിര്‍ബാസുരനും, ഇടിവാളിനും പിന്നെ കുറുമാനും നന്ദി. പിന്നെ കലേഷ്‌, ആ 'കരീംഭായി' വിളി വേണ്ട. കേട്ടിട്ടു പേടിയാവുന്നു. ഒരു ഉത്തരേന്ത്യന്‍ ഗോസായിയുടെയോ ബോംബെ അധോലോക നായകന്റെയോ നിഴല്‍. "കരീമാഷു" മതി. ശരിയുത്തരത്തിനു ഒരോ കുറ്റിച്ചോക്കു സമ്മാനം.

 30. Visala Manaskan പറഞ്ഞു...

  കരിം മാഷേ,
  തിരക്കുമൂലം വായിക്കാന്‍ ലേയ്റ്റായി. :(

  'മോള്‍ അതു ഞാന്‍ അഭിനയിച്ച സിനിമയാണെന്നു തെറ്റിദ്‌ധരിച്ചതാണ്‌' ഹിഹി..

  ‘അവരെന്തിനാ വന്നത്?’ എന്ന ഭാര്യയുടെ ചോദ്യത്തിന്...

  കപ്പ വാങ്ങിക്കൊണ്ടു വരണത് കണ്ടപ്പോള്‍, അവര്‍ക്ക് രണ്ട് പീസ് പുഴുങ്ങി കൊടുക്കുമോന്ന് ചോദിച്ച് വന്നതാ..ന്ന് പറയുമെന്ന്.

  നല്ല രസമുള്ള വായന.

 31. അജ്ഞാതന്‍ പറഞ്ഞു...

  ഹഹഹാ....ഇതു കലക്കി..
  ന്നാലും ചേച്ചിയോട് കള്ളം പറഞ്ഞതില്‍ ഞാന്‍ പ്രതിഷേദ്ധിക്കുന്നു! അത് ഞങ്ങള്‍ക്ക് മാത്രം ഉള്ളതാണ്.

  “നീ പിന്നേം ഇന്റെര്‍നെറ്റില്‍ കേറിയോ?”
  “യ്യോ അല്ല..ഞാന്‍ ഈ കമ്പ്യൂട്ടറിന്റെ പൊടി തുടക്കുവായിരുന്നു .”

  ശ്ശെടാ..പെരിങ്ങ്സിന്റെ ഈ പരസ്യം കാണാന്‍ ഞാന്‍ ലേറ്റായിപ്പോയി.. അമേരിക്കയില്‍ ഒരു മൊഞ്ചുള്ള പെണ്ണുണ്ട് പെരിങ്ങ്സെ... ഒന്ന് നോക്കട്ടെ.. :)

  ആദീ..കൊതുകിന്റെ രക്തത്തിലുള്ളതായിരിക്കും.ഇപ്പോഴത്തെ പെമ്പിള്ളേര്‍ക്കൊക്കെ വിവരവും വെളിവുമുണ്ട് :)

 32. Madhu പറഞ്ഞു...

  Search by typing in Malayalam.

  http://www.yanthram.com/ml/

 33. അലിഫ് /alif പറഞ്ഞു...

  കരീം മാഷേ,
  അനൂപിന്റെ മമ്മിയും അമ്മയും പോസ്റ്റിൽ നിന്ന് കൈചൂണ്ടി വഴിയെത്തിയതാണ്. മകൾ അങ്ങിനെ താമസിച്ച് സംസാരിക്കാൻ തുടങ്ങിയതാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു, അതാണ് അവിടെ അങ്ങിനെ കമന്റ് ഇട്ട് പോയത്, എന്നാലും ഒരു സ്മൈലി ഇട്ടിരുന്നത് കണ്ട് കാണുമല്ലോ.
  ഇവിടെ വന്നപ്പോൾ വേറെ ഒരു കാര്യം പിടികിട്ടി. ഇനിയും വായിച്ചിട്ടില്ലാത്ത പോസ്റ്റുകൾ, അറിയാവുന്ന ബ്ലോഗിലും ഇനിയുമെത്രയോ..!! (ഞാൻ ബ്ലോഗ് ലോകത്തേക്ക് വരുന്നതിനുമുന്നേയുള്ള പോസ്റ്റാണെങ്കിൽ കൂടിയും..) ഞാൻ ബാക്കി പോസ്റ്റുകളിലേക്ക് പോകട്ടെ...!!